Monday, August 27, 2007

വേരുകളില്ലാത്ത ചിലരെക്കുറിച്ച്

ചില നിയോഗങ്ങള്‍ നമ്മേ തേടി എത്തുന്നതു വിചിത്രമായ വഴികളിലൂടെയാവാം. എന്റെ മനസ്സിലേക്ക് കര്‍ണ്ണന്റെ രൂപം കയറിക്കൂടിയതും അങ്ങിനെ തന്നെ. കുട്ടിക്കാലം മുതല്‍ക്കുള്ള ഒരു അഭിനിവേശമാണ് അനാഥത്വം എനിക്ക്. ഉപേക്ഷിക്കപ്പെട്ടവനെന്ന നിലക്കാണ് കുന്തീപുത്രനെ ആദ്യം ആരാധിച്ചു തുടങ്ങിയത്. മാരാരുടെയും പീറ്റര്‍ ബ്രൂക്കിന്റെയും കര്‍ണ്ണചിത്രങ്ങളിലൊക്കെ ഭ്രമിക്കുകയും ചെയ്തു. ഒടുക്കം ശിവജി സാവന്തിന്റെ മ്രുത്യുഞ്ജയനിലെത്തിയപ്പോളാണ് എന്റെ ആരാധന പൂര്‍ണ്ണമായത്. എന്റെ സങ്കല്പത്തിലെ കര്‍ണ്ണന് ഒരു സ്വത്വം കിട്ടിയതു പോലെ. അവസാന ശ്വാസത്തോടൊപ്പം അസ്പഷ്ടമായി കര്‍ണ്ണനുച്ഛരിക്കുന്ന വാക്കുകളുടെ അര്‍ത്ഥമന്വേഷിക്കുന്നത് ശ്രീകൃഷ്ണനാണ് എന്നതൂം എന്റെ ചില ഉത്തരം മുട്ടലുകള്‍ക്കുള്ള അറുതിയായി. വൃഷാലിയെന്നാണൊ പാഞ്ചാലിയെന്നാണോ, രാധാമാതയെന്നണോ കുന്തീമാതായെന്നോ, ശോണനെന്നൊ അറ്ജ്ജുനനെന്നൊ…എന്താണ് കര്‍ണ്ണന്റെ അമൂറ്ത്തമായ വാക്കുകളെന്ന് മനസ്സിലവുന്നില്ല കൃഷ്ണന്…ജന്മോദ്ദേശങ്ങളുടെ പരമ്പൊരുളറിഞ്ഞ ഗീതാധീശനു പോലും മനസ്സിലാവുന്നില്ല, സ്നേഹമെന്ന ചുഴിയില്പെട്ടുഴലുന്ന തന്നിലെ തന്നെ തിരയുന്ന ഒരു പാവം മാനവ യോദ്ധാവിന്റെ ആത്മപീഡ! അര്‍ജ്ജുനന് ഉപദേശിച്ചവ ഇവിടെ പാഴ് വാക്കാവും എന്ന് കള്ളക്കൃഷ്ണ്‍ന് ‍നന്നായിട്ടറിയാമായിരുന്നിരിക്കും! ഗീതയുടെ കയ്പ്പേറിയ നേരുകള്‍ക്കും മീതെ ഒരുപക്ഷെ സ്നേഹത്തിന്റെ ഒരു ഊഷ്മള സത്യം നിലനില്‍ക്കുന്നുന്ടാവുമൊ? അങ്ങിനെ ഒന്നുണ്ടെങ്കില്…ആ ലോകതിന്റെ അധീശത്ത്വം കര്‍ണ്ണനുളളതാണ്…ഒരു ജീവിതം കൊണ്ട് പറയാതെ പറഞ്ഞു പോയ പരമാര്‍ത്ഥസൂക്തങ്ങളാവാം ആ ലോകത്തിനാധാരം.. കര്‍ണ്ണദര്‍ശനത്തിന്റെ പുണ്യം വായിച്ചെടുക്കാനായി യോഗശ്ശക്തിയോ തപശ്ശക്തിയോ ഒന്നും വേണ്ടാ…സ്നേഹിച്ചു ജീവിക്കുക എന്ന കൊച്ചു നാട്ടറിവു മതി.

ഓരോ പുസ്തകവും പല വ്യക്തികളെയും കൊണ്ടാണ് എന്റെ ജീവിതത്തിലേക്ക് കയറിവരുക പതിവ്. ഏന്‍. മോഹനന്റെ “ഇന്നലത്തെ മഴ”, വരരുചിക്കു മുന്നെ ഒരു സുഹ്രുത്തിനെയും തന്നു. ആ പുസ്തകം എനിക്കു പരിചയപ്പെടുത്തിയതും ആ വ്യക്തിതന്നെ. വ്യക്തികളെ പുസ്തകങ്ങളില്‍നിന്നും വേറ്പ്പെടുത്താനവാത്തത് എന്റെ മറ്റൊരു നിയോഗം! ചിലപ്പോഴെങ്കിലും എന്റെ വായന വ്യക്തികളിലേക്ക് അതിക്രമിച്ച് ഒരു “metareading” ആവുന്നുണ്ടോ? കേവലം ആകസ്മികതക്കപ്പുറം വ്യവസ്തകളോടുള്ള ചെറുത്തു നില്‍പ്പിന്റെ ദുരന്തഛായ കര്‍ണ്ണനും വരരുചിക്കും പിന്നെ എന്റെ ചുറ്റിനും പലരിലേക്കും പടരുന്നുണ്ടോ? കുരു സഭയില്‍ പാഞ്ചാലിയെ വേശ്യ എന്നു വിളിച്ചതിനുശേഷം സഭയിലുള്ളത് വൃഷാലിയായിരുന്നോ എന്നു ഞെട്ടി, സ്നെഹത്തിന്റെ ചരടില്‍ ഇരു വശവും കൂട്ടിമുറുക്കി, താനും ദുശ്ശാസനനും, ശിശുപാലനും, കംസനും ഒക്കെയല്ലെ എന്ന് ആത്മനിന്ദയുടെ നൂല്‍പ്പാലങ്ങളിലൂടെ പ്രയാണം നടത്തുന്ന കര്‍ണ്ണനും, “വിധി ലിഖിതം അലംഘനീയം” എന്ന കാലവാഴ്ചക്കെതിരെ പാഴ് യുദ്ധം നടത്തിയ വരരുചിയും ഒക്കെ ഒരേ അലിഖിത നിയമങ്ങള്‍ക്കെതിരെയാണ് പയറ്റുന്നതെന്ന തോന്നലും എന്റെ വികലമായ utopian ഉത്തരം തേടലിന്റെ ഭാഗമാണോ? താനാരാണ്? ഏതു ചെരിയില്‍? കുലം, വറ്ഗ്ഗം? അതോ ഇതൊക്കെ മിഥ്യയാണെന്നു വരുത്താനുള്ള ഉദാഹരണം മാത്രമോ? പറയിക്ക് കുലം നല്‍കാനൊരു ബ്രാഹ്മണ്‍ന്റെ മഹിമ വേണമെന്നത് കാലത്തിന്റെ നിസ്സഹായതയായിരിക്കാം. എങ്കില്‍ ആ കുലം ബ്രാഹ്മണന്റെ അച്ചിലാവരുത് വളരേണ്ടതെന്ന് ആറ്ക്കാണറിഞ്ഞുകൂടാത്തത്? എല്ലാ യുദ്ധങ്ങള്‍ക്കുമൊടുവില്‍ വെളിപ്പെടുന്നത് ഇരു ചെരിയും ഒന്നായിരുന്നു എന്ന പരമാര്‍ത്ഥമാണെന്നും ആര്‍ക്കാണറിയാത്തത്?

എന്റെ പരിമിതമായ കാഴ്ചയില്‍ രണ്ടേ രണ്ടു ചേരികളെ ഭൂമുഖത്തുള്ളു. ആണും പെണ്ണും. [ മാനസ്സികമായൊ ശാരീരികമായൊ രണ്ടും കെട്ടവരും ഇല്ലാ.... ഉണ്ടാക്കിത്തീറ്ത്തതാണ് അവരെയും…മറ്റു ചേരികളെപ്പോലെ തന്നെ!] കര്‍ണ്ണനും വരരുചിയും പിന്നെ നിസ്സീമമായ സ്നേഹത്തിന്റെ വര്‍ഗ്ഗനിഷേധം കാണിച്ച മറ്റനേകം പേരും സ്വയം ഏല്‍ക്കുന്ന പാപമാകേണ്ടിവന്നു സ്ത്രീത്ത്വത്തിന് എന്നതു മാത്രം എന്നെ എന്നും അലോസരപ്പെടുത്തുന്നു. പാഞ്ചാലീസ്വയംവരത്തിനും, വസ്ത്രാക്ഷേപത്തിനും ഇടയില്‍ അന്യോന്യം സ്വാഭിമാനത്തിനേല്‍പ്പിച്ച മുറിവുകളും, പറയാതെ പോകുന്ന ക്ഷമാപണങ്ങളും മാത്രമല്ല കര്‍ണ്ണനെയും കൃഷ്ണയേയും കൂട്ടിയിണക്കുന്നത്. ഒന്നിന്റെ മറുപുറമാണ് മറ്റത്. രാവും പകലും പൊലെ…അവര്‍ക്കു ചേരാന്‍ പ്രദോഷവും ത്രിസന്ധ്യയും മാത്രം…ഒന്ന് ഉത്ഭവിക്കുന്നത് മറ്റതിനെ തളര്‍ത്തിയിട്ടാവുക എന്നത് നിയതി. സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാവുന്നതിന്, ഒരിക്കലും ചേരാതെ പോയ ഇവരെയും പിന്നെ തികഞ്ഞ് പരാജയമായ വരരുചി-പഞ്ചമി ബന്ധത്തെയും ഉദാഹരിക്കുന്ന എന്നെ “പക്ഷ” വാദികള്‍ വെച്ചേക്കുമൊ ആവൊ? പഞ്ചമിയുടെ മാതൃത്ത്വം നിഷേധിക്കാതെ ജാതി-വര്‍ഗ്ഗ വ്യവസ്തകള്‍ക്കു മാറ്റമുണ്ടാവുകയില്ലാ, ഒരു പറ്റം ഉപേക്ഷിക്കലിലൂടെ ഒരായിരം കൊള്ളരുതായ്മകള്‍ ഒടുങ്ങിയേക്കാം, അതുമല്ലെങ്കില്‍ വസുധൈവ കുടുംബകം…വരരുചിയുടെ സത്യാന്വേഷണം ഇതിലെന്തുമായിരിക്കാം. വിജയാപചയങ്ങള്‍ക്ക് അര്‍ത്ഥമില്ലാതാവുന്ന ജീവിതപരീക്ഷണങ്ങളിലൊക്കെ ഒരുമിച്ചു പയറ്റാനും തളരാനും സാധിച്ചു എന്നതു മാത്രമാവാം ആ ദാമ്പത്യത്തിന്റെ നേട്ടം.
ഒറ്റയ്ക്കു പയറ്റുന്നവരോടാണ് പണ്ടേ എനിക്ക് ആരാധന! ചായ്ഞ്ഞു നില്‍ക്കാനുള്ള തൂണുകള്‍ക്കും താങ്ങായി ഒരു ഉത്തരമുണ്ടെന്ന അഹങ്കാരമാവാം.

1 comment:

മൂര്‍ത്തി said...

കൊള്ളാം..ഇംഗ്ലീഷില്‍ എഴുതിയതും വായിച്ചു..

അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ..
ജന്മോദ്ദേശം,അനാഥത്വം,എന്നതൂം(എന്നതും),അതിക്രമിച്ച്..അങ്ങിനെ ചിലത് ശരിയാക്കിയാല്‍ നന്നായിരിക്കും.

ടെം‌പ്ലേറ്റ് വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു..

Post a Comment