Thursday, November 7, 2013

തീയാകുന്ന ചിറക്.

ഭ്രമിപ്പിക്കുന്ന ചിറകുകളാണ് എന്റേത്
ഓരോന്നിലും ഉണ്ട് ഒരു ഫീനിക്സ് പക്ഷി.
തീയാവാൻ കൊതിക്കുന്നവൾ.
ചുവന്ന, മിനുസമായ, തിളങ്ങുന്ന
ആയിരത്തോളം തൂവലുകൾ.
തുടുത്ത് വിറക്കുന്ന അവയിൽ ഒരോന്നും
ഓരോ ഇടങ്ങളിൽ  നിന്ന് എഴുന്നു വന്നവ.
ഇത്തിരിപ്പോന്ന കണിശങ്ങളിൽ നിന്ന്
ഒരു അന്തവുമില്ലാത്ത വിചാരങ്ങളിൽ നിന്ന്
ഉറക്കം ഞെട്ടി വീണ കയങ്ങളിൽ നിന്ന്
ആവർത്തിച്ച് പറന്ന ആകാശങ്ങളിൽ നിന്ന്
പ്രാർത്ഥിച്ചു പതം വന്ന മന്ത്രങ്ങളിൽ നിന്ന്
പിന്നെ എണ്ണമറ്റ വെന്തെരിയലുകളിൽ നിന്ന്...
മരിക്കേണ്ടതായുള്ളപ്പോൾ സ്വയം
കരിച്ചു കളഞ്ഞ് അവ കൃത്യം കൃത്യമായി
ജീവൻ തിരിച്ചുപിടിക്കുന്നു.
ഓരോ പൊള്ളലും
ഓരോ ശകലം ജീവൻ.
ഓരോ പിടച്ചിലും
ഒരു ശ്വാസത്തിന്റെ തിരിച്ചുവരവ്
ഓരോ ഏങ്ങലും മറ്റൊരറിവ്.
വിണ്ടുകീറുന്ന ഒറ്റപിളർപ്പ്,
പരശതം ജനനം
പുകയുന്ന ചാരം, ഈറ്റുനോവ്.

Saturday, July 2, 2011

മാറാറ്റ്/സാദ്

When you will have made him a body without organs,
then you will have delivered him from all his automatic reactions
and restored him to his true freedom.

-Antonin Artaud. "To Have Done with the Judgment of God"


അഭിനയിക്കുന്നവരും ആസ്വദിക്കുന്നവരും തമ്മില്‍ വലിയ ദൂരമില്ലാത്ത, എതു നിമിഷവും കാണികള്‍ അഭിനേതാക്കളായിത്തീരാവുന്ന നാടകത്തിനുള്ളിലെ നാടകം , the play within the play, എന്ന സാഹിത്യരൂപം യൂറ്റ്യൂബിന്റെ കാലത്ത് മാറുന്ന സൌന്ദര്യസങ്കല്‍പ്പങ്ങള്‍ക്കൊപ്പം പുതിയ ചില മാനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കൈവിട്ടുപോകുന്ന സ്വന്തം സൃഷ്ടിക്കൊപ്പം ചലിക്കുന്ന കലാ‍കാരന്റെ അവസ്ഥ ഇന്റെര്‍നെറ്റില്‍ എഴുതുന്നവന്‍ അറിഞ്ഞോ അറിയാതെയൊ പരിചയിച്ചു വരുന്നുണ്ട്. ഈ അവസ്ഥയ്ക്ക് ജെര്‍മ്മന്‍ തിയറ്ററില്‍ സുന്ദരമായ ഒരു പരിഛേദം ഉണ്ട്. പീറ്റര്‍ വൈസ് (Peter Weiss) എഴുതിയ “ജ്ഴോന്‍ പോള്‍ മാറാറ്റിന്റെ പീഡനവും കൊലപാതകവും : മാര്‍ക്വി ദി സാദ് ( Marquis de Sade) ന്റെ സംവിധാനത്തില്‍ ഷാരന്റണ്‍ അഭയകേന്ദ്രത്തിലെ അന്തേവാസികള്‍ അഭിനയിക്കുന്നത് “ എന്ന സുദീര്‍ഘമായ തലക്കെട്ടോടെ ഒരു നാടകം. ഭ്രാന്തും അധികാരസ്ഥാപനങ്ങളും കലയും വിപ്ലവവും തമ്മില്‍ അഗാധമായ ബന്ധമുണ്ടെന്ന് പ്രത്യക്ഷത്തില്‍ പറഞ്ഞു വയ്ക്കുന്നതില്‍ ഒതുങ്ങുന്നില്ല മാറാറ്റ്/സാദ് എന്നറിയപ്പെടുന്ന ഈ നാടകം. 1964 ല്‍ രചിക്കപ്പെട്ട നാടകത്തിന് പീറ്റര്‍ ബ്രൂക്സിന്റെ വിഖ്യാതമായ ഒരു ദൃഷ്യാവിഷ്കാരമുണ്ട്.   റോയല്‍ ഷേക്സ്പിയര്‍ കമ്പനി നിര്‍മ്മിച്ച ഇതിന്റെ ചലച്ചിത്ര രൂപം ഈയിടെ യൂറ്റ്യൂബില്‍ കാണുകയുണ്ടായി. ആ അനുഭവത്തേക്കുറിച്ചാണ് ഈ കുറിപ്പ്.

ഈ കൃതിയിലും അതിന്റെ ആവിഷ്കാരങ്ങളിലും തുടര്‍ച്ചയായി വരുന്ന സമയസമ്മസ്യകള്‍ ചരിത്രത്തെയും ചരിത്രത്തിലെ അധികാര വടംവലികളേയും ഭൂതകാലമായി കാണുന്ന ആര്‍ത്ഥശൂന്യതയില്‍ നിന്ന് ദൃഷ്ടിയേ പിടിച്ചുനിര്‍ത്തും. Kristallnacht ന്റെ ഭീകരതയില്‍ നിന്ന് പാലായനംചെയ്ത വൈസ്സ്,  ഫ്രെഞ്ചുവിപ്ലവകാലത്തെ (പ്രതി)നായകനായ മാറാറ്റും ചരിത്രത്തിലെ അറിയപ്പെടുന്ന ‘pervert' (വഴിപിഴച്ചവന്‍?) ആയ സാദും തമ്മില്‍ ഒരു കൂടിക്കാഴ്ച നാടകത്തിലൂടെ സങ്കല്‍പ്പിക്കുകയാണ്. ഇത്രയും കൊണ്ടു തന്നെ യൂറോപ്പിന്റെ ചരിത്രാനുഭവത്തിലെ ചില പ്രബലമായ ഘട്ടങ്ങള്‍ ഇതിവൃത്തത്തോട് ചേര്‍ന്നു കഴിഞ്ഞു. പക്ഷെ ചരിത്രം തുടര്‍ച്ചയാണല്ലോ. സ്വാതന്ത്രേച്ഛയുടെ ചരിത്രത്തിന് കരാഗ്രഹത്തിനും അപ്പുറത്തെ പഴക്കവുമുണ്ട്. അധികാരത്തിന്റെ നിയമാവലിക്കുമപ്പുറം അധികാര സ്വത്വങ്ങളുടെ നിര്‍മ്മിതിക്കും മുന്നെ സ്വാതന്ത്രേച്ഛയ്ക്ക് ഒരു ചരിത്രമുണ്ടോ എന്ന് തിരയാന്‍ മാര്‍ക്വി ദി സാദ് പ്രതിപാദിക്കുന്ന ഒരു തടവറയെ സൂചനയാക്കുകയാണ് ഒരുപക്ഷെ വൈസ്സ് ഈ കൃതിയിലൂടെ. മാറാറ്റ് ന്റെയും സാദിന്റെയും നിഗൂഢവും ആമൂര്‍ത്തവുമായ ചരിത്രസ്വത്വങ്ങള്‍ ഇവരെ മുന്‍ നിര്‍ത്തി ഒരു അരങ്ങ് സൃഷ്ടിക്കുന്നതിനുപിന്നില്‍ വൈസ്സിനു വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് തീര്‍ച്ചപ്പെടുത്തുന്നു.

പീറ്റര്‍ വൈസ്സ് എന്ന എഴുത്തുകാരന്റെയും മാറാറ്റ്/സാദ് എന്ന നാടകത്തിന്റെയും പൊതുവായ സാഹിത്യചര്‍ച്ചകളിലെ അസാന്നിദ്ധ്യത്തിന്റെ കാരണം എന്താണെന്നറിയില്ലെങ്കിലും ഇന്ന് ഈ സൃഷ്ടി എഴുതപ്പെട്ട കാലത്തേക്കാള്‍ പതിന്മടങ്ങ് പ്രസക്തമാണെന്നാണ് തോന്നിയത്. പറയരുതാത്തതിനെ ഒതുക്കാനും ശബ്ദഘോഷങ്ങളുടെ ആര്‍ഭാടങ്ങളില്‍ ഭ്രമിക്കാനും എല്ലാതരം സമൂഹങ്ങളും ശീലിക്കുന്ന കാലം കൂടെയാണ് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെത്. കലയുടെയും ആവിഷ്ക്കാരത്തിന്റെയും സ്വാതന്ത്രത്തെക്കുറിച്ചാണ് നമ്മള്‍ വേവലാതി കൊള്ളുന്നത് . ഇവിടെ അഴികള്‍ കര്‍റ്റനായി ഉപയോഗിച്ച് ഉള്ളിലും പുറത്തും കാണികളെ ഇരുത്തി ഒരു നാടകം അരങ്ങേറുന്നു.  നടത്തിപ്പുകാരന്‍ സ്ക്രിപ്റ്റില്‍ ഇടപെട്ട് അടിക്കടി മാറ്റങ്ങള്‍ വരുത്തുന്നു. മാനസിക ആരോഗ്യ കേന്ദ്രത്തിലേ അന്തേവാസികള്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ഗഹനമായ താത്വിക ചര്‍ച്ചയില്‍ ഏര്‍പ്പെടുന്ന അവസ്ഥയില്‍ ഇടക്കിടക്ക് അവരുടെ സര്‍വ്വ നിയന്ത്രണങ്ങളും നഷ്ടപ്പെടുന്നു, അവര്‍ കലയില്‍ നിന്ന്, ‘പെര്‍ഫോര്‍മെന്‍സില്‍’ നിന്ന് ജീവിതത്തിലേക്ക് വഴിമാറുന്നു.

അനുകമ്പ, സഹാനുഭുതി തുടങ്ങിയ കൃസ്ത്യന്‍/Humanist മൂല്യങ്ങളെ നിരൂപണവിഷയമാക്കുക മാത്രമല്ല കലാകാരനെയും വിപ്ലവകാരിയെയും മുഖാമുഖം കൊണ്ടു വരുന്നതിലൂടെ പ്രത്യക്ഷത്തില്‍ തന്നെ അസ്വസ്ഥമാക്കുന്നതും അസഹനീയമായതുമായ ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട് ഈ കൃതി. മാറാറ്റിനെ വധിച്ചതിന് ഗില്ലറ്റിന്‍ ഏറിയ ഷാര്‍ലറ്റ് കോഡെ (Charlotte Corday) ആണ് മറ്റൊരു കഥാപാത്രം. സാദിന്, അരങ്ങില്‍ കോഡെ തന്നെ പീഡിപ്പിക്കുന്നതിനായുള്ള ഒരു കാമൊപകരണം മാത്രമാണ്. കോഡെയെ അവതരിപ്പിക്കുന്ന അന്തേവാസിയാകട്ടെ ഉറക്കരോഗം ബാധിച്ച ഒരു സ്ത്രീയും. കോഡെ മാത്രമല്ല, ഓരോ കഥപാത്രവും എവിടവരെ മാറാറ്റിന്റെ ഇതിവൃത്തത്തിലും എവിടെനിന്ന് സാദിന്റെ ഫാന്റസിയിലേക്കൂം തുടര്‍ന്ന് ഭ്രാന്താശുപത്രിയുടെ മേല്‍നോട്ടക്കാരനായ്  കുള്‍മിയര്‍ (Coulmier) ഉടെ വാസ്തവീകതയിലേക്കും, അതില്‍ നിന്നും തുടര്‍ന്ന് ഇവരെല്ലാം ഉള്‍പ്പെടുന്ന ഭ്രാന്താലയത്തിന്റെ അഴികള്‍ക്കു വെളിയില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്ന വലിയ ആള്‍ക്കൂട്ടക്കാഴച്ചയുടെ പരിധിയില്ലായ്മയിലേക്കും പ്രവേശിക്കുന്നു എന്ന് നിമിഷം പ്രതി നാടകത്തിന്റെ സുതാര്യമായ ഘടന നമ്മെ ഒര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും. Inter-connectivity എങ്ങിനെ കലയില്‍ ഒരു മാതൃക ( paradigm) ആവുന്നു എന്നതിന് നല്ല ഒരു ഉദാഹാരണമാണ് മാറാറ്റ്/സാദിന്റെ ദൃശ്യാനുഭവം!

നാടകത്തില്‍ സാദിന്റെ സൃഷ്ടിയാണ് മാറാറ്റ്. പക്ഷെ ഇവര്‍ തമ്മിലുള്ള വൈരുദ്ധ്യം പോലെ തന്നെ പ്രധാനമാണ് സാദും കുള്‍മിയറും തമ്മിലുള്ള വൈരുദ്ധ്യവും. ഇതില്‍ ഏതാണ് കൃതിയുടെ പ്രതീകാത്മക കേന്ദ്രം എന്ന് തീര്‍ച്ചപ്പെടുത്തുക വിഷമമാണ്. അങ്ങിനെയൊന്ന് ഇല്ലെന്നുള്ളതാവും ഈ ദ്രവാവസ്ഥയ്ക്ക് കാരണവും. ഈ കുറിപ്പിന്റെ തുടക്കത്തില്‍ കോട്ട് ചെയ്തിരിക്കുന്ന  ആര്‍ത്തോദിയന്‍ വരികള്‍ ദില്യൂസിന്റെ virtualityയെക്കുറിച്ചും, body without organs എന്ന സങ്കല്‍പ്പത്തേക്കുറിച്ചും പറയുവാനായി കടംകൊണ്ടവയാണ്.  യാഥാര്‍ത്ഥ്യത്തെ ശരീരം(സ്ഥായി) ആയി കാണുന്ന രീതികളില്‍ നിന്ന്  ശരീരത്തെയും, ജീവിതത്തേയും, സൃഷ്ടിയേയും, പ്രകൃതിയേയും അടക്കം സകലതിനെയും പല വേഗത്തില്‍ ചലിച്ചു കൊണ്ടിരിക്കുന്ന ഒഴുക്കായി സങ്കല്‍പ്പിക്കുന്നതിന് virtual എന്ന സങ്കല്‍പ്പത്തിലൂടെ കഴിയും എന്ന് ദില്യൂസ് പറയുന്നു. ദ്രവ-പ്രകൃതിയിലെ ഒരു ഉപ-പടലം മാത്രമാവുന്നു ശരീരം. അവയവങ്ങളില്ലാത്ത ശരീരം എന്ന  ദില്യൂസിയന്‍-ആര്‍ത്തോദിയന്‍ സങ്കല്‍പ്പം ബ്രൂക്സിന്റെ തിയറ്റര്‍ പൊതുവായി അനുഭവിപ്പിക്കാറുണ്ട് എന്നും പറയപ്പെടുന്നു. പ്രതീകാത്മകമായ കേന്ദ്രങ്ങള്‍ ( symbolic centers) ഇല്ലാത്ത കലാനുഭവം, VR സാങ്കേതികവിദ്യകളോ image-manipulation വിദ്യകളോ ഉപയോഗിച്ച് മാത്രം സൃഷ്ടിച്ചെടുക്കുന്ന ഒന്നല്ല എന്ന് ആര്‍ത്തോദിയന്‍ തിയറ്റര്‍ തെളിയിച്ചതാണ്.

ജീവിതത്തേയും മരണത്തേയും കുറിച്ച് ഗഹനമായ ഒരു ചര്‍ച്ച മാറാറ്റും സാദും തമ്മില്‍ നടക്കുന്നുണ്ട്. മരണം ജീവിതത്തെ അളക്കുന്നതിനു പ്രകൃതിക്കുള്ള ഏക മാനദണ്ഡമാണെന്നും പ്രകൃതി നിശബ്ദയും, നിര്‍വ്വികാരയുമായ ഒരു ദുഷ് ശ്ശക്തിയാണെന്നും പ്രകൃതിയുടെ ആസക്തിശൂന്യമായ രീതിയില്‍ ഉള്ള കൊലപാതകമാണ് ഗില്ലറ്റിനില്‍ നടത്തപ്പെടുന്നത് എന്നും, അവിടെ മരണവും പീഡനവും ‘റ്റെക്നോക്രാറ്റിക്’ ആണെന്നും അത്തരം മെഷിനിക്ക് ഉന്മൂലനങ്ങള്‍ ( Final Solution ഓര്‍മ്മപ്പെടുത്തിക്കൊണ്ട്) പ്രകൃതിയുടെ ക്രമരൂപത്തില്‍ നിന്ന് ഒരു വ്യത്യസ്തതയും ഉണ്ടാക്കുന്നില്ലാ എന്നും സാദ് അവകാശപ്പെടുമ്പോള്‍ വികാരാവേശത്തോടെ മാറാറ്റ് പ്രതികരിക്കുന്നു. പ്രകൃതിയുടെ നിശബ്ദതയ്ക്കെതിരെ ചലനം സൃഷ്ടിക്കുന്നവനാണ് താന്‍ എന്ന്.
“In the vast indifference, I invent a meaning. I dont watch unmoved, I intervene and I say that this and this is wrong.“
പക്ഷെ ഇതു പറഞ്ഞു കൊണ്ടിരിക്കുമ്പോഴെക്കും വികാരപരവേശം കൊണ്ട് ഹിസ്റ്റീരിയാക്ക് ആവുന്ന മാറാറ്റിനെ അടക്കി നിര്‍ത്തേണ്ടി വരുന്നു. ഒരു നിമിഷം കൊണ്ട് അയാള്‍ അഭയകേന്ദ്രത്തിലെ അന്തേവാസിയായിത്തീരുകയും ചെയ്യുന്നു. സാദിന്റെ അപരിമേയമായ അക്ഷോഭ്യത, നിഹിലിസത്തിന്റെ വരമ്പത്തു നില്‍ക്കുന്ന നിശ്ചയം, മാറാറ്റിന്റെ ആവേശത്തിനു നേരെ എതിര്‍ ദിശയില്‍ ആണ്. ‘ഞാന്‍ ദൃസ്സാക്ഷിയാണ്. നിരീക്ഷകന്‍, നിരീക്ഷിക്കുന്നത് കുറിച്ചു വക്കുന്നു. എന്നാല്‍ ഒടുക്കം ഞാന്‍ ഇല്ലാതാവുമ്പോള്‍ എന്റെ നിരീ‍ക്ഷണങ്ങളും ഒന്നും അവശേഷിപ്പിക്കാതെ മറഞ്ഞുപോകണം’ എന്നാണ് സാദ് അചഞ്ചലനായിപറയുന്നത്. ഈ സ്ഥൈര്യം, ഈ നിസ്വാര്‍ത്ഥത, ഈ ആഴം കലയുടെ അറിയപ്പെടാത്ത പരിപ്രേക്ഷ്യങ്ങളില്‍ ഒന്നല്ലെ? കലയെ നിലനില്‍പ്പുമായിട്ട്, സ്ഥായിത്വവുമായിട്ട് ഇണക്കുന്ന പഴയ നിര്‍വചനങ്ങളില്‍ നിന്ന് ഒരുപാട് ദൂരം സഞ്ചരിച്ചുകഴിഞ്ഞിരിക്കുന്നു സാദ് ഇവിടേ. നശിച്ചു പോകുവാനായി, തീയിട്ട് കത്തികുവാനായി, രക്തം കൊണ്ടും മലം കൊണ്ടും വരെ ‘എഴുതരുതായ്മയെ’ എഴുതിക്കൂട്ടി നിര്‍വൃതികൊണ്ടവനാണ് സാദ് എന്ന വൃത്തികെട്ടവന്‍ എന്ന് ചരിത്രം പറയുന്നു. അതുപോലെ സ്വന്തം എഴുത്തിനെതന്നെ പലവുരു തള്ളിപ്പറയുകയും, തനിക്കുവെണ്ടി മാത്രം ആസക്തനായി എഴുതുകയും ചെയ്തവനാണ്. സാദീന്റെ La philosophie dans le boudoir, ‘കിടപ്പുമുറിയിലെ തത്ത്വജ്ഞാനം’ എന്ന കൃതിയുടെ സ്വാധീനം പ്രകടമാണ് നാടകത്തില്‍.

വിപ്ലവത്തേക്കുറിച്ച് സാദ് പറയുന്നതിങ്ങനെ : "people join the revolution, thinking the revolution will give them everything, ...a new pair of shoes, a new wife, a new husband and the best soup in the world.” ഫ്രെഞ്ച് വിപ്ലവത്തിന്റെ പരിസമാപ്തിയുടെ കാലത്ത് നെപ്പോളിയാനിക് വിജയങ്ങളില്‍ ഭ്രമിച്ചു വാണ ഫ്രാന്‍സില്‍, Bastilleക്കുചേര്‍ന്ന അഭയകേന്ദ്രത്തില്‍ ഗില്ലറ്റിന്‍ അറുംകൊലകള്‍ക്ക് സാക്ഷിയായി കഴിയുമ്പോഴും ഫ്രാന്‍സിന്റെ രാഷ്ട്രീയ സാഹചര്യങ്ങളോട് അല്‍ഭുതകരമായ ഒരു അകല്‍ച്ച പുലര്‍ത്തിയിരുന്നതിനാല്‍ തന്നെ അരാഷ്ടീയവാദിയെന്നും ലിബര്‍റ്റൈന്‍ എന്നും മുദ്രകുത്തപ്പെട്ടവനാണ് സാദ്. എന്നാല്‍ സാദിന്റെ എഴുത്തിന്റെ ഭീതിദമായ സ്വയം-നാടകവത്കരണത്തില്‍ അടങ്ങിയിരിക്കുന്ന ഐറണി പലരും കാണാതെ പോയതാവാനെ തരമുള്ളു. മാറാറ്റിനും ജക്കോബിന്‍സിനും സാദ് ഒരൂ രചന സമര്‍പ്പിച്ചിരുന്നു. രചന എന്ന കൃത്യം തന്നെ നാടകീയമാണ് സാദിന് എന്നു കൂടി ഓര്‍ക്കുമ്പോള്‍ മാറാറ്റിന്റെ രാഷ്ടീയത്തോട് സാദ് കാണിച്ചിരിക്കാവുന്നമമത പോലും പ്രശ്നവത്ക്കരിക്കപ്പെട്ടതാണെന്ന് മനസ്സിലാവും. മാറാറ്റിന്റെ വിശ്വാസങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ അവ്യക്തമാണ് സാദിന്റെ രാഷ്ടീയമാനങ്ങള്‍. സാദിന്റെ രാഷ്ടീയം, സാദിന്റെ അതി നാടകീയത (തിയറ്റ്രിക്കാലിറ്റി)തന്നെയായിരുന്നില്ലെ?
ഒരിടത്ത് വൈസ്സിന്റെ സാദ് പറയുന്നു : ‘മാറാറ്റ്, ബാസ്റ്റില്യവിയില്‍ കഴിയുമ്പൊള്‍, പതിമൂന്നു വര്‍ഷക്കാലം കൊണ്ട് ഞാന്‍ പഠിച്ചതാണിത്. ലോകം ശരീരങ്ങളുടേതാണ്. ഓരോ ശരീരവും ഭീകരമായ  ശക്തിയോടെ തുടിച്ചുകൊണ്ടിരിക്കുന്നു. ഓരോ ശരീരവും തനിയെ, തന്റെ തന്നെ മല്‍പ്പിടുത്തങ്ങളുമായി പീഡിപ്പിക്കപ്പെടുന്നു. ആ ഏകാന്തതയില്‍, കല്ലുകളുടെ, കല്‍ ശരീരങ്ങളുടെ കടലില്‍, ചുണ്ടുകള്‍ നിരന്തരം മന്ത്രിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു, എനിക്ക് അനുഭവിക്കാമായിരുന്നു എന്റെ ഉള്ളം കൈയ്യില്‍, തൊലിപ്പുറത്ത്, സ്പര്‍ശിച്ചും തലോടിയും അവയെ! പതിമൂന്നു തുറുങ്കുവാതിലുകള്‍ക്കുള്ളില്‍, കാല്‍ച്ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് ഞാന്‍ സ്വപ്നം കണ്ടതത്രയും ശരീരത്തിന്റെ തുറക്കലുകളേ, അതില്‍കോര്‍ത്തിട്ട ശരീരങ്ങളെ...” * തോറ്റുപോയ വിപ്ലവങ്ങളുടെ ഉല്‍പ്പന്നമായും പ്രതിനിധിയായും ആകെ താറുമാറായ ഒരു ഭ്രാന്താലയ അവസ്ഥയാണ് സാദിന്റെ കാഴ്ച്ചപ്പാടുകള്‍ക്കും. അടിക്കടി അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ എതിര്‍ക്കുന്നത് ഈ കുത്തഴിഞ്ഞ കലാപത്തെയാണ്. ഒരുപക്ഷെ വിപ്ലവത്തേക്കാളേറെ എതിര്‍ക്കപ്പെടുന്നതും, എതിര്‍ക്കപ്പെടേണ്ടതെന്ന് ഭയക്കപ്പെടുന്നതും ‘കലാ’പങ്ങളല്ലെ?

ആര്‍ത്തോദിന്റെയും (Antonin Artaud) ബ്രെഷ്റ്റിന്റെയും (Bertolt Brecht) തിയറ്ററിലെക്ക് സാദിനെ പറിച്ചു നടുമ്പോള്‍ സംഭവിക്കാവുന്ന അസാമാന്യതയെ ഒഴിവാക്കിയാലും വൈസ്സിന്റെ സാദ് വലിയ ഒരു സമസ്യ ആവുന്നു. പുതിയ കാലത്ത് സാദിന് സിനിമയിലൂടെയും (പ്രത്യേകിച്ചും ജ്യേഫറി റഷും കേറ്റ് വിന്‍സ്ലെറ്റും അഭിനയിച്ച് 2000ല്‍ പുറത്തിറങ്ങിയ "Quills'‍)  Roland Barthesന്റെതടക്കം (Sade, Fourier, Loyola)  ചില പുനര്‍ വായനകളിലൂടെയും ഉണ്ടായി. ഇവ തുടങ്ങിവച്ച  താല്പര്യങ്ങളും ഇവയിലൂടെ നിര്‍മ്മിക്കപ്പെട്ട സാദ് എന്ന എഴുത്തുകാരന്റെ, നാടകക്കാരന്റെ ജീവിതവും സാദിന്റെ എഴുത്തിന്റെ തന്നെ ചില ഭാഗങ്ങള്‍ കടംകൊണ്ടവയാണ്. ജീവിതത്തില്‍ നിന്ന് എഴുത്തിനെയല്ല, എഴുത്തില്‍ നിന്ന് ജീവിതത്തെ എടുക്കുക എന്ന പ്രക്രിയ എഴുത്തിന്റെ നവീകരിക്കപ്പെട്ട  പുതിയകാല അനുഭവങ്ങളുമായി ചേരുന്നുണ്ട്. അതുക്കൊണ്ടു തന്നെ പീറ്റര്‍ ബ്രൂക്സിന്റെ മാറാറ്റ്/സാദ് യൂറ്റ്യൂബില്‍ ദൃശ്യമാവുമ്പോള്‍ വൈസ്സിന്റെയും, ബ്രൂക്സിന്റെയും തിയറ്റര്‍ ഇന്റെര്‍നെറ്റിലൂടെ കുറേകൂടെ വിപുലീകരിക്കപ്പെടുക മാത്രമല്ല ചെയ്യുന്നത്.  മറയില്ലാത്ത നാടകീയതയുടെ, ദൈനം ദിന നാടകങ്ങളുടെ തിയറ്റര്‍ ആയ യൂറ്റ്യൂബിനുള്ളില്‍ ഏതു ദൃശ്യാവിഷ്കാരവും പുനര്‍വായിക്കപ്പെടുന്നു. സൃഷ്ടിയുടെ ദ്രവാവസ്ഥ കാഴ്ച്ചകളിലൂടെ ഉരുവാകുന്നു.  അഴികള്‍ക്കപ്പുറം കാണികള്‍ വര്‍ദ്ധിക്കുന്നു എന്നതു മാത്രമല്ല, കാഴച്ചയുടെ മാനങ്ങള്‍ക്ക് സ്ഥാനഭ്രംശം സംഭവിക്കുകയും, തിയറ്റ്രിക്കാലിറ്റി എന്ന അവസ്ഥ തന്നെ പുനര്‍നിരൂപിക്കപ്പെടുകയും ആണ്. കാഴ്ച്ചയും കൂടെ അടങ്ങിയ, കാഴ്ച്ചയുടെ പരിമിധികളും പരിമിധിയില്ലായ്മയും ചേര്‍ന്ന് നിര്‍വ്വചിക്കുന്ന ഒന്നാണല്ലോ ദൃശ്യകല. തിയറ്റര്‍ എന്ന ജൈവാവസ്ഥയെ വീഡിയോ എന്ന റ്റെക്നോളജി തകിടം മറിച്ചു എന്ന് കരുതുന്നവരുണ്ട്.  ഒരുപക്ഷെ ആര്‍ത്തോദിന്റെ "Total Theatre" ആയി തന്നെ യൂറ്റ്യൂബ്  മാറുന്നില്ലെ?  മാറാറ്റ്/സാഡിന്റെ യുറ്റ്യൂബ് ലിങ്കുകള്‍ക്ക് കീഴെയുള്ള കമെന്റുകളില്‍ ചിലത്.

We are all mad animals trying to control the asylum of humanity, because we fear the consequences of such a animals revolution.

Marat sticking it to private ownership at the end there, go on Marat! You tell 'em son.

De Sade was into violent bondage. he got in deep shit over it. almost killed a hooker. damn near whipped the skin off her! a very sick fellow De Sade was!!

Marat was a true friend of Fascism!! Vive La Courday! friend of civilization!

we're all normal and we want our freedom.

It started the most violent part of the revolution, and it was pointless: the ideas can´t be killed. And also, fascism has nothing to do with the ideas of Marat, who writes 50 years before....

Courday erased Marat! why shouldnt she be recognized for it? besides, Marat was a fascist pig!


കാണികള്‍ നാടകത്തിനു വെളിയിലാണെന്ന് ആരു പറഞ്ഞു?
*****
* The Persecution and Assasination of Jean-Paul Marat as Performed by the Inmates of the Asylum of Charenton under the Direction of Monsieur de Sade Translated from German by Geoffrey Skelton (സ്വതന്ത്ര പരിഭാഷ).
Other Ref :
Peter Brooks - The Empty Space

John Phillips - Marquis De Sade- A very Short Introduction

Claire Colebrook - Understanding Deleuze

Reference Guide to World Literature (Third Edition) - Article on Marat/Sade

Sunday, February 27, 2011

അമ്രപാലിയും ഈജിപ്തും തമ്മില്‍ എന്ത്?
If you take me out of this venerable silence of mine, I will be like a dead fish,
dragged out of the sea, unburied.
Inside,I am a different, starry night, a tree
ecstatic, supplicating. . . .
I am getting richer, as I get poorer in words and speech. 

From The Case of Silence
 MariaKentrou-Agathopoulouകാലത്തിന്റെ ഇരുകൈകളാണ് രാവും പകലും എങ്കില്‍ രാത്രി സ്ത്രീയും പകല്‍ പുരുഷനും എന്ന പുരാവൃത്തം സംസ്കാരങ്ങളിലൂടെ പടര്‍ന്ന് കിടപ്പുണ്ട്. സാമൂഹികവും ചരിത്രപരവുമായ കാരണങ്ങള്‍ കൊണ്ട് ഉണ്ടായ കര്‍മ്മാനുസൃതമായ ഒരു വേര്‍തിരിവ് ആയിരിക്കാം ഇതിനു പിന്നില്‍ എന്ന് കരുതാനും ന്യായമുണ്ട്. Nomadic ജീവിതം വെടിഞ്ഞ് ഗൃഹസ്ഥനാവുന്ന മനുഷ്യന് വേട്ടയാടുകയും ഭക്ഷണം കൊണ്ടു വരികയും ചെയ്യുന്ന പുരുഷന് പകലും അവന്റെ വിശ്രമത്തിനും സ്വസ്ഥയ്ക്കുമുള്ള ഇടമൊരുക്കുന്ന സ്ത്രീക്ക് രാത്രിയും എന്ന ദൈനംദിന സത്യം നിലനില്പ്പായിരുന്നു. ഇതില്‍ നിന്ന് പകര്‍ന്നതാവാം രാവും പകലുമായുള്ള സ്ത്രീപുരുഷ വേര്‍തിരിവ്. സാമൂഹികമായ കാരണങ്ങളില്‍ ഉത്ഭവിച്ച ഈ ഭിന്നാര്‍ത്ഥം പകല്‍ കാലത്തിന്റെ പുരുഷത്വമായും രാത്രി സ്ത്രീത്വമായും കഥകളിലും മിത്തുകളിലും സാഹിത്യത്തിലും വ്യാപിച്ചതിന്റെയും അടയാളപ്പെട്ടതിന്റെയും സൂചന പൌരസ്ത്യവും പാശ്ചാത്യവുമായ ജ്ഞാന നിര്‍മ്മിതികളില്‍ ഉടനീളം കാണാം. സൂര്യന്‍ അവനും നിലാവ് അവളും ആണ് ഭാഷയില്‍. അപ്പോളോയും ലൂനയും കാലസ്വത്വങ്ങളുടേ ലിംഗാവിഷ്കാരത്തിന്റെ ആദിമ പരിച്ഛേദങ്ങളാണ്. ഇതില്‍ നിന്ന് മിത്തുകളിലൂടെയും സാഹിത്യത്തിലൂടെയും ആത്മീയതയിലൂടെയും ശരീരരാഷ്ടീയത്തിലൂടേയും പരിണമിച്ച ഒരു വലിയ തുടര്‍ച്ചയാണ് രാത്രിയും, നിഗൂഢതയും ആയി സ്ത്രീക്കുള്ള കല്പിതബന്ധം.

അരിസ്റ്റോട്ടില്‍ Metaphysics-ല്‍ പൈത്തഗോറസിനെ ഉദ്ധരിച്ചുകൊണ്ട് വൈരുദ്ധ്യങ്ങളുടെ ഒരു പട്ടിക നിരത്തുന്നുണ്ട്. അതിര്-അതിരില്ലായ്മ, ഒറ്റ-ഇരട്ട, വലത്-ഇടത്, നിശ്ചലത-ചലനം, വെളിച്ചം-ഇരുട്ട് എന്നിവയ്ക്കൊപ്പമാണ് പുരുഷന്-സ്ത്രീ എന്ന ദ്വന്ദ്വം സമര്‍പ്പിക്കപ്പെടുന്നത്. പൈത്തഗോറിയന്‍ പട്ടികയുടെ ഒത്ത നടുക്ക്, മറ്റു ദ്വന്ദ്വങ്ങളെ വിശദീകരിച്ചുകൊണ്ടാണ് പുരുഷ-സ്ത്രീ ദ്വന്ദ്വത്തിന്റെ സ്ഥാനം എന്നു മാത്രമല്ല, പട്ടികയിലെ എല്ലാ അംഗങ്ങളിലും ആദ്യത്തേതിന് രണ്ടാമത്തേതിലും അപേക്ഷിച്ച് പ്രകടമായ പ്രാധാന്യവും പ്രായോഗികമായ നന്മയും കല്പിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പാശ്ചാത്യരീതിശാസ്ത്രങ്ങളില്‍ ഉടനീളം ആണ്മയെ വെളിച്ചവും നന്മയുമായും പെണ്മയെ ഇരുട്ടും തിന്മയുമായും ചേര്‍ത്തു വായിക്കുന്നത് പതിവായി. പൈത്തഗോറിയന്‍ ദ്വന്ദ്വങ്ങളുടെ പട്ടിക ഇതിനാല്‍ സ്വത്വ നിര്‍വചനവുമായി ബന്ധപ്പെട്ട അര്‍ത്ഥകല്പനകള്‍ക്കുള്ള മെറ്റഫിസിക്കല്‍ അടിസ്ഥാനമായി തന്നെ വര്‍ത്തിക്കുന്നു. അതുവഴി വൈരുദ്ധ്യാത്മകമായ ദ്വന്ദ്വങ്ങളില്‍ പടര്‍ന്നു കയറിയ പ്രായോഗികവും ദാര്‍ശനീകവുമായ അസമത്വമാകട്ടെ സാമൂഹികമായ അസമത്വനിര്‍മ്മിതിക്ക് സമാന്തരമായ ഒന്നാണ്. ഈ ദ്വൈത യുക്തിക്ക് മിത്തുകളുടെ രൂപീകരണത്തിലുള്ള പങ്ക് എന്താണെന്നും അതിലൂടെ നിര്‍മ്മിക്കക്കപ്പെട്ട അധികാരശ്രേണി സമൂഹ മനസ്സില്‍ എത്ര രൂഢമൂലമാണെന്നും ലെവി സ്റ്റ്രോസ് വിശദമാക്കിയിട്ടുണ്ട്.

പഴയ നിയമം വിവരണം ആരംഭിക്കുന്നത് വെളിച്ചമുണ്ടാവട്ടെ എന്ന കല്പനയില്‍ നിന്നാണല്ലോ. വെളിച്ചം ഉണ്ടായതോടെ രാത്രിയേ ഇരുട്ടായി (പുനര്‍)നിര്‍വചിക്കുകയാണ് പിന്നെ. അപ്പോള്‍ ആദിമമായത് ഇരുളാണെന്നത് സുവിശേഷത്തിന്റെ സുന്ദരമായ കാവ്യഭാവനയില്‍ പതുങ്ങിയിരിക്കുന്ന വ്യാജോക്തിയായിരിക്കണം! ചൈനീസ് മിത്തിക്കല്‍ സങ്കല്പ്പമായ ഇരുണ്ട സ്ത്രൈണ പ്രാഗ്രൂപം ( dark feminine archetype) ‘യിന്‍’ സര്‍ഗ്ഗശക്തിയുടെ ഉറവിടമായും മൂല്യഗര്‍ഭമായും ആണ് സങ്കല്പ്പിക്കപ്പെട്ടിട്ടുള്ളത് എന്നു ചേര്‍ത്തു ചിന്തിക്കുമ്പോള്‍ സ്ത്രീ എന്ന മെറ്റഫറിന്റെ വ്യാപ്തിയും പരിണാമവും കുറേകൂടി തെളിയുന്നു. സര്‍ഗാത്മകത തന്നെ സൃഷ്ടിയുടെ മെറ്റഫറിക്കല്‍ മാതൃരൂപങ്ങളില്‍ നിന്ന് വേര്‍പെടുത്തി സ്വയം പുനരടയാളപ്പെടുത്തുന്ന കാലത്ത് സ്വാഭാവികമായി ഈ അര്‍ത്ഥങ്ങള്‍ കുഴമറയുകയും ചെയ്യുന്നു. എന്നാല്‍ സ്ത്രീ എന്ന മെറ്റഫര്‍ ഇന്നും രാത്രിയാണ്. രാത്രി നിശബ്ദമാണ്, രഹസ്യമാണ്, സാധ്യതകളാണ്. കീഴടക്കാന്‍ കാത്ത് കിടക്കുന്ന ഭൂഖണ്ഢങ്ങളേക്കുറിച്ചുള്ള ആഖ്യാനങ്ങളില്‍ എല്ലാം ഭൂമി ഇരുണ്ട രഹസ്യമാണല്ലോ, വശീകരിക്കുന്ന മോഹിനിയായോ ഭയപ്പെടുത്തുന്ന യക്ഷിയായോ മറഞ്ഞുകിടക്കുന്നവള്‍. Helen Cixous, അടക്കപ്പെട്ട സ്ത്രീ അമര്‍ഷങ്ങളെക്കുറിച്ചെഴുതുമ്പോള്‍ പ്രതിരൂപമായ മെഡൂസയെ രാത്രിയുടെ സാമ്രാജ്യാധികാരിയായിട്ടാണ് സങ്കല്പിച്ചത് എന്നത് യാദൃശ്ചികമല്ല. പക്ഷെ ആ സങ്കല്പം പകല്‍-തെളിച്ചം-അറിവ് എന്ന പഴയ അധികാരശ്രേണിയുടെ തന്നെ ഒരു പ്രതിബിംബമേ ആകുന്നുള്ളു.
Cixous പറയുന്നു : തന്റെ ഭൂമിക ഇരുട്ടാണെന്ന് സ്ത്രീ പഠിപ്പിക്കപ്പെടുന്നു. നീ ആഫ്രിക്കയാണ്; നീ ഇരുളാണ് ; ഇരുണ്ടതുകൊണ്ട് നീ അപായകരമാണ് ; ഇരുട്ട് ഒന്നും വെളിപ്പെടുത്തുന്നില്ല, അതുകൊണ്ട്, നീ ഭീതിതവും ആണ്. ( Laugh of Medusa)

എന്നാല്‍ രാത്രിക്ക് പരമാധികാരിയാവാന്‍ കഴിയുന്നതെങ്ങിനെ? സ്വയം വെളിപ്പെടാതിരിക്കാനല്ലെ ഇരുട്ടിനു കഴിയൂ? നിശബ്ദമായി അര്‍ത്ഥരഹിതമോ അര്‍ത്ഥഗര്‍ഭമോ ആയി നില്‍ക്കുന്നത് അറിവിന്റെ പരമാധികാരപ്രഖ്യാപനത്തിന്റെ മറുപുറം അല്ലെ?. പരമാധികാരങ്ങളേ മറച്ചിടുന്നതിലും ഉപരി മറുപുറമായി വര്‍ത്തിക്കുന്നതാവില്ലെ ആ നിലനില്‍പ്പിന്റെ ഹേതു തന്നെ? തെളിച്ചം, വ്യക്തത, വിശ്വാസ്യത, യുക്തി ഇതൊക്കെ അറിവിന്റെ സ്പഷ്ടമായ പാരാമീറ്ററുകളായും, കലങ്ങിയതും, അവ്യക്തമായതും, തെളിയിക്കപ്പെട്ടിട്ടില്ലാത്തതുമായ അയുക്തികളൊക്കെ അറിവാധികാരത്തിന്റെ പരിധികളില്‍വരാത്തതുമായി കണക്കാക്കപ്പെടുന്ന ഒരു സമ്പ്രദായം തന്നെയുണ്ട് സാമൂഹികമായ ജ്ഞാനനിര്‍മ്മിതിയില്‍. പെണ്ണിന്റെ ബുദ്ധി പ്രശ്നമായോ പ്രഹസനമായോ പ്രഹേളികയായോ ഒക്കെ അറിയപ്പെടുന്നത് ഈ സാമൂഹികാവസ്ഥയുടെ തുടര്‍ച്ചയായിട്ടായിരുന്നല്ലൊ.


A woman demonstrator kisses an armed riot-police officer during civil protests in Egypt. 
Photo seen on this page
മിത്തിക്കല്‍ സങ്കല്‍പ്പങ്ങളിലെ സ്ത്രീ കല്പനകളേക്കുറിച്ച് ഇത്രയും ഓര്‍ക്കാന്‍ ഇടയായത് ചില രാഷ്ടീയ-സാമൂഹ്യാന്തരീക്ഷങ്ങളുടെ പ്രക്ഷുബ്ധമായ വര്‍ത്തമാനതയ്ക്കപ്പുറം പലതും ഉണ്ടെന്ന് തോന്നിയപ്പോഴാണ്. ലോകത്തിന്റെ മൂടിക്കിടന്ന ഒരു പാതിയില്‍ ആന്തരികമായ ചില വിപ്ലവങ്ങള്‍ നടക്കുന്നു ; സര്‍വ്വാധികാരികളേ ജനകീയമായ വൈകാരികത കീഴ്പ്പെടുത്തുന്നു. ചരിത്രപരമെന്നും അല്ലെന്നും ഘോഷിക്കപ്പെടുന്ന ഒരു വിപ്ലവത്തിലൂടെ, പ്രത്യേകിച്ച് ഒരു പ്രത്യയശീലമൊ താത്വീകാടിത്തറയൊ ഇല്ലാത്ത ചില മാറ്റങ്ങള്‍ രാജ്യങ്ങള്‍ക്കും ജനതകള്‍ക്കും സംഭവിക്കുന്നു. അതു ഹിമപാതം പോലെ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പരക്കുന്നു. വിടവുകള്‍ ചിക്കി ചികഞ്ഞ്, ഒന്നും മനസ്സിലാവാതെവന്ന് പണ്ട് വായിച്ചു മറന്ന ഒരു പുസ്തകത്തിലേക്ക്, ഒരു കഥയിലേക്ക് വെറുതെ തിരിച്ചെത്തി.ആനന്ദിന്റെ വ്യാസനും വിഘ്നേശ്വരനും; കഥാകൃത്ത് സ്വയം കര്‍തൃത്വം/അധികാരം നിഷേധിക്കുന്ന രണ്ടു കഥകളാണ് അതില്‍. ഇതില്‍ രണ്ടാമത്തെ കഥ അമ്രപാലിയുടേതാണ്. പണ്ട് അമര്‍ച്ചിത്രകഥകളില്‍ അമ്രപാലിയുടെ വെള്ളപൂശപ്പെട്ട കഥ വായിച്ചിട്ടുണ്ട്. വജ്ജിയിലെ നഗരവധുവും ബിംബിസാരന്റെ കാമുകിയുമായ ഒരുവള്‍ മാനാസാന്തരപ്പെട്ട് ബുദ്ധാനുയായി ആവുന്ന ഒരു സദാചാരകഥ. എപ്പോഴൊക്കെയോ അമ്രപാലി മഗ്ദലനയേപ്പോലെ മനസ്സില്‍ ചോദ്യങ്ങളുമായിട്ട് വന്നിട്ടുണ്ട്. ആനന്ദിന്റെ, അഥവാ, തീവണ്ടിയാത്രയ്ക്കിടയില്‍ തന്റെ അമ്രപാലിയെ ആനന്ദിനു പരിചയപ്പെടുത്തിക്കൊടുക്കുന്ന വര്‍ദ്ധമാനന്റെ അമ്രപാലി ഒരു സ്ത്രീയെന്നതിലുപരി കാലാനുരൂപമല്ലാത്ത അവ്യവസ്ഥമായ ഒരു അറിവിന്റെ പ്രതിനിധിയാണ്. അവള്‍ സ്ത്രീയാണെന്നത് മേല്‍പ്പറഞ്ഞ ദ്വന്ദങ്ങളുടെ ഒരു മിത്തിക്കല്‍ തുടര്‍ച്ച മാത്രമായിരിക്കണം. മഗധത്തിന്റെ സര്‍വ്വാധിപത്യവും വജ്ജിയുടെ ജനാധിപത്യവും സൈദ്ധാന്തികമായി ഒരുപോലെ ഭ്രഷ്ടാക്കുന്ന അമ്രപാലിയുടെ കഥ വര്‍ദ്ധമാനന്റെ ആഖ്യാനത്തില്‍ പൂര്‍ണ്ണമല്ലാതെ സ്വതന്ത്രമായിത്തീരുന്നു. തഥാഗതന്‍ രണ്ടു രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട് പിന്‍വാങ്ങുന്നതേയുള്ളു. തീപിടിച്ച കാടിനുമുകളില്‍ അരുവിയില്‍ നിന്ന് കുതിര്‍ത്തിയ ചിറകിലെ വെള്ളം തളിച്ച് തീയണയ്ക്കാന്‍ വൃഥാ ശ്രമിക്കുന്ന ഒരു ചെറുകിളിയായിട്ടാണ് ബുദ്ധന്‍ അവളേ അറിയുന്നത്. മഴയുടെ ദേവനായ ഇന്ദ്രനോട് അവള്‍ പറയുന്നു. ഫലം നല്‍കുന്ന പ്രവര്‍ത്തി ചെയ്യാതിരിക്കലിലാണ് അങ്ങ് ബുദ്ധികാണുന്നതെങ്കില്‍ ഫലം നല്‍കാത്ത പ്രവര്‍ത്തി ചെയ്യുന്നതിലാണ് ഞാന്‍ ബുദ്ധികാണുന്നതെന്ന്.

തന്നെ വിചാരണ ചെയ്യുന്ന പ്രതിനിധിസഭയോട്, മഗധത്തോടാണ് അവള്‍ക്ക് കൂറ് എന്ന് ആരോപിക്കുന്ന വജ്ജിവാസികളോട് ജനാധിപത്യമെന്നാല്‍ ഒരു രാഷ്ട്രമല്ല, ഒരു ജനതയാണ് എന്ന് വിളിച്ചു പറയുന്നു അമ്രപാലി. രാഷ്ട്രങ്ങള്‍ ജനതയായിട്ട് കൊടുങ്കാറ്റു പോലെ ഉണരുന്നത് കാണുമ്പോള്‍ അമ്രപാലിയെ എങ്ങിനെ ഓര്‍ക്കാതിരിക്കും, ഒരു ‘സ്ത്രീ’ ആയി എന്നതിലുപരി ഒരു മെറ്റഫര്‍ ആയി?

ക്ലിയോപാട്രയെപ്പോലെ, മഗ്ദലനയേപ്പോലെ, ചരിത്രഘട്ടങ്ങളിലേക്ക് നടന്നടുക്കുന്ന ഒരു ആള്‍ക്കൂട്ടത്തെപ്പോലെ, നിര്‍വ്വചനാതീതമായി, രൂപീകരിക്കപ്പെടാതെ, സ്ഥാപിക്കപ്പെട്ട വ്യവസ്ഥയായല്ലാതെ അസ്ഥാപിതമായ ഒരു അവസ്ഥയായി, സ്പിനോസയുടെ 'multitude' പോലെ തെളിയപ്പെടാതെ കിടക്കാനുള്ള മോഹമാണ് ഈജിപ്ത്. ചരിത്രാതീതമായ ഒരു ജനതയില്‍ നിന്ന് ഒരു രാഷ്ട്രമായി ചുരുക്കപ്പെട്ട ഈജിപ്തിന്റെ നിശബ്ദ വിപ്ലവത്തിന് ഭാവിയും സമാപ്തിയുമല്ല ഒരു മെറ്റഫറിന്റെ സൌന്ദര്യവും മൂല്യവുമായിരിക്കണം ഉള്ളത്. ഒരുപക്ഷെ, എല്ലാ സാമൂഹിക ജലപ്രളയങ്ങളേയും പോലെ, അതു മാത്രമായിരിക്കും ഉള്ളത്. കാട്ടുതീയില്‍ വെന്തു മരിക്കുന്ന കൊച്ചുകിളിയുടെ വിഫലമായ അവിവേകം പോലെ ഒരു നീതികഥയുടെ മെറ്റഫറാവുക എന്നത്.

ANTONY.
I am dying, Egypt, dying:
Give me some wine, and let me speak a little.

CLEOPATRA.
No, let me speak; and let me rail so high
That the false huswife Fortune break her wheel,
Provok'd by my offence.

ANTONY.
One word, sweet queen:
Of Caesar seek your honour, with your safety.--O!

CLEOPATRA.
They do not go together.

ANTONY.
Gentle, hear me:
None about Caesar trust but Proculeius.

CLEOPATRA.
My resolution and my hands I'll trust;
None about Caesar.

(Antony and Cleopatra iv, xv, 41- )************************

Thursday, October 28, 2010

സ്രാങ്ക് എന്ന പെണ്‍കാഴ്ച്ച

സ്ഥാപിത കലാമൂല്യങ്ങള്‍ പെറുക്കിയെടുത്ത് സിനിമയ്ക്ക് മാര്‍ക്കിടാന്‍ അറിയാത്ത എന്നെപ്പോലുള്ള കാഴ്ച്ചക്കാര്‍ക്ക് ഒരു സിനിമ ഇഷ്ടപ്പെടാന്‍ ഒരു കാരണമേ വേണ്ടു. കഥാപാത്രങ്ങള്‍. അല്ലെങ്കിലും അവരാണല്ലോ നമ്മള്‍? നമ്മളല്ലെ അവര്‍? അങ്ങനെയല്ലെ ആവാന്‍ തരമുള്ളു. അവരെ ഇഷ്ടമായാല്‍ സിനിമയും ഇഷ്ടമാവുന്നു. ഇല്ലെങ്കില്‍ ഇനി എത്ര വമ്പന്‍ സിനിമയും ആയിക്കോട്ടെ കണ്ടു കഴിയുമ്പോള്‍ മറന്നു പോവുകയേ വഴിയുള്ളു. കാഴ്ച്ച എന്ന നിസ്സംഗതയ്ക്കും ഒരു രാഷ്ട്രീയമുണ്ടല്ലൊ.

കുട്ടിസ്രാങ്ക് ഒരു പെണ്ണിന്റെ കാഴ്ച്ചയാണ്. കാമറയ്ക്ക് പുറകിലുള്ളത് ഒരു സ്ത്രീയായത് വെറുതെയായില്ല.മതവും കാലവും ദേശവും ഇല്ലാത്ത ഒരു പുരുഷനെ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് അടയാളപ്പെടുത്തുന്ന സുന്ദരമായ കാഴ്ച്ച. തന്റേതല്ലാത്ത ഒരു ലോകത്തെ പെണ്ണ് കാഴ്ച്ചയിലൂടെ വാര്‍ത്തെടുക്കുന്ന കഥ. അഴുകുന്ന ജഡവും, ചോരയും അറവുശാലകളും അന്ധമായ വിശ്വാസങ്ങളും ദുരാചാരങ്ങളും തിങ്ങുന്ന ഒരു ലോകത്തെ പെണ്‍കാഴ്ച്ച കൊണ്ട് നവീകരിക്കുകയാണ് മൂന്ന് സ്ത്രീ കഥാപാത്രങ്ങള്‍. അടിമുടി ഫാന്റസിയുടെ കണ്ണാണ് ക്യാമറയ്ക്ക് എന്നത് പെണ്‍കാഴ്ച്ചയുടെ കാവ്യനീതിയായിട്ടൊ അങ്ങിനെയൊരു കാഴ്ച്ചയ്ക്ക് ഇനിയും പാകപ്പെട്ടിട്ടില്ലാത്ത സാമൂഹാവസ്ഥയുടെ പ്രതിഫലനമായിട്ടോ, എങ്ങിനെയും വായിച്ചെടുക്കാം. “A woman can take a man anywhere ; home, renunciation, life, death." എന്ന് രേവമ്മയുടെ സുഹൃത്തായ ഭിക്ഷു പതിഞ്ഞ ഒച്ചയില്‍ സ്രാങ്കിനോട് പറയുന്നുണ്ട്, പാതികൊല്ലപ്പെട്ട അവസ്ഥയില്‍ കടലില്‍ തള്ളപ്പെടുന്നതിനു മുന്നെ. കടലിടുക്കിന്റെ വിഭ്രമാത്മക സൌന്ദര്യത്തില്‍ ഇരുട്ടിന്റെ പ്രശാന്തതയില്‍, ശാന്തനായ ഭിക്ഷു ‍അരാച്ചാരുടെ പ്രക്ഷുബ്ധമായ മനസ്സുമായിരിക്കുന്ന സ്രാങ്കിനോട് പറയുന്നതാണത്. കിം കിഡുക്കിന്റെ 'The Bow' ഓര്‍മ്മിപ്പിച്ച, ഇരുട്ടും വെളിച്ചവും സൂക്ഷ്മായി ഒപ്പിയെടുക്കപ്പെട്ട ആ കാമറക്കാഴ്ച്ച പരിണമിക്കുന്നത് ഏകാധിപതിയായ മൂപ്പന്‍ നിശ്ചലമായ ഒരു മതില്‍ക്കെട്ടുപോലെ കിടക്കുന്ന വൈപരീത്യത്തിലേക്കാണ്. ഈ രണ്ടു രംഗങ്ങളുടെ ചേര്‍ത്തു വയ്പ്പിന്റെ ambivalence ആണ് സിനിമയില്‍ ഉടനീളം പുരുഷലോകവും സ്ത്രീക്കാഴ്ച്ചയുമായി രൂപപ്പെട്ടുവരുന്നത്.

മൂന്ന് ആഖ്യാനങ്ങളിലൂടെ വികസിക്കുന്ന കഥയ്ക്ക്, മൂന്നിലും നിറഞ്ഞു നില്‍ക്കുന്ന സ്ത്രീകഥാപാത്രങ്ങളും അവര്‍ ഉയര്‍ത്തുന്ന ചരിത്രപരമായ പ്രതിസന്ധികളും അവരുടെ പ്രതിഷേധത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും ശക്തിയും ആണ് ജീവനാഡി. ഒരു പഴകിയ പ്ലോട്ട് സിനിമയാകുമ്പോള്‍ ( അജ്ഞാത ജഡം-ചുരുളഴിയുന്ന കഥനം) നോവലുകളിലും സിനിമകളിലും പലവുരു ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള ഫാന്റസി-ഡ്രാമാ ശൈലികൊണ്ട് മാത്രം എന്തു കാര്യം? ഇതിനു പുറമേ ചില സ്റ്റീരിയോ റ്റിപ്പിക്കല്‍ കഥാപാത്രങ്ങളുടെ അതിപ്രസരം, ( ചമയത്തിലെ മുരളിയേ ശര്‍ദ്ധിക്കുന്ന സുരേഷ് കൃഷ്ണയുടെ ആശാന്‍, സിദ്ധിക്കിന്റെ അച്ചന്‍, സായിക്കുമാറിന്റെ മാടമ്പി പ്രഭു ഉണ്ണിത്താന്‍ തുടങ്ങി പലരും), ചവിട്ടു നാടകം എന്ന കലാരൂപത്തെ സിനിമവത്ക്കരിക്കുന്ന നൃത്തരംഗങ്ങളടക്കം പല സ്ഥിരം ചേരുവകളും മുഴച്ചു നില്‍ക്കുന്നുമുണ്ട് സിനിമയില്‍. വിദഗ്ദമായ കാമറകൊണ്ട് മാത്രം ഒതുക്കി നിര്‍ത്താനാവില്ല സിനിമ എന്ന കലാരൂപത്തിന് സ്വന്തമായ ചില ചതിക്കുഴികള്‍ എന്ന് ഇവ ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ ജീവിതത്തിനോടുള്ള സിനിമയുടെ കാഴ്ച്ചയും, ആ കാഴ്ച്ചയുടെ സത്യസന്ധതയും മതി ഒരു സിനിമയ്ക്ക് മേന്മയായി എന്നും ഓര്‍മ്മിപ്പിക്കുന്നു കുട്ടിസ്രാങ്ക് . സ്ത്രീപക്ഷ സിനിമ എന്നാല്‍ സ്ത്രീകള്‍ ഉള്ള സിനിമ എന്നോ, ഒന്നും രണ്ടും മൂന്നും നാലും എന്ന കണക്കിന് പെണ്ണുങ്ങളെ റ്റൈറ്റിലില്‍ എണ്ണിപ്പെറുക്കുന്നതോ ആണെന്ന വഴിയില്‍ പോയിക്കൊണ്ടിരിക്കുന്ന മലയാളത്തിലാണ് ഈ സിനിമയും! രേവമ്മയും പെമേണയും കാളിയും സ്രാങ്കിനെ സ്വന്തമാക്കുന്നതുപോലെയല്ലാതെ പ്രത്യക്ഷമായും സുന്ദരമായും സ്ത്രീക്കുവേണ്ടി സംസാരിക്കുന്നതെങ്ങിനെ? ഡോക്ടറും ബുദ്ധഭിക്ഷുകിയുമായ രേവമ്മ, സുന്ദരിയും കലാകാരിയുമായ പെമേണ, ഏകാകിയും വ്യത്യസ്തയുമായ കാളി. സ്ത്രീകളുടെ പാത്ര സൃഷ്ടിയില്‍ തന്നെയുണ്ട് തികഞ്ഞ ആര്‍ജ്ജവം. സ്രാങ്കിന്റെ യാന്ത്രീകമായ ക്രൂരതയെയും, നിസ്സഹായമായ മനുഷ്യത്വത്തെയും, ചായം തേക്കപ്പെട്ട വികാരങ്ങളെയും അവനുതന്നെ പറഞ്ഞറിയിക്കാനാവാത്ത ഏകാന്തതയേയും ചോരയും, കുറ്റവും, ബീജവുമായി അവര്‍ സ്വന്തമാക്കുന്നതു പോലെയല്ലാതെ, അഴുകുന്ന ജഢമായ ഒരുത്തനെ നിവര്‍ന്നു നില്‍ക്കുന്ന മൂന്നു സ്ത്രീകള്‍ ജീവന്‍ വെപ്പിക്കുന്നതിലൂടെയല്ലാതെ സ്ത്രീക്കുവേണ്ടിയെന്നല്ല, ഈ കാലത്തിന്റെ സ്ത്രീപുരുഷാവസ്ഥകള്‍ക്ക് വേണ്ടിത്തന്നെ സംസാരിക്കുന്നതെങ്ങിനെ? കാലികമായതൊന്നും ഇല്ല എന്നതായിരുന്നു സിനിമക്കെതിരെ ഉയര്‍ന്നുവന്ന ഒരു ആരോപണം എന്നത് വലിയ തമാശയായിട്ടു തന്നെ തോന്നുന്നു! മൂകനും മൃതനും അഴുകുന്നതുമായ ഒരു പുരുഷസ്വത്വം പെണ്ണിനാല്‍ ചൂണ്ടിക്കാണിക്കപ്പെട്ട്, പെണ്ണിനാല്‍ ജീവിതത്തിലേക്കെടുക്കപ്പെട്ട്, പെണ്ണിനാല്‍ ഉദരത്തില്‍ ചുമക്കപ്പെട്ട് മനുഷ്യനാവുന്നതില്‍ കാലാതീതപ്രസക്തിയാവും ഉള്ളത് എന്നായിരുന്നോ ഇനി ആരോപണം? എന്തോ..

രേവമ്മയിലൂടെയും, പെമേണയിലൂടെയും, നളിനി എന്ന എഴുത്തുകാരിയിലൂടെയുമാണ് സ്രാങ്ക് കാളിയില്‍ എത്തുന്നത്. തന്നെ അറിയുന്ന സ്ത്രീകളാല്‍ പരിരക്ഷിക്കപ്പെടുന്ന സ്രാങ്ക് സിനിമയില്‍ രക്ഷകനേയല്ല എന്നതാണ് വാസ്തവം. ‘പിറവി‘യില്‍, ‘വാനപ്രസ്ഥ‘ത്തില്‍ ഒക്കെ അവിടവിടെക്കണ്ടിരുന്ന തലയെടുപ്പും സ്ത്ഥൈര്യവും വാളെടുക്കാത്ത സ്നേഹാധികാരമായി സ്രാങ്കിന്റെ സ്ത്രീകളില്‍ നിറഞ്ഞു നില്‍ക്കുന്നു. രേവമ്മയില്‍ ധാര്‍മ്മീകതയായി, കാമുകനെ ബുദ്ധമതത്തിലേക്കാകര്‍ഷിച്ച് സ്വന്തം ശരീരത്തില്‍ പറ്റിയ കാമവെറിയുടെ ചോര തന്നിലൂടെ ഒഴുക്കിക്കളയുന്നവളുടെ ആത്മീയമായ വളര്‍ച്ചയായി അത് രേഖപ്പെടുത്തപ്പെടുന്നു. സിനിമ തുടങ്ങുന്നത് അവളുടെ നിഷേധശബ്ദത്തിലാണ്. സ്രാങ്ക് അവളുടെ പതിവുകാരനായിരുന്നു എന്ന പോലീസുകാരുടെ വഷളന്‍ ചിരിയെ അവള്‍ ഒറ്റ വാക്കുകൊണ്ട് തടുക്കുന്നു. സ്രാങ്കിന്റെ വികലമായ ധര്‍മ്മബോധത്തെ, ക്രൂരനായ തന്റെ അച്ഛനൊടുള്ള കൂറിനെ, സ്വന്തം നിലപാടുകളിലൂടെ മാറ്റിയെടുക്കുന്നു അവള്‍. സ്രാങ്കിന്റെ സ്ഥായി വിശ്വസ്തതയാണ് എന്ന് ആഖ്യാനം തിരിച്ചറിയുന്നതിവിടെയാണ്. ഈ വിശ്വസ്തത, പ്രഭുക്കന്മാരുടെ ആശ്രിതത്വത്തിലേക്കൊ ഒരു മതത്തിന്റെയോ കാലത്തിന്റെയോ വിശ്വാസപ്രമാണങ്ങളുടെ ചട്ടക്കൂടിലേക്കോ ഒതുങ്ങാതെ ഒരുവളില്‍ നിന്ന് മറ്റൊരുവളിലേക്ക് സുരക്ഷിതമായി പകര്‍ന്ന് പകര്‍ന്ന് തീരമടിയുന്നു.

പെമേണയുടേത് ശാരീരകമായ ഇടപെടലാണ്. മൂപ്പന്റെ പ്രത്യക്ഷമായ ഹിംസയില്‍ നിന്ന് മതാധികാരത്തിന്റെ പരോക്ഷമായ ഹിംസയിലേക്ക്, സാമൂഹികമായ മറ്റൊരു ജീര്‍ണ്ണതയിലേക്ക് കഥ പരിണമിക്കുമ്പോള്‍ സ്ത്രീ സ്രാങ്കില്‍ വീണ്ടെടുക്കുന്നത് അവന്റെ ശാരീരികമായ ഊര്‍ജ്ജത്തെയാണ്. സ്രാങ്കിനെ ഓര്‍ത്ത് ‘ചെയ്യാന്‍ പാടില്ലാത്തത്’ ചെയ്തു എന്ന് കുമ്പസാരിക്കുന്ന അവള്‍ അവന്റെ മുന്നില്‍ നഗ്നയാവുന്നത് അവനെ നേടിയെടുക്കാനല്ല, അവനായി മാറ്റിവയ്ക്കപ്പെടുന്ന കുറ്റങ്ങളുടെ പങ്കുപറ്റാനാണെന്ന് തെളിയുന്നുമുണ്ട് ഒടുക്കം. കുരിശുയുദ്ധങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളായി പുറകിലുള്ള ചവിട്ടുനാടകാഖ്യാനം ദൈവീക ഉടമ്പടികളില്‍ നിന്നും, കരാര്‍ ലംഘനങ്ങളില്‍ നിന്നും അടുത്ത ഘട്ടത്തിലെ witch-huntലേക്ക് പുരോഗമിക്കുമ്പോള്‍ സ്ത്രീ-പുരുഷാവസ്ഥകളുടെ അമാനവീകരണത്തിന്റെ ഒരു ചരിത്രം ധ്രുതമായി രേഖപ്പെടുത്തുന്നു കഥാഗതി.

ഊമയും, ഒരു നാടിന്റെ പാപങ്ങള്‍ ചുമലില്‍ ഏറ്റുന്നവളും വേട്ടയാടപ്പെട്ടവളും കല്ലെറിയപ്പെട്ടവളുമാണ് കാളി. വീണ്ടും സ്രാങ്ക് രക്ഷകനാവുകയല്ല. കാളി സ്രാങ്കിനെ തുണയ്ക്കുകയാണ്. കാഴ്ച്ചയുടെ ക്ലൈമാക്സ് ആകുന്ന ഒരു രംഗം ഉണ്ട് ഇവിടെ. വിഷം തീണ്ടി പാതി ചത്ത സ്രാങ്കിനെ കാളി വലിച്ചുകൊണ്ടു പോയി ഇരുട്ടു പതുങ്ങിയ കുടിലില്‍ നഗ്നനാക്കിക്കിടത്തി വിഷമെടുക്കുന്ന ഇടം. പ്രതീകാത്മകമായും സ്രാങ്കിന്റെ വിഷമിറങ്ങുകയായി പിന്നെ. പ്രണയത്തിന്റെ അതിഭാവുകത്വവും കാല്പനീകതയും കടമെടുക്കുന്ന തുടര്‍ന്നുള്ള രംഗങ്ങളില്‍ കഥയ്ക്കുള്ളിലേക്ക് പ്രവേശിക്കുന്ന എഴുത്തുകാരി, സ്ത്രീയവസ്ഥയുടെ ചരിത്രത്തിന്റെ രേഖീകരണം എന്ന കര്‍മ്മം നിര്‍വ്വഹിക്കേണ്ടവളാണ്. കാളിയുടെ ഏകാന്തയുദ്ധം പറഞ്ഞുവയ്ക്കുന്ന അവള്‍ ഒടുക്കം ചോദിക്കുന്നു ; “എഴുതുന്നവളോ, എഴുതപ്പെടുന്നവളോ ബാക്കിയാവെണ്ടത്” എന്ന്. എഴുതപ്പെട്ടവളെ നിലനിര്‍ത്തി അവള്‍ ആത്മബലി നല്‍കുന്നു. രേഖപ്പെടുത്തപ്പെട്ട ( texted) സ്വത്വമാണ് കാളിയുടേതും. വീക്ഷണങ്ങളിലൂടെ രൂപപ്പെടുന്ന സ്രാങ്കിനെപ്പോലെ സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും ഇടകലരുന്ന സൃഷ്ടി. ഒരു കലാസൃഷ്ടി എന്ന നിലയ്ക്ക് സിനിമയും ഇവിടെ വൃത്തം പൂര്‍ത്തിയാക്കി തന്നിലെക്ക് തന്നെ വിരല്‍ച്ചൂണ്ടി നില്‍ക്കുന്നു. നേര്‍രേഖയിലൂടെ ചലിക്കുന്ന കാലരാഷ്ട്രീയാവസ്ഥയ്ക്ക് ബദലായി കലയുടെ, കലാകാരിയുടെ ചാക്രീകമായ നിലപാട് മുന്നോട്ടു വച്ചാണ് സിനിമ പിന്‍ വാങ്ങുന്നത്. വളരെ റിയലിസ്റ്റിക് ആയ ഒരു ശുഭാന്ത്യത്തോടെ. കുറ്റമേല്‍ക്കുന്ന പെമേണയുടെയും ഗര്‍ഭിണിയായ കാളിയെ എറ്റുവാങ്ങുന്ന രേവമ്മയുടെയും ദൃശ്യങ്ങളിലൂടെ.

മലയാളത്തില്‍ സ്ത്രീപക്ഷം എന്ന് ഏറെ ഘോഷിക്കപ്പെട്ട സിനിമകളെയൊക്കെ ( കള്ളിച്ചെല്ലമ്മ മുതല്‍ ശ്യാമള വരെ ) തിരുത്തി വായിക്കാന്‍ പ്രേരിപ്പിക്കുന്നു കുട്ടിസ്രാങ്ക്.

Saturday, August 14, 2010

രാജകുമാരിയും അടിമയും

ഉജ്ജയിനിലെയും ചിത്തോഡിലെയും പുകഴ്പ്പെറ്റ രാജവംശങ്ങളുടെ പൌരാണികതയെക്കുറിച്ചുള്ള കേട്ടു മടുത്ത കഥകള്‍ ആവിയായിപൊങ്ങിക്കൊണ്ടിരിക്കുന്ന വിയര്‍ത്ത ഒരു ഉച്ചമയക്കത്തില്‍ നിന്ന് സ്വന്തം ചരിത്രത്തിന്റെ ചുളുങ്ങിയ ഒരു ഏടിലേക്ക് ഞെട്ടിയെഴുന്നേല്പിച്ചാണ് രാജകുമാരി ദുര്‍ഗ്ഗാവതി തന്റെ അച്ഛനായ പ്രതാപസിംഹനോട് അക്കാര്യം പറഞ്ഞത്. താന്‍ ഋതുമതി അയിരിക്കുന്നു. തനിക്കൊരു പുരുഷനെ വേണം.
കഷ്ടിച്ച് കൊട്ടാരത്തിലെ ദൈനംദിന ആവശ്യങ്ങള്‍ കഴിഞ്ഞുപോകാന്‍ തന്നെ ചുംഗക്കാശ് തികയാതിരിക്കുമ്പോള്‍ ഒരു സ്വയംവരം നടത്താന്‍ തനിക്ക് ആവില്ല എന്ന് പ്രതാപസിംഹന്‍ വിക്കാന്‍ തുടങ്ങുകയായിരുന്നു. മകള്‍ ശാഠ്യക്കാരിയാണ്. പിടിവാശിക്കാരിയാണ്. ബുദ്ധിമതിയും സുന്ദരിയുമാണ്. പഠിപ്പിക്കാന്‍ വന്ന വിദ്വാന്മാരെയും വിദുഷികളെയും യോദ്ധാക്കളെയും ഒന്നടങ്കം തോല്‍പ്പിച്ചു ചിരിച്ചവളാണ്. ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നു. രാജാപ്രതാപസിംഹന്റെ പരാധീനതകള്‍ക്കു നെരെ മകള്‍ ചിരിയുടെ കൂര്‍ത്തമുനകള്‍ തൊടുത്തുകൊണ്ടിരിക്കുകയാണ്. ഉന്നുവടിയായി ചെങ്കോല്‍ കൊണ്ടു നടക്കുന്ന രാജാവിനെ കളിയാക്കിച്ചിരിക്കുന്നത് രാജകുമാരി മാത്രമല്ല.

സ്വയംവരത്തെക്കുറിച്ചൊന്നുമല്ല താന്‍ പറഞ്ഞുവന്നത് എന്ന് ദുര്‍ഗ്ഗാവതി വ്യക്തമാക്കിയപ്പോള്‍ സത്യത്തില്‍ രാജാവിന് ആശ്വാസമായി. പുരുഷന്‍ എന്നു വച്ചാല്‍ ഭര്‍ത്താവെന്നു കരുതുന്ന അഴകൊഴംബന്‍ രീതികളോടൊക്കെ പുച്ഛമാണ് തനിക്ക് എന്ന് മകള്‍ പറഞ്ഞത് പ്രതാപസിംഹന് തീരെ മനസ്സിലായില്ലെങ്കിലും ഒരു അടിമയെ സങ്കടിപ്പിക്കുന്നത് വലിയ ചിലവുള്ള കാര്യമല്ല എന്നോര്‍ത്ത് രാജാവ് ഒന്നു നിശ്വസിച്ചു. ദുര്‍ഗ്ഗാവതി കളങ്ങള്‍ നിരത്തി. പകിടയെറിഞ്ഞു. അതീവ ശക്തിമാനും, വിശ്വസ്തനും, കൂര്‍മ്മബുദ്ധിയും ആയ ഒരു ഒത്ത പുരുഷനെ തനിക്ക് അംഗരക്ഷകനായി വേണം. വളരെ കാഠിന്യമേറിയ പരീക്ഷണങ്ങളിലൂടെ അവനെ താന്‍ സ്വയം തിരഞ്ഞെടുക്കുന്നതായിരിക്കും. തിരഞ്ഞെടുക്കപ്പെട്ടവന്‍ പോരുകാളയെപ്പോലെ വരിയുടക്കപ്പെട്ട് രാവും പകലും തന്റെ നിഴലായി, തന്റെ പദ്ധതികള്‍ക്കനുസരിച്ച് ചാവുന്നതുവരെ അടിമയായിക്കൂടണം. പ്രതാപസിംഹന്‍ വായുമ്പൊളിച്ചിരുന്നു. എന്തായിരിക്കും ഇവളുടെ പദ്ധതികള്‍? എന്തായിരിക്കും ഇവള്‍ മനക്കണക്കുകൂട്ടിയിരിക്കുന്നത്?ഇനി വല്ല ദിഗ്ഗ്വിജയവും? പെണ്ണൊരുത്തി അങ്ങിനെ ചെയ്തതായി ഭാരതവര്‍ഷത്തിന്റെ ചരിത്രത്തില്‍ ഇല്ല. മകള്‍ ചരിത്രം തിരുത്തുന്നതോര്‍ത്ത് ഒരു നിമിഷം പ്രതാപസിംഹന്‍ പുളകിതനായിപ്പോയി. പക്ഷെ അങ്ങിനെ സംഭവിച്ചാല്‍ തന്നെ, പ്രതാപിയായ മകളുടെ മണ്ണുംചാണകവുമല്ലാത്ത തന്തയായി അല്ലെ താന്‍ അറിയപ്പെടുക എന്നോര്‍ത്ത് വിഷണ്ണനാവുകയും ചെയ്തു. ചരിത്രം വല്ലാത്തൊരു കുരുക്കാണ്. ഒരിക്കല്‍ എഴുതിയാല്‍ മായ്ക്കാന്‍ കഴിയാത്ത അച്ച്.

അംഗരക്ഷകനുവേണ്ടിയുള്ള മത്സരം നാടൊട്ടുക്ക് വിളംബരം ചെയ്യപ്പെട്ടു. ഭൂവുടമകളല്ലാത്ത പാവപ്പെട്ട കര്‍ഷകരുടെ മക്കള്‍ക്കുമാത്രമേ അപേക്ഷിക്കാന്‍ യോഗ്യതയുള്ളു. പ്രായം ഇരുപതില്‍ കവിയരുത്. എഴുത്തും വായനയും അറിഞ്ഞിരിക്കണം. ആരോഗ്യ ദൃഢഗാത്രരായിരിക്കണം. സര്‍വ്വോപരി ആ നാട്ടിലെ പ്രജയായിരിക്കണം. അതായത് ആ മണ്ണിനോട് കൂറുള്ളവര്‍. മത്സരം പല തട്ടുകളായിട്ടായിരിക്കും. വളരെ സങ്കീര്‍ണ്ണമായ ഉപാധികളും കഠിനമായ നിബന്ധനകളും കാരണം മത്സരത്തിന് വളരെക്കുറച്ചുപേരെ വരികയുള്ളു എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ നൂറ്റുക്കണക്കിന് യുവാകളാണ് മത്സരസമയത്ത് കോട്ടവാതിലക്കല്‍ എത്തിയത്. തിരക്കു നിയന്ത്രിക്കാന്‍ കൊട്ടാരത്തിലെ മുഴുവന്‍ കിങ്കരന്മാരും തന്നെ വേണ്ടിവന്നു. വന്നവരെല്ലാം മത്സര ഉടമ്പടിയില്‍, അതായത് മല്സരത്തിനിടെ വരിയുടച്ച് നപുംസകങ്ങളാക്കപ്പെടും എന്ന ഉടമ്പടിയില്‍ ഒപ്പുവെക്കുകയും ചെയ്തു.

പത്താമത്തെ മത്സരത്തട്ടിലേ രാജകുമാരി കാണാന്‍ എഴുന്നള്ളിയുള്ളു. ഏതാണ്ടു പത്തുപേര്‍ മാത്രമാണ് ഒന്പതു പരീകഷണങ്ങളില്‍ വിജയിച്ച് എത്തിയത്. വേഗം, ധൈര്യം, യുക്തി, ക്ഷമ, കരുത്ത്, സൂക്ഷ്മം, ഒതുക്കം, അടവ്, തഞ്ചം, നയം എന്നിങ്ങനെ പത്തു കഴിവുകള്‍ പരീക്ഷിച്ച് തെളിയിച്ചവരാണ് എല്ലാവരും. ഒറ്റനോട്ടത്തില്‍ രാജകുമാരിക്ക് അരെയും അത്രയ്ക്ക് ബോധിച്ചില്ല. വരിവരിയായി എല്ലാവരും തന്റെ മുന്നില്‍ വന്നു നില്ക്കട്ടെ എന്ന് രാജകുമാരി കല്‍പ്പിച്ചു. വലിയ കോട്ടമൈതാനത്തിനു നടുക്ക് ഉയര്‍ത്തിക്കെട്ടിയ മണിമഞ്ചത്തില്‍ ഇരിക്കുകയാണ് കുമാരി. പ്രൌഡിയുടെ സൂര്യതേജസ്സ്. ഇരുവശത്തും തോഴിമാര്‍ ചാമരം വീശുന്നുണ്ട്‍. എന്നിട്ടും തന്റെ മുഖം ചുവപ്പിക്കുന്ന വേനല്‍സൂര്യനോട് നിറഞ്ഞ പകയോടെ കുമാരി മത്സരാര്‍ത്ഥികളെ ഓരോരുത്തരെയായി വിളിച്ചു നിരത്തി നിര്‍ത്തി. നെഞ്ചത്ത് അക്കമിട്ട്, കരിവീട്ടിപോലെ കൌപീനധാരികളായി പത്ത് പുരുഷന്മാര്‍. കുമാരി ഓരോരുത്തരെയും മൂന്നടി അകലത്ത് നിര്‍ത്തി മഞ്ചത്തിലിരുന്ന് മൂന്നുനിമിഷം ഉറ്റുനോക്കും. മത്സരം കാണാനായി തടിച്ചു കൂടിയ ജനാവലി നിശബ്ധത പാലിക്കാന്‍ പെരുമ്പറകള്‍ അടയാളം മുഴക്കി. പത്തുപേരില്‍ തന്റെ കണ്ണിലേക്ക് നോക്കാന്‍ ധൈര്യപ്പെട്ട നാലുപേരെ കുമാരി തിരഞ്ഞെടുത്തു. മറ്റുള്ളവരെ കിങ്കരന്മാര്‍ പിടിച്ചുകൊണ്ടുപോയി പുറത്താക്കി. രാജകുമാരി മഞ്ചത്തില്‍നിന്നിറങ്ങിവന്നു.

നാലാമനെ കുമാരി ഒന്നു ശ്രദ്ധിച്ചു. മറ്റുള്ളവരില്‍ നിന്ന് അവനെ വ്യത്യസ്തനാക്കുന്നതായിട്ട് ഒന്നുമില്ല കാഴ്ചയില്‍. എല്ലാവരും കരുത്തരാണ്. ആറടിയില്‍ കൂടുതല്‍ പൊക്കം. ഉറച്ച ശരീരം. കഠിനമായ കായീകപരീക്ഷണങ്ങള്‍ കഴിഞ്ഞ് വെയിലേറ്റ് അവരുടെ കറുത്ത ശരീരങ്ങള്‍ ഒന്നുകൂടെ കരുവാളിച്ചിട്ടുണ്ട്. കൈകള്‍ പുറകില്‍ കെട്ടി നെഞ്ചുവിരിച്ച് നില്‍ക്കുന്ന നാലു പുരുഷശരീരങ്ങളിലൂടെയും വിയര്‍പ്പ് ചാലുകീറുന്നത് രാജകുമാരി ഒരു ചെറു ചിരിയോടെ ആസ്വദിച്ചു. നാലാമന്റെ മുന്‍പില്‍ രണ്ടിട കൂടുതല്‍ നിന്നിട്ട് കുമാരി കൊട്ടാരത്തിനകത്തേക്ക് തിരിച്ചു പോയി.

പുറത്തു മുഴ്ശ്ങ്ങുന്ന പെരുമ്പറകളെക്കാളുറക്കെ ശിവന്റെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു. പത്തില്‍ ഒന്‍പതാമനായി ആണ് അവന്‍ കുമാരിയുടെ മുന്‍പില്‍ എത്തിയത്. ഒന്‍പതാമത്തെ കായീകപരീക്ഷണത്തില്‍ ജയിക്കാനായത് തലനാരിഴയ്ക്കാണ്. പാഞ്ഞു വരുന്ന അസംഖ്യം പോര്‍ക്കുതിരകള്‍ക്കിടയിലൂടെ മിച്ചമുള്ള മത്സരാര്‍ത്ഥികള്‍ ലക്ഷ്യത്തിലേക്ക് ഓടുകയാണ് വേണ്ടിയിരുന്നത്. വീണുപോയാല്‍ കുതിരക്കുളമ്പുകള്‍ ചതച്ചരക്കും. അതിലുമുപരി മത്സരത്തില്‍ നിന്ന് പുറത്താക്കപ്പെടും. ഉയര്‍ന്നുപൊങ്ങുന്ന പൊടിപടലം കൊണ്ട് കണ്ണടച്ചുപോയവരാണ് വീണവര്‍ മിക്കവരും. വീഴാതെ എത്തിയവരില്‍ ഒടുക്കക്കാരനായിരുന്നു അവന്‍. കലങ്ങിച്ചുമന്ന കണ്ണുകള്‍ പത്താമത്തെ അങ്കത്തില്‍ തന്നെ ചതിച്ചേക്കുമോ എന്നു തന്നെ അവന്‍ ഭയന്നു. ഒരു വിധം അതും കടന്നുകിട്ടി. പക്ഷെ രാജകുമാരിയുടെ തീക്ഷണമായ നോട്ടം കണ്ണും നെഞ്ചും തുരന്ന് ഉള്ളിലേക്ക് നീളുന്നതറിഞ്ഞപ്പോള്‍ അവനു തന്റെ കലങ്ങിയ കണ്ണുകളേ ഓര്‍ത്ത് അപകര്‍ഷം തോന്നിപ്പോയി. അതുപോലെ വിഷംതീണ്ടിയ ഒരു നോട്ടം തിരികെ കൊടുക്കാന്‍ അഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷെ അവള്‍ ഒന്നു വിരല്‍ ഞൊടിച്ചാല്‍ കിങ്കരന്മാര്‍ തന്നെ കൊന്നു കൊക്കയിലെറിയും. മരിക്കാനല്ലല്ലോ വന്നത്. ആകെയുണ്ടായിരുന്ന ഒരു തുണ്ടു ഭൂമി കഴിഞ്ഞ പഞ്ഞക്കാലത്ത് കൈവിട്ടുപോയതോടെ കുടുംബം പട്ടിണിയിലായതാണ്. അതിനു മുകളില്‍ കിഴവന്‍ രാജാവ് മൂന്നു യുദ്ധം തോറ്റു. ഇപ്പോള്‍ നാട്ടുരാജാക്കന്മാര്‍ തമ്മില്‍ കടിച്ചുവലിക്കുന്ന ഒരു അതിരിടത്തിലേ കൂരയാണ് ആകെയുള്ളത്. അതും കൈവിട്ടുപോവുമെന്നായിരിക്കുമ്പോഴാണ് ദൈവമായിട്ട് ഈ വഴി കാണിച്ചു തന്നത്. അംഗരക്ഷകനായി കൊട്ടാരംജോലിക്കാരനായാല്‍ കുടുംബം കരപറ്റും എന്നുമാത്രമല്ല, ജയിക്കുന്നവന്റെ ഗ്രാമം രണ്ടു തലമുറയ്ക്ക് രാജാവിനു ചുംഗം കൊടുക്കേണ്ടെന്നാണ് വിളംബരം. ജയിച്ചേപറ്റു. ആദ്യം കൂര, പിന്നെ ഗ്രാമം, നാട്, നാട്ടുകാര്‍, രാജ്യം...ജയിച്ചു നേടാനുള്ളവയുടെ നിര ഓര്‍ത്ത് ഒരു നിമിഷം ആര്‍ത്തിപൂണ്ടപ്പോഴാണ് രാജകുമാരി ഒന്നു കൂടെ തന്നെ ചുഴിഞ്ഞു നോക്കുന്നത് അവനറിഞ്ഞത്. രാജവെമ്പാലയുടെ വിഷം തീണ്ടിയ നാവ് ഞരമ്പുകളിലേക്ക് പടര്‍ത്തുന്ന നീറ്റലുപോലൊന്ന് അവനറിഞ്ഞു. താന്‍ ജയിച്ചിരിക്കുന്നു എന്ന് അവന് ബോധ്യമായി. ജയിക്കാനുള്ളത് ഇതൊന്നുമല്ലെന്നും...കളിയെന്താണെന്നും.

അവശേഷിക്കുന്ന നാലുപേരെ സിംഹക്കൂട്ടില്‍ അടയ്ക്കും എന്നൊക്കെ കിംവദന്തി പരന്നു. നാട്ടുകാര്‍ ഉദ്വേഗം കൊണ്ട് ഇളകി മറയുന്നു. രാജകുമാരി എന്തായിരിക്കും ചെയ്യുക. ആര്‍ക്കും ഒരു പിടിയുമില്ല. മറ്റുമൂന്നു പേരെ നോക്കാന്‍ ശിവനു തോന്നിയില്ല. പാവങ്ങള്‍. തോല്‍ക്കാനുള്ളവര്‍. മത്സരം കഴിഞ്ഞിട്ടില്ലെങ്കിലും ജയിച്ചവനെപ്പോലെ അവന്‍ തലയുയര്‍ത്തിപ്പിടിച്ച് നിന്നു.

വെയില്‍ താഴ്ന്നു വന്നപ്പോള്‍ നാലു മത്സരാര്‍ത്ഥികളെയും കിങ്കരന്മാര്‍ കൈകാലുകള്‍ കെട്ടിവരിഞ്ഞ് മൈതാനത്തിന്റെ നടുത്തട്ടില്‍ നാട്ടിയ പലകകളില്‍ തലകീഴായി തൂക്കിയിട്ടു. അടുത്ത മത്സരം കടുപ്പമേറിയതായതിനാല്‍ അവരെ തീക്ഷ്ണമായ ശാരീരിക പരീക്ഷണത്തിനു വിധേയരാക്കുകയാണ് എന്ന് വിളംബരമുണ്ടായി. അന്‍പതു ചാട്ടവാറടിക്കും കല്ലേറുകള്‍ക്കും ശേഷം കുപ്പിച്ചില്ലുപാകിയ നിരത്തിലൂടെ പാതിചത്ത അവരെ കൊട്ടാരത്തിനകത്തെ തുറുങ്കിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി. ബാക്കി മത്സരം കാണാന്‍ കഴിയാത്തതിന്റെ നിരാശയില്‍ നാട്ടുകാര്‍ പിരിഞ്ഞു പോയി. നാലു സിംഹങ്ങളാവുമോ അതോ വിശന്നു വലഞ്ഞ ഒരെണ്ണം മതിയാവുമോ എന്നൊക്കെ അവര്‍ തമ്മില്‍ തര്‍ക്കിച്ചു.

ഒരു ഇരുട്ടു തുറുങ്കിനകത്തേക്കെറിയപ്പെട്ടതിനുശേഷമാണ് അവന്‍ ആ കാര്യം ഓര്‍ത്തത്. മറ്റുമൂന്നുപേരെയും കയര്‍ കൊണ്ട് ബന്ധിച്ചിരിക്കുകയാണെങ്കില്‍ തന്നെ ചങ്ങലയ്ക്കിട്ടിരിക്കുകയാണ്. ഗൂഢമായ എന്തോ പദ്ധതി ഉണ്ടെന്നും അതു തനിക്ക് ഒന്നുകില്‍ അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയിരിക്കാമെന്നും അവനു മനസ്സിലാവുമ്പോഴെക്കും തുറുങ്കിനകത്തെ വിശന്ന മൃഗത്തിന്റെ മുരള്‍ച്ച കാതിലും അതിന്റെ ഉച്ഛ്വാസത്തിന്റെ മണം മൂക്കിലും കയറിത്തുടങ്ങി. അവന്‍ ശ്വാസം പിടിച്ചു കിടന്നു. അയയുന്ന കയറുകള്‍ കൊടുത്ത പാഴ്പ്രതീക്ഷയില്‍ കുതറുന്ന മൂന്നുപേരും, ഇരുമ്പുചങ്ങലയില്‍ ഒതുക്കപ്പെട്ട് അനങ്ങാനാവാതെ അവനും. തന്റെ ഊഴം ഒടുക്കത്തേതാവാനോ മറിച്ച് നിശ്ചിതമാവാനോ ഉള്ള സൂചനയായ ഭാരമേറിയ ആ ചങ്ങലയേ അവന്‍ നന്ദിയോടെയും ഭയത്തോടെയും സ്മരിച്ചു. നിലവിളികള്‍ക്കിടയില്‍ അവന്‍ ഊഴം കാത്തു കിടന്നു. മൃഗത്തിന്റെ വിശപ്പും മരണവും മൂന്നു തവണ മുഖാമുഖം കണ്ടു. ദിനരാത്രങ്ങള്‍ കടന്നുപോയി. മുരള്‍ച്ചകള്‍ക്കൊടുവില്‍ഓരോതവണയും മനുഷ്യ മാംസം കടിച്ചു കീറപ്പെടുന്നതിന്റെ ശബ്ദം മൂ‍ന്നു തവണ കേട്ടു. കളിയില്‍ ജയിക്കുന്നവനും ജയിപ്പിക്കപ്പെടുന്നവനും തമ്മിലുള്ള അന്തരം അവനു മനസ്സിലായിത്തുടങ്ങിയ രാത്രി തുറുങ്കിന്റെ കല്‍വാതിലിനിടയിലൂടെ അവന്മാത്രം പുറത്തെക്ക് വലിച്ചിഴക്കപ്പെട്ടു. ഒരുവന്‍ മാത്രം ജയിക്കേണ്ട കളികള്‍ ഇങ്ങനെയാണ് അവസാനിക്കുക എന്ന തീര്‍ച്ചയോടേ, ജയിപ്പിച്ചവളോടുള്ള ഒടുങ്ങാത്ത കൂറോടെ.

വണ്ടിക്കാളകള്‍ വരിയുടക്കപ്പെടുന്ന പ്രാകൃതമായ രീതിയില്‍ അവന്റെ വൃഷണങ്ങള്‍ തച്ചുടയ്ക്കപ്പെടുകയാണുണ്ടായത്. പ്രാണന്‍ പിടയുന്ന വേദനയുമായി രക്തം ഇറ്റിച്ച് അവന്‍ കുമാരിയുടെ മുന്നിലേക്ക് വലിച്ചിഴക്കപ്പെട്ടു. പത്തി ചവിട്ടിയരയ്ക്കപ്പെട്ട മൂര്‍ഖന്‍ കിടന്നു പുളയുന്നത് നോക്കി നില്‍ക്കുന്ന പാമ്പാട്ടിയെപ്പോലെ രാജകുമാരി അവനെ നോക്കിനിന്നു. അതി സുന്ദരമായ ഒരു ചിരി ആ മുഖത്ത് വിടരുന്നത് കണ്ടുകൊണ്ടിരിക്കെയാണ് അവന്റെ ബോധം മറഞ്ഞത്.

ഉണരുമ്പോള്‍ അവന്‍ രാജകുമാരിയുടെ അന്തപ്പുരത്തില്‍ സപ്രമഞ്ചക്കട്ടിലില്‍ കിടക്കുകയായിരുന്നു. മുറിവുകളില്‍ മരുന്നുവച്ചു കെട്ടിയിട്ടുണ്ട്. ദേഹം വൃത്തിയായി കുളിപ്പിച്ചിരിക്കുന്നു. വലിയ ചങ്ങല മാറ്റപ്പെട്ടിരിക്കുന്നു. ചുറ്റും പനീരിന്റെയും വാസനപ്പൂക്കളുടെയും സുഗന്ധം. ഉള്ളു കാര്‍ന്നു തിന്നുന്ന വിശപ്പിനേക്കുറിച്ച് അവന് ഓര്‍മ്മവന്നു തുടങ്ങി. താലത്തില്‍ വിശിഷ്ഠഭോജനങ്ങളുമായി വരുന്നത് രാജകുമാരി തന്നെയാണെന്ന് അവനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തളിക മുന്നില്‍ വച്ച് വിരല്‍ഞ്ഞൊടിച്ച് കുമാരി അവനോട് ഭക്ഷിക്കാന്‍ ആജ്ഞാപിച്ചു. അവന്‍ ആര്‍ത്തിപിടിച്ച് കഴിക്കുന്നത് കണ്ട് കുമാരി ചിരിച്ചു.

അവന്‍ കഴിച്ചു കഴിഞ്ഞപ്പോള്‍ കുമാരി തന്റെ അംഗവസ്ത്രങ്ങളോരോന്നായി അവന്റെ മുന്‍പില്‍ അഴിച്ചിട്ടു. ഒരു പൂവു വിടരുന്നതുപോലെ പതുക്കെ അവള്‍ അവന്റെ മുന്നില്‍ വച്ച് വിവസ്ത്രയായി. ഇനി എന്താണു താന്‍ വേണ്ടതെന്നറിയാതെ അവന്‍ സ്തബ്ധിച്ചിരുന്നു. ചത്ത എലിക്കുഞ്ഞിനെപ്പോലെ തന്റെ കാലുകള്‍ക്കിടയില്‍ മരവിച്ചിരിക്കുന്ന മറ്റൊരുവനെ ഉള്ളുരുകി വിളിച്ചു. അവനായിരുന്നു ദൈവം, അവനായിരുന്നു ജീവനും മൃത്യുവും. അവനില്ലാത്ത താനാരാണെന്ന് അറിയാതെ തലകൂമ്പിട്ട് കട്ടിലിന്റെ വക്കില്‍ ഒരു വിഡ്ഢിയേപ്പോലെ ഇരിക്കുകയായിരുന്ന ശിവനെ കുമാരി മെല്ലെ ചുമലില്‍ തട്ടി വിളിച്ചു. അവളുടെ കയ്യില്‍ ഒരു ചങ്ങലയുണ്ടായിരുന്നു. ചങ്ങലയുടെ അറ്റത്തെ ലോഹവളയം അവന്റെ കഴുത്തില്‍ ഇട്ട് ചങ്ങല വലിച്ചു ചുറ്റി കുമാരി അവനെ ബന്ധിച്ചു. എന്നിട്ട് അവന്റെ താടിപിടിച്ചുയര്‍ത്തി ചിരിച്ചും കൊണ്ട് പറഞ്ഞു.
“ പകരം ഇതിരിക്കട്ടെ.” പിറ്റെന്ന് രാജകിങ്കരന്മാര്‍ തൂണില്‍ ചേര്‍ത്തു കെട്ടി നിര്‍ത്തിയ അവന്റെ നെഞ്ചത്തേക്ക് ഉരുകുന്ന ഈയത്തില്‍ മുക്കിയ അച്ച് കൊണ്ട് തന്റെ രാജമുദ്ര പതിപ്പിക്കുന്നത് കുമാരി അഭിമാനത്തോടെ നോക്കിനിന്നു.

കുമാരിക്കുമേല്‍ അവനു സര്‍വ്വാധികാരവും ഉണ്ടായിരുന്നു. ഇരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും നിഴലുപോലെ അവന്‍ കൂടെ. രാജദര്‍ബ്ബാറിലും അന്തപ്പുരത്തിലും ഒരേപോലെ ഏതു സമയവും കടന്നുചെല്ലാം. കുമാരി എവിടെ പോകണം, എങ്ങിനെ പോകണം എന്തു ചെയ്യണം, ആരെ കാണാം കാണരുത് എന്നൊക്കെ തിരുമാനിക്കേണ്ടത് അവനാണ്. എന്തിന് കുമാരി കഴിക്കേണ്ട ഭക്ഷണം പോലും അവന്‍ ഉറപ്പുവരുത്തിയിട്ടെ മുന്നില്‍ വരു. ഇത്രയും അധികാരങ്ങള്‍ക്കു പകരം അവന് അതി കഠിനമായ ആയോധനപരിശീലനങ്ങളും ശിക്ഷണങ്ങളും നല്‍കപെട്ടു. അതിന്റെ അളവും ആവശ്യവും രീതികളും തീരുമാനിക്കുന്നത് കുമാരിയാണ്. അവന്റെ പരീശീലനത്തിനു വേണ്ടി ഒരു കളരി തന്നെ സ്ഥാപിക്കപ്പെട്ടു. ഖജനാവിലെ പണം അവനുവേണ്ടി ദുര്‍വ്യയം ചെയ്യപ്പെടുന്നു എന്ന പരാതി കുമാരി ചിരിച്ചു തള്ളി. അവനു നല്‍കപ്പെടുന്ന അധികാരങ്ങളുടെ പേരില്‍ സേനാപതിയും പടത്തലവന്മാരും പ്രതാപസിംഹനുമായി ഇടഞ്ഞു. മുറുമുറുത്തുകൊണ്ടാണെങ്കിലും മറ്റുമാര്‍ഗ്ഗങ്ങളില്ലാത്തതുകൊണ്ട് അവര്‍ സ്ഥാനങ്ങളില്‍ തുടരുകയായിരുന്നു.

അവനും കുമാരിയും തമ്മിലുള്ള അധികാര കൈമാറ്റങ്ങള്‍ വളരെ സുഗമമായി നടന്നു. ഒരേ സമയം അടിമയും അംഗരക്ഷകനും അധികാരിയുമായിരിക്കുക അവന് ഒട്ടും എളുപ്പമായിരുന്നില്ലെങ്കിലും. നേര്‍ത്ത അതിരുകള്‍ ഇഞ്ചു തെറ്റിയാല്‍ മാറും. കുമാരി കോപിക്കും. കോപിച്ചാല്‍ കടുത്ത ശിക്ഷയാണ് ഫലം. എന്നാല്‍ ശിക്ഷിക്കപ്പെടുമ്പോഴും അവന്റെ അധികാരങ്ങള്‍ നിലനിന്നു. അതു നിലനില്‍ക്കേണ്ടത് തന്റെ ആത്യന്തികമായ ആവശ്യമാണെന്ന് അവനും ബോധ്യമുണ്ടായിരുന്നു. ഒരിക്കല്‍ നല്‍കപ്പെട്ട അധികാരം കുമാരി തിരിച്ചെടുക്കില്ല. മാത്രമല്ല സ്വന്തം അധികാരം ആത്മാര്‍ത്ഥമായി അവന്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ കുമാരി കോപിക്കുകയും ചെയ്യും. വിട്ടുവീഴ്ച്ചകളൊന്നുമില്ലാത്ത രീതികളായിരുന്നു കുമാരിയുടെ.

എന്നും രാത്രി കുമാരിയേ ഉറക്കുന്നത് അവനാണ്. വെയില്‍തൊടാത്ത പൂമേനി പനിനീരുകൊണ്ട് ഉഴിഞ്ഞ് ചുംബനപൂക്കള്‍ കൊണ്ട് മൂടി അവളുടെ ഉടലില്‍ തിരമാലകളുയര്‍ത്തി അതൊടുങ്ങുന്നതുവരെ തന്റെ ഞരമ്പുകളെ വലിച്ചു മുറുക്കി, ഒടുക്കം തിരയടങ്ങുന്ന കടലുപോലെ അവള്‍ ശാന്തയാവുമ്പോള്‍ കണ്ണുകളില്‍ ഉമ്മവച്ച് അവന്‍ ഉറക്കും. ഈ പ്രണയരാത്രികളുടെ അധികാരശ്രേണി മാത്രം അവനു മനസ്സിലായില്ല. തനിക്കു നല്‍കപ്പെട്ട അധികാരമാണോ അതോ തന്റെ അടിമത്തം സ്ഥാപിക്കാനായി രാജകുമാരി നേരിട്ടു തരുന്ന ശിക്ഷയാണോ അത് എന്നറിയാതെ അറിവില്ലായ്മയുടെ ഒരു ഞാണിന്മേല്‍ കടിച്ചു തൂങ്ങി അവന്‍ എന്നും അതു ചെയ്തു പോന്നു. വല്ലാത്തൊരു ഞാണിന്മേല്‍ കളി തന്നെയായിരുന്നു അത്. ഓരോ തവണയും തന്റെ കൈകളില്‍ക്കിടന്ന് അവള്‍ തളിര്‍ത്തു പൂത്ത് പൊഴിയുന്നത് കാണെ അഹങ്കാരം കൊണ്ട് അവന്‍ മതിമറക്കും. അവള്‍ ഉറങ്ങിക്കഴിയുമ്പോള്‍ ഒരു പാഴ്വിത്തുപോലെ അവളുടെ ഊര്‍വ്വരതയില്‍ അടിയേണ്ടിവന്ന ഓരോ നിമിഷത്തെയും ഓര്‍ത്ത് അവന്‍ സ്വയം ശപിക്കും. എന്നാലും അവന്‍ തൊട്ടാല്‍ ഓരോ രാത്രിയും അവള്‍ വിടരുകയും അവന്റെ ഞരമ്പുകളെ ത്രസിപ്പിക്കുന്ന സുഗന്ധം പരത്തുകയും ചെയ്യുന്നു എന്നത് അവളില്‍ തനിക്കുമാത്രമുള്ള അധികാരമാണെന്ന് അവന്‍ വിശ്വസിക്കാന്‍ ശ്രമിച്ചു. അവ്നെ സംബന്ധിച്ചിടത്തോളം ഉണ്ടോയെന്നു തീര്‍ച്ചയില്ലാത്ത അധികാരമാണ് സ്ഥാപിക്കേണ്ടത് . ഉണ്ടെന്ന് അവനു ബോധ്യം വരുന്ന ചില നിമിഷങ്ങളില്‍ തന്റെ ഉടലിലേ തിരമാലകളുടെ വേലിയേറ്റങ്ങളിലൂ‍ടെ അതു പിടിച്ചെടുത്ത് രാജകുമാരി ശാസിക്കും, ചിലപ്പോള്‍ ശിക്ഷിക്കുകയും ചെയ്യും. എന്നാല്‍ ഇല്ലെന്ന് അപകര്‍ഷത്തിന്റെ പാതാളക്കയങ്ങളില്‍ അവന്‍ മുങ്ങിത്തപ്പുമ്പോള്‍ തിരയുണരാത്തക്കടലായി, മൂടിക്കെട്ടിയ ആകാശമായി രാജകുമാരി ഘനീഭവിച്ച് നില്‍ക്കുകയേ ഉള്ളു. അതിനു ശിക്ഷ ചിലപ്പോള്‍ ദിവസങ്ങളോളം നീളും. എല്ലുമുറിക്കുന്ന പകലുകളുടെ ശിക്ഷണപരീക്ഷണങ്ങളേക്കാളുമേറെ അവന്‍ ഭയപ്പെട്ടിരുന്നത് രാത്രികളിലെ ഈ ഞാണിന്മേല്‍ക്കളിയായിരുന്നു. അതുപോലെ സര്‍വ്വാധികാരിയായി കൊട്ടാരക്കെട്ടില്‍ വിലസുന്ന പകലുകളേക്കാളേറെ അവന്‍ ആര്‍ത്തിയോടെ കൊതിച്ചിരുനതും ഇതേ രാത്രികളെ തന്നെ ആയിരുന്നു.

അടിമയുടെ കായികശേഷി ഉപയോഗിച്ച് ദുര്‍ഗ്ഗാവതി തന്ത്രപൂര്‍വ്വം ചുറ്റുമുള്ള നാട്ടുരാജ്യങ്ങളോരോന്നായി പിടിച്ചടക്കാന്‍ തുടങ്ങി. യുദ്ധമോ സൈനീകസന്നാഹങ്ങളോ ഉണ്ടാക്കാനുള്ള വ്യയം രാജ്യത്തിനില്ല എന്നറിയാവുന്നതുകൊണ്ട് വിചിത്രമായ കളികളാണ് ദുര്‍ഗ്ഗാവതി കളിച്ചിരുന്നത്. പുറമേക്ക് സൌഹാര്‍ദ്ധപരമായ ഒരു മത്സരമോ വെല്ലുവിളിയോ ആയിരിക്കും. പക്ഷെ ഉള്ളില്‍ മുറുക്കേണ്ട ചരടുകള്‍ എതൊക്കെയെന്ന് അവള്‍ ആദ്യമേ കണക്കുകൂട്ടിയിരിക്കും. കച്ചവടക്കാര്‍, വലിയ പണക്കാര്‍ തുടങ്ങിയവരുടെ പിന്തുണ നേടിയെടുത്തതിനു ശേഷമേ നാട്ടുരാജാവുമായിട്ട് നേരിട്ട് കോര്‍ക്കുകയുള്ളു. ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇടപെടലുകളില്‍ ബൌദ്ധീകമായും കായീകമായും ശിവനാണ് അവളുടെ ഒറ്റയാള്‍ പട്ടാളം. രാജ്യാതിര്‍ത്തി ശക്തിപ്പെടുത്തുന്നതിനൊപ്പം സദ്ഭരണം ഉണ്ടായിരിക്കാനും അവള്‍ ശ്രദ്ധിച്ചു. ചൂഷകരായ നിയമപാലകരെ പിടികൂടാനും അടിച്ചമര്‍ത്താനും, ഇടനിലക്കാരെ ഉന്മൂലനം ചെയ്ത് ഭരണം നേരിട്ട് നടത്താനും ഒക്കെ അവള്‍ ശിവന്റെ ശേഷി ഉപയോഗിച്ചു. ശിവനറിയാതെ അവളുടെ രാജ്യത്ത് ഒരു ഇല പോലും അനങ്ങില്ല എന്ന സ്ഥിതിയായി. വിശ്വസ്തനും ശക്തനുമായ ഇത്തരം ഒരു അടിമയേ കിട്ടാന്‍ അയല്‍രാജ്യങ്ങള്‍ മോഹിച്ചു. അവനുവേണ്ടി വിലപേശി വന്ന് വിഡ്ഢികളായവര്‍ പോലുമുണ്ട്. ഭീതിയുടെയും പ്രലോഭനത്തിന്റെയും ഏതു ചങ്ങലപ്പൂട്ടിട്ടാണ് രാജകുമാരി അവനെ പൂട്ടിയിരിക്കുന്നത് എന്നറിയാന്‍ അവര്‍ ഗൂഡതന്ത്രങ്ങള്‍ മിനഞ്ഞു.

ഒരിക്കല്‍ അത്യപൂര്‍വ്വമായ ഒരു ചാവേര്‍ ആക്രമണത്തിലൂടെ പ്രധാനപ്പെട്ട ഒരു ശത്രുവിനെ വീഴ്ത്തി സമ്പത്ത്സമൃദ്ധമായ ഒരു കൊച്ചുരാജ്യം പിടിച്ചടക്കി വന്നു അവന്‍. ജീവനോടെ തിരിച്ചു വന്നാല്‍ അവന്റെ ഒരു ചിരകാല ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് ഏറ്റിരുന്നു അവള്‍. രണ്ടു ദിവസത്തെ മോചനം. സ്വന്തം ഗ്രാമത്തിലേക്ക്, വീട്ടിലേക്ക് ഒന്നു പോയിവരാന്‍. പക്ഷെ കഠിനമായ ഏറ്റുമുട്ടല്‍ വേണ്ടിവന്നതുകൊണ്ട് വല്ലാതെ പരുക്കേറ്റാണ് അവന്‍ വന്നത്. ആരോഗ്യം തിരിച്ചു കിട്ടിയപ്പോഴെക്കും രാജ്യത്ത് മറ്റൊരു പ്രതിസന്ധി വന്നു കൂടി. കൊള്ളപ്പലിശക്കാരനായ ഒരു വ്യാപാരി കൊട്ടാരത്തിലെ ആരുടെയോ ഒത്താശയോടെ ഖജനാവു ചോര്‍ത്തുന്നെന്ന് തെളിഞ്ഞു. ആ വ്യാപാരിയുമായി കുമാരി നേരിട്ട് പല നീക്കുപോക്കുകളും നടത്തിയുരുന്നതിനാല്‍ കുമാരി അറിഞ്ഞുകൊണ്ടാണ് അയാള്‍ പണം ചോര്‍ത്തുന്നതെന്ന് അപവാദം ഉണ്ടായി. തുറന്ന ദര്‍ബാറില്‍ വച്ച് കുമാരി ചോദ്യം ചെയ്യപ്പെടാമെന്ന സങ്കീര്‍ണ്ണ സ്ഥിതി വന്നപ്പോള്‍ ആദ്യമായി കുമാരിയുടെ സമ്മതം കൂടതെ അടിമ ദര്‍ബാറില്‍ ശബ്ദിച്ചു. അവന്‍ കുറ്റം ഏറ്റെടുത്തു. കുമാരിയറിയാതെ വ്യാപാരിയുമായി താന്‍ കരാറുണ്ടാക്കുകയായിരുന്നു എന്ന് ഏറ്റു പറഞ്ഞു. ശിക്ഷയായി ചാട്ടയടിയും തലമുണ്ഡനം ചെയ്ത് നഗരത്തിലെ നിരത്തിലൂടെ വലിച്ചിഴച്ച് സത്യം തെളിയുന്നതു വരെ ഊരുകടത്തലും. കുപിതയായ കുമാരിക്കുമുന്‍പില്‍ ശിക്ഷയ്ക്കുമുന്‍പേ അവന്‍ മുഖം കാണിച്ചത് ഉള്‍ഭയത്തോടെയായിരുന്നു. കുമാരിയുടെ അഭിമാനം കാക്കുന്നതിനുവേണ്ടിയാണ് ദര്‍ബ്ബാറില്‍ ധിക്കാരം കാണിച്ചത് എന്ന ആനുകൂല്യം പോലും ചിലപ്പോള്‍ കുമാരി നിഷേധിച്ചേക്കും. എന്നാല്‍ ഒറ്റ രാത്രികൊണ്ട് സത്യം തെളിയിച്ചു തിരിച്ചു വന്നോണം എന്നാണ് അവള്‍ കല്‍പ്പിച്ചത്. കുമാരിക്ക് തന്റെ മേലുള്ള വിശ്വാസം നല്‍കിയ ഊര്‍ജ്ജിത ധൈര്യവും കൊണ്ട് പോയി അവന്‍ അത് സ്ഥാപിക്കുകയും ചെയ്തു. ഒറ്റരാത്രി കൊണ്ടു തന്നെ. വ്യാപാരിയുമായിച്ചേര്‍ന്ന് കള്ളത്തരം ഒപ്പിച്ചിരുന്ന ഖജാന്‍ജിയെ തൊണ്ടിമുതലുകളോടെ പിടികൂടി അവന്‍ രാജകിങ്കരന്മാരെ ഏല്‍പ്പിച്ചതായി പാതിരാത്രിക്കുമുന്നെ കുമാരിക്ക് അറിയിപ്പു കിട്ടി. ഒപ്പം രാജകല്‍പ്പന പ്രകാരം അടുത്ത ദര്‍ബ്ബാര്‍ ചേരുന്നതുവരെ ഊരുവിലക്ക് പാലിച്ചു കൊള്ളാമെന്ന അവന്റെ കുറിപ്പും.

തമ്മില്‍ പിരിഞ്ഞിരുന്ന ആ ഒരു രാത്രി പക്ഷെ രാജകുമാരിയുടെയും അടിമയുടെയും ആത്മകഥകള്‍ മാറ്റിമറിച്ചു. വര്‍ഷങ്ങളായി തന്നെ തലോടിയുറക്കുന്ന കൈകള്‍ ഇല്ലാതെ ഉറക്കം മുറിഞ്ഞ് വേവലാതി പൂണ്ട് മട്ടുപ്പാവില്‍ നടക്കുന്ന തന്നെ രാജകുമാരി സ്വയം ശാസിച്ചു. അധികാരശ്രേണികള്‍ എവിടെയോ കീഴ്മേല്‍ മറിയുന്നതറിഞ്ഞ് അവള്‍ ചകിതയായി. എന്നാല്‍ അടിമയാവട്ടെ ഇത്രയധികം താന്‍ ആഗ്രഹിക്കുന്ന മോചനം മറ്റൊരു ശിക്ഷയാവുകയേ ഉള്ളു എന്ന് തിരിച്ചറിയുകയായിരുന്നു കുമാരിയില്ലാത്ത ആ രാത്രിയില്‍. രണ്ടുപേരും സ്വന്തം അവസ്ഥകളേ ഭയന്നു. തനിക്കു വേണ്ടി കുറ്റം ഏറ്റെടുക്കുന്നതിന് അവന്‍ കാണിച്ച ധിക്കാരം രാജകുമാരിക്ക് അവന്‍ സ്വതന്ത്രനാവുന്നതിന്റെ സൂചനകളായിട്ടാണ് തോന്നിയത്. അവന്‍ സ്വതന്ത്രനാവുന്നതില്‍പ്പരം മറ്റൊരു ഭീതി അവള്‍ക്കില്ലായിരുന്നു. മറുവശത്ത് തന്റെ നിരപരാധിത്വം തെളിയിക്കാനായെങ്കിലും, ഒരു ഉള്‍പ്രേരണകൊണ്ട് ദര്‍ബ്ബാറില്‍ വച്ച് താന്‍ അധികപ്രസംഗം കാണിച്ചതിന് കടുത്ത ശിക്ഷതന്നെ ഉണ്ടായേക്കും എന്ന് അടിമ ഭയന്നു. പകല്‍ പതിന്മടങ്ങ് ശിക്ഷ ഉണ്ടായാലും സാരമില്ല, രാത്രി ശിക്ഷിക്കപ്പെടുന്നതോര്‍ത്ത് അവന്‍ നടുങ്ങി. നഗരാതിര്‍ത്തിയിലേ കവാടത്തില്‍ ഒറ്റയ്ക്ക് മാനം നോക്കിക്കിടന്ന് അവന്‍ ദുസ്വപ്നം കണ്ടു ഞെട്ടി. കുമാരിയുടെ രീതികള്‍ മനപ്പാഠമാണ് അവന്. ഇന്നത്തേ കുറ്റത്തിന് ചിലപ്പോള്‍ ദിവസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞാവും ശിക്ഷ. കുറ്റത്തിന്റെ കാഠിന്യമനുസരിച്ച് കുമാരി ശിക്ഷ മാറ്റിവയ്ക്കും. എത്ര മാറ്റിവയ്ക്കുന്നോ അത്രയും കഠിനമാവും ശിക്ഷ. ഇപ്പോള്‍ തന്നെ മാറ്റിവയ്ക്കപ്പെട്ട ശിക്ഷകളുടെ ഒരു വലിയ മാറാപ്പുണ്ട് അവന്റെ ചുമലില്‍. സമയാസമയം രാത്രിയോ പകലോ എന്നില്ലാതെ അതിന്റെ ശിക്ഷകള്‍ വന്നു നിപതിക്കുകയും ചെയ്യും. കുമാരിയുടെ തുടര്‍ ശാസനകളില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള സങ്കീര്‍ണ്ണമായ വഴികളും അവനറിയാം. എന്നാല്‍ കണ്ണടച്ച് കിടങ്ങു ചാടുന്നതുപോലെയുള്ള കാര്യമാണത്. കുമാരി തനിക്കുനേരെ നീട്ടുന്ന ശിക്ഷയുടെ കൂരമ്പ് താ‍ന്‍ കാത്തിരുന്ന തന്റെ ആയുധം എന്നോണം ഏറ്റുവാങ്ങുകയാണ് ഒരു അടവ്. തനിക്കേറ്റവും ആവശ്യമുള്ള ഒന്ന് കുമാരി അറിഞ്ഞുതരികയാണെന്ന പോലെ നന്ദിയോടെ അവളുടെ ശിക്ഷയേ തന്റെ ശിക്ഷണമാക്കുന്ന വിദ്യ. കടുത്ത ശിക്ഷകള്‍ ഏറ്റുവാങ്ങുമ്പോള്‍ കുമാരിയുടെ കണ്ണുകളിലേക്ക് നോക്കി അവന്‍ പുഞ്ചിരിക്കാറുള്ളതും മറ്റൊരു വിദ്യയാണ്. പക്ഷെ അതിസൂക്ഷ്മതയോടെ വേണം അതു ചെയ്യുവാന്‍. കാരണം അടിയറവിന്റെ, നിസ്സഹായതയുടെ ചിരിയല്ല വേണ്ടത്. കണ്ണുകളിലും ശബ്ദത്തിലും നിറഞ്ഞ അത്മാഭിമാനത്തോടെ അധികാരത്തോടെ ചിരിച്ചുകൊണ്ട് തന്റെ അടിമത്തം ഏറ്റുവാങ്ങുകയെന്നാല്‍ ഓരോതവണയും മരിച്ചു ജീവിക്കുന്നതിനു തുല്യമാണ് അവന്. പക്ഷെ ശ്വസിക്കുന്ന വായുപോലെ അവനു പ്രധാനമാണുതാനും അത്. ഓര്‍ത്തുകിടന്ന് തണുത്ത പുഴക്കാറ്റ് മുഖത്തു വീശിയടിച്ചിട്ടും അവന്‍ വിയര്‍ത്തു. അങ്ങിനെ ഉറക്കമില്ലാതെ തീര്‍ത്ത ആ രാത്രി രാജകുമാരിയും അവളുടെ അടിമയും ചില ഭ്രാന്തന്‍ തീരുമാനങ്ങളെടുത്തു.

രാത്രികള്‍ അവനെ പിരിഞ്ഞിരിക്കാന്‍ തനിക്ക് ആവുകില്ല എന്ന് മനസ്സിലാക്കിയ രാജകുമാരി അത് അവനുമേല്‍ തനിക്കുള്ള അധികാരത്തെ ഇല്ലാതാക്കരുത് എന്ന് ദൃഢനിശ്ചയം ചെയ്തു. അവനില്ലാതെ തനിക്ക് വയ്യ എന്ന് വന്നാല്‍ നിഗൂഢമായ ഒരു അധികാര കൈമാറ്റമാവും അവിടെ നടക്കുക. അത് പാടില്ല. തനിക്കു നടക്കാനുള്ള വഴിയാണ് അവന്‍, തന്റെ ലക്ഷ്യമല്ല എന്ന് ദുര്‍ഗ്ഗാവതിയുടെ മനസ്സ് അവളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അതേസമയം ഒരേസമയം ശിക്ഷിക്കപ്പെടാനും മോചിതനാവാനും ആഗ്രഹിച്ച അടിമ ദുര്‍ഗ്ഗാവതിക്കെതിരെ അത്യഗാധവും പ്രലോഭനപരവുമായ ഒരു സ്നേഹവല തീര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് എത്തിച്ചേര്‍ന്നത്. അതിന് അവളെ അവന് രാജകൊട്ടാരത്തില്‍ നിന്ന് വെളിയില്‍ ഇറക്കണം. അവളുടെ കരുത്തിന്റെ കേന്ദ്രങ്ങള്‍ക്കപ്പുറം, അവന്റെ സാങ്കല്‍പ്പികവും യഥാര്‍ത്ഥവുമായ ജീവിതക്കോട്ടകളിലേക്ക് നയിക്കണം. അവിടെ അവള്‍ നിരാലംബയാവും, അവളുടെ ശക്തി ചോരുന്നതിനനുസരിച്ച് അവന്റെ സ്നേഹവലയുടെ ഇഴയടുപ്പം കൂട്ടി തന്റെ ലക്ഷ്യം സ്ഥാപിക്കണമെന്ന് അവന്‍ ഉറച്ചു. അവളുടെ ലക്ഷ്യവും അവന്റെ സങ്കേതങ്ങള്‍ തന്നെയായിരുന്നു. അതു പക്ഷെ അവനില്‍ തനിക്കുള്ള അധികാരം സ്ഥാപിക്കാനായിട്ടുള്ള വലിയ ഒരു കരുനീക്കമായിട്ടാണ് അവള്‍ കണ്ടത്. ഒരിക്കലും വിട്ടുപോകാനാവാത്ത വിധം ചിറകൊടിഞ്ഞ് അവന്‍ തന്റെ കാല്‍ക്കീഴിലെ മണ്ണായി ഒതുങ്ങണം.

പിറ്റെന്ന്, രണ്ടുദിവസത്തേ മോചനത്തിനുപകരം തന്റെ ഗ്രാമത്തിലേക്ക് ഒരു തവണ കുമാരിയേ കൂട്ടിക്കൊണ്ടുപോകാനുള്ള അനുവാദം കിട്ടുമോ എന്ന് ചോദിക്കാന്‍ ധൈര്യം സംഭരിച്ചു വന്ന അവനെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് കുമാരി അവന്റെ ശിക്ഷ വിധിച്ചു. അവന്റെ ഗ്രാമത്തിലേക്ക് വേഷം മാറിയ അവളെയും കൊണ്ട് ഒരു യാത്ര. അങ്ങിനെ സ്വന്തം പദ്ധതി ഫലിക്കുന്നു എന്ന ഗൂഡാഹ്ലാദത്തോടെ രാജകുമാരിയും അടിമയും സ്നേഹഗ്രാമത്തിലേക്ക് യാത്രപുറപ്പെട്ടു.

കാടും മലകളും താണ്ടി, പുഴകള്‍ നീന്തി, മരുഭൂമികള്‍ കടന്ന് പോകേണ്ട യാത്രയാണ്. രാജകുമാരി ദൂരയാത്രയ്ക്ക് പോവുകയാണെന്ന് നാട്ടില്‍ അറിയുകയുമരുത്. രാജഭരണം മിക്കവാറും അവളായതുകൊണ്ട് രാജ്യം തന്നെ സ്തംഭിച്ചു പോവും. അതുകൊണ്ട് തന്റെ അഭാവം അറിയാതിരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് അസുഖം വന്നു കിടക്കുകയാണ് എന്ന നുണ കൊട്ടാരത്തില്‍ പരത്തി ദുര്‍ഗ്ഗാവതി ശിവനുമൊപ്പം കൊട്ടാരത്തില്‍ നിന്ന് ഇറങ്ങി. വേഷ പ്രച്ഛന്നയാണെങ്കിലും രാജകുമാരിയല്ലെ, സുരക്ഷാകര്യങ്ങളില്‍ ഒരു വീഴ്ച്ചയും വരരുത് എന്ന് അവനറിയാം. മരം കൊണ്ട് അടച്ചുറപ്പുള്ള ഒരു പ്രത്യേക മഞ്ചല്‍ അവന്‍ സ്വന്തം കൈകൊണ്ട് രൂപപ്പെടുത്തിയെടുത്തു. അതിനകത്ത് കുമാരിക്ക് സൌകര്യമായി ഇരിക്കുകയോ കിടക്കുകയോ ആവാം. പുറത്തേക്കുള്ള കൊച്ചു കിളിവാതില്‍ ആവശ്യാനുസരണം തുറക്കാം. കുമാരിക്കുവേണ്ട ഭക്ഷണവും വസ്ത്രങ്ങളും അതിനകത്ത് കരുതിയിട്ടുണ്ട്. ആപത്തു നിറഞ്ഞ പാതകള്‍ അവസാനിക്കുന്നതുവരെ കുമാരി അവന്റെ ചുമലില്‍ പെട്ടിക്കകത്ത് സുരക്ഷിതയായിരിക്കും. ഗ്രാമാതിര്‍ത്തിയില്‍ മഞ്ചല്‍ ഒരിടത്ത് ഒളിപ്പിച്ചു വച്ച് കാല്‍നടയായി അവന്റെ വീട്ടിലേക്ക് പോകാം.

അടിമയുടെ ചുമലില്‍ പെട്ടിക്കകത്തിരുന്ന് തുറന്നുവച്ച കിളിവാതിലിലൂടെ വരുന്ന തണുത്ത കാറ്റുമേറ്റ് ദുര്‍ഗ്ഗാവതി തന്റെ പദ്ധതികള്‍ ഒന്നുംകൂടെ ഓര്‍ത്തെടുത്തു. അവന്റെ ഭയമാണ് തന്റെ തുരുപ്പ് ചീട്ട്. മരിക്കാന്‍ അവനു പേടിയില്ലാതായി. എന്നുതന്നെയല്ല ഇനി അവന്റെ മരണം തന്റെ തോല്‍വിയായിരിക്കും എന്നുള്ളതുകൊണ്ട് അവനേക്കാളേറെ അതു ഭയക്കുന്നത് താനാണ്. അവന്‍ ഏറെ ഭയക്കുന്ന മരണം ഇപ്പോള്‍ അവളുടേതായിരിക്കും. അവളുടെ മരണം അഥവാ അവളില്‍നിന്നുള്ള വേര്‍പ്പെടല്‍. അവനെന്ന മൂര്‍ഖനെ തന്റെ കുട്ടയ്ക്കകത്തുതന്നെ ഭയപ്പെടുത്തിയിരുത്താന്‍ രാജകുമാരി തിരഞ്ഞെടുത്ത വടി അതായിരുന്നു. ഓരോതവണ താന്‍ നഷ്ടപ്പെടും എന്നു തോന്നുമ്പോഴും തന്റെ അടിമ സ്വയം അവന്റെ ചങ്ങല മുറുക്കിക്കോളും. ആപത്കരമായ പാതകളിലൂടെ സ്നേഹഗ്രാമത്തിലേക്കുള്ള യാത്ര അതുകൊണ്ടാണ് കുമാരിക്ക് ആവശ്യമായിരുന്നത്.

ഓരോചുവടും അളന്നുവച്ചും എന്നാല്‍ പരമാവധി വേഗത്തില്‍ കുതിരയേപ്പോലെ കുതിച്ചും ആണ് അവന്‍ നീങ്ങിക്കൊണ്ടിരുന്നത്. എത്രയും വേഗം ഗ്രാമത്തിലെത്തണം. ആടയാഭരണങ്ങള്‍ അഴിച്ചുവച്ച് വെറും ദുര്‍ഗ്ഗയായി രാജകുമാരി ദുര്‍ഗ്ഗാവതി തന്റെ വീട്ടില്‍ തന്റെ പാവപ്പെട്ട അമ്മയുടെ അരികില്‍ വസ്ത്രതലപ്പ് നിറുകിലൂടെ വലിച്ചിട്ട് വിനീതയായി തലകുമ്പിട്ടിരിക്കുന്നത് അവന്‍ ഓര്‍ത്തു. സ്നേഹസമ്പന്നയായ തന്റെ അമ്മയുടെ ഉറച്ച കൈകൊണ്ടുള്ള തലോടലില്‍ നിറുക് കുളുര്‍ത്ത് തന്റെ വീട്ടിലെ പഞ്ഞംകൊണ്ട് മൂല്യം മുറ്റിയ അന്നം, അമ്മയുടെ കൈകൊണ്ട് വിളമ്പിയ സ്നേഹം ഭക്ഷിച്ച് അവള്‍ കണ്ണീര്‍ പൊഴിച്ചുപോവുമെന്ന് അവനുറപ്പുണ്ടായിരുന്നു. സ്നേഹഗ്രാമത്തിലേക്കുള്ള വഴി അവനൊരു വിഷയമേ അല്ലായിരുന്നു. ലക്ഷ്യത്തേക്കുറിച്ചു മാത്രം ചിന്തിച്ച് ചുമലില്‍ പെട്ടിയില്‍ സുരക്ഷിതയായ രാജകുമാരിയുമായി അവന്‍ കിതച്ചുംകൊണ്ട് പായുകയായിരുന്നു. കാട്ടുചോലയ്ക്കരികില്‍ ദാഹം തീര്‍ക്കാന്‍ നിന്നപ്പോള്‍ പോലും അവന്‍ പെട്ടി ചുമലില്‍ നിന്നിറക്കിയില്ല. ഒഴുക്കു കൂടിയ പുഴ നീന്തിക്കടക്കുമ്പോഴും വഴുക്കുന്ന പാറക്കെട്ടുകള്‍ അതീവ ശ്രദ്ധയോടെ ചവിട്ടിക്കേറുമ്പോഴും തന്റെ ശരീരം ഉരുക്കിന്റെ കവചമാക്കി അവന്‍ പെട്ടി സൂക്ഷിച്ചു. കൊള്ളക്കാര്‍ ആക്രമിച്ചേക്കാവുന്ന ഗൂഢവനങ്ങളിലൂടെ ഉറവാള്‍ ഊരിപ്പിടിച്ച് മെയ്യ് കണ്ണും കാതുമാക്കി അവന്‍ ജാഗരൂകനായി. സ്നേഹഗ്രാമത്തിലെത്തണം എന്നുമാത്രം അവന്റെ മനസ്സ് ഉരുവിട്ടുകൊണ്ടിരിക്കയായിരുന്നു.

കുമാരിയാകട്ടെ പാതയിലുടനീളം വിഘ്നങ്ങള്‍ക്കുവേണ്ടി കാത്തു. ഒരു പേമാരിയായോ, ഒരു കാട്ടുതീയായോ, ഒരു കൊള്ളസംഘമായോ നഷ്ടപ്പെടലിന്റെ ഭീതി അവനിലേക്ക് നുഴഞ്ഞു കയറണം. കുമാരിയുടെ പ്രാര്‍ത്ഥന പോലെ വിഘ്നങ്ങള്‍ വരികയും ചെയ്തു. വലിയ ഒരു പാറയിടുക്ക് മുറിച്ചു കടക്കുമ്പോള്‍ ഉരുള്‍പ്പൊട്ടലായും, മരുഭൂമിയിലെ ചെറുക്കാനാവാത്ത ഉഷ്ണക്കാറ്റായും വന്ന് വിഘ്നങ്ങള്‍ അവനെ മരണഭീതിയുടെ കയങ്ങളിലേക്കാഴ്ത്തി. ഓരോ തവണയും ആപത്തു തരണം ചെയ്തു കഴിഞ്ഞ് മഞ്ചലിനകത്ത് താന്‍ സുരക്ഷിതയാണോ എന്ന് ഭീതിയോടെ പരതുന്ന അവനെ ശ്വാസം പിടിച്ചു കിടന്ന് കുമാരി പരീക്ഷിക്കും. എന്നിട്ട് കള്ളച്ചിരിയോടെ കണ്ണുതുറക്കുമ്പോള്‍ ദീര്‍ഘനിശ്വാസത്തോടെ അവന്‍ തളര്‍ന്നിരിക്കുന്നതു കണ്ട് മതിമറന്ന് ചിരിക്കും. അതുകണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി അവനും പുഞ്ചിരിച്ചു പോവും. യാത്രയുടെ പ്രഹരങ്ങളേറ്റ് കീറിമുറിഞ്ഞ സ്വന്തം ശരീരത്തേക്കുറിച്ചോ ഭയത്തിന്റെ പാതാളങ്ങളില്‍ താന്‍ ഒറ്റയ്ക്ക് അനുഭവിക്കുന്ന വിഭ്രാന്തികളെക്കുറിച്ചോ മരണമുനംബുകളില്‍ അവളുടെ ജീവനും തന്റെ മരണത്തിനും വേണ്ടി മനസ്സില്‍ വിളിച്ചുപോകുന്ന പ്രാര്‍ത്ഥനകളേക്കുറിച്ചോ, പിന്നിടുന്ന മാര്‍ഗ്ഗത്തേക്കുറിച്ച് തരിമ്പും അവന്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല. സുരക്ഷിതമായി ലക്ഷ്യത്തിലെത്തുക എന്നു മാത്രം അവന്‍ ഉള്ളില്‍പറഞ്ഞുകൊണ്ടിരുന്നു.

സ്നേഹഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ പെട്ടിയിറക്കി തുറന്നുവച്ച് അവന്‍ തളര്‍ന്നിരുന്നപ്പോള്‍ പട്ടുപാദം കൊണ്ട് ആദ്യമായി മണ്ണുതൊട്ട് വെറും ദുര്‍ഗ്ഗയായി, ആടയാഭരണങ്ങളില്ലാതെ അവള്‍ ഇറങ്ങി വന്നു. ഇരുവരും കൈകോര്‍ത്ത് ഗ്രാമപാതയിലേക്കിറങ്ങി നടന്നു.

ദൂരെ ചോളപ്പാടങ്ങള്‍ക്കു നടുവില്‍ കൂനിയിരിക്കുന്ന ഒരു മുത്തശ്ശിയേപ്പോലെ ഒരു കൊച്ചു ഗ്രാമം. ഇടയ്ക്ക് നടുവൊന്നു നിവര്‍ത്തി വെയിലത്തേക്ക് മുത്തശ്ശി വഴിക്കണ്ണുപായിക്കും. നാടുവിട്ട മക്കള്‍ ആരെങ്കിലും നടന്നു വലഞ്ഞ് തിരികെ വരുന്നുണ്ടോ? ഗ്രാമപാതയിലെ വഴിക്കിണര്‍ കണ്ടു തുടങ്ങിയപ്പോള്‍ ശിവന്റെ കാലുകള്‍ക്ക് വേഗം കൂടി. ദുര്‍ഗ്ഗ ഒപ്പമെത്താന്‍ പണിപ്പെട്ടു. കിണറിനടുത്ത് വെള്ളം കോരുന്ന സ്ത്രീകളില്‍ ചിലര്‍ അവരെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. അതിലൊരുത്തി പെട്ടന്ന് അവനെ തിരിച്ചറിഞ്ഞ് ഓടിയടുത്തു വന്നു. ഗ്രാമമുഖ്യന്റെ ഭാര്യയാണ്. സ്വന്തം മകനെ തിരിച്ചു കിട്ടിയപോലെ സന്തോഷിച്ച് അവര്‍ നാട്ടുഭാഷയില്‍ മറ്റുപെണ്ണുങ്ങളോട് ഓരോന്ന് വിളിച്ചുകൂവുന്നതു കേട്ട് ദുര്‍ഗ്ഗ അല്‍ഭുതംകൂറി. അവന്റെ വിജയഗാഥകളാണ്. ഗ്രാമത്തിന്റെ വീരപുത്രന്‍. പട്ടിണിയില്‍ നിന്നും ദുര്‍ഭരണത്തിന്റെ കെടുതിയില്‍ നിന്നും ഒരു ഗ്രാമത്തെ രക്ഷിച്ചവന്‍. ആ സ്ത്രീ വിളിച്ചുകൂട്ടിയ ആളുകള്‍ ശിവനെ തോളിലേറ്റിക്കൊണ്ട് പോകുന്നതു കണ്ട് ദുര്‍ഗ്ഗയ്ക്ക് അവിടെ ഒരു പട്ടാഭിഷേകം നടക്കുകയാണോ എന്നു തന്നെ തോന്നിപ്പോയി.

അവന്റെ കൂരയില്‍ ചാണകം മെഴുകിയ തറയില്‍ വൃദ്ധരായ അവന്റെ അച്ഛനുമമ്മയും അവന്റെ കൈകള്‍ നെഞ്ചത്തും കണ്ണിലും ചേര്‍ത്ത് വച്ച് നിശബ്ദരായി കരയുന്നത് കണ്ടുകൊണ്ടിരിക്കയായിരുന്നു അവള്‍. കൂടെയുള്ളത് കൊട്ടാരത്തിലെ ഒരു ദാസിപ്പെണ്ണാണ് എന്ന് അവരോട് പറയുമ്പോഴും ഒരിക്കല്‍പ്പോലും അവന്‍ അവളുടെ മുഖത്തേക്ക് നോക്കിയതേയില്ല. അമ്മ വിളമ്പിയ ഭക്ഷണം സ്വാദോടെ കഴിക്കുമ്പോള്‍ ഇടം കണ്ണിട്ട് അവള്‍ കഴിക്കുന്നുണ്ടോ എന്നൊന്ന് നോക്കിയതൊഴിച്ചാല്‍ അവളെക്കുറിച്ച് അവന്‍ മറന്നുപോയിരിക്കുന്നു എന്നു തന്നെ തോന്നും. സത്യത്തില്‍ താനും അവനെ മറക്കുന്നതായി ദുര്‍ഗ്ഗയ്ക്കു തോന്നി. തന്നെ തന്നെയും മറന്ന് നിര്‍ലോഭ സ്നേഹത്തിന്റെയും തിരിച്ചുവരവിന്റെയും ഒരു ഒഴുക്കില്‍ താന്‍ ഒരു സാധാരണ ഗ്രാമപെണ്‍കൊടിയായി മാറി എന്ന കാര്യം പോലും മറന്ന്‍ അവള്‍ ഒരു ജീവിതം കാണുകയായിരുന്നു. അവന്‍ ഒരു ജേതാവും അവള്‍ അവന്റെ ആരാധികയായ ഒരു പാവം പെണ്ണുമായി. അവന്റെ വീരകഥകളില്‍ പുളകിതയായി അവനെ തന്നെ ഉറ്റുനോക്കിയിരിക്കുന്ന പെണ്ണ്. കഴുത്തുയര്‍ത്തി മുകളിലോട്ട് നോക്കി വേണം തനിക്ക് അവനെക്കാണാന്‍ എന്ന് ആദ്യമായി അവള്‍ക്ക് തോന്നി. മറിമായത്തിന്റെ ആ ഇന്ദ്രജാലത്തില്‍ അവള്‍ സ്വപ്നാടകയെപ്പോലെ അവനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. കണ്ണുകൊണ്ടും മനസ്സുകൊണ്ടും ആത്മാവുകൊണ്ടുപോലും അവനെക്കണ്ടുകൊണ്ട്.

അവളുടെ കഴുത്തില്‍ താലിയില്ല എന്നു കണ്ടു പിടിച്ച് അമ്മ അവളെ തന്റെയടുത്ത് പിടിച്ചുകിടത്തി. ഗ്രാമത്തിലെ ഒറ്റയായ പുരുഷന്മാരെപ്പോലെ അവനു വെളിയില്‍ പായ നിവര്‍ത്തി. എത്രയും വേഗം ഇവരുടെ വിവാഹം നടത്തണമല്ലോ എന്ന് അമ്മ വേവലാതികൊള്ളുന്നതു കേട്ട് ഉള്ളിലെവിടെയോ ഒരു നനുത്ത കുളിരു പടരുന്നതായി ദുര്‍ഗ്ഗ അറിഞ്ഞു. അവന്റെ കൊച്ചുംനാളിലെ ശീലങ്ങളെക്കുറിച്ചും മിടുക്കുകളേക്കുറിച്ചും അമ്മ വാചാലയാവുന്നത് കേട്ട് ഉറങ്ങാതെ കിടക്കുമ്പോള്‍ ഒരിക്കല്‍പ്പോലും പിറ്റെന്ന് അവള്‍ക്ക് തിരികെ പുറപ്പെടേണ്ടതാണെന്നു പോലും അവള്‍ ഓര്‍ത്തില്ല. വെളിയില്‍ നിലാവു നോക്കി കിടന്ന ശിവനാകട്ടെ നീണ്ട യാത്രയുടെ ക്ഷീണത്തില്‍ പെട്ടന്നുതന്നെ മയങ്ങിപ്പോവുകയും, നാളുകള്‍ക്കു ശേഷം സ്വസ്തമായി ഉറങ്ങുകയും ചെയ്തു.

മടക്കയാത്രയില്‍ ഗ്രാമപാതയില്‍ ഇരുവരും നിശബ്ദരായി നടന്നു. അമ്മ പൊതിഞ്ഞു നല്‍കിയ പൊതിച്ചോറും നെഞ്ചത്തടുക്കി അവനുപിന്നില്‍ അടിയളന്ന് അവള്‍. അവളുടെ കണ്ണീരിന്റെ നനവുപടര്‍ന്ന കവിള്‍ ചുമലില്‍ തണുപ്പാവുന്നതറിഞ്ഞ് നിര്‍വൃതിയോടെ അവന്‍. എത്ര ദൂരം അവരങ്ങിനെ നടന്നിരിക്കും? അതിര്‍ത്തിയില്‍ പൊന്തയ്ക്കുള്ളില്‍ അവന്‍ ഇറക്കിവച്ചിരുന്ന അവളുടെ മഞ്ചം കണ്ടതു വരെയോ? അവിടെയെത്തിയതും ഇന്ദ്രജാലം അവസാനിച്ചതുപോലെ രാജകുമാരി ദുര്‍ഗ്ഗാവതി അവന്റെ മുന്നിലേക്ക് കയറി നില്‍ക്കുകയും, അവന്‍ പതിവുപോലെ മുട്ടുകുത്തിനിന്ന് തലകുമ്പിട്ട് അവള്‍ക്കു മഞ്ചലിലേക്ക് കയറാന്‍ ചുമല്‍ കുനിച്ചു കൊടുക്കുകയും ആവുമോ ഉണ്ടായത്?അതോ ചരിത്രത്തിന്റെ അച്ച് പതിയുന്നതിനുമുന്നെ അവര്‍ അവിടെ നിന്ന് ഒരിക്കലെങ്കിലും രക്ഷപ്പെട്ടിരിക്കുമോ? ഇല്ല. കഥയ്ക്ക് പൊലും പ്രവേശനമില്ലാത്ത ഇടങ്ങളുണ്ടാവും ചരിത്രത്തില്‍. അവിടെ കഥയും നിശബ്ധത പാലിച്ചേപറ്റൂ. ചരിത്രം സ്വന്തം വഴി നടന്നു തീര്‍ക്കട്ടെ. എന്നിട്ടു പറയാം കഥ.

കൊട്ടാരത്തിന്റെ കവാടം താണ്ടി , അവളുടെ വിശാലമായ അന്തപ്പുരവാതിലിനുമുന്നില്‍ മഞ്ചല്‍ സുരക്ഷിതമായി ഇറക്കിവച്ച് അവന്‍ മുട്ടുകുത്തി. ഒരു കടല്‍ നീന്തിക്കടന്നുവന്നവനേപ്പോലെ, ഒരാകാശം ചിറകുകൊണ്ടളന്നുവന്നവനേപ്പോലെ തലകുമ്പിട്ടിരുന്ന് കിതയ്ക്കുകയായിരുന്ന അവന്റെ വിയര്‍ത്ത മുഖം കയ്യിലെടുത്ത് രാജകുമാരി പറഞ്ഞു. “ ശിവാ, ഇതില്‍ കവിഞ്ഞ് ഒരു സന്തോഷവും നീ എനിക്ക് തരാനില്ല. ഇനി ഒന്നും എനിക്ക് നിന്നില്‍ നിന്ന് നേടാനുമില്ല. നീ സ്വതന്ത്രനാണ്. എന്നേക്കും ഇനി നിനക്ക് നിന്റെ ഗ്രാമത്തില്‍ തന്നെ കഴിയാം. നിന്റെ കുടുംബത്തിനു സുഖമായി കഴിയാനുള്ളത് ഞാന്‍ തരും.”
കണ്ണിമകളില്‍ തങ്ങിനിന്ന വിയര്‍പ്പുതുള്ളികള്‍ തുടയ്ക്കാന്‍ പോലുമാവാതെ അവന്‍ തരിച്ചിരുന്നു. കിതപ്പുകൊണ്ട് തൊണ്ടയില്‍ തടഞ്ഞ ശബ്ദം ചിലമ്പലായി പുറത്തുവന്നു. താളം തെറ്റിയ ശ്വാസത്തിനിടയ്ക്ക് അവന്റെ ചുണ്ടുകള്‍ മന്ത്രിച്ചു. കുമാരി എന്നെ മോചിപ്പിക്കരുത്...ഭയം കൊണ്ട് വിറക്കുന്ന കുഞ്ഞിനേപ്പോലെ അവന്‍ കഴുത്തിലെ ചങ്ങലവളയത്തില്‍ മുറുകെപിടിച്ചു. അവളുടെ കാല്‍ച്ചുവട്ടിലെ തറയില്‍ നെറ്റി ചേര്‍ത്ത്, വെറും നിലത്ത് ചുണ്ടുകള്‍ ചേര്‍ത്ത് വിതുമ്പിക്കൊണ്ടിരുന്നു. ഉള്ളാലെ മന്ദഹസിച്ചുകൊണ്ട് രാജകുമാരി അവന്റെ മുഖം പിടിച്ചുയര്‍ത്തി എഴുന്നേല്‍ക്കാന്‍ ആജ്ഞാപിച്ചു. എന്നിട്ട് കൊട്ടാരത്തിനകത്തേക്ക് പ്രവേശിച്ചു. അവളുടെ ഉടലിനൊപ്പം ചുരുങ്ങുകയും വളരുകയും ചെയ്യുന്ന നിഴലായി അവന്‍ പിറകേയും.

തുടര്‍ന്ന് രാജകുമാരി ദുര്‍ഗ്ഗാവതി സ്വന്തം രാജ്യത്തിന്റെ യശ്ശസ്സ് പടിപടിയായി ഉയര്‍ത്തി നയതന്ത്രപരമായ നീക്കങ്ങളിലൂടെ ചക്രവര്‍ത്തിയുടെ കുലവധുവായിത്തീരുന്നുണ്ട് ഒടുക്കം. അടിമയാകട്ടെ ചക്രവര്‍ത്തിയെ സ്വയം വരിക്കാനായി രാജകുമാരി നടത്തിയ സൌഹാര്‍ദ്ധമത്സരത്തില്‍ വീരമൃത്യു പ്രാപിക്കുകയാണുണ്ടായത്. സ്നേഹഗ്രാമത്തിലെ തലമുറകള്‍ വാമൊഴിയായും പാടിപ്പതിഞ്ഞ ചരിത്രമാണ് അവന്റേത്.

എതായാലും കഥയില്‍ ചരിത്രം അവസാനിക്കുന്നതുവരെ രാജകുമാരിയും അവളുടെ അടിമയും സ്നേഹഗ്രാമത്തിലെക്കുള്ള യാത്രകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അന്യോന്യം നഷ്ടപ്പെടാതിരിക്കാനായുള്ള ഓരോ യാത്രയിലും അവള്‍ അവനുവേണ്ടി ചങ്ങലകളും അവന്‍ അവള്‍ക്കുവേണ്ടി വലകളും കരുതിയിരുന്നു. സത്യത്തില്‍ കഥ ശ്വസിച്ചു തുടങ്ങുന്നത് ചരിത്രം അവസാനിക്കുന്ന ഒരു ഘട്ടത്തില്‍ നിന്നാണ്. ചരിത്രം പായും തലയണയും ചുരുട്ടിവച്ച് എഴുന്നേറ്റു പോകുന്നിടത്ത് കഥ അസ്വസ്തമായി പിടഞ്ഞെഴുന്നേല്‍ക്കുന്നു. പുറത്ത് ഉദിച്ചുവരുന്ന പകല്‍ അല്ലെങ്കില്‍ രാത്രിയോട് പിണങ്ങി നില്‍ക്കുന്ന നിലാവ്. കയ്യില്‍ത്തടഞ്ഞ വസ്ത്രങ്ങള്‍ ചുരുട്ടിഉടുത്ത് കഥ വെളിയിലേക്കിറങ്ങും. രാജകുമാരിയേയും അവളുടെ അടിമയേയും അന്വേഷിച്ച്.

സ്നേഹഗ്രാമത്തിലേക്കുള്ള പോക്കുവരവുകളിലൂടെ അസ്തിത്വപ്രതിസന്ധികളില്‍ പെട്ട് ചിലപ്പോള്‍ദിക്കറിയാതെയും ചിലപ്പോള്‍ ഗതിമുട്ടിയും തമ്മില്‍ ഇടഞ്ഞും അലിഞ്ഞും കൂലംകുത്തിയൊഴുകുകയാണ് അടിമയും രാജകുമാരിയും. ബന്ധങ്ങളുടെ നിര്‍വ്വചനങ്ങള്‍ ബന്ധിക്കപ്പെട്ടവര്‍ക്ക് ഒന്നുതന്നെയായിരിക്കണമെന്നില്ലല്ലോ. തന്റെ ആസക്തികളും ഉല്‍ക്കര്‍ഷേച്ഛകളും നേടിയെടുക്കാന്‍ അവനെ ഉപയോഗിക്കുക എന്നതിലായിരുന്നു ദുര്‍ഗ്ഗയുടെ ആനന്ദം. ശിവനാകട്ടെ തന്നെക്കാളേറെ ആരും അവള്‍ക്ക് ഉപകരിക്കരുത് എന്ന വാശിയിലും. പ്രത്യക്ഷത്തില്‍ ഇതില്‍ക്കവിഞ്ഞൊരു പരിപൂര്‍ണ്ണതയുണ്ടാവാനില്ല ഒരു ബന്ധത്തിലും. പക്ഷെ കഥയല്ലെ? മുക്കിലും മൂലയിലും ചികഞ്ഞ് നോക്കാതിരിക്കുമോ എന്തെങ്കിലും ഒരു അപശ്രുതിക്കുവേണ്ടി. ചിലപ്പോള്‍ ഒരേ സ്വരം തന്നെ ലയമായും അപലയമായും ചേര്‍ന്നു വരാം പാട്ടില്‍. അത്തരം സന്ദിഗ്ധതകളാണ് കഥ അന്വേഷിക്കുന്നത്. അത്തരത്തില്‍ കഥ അന്വേഷിച്ചു കണ്ടെത്തിയ ഒരു നിര്‍ണ്ണായക ചരിത്ര മുഹൂര്‍ത്തമാണ് മുകളില്‍ രേഖപ്പെടുത്തിയ അടിമയുടെ മരണം. മരണത്തിലൂടെ അവള്‍ക്ക് ഉപകരിച്ച് അവനും അവനിലൂടെ എല്ലാം നേടിയെടുത്ത അവളും എന്ന് സുന്ദരമായി പരിസമാപ്തിയില്‍ എത്തിക്കുന്നതിനുപകരം എല്ലാം നഷ്ടപ്പെട്ട് പൂര്‍ണ്ണമായും തോറ്റവരായി അവരെ കഥ വായിച്ചുവയ്ക്കുകയാണ്. എന്തുകൊണ്ട് അങ്ങിനെ സംഭവിച്ചു എന്ന് മനസ്സിലാകണമെങ്കില്‍ ആ ചരിത്രസംഭവം കുറേക്കൂടി വിപുലമായി നമ്മള്‍ അറിയേണ്ടതുണ്ട്. കഥയുടെ ധര്‍മ്മസങ്കടം എങ്കിലേ മനസ്സിലാവുകയുള്ളു.

പലതരത്തിലും പിണക്കിവച്ചിരിക്കുന്ന ശക്തരായായ എതിരാളികളുടെ ഇടയില്‍ കൌശലം കൊണ്ട് മാത്രം പിടിച്ചു നില്‍ക്കുകയാണ് രാജകുമാരി. അസൂയക്കാരും കുബുദ്ധികളും ആയ പലരും ഒരുമിച്ച് പല ചരടുവലികളും നടത്തുന്നുണ്ട് തന്നെ തോല്‍പ്പിക്കാന്‍ എന്ന് അവള്‍ക്കറിയാം. ഏറേക്കാലം ഇത്തരത്തില്‍ തനിക്ക് നിലനില്‍ക്കാനാവില്ലെന്നും. ശക്തമായ ഒരു കൂട്ടുകെട്ട് തനിക്കെതിരെ നാട്ടുരാജാക്കന്മാര്‍ക്കിടയില്‍ ഉണ്ടായാല്‍ അതു ചെറുക്കാന്‍ ബുദ്ധിമുട്ടാവും. ഒരു വഴിയെ ഉള്ളു. അതിലും ശക്തമായ ഒരു ലയനം, അവര്‍ക്ക് സങ്കല്‍പ്പിക്കാനാവാത്ത കരുത്തനായ ഒരു എതിരാളിയുമായി. ഈ ചിന്ത ഉള്ളിലിട്ട് കുടഞ്ഞു കളിക്കുമ്പോഴാണ് വൈദ്യുതാഘാതം പോലെ ഒരു വാര്‍ത്ത ചാരന്മാര്‍ എത്തിച്ചത്. ചക്രവര്‍ത്തി ദിഗ്ഗ്വിജയത്തിനിറങ്ങിയിരിക്കുന്നു. കൊച്ചുരാജ്യങ്ങള്‍ മുഴുവന്‍ അടിയറവു പറഞ്ഞ് സ്വയം രക്ഷിക്കുകയാണ്. ചെറുക്കുന്നവരേ മുച്ചൂടും നിലമ്പരിശാക്കി മുന്നേറുകയാണ് അംഗസംഖ്യകൊണ്ടും ആള്‍ബലം കൊണ്ടും ലോകംവെല്ലുന്ന നശീകരണപ്പട. അടിയറവുപറഞ്ഞ് ജീവിതകാലം മുഴുവന്‍ ബലവാനായ ശത്രുവിന്റെ നിഴല്‍ഭീതിയില്‍ മുയലിനേപ്പോലെ ഒളിച്ചിരിക്കുന്നകാര്യം ഓര്‍ക്കാന്‍കൂടെ വയ്യ ദുര്‍ഗ്ഗാവതിക്ക്. മരണമാണ് അതിലും ഭേദം. പക്ഷെ ചക്രവര്‍ത്തിയോട് ഏറ്റുമുട്ടുന്നത് രാജ്യത്തിനും പ്രജകള്‍ക്കും അത്മഹത്യാപരമാവും. ചുട്ട് വെണ്ണീറാക്കപ്പെട്ട തന്റെ നാടിനും നാട്ടാര്‍ക്കും മുകളിലൂടെ ചക്രവര്‍ത്തിയുടെ വെണ്‍കുതിരകളെപ്പൂട്ടിയ രഥം വിജയഭേരി മുഴക്കി പായുന്നത് ഓര്‍ത്ത് അവള്‍ ഉറക്കംഞെട്ടി. അവളുടെ മനസ്താപം ഏറ്റവും അടുത്തറിയാവുന്ന അടിമയും അവളെ സാന്ത്വനപ്പെടുത്താനാവാത്തതില്‍ സ്വയം ശപിച്ചു. ശത്രുക്കളാണെങ്കിലും കൊച്ചു രാജാക്കന്മാരെ കൂട്ടി ചക്രവര്‍ത്തിക്കെതിരെ ഒരു സഖ്യം തീര്‍ത്താലോ എന്ന പരിതാപകരമായ പ്രതിവിധികളേക്കുറിച്ച് പോലും അവള്‍ ചിന്തിച്ചു തുടങ്ങിയ ഒരു രാത്രി അടിമയുടെ മനസ്സില്‍ ഒരു ആശയം ഉദിച്ചു. വാസ്തവത്തില്‍ മന്ത്രിമാരും ചിലരും രഹസ്യമായി തമ്മില്‍ ആലോചിച്ചിരുന്ന പ്രതിവിധിതന്നെയായിരുന്നു അത്. അവളുടെ അപ്രീതി ഭയന്ന് ആരും പറയാന്‍ ധൈര്യപ്പെട്ടില്ല എന്നു മാത്രം. രഹസ്യമായി അടിമ അത് അവളെ അറിയിച്ചു. രാജകുമാരിക്കു വേണ്ടി ഒരു സ്വയംവര മത്സരം. ഒറ്റയ്ക്കുള്ള ഒരു ദ്വന്ദയുദ്ധത്തില്‍ അടിമയെ തോല്‍പ്പിച്ച് കൊല്ലുന്ന രാജാവിനു രാജകുമാരിയും, ഒപ്പം രാജ്യവും സ്വന്തം. മറിച്ച് രാജാവ് തോല്‍ക്കുകയാണെങ്കില്‍ കിരീടവും ചെങ്കോലും സകല വ്യയവും അധികാരങ്ങളും രാജകുമാരിക്ക് സമര്‍പ്പിച്ച് വിധേയത്വം സ്വീകരിച്ചോളണം. ഒടുവില്‍ നാട്ടുരാജാക്കന്മാരെല്ലാം തോറ്റ് അടിയറവുപറയുന്ന ഘട്ടത്തില്‍ ചക്രവര്‍ത്തി വെല്ലുവിളി ഏറ്റെടുക്കുക തന്നെ ചെയ്യും. പിന്നെ ദുര്‍ഗ്ഗാവതിയുടെ സ്വന്തം ദിഗ്ഗ്വിജയം ജയിക്കണോ തോല്‍ക്കണോ എന്ന് അവള്‍ക്ക് തീരുമാനിക്കാം.

ആശയം ഇഷ്ടമായെങ്കിലും അടിമയുടെ പുകഴ്പെറ്റ കായപുഷ്ടി അറിയാവുന്ന രാജാക്കന്മാര്‍ ഇതിനു മുതിരുമോ എന്നും, അന്ത്യമ ലക്ഷ്യം ചക്രവര്‍ത്തിയായതുകൊണ്ട് അദ്ദേഹം തന്നെ ഒരുപക്ഷെ മത്സരത്തില്‍ പങ്കുചേര്‍ന്നില്ലെങ്കിലോ എന്നു വരെ രാജകുമാരി ഭയന്നു. അവളുടെ മനസ്സറിഞ്ഞ് അവന്‍ അതിനും പരിഹാരം കണ്ടു. തികച്ചും അസമമായ മത്സരമായിരിക്കും. അവന്‍ നിരായുധനായിരിക്കും. പ്രതിയോഗിക്ക് ഏത് ആയുധവും ഉപയോഗിക്കാം. പക്ഷെ ഒറ്റയ്ക്ക് പൊരുതണമെന്നു മാത്രം. രാജാക്കന്മാരെ അവന്‍ കൊല്ലുകയോ മാരകമായി മുറിവേല്‍പ്പിക്കുകയോ ചെയ്യുകയില്ല. അവരെ സംബന്ധിച്ചിടത്തോളം തികച്ചും സൌഹാര്‍ദ്ധപരമായിരിക്കും മത്സരം. ചുറ്റുമുള്ള നാട്ടുരാജാക്കന്മാരുടെ കണക്കെടുത്ത് പട്ടികതയ്യാറാക്കി വെല്ലുവിളിപോലെ ആയിരിക്കണം അറിയിപ്പ്. നാല്‍പ്പതു രാജാക്കന്മാര്‍ക്കുവേണ്ടി തുടര്‍ച്ചയായി നാല്‍പ്പതു നാളത്തെ മത്സരദിവസങ്ങള്‍. ഒടുക്കത്തെ പതിനഞ്ചുദിവസത്തേക്കുള്ള നിശ്ചിത സമയം ആദ്യം വിതരണം ചെയ്യപ്പെടും. എല്ലാവര്‍ക്കും സമമായ വ്യവസ്ഥകള്‍. എന്നാല്‍ യുദ്ധനീതിക്ക് നിരക്കാത്തതായ വഴികള്‍ സ്വീകരിച്ച് ശിവനെ അപായപ്പെടുത്താന്‍ ശ്രമിച്ചാല്‍ ആ രാജാവിനെതിരെ നാട്ടുനടപ്പനുസരിച്ച് കൊലക്കുറ്റം ചുമത്തപ്പെടും. ദുര്‍ഗ്ഗാവതിയുടെ സൌന്ദര്യവും കഴിവുകളും കേള്‍വികേട്ടതായതുകൊണ്ട് രാജാക്കന്മാര്‍ പ്രലോഭിതരാകും എന്നതില്‍ സംശയമില്ലതാനും.

ചരിത്രത്തില്‍ നിന്ന് വേര്‍പെട്ട കഥ തീര്‍ത്ഥാടനം പോലെ ചില വഴികളിലൂടെ സഞ്ചരിക്കുകയാണ്. ഇങ്ങനെയൊരു മത്സരം ചരിത്രത്തില്‍ ആദ്യമായിരിക്കില്ലേന്ന് കഥക്കറിയാം. നിലനില്‍പ്പിനുവേണ്ടി സ്വന്തം പ്രാണപ്പുരുഷന്മാരെ തിലകക്കുറിചാര്‍ത്തി യുദ്ധഭൂമിയിലേക്ക് പറഞ്ഞയച്ച ധീരരജപുത്രവനിതകളുടെ നാടാണ്. പിന്നെയാണോ നിര്‍വ്വചിക്കാനാവത്ത ഏതോ സ്നേഹത്തിന്റെ വരമ്പില്‍ തൊട്ടു നില്‍ക്കുന്ന ഒരു അടിമയുടെ ജീവന്‍ കുരുതികൊടുക്കുന്നതിന് രാജകുമാരി സംശയിക്കുക! അങ്ങിനെയൊന്നും സംഭവിക്കുകയില്ല എന്നു മാത്രമല്ല, ചരിത്രപരവും സാമുഹികപരവുമായ ചില സത്യാവസ്ഥകള്‍ വച്ചുനോക്കുമ്പോള്‍ വീരമൃത്യവടയാന്‍ തനിക്കുള്ള അവസരമായി ഈ ഘട്ടത്തെ അടിമയും അവന്റെ ധൈര്യത്തിനു താന്‍ നല്‍കുന്ന അംഗീകാരമായി രാജകുമാരിയും കണ്ടിരിക്കാനാണ് സാധ്യത. അങ്ങിനെത്തന്നെയാണ് സംഭവിച്ചത് എന്നിരിക്കിലും കഥ ഉള്‍ച്ചിത്രങ്ങള്‍ തേടി പിന്നെയും അലയാന്‍ ധൈര്യപ്പെടണമെങ്കില്‍ പാടിയും പറഞ്ഞുമുറപ്പിച്ച ചരിത്രത്തിനു മുകളില്‍ സ്വൈര്യവിഹാരം നടത്താനുള്ള ധൈര്യം കാലപ്രയാണം കൊണ്ട് കഥയ്ക്ക് സിദ്ധിച്ചിരിക്കണം. അതായത് മറ്റൊരു കാലത്തിന്റെയും സംസ്കാരത്തിന്റെയും മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഒരു പ്രത്യേക കണ്‍കരുത്ത് കഥ ആര്‍ജ്ജിച്ചിരിക്കണം. അതാണ് സംഭവിച്ചതും. കഥ നടന്നുവന്ന വഴിയില്‍ പലതും കണ്ടിരുന്നു, ചരിത്രം കാണാതെ പോയത്.

കഥ കണ്ടത് യുദ്ധനീതികള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കുമിടയിലും ത്രസിച്ചിരിക്കാവുന്ന ത്യാഗത്തിന്റെയോ സ്നേഹത്തിന്റെയോ പഴമ്പുരാണങ്ങളല്ല. യുദ്ധജീവിതങ്ങല്‍ക്കിടയില്‍ സ്നേഹം നിലനില്‍ക്കുന്നത് ഒരുപക്ഷെ മറ്റൊരു വഴിക്കാണ്. കഥ ആ വഴി കണ്ടിരിക്കാനാണിട. ജീവന്റെ ഉല്‍ഭവം മുതല്‍മനുഷ്യന് നിലനില്‍പ്പ് പ്രധാനമാണ്. സ്വന്തം ജീവന്‍ നിലനിര്‍ത്തുവാനുള്ളവഴികള്‍ മാത്രമല്ല, പ്രത്യേകമായ, ഒരു പക്ഷെ ജനിതകമായ, ഒരു ഉള്‍പ്രേരണകൊണ്ട് തന്റെ ജീവന്‍ മറ്റൊരു ജീവനിലേക്ക് കെട്ടിയിടുന്നതിനുള്ള സകല വഴികളും അവന്‍/അവള്‍ അന്വേഷിക്കുന്നു. അതുകൊണ്ട് അസംഖ്യം ബന്ധങ്ങളില്‍ കുരുങ്ങുന്നു. ചിലതില്‍ ജീവനും സ്വത്വവും വെടിഞ്ഞും ലോഹം മാംസത്തില്‍ ഇണക്കിച്ചേര്‍ക്കുന്നതുപോലെ വേദനിച്ചും കുരുങ്ങുന്നു. മനുഷ്യന്റെ ഈ സഹജാവബോധത്തെ നമ്മള്‍ എപ്പോഴും സ്നേഹമെന്നൊക്കെ വിളിച്ച് പരിശുദ്ധപ്പെടുത്തേണ്ടതുണ്ടോ? നിലനില്‍പ്പിനുവേണ്ടിയുള്ള അത്തരം ഒരു നിസ്സഹായത ഈ കഥാപാത്രങ്ങളുടെ ചരിത്രത്തില്‍ കഥ കാണുന്നത് എങ്ങിനെയെന്നു നോക്കു.

നാല്‍പ്പതു നാട്ടുരാജാക്കന്മാരെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള യുദ്ധങ്ങളില്‍ തോല്‍പ്പിക്കുക എന്നത് ശിവനു വലിയ ബുദ്ധിമുട്ടില്ലാത്ത കാര്യമായിരുന്നു. ജീവനോടെ രക്ഷപെടുക എന്നതു മാത്രമേ അവനു ലക്ഷ്യമായുള്ളു. പക്ഷെ മറുപുറത്തുള്ളവര്‍ പയറ്റുന്നത് അഭിമാനത്തിനുവേണ്ടിയാണ്. അതുകൊണ്ടുതന്നെ സര്‍വ്വാടവുകളും കുരുക്കുവഴികളും അവര്‍ ഉപയോഗിക്കും തീര്‍ച്ച. എന്നാലും അവന്‍ ചെറുത്തു നില്‍ക്കുക തന്നെ ചെയ്തു. ഓരോ ജീവന്മരണപോരാട്ടത്തിനും ഒടുവില്‍ അവന്‍ പൂര്‍വ്വാധികം കരുത്തനായി. ഓരോ എതിരാളിയുടെയും തോല്‍വി അവനെ മരണത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ് എന്ന അറിവ് അവനെ ഉന്മത്തനാക്കി. അവളുടെ ജീവിതവിധി നിര്‍ണ്ണയിക്കാന്‍ ഇനി തന്റെ മരണത്തിനു മാത്രമേ അവുകയുള്ളു എന്നത് അവനെ ജേതാക്കളില്‍ ജേതാവാക്കി. അവന്റെ ഓരോ വിജയവും അവളില്‍ നേരിയ ഒരു ആശങ്ക പടര്‍ത്തുന്നത് അവനറിയുന്നാണ്ടിയിരുന്നു. ഒരു വശത്ത് അവനെ തനിക്ക് നഷ്ടപ്പെടാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു എന്ന ഭീതി. മറുവശത്ത് അവനെക്കവിഞ്ഞ് ഇനി ആരും തന്നെ ഉണ്ടാവുകയില്ലേ എന്നതിലെ അരക്ഷിതാവസ്ഥ. വല്ലാത്തൊരു ദുര്‍ഘടത്തിലായിരുന്നു ദുര്‍ഗ്ഗയുടെ മനസ്സ്. മുപ്പത്തിയൊന്‍പതാമത്തെ രാജാവും വീണ നാള്‍ ചക്രവര്‍ത്തിയുടെ ദൂതന്‍ എത്തി. ദിഗ്വിജയിയായ ചക്രവര്‍ത്തി കേവലം ഒരു അടിമയോട് ഒറ്റയ്ക്ക് ദ്വന്ദയുദ്ധത്തിനായി സമ്മതം അറിയിച്ചിരിക്കുന്നു, ദുര്‍ഗ്ഗാവതി എന്ന രത്നം തന്റെ അന്ത:പ്പുരത്തിനു മുതല്‍ക്കൂട്ടാവുന്നതിനു വേണ്ടി മാത്രം.

ഇനി ചരിത്രം കീഴ്മേല്‍ മറഞ്ഞിരിക്കാവുന്നിടത്തേക്കാണ് കഥ പോകുന്നത്. രണ്ടുവഴികളേ ഉള്ളു ചരിത്രത്തിന്. ചക്രവര്‍ത്തിയേ ജയിക്കാന്‍ അടിമക്കാവുകയാണെങ്കില്‍ നാളെ ദുര്‍ഗ്ഗാവതി ഭാരതവര്‍ഷത്തിന്റെ മഹാറാണിയായിത്തീരും. ഇനി അവനെ കൊല്ലാന്‍ ചക്രവര്‍ത്തിക്കായെങ്കിലും ദുര്‍ഗ്ഗാവതി പട്ടമഹിഷിയായി അവരോധിക്കപ്പെടും. അവന്റെ ജയവും തോല്‍വിയും ചരിത്രദൃഷ്ടിയില്‍ ദുര്‍ഗ്ഗാവതിക്ക് ഒരുപോലെ നേട്ടം മാത്രം. ചരിത്രം അതുകൊണ്ട് ഇവിടെ പിന്‍വാങ്ങും. കഥ തുടരുകയും ചെയ്യും. ജയിക്കുന്നതോ തോല്‍ക്കുന്നതോ തനിക്ക് കൂടുതല്‍ നേട്ടം എന്നത് ശിവനെ മാത്രം കുഴക്കിയ ചോദ്യമാവണം. പരിമിതമായ സാഹചര്യങ്ങളിലും മനുഷ്യന് നിലനില്‍പ്പിനുവേണ്ടി തീരുമാനങ്ങള്‍ വേര്‍തിരിച്ചെടുക്കേണ്ടി വരുന്നതുകൊണ്ട് സ്വന്തം മരണം, സ്വച്ഛന്ദ മൃത്യുവല്ലാതിരുന്നിട്ടുപോലും ശിവന്റെ മുന്നില്‍ ഒരു അവസരമായിട്ട് നില്‍ക്കുകയാണ്. ജയം കൊണ്ട് സ്ഥാപിക്കാവുന്നതിലും അര്‍ത്ഥം തോല്‍വി കൊണ്ട് സ്ഥാപിക്കാം എന്ന് അവന്‍ മനസ്സിലാക്കിയിരുന്നു. ജയം കൊണ്ട് അവള്‍ക്ക് രാജ്യം നേടികൊടുക്കാന്‍ തനിക്കായേക്കും. പക്ഷെ തോറ്റുകൊടുത്താല്‍ ഈ ജന്മം അവളുടെ ഹൃദയത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഇടമാണ് തനിക്ക് കൈവരുക. ചക്രവര്‍ത്തിയുടെ മഞ്ചലിന്‍ പാതി തന്റെ ഓര്‍മ്മകള്‍ കൊണ്ട് നനയുന്നതോര്‍ത്ത് തനിക്കു കിട്ടാനിരിക്കുന്ന മരണത്തെ ശിവന്‍ കാമിച്ചുതുടങ്ങി.

നാല്‍പ്പതാമത്തെ രാത്രി ദുര്‍ഗ്ഗ ശിവന്റെ കരുത്തുറ്റ ഉടലിലൂടെ ചൂണ്ടുവിരലുകള്‍ ഓടിച്ച് അവന്റെ കണ്ണുകളിലേക്ക് പടര്‍ന്നു കയറി. നാല്‍പ്പതു ജയങ്ങളുടെ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. വിള്ളലും, കീറലും, കൂട്ടിത്തുന്നലുകളും കൊണ്ട് ഭയാനകമാക്കപ്പെട്ടിരിക്കുന്നു അവന്റെ കറുത്തിരുണ്ട ദേഹം. വലത്തേച്ചുമലിലെ തുന്നിക്കെട്ട് ഇന്നത്തെ വാശിയേറിയ മത്സരത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്തിന്റെ അടയാളമാണ്. അവന്റെ മുഖത്തും നെറ്റിയിലും കവിളത്തുമുള്ള പോറലുകളിലൂടെ വിരലോടിച്ച് ദുര്‍ഗ്ഗ അവന്റെ ഉടലിലേക്ക് ഒട്ടി നിന്നു. അലക്ഷ്യമായി പാറുന്ന എണ്ണപുരളാത്ത ചെമ്പന്‍ മുടിക്കുതാഴെ വിശാലമായ നെറ്റിയില്‍ പല വീതിയിലും ആഴത്തിലുമുള്ള മുറിപ്പാടുകള്‍ വിളിച്ചുപറയുന്ന കഥകള്‍ ഓര്‍ത്തു ദുര്‍ഗ്ഗ. ഒരുപക്ഷെ തനിക്കുമാത്രം അറിയാവുന്ന, താന്‍ മാത്രം ഓര്‍ക്കുന്ന, അവന്‍ പോലും മറന്നുപോയിരിക്കാവുന്ന കഥകള്‍. അംഗത്തട്ടുകളില്‍ അവന്റെ നേരെ നീളുന്ന ഓരോ ആയുധവും തന്റെ കരളിലൂടെ വരഞ്ഞുപോകുമ്പോള്‍ ആധിയോടെ അവനെ പരതുന്ന തന്റെ കണ്ണുകളില്‍ നോക്കി ആഴങ്ങളില്‍നിന്ന് അവന്റെ കണ്ണുകള്‍ തിളങ്ങാറുള്ളത് അവള്‍ ഓര്‍ത്തു. മെലിഞ്ഞുനീണ്ട മുഖത്ത് എഴുന്നുനില്‍ക്കുന്ന കവിളെല്ലുകള്‍ക്കുതാഴെ ഉദാസീനമായി വളരുന്ന അവന്റെ താടിരോമങ്ങളില്‍ കവിള്‍ ഉരസി അവള്‍ ദീര്‍ഘമായി നിശ്വസിച്ചു. നാളെക്കുള്ള മരണത്തിന് ഒരുങ്ങിക്കഴിഞ്ഞതുപോലെ ആലസ്യത്തിലാണ് അവന്റെ ശരീരം. നീണ്ട ഒരു യാത്ര ഒടുങ്ങാന്‍പോവുകയാണല്ലോ എന്ന ആശ്വാസത്തില്‍ അലസമായി ഉയര്‍ന്നുതാഴുന്നുണ്ട് നെഞ്ച്. ഉരുണ്ടുകൂടിയ പേശികളും എഴുന്നുനില്‍ക്കുന്ന എല്ലിന്‍കൂടുമല്ലാതെ തരിമ്പും മാംസം ഈ ശരീരത്തില്‍ ഇല്ല. ഉള്ളിലെക്ക് അമര്‍ന്ന വയര്‍ പോലും പാറപോലെ ഉറച്ച് അവളുടെ കൈകള്‍ക്ക് പിടിതരാതെ നില്‍ക്കുന്നു. നിനക്കു വേണ്ടി നിന്റെ ശരീരം ഒരു തുണ്ടു മാംസം പോലും കരുതുന്നില്ലല്ലോ ശിവാ എന്ന് അവള്‍ കളിയാക്കുന്നത് കെട്ട് പുഞ്ചിരിച്ചും കൊണ്ട് കണ്ണുമടച്ച് മലര്‍ന്ന് കിടക്കുകയാണ് അവന്‍. അവന്റെ ശ്വാസത്തിന് അതേ പതിഞ്ഞ താളമായിരിക്കും, അമര്‍ന്നൊട്ടിയ വയറിനുമീതെ പരതി, പൊക്കിള്‍മൊട്ടില്‍ നഖം അമര്‍ത്തി ഇടുപ്പെല്ലുകളിലൂടെ വരഞ്ഞ് സ്വൈര്യവിഹാരം നടത്തുന്ന അവളുടെ പൂവിതളുകള്‍പോലുള്ള കൈ അതിനും താഴെ തലകുമ്പിട്ടിരിക്കുന്ന ഒരു മുയല്‍ക്കുഞ്ഞിനെ കയ്യിലെടുക്കുന്നതു വരെ. അവളുമായുള്ള യുദ്ധത്തില്‍ അവന്റെ ഏറ്റവും ബലഹീനമായ ഇടം, അവള്‍ തൊടുമ്പോള്‍ പുലരിയുടെ ഭാരം താങ്ങാനാവാതെ തുളുമ്പിവീഴുന്ന പനിനീര്‍ തുള്ളിപോലെ ചിതറിയുടയുന്ന ഇടം. തോല്‍വി നിശ്ചയമായ യുദ്ധത്തില്‍ നെഞ്ചിനുനേരെ നീളുന്ന വാള്‍ കണ്ട് നിശ്ചലനാവുന്ന പോരാളിയെപ്പോലെ അവന്‍ അപ്പോള്‍ ശ്വാസം പിടിച്ച് കിടക്കും. ചിലപ്പോള്‍ അവള്‍ കൊന്നേക്കും, ചിരിച്ചുംകൊണ്ട് ഒരു മുയല്‍ക്കുഞ്ഞിനെപ്പൊലെ അവന്റെ തോല്‍വിയെ കയ്യിലെടുത്ത് ഓമനിച്ചുംകൊണ്ട്. ചിലപ്പോള്‍ അവള്‍ മരണം പോലും നിഷേധിച്ചുകളയും, തന്റെ ചുണ്ടുകള്‍ ചേര്‍ത്തുവച്ച് ചത്ത മുയല്‍ക്കുഞ്ഞിനു ജീവന്‍ പകര്‍ന്നുകൊടുക്കാന്‍ ശ്രമിച്ചുകൊണ്ട്. അപ്പോള്‍ അവന്റെ സപ്തനാഡികളിലേയും രക്തം വലിച്ചൂറ്റി വളരുന്ന ഒരു ദുര്‍ദേവതയാവും മുയല്‍ക്കുഞ്ഞ്. ഉള്ളില്‍ അവള്‍ക്കായി ഉറഞ്ഞുകൂടുന്ന രക്തം തിളച്ചുമറിഞ്ഞ് ഞരമ്പുകളേ പൊള്ളിക്കുമ്പോഴും ഒഴിഞ്ഞുപോകാനുള്ള വഴികാണാതെ ഹൃദയത്തിലേക്ക് ലാവപോലെ തിരികെ ഒഴുകിത്തീരുന്നിടം വരെ ജീവിച്ചിരിക്കണം അവന്. ഓരോ തവണയും തിരിച്ചൊഴുകുന്ന ഈ ലാവയാകണം അവളോടുള്ള സ്നേഹവും അഭിനിവേശവുമായി വീണ്ടും വീണ്ടും പതഞ്ഞൊഴുകുന്നത്. ഒന്നു കൊന്നും ഒന്ന് ജീവിപ്പിച്ചും കണ്ണേറ് കളിക്കയാണ് ഇപ്പോള്‍ അവള്‍. എറിഞ്ഞുടയ്ക്കുന്നതിനു മുന്നെ കളിപ്പാട്ടം കൊണ്ട് ഇനി ഒരിക്കലും കളിക്കാനാവാത്ത കളി വാശിയോടെ കളിക്കുന്ന കുറുമ്പന്‍ കുട്ടിയേപ്പൊലെ. ആറടി ഉടലില്‍ നിന്ന് ആറിഞ്ചു നീളത്തിലെക്ക് ഒതുങ്ങി എത്ര തവണ മരിച്ചുജീവിച്ചു എന്ന് തിട്ടമില്ലാതെ അവന്‍ അടിഞ്ഞുകിടന്നു. പതിവിലും നീണ്ട കളിയാണ് ഇന്ന് അവള്‍ കളിക്കുന്നത്. തന്നെ ഇല്ലാതാക്കുന്ന ഈ കളി ഇനി അവള്‍ക്ക് ഒരിക്കലും കളിക്കാനാവുകയില്ലല്ലോ എന്നോര്‍ത്ത് ഓരോ ഉയിര്‍ത്തെഴുന്നേല്‍പ്പിനും ശേഷം ഓരോ മരണത്തിനും മുന്നേ അവന്‍ അവളുടെ മുഖം കയ്യിലെടുത്ത് നിറുകില്‍ ചുണ്ടുചേര്‍ക്കും, ആശ്വസിപ്പിക്കാനെന്നപോലെ.

നാളെ പുലരുന്ന നിര്‍ണ്ണായകദിവസം തനിക്ക് ഈ ശരീരം നേടിത്തരാന്‍ പോകുന്നതെന്തെന്ന് ഓര്‍ത്ത് ദുര്‍ഗ്ഗ അവന്റെ ഉടലിനെ അളവറ്റ് ആരാധിച്ചുതുടങ്ങിയിരുന്നു. അത് തോല്‍ക്കുന്നത് തനിക്ക് സങ്കല്‍പ്പിക്കാനാവുന്നില്ല എന്ന് ഒരുവേള അവളും ഓര്‍ത്തു. താന്‍ പറയുന്നിടത്തേ അതു തോല്‍ക്കയുള്ളു. നാളെ തോല്‍പ്പിക്കാനായില്ലെങ്കില്‍ തനിക്കൊരുപക്ഷെ ഒരിക്കലും അതിനുകഴിയുകയുമില്ല. എന്നാല്‍ സത്യത്തില്‍ അതിന്റെ തോല്‍വി തന്റെ മാത്രം തോല്‍വിയാകും എന്ന് ഭയപ്പെട്ട് ചാവാതെ പിടിച്ചു നില്‍ക്കണം എന്ന് അവനോട് ആവശ്യപ്പെടാനും അവള്‍ ഉദ്ദേശിച്ചു. വളരെ തരളമായ ഒരു അവസ്ഥയില്‍ എന്തുകൊണ്ട് ചക്രവര്‍ത്തിയോട് അവനെ കൊല്ലാതെ വിട്ടുതരണം അവന്‍ തോറ്റു തരും എന്ന് താന്‍ നേരിട്ട് ആവശ്യപ്പെട്ടുകൂടാ എന്നു വരെ ചിന്തിച്ചുപോയിരുന്നു അവള്‍. പക്ഷെ ഈ സങ്കീര്‍ണ്ണത താനും തന്റെ അടിമയും മാത്രം ഉള്‍പ്പെടുന്ന അവസ്ഥയാണ് എന്ന് തിരിച്ചറിഞ്ഞ് മനസ്സിനെ ബലപ്പെടുത്തിയെടുക്കുകയായിരുന്നു. ഈ രാത്രി അവന്റെ ശരീരത്തിനു മേലുള്ള തന്റെ ജയം പൂര്‍ണ്ണമാക്കിയാലെ നാളെ പകല്‍ അവന്റെ മരണം ജന്മം മുഴുവന്‍ പടരുന്ന തന്റെ തോല്‍വിയായിത്തീരാതിരിക്കയുള്ളു എന്ന് പതിയേ ദുര്‍ഗ്ഗയ്ക്ക് മനസ്സിലായി. അവന്റെ മരണവും തന്റെ സ്വന്തമായിരിക്കണം. സ്വന്തമാക്കലിലൂടെ തോല്‍വിയെ ചെറുക്കാനായി രാത്രിയുടെ രണ്ടാം യാമത്തില്‍ അവന്റെ മുറിവുകളോട് ചേര്‍ന്നു കിടന്ന് അവള്‍ അവനുവേണ്ടി പിന്നെയും ചങ്ങലകള്‍ തീര്‍ത്തു.

മത്സരത്തിനുമുന്നേ ചക്രവര്‍ത്തിയേ കണ്ട് ഒരു വിവരം ധരിപ്പിക്കണമെന്ന് രാജകുമാരി ശിവനോട് ആവശ്യപ്പെട്ടു. രാജകുമാരിക്ക് അദ്ദേഹത്തിലുള്ള താല്‍പ്പര്യം മൂലം തോറ്റുകൊടുക്കാന്‍ തന്നോട് കല്‍പ്പിച്ചിരിക്കയാണ് എന്നതാണ് അവന്‍ ചക്രവര്‍ത്തിയേ ധരിപ്പിക്കേണ്ടത്. എന്നാല്‍ മത്സരത്തില്‍ കളവു നടന്നു എന്ന് ഒരു കാരണവശാലും ജനം അറിയരുത്. അതുപോലെ, തോറ്റു തരുന്ന തന്നെയാണ് ചക്രവര്‍ത്തി തോല്‍പ്പിക്കേണ്ടത് എന്നറിഞ്ഞാല്‍ ധീരനായ അദ്ദേഹത്തിന്റെ അഭിമാനം അതനുവദിക്കുകയില്ല. അതിനാല്‍ തോറ്റുതരുന്നതിന് താന്‍ തയ്യാറല്ല എന്നും കൂടെ അവന്‍ ചക്രവര്‍ത്തിയേ ധരിപ്പിക്കണം. കാരണമായി എന്തും പറയാം. തൊല്‍വി വീരന്മാര്‍ക്കു ചേര്‍ന്നതല്ല എന്നോ, തുല്യനായ എതിരാളിയുടെ കൈകൊണ്ടുള്ള വീരമരണമാണ് തനിക്കു വേണ്ടത് എന്നോ അതുമല്ലെങ്കില്‍ താന്‍ ജീവിച്ചിരിക്കെ രാജകുമാരിയേ മറ്റൊരാളുടേതായി കാണാന്‍ കഴിയില്ലയെന്നോ എന്തുമാവാം കാരണം, അതവന്റെ താല്‍പ്പര്യം പോലെപറയാം. പക്ഷെ മത്സരത്തട്ടില്‍ യഥാവിധിയുള്ള യുദ്ധത്തിനു ശേഷം ചക്രവര്‍ത്തിയുടെ കൈകൊണ്ട് അവന്‍ വീണിരിക്കണം എന്ന് രാജകുമാരി കല്‍പ്പിച്ചു. സ്വയം തോല്‍ക്കാനുള്ള തീരുമാനമാണത് എന്നറിഞ്ഞുകൊണ്ടുതന്നെ.

തന്റെ ഉരുക്കുപോലിരിക്കുന്ന ദേഹത്ത് ഇളം തളിരു പോലെ പറ്റിക്കിടന്ന് നാളത്തെ പട്ടമഹിഷി വികാരങ്ങളുടെ വേലിയേറ്റം കൊണ്ട് തളരുകയാണ്. ചക്രവര്‍ത്തിയോടുള്ള താല്‍പ്പര്യം പോലും! മണ്ണിനോ നാടിനോ വേണ്ടിയുള്ള ഭ്രമമല്ലാ ഇവള്‍ക്ക് എന്ന് വര്‍ഷങ്ങള്‍ക്കുമുന്നെ, തമ്മില്‍ കണ്ണുകള്‍ തടഞ്ഞ ആ നിമിഷം താനറിഞ്ഞതാണ്. സ്വന്തമാക്കലിന്റെ മുഴുവന്‍ അര്‍ത്ഥവും എന്താണെന്ന് ലോകം ഇവളില്‍ നിന്ന് പഠിക്കട്ടെ. ഇവള്‍ തന്നെ പ്രണയിച്ചു കൊല്ലുകയാണ്. താന്‍ എങ്ങിനെ മരിക്കണമെന്ന് അവള്‍ തീരുമാനിക്കണമെന്ന് ! അതുപോലും തനിക്ക് വിട്ടുതരാന്‍ കഴിയാത്തത്രയും തന്നെ അടിമപ്പെടുത്തുകയാണ് പെണ്ണ്. തിരികെ പിടിക്കാന്‍ തനിക്കും ഈ ആയുധം മാത്രമേ വേണ്ടു. അവളുടെ അകക്കാമ്പുവരെ പടരുന്ന രക്തം ചിന്തുന്ന ഓര്‍മ്മയായിമാറുക. തന്റെ ഓര്‍മ്മകളുടെ അടിമയായിവേണം അവള്‍ ജീവിക്കാന്‍. അതിനുവേണ്ടി മാത്രമായിരിക്കും താന്‍ മരിക്കുക. അവള്‍ക്ക് ഇഷ്ടമുള്ളതുപോലെ, അവള്‍ ആഗ്രഹിക്കുന്നതുപൊലെ. ഈ യുദ്ധത്തില്‍ മരിക്കുന്നവനായിരിക്കും ജയിക്കുക. തോല്‍പ്പിച്ചവള്‍ തോല്‍ക്കുകയും ചെയ്യും. സ്നേഹം ഒരു യുദ്ധമാണ്. വേറിട്ട നിയമങ്ങളാണതിന്റെ. താന്‍ മരിക്കണമെന്ന് ആജ്ഞാപിക്കുന്നവള്‍ തന്റെ മരണത്തിന് അടിമപ്പെടാന്‍ പോവുകയാണെന്നോര്‍ത്ത് അവളുടെ വിരല്‍നഖങ്ങള്‍ തന്റെ മുറിവുകളില്‍ പടര്‍ത്തുന്ന സുഖമുള്ള നീറ്റലില്‍ ശിവന്‍ മയങ്ങി.

ഇടയ്ക്ക് ഉണര്‍ന്നപ്പോള്‍ ഉറക്കമില്ലാതെ കണ്മിഴിച്ചുകിടക്കുന്ന രാജകുമാരിയെയാണ് അവന്‍ കണ്ടത്. അവളെ എതവസ്ഥയിലും ഉറക്കാന്‍ ആയിരുന്നല്ലോ തനിക്ക് എന്നോര്‍ത്തു വിഷമിക്കുന്ന ശിവനോട് രാജകുമാരി നാലു ചോദ്യങ്ങള്‍ ചോദിച്ചു. അവളുടെ ചോദ്യങ്ങളും അവന്റെ ഉത്തരങ്ങളും കേള്‍ക്കാതിരിക്കാന്‍ കഥയ്ക്കാവില്ല.

“ മരിക്കാന്‍ നിനക്ക് പേടിയില്ലെന്നെനിക്കറിയാം. പക്ഷെ എന്നെ വിട്ടുപോകാന്‍, നാളെമുതല്‍ എന്നെ ഒരിക്കലും കാണുകയില്ലെന്ന് ഓര്‍ക്കാന്‍ നിനക്ക് പേടിയില്ലേ ശിവാ..?”
“....മരണത്തിനപ്പുറവും കാറ്റായും, വായുവായും, മഴയായും വെയിലായും ഒക്കെ അങ്ങയുടെ ചുറ്റും ഞാന്‍ ഉണ്ടാവാം എന്ന ആശ്വാസം.,അതെത്ര വിഡ്ഡിത്തമാണെങ്കില്‍ പോലും വലിയ ശക്തിയാണ്, പേടിക്കാതിരിക്കാനുള്ള വിദ്യ‍. ഒരുപക്ഷെ എന്റെ ഭാവനയുടെ കരുത്തായിരിക്കും അത്...ശരീരം കൂടെയില്ലല്ലോ എന്നോര്‍ത്ത് നിഴലിനു വിഷമിക്കേണ്ടി വരുമോ എന്നെങ്കിലും? സങ്കല്‍പ്പിക്കാനാവുമെങ്കില്‍ അങ്ങെക്ക് മനസ്സിലാവും അത്. ”

“..എല്ലാം വലിച്ചെറിഞ്ഞ് സ്നേഹഗ്രാമത്തിലെ ഏതെങ്കിലും കൂരയിലേക്ക് നമുക്ക് പോയി ഒളിച്ചുകൂടെ എന്നു തോന്നുന്നില്ലെ ശിവാ...?”
സ്നേഹഗ്രാമത്തിലെ കൂരയില്‍ എന്റെ തമ്പുരാട്ടി ഉണ്ടാവില്ലല്ലോ, ഈ മനസ്സിന്റെ ഒരു പാതിമാത്രം, അതും അങ്ങേയ്ക്ക് സ്വന്തമല്ലാത്ത ഒരു പാതി എനിക്കെന്തിന്? എനിക്ക് അങ്ങയെ മുഴുവനും വേണം.”

“..നാളെ ഒരുപക്ഷെ നീ ചക്രവര്‍ത്തിയേ തോല്‍പ്പിക്കയാണെങ്കില്‍ ഞാന്‍ മഹാറാണിയാവും, എന്നിട്ട് നമ്മള്‍ വിവാഹം കഴിച്ചാല്‍ നീ ഭാരതവര്‍ഷത്തിന്റെ ചക്രവര്‍ത്തിയും. ചരിത്രം അങ്ങിനെ തിരുത്താന്‍ നമുക്കാവില്ലെ ശിവാ..?”
“ചരിത്രം തിരുത്താന്‍ വേണ്ടി കഥകള്‍ എഴുതാന്‍ കഴിയില്ല തമ്പുരാട്ടി. ചക്രവര്‍ത്തിയാകാന്‍ വേണ്ടി യുദ്ധം ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഒരുപക്ഷെ ഒരു യുദ്ധവും ജയിക്കില്ലായിരുന്നു. ഞാന്‍ യുദ്ധം ചെയ്തത് അങ്ങയ്ക്കുവേണ്ടി മാത്രമാണ്, അതുകൊണ്ടാവും ഒരു ആയുധത്തിനും എന്നെ ഇന്നുവരെ കീഴ്പ്പെടുത്താന്‍ കഴിയാഞ്ഞതും. എന്റെ സ്നേഹത്തിന്റെ ശക്തിയാണ് അത്. എനിക്കുവേണ്ടത് അങ്ങയേ മാത്രം, മറ്റൊന്നും എന്നെ മോഹിപ്പിക്കുന്നതേയില്ല.”

“ ...അപ്പോള്‍ ഞാന്‍, എല്ലാം മോഹിക്കുന്ന ഞാന്‍, നിന്നെയും കവിഞ്ഞ് പലതും മോഹിക്കുന്ന ഞാന്‍, നിന്നിലൂടെ പിന്നെയും മോഹിക്കുന്ന ഞാന്‍, നിന്നെ ജയിക്കുവാനായി എന്റെ തോല്‍വി മോഹിക്കുന്ന ഞാന്‍ ,നിന്നോട് തോല്‍ക്കാന്‍ നിന്റെ മരണവും കൂടെ മോഹിക്കുന്ന ഞാന്‍ , ‍‍..നിന്നെ സ്നേഹിക്കുന്നില്ല എന്നാണോ..?”

ആ ചോദ്യത്തിന്റെ ഉത്തരം അവനറിയില്ലായിരുന്നു. കഥയില്‍ പോലും.

അവസാനത്തേ ചോദ്യം അവന്റേതായിരുന്നു. എന്തില്‍നിന്നൊക്കെ മോചിപ്പിച്ചാലും ആ ചോദ്യത്തില്‍ നിന്ന് അവനെ മോചിപ്പിക്കാന്‍ തനിക്ക് ആവുകയില്ലല്ലോ എന്ന് അവള്‍ ഓര്‍ത്തു.
“ എന്നെ വരി ഉടച്ചു കളഞ്ഞത് ഒരൊറ്റ അവയവത്തോടുള്ള ഭയം കൊണ്ടല്ലെന്നറിയാം. വെറുപ്പ്..?”
“ അല്ല. ആ ഭയത്തില്‍ നിന്ന്, വെറുപ്പില്‍ നിന്ന്, നിന്റെ സ്വന്തം തടവറയില്‍ നിന്ന് നിന്നെ മോചിപ്പിച്ച് എന്നിലേക്ക് തളച്ചിടാന്‍ വേണ്ടി. മുഴുവന്‍ ശരീരം കൊണ്ടും എന്നെ സ്നേഹിക്കുന്നതെങ്ങിനെയെന്ന് നീ അറിയുന്നതിനുവേണ്ടി.”
" ആ ശിക്ഷണം കഴിഞ്ഞോ?” അവന്റെ ചോദ്യത്തിലെ നിസ്സഹായമായ പരിഹാസം, സ്വയം പീഢ തന്നിലേക്ക് രൂക്ഷമായി നീണ്ടതുകൊണ്ട് മാത്രമല്ല അവള്‍ പതറിയത്. ഞാന്‍ നിന്നോട് എന്താണ് ചെയ്തത് എന്ന അന്തിമമായ കുറ്റഗ്രസ്തമായ ചോദ്യം അവള്‍ ചോദിക്കുന്നതിനു മുന്നേ അവന്‍ പറഞ്ഞു.
“ അവനവനോട് ചെയ്തത് മാത്രമേ നാം അന്യോന്യം ചെയ്തുള്ളു. വസന്തം പൂക്കളോട് ഒന്നും ചെയ്യുന്നില്ല. കാലം പൂക്കളാവുകയാണ് സ്വയം. അല്ലെ?”


മുഴുവന്‍ ശരീരം കൊണ്ടുമുള്ള സ്നേഹം മരണം തന്നെയല്ലെ? അതുകൊണ്ടാവണം നീ മരിക്കുന്നത് എനിക്ക് തൊട്ടറിയണം ശിവാ എന്നവള്‍ പറഞ്ഞത് നിന്റെ സ്നേഹം മുഴുവന്‍ എനിക്ക് വേണം എന്നായിട്ടേ അവനു തോന്നിയുള്ളു. ചക്രവര്‍ത്തി വെട്ടിക്കീറിയിട്ടാലും താന്‍ മരിക്കാന്‍ പോകുന്നില്ല എന്നവനറിയാമായിരുന്നു. മിടിച്ചുകൊണ്ടിരിക്കുന്ന തന്റെ നെഞ്ചിനുമുകളില്‍ അവളുടെ ജീവിതസൌധം അവള്‍ പണിതുയര്‍ത്തട്ടെ. ചവിട്ടുപടികള്‍ക്കു താഴെ തണുത്തമണ്ണിന്റെ ആഴങ്ങളില്‍ നിന്ന് തന്റെ ശ്വാസം അവളുടെ ചുവടുകള്‍ സ്പര്‍ശിച്ചറിഞ്ഞുകൊണ്ടിരിക്കും. അല്ലാ... അവളുടെ ഓരോ ചുവടും താങ്ങുന്നത് തന്റെ ശ്വാസമായിരിക്കും. ചക്രവര്‍ത്തിയുടെ കൈകൊണ്ട് ഇന്നയിന്ന ഇടങ്ങളില്‍ മുറിഞ്ഞ് എവ്വിധമാണ് അവന്‍ പോര്‍ക്കളത്തില്‍ മരിക്കാന്‍ കിടക്കേണ്ടത് എന്ന് ദുര്‍ഗ്ഗ അവനു പറഞ്ഞുകൊടുത്തു. മണ്ഡപത്തിലേക്കുള്ള തണുത്തമണ്ണ് അവനുമീതെ വന്നുവീഴുമ്പോള്‍ അവന്‍ ഓര്‍ക്കേണ്ടത് വിവാഹവസ്ത്രങ്ങളില്‍ അതിസുന്ദരിയാവുന്ന അവളെയായിരിക്കണം എന്ന് അവള്‍ പറയാതെ തന്നെ അവനറിയാമല്ലൊ. ആഢംബരമായ വിവാഹകര്‍മ്മങ്ങള്‍ക്കുശേഷം ഇറങ്ങിവരുന്ന അവളുടെ എത്രാമത്തെ ചുവടിന്റെ സ്പര്‍ശമേറ്റാണ് താന്‍ മരിക്കേണ്ടത് എന്നുമാത്രമേ ഇനി അവനറിയാനുള്ളു. ഒന്നോ, രണ്ടോ, പതിനഞ്ചോ, ഇരുപത്തിരണ്ടോ...?

രാജകുമാരി ആഗ്രഹിച്ചതുപോലെ തന്നെ, തോല്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും തോല്‍ക്കാന്‍ തയ്യാറല്ലാത്ത ധിക്കാരിയായ അടിമയായി ചക്രവര്‍ത്തിക്കുമുന്നില്‍ സ്വയം സ്ഥാപിച്ച് പിറ്റെന്ന് അവന്‍ വീറോടെ പൊരുതി. അവള്‍ ആഗ്രഹിച്ചതുപോലെ തന്നെ ചക്രവര്‍ത്തിയറിയാതെ തോറ്റുകൊടുക്കുകയും ചെയ്തു. ചക്രവര്‍ത്തിയുടെ വാള്‍മുനകോര്‍ത്ത കഴുത്തുമായി ചോരവാര്‍ന്ന് കമിഴ്ന്നുകിടന്ന അവന്റെ ശരീരത്തിനുമുകളിലൂടെ ജയഭേരികളും കാഹളങ്ങളുമായി ആളുകള്‍ തിമര്‍ത്തു. തളം കെട്ടി നില്‍ക്കുന്ന സ്വന്തം രക്തത്തില്‍ കവിളമര്‍ത്തി ഓരോ അംഗങ്ങളിലുമായി പടരുന്ന മരണവേദനയിലും പിടയാതെ തനിക്കുള്ള മരണസമ്മാനവുമായി വരുന്ന അവളുടെ ചുവടിനായി കാത്തു കിടന്ന്‍ അവന്‍ ചരിത്രമായി. പക്ഷെ കഥ സ്വയം അവസാനിപ്പിക്കാനാവതെ ഗതിമുട്ടി ഇരുകര കവിഞ്ഞ് ഭ്രാന്തുപിടിച്ച് പാഞ്ഞത് ഇവിടെ നിന്നുമാവണം.

മത്സരം നടന്ന മണ്ണില്‍ രാജകുമാരിയുടെ കല്‍പ്പനപ്രകാരം വിവാഹമണ്ഡപം ഉയര്‍ന്നു. ഉയരുന്ന വേദിക്ക് കീഴെ അവന്‍ ഉറഞ്ഞു കിടപ്പുണ്ടെന്ന ഓര്‍മ്മയോടെ ദുര്‍ഗ്ഗ കതിര്‍മണ്ഡപത്തിലേക്ക് കയറി. ഓരോ ചുവടുവയ്പ്പിനു കീഴെയും അവന്റെ ശ്വാസം തറഞ്ഞു നില്‍ക്കുന്നതറിഞ്ഞ് വേദിയെ വലം വച്ചു. അവന്റെ മടിത്തട്ടിലെന്നപോലെ ഇരുന്ന് ചക്രവര്‍ത്തിയുടെ പട്ടമഹിഷിയായി. വിവാഹശേഷം മണ്ഡപത്തില്‍നിന്ന് ഇറങ്ങി അവസാനത്തെ പടിയില്‍ പാദമൂന്നി കൈകള്‍കൂപ്പി ഞൊടിയിട അവള്‍ നിന്നത് കുലദൈവങ്ങള്‍ക്കും ഭൂമിദേവിക്കും ആചാരമര്‍പ്പിക്കാനായിരിക്കുമെന്ന് ജനം കരുതി. ഇളം മണ്ണിലൂടെ പകര്‍ന്നുവരുന്ന അവന്റെ ഉച്ഛ്വാസത്തിന്റെ ചൂട് കാല്‍വിരല്‍ കൊണ്ട് തൊട്ടറിയാതെ അവള്‍ക്ക് പോകാനാവുകയില്ലായിരുന്നു, ശ്വസിക്കാന്‍ പോലുമാകുകയില്ലായിരുന്നു എന്ന് ആരറിഞ്ഞു? തന്റെ ചുവടുകളിലൂടെ താന്‍ പകരേണ്ട അവസാനത്തെ ആ അടയാളത്തിനു വേണ്ടി കാത്തുകിടക്കുകയാണ് അവന്‍. വിരല്‍ ഒന്ന് ഊന്നുകയേ വേണ്ടു അവന്റെ പ്രാണന്‍ എന്നേയ്ക്കുമായി പിരിഞ്ഞുപോകാന്‍, തങ്ങളിരുവരുമാകുന്ന വേദനയില്‍ നിന്ന് അവന്‍ മാത്രം സ്വതന്ത്രനാവാന്‍. എന്നാല്‍ മരണത്തേക്കാള്‍ വലിയ അനിശ്ചിതാവസ്ഥ അവനു കല്‍പ്പിച്ച് ദുര്‍ഗ്ഗ നടന്നകലുകയാണ് ഉണ്ടായത്. ഒരടയാളം ബാക്കി വച്ചിരിക്കണം എല്ലാ സ്നേഹങ്ങളും.

സ്വന്തം നേട്ടത്തിനുവേണ്ടി അടിമയെ കുരുതിക്കൊടുക്കുകയായിരുന്നു രാജകുമാരി എന്ന് അന്നും ചിലര്‍ വ്യാഖ്യാനിച്ചു. അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ പിന്‍ബലത്തില്‍ ഇതില്‍ അസ്വാഭാവികമായി ഒന്നും കാണാതെ ചരിത്രം ഒരുപക്ഷെ രാജകുമാരിക്ക് മാപ്പുകൊടുത്തിരിക്കാം. മാറിവരുന്ന വായനകളില്‍ ഒരുപക്ഷെ ദുര്‍ഗ്ഗാവതിയുടെ ചരിത്രം രാജാധികാരത്തിന്റെയും ചൂഷണത്തിന്റെയും വ്യവസ്ഥയുടെയും തിന്മകളെക്കുറിച്ച് വ്യാഖ്യാനിക്കാന്‍ ഉപയോഗിക്കപ്പെട്ടിരുന്നിരിക്കാം. പക്ഷെ ദുര്‍ഗ്ഗാവതി ചരിത്രത്തില്‍ നിന്ന് വഴുതിപ്പോവുകയാണുണ്ടായത്. ഒരു പെണ്ണിന്റെ ജീവിതാസക്തികളേക്കൊണ്ട് അവളുടെ വേറിട്ട പടയോട്ടങ്ങളേക്കൊണ്ട്ചരിത്രത്തിനുവലിയപ്രയോചനമില്ലെന്നറിഞ്ഞോ മറ്റോ കാലം അവളെ തേച്ചുമാച്ചുകളഞ്ഞിരിക്കാമെന്നതാണ് ഒരു സാധ്യത. ആര്യപുത്രന്റെ ശക്തിസ്രോതസ്സാവുന്ന ധീരപത്നികളേയോ അവന്റെ അധികാര ഇടങ്ങളുടെ സൂക്ഷിപ്പുകാരികളായി ജാന്‍സിയിലോ രജപുത്താനയിലെ യുദ്ധഭൂമികളിലോ മരിച്ചുവീണവരെയോ ഒക്കെ ചരിത്രം വലവീശിപ്പിടിച്ച് സൂക്ഷിച്ചു വയ്ക്കും. അതില്‍ ഉള്‍പ്പെടാത്തവരുണ്ടെങ്കില്‍ ചില ഇരുണ്ട ഏടുകളിലാണ് അങ്ങിനെയുള്ളവരുടെ രേഖകള്‍ ചരിത്രം സൂക്ഷിക്കാറുള്ളത്. പല കാലങ്ങളും താണ്ടുന്ന കൂട്ടത്തില്‍ ദുര്‍ഗ്ഗാവതി ഇടയ്ക്കെപ്പഴൊക്കെയോ അത്തരം കാരാഗ്രഹങ്ങളിലും അട്യ്ക്കപ്പെട്ടിരുന്നു. കാമാതുരയും ഭോഗിയുമായ ഒരു ചക്രവര്‍ത്തിനിയായി അന്നെരങ്ങളില്‍ അവള്‍ അറിയപ്പെട്ടു. നേരായതും വക്രിച്ചതുമായ പല പാതാളവ്യൂഹങ്ങളും താണ്ടി, ഒരു ചരിത്രാഖ്യാനങ്ങള്‍ക്കും പിടികൊടുക്കാതെ ദുര്‍ഗ്ഗ നിരന്തരമായി സ്വയം രക്ഷപ്പെടുത്തുകയാണോ ഇനി?

മറുവശത്ത് കഥ ദുര്‍ഗ്ഗാവതിയെ തിരഞ്ഞുകൊണ്ടിരുന്നു. അത് സ്വാര്‍ത്ഥയും ക്രൂരയും അധികാരമോഹിയുമായ മഹാറണി ദുര്‍ഗ്ഗാവതിയേയും സ്നേഹഗ്രാമത്തിലേക്കുള്ള പാതയിലെവിടെയോ ശ്വാസം ഉടക്കി, താന്‍ വരിയുടച്ചുകളഞ്ഞ പാഴ്വിത്ത് കളഞ്ഞുപോയതെവിടെയെന്നു പരതുന്ന പാവം പെണ്ണിനേയും പിന്നെ സ്നേഹാധികാരങ്ങള്‍ക്ക് പുതിയ ഭാഷ്യം കൊടുത്ത രാജകുമാരിയേയും ചരിത്രരേഖകളില്‍ തിരഞ്ഞുകൊണ്ടിരുന്നു. എഴുതപ്പെടാത്ത ചരിത്രങ്ങള്‍ ഒളിച്ചിരിക്കുന്ന നിലവറകളില്‍പ്പോലും ദുര്‍ഗ്ഗാവതിയേ കാണാഞ്ഞ് കഥ ഗതികിട്ടാതെ അലഞ്ഞു.

ഇനി നിങ്ങള്‍ പറയൂ..പലതായിപ്പിളര്‍ന്ന് കല്‍പ്പനകളില്‍ ഒതുങ്ങിയ ദുര്‍ഗ്ഗയാണൊ അതോ ഒറ്റയായി നിന്ന് ചരിത്രമായ ശിവനാണോ കൂടുതല്‍ സ്നേഹിച്ചത്?

********************************