Sunday, December 7, 2008

മൂന്നാമത്തെ പാഠം

വെള്ളാരങ്കണ്ണൂകളാണ് ക്രിസ്റ്റിയുടെ. വലിച്ചുവാരി ഉടുത്തിരിക്കുന്ന കോട്ടണ്‍സാരി മറച്ചുവക്കുന്ന ഉന്മാദം മുഴുവന്‍ വെളിപ്പെടുന്ന ചിരി. ഒന്‍പത് ബിയിലെ കാളക്കുട്ടന്മാരായ റഷീദ്, മണികണ്ഠ്ന്‍, സിജു എന്നിവര്‍ക്ക് ക്രിസ്റ്റിയുടേ ക്ലാസ്സുകള്‍ വിരുന്നാണ്. കന്യാസ്ത്രീയാവാന്‍ പഠിക്കുന്ന റ്റീച്ചര്‍ ബയോളജി പഠിപ്പിക്കുന്നത് ആവോളം ആസ്വദിക്കുന്നുണ്ട് അവര്‍.പട്ടണത്തിന്റെ നടുവില്‍ ആരോ വലിച്ചെറിഞ്ഞിട്ടുപോയ പിച്ചളപാത്രം പോലൊരു സ്കൂള്‍. മിക്കവാറും ദിവസക്കൂലിക്കാരുടേ കുട്ടികള്‍. റ്റ്രേയിനിങ്ങിനു വന്നതാണ് ക്രിസ്റ്റി. വഴക്കും കത്തിക്കുത്തും ആയുധശേഖരണം തുടങ്ങി പലതും നടക്കുന്ന സ്കൂളില്‍ നിന്ന് ഏതെങ്കിലും വിധത്തില്‍ റ്റ്രെയിനിങ്ങ് കഴിഞ്ഞ് രക്ഷപ്പെട്ടാല്‍ മതി എന്ന് കരുതി നില്‍ക്കുമ്പോഴാണ് ക്രിസ്റ്റിയുടെ മുന്നില്‍ റഷീദിന്റെ, കണ്ണില്‍ ചോരയില്ലാത്ത ഒരു തെമ്മാടിച്ചോദ്യം അവതരിക്കുന്നത്.

"അപ്പോ നമ്മുടെ കന്യാമറിയം എങ്ങനാ റ്റീച്ചറേ അമ്മയായത്?"

റിപ്രൊഡേക്റ്റിവ് സിസ്റ്റം പഠിപ്പിക്കുകയായിരുന്നു ക്രിസ്റ്റി. ബോര്‍ഡില്‍ ആവുന്ന പോലെ പാഠപുസ്തകത്തിലെ ചിത്രം വരച്ചിട്ടിട്ടുണ്ട്. കഷ്ടം, ഈ പാഠം പഠിപ്പിക്കേണ്ടിയിരുന്നില്ല . ഒരിക്കലും ക്ലാസ്സില്‍ കയറാത്ത തലതിരിഞ്ഞ ചെക്കന്മാരു വരെ ഇരിപ്പുണ്ട് ക്ലാസ്സില്‍. ക്രിസ്റ്റിക്ക് ഉള്ളില്‍ ഒരു വിറയല്‍. കര്‍ത്താവേ ജോസഫിന്റെ ശങ്കകള്‍ മാറ്റി അവനില്‍ വിശ്വാസം ജനിപ്പിച്ചവനേ, കന്യക പരിശുദ്ധാത്മാവിനെ ഗര്‍ഭം ധരിക്കുന്നതെങ്ങനെയെന്ന് ഇവരോട് ഞാന്‍ എങ്ങിനെ പറയാന്‍? ദൈവത്തിന്റെ കൃപയാല്‍ നന്മയെ ഗര്‍ഭം ധരിക്കുക എന്നാല്‍ എന്തെന്ന് ഇവരോട് പറയാന്‍ ഇവിടേ ഒരു ഗബ്രിയേല്‍ദൂതനും വരാനില്ലല്ലോ. ഒന്ന് ബെല്ലടിച്ച് ഈ പാപിയേ രക്ഷിക്കണേ എന്ന് ക്രിസ്റ്റി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

ക്ലാസ്സിലേക്കിറങ്ങുമ്പോള്‍ ഒന്‍പത് ബിയുടേ ക്ലാസ്സ് റ്റീച്ചര്‍ സുനില്‍ മാഷ് ഒരു മാതിരി അര്‍ത്ഥം വെച്ച് ചിരിച്ച് ക്രിസ്റ്റിയോട് ചോദിച്ചതാണ്. "....നമ്മുടേ പിള്ളേര്‍ എങ്ങനെയുണ്ട് സിസ്റ്ററേ? സംശയങ്ങളോക്കെ ചോദിക്കുന്നില്ലെ? നല്ല ജനാധിപത്യ ബോധമുള്ള മിടുക്കരാ...പ്രതികരണം ശീലമാക്കിയവരാ..."സുനില്‍ മാഷ് വലിയ പ്രാസംഗികനാണ്. സ്കൂളിനു മുന്നില്‍ കൊടിനാട്ടേണ്ടത് കുട്ടികളുടേ അവകാശമാണ് എന്ന് ഹെഡ്മാഷോട് വാദിക്കാനുള്ളതു കൊണ്ട് തിരക്കിട്ടു പോയി.

പത്തറുപതു കുട്ടികളുടേ മുഖത്തു നോക്കി ഉത്തരം ഓര്‍ത്തെടുക്കാന്‍ നേരമില്ലാത്തതുകൊണ്ട് ക്രിസ്റ്റി താന്‍ ബോര്‍ഡില്‍ വരച്ചിട്ട ചിത്രത്തിലേക്ക് തിരിഞ്ഞു. പാഠം മൂന്ന്. പുറം പതിനഞ്ച്. ചിത്രം രണ്ട്. ഫീമെയില്‍ റിപ്രൊഡെക്റ്റിവ് സിസ്റ്റം. രണ്ടു കുഴലുകള്‍ വരച്ചു വച്ചിരിക്കുന്നു. ഇടയില്‍ ഒരു നീളന്‍ പാത്രം. ആകൃതി കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ആരോ ഹൃദയത്തെ തെറ്റിച്ച് നീട്ടി വരച്ചതാന്ന് തോന്നും.
ക്രിസ്റ്റി കുഴലുകളിലൂടേ ഒന്ന് ചോക്കോടിച്ച് ഗര്‍ഭപാത്രത്തെ മുറുക്കെ വരച്ചു. അടയാളപ്പെടുത്താനുള്ളതൊക്കെ ചെയ്തിട്ടുണ്ട്. തിരിഞ്ഞു നിന്ന് ഇരിയെടാ അവിടേ എന്ന് പറഞ്ഞിരുത്തുന്നതിനുള്ള ധൈര്യം ക്രിസ്റ്റിക്കില്ല. ഉണ്ടായിരുന്നെങ്കില്‍ തന്നെ ക്രിസ്റ്റി അങ്ങിനെ ചെയ്യില്ല. വെള്ളാരംകണ്ണൂകള്‍ക്കുള്ളില്‍ ഒരുപാടു നന്മയെ സ്വപ്നം കാണുന്നുണ്ട് ക്രിസ്റ്റി. പരുപരുത്ത കോട്ടണ്‍സാരിക്കുള്ളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത് തൊട്ടാല്‍ പൊട്ടുന്ന ഒരു ശരീരവും മനസ്സും.

ക്രിസ്റ്റി തിരിഞ്ഞു നിന്ന് കുട്ടികളേ നോക്കി ഒന്നു ചിരിച്ചു. പക്ഷെ ആ ചിരിയിലൊന്നും വീഴാത്ത പിന്‍ബെഞ്ചിലെ സഖാക്കളാണ് റഷീദും മണികണ്ഠനും സിജുവും. ക്രിസ്റ്റിയുടേ നോട്ടം തങ്ങളുടെ നേരെയെത്തിയപ്പോള്‍ റഷീദ് മണിയേ നോക്കി കണ്ണിറുക്കി എന്നിട്ട് പുറകില്‍ ചുമരിലേക്ക് ചാഞ്ഞ് ഇരിപ്പായി. മണി കോട്ടുവായിട്ടു കാണിച്ചു. ക്രിസ്റ്റിയുടെ ഇടത്തുവശത്തെ വരികളില്‍ നിന്ന് പെണ്‍കുട്ടികള്‍ അമര്‍ത്തിച്ചിരിക്കാന്‍ തുടങ്ങി.മുന്‍ബെഞ്ചുകളില്‍ നിന്ന് പിന്നിലേക്ക് നോട്ടങ്ങള്‍ "ടാ..വിട്ടെക്ക് ടാ.." എന്ന് ക്രിസ്റ്റിക്കു വേണ്ടി അപേക്ഷിച്ചു. റഷീദ് ഒന്ന് മൂരിനിവര്‍ന്നു. കൈകള്‍ വിശാലമായി വായുവിലേക്ക് പടര്‍ത്തി പ്രത്യേക ശബ്ധമുണ്ടാക്കി പുറകോട്ട് വളഞ്ഞു. കുറച്ചു നേരം ആ നില്‍പ്പ് നിന്നിട്ട് നിവര്‍ന്നിരുന്നു. ക്രിസ്റ്റി ഉടനെ എന്തെങ്കിലും പറഞ്ഞേ തീരു. ക്ലാസ്സില്‍ വീണ്ടും അടക്കിപ്പിടിച്ച ചിരി.
"അത്..അതു പിന്നെ... പറഞ്ഞുതരാന്‍ എനിക്കറിയില്ല റഷീദേ..." ക്രിസ്റ്റി വിക്കി വിക്കിപ്പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുന്നെ പുറകില്‍ നിന്ന് തുണിവലിച്ചുകീറുന്ന പോലെ ഒരൊച്ച. ഇതു പതിവുള്ളതാണ്. ഒരു തരം വിജയഭേരി. തുടരുന്നത് കൂട്ടച്ചിരി..കുലം കുത്തിച്ചിരി. ക്രിസ്റ്റി നിന്ന് വിയര്‍ത്തു. പെട്ടന്ന് പിന്‍ബെഞ്ചില്‍ നിന്ന് റഷീദ് എഴുന്നേറ്റു വന്ന് ക്രിസ്റ്റിയേ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ബോര്‍ഡിനടുത്തു വന്നു നിന്നു. ക്രിസ്റ്റിയുടേ വെള്ളാരംകണ്ണുകളിലേക്ക് നോക്കിക്കോണ്ടാണ് നില്‍പ്പ്. എക്സറേ കണ്ണുകളാണ് ചെക്കന്. നോട്ടം ഉഴിയുന്നിടമൊക്കെ ക്രിസ്റ്റിക്ക് വിറച്ചു, വിയര്‍ത്തു. അവനാണെങ്കില്‍ ഒന്പതില്‍ ഏറെ വര്‍ഷങ്ങളായി ഇരുന്നതിന്റെ തഴക്കം, പോരാത്തതിന് ക്രിസ്റ്റിയേക്കാള്‍ നാലിഞ്ചു പൊക്കം, കിളുര്‍ത്തു വരുന്ന മീശ ഒന്ന് തടവി, മുന്‍പിലെ മേശമേല്‍ കൈകുത്തി, ക്രിസ്റ്റിയുടെ മുഖത്തോട് അവന്റെ മുഖം വല്ലാതെ അടുപ്പിച്ച് അധികാരഭാവത്തോടേയാണ് നില്‍പ്പ്. ക്രിസ്റ്റി കണ്ണ് ഇറുക്കിയടച്ചു പോയി. ഒന്ന് ഒതുക്കി ചിരിച്ചിട്ട് റഷീദ് ഒരുമാതിരി കുഴഞ്ഞ ശബ്ദത്തില്‍ ചോദിച്ചു .
" ശ്യോ...റ്റീച്ചര്‍ ആകെ വിയര്‍ത്തല്ലൊ."

ക്രിസ്റ്റി കണ്ണു തുറന്നപ്പോളത്തേക്കും റഷീദ് സ്ഥലം വിട്ടിരുന്നു. കര്‍ത്താവിന്റെ ഇടപെടല്‍ വൈകിയെങ്കിലും, അതും ഉണ്ടായി. ബെല്ലടിച്ചു. അനങ്ങാപ്പാറയായി നില്‍ക്കുന്ന ക്രിസ്റ്റിയേ നോക്കി അടക്കിച്ചിരിച്ചും അടക്കം പറഞ്ഞും കുട്ടികളും പുറത്തേക്ക്. ക്രിസ്റ്റി ബോറ്ഡില്‍ വരച്ചിട്ട ഗര്‍ഭപാത്രത്തിന്റെ ചിത്രം പതുക്കെ മായ്ച്ചു തുടങ്ങി.

റഷീദിനോട് സംസാരിക്കാന്‍ ക്രിസ്റ്റിക്ക് പേടിയാണ്. കുട്ടിരാഷ്ട്രീയപ്പടയുടേ തലമുതിര്‍ന്ന നേതാവാണ്. വല്ലപ്പോഴുമേ ക്ലാസ്സില്‍ കയറു. സമരത്തിനു മുന്നില്‍ക്കാണും. സ്റ്റാഫ് റൂമില്‍ എല്ലാവരും അവനെ പ്രാകുന്നത് ക്രിസ്റ്റി കേട്ടിരിക്കുന്നു. നന്നാവില്ലാത്ത ജന്മം എന്നേ എല്ലാര്‍ക്കും പറയാനുള്ളു. ക്രിസ്റ്റിയുടെ ഒന്നു രണ്ടു ക്ലാസ്സിലെ അവന്‍ ഇരുന്നിട്ടുള്ളു. പിന്‍ബെഞ്ച്ചില്‍ യാതൊരു താല്‍പ്പര്യവുമില്ലാതെ ചുമരിലേക്ക് ചാരിയിരിക്കും. അടുത്തു കണ്ടപ്പോഴൊക്കെ അവന്റെ നോട്ടത്തിനുമുന്നില്‍ ക്രിസ്റ്റി ആദ്യം പകച്ചു, പിന്നെ ചൂളി, പിന്നെ നാണംകെട്ട് തലതാഴ്ത്തി... റഷീദിന്റെ നോട്ടം അവഗണിക്കുന്നത് പലപ്പൊഴും ക്രിസ്റ്റിയുടെ നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു. കഴിഞ്ഞതവണ സമരമുണ്ടായപ്പോള്‍ മറുപാര്‍ട്ടിയിലെ ഏതോ ചെക്കന്റെ പിന്നാലെ വിറകിനുള്ള മടലുമായി റഷീദ് ഓടുന്നതു കണ്ടിട്ടുണ്ട് ക്രിസ്റ്റി. ചിലപ്പൊഴൊക്കെ ബാധകയറിയപോലെയാണ് അവന്. ഭ്രാന്ത്. വെറി. നിലയില്ലാത്ത ഒരു കയത്തിലേക്ക് ആരോ അവനെ തള്ളിയിട്ടതു പോലെ വെപ്രാളം. ആര്‍ക്കോ വേണ്ടി യുദ്ധം ചെയ്യുന്നവന്റെ ആവേശം. ആ അവസ്ഥയില്‍ അവന്‍ എന്തും ചെയ്യും. ആരെയും കൊല്ലും. ആര്‍ക്കുവേണ്ടിയും ചാവും.


"..എന്താ ക്രിസ്റ്റി..ആ തലതെറിച്ചപിള്ളേര്‍ പ്രശ്നം ഉണ്ടാക്കുന്നതിനാണോ നീയിങ്ങനെ മൂടികെട്ടിയിരിക്കുന്നെ?" റ്റ്രെയിനിങ്ങിനു പോയിത്തുടങ്ങിയതു മുതല്‍ മദര്‍ സുപീരിയര്‍ക്ക് ക്രിസ്റ്റിയുടേ മേല്‍ പതിവില്ലാത്ത ജാഗ്രതയുണ്ട്.
"കുറച്ചു ദിവസം കൂടേയല്ലെ ഉള്ളു ക്രിസ്റ്റി. ബി. എഡ് കഴിഞ്ഞു കിട്ടിയാല്‍ പിന്നെ നിനക്ക് ഇടവകയിലെ നല്ല സ്കൂളില്‍ പഠിപ്പിക്കാം.." മദര്‍ ചര്‍ച്ചിലേക്ക് നടക്കുന്നതിനിടേ പറഞ്ഞു.

മഠത്തിലെ പൂന്തോട്ടത്തില്‍ വെട്ടിനിര്‍ത്തിയ പലപല നിറത്തിലുള്ള പൂക്കള്‍. സുനില്‍ മാഷക്ക് ഗാര്‍ഡനിങ്ങ് വലിയ കമ്പമാണ്. മദറിനോട് കുറച്ച് തയ്യുകള്‍ ചോദിക്കാന്‍ വരാമെന്ന് ഏറ്റിട്ടുണ്ട്. ഇളംവെയില്‍ കൊണ്ട് തലകുനിച്ചു നില്‍ക്കുന്ന പൂച്ചെണ്ടുകള്‍. നിരത്തിവച്ച ചട്ടികളില്‍ വിരിഞ്ഞ പൂക്കള്‍ക്ക് ഒരേ പ്രതികരണമായിരിക്കണം എന്ന തമാശയോര്‍ത്തു ക്രിസ്റ്റി.

വൈകീട്ട് പ്രാര്‍ത്ഥനയും അത്താഴവും കഴിഞ്ഞ് മുറിയിലെ കട്ടിലില്‍ വേദപുസ്തകം തലയിണക്കടിയില്‍ തിരുകി വച്ച് ക്രിസ്റ്റി മലര്‍ന്നു കിടന്നു. പുസ്തകത്തില്‍ നോക്കി പറഞ്ഞു കൊടുക്കാവുന്ന സംശയങ്ങളേ ഇന്നേ വരെ ക്രിസ്റ്റി കേട്ടിട്ടുള്ളു. റഷീദിന്റേത് മനപ്പൂര്‍വ്വം തന്നെ കുടുക്കാനുള്ള ചോദ്യം. പക്ഷെ ഇപ്പോള്‍ ക്രിസ്റ്റി കുരുങ്ങിക്കിടക്കുകയായിരുന്നു. ഉത്തരം കാണാനാവാത്ത ഒരു ചോദ്യത്തില്‍, പറഞ്ഞു പകരാനാവാത്ത ഒരു ഉത്തരത്തില്‍.

ഉറക്കം കിട്ടാതെ ക്രിസ്റ്റി വേദപുസ്തകം എടുത്ത് എഴുന്നേറ്റിരുന്നു. താളുകള്‍ക്കിടയില്‍ പരതി ഒരു ചിത്രം എടുത്തു നിവര്‍ത്തി.പുസ്തകത്തിനിടയില്‍ താളുകള്‍ അടയാളപ്പെടുത്താന്‍ വയ്ക്കുന്ന ഒരു കൊച്ചു ചിത്രക്കടലാസ്. പിയെത. പഴകിയ ഒരു ചിത്രം. നിറം മങ്ങിയ ചിത്രത്തിനടിയില്‍ വികലമായ ഒരു ഒപ്പ്. പുറകില്‍ അച്ചടി മങ്ങിത്തുടങ്ങിയ മാതാവിന്റെ പ്രാര്‍ത്ഥന. നന്മനിറഞ്ഞ മറിയമേ, അങ്ങ് വാഴത്ത്പ്പെട്ടവളാകുന്നു. അങ്ങയുടേ ഉദരത്തിന്റെ ഫലമായാ ഈശോ...

നിത്യവൃതം എടുക്കാനുള്ള തിരുമാനം പപ്പാതിയായി മനസ്സ് മുറിഞ്ഞു നില്‍ക്കുമ്പോള്‍ സേതു മാഷാണ് തലയില്‍ കൈവച്ചനുഗ്രഹിച്ച് ഈ ചിത്രം കൈയ്യില്‍ പിടിപ്പിച്ചത്. ക്രിസ്റ്റി അന്നേവരെ പിയെത കണ്ടിട്ടില്ലായിരുന്നു. ഒരുപാടു കണ്ടു പരിചയിച്ചിട്ടുള്ള ഉണ്ണിയേ മടിയില്‍ ഇരുത്തിയിരിക്കുന്ന മറിയമല്ല ഇത്. മകന്‍ മരിച്ചുകിടക്കുകയാണ് മടിയില്‍. അമ്മയുടേ ഉടലിനു താങ്ങാവുന്നതിലും വലുപ്പമുണ്ട് മകന്റെ ശരീരത്തിന്. അമ്മക്ക് പ്രായം ഏറെയില്ല. മുഖത്ത് ചുളിവുകള്‍ ഇല്ലാത്ത ദൃഡമായ ഉടലും സ്നേഹം നിറഞ്ഞ കണ്ണുകളുമുള്ള കന്യക. എത്ര കണ്ടാലും മതിവരാത്ത എന്തോ ഉണ്ട് ഈ ചിത്രത്തില്‍.
താളിലെ മടക്കുവീണിടത്ത് അമ്മക്കും മകനും ഉടലുകളില്ല. കടലാസിന്റെ മങ്ങിയ നിറം മാത്രം. ക്രിസ്റ്റി കടലാസ് നെഞ്ചത്തു വച്ച് മലര്‍ന്നു കിടന്നു.

ഓര്‍ക്കുംതോറും ക്രിസ്റ്റിക്ക് തന്റെ ശരീരമാകെ ഒരു നിസ്സഹാ‍യാവസ്ഥ പടരുന്നത് പോലെ.

റഷീദ് ഒരിക്കലും ഒന്‍പതില്‍നിന്ന് ജയിച്ച് കയറാന്‍ പോവുന്നില്ല. അവന്‍ തോല്‍ക്കേണ്ടത് മറ്റാരുടെയൊക്കെയോ ആവശ്യമാണ്. അവന്‍ നശിക്കണം എന്ന് ആരൊക്കെ ചേര്‍ന്നാണ് തിരുമാനിക്കുന്നത് എന്ന് ക്രിസ്റ്റിക്കറിയില്ല. അവന്റെ ഉമ്മയേം ബാപ്പയേം അറിയില്ല. അവനെ എന്തിനു റിപ്രൊഡെക്റ്റിവ് സിസ്റ്റം പഠിപ്പിക്കണം?

സുനില്‍ സാര്‍ പറഞ്ഞതായിരുന്നു. "...സിസ്റ്ററേ ഇവിടേ രണ്ടാമത്തെ പാഠത്തിനപ്പുറം ഒരു വിഷയവും പഠിപ്പിക്കാറില്ല. ഒന്നാമത്തെ പാഠം വായിച്ചാല്‍ ബുദ്ധിയുള്ളവന്‍ രക്ഷപ്പെടും. രണ്ടാമത്തേതും കൂടെ വായിച്ചാല്‍ ഭാഗ്യമുള്ളവന്‍ കരപറ്റും. ബാക്കിയൊക്കെ അവരുടേ തലവര.."

ഒന്നാമത്തേത് ബുദ്ധിക്കു വളം. രണ്ടാമത്തേത് ഭാഗ്യം കനിയാന്‍. മൂന്നാമത്തേത് ..?

മൂന്നാമത്തെത് വായിക്കേണ്ടത് റഷീദിനു വേണ്ടിയാണെങ്കിലൊ?


സ്കൂള്‍ ഗെയിറ്റില്‍ പോലീസ് ജീപ്പ് കണ്ട് കുട്ടികള്‍ ചിലര്‍ അറച്ചു നില്‍ക്കുന്നു. ഹെഡ്മാഷിന്റെ മുറിയില്‍ പോലീസുണ്ട്. സ്റ്റാഫ് റൂമിലെ പരദൂഷണക്കഥകള്‍ ക്രിസ്റ്റി കേള്‍ക്കാനാഗ്രഹിക്കാത്ത പലതും പറയുന്നു. സ്കൂള്‍ ഷെഡ്ഡില്‍ ആയുധം ശേഖരിച്ചു വച്ചതിന് റഷീദിന്റെ പേരില്‍ പോലീസ് കേസെടുത്തു. പുതിയ കാര്യമൊന്നുമല്ല. അവന്റെ പാര്‍ട്ടിക്കാര്‍ ജാമ്യം നിന്ന് ഇറക്കിക്കോളും. എല്ലാതവണത്തെയും പോലെ. റഷീദിനെ വിട്ടുതരണം എന്ന് പറഞ്ഞ് കുട്ടികള്‍ സമരം വിളിച്ചു തുടങ്ങി.

ഒന്‍പത് ബിയുടേ വാതില്‍ക്കല്‍ നിന്ന് ക്രിസ്റ്റി കണ്ടു പോലീസുകാര്‍ റഷീദിനെ ജീപ്പില്‍ കയറ്റുന്നത്. അവന്റെ കൈ മുന്നില്‍ചെര്‍ത്ത് വിലങ്ങു വച്ചിട്ടുണ്ട്. ഓടിച്ചിട്ട് പിടിച്ചതാണെന്ന് പറയുന്നതു കേട്ടു. മുഖത്തും കൈകളിലും ഉരഞ്ഞുപൊട്ടിയിട്ടുണ്ട്. ഹെഡ്മാഷിന്റെ മുറിയില്‍ നിന്ന് സ്കൂള്‍ മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു നോട്ടം ക്രിസ്റ്റി അവന്റെ മുഖം കണ്ടു. വെറുപ്പിന്റെയും മടുപ്പിന്റെയും അതേ സ്ഥായീഭാവം.

കുട്ടികളും അദ്ധ്യാപകരും വരാന്തയില്‍ നിന്ന് ഇറങ്ങാന്‍ മടിച്ച് നില്‍പ്പാണ്.ജീപ്പിന്റെ ചവിട്ടുപടിക്കടുത്ത് റഷീദ്. പത്തടി ദൂരമേയുള്ളു. ക്രിസ്റ്റിക്ക് ഓടിപ്പോയി അവനെ വിടുവിച്ചു കൊണ്ടുവരാന്‍ തോന്നി. വരാന്തയില്‍നിന്നറങ്ങി ജീപ്പിനടുത്തെക്ക് നീങ്ങുന്ന ക്രിസ്റ്റിയെക്കണ്ട് സുനില്‍ സാറ് വിളിച്ചു ചോദിച്ചു.
"..എന്താ സിസ്റ്ററേ..അവനു കൂട്ട് പോവുന്നോ..." ക്രിസ്റ്റി തിരിഞ്ഞു നിന്ന് ഒന്ന് ചിരിച്ചു.

ഇടത്തെ കൈയ്യില്‍ ക്രിസ്റ്റി തൊട്ടയിടം വിരലുകള്‍കൊണ്ട് കരുതിവക്കുന്നതുപൊലെ തലകുനിച്ചിരിക്കുന്ന റഷീദിനെയും കൊണ്ട് ജീ‍പ്പ് ഗെയിറ്റ് കടന്നുപൊവുന്നത് എല്ലാവരും നോക്കി നിന്നു.

സമരക്കാര്‍ വന്ന് ക്ലാസ്സ് വിടുന്നതു വരെയെങ്കിലും മൂന്നാമത്തെ പാഠം തുടരാന്‍ ക്രിസ്റ്റി ഒന്‍പത് ബിയിലേക്ക് കയറി.

Sunday, November 30, 2008

സ്റ്റാംപീഡ് | stampede

തിരക്ക്.
ചതയുന്ന ചില തോളുകള്‍ക്ക്
പരസ്പരം താങ്ങാന്‍ തോന്നി.

അനേകം മുഖങ്ങള്‍ക്കിടയില്‍
സൌഹൃദം പരതി

ഒടുക്കം
കുറേ ചോരക്കൈകള്‍ വിരലുകള്‍ കോര്‍ത്തു.
ഒരുവന്റെ വലം കൈയ്യില്‍ മുറിവ്
ഒരുവളുടേതില്‍ ഉണങ്ങിയ ചോരപ്പാട്
മൂന്നാമനും ചോരയൊലിപ്പിക്കുന്നുണ്ട്.

വഴിയറിയാത്ത കാലുകള്‍
ഇടം പിടിച്ച് പതുങ്ങി നില്‍പ്പായി.
കഴുത്തുവരെ എത്തിയ പ്രളയത്തെ
ചെറുക്കാന്‍ നിലവിളിച്ചു.
വേവുന്ന ശരീരങ്ങളുടെ ഗന്ധം
കണ്ണുകള്‍ ഇറുക്കിയടച്ച് തിരിച്ചയച്ചു.
കാതടപ്പിക്കുന്ന ഭ്രാന്തന്‍ വെടിയൊച്ചകള്‍ക്ക് നേരെ
ചങ്കുകള്‍ തുറന്നുവച്ചു.
ചിതറിയോടുന്ന ഭയങ്ങള്‍ക്ക് നേരെ
നിസ്സഹായമായ നില്‍പ്പ്.
തമ്മില്‍ അടക്കം പറഞ്ഞ് കഴുകിക്കളയാന്‍
മുറിവുകള്‍ കുത്തിത്തുറന്ന് നില്‍പ്പ്.

എന്നിട്ടും
പച്ചമുറിവുകള്‍ നുണപറയില്ലെന്ന വിശ്വാസത്തില്‍
ഇടംവലം നോക്കിയപ്പോള്‍ കണ്ടത്
പക്ഷെ
മുഖമില്ലാത്ത വെറുപ്പാണ്.
ഉത്തരം മുട്ടലുകളുടെ ഭയം
കൊക്കൂണുകളുടെ സ്വൈര്യം.

തിരക്കില്‍
ചവിട്ടിമെതിക്കപ്പെടുന്ന
ജീവിതങ്ങള്‍ക്കൊക്കെ
ഒരു മതമേയുള്ളു
അതിജീവനത്തിന്റെ.

Sunday, October 5, 2008

ഡ്രൈവര്‍

നാലു ചുവരുകളുള്ള ഒരു സങ്കല്‍പ്പത്തെ വീട് എന്നു വിളിക്കേണ്ടി വരുന്നതിന്റെ അസ്വാഭാവികത പല വീടുകളിലും വച്ച് തോന്നിയിട്ടുള്ളതാണ്. പക്ഷെ നാലു ചുവരുകളില്‍ എന്റെ കുടുംബം ഒതുങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് വീടെന്നു നമ്മളൊക്കെ പേരിട്ടു വിളിക്കുന്നത് യഥാര്‍ത്ഥത്തില്‍ എത്ര ഇടുങ്ങിയ ഒരു തോന്നലിനെയാണ് എന്ന് ബോധ്യം വന്നത്. ഒരുമിക്കാന്‍ ഒരു കൂരയില്ലാത്ത ദശലക്ഷക്കണക്കിന് കുടുംബങ്ങളുണ്ടാവും. അവരല്ല വിഷയം. പ്രത്യേകരീതിയില്‍ ചില കുടുംബസങ്കല്‍പ്പങ്ങള്‍ക്കു തുരങ്കം വച്ചവരാണ് വിഷയം.

രണ്ടു വര്‍ഷം മുന്നേ ഒരു ദാര്‍ശനികമായ തിരിച്ചറിവിലൂടെയായിരുന്നു ഈ വഴിക്കുള്ള തുടക്കം. മുട്ടലുകളില്ലാതെ എന്റെ വണ്ടി ഞാന്‍ ഓടിച്ചിട്ട് റോഡില്‍ ഓടില്ല എന്നതാണ് ആദ്യത്തെ ദര്‍ശനം. റോഡിലെ നിയമങ്ങള്‍ മനഃപാഠമാക്കി വണ്ടിയോടിക്കാന്‍ അറിയാത്തവര്‍ മിനിമം നിയമങ്ങള്‍ കാറ്റില്‍പ്പറത്താനെങ്കിലും മിടുക്കുള്ളവരായിരിക്കണം എന്ന അനുബന്ധമായ തിരിച്ചറിവിന്റെ ബലത്തില്‍ എന്റെ വണ്ടിയുടെ താക്കോല്‍ ഞാന്‍ വിനു എന്ന ഒരു ഡ്രൈവറെ ഏല്‍പ്പിക്കുന്നു. പത്രത്തില്‍ പരസ്യം കൊടുത്ത് വരുത്തി വണ്ടി ഓടിപ്പിച്ച് തൃപ്തിപ്പെട്ട് ജോലിയില്‍ പ്രവേശിപ്പിക്കുന്നു.

നിയമങ്ങളോടുള്ള അവന്റെ സമീപനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. റോഡ് നിബന്ധനകളുടെ ഒരു ലോകമാണെന്നാണ് ഞാന്‍ അതുവരെക്കും കരുതിയത്. കയറിക്കഴിഞ്ഞാല്‍ പിന്നെ അതിന്റെ ചട്ടക്കൂടിനു വെളിയില്‍ ഒന്നു ബ്രേയ്ക്കു ചെയ്യാന്‍ പോലും വയ്യാത്ത സ്ഥലം. പക്ഷെ വിനുവിന് മുന്നില്‍ത്തെളിയുന്ന റോഡ് പലമാതിരി ജീവിതങ്ങളുടെ കൂട്ടയാത്രയാണ്. അവന്‍ ഓടിക്കുന്ന വണ്ടിയില്‍ യാത്രചെയ്യുന്നത് ഒരു ഭാഗ്യം തന്നെയാണ് എന്ന് എന്നെപ്പോലെ പലരും അഭിപ്രായപ്പെട്ടു തുടങ്ങി.

വിനുവിന്റെ വ്യക്തിജീവിതത്തിന് കാര്യമായ പ്രത്യേകതകള്‍ ഒന്നും ഇല്ലായിരുന്നു. നല്ല പ്രായത്തില്‍ തന്നെ വിവാഹം കഴിച്ച് ഭാര്യയും കുട്ടികളും പ്രായമായ അച്ഛനുമമ്മയും ഒക്കെയായി ഒരു സാധാരണ പ്രാരാബ്ധക്കാരന്‍. പക്ഷെ എവിടെയും വ്യവസ്ഥകള്‍ക്കുള്ളിലെ പാഴ്ക്കടലാസുപോലത്തെ നിയമങ്ങള്‍ക്ക് കുറുകേ ഒരു വഴി അവന്‍ കണ്ടുപിടിച്ചിരിക്കും. ഉദാഹരണത്തിന് ഞാനും മക്കളും കാറില്‍ക്കയറിക്കഴിഞ്ഞാല്‍ പിന്നെ കുടുംബനാഥന്റെപോലാണ് അവന്റെ പെരുമാറ്റം. കുഞ്ഞുങ്ങളെ അടക്കിയിരുത്തി ഡോറുകള്‍ അടക്കുന്നതിലുള്ള ശുഷ്ക്കാന്തി കണ്ടാല്‍ തോന്നും ജനനം മുതല്‍ അവരുടെ കുറുമ്പുകള്‍ അവന്‍ കണ്ടിട്ടുള്ളതാണെന്ന്. എല്ലാവരും സംതൃപ്തരാണെന്ന് ഉറപ്പുവരുത്തിയിട്ട് ഭംഗിയായിട്ട് ഒന്ന് തൊഴുത് ഒതുക്കത്തോടെ വണ്ടി മുന്നോട്ടെടുക്കും. സത്യത്തില്‍ രണ്ടു തവണ തലനാരിഴക്ക് രക്ഷപ്പെട്ടിട്ടും വണ്ടിയില്‍ക്കയറി ഭഗവാന്മാരെ വിളിച്ചതു കൊണ്ട് എന്താണ് പ്രയോജനം എന്ന് എനിക്ക് മനസ്സിലായിട്ടില്ല. പ്രത്യേകിച്ച് ഒന്നും പ്രാര്‍ത്ഥിക്കാറില്ല, കൂടെയുള്ള ജീവിതങ്ങളെ ഒന്ന് ഓര്‍ക്കും എന്നാണ് വിനുവിന്റെ ഭാഷ്യം. നിയമം തെറ്റിച്ച് ഓടിക്കുന്ന കശാപ്പുകാര്‍ക്കിടയിലും റോഡിനോടുള്ള വിശ്വാസം നിലനിര്‍ത്തുന്ന അവന്റെ വിവേകം സത്യത്തില്‍ എന്നെ അസൂയപ്പെടുത്താറുണ്ട്.

വണ്ടിയോടും ഞങ്ങളോടും ഉള്ള അവന്റെ ഉത്തരവാദിത്വബോധം ഏതാണ്ട് ഒരു അധികാരസ്വരം കൈവരിക്കുന്നത് വീട്ടില്‍ ചിലരെ ബുദ്ധിമുട്ടിക്കാറുണ്ട്. ശമ്പളം കൊടുക്കുന്നവനെക്കാള്‍ ശ്രദ്ധയെന്തിനാ‍ണ്, എനിക്ക് നടുവേദനയുണ്ടെന്നു കരുതി ഞാനിരിക്കുന്ന സീറ്റിന്റെ ആകൃതിയില്‍ മാറ്റം വരുത്താന്‍ അവനെന്തവകാശം തുടങ്ങിയ ചോദ്യങ്ങളും പുറകില്‍ കുഞ്ഞുറങ്ങുന്നുണ്ടെങ്കില്‍ ഹോണടിക്കാതെ പതുക്കെ പോവുക, തിരക്കു കൂടുതലുള്ളതും കൊള്ളരുതാത്തതുമായ റോഡുകള്‍ സ്വയം തീരുമാനിച്ച് ഒഴിവാക്കുക ഇത്തരം പ്രവണതകളും കുടുംബസദസ്സില്‍ സമ്മിശ്രവികാരത്തോടെയാണ് സ്വീകരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തത്. നാലോ ആറോ പേരടങ്ങുന്ന കുടുംബത്തിന്റെ സകല കര്‍തൃത്വവും, പങ്കിടേണ്ട സ്നേഹവും വിശ്വാസവും ആ കുടുംബത്തിന്റെ അടച്ചിട്ട ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കണം എന്ന മിഥ്യാധാരണയേ ഭംഗിയായി വെല്ലുവിളിച്ചുകൊണ്ട് വിനു എപ്പോഴും ചോദിക്കും "നമുക്ക് പോവാം?" നമ്മുടെ വണ്ടി, നമ്മുടെ സ്ഥലം, നമ്മുടെ കുറുമ്പന്‍ ചെക്കന്‍...ഇങ്ങിനെ എല്ലാത്തിനെയും സ്വന്തമാക്കിതീര്‍ക്കാനുള്ള വല്ലാത്തൊരു കഴിവു തന്നെയുണ്ട് അവന്.

ഇത്രയൊക്കെയായിട്ടും അവനെ എന്റെ ജീവിതത്തിന്റെ ഭാഗവും മാനസഗൃഹത്തിലെ അംഗവും ആക്കി അംഗീകരിക്കാന്‍ എനിക്ക് ചില്ലറ ഭയമൊന്നുമല്ല ഉണ്ടായിരുന്നത്. അവന്റെ പ്രായം, സ്ത്രീയെന്നും ഭാര്യയെന്നും നിലക്ക് സമൂഹത്തിന്റെ ഞാണിന്മേല്‍ എനിക്കുള്ള സ്ഥാനം ഒക്കെ തികട്ടി വരുന്നതു കൊണ്ട് വ്യക്തമായ അകലങ്ങള്‍ ശീലമാക്കി ഞാന്‍. അപവാദത്തിന്റെ പൊടിപോലും വീണ് എന്റെ പരിപാവനമായ കുടുംബകം അശുദ്ധമാവരുതല്ലൊ. വിനുവിന് പക്ഷെ ഇത്തരം നിസ്സാരതകള്‍ വിഷയമേ അല്ല എന്നു തോന്നും. അതു കൊണ്ട് തനിച്ചുള്ള ഒരു യാത്രയില്‍ സുഖമില്ലാതിരുന്ന എന്നെ കരുതലോടെ പുറകിലത്തെ സീറ്റില്‍ കിടത്താനും വണ്ടിയൊതുക്കിയിട്ട് കൂട്ടിരിക്കാനും അവന് ഒന്നും ചിന്തിക്കേണ്ടി വന്നില്ല. അതേ കരുതലോടെതന്നെയാണ് ഞാന്‍ തനിയേ വണ്ടിയെടുത്തു പോയ ഒരു ദിവസം അവന്‍ ആകുലപ്പെട്ട് മൊബൈലിലേക്ക് തുടരെ തുടരെ വിളിച്ചതും.

പക്ഷെ പ്രശ്നം അവിടെയാണ് തുടങ്ങിയത്. അവന്റെ കരുതലുകള്‍ക്ക് അതിര്‍വരമ്പുകള്‍ വേണമെന്ന് കുടുംബക്കോടതി ശക്തമായ ഭാഷയില്‍ നിഷ്ക്കര്‍ഷിച്ചു. സ്നേഹം എല്ലാവരോടും തോന്നേണ്ട വികാരമല്ല. അഥവാ തോന്നിയാല്‍ തന്നെയും ഒതുക്കമുള്ള പെട്ടികള്‍ക്കുള്ളില്‍ പേരെഴുതിത്തിരിച്ചു വയ്ക്കേണ്ടുന്നതും ആണ്. ഭാര്യക്ക് ഭര്‍ത്താവിനോട് തോന്നുന്നത് ഒരു കള്ളിയില്‍, ആങ്ങളെക്ക് പെങ്ങളോടുള്ളത് മറ്റൊന്നില്‍, ഇതിനിടക്ക് ഒരു മൂലയില്‍ ഒരു വീട്ടുകാരിക്ക് മിടുക്കനായ ഒരു ഡ്രൈവറോട് തൊന്നുന്നത് തിരുകിവച്ചേക്കാം. ചതുരംഗം പോലെ വ്യക്തമായ സ്ഥാനങ്ങളും നീക്കങ്ങളും മാത്രം. രാജാവിനേക്കാള്‍ പ്രാധാന്യം കാലാള്‍ക്ക് കിട്ടിയ ചരിത്രമുണ്ടോ? കുടുംബം വരച്ചിട്ട കളങ്ങള്‍ക്കുള്ളിലെ മാത്രം കളിയാണ്.

എനിക്കെതിരെ ഉണ്ടായിരിക്കാനിടയുള്ള ചീഞ്ഞ ഏതെങ്കിലും അപവാദത്തിന്റെ ന്യായികരണമാവാം വിനുവിനെപ്പറ്റിപ്പറഞ്ഞത് എന്ന് തോന്നുന്നില്ലെ? സത്യത്തില്‍ അതു തന്നെയാണ് സംഭവിച്ചത്. നിയമങ്ങള്‍ക്ക് കുറുകേ ചില നൂല്‍പ്പാലശ്രമങ്ങള്‍ ഒതുക്കപ്പെടുന്നത് വിചിത്രമായ രീതികളിലാണ്. ഒരു വണ്ടിയുടെ താക്കോല്‍ തിരികെ വാങ്ങുന്നതു പോലെ ലളിതമായ രീതികളില്‍.

Sunday, August 3, 2008

അമ്മയും മകളും

വല്ലാത്ത ഒരു കാഴ്ചയായിരുന്നു അത്. അമ്മക്ക് തലചുറ്റുന്നതു പോലെ. ലോകത്തില്‍ വച്ചേറ്റവും സുന്ദരിയായി മകള്‍ കയറിവരുന്നു. പട്ടിലും പൊന്നിലും പൊതിഞ്ഞ്, സ്നേഹിക്കുന്ന പുരുഷന്റെ കണ്ണില്‍ ഒരായിരം സ്വപ്നങ്ങളായി വിരിഞ്ഞ്. അവള്‍ക്ക് കൊതിപ്പിക്കുന്ന സൌന്ദര്യം, അവന്റെ കണ്ണില്‍ മുറ്റുന്ന സ്നേഹം. അമ്മയ്ക്ക് കാലും മനസ്സും ഇടറി. ഇവള്‍ക്കിനി ഞാന്‍ പറഞ്ഞതൊന്നും മനസ്സിലായില്ലാന്നുണ്ടോ? ഈ പൂത്തു നില്‍ക്കുന്നതിനപ്പുറം ഉറഞ്ഞു കൂടാനുള്ളത് മഞ്ഞാണ്...ശരീരം കോച്ചുന്ന തണുപ്പാണ്. നീ ആടയാഭരണങ്ങള്‍ അഴിച്ചു വയ്ക്ക് മകളെ...അവന്റെ നെഞ്ചിന്റെ ചൂട് നിന്നെ പ്രലോഭിപ്പിക്കും, വഴുതിവീഴാതിരിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളു..നീ എന്നോട് ചേര്‍ന്നു നില്‍ക്കുക..ഈ കിളവിയോട്, ഈ വീണ്‍ വാക്കുകളോട്, ഈ അസഹ്യമായ വെറുപ്പിനോട് ചേര്‍ന്നു നില്‍ക്കുക. അവന്‍ പുരുഷനാണ്. നിനക്കറിയില്ല ഈ വര്‍ഗ്ഗത്തെ. നിന്നെ മുച്ചൂടും വലിച്ചെടുത്ത് തിരസ്കരിക്കാനായിപ്പിറന്നവന്‍. നിന്റെ നൃത്തം കഴിയുന്നതു വരെ അവന്‍ നിന്നെ നോക്കിയിരിക്കും. അതു കഴിഞ്ഞാല്‍ അവന് ഉപേക്ഷിക്കാനുള്ളവളാണ് നീ. അവന്റെ മുന്നില്‍, അവന്‍ കെട്ടിപ്പടുത്ത കോട്ടയ്ക്കുള്ളില്‍ അവന്റെ ദാസിയായി എന്നെപ്പോലെ നീയും.......അരുത് മകളെ, ഇറങ്ങി വരൂ അവന്റെ കതിര്‍മണ്ഡപം മരണക്കിണറാണ്...ഒരു ജന്മം നിനക്ക് പഠിക്കാനുള്ള അഭ്യാസങ്ങളുണ്ടതില്‍....


കത്തീറ്ററിന്റെ അറ്റം കയ്യിലേക്ക് തുറഞ്ഞു കയറി നിന്നിടത്ത് അമ്മയുടെ ഒരു നീല ഞരമ്പ് തെളിഞ്ഞു കാണും. ഓരോ തവണ സ്ഥാനം തെറ്റിയ മുണ്ട് പിടിച്ചിടുമ്പോഴും ഞരമ്പു വലിഞ്ഞ് വേദനിക്കുന്നുണ്ടാവും. അയാള്‍, നിന്റെ ഭര്‍ത്താവ് അടുത്തിരിക്കുന്നതു കൊണ്ടാണ് പാവം അമ്മ സ്ഥാനം തെറ്റിയ മുണ്ടിനെ ഇത്രക്കു ഭയക്കുന്നത്. ശലോമി, നിനക്കു പറഞ്ഞുകൂടെ അയാളോട് എഴുന്നേറ്റു പോവാന്‍. ഈ മുറിയില്‍ ഇപ്പോള്‍ നീയും അമ്മയും മാത്രം മതി. നിങ്ങളുടെ രഹസ്യങ്ങളും. പുറത്തുള്ളവരറിയേണ്ടതില്ലാത്ത രഹസ്യങ്ങള്‍. ഓര്‍മ്മതെറ്റി അലയുന്ന ഒരു ജന്മമുണ്ട് വെളിയില്‍. അമ്മയുടെ പേരൊഴിച്ച് ഒന്നും ഓര്‍മ്മയിലില്ലാത്ത സടപൊഴിഞ്ഞ മനസ്സില്‍ അമ്മയുടെ രഹസ്യങ്ങള്‍ക്ക് ഒരു വിലയുമില്ല ഇന്ന്. ആരോടാണ് അമ്മ ഇന്നും എല്ലാം ഒളിപ്പിക്കുന്നത്? ആരെയാണ് ഭയക്കുന്നത്? ഇത്രയും പേടിക്കണോ എന്ന് ചോദിക്കാന്‍ തോന്നുന്നില്ലെ നിനക്ക്. നാളുകള്‍ക്കു മുന്നെ നിന്റെ കല്യാണം ഉറപ്പിച്ച നാള്‍ അമ്മയുടെ വര്‍ഷങ്ങളുടെ രഹസ്യങ്ങള്‍ നഷ്ടക്കണ്ണീരായി ഒലിച്ചിറങ്ങിയ ഒരു ദിവസം ദഹിക്കാതെ തികട്ടി വരുന്നില്ലെ?. ചോദിക്കരുതായിരുന്ന ചോദ്യങ്ങള്‍ക്കിടയില്‍ നിന്ന് തലതല്ലുന്നുണ്ടാവും നീ ഇപ്പോഴും. രഹസ്യങ്ങളുടെ ഉള്ളറകളില്‍ തെളിഞ്ഞും മറഞ്ഞും കണ്ട പുരുഷമുഖങ്ങളെ ഭയക്കുന്നുണ്ട് നീയും. പെണ്ണേ....നിനക്കെന്തറിയാം മോഹവളയങ്ങളില്‍ ബാലന്‍സു തെറ്റാതെയുള്ള ആഴക്കിണറിലെ നൃത്തം അവസാനിപ്പിച്ച് ഒരെ താളത്തിലുള്ള ചലനങ്ങള്‍ മതിയാക്കി കളഞ്ഞു പോയ സ്വന്തം താളം തിരിച്ചെടുക്കാന്‍ കഴിയാതെ തളര്‍ന്നു കിടക്കുന്ന ഈ ശരീരത്തിന്റെ നഷ്ടങ്ങള്‍? നീ ഭയത്തോടെ ഭര്‍ത്താവിനെ നോക്കി. ആശുപത്രിമണത്തില്‍ നിന്ന് മണിയറയുടെ പൂമണത്തിലേക്ക് നിന്നെ ഞാന്‍ രക്ഷിച്ചുകൊണ്ടു പോകാം എന്ന് അവന്റെ ആര്‍ത്തിപുണ്ട മിഴികള്‍ മോഹന വാഗ്ദാനങ്ങളായി പെയ്യുന്നതു കണ്ട് പരവേശം കൊണ്ടു.

അമ്മയുടെ വേദനിക്കുന്ന നീലഞരംബില്‍ പതിയിരുന്ന രഹസ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ ധൈര്യമില്ലാതെ വെറുതെ ഒന്നു തൊട്ടുഴിഞ്ഞ് കപടധൈര്യത്തോടെ നീ അമ്മയെ ശാസിച്ചു. "ഇങ്ങനെ ചിന്തിച്ചുകൂട്ടി അസുഖം വരുത്തി വക്കുന്നതെന്തിനാ?" പുച്ഛരസം കലര്‍ന്ന ഒരു ചിരി തളര്‍ന്നു കോടിയ മുഖത്ത് പടര്‍ന്നതു കണ്ടില്ലെന്നു വരുത്തി നീ പോകാന്‍ എഴുന്നെറ്റു. ഭര്‍ത്താവിന്റെ കൈപിടിച്ച് അമ്മയില്‍ നിന്നു ദൂരെ ഉണ്ടെന്നു വിശ്വസിക്കുന്ന സ്വര്‍ഗ്ഗം തിരക്കി...നൃത്തം തുടങ്ങാന്‍.

******************

ശരീരം മാത്രമല്ല ശലോമി, ആത്മാവും നൃത്തം ചെയ്യണം. എന്റെ നഷ്ടങ്ങള്‍ നിന്റെ താളമാവട്ടെ. എന്റെ വെറുപ്പ് നിനക്ക് സംഗീതം. അവന്‍..അവന്‍ മാത്രമാണ് നിന്റെ ലക്ഷ്യം. നിന്റെ ഉയിരു കവര്‍ന്നെടുക്കാന്‍, നിന്റെ ഉണ്‍മ്മയിലേക്ക് വിരല്‍ ചൂണ്ടാന്‍, നിന്നെക്കുറിച്ച് അധികാരത്തോടെ വിളിച്ചു പറയാന്‍ അവനുണ്ടാവരുത്. നിനക്കു പേടിക്കാന്‍ ഒന്നും ബാക്കിയുണ്ടാവരുത്. ഒരു മൂല്യബോധവും കുറുകെ വരാത്ത ഉന്മാദമാവട്ടെ നിന്റെ നൃത്തം. സങ്കല്‍പ്പിച്ചു നോക്കു ശലോമി...നിന്റെ താളം ഈ വലിച്ചെറിയപ്പെട്ട ശരീരത്തിന്റേതാണ്. നീ വയ്കുന്ന ചുവടുകള്‍ തലമുറകളുടേതാണ്. നീ പെണ്ണല്ല...നൃത്തമാണ്...കാമം, തീ. അവന്റെ ഉയിരും ശരീരവും കവരുന്ന തീ. ഞാന്‍ തളികയൊരുക്കി കാത്തിരിക്കുന്നു മകളേ...അവന്റെ ശിരസ്സ്...അതില്ലാതെ നമ്മള്‍ക്കിനി ഒന്നും വേണ്ട. ചുവടുകള്‍ തളരുമ്പോള്‍ ഓര്‍ക്കുക നിനക്ക് നീയായിരിക്കാന്‍, വെറുമൊരു നിഴലാവാതെയിരിക്കാന്‍ ഈ നൃത്തം തുടര്‍ന്നേ പറ്റു. തളര്‍ന്നു വീണാലും നീ എഴുന്നേല്‍ക്കണം മകളെ...അമ്മയുടെ കളങ്കങ്ങളും നഷ്ടങ്ങളും നിന്നെ സ്പര്‍ശിക്കരുത്.

********************

വൈകീട്ട് ഏഴുമണിക്ക് ബസ്സിലെ തിരക്കു വകവക്കാതെ വലിഞ്ഞു കയറുമ്പോള്‍ ശലോമി നൃത്തതിന്റെ രണ്ടാം പാദത്തിലായിരുന്നു. എന്നും ചുവടുകള്‍ മാറ്റണം. പുതുമ വേണം. ഒരങ്കം കഴിഞ്ഞാല്‍ അടുത്തത് തുടങ്ങുന്നതിനിടയില്‍ ഞൊടിയിടയിലാണ് സംഗീതം ഗതി മാറിയൊഴുകുക. മെറ്റ്രോബസ്സില്‍ ബാലന്‍സ് ചെയ്യുന്നതു പോലെ ഒരഭ്യാസം കാണിച്ച് ശലോമി താളം മുറിയാതെ നോക്കും. അരമണിക്കൂര്‍ നേരത്തേക്കുള്ളതാണ് ഈ ത്രസിപ്പിക്കുന്ന ട്രാഫിക് സംഗീതം. സിറ്റിക്കു വെളിയില്‍ ഭയപ്പെടുത്തുന്ന ഏകാന്തതയിലേക്ക് അവളെ ഇറക്കി വിട്ട് ബസ്സു പോവും. പിന്നെ ഇരുണ്ട ഒരു വഴി, ഒറ്റക്കു നടക്കാനുള്ളത്, ഇരുട്ടില്‍ പതിയിരിക്കുന്ന കണ്ണുകള്‍ കൊത്തിവലിക്കുന്നത് അടുത്ത താളത്തിനുള്ള തയ്യാറെടുപ്പാണ് ശലോമിക്ക്. ഇനി തിരശ്ശീല നീങ്ങുമ്പോള്‍ മുന്നിലുണ്ടാവുക എറ്റവും പ്രിയങ്കരമായ സദസ്സ്. വീടിന്റെ ഗെയിറ്റ് കടക്കുമ്പോള്‍ പുഞ്ചിരിക്കാന്‍ മറന്നു പോവരുത്. ഹോസ്പിറ്റലില്‍ നിന്ന് വന്ന് രാവിലെ വിളിച്ചപ്പോഴും അമ്മ പറഞ്ഞതാണ്. "നോക്ക്, നീ ജോലി വേണ്ടെന്നു വച്ചാല്‍ അവനു പിന്നെ എളുപ്പമാവും കാര്യങ്ങള്‍. വീടും ജോലിയും ഒരുമിച്ച് കൊണ്ടു പോവാന്‍ നിനക്ക് ഒരു പാടുമില്ലാന്ന് കാണിച്ചു കോടുക്കണം മോളേ..നിനക്കതു പറ്റും. അതേയുള്ളു വഴി. പുറത്തൊരു ലോകമുള്ളതില്‍ നിന്ന് അടച്ചിടും അവന്‍ നിന്നെ, സ്നേഹപൂട്ടിട്ട് പൂട്ടും. നിന്റെ ലോകം അവനിലേക്ക് ചുരുക്കും. ചങ്ങലകള്‍ വലിച്ചെറിയാന്‍ കഴിയാതെ വരും ഒരുകാലത്ത്. എന്റെ അബദ്ധങ്ങള്‍ നീ ആവര്‍ത്തിക്കല്ലെ...കരിവേപ്പിലച്ചണ്ടിപോലെയാവും ഒടുക്കം....." ഫോണിന്റെ അങ്ങേതലക്ക് കൊളുത്തി വലിച്ച് ശ്വാസം കിട്ടാതെ പിടയുന്ന ശബ്ദം. ഓര്‍മ്മിക്കുമ്പോഴൊക്കെ നടുങ്ങും ശലോമി.

അഴുക്ക് തുണി, നാറുന്ന ആടുക്കള, പബ്ലിക് റ്റൊയ്ലെറ്റ് പോലെ കുളിമുറി, അരമണിക്കൂര്‍, ശലോമി...നൃത്തം തുടങ്ങും. രാജാവ് പ്രസന്നനാവണം. "ഹോ...ഇത്രക്കു സുന്ദരമായി...ഇതു നിനക്കേ കഴിയൂ പെണ്ണേ...എങ്ങിനെ സാധിക്കുന്നു ഇത്? നീ നിന്റെ അമ്മയെ കടത്തി വെട്ടും. മിടുക്കി! എന്തെല്ലാമാണു ചെയ്യുന്നത് നീ? പറയ് എന്തു വരം വേണം നിനക്ക്....?" അതു കേള്‍ക്കണം. എല്ലാ രാവുകളും ആ വാക്കുകളിലേക്കെത്തണം. തന്റെ സര്‍വ്വ ഊര്‍ജ്ജവും കാലുകളിലേക്ക് ആവാഹിച്ച് ശലോമി നൃത്തം തുടങ്ങും. താളം മുറിയരുത്. രംഗം കൊഴുക്കട്ടെ. കാഴ്ച്ചക്കാര്‍ രസിക്കട്ടെ. താനില്ല. ഇനി ഈ നൃത്തം മാത്രം. ആര്‍ത്തു വിളിക്കുന്ന സദസ്സിനു വേണ്ടത് തന്നെയല്ല...അമാനുഷികമായ ഈ നൃത്തം...ഹാ ശലോമി എന്ന് അവര്‍ നിലവിളിക്കുന്നത് ശലോമിയുടെ ശരീരം ഇളകുന്നതു കണ്ടല്ല...അവള്‍ സ്വയം മറന്ന് നൃത്തമാവുന്നതു കണ്ടാണ്. കൊതികൊണ്ട് കൊത്തി വലിക്കുന്ന അസംഖ്യം കണ്ണുകളില്‍ ആണ്‍കാമങ്ങള്‍, പെണ്ണസൂയകള്‍....ഹാ ശലോമി!

ഓരോ ദിവസവും ശലോമി നൃത്തം അതി ഗംഭീരമാക്കി. ലോകം അവള്‍ക്ക് വേദിയായി. ശലോമിയുടെ വീട് നാട്ടിലെ മികച്ച വീട്! അവളുടെ നേട്ടങ്ങള്‍ സ്വപ്നതുല്യം. ഉത്തമയായ ഭാര്യ. മികച്ച ഉദ്ധ്യോഗസ്ഥ. സ്നേഹമയിയായ കുടുംബിനി.. . ശലോമി ചുവടു വക്കുന്നിടം സ്വര്‍ഗ്ഗവേദിയാണ്. ഒരു നൂറു ഭാവങ്ങളാണ് അവളുടെ മുഖത്ത് മിന്നിമറയുന്നത്. ഏതാണവള്‍.. ആര്‍ക്കുമറിയില്ല. അവള്‍ നൃത്തമാണ്.

************************

തളര്‍ന്നു മുറിയുന്ന ഉറക്കങ്ങളിലെവിടെയോ എന്നും ശലോമിക്ക് കാണാമായിരുന്നു ഒരമ്മയെ. ഇരുണ്ട വഴികളിലൂടെ കാലുകള്‍ വലിച്ച് ഒരു യാചകി . ചുറ്റും കല്ലെറിയാന്‍ ആള്‍കൂട്ടം. മക്കള്‍. ബന്ധുക്കള്‍. സ്വാര്‍ത്ഥേ എന്നു വിളിക്കുന്നു ചിലര്‍. മൂഢേ എന്നു ചിലര്‍. ഭ്രാന്തിയെപ്പോലെ അലയുകയാണ് അമ്മ. ഇടക്ക്, പത്തു ചുവടു വച്ചതും അമ്മ അന്വേഷിക്കുന്നത് തന്റെ നിഴലിനെയാണ് എന്ന് മനസ്സിലാവാഞ്ഞല്ല ശലോമിക്ക്. ഉറക്കം അവിടെ വച്ചു മുറിയണേ എന്ന് എത്ര പ്രാര്‍ത്ഥിച്ചിട്ടും ചിലപ്പോള്‍ അമ്മ മുന്നിലെത്തും. “ശലോമി, എവിടെ ആ തല? എവിടെ എനിക്കു തന്ന വാക്ക്? നിനക്കും ഞാനായാല്‍ മതിയോ?”

അമ്മയെന്തായീ പറയുന്നത്? ആരൊക്കെയാണു നമ്മുടെ ശത്രുക്കള്‍? ആരോടൊക്കെയാണ് അമ്മക്ക് പകതീര്‍ക്കാനുള്ളത്? ആരെയാണു നമ്മള്‍ കൊല്ലേണ്ടത്? പഴയ അധികാരി ഇന്ന് തെറ്റിനും ശരിക്കും ഇടയിലേതോ ഒരിടം മാത്രം. ഭീരു. പുതിയവന്റ്റെത് ദിശയില്ലാത്ത പാച്ചില്‍. എനിക്കും അമ്മക്കും തിരിച്ചറിയാനാവത്ത ശത്രു മുഖത്തെ തന്നെയാണ് അവനും ഭയക്കുന്നത്. തളികകള്‍ തലകള്‍ കൊണ്ടു നിറയും. ശലോമിയുടെ നൃത്തവും അമ്മയുടെ പാപവും കൊട്ടിഘോഷിക്കപ്പെടും. അവനെ വെറുതേ വിട്ടുകൂടെ നമുക്ക്?

ആടിതിമര്‍ക്കാനുള്ള വേദിക്കു തലേന്നാള്‍ കാമനേര്‍ച്ചയും ബലിയും കഴിഞ്ഞ് ശലോമി യോഹന്നാന്റെ തലക്ക് മോക്ഷം കൊടുത്തു. സ്വപ്നത്തില്‍ അവളോട് അമ്മ പിന്നെയും യാചിക്കുന്നുണ്ടായിരുന്നു. അമ്മയുടെ സ്വപ്നങ്ങളില്‍ നിന്നും ചിലങ്കകളില്‍ നിന്നും, രക്തമിറ്റുന്ന തലകളില്‍ നിന്നും തന്നെ അടര്‍ത്തിമാറ്റി ശലോമി മറ്റൊരു കാലം തേടി ഇറങ്ങിനടന്നു.

Wednesday, June 18, 2008

അപര്‍ണ്ണയുടെ ദൈവങ്ങള്‍

വിശാഖന്‍ ആദ്യമായിട്ട് കാണുമ്പോള്‍ മുതല്‍ അപര്‍ണ്ണ കഴുത്തില്‍ ഒരു കുരിശു ധരിച്ചിരുന്നു. അതയാളെ വലിയ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ അവളെ അരിശം പിടിപ്പിക്കാത്ത വിധം തേനില്‍ ചാലിച്ച് ഒരു ദിവസം അയാളവളോട് "ഇതിന്റെ ആവശ്യമുണ്ടോ" എന്നു ചോദിച്ചു. മറുപടിയായി അപ്പോള്‍ അപര്‍ണ്ണ ചിരിച്ചു. എന്നിട്ട് രാത്രിയില്‍, അയാളുടെ നീണ്ടുചുരുണ്ടതലമുടിയില്‍ വിരലുടക്കി വിഷാദത്തോടെ ചോദിച്ചു. "എനിക്കു നിന്നെ ആവശ്യമുണ്ടോ..?" രണ്ടും ഒരെ ചോദ്യങ്ങളായിരുന്നു എന്ന് അയാള്‍ക്ക് മനസ്സിലായില്ല. അവളുടെ വല്ല പരട്ടുകവിതയുടേം തുടക്കമായിരിക്കും എന്നു കരുതി അയാള്‍ അവളെ ചേര്‍ത്തുപിടിച്ച് നിശബ്ധയാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അപര്‍ണ്ണ അപ്പോള്‍ യെശുവിനെ ഓര്‍ക്കുകയായിരുന്നു.

അപര്‍ണ്ണയുടെ ഭക്തിയെ അടക്കി നിര്‍ത്താ‍ന്‍ വിശാഖന്‍ ആവും പാടും ശ്രമിച്ചു. നല്ല ഭാര്യയാണ് അപര്‍ണ്ണ. വിശാഖന് അക്കാര്യത്തില്‍ ഒരു തൃപ്തികേടും ഇല്ല. വലിയ പക്വതയൊന്നുമില്ല. പക്ഷെ പ്രാപ്തിയൊക്കെ ഉണ്ട്. ഉള്ളതുകൊണ്ട് തൃപ്തി. കഴിഞ്ഞുകൂടാനുള്ള വരുമാനം.വിശാഖനു തന്നെക്കുറിച്ചും ദുര:ഭിമാനമൊന്നുമില്ലാത്തതു കൊണ്ട് സ്വാഭാവികമായി പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കേണ്ടതാണ്. തികഞ്ഞ മത വിശ്വാസിയാണെങ്കിലും അപര്‍ണ്ണ ഒരു കുരിശു ധരിച്ചതു കൊണ്ട് തന്റെ തലയില്‍ ആകാശം ഇടിഞ്ഞു വീഴില്ല എന്ന് ഉറപ്പുണ്ടായിരുന്നു വിശാഖന്. പക്ഷെ അപര്‍ണ്ണയുടെ കുരിശ് കിടപ്പറയിലും ഊണ്മേശയിലും ഒക്കെ മറ്റൊരുവനെപ്പോലെ വിശാഖനെ അലോസരപ്പെടുത്താന്‍ തുടങ്ങി.

അപര്‍ണ്ണയുടെ കുരിശ് പണ്ടേ ചര്‍ച്ചാവിഷയമായിരുന്നു. റോസിലിന്‍ സിസ്റ്ററുടെ കയ്യില്‍ നിന്നാണ് പത്താം ക്ലാസ് പരീക്ഷയുടെ തലേന്ന് അവള്‍ കുരിശു ചോദിച്ചു മേടിച്ചത്. പരീക്ഷപ്പേടികൊണ്ടായിരിക്കും എന്നു കരുതി ആരും കാര്യമാക്കിയില്ല. പക്ഷെ പരീക്ഷ കഴിഞ്ഞ് അവധിക്കാലവും കഴിഞ്ഞിട്ടും അവള്‍ കുരിശ് അഴിച്ചു വക്കുന്നില്ല എന്ന് എല്ലാവരും കണ്ടുപിടിച്ചു. വീട്ടുകാര്‍ക്ക് പരിഭ്രമവും നാട്ടുകാര്‍ക്ക് കൌതുകവുമായി. അങ്ങിനെയാണ് അപര്‍ണ്ണ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തന്നെ ഒരു ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ കുരിശ് ചില്ലറപ്പങ്കൊന്നുമല്ല വഹിക്കുന്നത് എന്ന അറിവ് യഥാര്‍ത്ഥത്തില്‍ അപര്‍ണ്ണക്ക് ദുഷ്കരമായ ഒരു കടമ്പയായിരുന്നു. ചില രാത്രികളില്‍ തലവഴി പുതപ്പുമൂടിക്കിടന്ന് മാറത്തു പറ്റിക്കിടക്കുന്ന കുരിശിനേ മാത്രം ഓര്‍ത്ത് ഏകാഗ്രമായി അപര്‍ണ്ണ ധ്യാനിക്കും.കുരിശിലല്ല തന്റെ ശരീരത്തിലേക്കാണ് യെശുവിനെ തറച്ചിരിക്കുന്നത് എന്നവള്‍ക്കു തോന്നും. ഓരോ ആണിപ്പഴുതിന്റെയും വേദന യേശുവിനോട് ചേര്‍ന്നുകിടന്ന് അവള്‍ സങ്കല്‍പ്പിക്കും. തനിക്കുവേണ്ടിമാത്രമാണ് അവന്‍ കുരിശില്‍ മരിച്ചത് എന്നു വിശ്വസിച്ച് കരയും. ഈ അനുഭവം ചോര്‍ത്തിയെടുത്ത് സിസ്റ്റര്‍ റോസിലിന്‍ അപര്‍ണ്ണയോട് മഠത്തില്‍ ചേരുന്നോ മോളെ എന്നു ചോദിച്ചത്രേ. ഇതൊക്കെ അവള്‍ വിശാഖനോട് പറഞ്ഞു ചിരിച്ചിട്ടുള്ളതാണ്. എന്നാല്‍ അതു കേട്ട് അയാള്‍ കൂടുതല്‍ പരിഭ്രമിക്കയാണുണ്ടായത്. അപര്‍ണ്ണയുടെ കുരിശിനോടുള്ള ഭ്രമവും തന്നോടുള്ള ആസക്തിയും നേര്‍ക്കുനേര്‍ പൊരുതുന്ന അവസ്ഥകളായിട്ടാണ് അയാള്‍ക്കു തോന്നിയത്. അതു കൊണ്ട് അവളുടെ ദൈവങ്ങളെ അയാള്‍ ഭയപ്പെട്ടു തുടങ്ങി.


കുരിശിനു മുന്നെയും അപര്‍ണ്ണയുടെ ജീവിതത്തില്‍ കുറേ ദൈവങ്ങളുണ്ടായിരുന്നു. എന്തുകൊണ്ടോ ദൈവങ്ങളുമായിട്ട് ചങ്ങാത്തം കൂടുന്നത് ഒരു ഹരമായിരുന്നു അവള്‍ക്ക്.തനിയേ ഇരിക്കുമ്പോഴും കൂടെയുള്ള ഒരു കൂട്ടായിട്ടാണ് ദൈവങ്ങള്‍ അപര്‍ണ്ണയെ കീഴ്പ്പെടുത്തി തുടങ്ങിയത്. പങ്കുവക്കലിന്റെ ഒന്നാം പാഠമാണ് പ്രാര്‍ത്ഥന എന്ന് പ്രാര്‍ത്ഥനയേ നിര്‍വചിച്ചു കൊണ്ട് അവള്‍ പറഞ്ഞത് മോറല്‍ സൈന്‍സ് ക്ലാസില്‍ സിസിലിടീച്ചറെ സ്തബ്ദ്ധയാക്കി. അടക്കിപ്പിടിച്ച് ചിരിക്കുന്ന കുട്ടികള്‍ക്കിടയില്‍ കള്ളത്തരം പിടിക്കപ്പെട്ട പോലെ നില്‍ക്കെണ്ടിവന്നു അപര്‍ണ്ണക്ക്. ദൈവം മുകളില്‍ ഉള്ള ഒരു ശക്ത്തിയാണ് അപര്‍ണ്ണേ എന്ന് സിസിലി ടീച്ചര്‍ ആവര്‍ത്തിച്ചിട്ടും അപര്‍ണ്ണ വിശ്വസിച്ചില്ല. സന്ധ്യക്ക് നാമം ജപിക്കുമ്പോള്‍ കണ്ണുമിഴിച്ച് നിന്ന് അവള്‍ മുന്നിലുള്ള സുന്ദരന്മാരെയും സുന്ദരികളെയും മതിയാവോളം നോക്കി. കണ്ണടച്ചു പ്രാര്‍ത്ഥിക്കുന്നതെന്തിനാണെന്ന് ആശ്ചര്യപ്പെട്ടു. ദൈവങ്ങളുടെ ചിത്രങ്ങള്‍ നിറപ്പകിട്ടോടെ അപര്‍ണ്ണ ഉള്ളിലേക്ക് പകര്‍ത്തി വച്ചു. പത്മാസനത്തിലിരിക്കുന്ന ബലിഷ്ടനായ ധര്‍മ്മശാസ്താവിനനെ, പയ്യിന്റെ മേലൊട്ടി നിന്ന് കുഴലൂതുന്ന കൃഷ്ണനെ, നീലക്കഴുത്തില്‍ പാമ്പിനെ കോര്‍ത്തിട്ട ശിവനെ, അവന്റെ പാതിമെയ്യ് പുണര്‍ന്നു നില്‍ക്കുന്ന പാര്‍വ്വതിയെ, കുറുമ്പന്‍ തീറ്റപ്രിയന്‍ ഗണപതിയേ എന്നു വേണ്ട ഭൂലോകത്തുള്ള സകല ദൈവങ്ങളെയും തിരഞ്ഞു നടന്നു അപര്‍ണ്ണ. അവരെ നോക്കിനിന്ന് അപര്‍ണ്ണയുടെ സന്ധ്യാധ്യാനം എന്നും നീണ്ടുനീണ്ടു പോയി. നല്ല ദൈവവിശ്വാസമുള്ള കുട്ടിയാണ് അവള്‍ എന്നു പറഞ്ഞിരുന്ന മുത്തശ്ശിപോലും ഒടുക്കം സംശയിച്ചുതുടങ്ങി. "പെണ്ണേ അകക്കണ്ണുകൊണ്ടു കാണേണ്ട ശക്ത്തിയാ ഈശ്വരന്‍..." എന്ന് പിടിച്ചിരുത്തി അവളെ അവര്‍ ഗുണദോഷിച്ചു.

അപര്‍ണ്ണ ചിത്രം വരക്കുന്നതു കൊണ്ട് ആര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. പെന്‍സില്‍ കൂര്‍പ്പിച്ച് നോട്ടുബുക്കില്‍ അവള്‍ കോറിയിടുന്നതൊക്കെ ദൈവങ്ങളെയാണെന്ന് ആരൊക്കെയോ തിരിച്ചറിഞ്ഞതാണ് പ്രശ്നമായത്. സങ്കല്‍പ്പിച്ചെടുക്കാവുന്ന ദൈവങ്ങളെ ഒക്കെ അവള്‍ വരച്ചുണ്ടാക്കി. നോട്ടുബുക്കിന്റെ ഏടുകള്‍ കീറി ഒളിപ്പിച്ചു വച്ചു. ചിലപ്പോളൊക്കെ അവള്‍ക്കു തോന്നിയിട്ടുണ്ട് അതൊക്കെ ചില്ലിട്ട് പൂജാമുറിയില്‍ വച്ചാല്‍ ആളുകള്‍ക്ക് സമാധാനമാവുമോ എന്ന്. പക്ഷെ തന്റെ പെന്‍സിലിന്റെ മുനമ്പിന്റെ പാകമനുസരിച്ച് നനുത്തും കടുപ്പത്തിലും രൂപപ്പെട്ടു വരുന്ന ദൈവങ്ങളെ മറ്റൊരാളുമായി പങ്കുവക്കുന്ന കാര്യം അവള്‍ക്ക് ചിന്തികാന്‍ വയ്യായിരുന്നു. അതു കൊണ്ട് അപര്‍ണ്ണയുടെ ഇന്‍സ്ട്രമെന്റ് ബോക്സിനുള്ളില്‍ ചുരുണ്ടു മടങ്ങിയും, അവളുടെ തലയിണക്കുള്ളില്‍ ഞെരുങ്ങിയും, ബാഗിലെ കള്ളികളില്‍ പതുങ്ങിയും ദൈവങ്ങള്‍ നെടുവീര്‍പ്പിട്ടു. അവരെ ഇങ്ങനെ ഒളിപ്പിച്ചു വക്കേണ്ടിവരുന്നതിന്റെ വിഷമം കൊണ്ടാണ് അപര്‍ണ്ണ ചിത്രം വര നിര്‍ത്തിയത്. കൌമാരക്കാരികളായ സുഹൃത്തുക്കള്‍ കൂടെപഠിക്കുന്ന പയ്യന്മാരുടെ പേരിന്റെ ആദ്യാ‍ക്ഷരങ്ങള്‍ തങ്ങളുടേതുമായി ചേര്‍ത്ത് സ്കൂള്‍ ബെഞ്ചില്‍ കോറിവരക്കുമ്പോള്‍ അപര്‍ണ്ണ രാധയെപ്പിരിഞ്ഞ കണ്ണന്റെ വേദനയോര്‍ത്തു. തനിക്കുവേണ്ടിയാവും മധുരയുടെ രാജവീതികളില്‍ ഒരു കുഴല്‍ വിളി ഇന്നും ഘനീഭവിച്ചുനില്‍ക്കുന്നത് എന്നോര്‍ത്ത് രാധയായി സായൂജ്യമടഞ്ഞു.

യഥാര്‍ത്തത്തില്‍ അപര്‍ണ്ണയെന്തിനാ ആണ്‍ ദൈവങ്ങളെ മാത്രം ഇഷ്ടപ്പെടുന്നത് എന്നും വിശാഖന്‍ സംശയിച്ചു. തന്റെകൂടെ സെക്രറ്റേറിയറ്റില്‍ ജോലിചെയ്യുന്ന, "തീപ്പൊരി" എന്നറിയപ്പെടുന്ന എഴുത്തുകാരി ലക്ഷ്മിയെപ്പോലെ പെണ്‍ദൈവങ്ങള്‍ മതി എന്ന് അപര്‍ണ്ണയും പറഞ്ഞിരുന്നെങ്കില്‍ എന്നുപോലും വിശാഖന്‍ മോഹിച്ചു പോയി. പക്ഷെ ഒളിച്ചും പതുങ്ങിയും അപര്‍ണ്ണ സൂക്ഷിച്ചു വച്ചിരുന്ന ക്യാന്‍വാസുകള്‍ നിറയെ ആണ്‍ദൈവങ്ങളായിരുന്നു. ദൈവത്തിനു ജെന്‍ടര്‍ ഇല്ല അപര്‍ണ്ണേ എന്ന് ലക്ഷ്മിയെക്കൊണ്ട് പറയിപ്പിച്ചു നോക്കി, വിശാഖന്‍. പലരെക്കൊണ്ടും ഉപദേശിച്ചു നോക്കി. ഒരു പ്രയോചനവും ഉണ്ടായില്ല.

അന്യോന്യം യാതൊരു ബാധ്യതകളുമില്ലാത്ത സ്നേഹമാണ് അപര്‍ണ്ണയും ദൈവങ്ങളും തമ്മില്‍. അപര്‍ണ്ണയ്ക്ക് സ്നേഹിക്കാന്‍ ഏറ്റവും എളുപ്പം ദൈവങ്ങളെയാണ്. എനിക്കു വേണ്ടി നീ ഇതു ചെയ്യുമോ എന്ന് ഒരു ദൈവവും ഇറങ്ങിവന്ന് അപര്‍ണ്ണയോട് ചോദിച്ചിട്ടില്ല ഇതുവരെ. താന്‍ എത്ര കരഞ്ഞു ചോദിച്ചാലും സ്നേഹം അളന്നു തൂക്കി ദൈവം ഒന്നും തരാന്‍ പോകുന്നില്ല എന്ന് അനുഭവങ്ങള്‍ ഉണ്ട് അവള്‍ക്ക്. ഒരു ദൈവത്തിന്റെയും നഷ്ടങ്ങളെക്കുറിച്ചോര്‍ത്ത് അവള്‍ക്കു പരിതപിക്കണ്ടിവന്നിട്ടില്ല ഇതുവരെ.എല്ലാം നഷ്ടപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചവരാണ് ദൈവങ്ങള്‍. മനസ്സുകളില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്നവര്‍. മനസ്സുകള്‍ നൂല്‍പ്പാലങ്ങളാക്കി വഴികള്‍ സൃഷ്ടിക്കുന്നവര്‍. ആരൊക്കെ കീറിമുറിച്ചിട്ടും ഒന്നായിത്തന്നെ നില്‍ക്കുന്നവര്‍. കാമം കണ്ട്, ഭക്തിയില്‍ അലിഞ്ഞ്, ബലിയായി വഴങ്ങുന്നവര്‍. വിശാലമായ മനസ്സ്. ഉദാത്തമായ മനുഷ്യത്വം. അവള്‍ സങ്കല്‍പ്പിക്കുന്ന രൂപം. സ്നേഹിച്ചുപോവുന്നത്ര സങ്കീര്‍ണ്ണമായ ജീവിതം. പിന്നെ അപര്‍ണ്ണ എന്തുചെയ്യും? ഇങ്ങനെ ദൈവങ്ങളെ സ്നെഹിച്ച് മത്തുപിടിച്ചിരിക്കുമ്പോളാണ് അവള്‍ സലീമിനെ കണ്ടത്.


ദൈവം മറ്റാ‍ര്‍ക്കും വായിക്കാനാവാത്ത ഒരു ചുരുക്കെഴുത്താണെന്നായിരുന്നു അപര്‍ണ്ണ കരുതിയത്. പക്ഷെ ഇന്‍ഫെന്റ് ജീസസ് ചര്‍ച്ചില്‍ വച്ച് സലീമാണ് അത് തിരുത്തിയത്. എല്ലാ ദൈവങ്ങളും കള്ളന്മാരാണെന്നായിരുന്നു അവന്‍ പറഞ്ഞത്. പടുത്തുയര്‍ത്തിയ സാമ്രാജ്യക്കണക്കുകളില്‍ വേവലാതി പൂണ്ട്, അധികാരമോഹികളായി, പാരവെപ്പും കുത്തിതിരുപ്പുമായിട്ട് കഴിയുന്ന അലവലാതിയാണ് ദൈവം എന്ന് ചര്‍ച്ചിന്റെ പടവുകളില്‍ തരിച്ചിരുന്ന അപര്‍ണ്ണക്ക് സലീം പറഞ്ഞു കൊടുത്തു. ഒരു നാസ്തിക തനിക്ക് കൂട്ടുപിറക്കുന്നതുകാണാന്‍ തിടുക്കമായിരുന്നു അവന്. പക്ഷെ അന്നുമുതല്‍ അപര്‍ണ്ണയുടെ ദൈവങ്ങള്‍ക്കൊക്കെ സലീമിന്റെ മുഖമായി. കാമവും ഭക്തിയും ഒന്നാണെന്ന് ജിബ്രാന്റെ കവിത ചൊല്ലി അവള്‍ക്കു പറഞ്ഞു കൊടുത്ത സലീം, ദാലിയുടെ ക്രൂസിഫിക്ഷന്‍ ആരുടെ സ്വപ്നമായിരിക്കും എന്നൊക്കെ വരെ അവളെക്കൊണ്ട് ചിന്തിപ്പിക്കുമായിരുന്ന സലീം. ഒരു പ്രണയത്തിന്റെ അക്കരെ ഇക്കരെ നീന്തി വന്നുകഴിഞ്ഞപ്പോള്‍ അവനും പറഞ്ഞു തുടങ്ങി അവന്‍ ദൈവത്തെ പ്രണയിച്ചുതുടങ്ങി എന്ന്. "എന്റെ ദൈവത്തിനിപ്പോള്‍ നിന്റെ മുഖമാണ്" എന്ന് അവളുടെ കണ്ണുകളില്‍ ഉമ്മവച്ചു പറഞ്ഞിട്ടു പോയ അന്നാണ് എതോ മൊബൈലില്‍ നിന്ന് അജ്ഞാത സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിന്റെ പേരില്‍ അവന്‍ ആക്രമിക്കപ്പെട്ടത്. ഒരു ഹൈപ്പര്‍ക്യൂബിനു മുകളില്‍ ആണിയടിച്ചു തറച്ച് സലീമിന്റെ മുഖമുള്ള ദൈവം പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നത് സ്വപ്നം കാണേണ്ടിവന്നു അപര്‍ണ്ണക്ക്.


വിശാഖന്റെ വീട് ഒരു കായലിന്റെ തീരത്താണ്. ഒരു മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞ കായലിന്റെ കരയില്‍ കുറേ കൊച്ചു ദൈവങ്ങളെ വിശാഖന്‍ അപര്‍ണ്ണക്കു കാണിച്ചു കൊടുത്തു. വീടിന്റെ പടിഞ്ഞാറ് ഒരു ദൈവം, ശങ്കരമൂര്‍ത്തിയാണ്, കാളിയുടെ കലിയടക്കാന്‍ കാല്‍ക്കല്‍ പതിഞ്ഞു കിടന്നു കൊടുത്ത രുദ്രഭഗവാന്‍. വടക്കോട്ട് തിരിഞ്ഞിരിക്കുന്നത് ഭദ്രകാളി. രണ്ടു പ്രതിഷ്ഠകളെയും കുളിപ്പിക്കുന്നതും ചന്ദനം ചാര്‍ത്തുന്നതും, അവര്‍ക്കു നേദിക്കുന്നതും ഒക്കെ വിശാഖന്റെ അച്ഛനാണ്. ക്ഷയിച്ചു പോയ അമ്പലങ്ങളാണ്. പ്രാര്‍ത്ഥിക്കാന്‍ വരുന്നത് വലിയ പൈസക്കാരല്ല.അപര്‍ണ്ണക്കു താന്‍ വിവാഹം കഴിച്ചത് വിശാഖനെയല്ല ആ ദൈവങ്ങളെ ആണെന്നു തോന്നി. തന്റെ കാലശേഷം ആ ദൈവങ്ങള്‍ അനാഥരാവുമല്ലോ എന്ന് അച്ഛന്‍ പറയുന്നതു കേട്ടും കൊണ്ട് വിശാഖന്‍ കായലിലേക്ക് നോക്കി പുകയുംവിട്ടുകൊണ്ടിരിക്കും. അയാള്‍ക്ക് അവരെക്കൊണ്ട് വലിയ ആവശ്യമില്ലായിരുന്നു. ദൈവങ്ങളെ വിശ്വസിക്കാം, പക്ഷെ ഒരു ദൈവത്തിന്റെയും ഭാരം താങ്ങാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല. ചിത്രം വരക്കാന്‍ കൊള്ളാമെന്നതാവാം അപര്‍ണ്ണക്ക് അവരോട് താല്‍പ്പര്യം തോന്നാന്‍ എന്നാണ് അയാള്‍ ആദ്യം കരുതിയത്. അവള്‍ ആ ദൈവങ്ങളുടെ ചിത്രങ്ങള്‍ ക്യാന്‍വാസിലാക്കി പ്രസിദ്ധയാവുന്നതും, തന്റെ വീടും പരിസരവും ഒരു നല്ല ടൂറിസ്റ്റ് കേന്ദ്രമാവുന്നതും ആ സ്ഥലത്തിന് പൊന്നും വിലയാവുന്നതും ഒക്കെ അയാള്‍ സ്വപ്നം കണ്ടു. അപര്‍ണ്ണ പക്ഷെ ഭംഗിയേറിയ കൊത്തുപണികളുള്ള പുരാതനമായ ആ ചുറ്റാമ്പലവും, ഒറ്റക്കല്ലില്‍ പണിഞ്ഞെടുത്ത പ്രതിഷ്ഠയുമൊന്നും ശ്രദ്ധിച്ചതേയില്ല എന്നത് വിശാഖനെ കുറച്ച് നിരാശപ്പെടുത്തിയിരുന്നു.


കായലിന്റെ കരയില്‍ ഏതോ നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുവന്ന ഒരു കറുത്ത ദൈവമുണ്ടായിരുന്നു. ആരും തിരിഞ്ഞുനോക്കാതെ പാതി മുറിഞ്ഞ മുഖവുമായി തനിച്ചിരുന്ന അവനെ മനസറിഞ്ഞ് അപര്‍ണ്ണ കുട്ടന്‍ എന്നു വിളിച്ചു. കാലങ്ങളായി അവന്‍ താങ്ങുന്ന പ്രാര്‍ത്ഥനകളുടെ ഭാരം ഒരു പങ്ക് ചോദിച്ചു വാങ്ങി അവന്റെ പാതിമെയ്യായി. ആരും അന്വേഷിച്ചുവരാനില്ലാതെ ഉണര്‍ത്താന്‍ ആരുടെയും പ്രാര്‍ത്ഥനയില്ലാതെ മൃതനായിരുന്ന ഒരു ദൈവം അവളുടെ പ്രേമത്തില്‍ ഉയിര്‍ത്തെഴുന്നേറ്റു. അവന്റെ ജ്ഞാനോദയങ്ങള്‍ക്കു സാക്ഷിയാവാന്‍ അവള്‍ ഒരു ബോധീവൃക്ഷമായി വേരുകളാഴ്ത്തിപ്പടര്‍ന്നു. അവന്റെ പ്രണയുവും പേറി വിശഖനോടൊത്ത് കഴിഞ്ഞു. ആരോരുമില്ലാത്തവനാണ് ദൈവം എന്നൊക്കെ അവള്‍ വിശാഖനോട് പറഞ്ഞു തുടങ്ങി. ഈ ദൈവങ്ങളെയൊക്കെ നമുക്കു രക്ഷിച്ചുകൂടെ എന്ന് അവള്‍ വിശാഖനോട് ചോദിക്കും. ഇവരെയൊക്കെ ഇനി എന്തു ചെയ്യാന്‍ എന്ന് അയാള്‍ കൈമലര്‍ത്തും. കാലം തെറ്റിജീവിക്കുന്ന ദൈവങ്ങള്‍ക്കു വേണ്ടി അപര്‍ണ്ണ വിശാഖനോട് വഴക്കിട്ടു തുടങ്ങി. വിശാഖന്റെ പരിഭ്രമം കൂടി. “നീ ഈ കല്ലിനേം കുരിശിനേം മനസ്സില്‍കൊണ്ടു നടക്കുന്നതെന്തിനാ...വല്ല പള്ളിയിലോ അമ്പലത്തിലോ ഒരു നേര്‍ച്ചയിട്ടാല്‍ തീരാവുന്നതേ ഉള്ളൂ ഇതൊക്കെ...” എന്നും പറഞ്ഞ് അയാള്‍ ഒഴിയാന്‍ ശ്രമിക്കും.


ചിത്തഭ്രമം വന്ന് തനിക്ക് അപര്‍ണ്ണയേ നഷ്ടപ്പെട്ടാലോ എന്ന് ഭയമുണ്ടായിരുന്നു വിശാഖന്. ഒരു രാത്രി ഉറങ്ങിക്കിടന്ന അയാളെ വിളിച്ചുണര്‍ത്തി കരഞ്ഞും കൊണ്ട് അവള്‍ അയാളുടെ ദേഹത്ത് പരതാന്‍ തുടങ്ങി. "ഇങ്ങനെ ചോരയൊലിപ്പിച്ചു കിടക്കുകയായിരുന്നോ.." എന്ന് നിലവിളിച്ച അവളുടെ വായ് പൊത്തേണ്ടി വന്നു അയാള്‍ക്ക്. "ഭ്രാന്തു കാണിക്കല്ലെ അപര്‍ണ്ണാ" എന്നു ശാസിച്ച് അയാള്‍ എഴുന്നേറ്റ് ലൈറ്റിട്ടു. തനിക്ക് മുറിവുകളൊന്നുമില്ല എന്ന അറിവ് അവളെ സമാധാനിപ്പിച്ചേക്കും എന്നാണ് വിശാഖന്‍ കരുതിയത്. പക്ഷെ മുറിവുകളില്ലാത്ത അയാളുടെ ദേഹത്തേക്ക് അവഞ്ജയോടെ ഒന്നു നോക്കി അപര്‍ണ്ണ എഴുന്നേറ്റുപോയി. രണ്ടു ദിവസം കഴിഞ്ഞാണ് അപര്‍ണ്ണയെ വിശാഖന്‍ കൌണ്‍സലിങ്ങിനു കൊണ്ടു പോയത്. അടുത്തയിടെ കുടുംബത്തിലുണ്ടായ മരണങ്ങള്‍ അവളെ തളര്‍ത്തിയതാണ് എന്ന് വിധിയെഴുതപ്പെട്ടു.

"ദൈവങ്ങളേ സ്നേഹിക്കല്ലേ അപര്‍ണ്ണേ...പകരവും കൂടെ എന്നേ സ്നേഹിക്കൂ" എന്ന് വിളിച്ചുപറയണമെന്നുണ്ടായിരുന്നു വിശാഖന്. അയാള്‍ക്കറിയാം അയാളുടെ നെഞ്ചത്തു തലവച്ചു കിടക്കുമ്പോളും അപര്‍ണ്ണയുടെ മനസ്സുനിറയേ ദൈവങ്ങളോടുള്ള പ്രണയമാണെന്ന്. കിടപ്പുമുറിയിലെ ശൂന്യതയിലോ, വാതിലടച്ച് വീട്ടില്‍ സ്വസ്തമായി ഇരിക്കുമ്പോഴോ അവള്‍ വിശാഖനെ തിരിഞ്ഞു നോക്കിയില്ല. താനുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളില്‍ ജഡാവസ്ഥയിലാവുന്ന അപര്‍ണ്ണ ഒരു വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുന്നതു കണ്ട് ഭഗവതിക്കാവിന്റെ നടക്കല്‍ വച്ച് ആവേശത്തോടെ തന്നെ പുണര്‍ന്നത് തീരെ ഇഷ്ടമായില്ല അയാള്‍ക്ക്. ഇതൊന്നും അത്ര പന്തിയല്ലല്ലോ എന്ന് തോന്നി വിശാഖന്. ഭാര്യ തന്നെ പരസ്യമായി കാമിക്കുന്നതും രഹസ്യമായി ദൈവങ്ങളെ പ്രണയിക്കുന്നതും അയാള്‍ക്ക് വലിയ ഒരു പ്രഹേളികയായി. ഒരു കാലത്തിന്റെയും വേദന താങ്ങാത്ത, ഒരു വിശ്വാസത്തെയും ചുമലില്‍ പേറാത്ത, അനന്തതയിലേക്ക് നീളുന്ന ഒരു ആണിയുടെയും വേദനയറിയാത്ത, ഒരു ദേവാലയത്തിലും കല്ലാകേണ്ടി വരാത്ത ഒരു മനുഷ്യനായി ഇരിക്കാനായിരുന്നു അയാള്‍ക്കിഷ്ടം. അവളുടെ പ്രേമം തൊട്ടറിഞ്ഞാല്‍ പിന്നെ തന്റെ ഉള്ളിലും ഒരു വൃന്ദാവനം,ഒരു മധുര,ഒരു കൈലാസം,ഒരു കാല്‍വരി, ഒരു കുരിശ്...അയാള്‍ക്ക് പേടിയായി. തിളക്കുന്ന ലാവ പോലെയാണ് ഭക്തി.ഏതു ദൈവത്തെയും പൊള്ളിക്കും. അവളുടെ ഉടലിന്റെ ആഴങ്ങളില്‍ തപിച്ചുകിടന്ന അഗ്നിപര്‍വ്വതങ്ങളെ സ്പര്‍ശിക്കാതെ, അവളുടെ തീപോലുള്ള പ്രണയത്തെ ഭയന്ന് എത്ര കാലം ഒരു ദൈവമാകാതെ കഴിയും അയാള്‍?

ഒരു ദിവസം, ദൈവങ്ങളെ സ്വപ്നം കണ്ട് ഉറക്കം മുറിഞ്ഞ അപര്‍ണ്ണയെ തോളിലേക്ക് ചായ്ച്ചു കിടത്തി, അവളുടെ നനഞ്ഞ കവിള്‍ തലോടി വിശാഖന്‍ ചോദിച്ചു, അവള്‍ ദൈവങ്ങളെ ഇത്ര സ്നേഹിക്കുന്നതെന്തിന് എന്ന്. വിശാഖനറിയുന്നില്ലായിരുന്നു അയാളുടെ മുഖമുള്ള ഒരു യേശുവിനെ കുരിശില്‍ തറയ്ക്കുകയാണ് അപര്‍ണ്ണ ഓരോ രാത്രിയിലും എന്ന്. മരണത്തിലൂടെപ്പോലും രക്ഷപ്പെടാന്‍ കഴിയാത്ത വിധം അവനായിട്ട് ഒരു കല്ലറ മനസ്സില്‍ തീര്‍ക്കുകയാണ് എന്ന്. അവന്റെ രക്തവും മാംസവും ഒരു പങ്കുപറ്റി അവനെ ദൈവമാക്കുകയാണ് എന്ന്. അപര്‍ണ്ണയുടെ ഉടലില്‍ ഉണരാന്‍ ഒരു കുരിശിന്റെ വേദന മതി. ഇത്തിരിപ്പോന്ന ഒരു കുരിശിന്റെ.
കുറേ നേരം ഉത്തരം കാത്തുകിടന്ന് വിശാഖന്‍ ഉറക്കം പിടിച്ചു.

Monday, May 19, 2008

യമകല്‍പ്പന ഒരു ഓണ്‍ലൈന്‍ പ്രണയകാവ്യം

യമന്‍: നീയുണ്ടോ അവിടെ?

കല്‍പ്പന: ഉവ്വ്. നിന്നെ കാത്തിരിക്കുകയായിരുന്നു

യമന്‍: കല്പനേ, എനിക്കിതു മടുത്തു.കയ്യ്കളിലൂടെ വഴുതിയിറങ്ങുന്ന മരണങ്ങളേ സ്നേഹിച്ചുപോകുന്നു.പിന്നെ അവക്കു മരണം വിധിച്ചും,ഉയിര്‍പ്പിച്ചും ഞാന്‍ തോറ്റു

കല്‍പ്പന: നിനക്കിതു മതിയാക്കിക്കൂടെ? നിന്റെ ഉള്ളിലുള്ളത് കവിതയാണ്
മരണമല്ല.
യമന്‍: ഇല്ലാത്ത ചോയ്സുകള്‍ക്ക് ഒരു രക്തസാക്ഷി കൂടി. ആര്‍ക്കു നഷ്ടം? (ഹും!)
നീ ഇന്നലേ ആ അനാഥശ്രമത്തില്‍ ചെന്നിരുന്നു അല്ലെ?

കല്‍പ്പന: മ്..ആ കുട്ടിയേ കണ്ടു. നീ പറഞ്ഞതുപോലെ നീലക്കണ്ണുകളാണ് അവള്‍ക്ക്. നാലുവയസ്സു കാണും

യമന്‍: കട്ടിലില്‍ നിന്ന് അയാളെ വലിച്ചിടുമ്പോള്‍ ഞെട്ടിയുണര്‍ന്ന് അവള്‍ എന്നെ നോക്കിയിരുന്നു കല്ലു...ഒറ്റത്തവണ...മരിച്ചുപോയി ഞാന്‍ അന്നേരം.

കല്‍പ്പന: വിഷമിക്കേണ്ട. ഹി ഡിസേവ്ഡ് ഇറ്റ്. മറക്കാന്‍ ശ്രമിക്ക്. നിന്റെ ആ കവിതയെവിടെ? വെയിലിനെക്കുറിച്ചെഴുതിയത്? അതു പോസ്റ്റുന്നില്ലെ?

യമന്‍: എന്നെ കരിച്ചുകളയുന്നതിനെ ഞാന്‍ കവിതയാക്കി വാഴ്ത്തണോ? ഇന്നലെ രാവിലേ മുതല്‍ ഈ നേരം വരെ അവരുമായി ഒളിച്ചുകളിയായിരുന്നു. പിടിക്കപ്പെട്ടാല്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല.

കല്‍പ്പന: നമ്മള്‍ തമ്മില്‍ കാണുന്നതോ?

യമന്‍: അതു വേണ്ട..കല്ലു. നീയന്നു പാടിയതു പോലെ "ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്തു കാണാം..."

കല്‍പ്പന: ഇത്രയും ക്രൂരതയരുത് സ്വയം....നിനക്കറിയാമല്ലോ എനിക്ക് എന്റെ ആക്റ്റിവിസത്തിനു താങ്ങാവുന്നത്..

യമന്‍: ....എന്റെ തെറ്റുകളാണ്...മാപ്പില്ലാത്ത ഈ പാപങ്ങളാണ്..നിന്നെ നിന്റെ നന്മയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത്..അല്ലെ?

കല്‍പ്പന: അങ്ങിനെ പറയരുത് യമാ...നീ ഒളിച്ചിരിക്കുന്നത് നിന്നോടു തന്നെയാണ്..അതാണെന്റെ ഭയം. നിന്റെ കവിതകള്‍...നീ വെളിപ്പെടുന്ന ഇടങ്ങളാണ്...അവയെ പ്രേമിക്കുന്നതാണ് എന്റെ ഊര്‍ജ്ജം. നിന്റെ വരികളില്ലാതായാല്‍ പിന്നെ കല്‍പ്പന എന്ന സാമൂഹ്യപ്രവര്‍ത്തകയും ഇല്ല.

യമന്‍: മ്...പാപം പകരുന്നതിങ്ങനെയും ആവാം. ഒരേ ചക്രത്തില്‍ കറങ്ങുന്നവരാണ് നാം.

കല്‍പ്പന: നീ ഇപ്പോള്‍ കഫേയിലാണോ..മറ്റേ റ്റൌണ്‍ഹാളിനു സമീപമുള്ളത്?

യമന്‍: അല്ല ഞാന്‍ നഗരത്തിനു വെളിയില്‍..മറ്റൊരിടത്താണ്. അവര്‍ ചുറ്റും വലവീശിയിട്ടുണ്ട്. എനിക്കുടനെ പോകണം കല്ലൂ..

കല്‍പ്പന: നാളെ ജില്ലാ ആശുപത്രിയില്‍ ജനസേവ ക്യാമ്പ്. രാത്രിയാവും വരാന്‍. ഇനി എന്നാ നീ ഓണ്‍-ലൈന്‍ വരുന്നത്?

യമന്‍: അറിയില്ല. മെയിലിടാം. പോണൂ കല്ലൂ....തെറ്റുകള്‍ ഭാണ്ഡം കവിയുമ്പോള്‍ ഇനിയും നിന്നെ തിരക്കി വരും ഞാന്‍...

കല്പന: ഞാന്‍ കാത്തിരിക്കുന്നുണ്ടാവും.


സെന്റ്രല്‍ ജെയിലില്‍ ഇന്റെര്‍നെറ്റ് സൌകര്യം വന്നതു പുതിയ ജെയിലര്‍ റോയ് കുര്യന്റെ പ്രത്യേക താല്‍പ്പര്യം മൂലം. യമന്‍ എന്ന പ്രോഫൈലിനുടമ, രണ്ടുദിവസത്തിലൊരിക്കല്‍ കനിഞ്ഞു കിട്ടുന്ന നെറ്റ് സ്വാതന്ത്ര്യം കഴിഞ്ഞല്ലോ എന്ന വേദനയോടെ അഴികള്‍ക്കുള്ളിലേക്ക് മടങ്ങി. കല്‍പ്പന എന്ന പേരില്‍ നെറ്റില്‍ ആക്റ്റിവിസം നടത്തി മോഹഭംഗങ്ങളുടെ മുറിഞ്ഞ ചിറകുകള്‍ ഉണക്കുന്ന ബിന്ദു അത്താഴത്തിനു കറി ഒപ്പിക്കാന്‍ തിരക്കിട്ട് അടുക്കളയിലേക്കും. കൂട്ടത്തില്‍ പിറ്റെന്ന് ഭര്‍ത്താവിന്റെ കസിന്റെ കല്യാണത്തിനു പോകാനുള്ള സാരിയെടുത്തുവക്കാനും ഓര്‍ത്തു.ആരും കണ്ടില്ല. ആരും അറിഞ്ഞുമില്ല.

തെറ്റാണ്.ആര്‍ക്കറിയാം തെറ്റ് ആരുടെയാണെന്ന്?

*************************
Angshukantha Chakraborthy യുടെ Brunching with Ophelia എന്ന ഒരു തട്ടുപോളി നോവലില്‍ ഒരു നെറ്റ്-ഹാമ്ലെറ്റിനെയും ഒഫീലിയയെയും കണ്ടപ്പോള്‍, സ്മിതാ ആദര്‍ശിന്റെ ഓര്‍ക്കുട്ടിലെ കള്ളനാണയം വായിച്ചപ്പോള്‍ ഒക്കെ മിന്നിമറഞ്ഞ ചില തോന്നലുകള്‍. ഇന്റര്‍നെറ്റ് എന്ന സാഗര നീലിമയില്‍ പലരൂപങ്ങളില്‍ ഒളിച്ചു നീന്തി സായൂജ്യമടയുന്ന പരല്‍മീനുകളുടെ തെറ്റും ശരിയും ഓര്‍ത്തുപോയി. ജീവിച്ചിരിക്കുന്നവരോ,മരിച്ചവരോ, ജയിലില്‍ക്കിടക്കുന്നവരോ ആയ ആരുമായും ബന്ധമില്ലെ...

Saturday, May 17, 2008

ഒരു മാലാഖയുടെ മരണത്തെക്കുറിച്ച്

പെരിങ്ങോടന്റെ മാലാഖയുടെ മരണം എന്ന കഥ എന്നില്‍ രേഖപ്പെടുത്തിയ ചിലത് ഇവിടെ എഴുതിവച്ചിട്ടുണ്ട്. നോക്കുമല്ലോ?

Monday, May 12, 2008

സുഷമ

ഞാനിന്നുവരെ ഒരു വേശ്യയെ നേരില്‍കണ്ടിട്ടില്ല. എങ്ങിനെയിരിക്കും അവള്‍? എന്നെപ്പോലെ ഉയരവും വണ്ണവും ഉണ്ടാവുമോ? നിറം? എന്നെപ്പോലെ ഇരുട്ട് പേടികാണുമോ? അടച്ചിട്ട മുറിയില്‍ ഇരിക്കാനിഷ്ടമില്ലായിരിക്കുമോ? ആ..അറിയില്ല. അറിയാത്ത ഒന്നിന്നെക്കുറിച്ച് സങ്കല്‍പ്പിക്കാനും അറിയില്ല. സാധാരണമനസ്സാണ് എന്റെ. അതു കൊണ്ടാണ് ഒരു വേശ്യയെ കണ്ടപടി, കിറുകൃത്ത്യമായി വര്‍ണ്ണിക്കാന്‍ എനിക്കുകഴിയാത്തത്. ഇല്ലെങ്കില്‍ ഞാന്‍ സുഷമയെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ക്കു മനസ്സിലായേനെ അവള്‍ ആരാണെന്ന്.

സുഷമയും ഞാനും വലിയ കൂട്ടായിരുന്നു. കോളെജില്‍. അന്ന് പ്രീ-ഡിഗ്രി എന്ന സമുദ്രം ഉള്ളകാലമാണ്. ഇരുണ്ട് തിരക്കുപിടീച്ച ഗാലറിക്ലാസ്സുകള്‍ക്കുള്ളില്‍ പേടിച്ചരണ്ട മാന്‍പേടകളെപ്പോലെ ഇരിക്കുമായിരുന്നു ഞാനും അവളും ഒക്കെ. മുന്‍ബഞ്ചിലെ മിടുക്കരിലും പിന്‍ബെഞ്ചിലെ തലതെറിച്ചവരിലും പെടാത്ത് സാധാ മിഡില്‍-റോ പാര്‍ട്ടികള്‍. ഭുമുഖത്തെ ഒരു അദ്ധ്യാപകരും ശ്രദ്ധിച്ചിട്ടില്ലാത്ത മധ്യവര്‍ത്തികള്‍.
ഞാന്‍ അവളെ ശ്രദ്ധിച്ചുതുടങ്ങിയത് നോട്ടുബുക്കില്‍ അവള്‍ കുറിച്ചുവച്ചിരുന്ന കവിത വായിച്ചാണ്. അവളുടെ സമ്മതം വാങ്ങി ഞാനത് എന്റെ ചുവന്ന ലെതര്‍ ചട്ടയുള്ള ഡയറിയുടെ ആദ്യത്തെ പേജില്‍ പകര്‍ത്തിവച്ചു. ഇന്നലെ, അവളുടെ പടം പത്രത്തില്‍ കണ്ടപ്പോള്‍ പൊടിപിടിച്ച് ഉത്തരത്തിലെ കാര്‍ബോഡ് പെട്ടിയില്‍ കിടന്നിരുന്ന ഡയറി ഞാന്‍ തപ്പിയെടുത്തു. എന്റെ പതിനാറാം വയസ്സിന്റെ ഭയപ്പാടുകള്‍ക്കും വര്‍ണ്ണസ്വപ്നങ്ങള്‍ക്കും ആരംഭം കുറിക്കുന്നത് ആ വരികളാണ്.

ഇവന്‍ എന്റെ കാമുകന്‍
ഉടലോടെ എന്നെ വേരുപിഴുത്
മാറത്തിട്ട് ചിരിക്കുന്നവന്‍
നിഷേധി.
മടുക്കുമ്പോള്‍
തട്ടിക്കുടഞ്ഞുകളഞ്ഞ് പോകുന്നവന്‍
പിന്നെ
ഇരമ്പലായി
ചിലപ്പോള്‍ ചാറ്റലായി
കണ്ണീര്‍ക്കടലായി
എന്റെ ജനാലക്കല്‍
പെയ്തൊടുങ്ങുന്നവന്‍
കര്‍ക്കിടകമഴ
ഇവന്‍ എന്റെ കാമുകന്‍

ഇന്നലെ രാത്രി പിള്ളേരും കെട്ടിയവനും ഉറങ്ങിക്കഴിഞ്ഞ് ഏറെ നേരം ഞാന്‍ ദ്രവിച്ചുതുടങ്ങിയ ആ ഡയറിയുമായി ഇരുന്നു. സുഷമയെക്കുറിച്ച് എനിക്ക് വേറെ എന്തെങ്കിലും ഓര്‍ത്തെടുക്കാനാവുന്നുണ്ടോ എന്ന് ശ്രമിച്ചു. കഷ്ടം തന്നെ. ഈ വരികളും അവളുടെ മൂളിപ്പാട്ടും, പച്ചക്കളര്‍ പാവാടയുമല്ലാതെ ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല.

ഞാന്‍ സായാഹ്നപത്രത്തിന്റെ ഏടുകള്‍ വീണ്ടും മറിച്ചു നോക്കി. ബാങ്കില്‍ നിന്നിറങ്ങി വരുമ്പോള്‍ പതിവുള്ള നാരങ്ങാവെള്ളത്തിന് കവലയിലെ തിരുവില്‍ വണ്ടി നിര്‍ത്തിയതാണ്. പതിവു പോലെ നാരങ്ങാവെള്ളത്തിന്റെ ഉപ്പും മധുരവും തണുപ്പും നുണയുമ്പോള്‍ മുകളില്‍ കിടന്ന് മാടിവിളിക്കുന്ന ആഴ്ചപതിപ്പുകളിലെ സുന്ദരമുഖങ്ങളിലേക്ക് ഒളികണ്ണെറിഞ്ഞുകൊണ്ടിരുന്നു. അപ്പോഴാണ് കണ്ടത് അതിനിടയില്‍ സായാഹ്നപത്രത്തിന്റെ ഏടുകളില്‍ ഒട്ടി എന്റെ സുഷമ. അതു ചോദിച്ചുവാങ്ങിയപ്പോള്‍ കടക്കാരന്‍ എന്നെ ഒന്ന് അര്‍ത്ഥം വച്ചു നോക്കിയത് കണ്ടില്ലെന്ന് നടിച്ച് സ്കൂട്ടര്‍ വിട്ടു.

ഒരു മാറ്റവുമില്ല അവളുടെ മുഖത്തിന്. വെട്ടിയൊട്ടിച്ചപടത്തിലും ചന്തം മുഴുവനറിയാം. പക്ഷെ ആ വാര്‍ത്ത വായിച്ചിട്ട് എനിക്ക് എത്തുംപിടിയും കിട്ടിയില്ല. നഗരത്തിലെ ഒരു ബ്യൂട്ടിപാര്‍ലെറിന്റ്റെ പേരും ചില സിനിമാനടികളുടെ പേരും ഒരു എം.എല്‍.എ യുടെ പേരും വരെ ഉള്ള വാര്‍ത്തയില്‍ സുഷമ, ബ്യൂട്ടിപാര്‍ലറിലെ മസ്സാജിസ്സ്റ്റ് (30) എന്നും കണ്ടു. എനിക്കാകെ വല്ലാതെയായി. വൈകീട്ട് ഭര്‍ത്താവിന് ചായവെക്കുമ്പോളും, അത്താഴമുണ്ടാക്കുമ്പോളും, തുണി ഇസ്തിരിയിടുമ്പോളും എന്റെ മനസ്സ് സുഷമയെ ചുറ്റിപ്പറ്റി. പത്രം വെറുതെ മറിച്ചുനോക്കിയിട്ട് ഇതാരാഇവിടെ ഈ പത്രം വാങ്ങിയത്, നീയാണോ എന്ന് ഭര്‍ത്താവുചോദിച്ചപ്പോള്‍ വല്ലതും പൊതിഞ്ഞുകൊണ്ടുവന്നതാവും എന്ന് പരുങ്ങുകയും ചെയ്തു. അതില്‍ എന്റെ കൂട്ടുകാരിയുടെ പടമുണ്ട് എന്നു പറയാനുള്ള ധൈര്യവും പറഞ്ഞാ‍ല്‍ കേട്ടുകൊണ്ടിരിക്കാനുള്ള മനസ്സും ഞങ്ങള്‍ക്കു രണ്ടാള്‍ക്കുമില്ല.

പക്ഷെ, സുഷമ എന്നെപ്പോലെ ഒരു സാധാരണപെണ്ണല്ലെ? പണ്ട് കുട്ടിക്കാലത്തു കണ്ട സിനിമകളില്‍ ചില സ്ത്രീകള്‍ ചുണ്ടില്‍ ചായം തേച്ച് സ്ലീവ്ലെസ്സ് ബ്ലൌസുമിട്ട് കേള്‍ക്കാന്‍ കൊള്ളാത്ത കാര്യങ്ങള്‍ കണ്ണിറുക്കിപ്പറഞ്ഞ ശരീരംകുലുക്കി നടന്നുപോവുന്നതു കണ്ടിട്ടുണ്ട്. സുഷമ പക്ഷെ അങ്ങിനെയൊന്നും അല്ലല്ലൊ...ഇനി അവള്‍ അങ്ങിനെയൊക്കെ ആയിക്കാണുമോ? ഞാന്‍ പത്രത്തിലെ ഫോട്ടോ തിരിച്ചും മറിച്ചും നോക്കി. അരണ്ട ബെഡ്രൂം ലാമ്പിന്റെ വെളിച്ചത്തില്‍ ചുളുങ്ങിയ പത്രത്താളിനുള്ളില്‍ ഒരു വാടിയ ഇതളുപോലെ അവളുടെ മുഖം കാണാം. കണ്ണില്‍ ഇപ്പഴും പഴയ തെളിഞ്ഞ കുസൃതി. കവിളുകള്‍ ലേശം ഒട്ടിയിട്ടുണ്ട്. നെറ്റികയറി. നിറം മങ്ങി. ഉടുത്തിരിക്കുന്ന നീലസാരിയുടെ പ്രിന്റ് ബോര്‍ഡര്‍ ഒഴിഞ്ഞ കഴുത്തിനു താഴെ ചെറുതായിട്ട് കാണാം. അതിനപ്പുറം ഒന്നും കാണാന്‍ വയ്യ. കാണെ കാണെ അവളുടെ കണ്ണില്‍ വല്ലാതൊരു കരച്ചില്‍ വഴിമുട്ടി നില്‍ക്കുന്നുണ്ടോ എന്ന് എനിക്കു തോന്നി. ഇല്ല. തോന്നലായിരിക്കും. ഒരു നിസ്സംഗതയാണ് മുഖത്ത്. അതോ വിരക്തി? മനുഷ്യന്‍ കോറിയിടുന്ന ചിത്രങ്ങള്‍ പോലെതന്നെ കാമറകണ്ണുകള്‍ക്കും ഒന്നും കാണാന്‍ കഴിയില്ല. ഒരു പാടു നേരം ചിത്രത്തിലേക്ക് നോക്കിയിരുന്നിട്ടാവണം എനിക്ക് കണ്ണു കഴച്ചു. ചുറ്റുമുള്ള മറ്റു ചിത്രങ്ങളും ചലിക്കുന്നതായി തോന്നി. പാര്‍ലര്‍ മുതലാളിയായ സ്ത്രീയും അവരുടെ ശിങ്കിടി എന്നു പറയപ്പെടുന്ന ബിസ്സിനസ്സുകാരനും, കേസന്വേഷിക്കുന്ന പോലീസുകാരനും എല്ലാ ചിത്രങ്ങളും കൂടെ സുഷമയുടെ തലക്കുചുറ്റും നൃത്തം വക്കുന്നതായി തോന്നാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പത്രം വലിച്ചെറിഞ്ഞ് എഴുന്നേറ്റു.

കിടക്കയിലേക്ക് ചെരിഞ്ഞത് കണ്ണുമടച്ചായിരുന്നു. സുഷമയെ വെറുക്കണോ, തഴയണോ, മറക്കണോ, ആകെ ആശയക്കുഴപ്പത്തിലായി ഞാന്‍. അന്വേഷിച്ചു ചെന്നാലല്ലാതെ അവളെ ഞാന്‍ കാണാനിടയില്ല. കണ്ടാല്‍ എന്തു പറ്റി സുഷമെ, നീയിങ്ങനെയൊക്കേ...എന്ന് ചോദിക്കുകയോ ചോദിക്കാതിരിക്കുകയോ ചെയ്യാം. അവളുടെ ഉത്തരത്തില്‍ ഒരു പുഴയോളം കണ്ണീര്‍ ചിലപ്പോള്‍ കാണുമായിരിക്കും. ഒന്നും മിണ്ടാതിരുന്ന് അവളുടെ സങ്കടം ഞാന്‍ അറിയുന്നു എന്ന് വരുത്താം. മഞ്ഞപ്പത്രത്തിന്റെ ലേഖകന്‍ അവളെക്കുറിച്ച് ഇനിയും എന്തെങ്കിലും ഒരു വരി കൂടെ എഴുതിയിരുന്നെങ്കില്‍ എന്ന് മോഹിച്ചുപോയി. രാവിലെ എഴുന്നേറ്റപാടെ എന്റെ കൈവശമുള്ള പഴയ കൂട്ടുകാരുടെ ഫോണ്‍ നമ്പറുകളും, അഡ്രസ്സുകളും ഒക്കെ തപ്പിപ്പിടിച്ചു. ആരെയെങ്കിലും വിളിച്ച് സുഷമയെക്കുറിച്ചന്വേഷിക്കണം.

മാര്‍ച്ചുമാസത്തിലെ ഒടുക്കത്തേ ആഴ്ച..അറിയാമല്ലൊ..ബാങ്കില്‍ എല്ലാവര്‍ക്കും ഭ്രാന്തുപിടിക്കുന്ന സമയമാണ്. അതു കോണ്ട് ഞാന്‍ സുഷമയുടെ കാര്യം മറന്നു എന്നല്ല. രണ്ടു മൂന്നു ദിവസം കൊണ്ട് രാജി, ഉമ, അരുണ്‍ തുടങ്ങിയവരെ വിളിച്ച് സുഷമയെക്കുറിച്ച് അറിയാവുന്നതൊക്കെ ചേര്‍ത്തുവച്ചു. എന്നിട്ടും അവളുടെ ചിത്രം എനിക്ക് ഒരു സമാധാനവും തന്നില്ല. കല്യാണം കഴിഞ്ഞും അവള്‍ എന്തുകൊണ്ട് പഠിച്ചില്ല. മക്കളില്ലെങ്കില്‍ പിന്നെ ഭര്‍ത്താവു മരിച്ചിട്ട് എന്തേ വെറെ കല്യാണം കഴിച്ചില്ല. ഒരു പാര്‍ലറില്‍ മസാജിസ്റ്റ് ആയി ഒതുങ്ങേണ്ട വിവരവും വിദ്യാഭ്യാസവും അല്ല അവള്‍ക്ക്. എന്നിട്ടും അങ്ങിനെയായിത്തീര്‍ന്നെങ്കില്‍ അവള്‍ക്ക് എവിടെയെങ്കിലും ശരിക്കും തെറ്റിക്കാണുമോ? എന്താവും ആ തെറ്റ്? എങ്ങിനെയായിരിക്കും അത്? സുഷമക്കു പറ്റാവുന്നത് എനിക്കും പറ്റാമല്ലൊ? ഉള്‍ക്കിടിലത്തോടെ വന്ന തോന്നലുകളൊക്കെ ഞാന്‍ വിഴുങ്ങി. വല്ലാത്ത വിമ്മിഷ്ടവും തലവേദനയുമൊക്കെ ആയി എനിക്ക്. ബാങ്കിലെ തിരക്കുകാരണമെന്ന് വീട്ടിലും, പിള്ളേരു പഠിക്കാഞ്ഞിട്ടാണെന്ന് ബാങ്കിലും പറഞ്ഞൊഴിഞ്ഞു.

എല്ലാ കാര്യകാരണങ്ങളും ചെന്നവസാനിക്കുന്ന കിടപ്പുമുറിയിലെ മെത്തയിലും സുഷമയുടെ നിഴല്‍ വീണുതുടങ്ങിയപ്പോള്‍ ഭര്‍ത്താവറിഞ്ഞു. നിനക്കെന്താ എന്ന് പലവുരു കോപിച്ചും കെറുവിച്ചും ചോദിച്ചു. എനിക്കറിയില്ല എന്ന ഉത്തരത്തിനുള്ളിലെ പതിഞ്ഞ പേടി വര്‍ഷങ്ങളുടെ പരിചയക്കണക്കുകൊണ്ട് മണത്തറിഞ്ഞു. അതേ കണക്കുകൊണ്ടുതന്നെ പിന്നെ കൂട്ടിയും കിഴിച്ചും മറന്നു. എനിക്കുമാത്രം എന്നും രാത്രി തെറ്റിയ വഴിക്കണക്കു പോലെ സുഷമയേ ഓര്‍മ്മ വന്നു. അവള്‍ എങ്ങിനെയിരിക്കും? ഒളിച്ചും പതുങ്ങിയും അവള്‍ ഇപ്പോഴും മഴയെ പ്രേമിക്കുന്നുണ്ടാവുമോ? ഒന്നു തകര്‍ത്തു പെയ്ത് മാറത്തിട്ടു ചിരിക്കാന്‍ ഒരു മഴ കൊതിക്കുന്നുണ്ടാവുമോ? എന്നെപ്പോലെ അവള്‍ക്കും അടച്ചിട്ട മുറിയുടെ തണുത്ത വിരല്‍ കഴുത്തറ്റം ഇഴഞ്ഞുകയറുന്നത് തട്ടിമാറ്റാന്‍ തോന്നുന്നുണ്ടാവുമോ? എന്നിട്ട് വാതിലുകള്‍ തുറന്ന് ജനലുകള്‍ തുറന്ന് ഇരമ്പിയാര്‍ത്തുവരുന്ന മഴയുടെ താളം മുറിയുന്നതു വരെ കൂടെ പെയ്യാന്‍ തോന്നുണ്ടാവുമോ? നനഞ്ഞു കുതിര്‍ന്ന ഒരു പഴംതുണികെട്ടു പോലെ സുഷമ റോഡരികില്‍ കിടക്കുന്നത് മഞ്ഞപത്രത്തില്‍ അച്ചടിച്ചുവന്നത് ഞാന്‍ സ്വപ്നം കണ്ടു. പലതവണ.

ഏപ്രിലില്‍ ദു:ഖവെള്ളിയുടെ അന്നാണ് കോടതി ജാമ്യത്തില്‍ വിട്ട അവളുടെ ശരീരം ഡാമില്‍ പൊന്തിവന്ന വാര്‍ത്ത പത്രത്തില്‍ വന്നത്. അതേ മഞ്ഞപ്പത്രത്തില്‍ തന്നെ. ചിത്രവും ഉണ്ടായിരുന്നു. മകനു ചിക്കന്‍പോക്സ് വന്ന സമയം വരെ ആ സ്വപ്നം ഇടക്കിടെ വരുമായിരുന്നു.

Wednesday, May 7, 2008

പാപത്തിന്റെ കറ

ഈ ബാല്‍ക്കണിയില്‍ നിന്നും താഴോട്ട് നോക്കിയാല്‍ എനിക്കവരെ കാണാം.രാവിലത്തെ മടിപിടിച്ച ബെഡ്കോഫിയുമായി എന്നും ഇവിടെ നില്‍ക്കുന്നത് ശുദ്ധവായുകിട്ടാനാണ്. താഴെ വൃത്തികെട്ട ഒരു തെരുവാണ്. വൃത്തികേടുകള്‍ എനിക്കിഷ്ടമല്ല. അതുകൊണ്ടു മനപ്പൂര്‍വ്വം നോക്കാറില്ല. നാലാം നിലയില്‍ നിന്നും നഗരത്തിന്റെ ചപ്പുചവറുകള്‍ വീഴുന്ന മൂലക്ക് അകലം ഏറെയുണ്ടല്ലോ എന്നതായിരുന്നു സമാധാനം. ആശ്വാസം കെടുത്താനായിട്ട് ഒരു ദിവസം അവരെ കാണുന്നതു വരെ.

മൂലക്ക് കടത്തിണ്ണയില്‍ പുലര്‍ച്ചെ അവര്‍ വന്നിരിക്കും. വെയിലാവുമ്പോള്‍ ചെക്കന്‍ അനിയത്തിക്കുട്ടിയെ അവിടെയിരുത്തി എഴുന്നേറ്റു പോവും. ഞാന്‍ പലവക പണികളുമായി ഉള്ളിലേക്കു വലിയും. പിന്നെ ഉച്ച തിരിഞ്ഞ് ഉണക്കാനിട്ട തുണികള്‍ എടുക്കാനാണ് ബാല്‍ക്കണിയിലേക്ക് മടിച്ചു മടിച്ചു വരിക. ചുട്ടുപൊള്ളിക്കുന്ന കമ്പികളില്‍ നിന്ന് കൈതൊടാതെ തുണി വലിച്ചൂരിയേടുത്ത് വെയിലിലേക്കു നോക്കവയ്യാതെ കണ്ണുമടച്ച് വീടിനകത്തേക്ക് ഓടുകയാണ് പതിവ്. സ്കൂള്‍ വിട്ടു വന്ന മകന്‍ വാനില്‍ നിന്നുമിറങ്ങി അപാര്‍റ്റുമെന്റിലേക്ക് കേറുന്ന ഇടം വരെ വെയില്‍ കൊള്ളുമല്ലൊ എന്ന് ആദിപിടിക്കാനുള്ള സമയമാണ് ബാക്കി.

"ഈ നഗരം ഒട്ടും ശരിയല്ല. ചൂട്, അഴുക്ക്, നാറ്റം...പിന്നെ കലാപങ്ങളുണ്ടാവുന്ന സ്ഥലമായതുകൊണ്ടുള്ള അരക്ഷിതാവസ്ഥ വേറെയും.നമുക്ക് ഇവിടം വിടണം..." ഭര്‍ത്താവ് പറയുന്നതു കേട്ട് ആശ്വാസത്തോടെ മോനെ പുതപ്പിച്ച് എ.സിയുടെ തണുപ്പുകൂട്ടി ഒരു വലിയ കമ്പിളിക്കുള്ളില്‍ മൂന്നുപേരും കൂടെ ചുരുണ്ടു കൂടും.

ഒരു പെണ്‍കുഞ്ഞു കൂടി വേണം എന്ന് രണ്ടാള്‍ക്കും മോഹമുണ്ട്. മോനു മൂന്നു വയസ്സുള്ളപ്പോഴുണ്ടായ മിസ്കാരെജ് കാരണം ധൈര്യമില്ലാതെ സ്വപ്നം താലോലിച്ച് നടക്കുന്നു. ഏഴു വയസ്സുകാരന്‍ മകന്‍ അനിയത്തിപ്രാന്തന്‍ ആയത് കൂട്ടുകാരന് പാവക്കുട്ടിയെപ്പോലിരിക്കുന്ന ഒരു അനിയത്തിയെകിട്ടിയപ്പോള്‍ മുതല്‍.

വെറുതെ ഒരു നേരമ്പോക്കിനാണ് കടത്തിണ്ണയിലെ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചുതുടങ്ങിയത്. നോട്ടങ്കി കൂട്ടത്തിലുള്ളതാവണം, കൂട്ടം തെറ്റിയതാവാം. അവറ്റകളുടെ ശല്യം ഭയങ്കരമായിരുന്നു എന്ന് വാച്മാന്‍ ഞങ്ങള്‍ ഫ്ലാറ്റില്‍ താമസമാക്കിയപ്പോള്‍ പറഞ്ഞിരുന്നു. "അബ് കോയി പ്രാബ്ലം നയി ബീവിജി..സബ്ക്കൊ ഭഗാദിയാ.." എന്ന് അയാള്‍ നെഞ്ചുംവിരിച്ച് പറഞ്ഞതിന്റെ പുറത്താണ് സമ്മതം മൂളിയതു തന്നെ.

ഇവരെക്കൊണ്ട് ശല്യമൊന്നുമില്ല. ഇനി മോഷ്ടിക്കാനാണെങ്കില്‍, ചെക്കനു വലിയ മതില്‍ ചാടിക്കിടക്കാറായിട്ടില്ല. മോനെക്കാള്‍ ശകലമേ ഉയരം കൂടു അവന്. കണ്ണുവെട്ടിച്ചെങാനും അകത്തു കടന്നാല്‍ വാച്മാന്‍ ഓടിച്ചോളും.

ഇത്രയൊക്കെ ആശ്വസിച്ചിട്ടും കടത്തിണ്ണയിലെ അവരുടെ കിടപ്പും ഇരിപ്പും വല്ലാതെ അലോസരപ്പെടുത്തി. രാവിലെ ചെക്കന്‍ പോയാല്‍ പിന്നെ ഉച്ചയാവുമ്പോള്‍ വരുന്നുണ്ടെന്ന് കണ്ടുപിടിച്ചു. വല്ലയിടത്തുനിന്നും പെറുക്കിയ പൊതിയില്‍ തിന്നാനും കാണും. അതു തുറന്നു വച്ച് രണ്ടു പേരും കൂടെ വലിച്ചുവാരിതിന്നുന്നത് നോക്കാന്‍ തന്നെ അറക്കും. ഇവറ്റകള്‍ക്ക് അസുഖമൊന്നും വരില്ലേ? തിന്ന് കയ്യും തുടച്ച് അവന്‍ പിന്നേം പോവും. പെണ്ണ് അവിടെ മൂലക്ക് ചുരുണ്ടുകൂടിയിരിക്കും. കണ്ണാടിജനലുകള്‍ മുറിച്ചു വില്‍ക്കുന്ന കടയാണ്. നിറയേ കുപ്പിച്ചില്ലുകളാണ് പരിസരം മുഴുവന്‍. നോട്ടങ്കി കൂട്ടത്തില്‍ ഇവരുടെ അച്ഛനുമമ്മയും കാണില്ലെ? അവര്‍ക്കും വേണ്ടേ ഇവരെ?

ഷോപ്പിങ്ങിനു വല്ലപ്പോഴും ഇറങ്ങുന്ന ഞായറാഴ്ചയാണ് ആ പെണ്ണിനെ അടുത്തുകണ്ടത്. ജനിച്ചപ്പോള്‍ മുതലുള്ള അഴുക്കുണ്ട് ദേഹത്ത്. കാറിന്റെ വിന്‍ഡോ താഴ്ത്തി ഞാന്‍ നോക്കുന്നതു കണ്ടപ്പോള്‍ പെണ്ണ് തലചൊറിഞ്ഞു വന്ന് കൈനീട്ടി. "ഗ്ലാസ് കേറ്റിക്കോ.." എന്നു ഭര്‍ത്താവു പറയുന്നതിനു മുന്നെ ഞാന്‍ കേറ്റിയിരുന്നു. ഒരു രണ്ടുരൂപാ നാണയം അവള്‍ക്കുള്ളത് വലിച്ചെറിഞ്ഞതിന്റെ ആശ്വാസത്തില്‍ സീറ്റിലേക്ക് ചരിഞ്ഞു. "ആ കുട്ടി അത് കാണാഞ്ഞിട്ട് റോഡില്‍ തപ്പുന്നു അമ്മെ.." മോന്‍ പറഞ്ഞത് ഗൌനിച്ചില്ല.

തിരികെ വരുന്നവഴിക്ക് ഗെയിറ്റു തുറക്കാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കയ്യിലുണ്ടായിരുന്ന ബിസ്കറ്റിന്റെയും ജ്യൂസിന്റെയും ഒക്കെ ബാക്കി ആ കുട്ടിക്ക് കൊടുത്തോട്ടെ അമ്മേ എന്ന് മോന്‍ ചോദിച്ചു. അവന്‍ കവറും അടുക്കിപ്പിടിച്ച് ഓടുന്നത് തെല്ലൊരു അഭിമാനത്തോടെ നോക്കിയിരിക്കുകയും ചെയ്തു.

"ഇവിടെ അടുത്ത് വല്ല അനാഥാശ്രമമോ, ശിശുക്ഷേമ ഭവനോ ഉണ്ടോ ആവോ..?" രാത്രി ഉറക്കം പിടിച്ചു തുടങ്ങിയ ഭര്‍ത്താവിനെ കുലുക്കി വിളിച്ച് പറഞ്ഞത് ഒരു ദിവസം മുഴുവന്‍ ആലോചിച്ചു കണ്ടുപിടിച്ച പരിഹാരമാണ്.
"ആ..ആര്‍ക്കറിയാം.." പറഞ്ഞു തീരുന്നതിനു മുന്നേ ഉറങ്ങിക്കഴിഞ്ഞു കക്ഷി. പാവം. ഉറങ്ങിക്കോട്ടെ. നാളത്തെ മീറ്റിങ്ങ് ക്രൂഷ്യല്‍ ആണ്. പ്രകടനമനുസരിച്ചാവും മറ്റൊരു നഗരത്തിലേക്ക് സീനിയര്‍ ഗ്രേഡില്‍ റ്റ്രാന്‍സ്ഫര്‍ കിട്ടുക എന്നു പറഞ്ഞിരുന്നു.

അന്നു പകല്‍ ബോറടിച്ചിരിക്കുമ്പോള്‍ ഒരു ഓര്‍ഫണേജിന്റെ നംബര്‍ തപ്പിപ്പിടിച്ച് അവരെ വിളിച്ചു നോക്കിയതും തെരുവുകുട്ടികളെ ഏറ്റെടുക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ പറഞ്ഞുതന്ന് അവര്‍ അത്തരമൊരു സംഘടനയുടെ നമ്പര്‍ തന്നതും അവരെ വിളിച്ച് സംസാരിച്ചതും ഒന്നും പറഞ്ഞില്ല. വല്ലാത്ത ഒരു കുറ്റബോധം പോലെ. "അവര്‍ അവിടെ സമാധാനമായിട്ട് കഴിയുന്നതില്‍ നിനക്കു വല്ലാത്ത ദണ്ണക്കേടാണല്ലോ..." എന്ന് ഭര്‍ത്താവു കളിയാക്കിയിരുന്നു.

ചൂടുകൊണ്ടാവും ഉറങ്ങാന്‍ കഴിയാത്തത്. ബാല്‍ക്കണിയില്‍ തണുപ്പുണ്ടോ എന്നു നോക്കാന്‍ ചെന്നു. താഴെ കടത്തിണ്ണയില്‍ മുയല്‍ക്കുട്ടികളെപ്പോലെ രണ്ടുരൂപങ്ങള്‍ കീറച്ചാക്കിനുള്ളില്‍ ഉറങ്ങുന്നു. ഇറങ്ങി ചെല്ലാന്‍ ധൈര്യമില്ലാത്തതു കൊണ്ട് സങ്കല്‍പ്പിച്ചു നോക്കി... ഒരു ചാക്കിനുള്ളില്‍ ഉടുപ്പിടാത്ത രണ്ടു ശരീരങ്ങള്‍ പരസ്പരം ചൂടുപകര്‍ന്ന് കെട്ടിപ്പുണര്‍ന്നുറങ്ങുന്നത്. അവളുടെ മുഖം ചാക്കിനകത്താണ്. അവന്റെ കൈയ്യും മുഖവും വെളിയിലും. അവളുടെ കുഞ്ഞുദേഹം ആവുപോലെ അവന്‍ കൈയ്യണച്ച് പിടിച്ചിട്ടുണ്ട്. രണ്ടുപേരും കൂടെ ഈ ഭൂമുഖത്ത് ഉപയോഗിക്കുന്നത് കഷ്ടിച്ച് ഒരു ബെഞ്ചിന്റെ ചുവട്. മൂന്നാമതൊരാള്‍ക്ക് ഒരു ശല്യവുമില്ല അവരെക്കൊണ്ട്. അവരുടെ വിശപ്പോ ദാഹമോ എനിക്കു പകരില്ല. അവരുടെ വേദനകള്‍, വളര്‍ച്ചയുടെ പടവുകള്‍, അനുഭവങ്ങള്‍ എങ്ങിനെയിരിക്കും എന്ന് എനിക്ക് ഊഹിക്കാന്‍ പോലും ആവില്ല. അവര്‍ക്കു നല്ലതെന്ത് ചീത്തയെന്ത് എന്ന് ഞാന്‍ തീരുമാനിക്കുന്നതെങ്ങനെ? അവരെക്കൊണ്ട് എനിക്കുള്ള ബുദ്ധിമുട്ട്, മനസ്സിലാക്കാന്‍ കഴിയാത്ത ഈ കുറ്റബോധച്ചുവയാണ്. എനിക്കവരെക്കൊണ്ട് ഒരു ഭീഷണിയുമില്ല.പകരുന്ന അസുഖങ്ങള്‍ക്കെതിരെ ജാഗ്രതയുണ്ട് വീട്ടില്‍. അവരവിടെക്കിടന്നുറങ്ങുന്നതു കൊണ്ട് എനിക്കെന്താണ് ബുദ്ധിമുട്ട്?

പിറ്റെന്ന് പയ്യനെ പിടികിട്ടാന്‍ അതിരാവിലെ എഴുന്നേറ്റു. രണ്ടു പേരും കടത്തിണ്ണയില്‍ ഇരിപ്പുണ്ട്. ഗെയിറ്റ് തുറന്ന് അങ്ങോട്ട് പോയാല്‍ വാച്മാന്‍ ഒരു നൂറു ചോദ്യങ്ങളും ഉപദേശങ്ങളുമായി വരും. ഭര്‍ത്താവും മോനും നല്ല ഉറക്കമാണെന്ന്‍ ഉറപ്പുവരുത്തി കതകു ചാരി ഇറങ്ങി. വലതുവശത്ത് പൂട്ടിയിട്ട ഒരു കൊച്ചു ഗെയിറ്റ് ഉണ്ട്. അവിടെ നിന്ന് കൈകൊട്ടി ചെക്കനെയും പെണ്ണിനെയും അടുത്തു വിളിച്ചു. എന്തോ തരാനാണെന്ന് കരുതിയാവും ചെക്കന്‍ ഓടിവരുന്നതു കണ്ടപ്പോഴാണ് വീട്ടിലിരിക്കുന്ന ബ്രെഡിന്റെ കാര്യം ഓര്‍ത്തത്.

"മാ..ബാപ്പ് നയ് ഹെ?"
ഇല്ല എന്ന് ചെക്കന്‍ തലയാട്ടി.
"യെ തേരി ബഹന്‍ ഹെ?"
അവന്‍ ഒരു കൈകൊണ്ട് അവളെ ചേര്‍ത്തുപിടിച്ചു.
"ഘര്‍?"
ഇല്ല എന്ന് ഉറപ്പോടെ ഉത്തരം.

അറിയാവുന്ന കാര്യങ്ങളല്ലാതെ എന്തു ചോദിക്കാന്‍? തെരുവുകുട്ടികളെ ഏറ്റെടുക്കുന്ന സംഘടനകളില്‍ ചിലത് കുഞ്ഞുങ്ങളെ കയറ്റിഅയക്കുകയും, പീഡിപ്പിക്കുകയും ഒക്കെ ചെയ്യുന്നു എന്ന വാര്‍ത്തകള്‍ കണ്ടില്ലായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. ഓര്‍ഫണേജിലെ അധികാരി പറഞ്ഞതും അതു തന്നെയാണ്. "നിങ്ങള്‍ ഉത്തരാവാദിത്വം ഏറ്റെടുത്ത് അന്വേഷിച്ചുകൊണ്ടിരിക്കണം."

അവന്റെ കണ്ണില്‍ മിന്നിയും മങ്ങിയും തെളിയുന്ന പ്രതീക്ഷയും നിരാശയും ഭാരമാവുന്നതിനു മുന്നെ കൈയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന നോട്ട് അവനു നേരെ നീട്ടി. അതു തട്ടിപ്പറിക്കുമ്പോള്‍ അവന്റെ വിരലറ്റം കയ്യില്‍ തൊട്ടു. കിലുന്നനെ ചിരിച്ചുകൊണ്ട് പെണ്ണ് അവന്റെ കയ്യില്‍ തൂങ്ങുന്നത് കണ്ട് തിരിഞ്ഞു നടന്നു വേഗം...

ഈ പാപത്തിന്റെ കറയും എനിക്കിരിക്കട്ടെ.

Friday, April 18, 2008

കൂട്ട്

ഇരുട്ട് ബാക്കിയുണ്ട്. നേരം വെളുത്തു വരുന്നേ ഉള്ളു. പെണ്ണുങ്ങള്‍ക്കു തനിച്ചു നടക്കാന്‍ പറ്റിയ നേരമല്ല. അവള്‍ക്കു പേടി. പക്ഷെ ഇന്നവിടെ ഉണ്ടായെ പറ്റു. വരാമെന്നു പറഞ്ഞതാണ്. തന്നോടു പറയുന്നതു ബാക്കി ഉള്ളവരോടു പറയുന്നതു പോലെയല്ല. “എത്ര കൊടിയ പരിശ്രമം വേണ്ടിവന്നാലും ഞാന്‍ അവിടെ ഉണ്ടാവും. നിനക്കു വേണ്ടി” എന്നാണു പറഞ്ഞത്. മഞ്ഞു വീഴുന്നുണ്ട്. സാരമാക്കണ്ട. കല്ലും, കൂര്‍ത്ത പാറയും ചവിട്ടി കാലു നോവുന്നുണ്ട്. നനുത്ത ശിരോവസ്ത്രം തലവഴി വലിച്ചിട്ട് അവള്‍ ഏന്തിവലിഞ്ഞ നടന്നു. പ്രതീക്ഷയുണ്ട്! കണ്ടതൊന്നും ഒരു സങ്കല്‍പ്പത്തിനും വകതരുന്നതല്ല. പ്രേമം നെഞ്ചില്‍ മഞ്ഞു വീണ കനലു പോലെ കെട്ടു പോയി. ക്രൂരമാണ് ലോകം. ഉത്തരമില്ലാത്തവയാണ് ചോദ്യങ്ങള്‍. വ്യര്‍ത്ഥമാണ് ത്യാഗങ്ങള്‍. ആര്‍ക്കും വേണ്ടാത്ത ജീവിതങ്ങളാണ് തങ്ങളെന്നു മനസ്സു പറയുന്നു. “നീ എന്റെ നിഴലായിരിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ നേര്.” എന്തൊകെയാണ് അന്യോന്യം പറഞ്ഞത്. എന്നിട്ട് നേരില്ലാതെ നിഴല്‍ രൂപങ്ങളായി രണ്ടുപേരും ഒടുക്കം. വേദനയുടെ ആഴക്കയങ്ങളില്‍ അവനും മറന്നു കാണും ഒക്കെ. മരണത്തിന്റെ വാതിലിനപ്പുറം ഓര്‍മ്മകള്‍ ബാക്കിയുണ്ടോ..ആരു കണ്ടു? ഇന്ന് അവന്‍ വന്നില്ലെങ്കില്‍ അതു തോല്‍വിയല്ല. വന്നാല്‍ ജയവുമല്ല. ഈ വഴി നടന്നുകഴിഞ്ഞു എന്ന തിരിച്ചറീവു മാത്രം. അവന്റെ മുഖം കണ്ട ഓര്‍മ്മ തന്റെ മനസ്സില്‍ നില്‍ക്കുന്നതുവരെയേ ഉള്ളൂ തിരിച്ചറിവുകള്‍ പോലും എന്ന് അവള്‍ ഒരു നിമിഷം നടുങ്ങി.
സമയത്തിനു ചിറകുകളില്ല, മരണത്തിനപ്പുറം അതു കുപ്പിപാത്രത്തിലെ മീനിനെപ്പോലെ വട്ടം കറങ്ങുന്നു. ദിവസങ്ങളുടെ കണക്കു തനിക്കു തെറ്റിയോ എന്നു സംശയിച്ചു കൊണ്ട് ഒടുക്കം അവന്‍ പുറത്തു വന്നു. സ്നേഹം കൊണ്ട് താന്‍ ജീവന്‍ കൊടുത്തവരാരെങ്കിലും ഉണ്ടാകുമോ ഇവിടെ? “മാര്‍ത്താ, മറിയം, റൂത്ത്, ലാസറസ്...” അവന്‍ ഉറക്കെ പേരുകള്‍ നിലവിളിച്ചു കൊണ്ട് പരിഭ്രമിച്ച് നടന്നു. “ഞാന്‍ ഇവിടെയുണ്ട്” അവളുടെ ദീനസ്വരം മരണത്തിനപ്പുറം അവനെവിടെ കേള്‍ക്കാന്‍? കല്ലില്‍ തട്ടിത്തടഞ്ഞ് ചോരയൊലിപ്പിച്ച് അവന്‍ തന്നെയും കടന്നു പോവുന്നത് മറിയം കണ്ടു. അവന്റെ പിതാവിന്റെ നാട്ടില്‍ അവന്റെ മുറിവുകളുണക്കാന്‍ ആരും കാണില്ല എന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു അവള്‍ക്ക്.

Friday, April 11, 2008

വേലി

വേലിയൊരെണ്ണം കെട്ടിയിട്ടുണ്ട് ദാ ഇവിടെ അതെന്തിനാ? ഇതു മണിയറയല്ലെ? നമ്മുടെ ആദ്യരാവല്ലെ? നീയെന്റെയല്ലെ?ആയിരിക്കാം.പക്ഷെ വേലി വേണം.നിനക്കെന്നെ തൊടാന്‍..എനിക്കു നിന്നെ തൊടാനും. ഛായ്..വിഡ്ഡിത്തം പറയാതെ പെണ്ണെ? നിനക്കെന്നെ വിശ്വാസമില്ലെ? ഈശ്വരന്‍ സാക്ഷിയല്ലെ? ആയിരിക്കാം..പക്ഷെ വേലി വേണം. നിനക്കു സ്നെഹമില്ലെ, ഞാന്‍ പാവമല്ലെ? ഉണ്ട്. ആണ്. പക്ഷെ വേലി വേണം.എടീ..മറ്റേ ആ ചെകുത്താനെ നീ വേലി കെട്ടി നിര്‍ത്തിക്കോ..എനിക്കെന്തിനാ വേലി..ഉണ്ടാവാന്‍ പോവുന്നതു നമ്മുടെയല്ലെടി കുഞ്ഞ്. വേലി വേണം. നമ്മള്‍ക്കു മടുത്താലോ എന്നാണെങ്കില്‍ ഇപ്പഴെ അതോര്‍ക്കണോ...രസംകൊല്ലി‍. പയ്യെപ്പോരെ. പോര. വെലി വേണം ഇന്ന്. ഇപ്പൊ. എടീ..നീയെന്താ ഫെമിനിസ്റ്റാണോ? ഞാന്‍ ക്രൂരനൊന്നുമല്ല. നിന്നെ ഇട്ടേച്ചു പോവൂല്ല. എന്തിനും തയ്യാര്‍. ഒക്കെ ഏറ്റോളാം. ഒന്നുമില്ലെങ്കില്‍ എനിക്കുമില്ലെടി അഭിമാനം? ഉണ്ട്. പക്ഷെ വേലി വെണം. ഓ...മുടിഞ്ഞ ഒരു വേലി..എവിടെയാ അത് പറ. എന്റെ നാവിന്റെ തുമ്പത്ത്. എന്നിട്ടെന്തു കാര്യം..ഹ ഹ..പൊന്നാരമുത്തേ...നിന്നെ ഞാന്‍ ഊമയാക്കിയാലൊ...നാവുപിഴുതു കളഞ്ഞാലോ? ഒന്നുമില്ല. അപ്പോ നിങ്ങള്‍ വേലി ചാടിയതാ അത്രേ ഉള്ളു. അതെനിക്കറിയാമല്ലോ? മ്...എനിക്കും. കുറ്റം എന്റെ തലയിലിടാനാണോ? ഇല്ല..കുറ്റം വേലിയുടേയാണെന്നും പറഞ്ഞ് ഒന്നും കൂടെ മുറുക്കി കെട്ടാമല്ലോ? അപ്പോ നീ തീരുമാനിക്കുന്നതുപോലെ കാര്യങ്ങളുപോണം..കൊള്ളാം. ഞാനല്ലല്ലൊ ആദ്യം പറഞ്ഞത് നമുക്കു കെട്ടാമെന്ന്..നീയല്ലെ? നീയനുഭവിക്ക്...
ആദം കെറുവിച്ച് കലി തുള്ളിക്കൊണ്ട് പോയി. ഹവ്വപ്പെണ്ണ് ഇവന്റെ ഒരു കാര്യം എന്നും പറഞ്ഞ് എഴുന്നെറ്റു പോയി. ദൈവവും ചെകുത്താനും മറഞ്ഞിരുന്ന് ചിരിച്ചു.പദ്ധതി ഏറ്റു എന്നും പറഞ്ഞ് തലകുലുക്കി പിന്നേം ചിരിച്ചു.

Saturday, March 15, 2008

പിറവി

ഇപ്പോള്‍ പ്രസവ വാര്‍ഡിന്റെ തുരുമ്പടിച്ച ജനാലക്കമ്പിയില്‍ പിടിച്ചുകൊണ്ട്, പുറത്തു കത്തിയമരുന്ന വെയിലിലേക്കു നോക്കി നില്‍ക്കുകയാണ് നമ്മുടെ കഥാപാത്രം. പെണ്ണാണ്.പേരു നിശ്ചയമില്ല. അല്ലെങ്കില്‍ തന്നെ എന്തിനാ ഒരു പേര്? അവളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് നാട്ടുകാരിട്ട ഒരു പേരുണ്ട്. പ്രസവം. പേറ്റുനോവ്, പേറ്, വയറൊഴിയല്‍, തിരുവയറൊഴിയല്‍ അങ്ങിനെ അസംഖ്യം ഓമനപ്പേരുകളിട്ടു വിളിക്കുന്ന ഒരു ചടങ്ങാണ് അത്. കൊടിയ വേദനയാണെന്നും പറയപ്പെടുന്നു. ഇവളുടെ മട്ടും ഭാവവും കണ്ടിട്ടും തോന്നുന്നുണ്ട്.

വേദന വരാനുള്ള മരുന്ന് കുത്തിവച്ചിട്ടുണ്ട് അവള്‍ക്ക്. കയ്യില്‍ അതിന്റെ ബാക്കിയായി ഒരു കെട്ടുകിടപ്പുണ്ട്. ഇനി ഡോക്റ്റര്‍ തിരക്കൊഴിഞ്ഞു വരുന്നതു വരെ വേദന വരുന്നതും കാത്തിരിക്കണം. വന്നാലോ, പൊകുന്നതും പിന്നേം വരുന്നതും നോക്കിയിരിക്കണം. "പത്തു മിനിറ്റു വിട്ട് വേദന വന്നാല്‍ പറഞ്ഞാമതി. അതു വരെ ഇവിടെ ഇരുന്നോ" എന്ന് കല്‍പ്പിച്ചു പോയിട്ടുണ്ട് വെള്ള ഉടുപ്പിട്ട ഒരു മാലാഖ. മാലാഖ മൂന്നു പെറ്റതാണ്. ദിവസവും മുപ്പതു പേറ് എടുക്കുന്നുമുണ്ട്. പക്ഷെ ഈ പെണ്ണ് ആദ്യമായിട്ടാവും പ്രസവിക്കുന്നത്. പുറത്ത് ആശുപത്രി മാലിന്യം കുന്നുകൂടിക്കിടക്കുന്ന മൂലയ്ക്ക് വെയിലത്ത് പെറാന്‍ കിടക്കുന്ന പട്ടിയെ തന്നെ ഉറ്റുനോക്കി നില്‍ക്കുന്ന നില്‍പ്പുകണ്ടാലറിയാം. അറയ്ക്കുന്നുണ്ടവള്‍ക്ക് അതിനേ കണ്ടിട്ട്. ഒരു എല്ലുംകൂടില്‍ കുട്ടിച്ചാക്കു ഞാത്തുകെട്ടിയ പോലെ അതു നില്‍ക്കുന്നു. ചവറുകള്‍ക്കിടയില്‍ പരതുന്നു. പിന്നെം അവിടെ തന്നെ ചുരുണ്ടു കൂടുന്നു.

ഇതിപ്പോള്‍ പട്ടിയാണൊ പെണ്ണാണോ പെറാന്‍ പോകുന്നത് എന്നാവും. ഏതായാലും ഒന്നുതന്നെ. പെണ്ണ് എന്ന ആദിയും അനാദിയുമായ വര്‍ഗ്ഗത്തിനു കല്‍പ്പിച്ചു നല്‍കപ്പെട്ടിട്ടുള്ള തൊഴില്‍. പ്രസവിക്കാത്ത പെണ്ണിനെ ചിലര്‍ മച്ചി എന്നു വിളിക്കുന്നു. അവള്‍ പെണ്ണല്ല. ഷഡ്ഡന്‍ ആണല്ലാത്തതു പോലെ.

മച്ചിയല്ല താന്‍ എന്ന് ഈ പെണ്ണ് തെളിയിച്ചു കഴിഞ്ഞു. അവള്‍ അഭിമാനിക്കേണ്ടതാണ്. വീര്‍ത്തു വരുന്ന വയറു കണ്ട്, പ്രകൃതിയുടെ മായാജാലം കണ്ട്, പകച്ചു നില്‍ക്കേണ്ടതാണ്. പക്ഷെ കണ്ടിട്ട് അവള്‍ക്കു വലിയ അഭിമാനമൊന്നും തോന്നുന്നില്ല. തല കുമ്പിട്ട് വലിയ വയറിലേക്ക് ഇടക്കിടക്കു നോക്കുമ്പോള്‍ ദൈവീകമായ ഒരു ആത്മനിര്‍വൃതി ഉണ്ടെന്നു തോന്നുന്നില്ല. അതിന്റെ കാരണം പ്രസവത്തിന് അവളെ വീട്ടില്‍ കൊണ്ടു തള്ളീട്ട് പതിവുകാരിയുടെ വീട്ടില്‍ പൊറുതി തുടങ്ങിയ ഭര്‍ത്താവായിരിക്കാം. അല്ലെങ്കില്‍, മാസങ്ങള്‍ക്കു മുന്നെ ഇരുട്ടു മുറിയില്‍ വച്ച് അവള്‍ പറഞ്ഞ സത്യം കേട്ട് ഞെട്ടിയിറങ്ങിപ്പോയ ഒരു ജാരനായിരിക്കാം. അതുമല്ലെങ്കില്‍ പത്തുമിനിട്ടു മുന്‍പെ അവളെ ആശുപത്രി വരാന്തയില്‍ ഇരുത്തി പൈസയൊപ്പിക്കാമോ എന്നു നോക്കട്ടെ എന്നും പറഞ്ഞ് പ്രാഞ്ചി പ്രാഞ്ചി നടന്നു പോയ അവളുടെ അച്ഛനുമായിരിക്കാം. പുറകിലുള്ള പുരുഷന്‍ ആരുമായിരിക്കാം. കൈപിടിച്ചു നടത്തി, കയ്യൊപ്പുവച്ച് സ്വന്തമാക്കി, കയ്യാമ വച്ച് കൂടെ കൊണ്ടുപോയി അവളുടെ ചങ്കിടിപ്പുകള്‍ക്കു മേലെ സ്വന്തം ശരീരത്തിന്റെ ഭാരമിറക്കിവച്ചവന്‍ ആരായാലെന്ത്? ഇവിടെ തീരുന്നു അവന്റെ കൂട്ടുനടപ്പ്. ഈ പ്രസവവാര്‍ഡില്‍ അവനു റോളില്ല.

പട്ടി മോങ്ങാന്‍ തുടങ്ങി. അടിവയറ്റില്‍ ചെറിയ അനക്കം. അവള്‍ ഒന്നു ഞെട്ടി. മുതുക് ഒന്നു വലിഞ്ഞ് താഴോട്ട് കടഞ്ഞിറങ്ങുന്നതു പോലെ. നിവര്‍ന്നു നിന്നു നോക്കി. ഇല്ല. ഇതു തുടക്കം തന്നെ.

വാര്‍ഡിന്റെ വിണ്ടുകീറിയ ചുമരില്‍ ഒരു പഴയ ക്ലോക്കുണ്ട്. പ്രസവിക്കാന്‍ വരുന്ന എല്ലാ പെണ്ണുങ്ങള്‍ക്കും അത് ഒരേ സമയം ദൈവവും ചെകുത്താനുമാണ്. മൂന്നു സംഗതികളാണ് പ്രത്യക്ഷത്തില്‍ ഒരു പ്രസവത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടു ജീവന്‍. പിന്നെ ഒരു ക്ലോക്ക്.

11.30 ആണു സമയം. പ്രാതല്‍ കഴിച്ചിട്ടില്ല. അതിനു മുന്‍പെ ദ്രവം പൊട്ടി ആശുപത്രിയിലേക്ക് വരേണ്ടി വന്നതാണ്. വേദന വരാനുള്ള മരുന്നു കുത്തിവയ്ക്കുമ്പോള്‍ ഇനി ഒന്നും കഴിക്കരുത് എന്ന് നിഷ്കര്‍ഷയും കിട്ടി. വിശപ്പ് വയറിന്റെ ചെറിയ ഒരു ഭാഗത്ത് ചുരുങ്ങി ഒതുങ്ങിപ്പോകുന്ന ഒരു വികാരം മാത്രമാണെന്ന് അവള്‍ക്കു മനസ്സിലായി.

ക്ലോക്കിന് അഭിമുഖമായി നില്‍ക്കാന്‍ വേണ്ടി അവള്‍ ജനല്‍ചാരി നിന്നു. വയറുവീര്‍പ്പിച്ച പത്തു പതിനഞ്ചു പേരെങ്കിലും തലങ്ങും വിലങ്ങും നടക്കുന്നുണ്ട്. ചിലര്‍ വേദന മൂത്ത് നിലവിളിക്കുന്നുണ്ട്. വലിയ ഒരു നിലവിളിയാണ് പ്രസവം എന്ന് പണ്ട് സിനിമകളില്‍ നിന്ന് അവളും പഠിച്ചു വച്ചിട്ടുണ്ടാവും. ഒരു നിലവിളി. ഒരു കുഞ്ഞിന്റെ കരച്ചില്‍. പിന്നെ ഒരു പുഞ്ചിരി. എന്ത് ഉദാത്തമായ രംഗം!

കാല്‍ കഴച്ചു തുടങ്ങി.ഒരു കട്ടിലിന്റെ ഓരം ചേര്‍ന്ന് ഇരുന്ന് അവള്‍ കിതച്ചു.ഭാരം താങ്ങുന്നത് ഒരു ശീലമായിട്ട് ഏതാണ്ട് ഒരു മാസമായി. ഭാരം ഒരു കല്ലിന്റേതല്ല എന്ന് ഓര്‍മ്മപ്പെടുത്തലുകളായി വയറിനുള്ളിലെ മലക്കം മറിച്ചിലുകളും. ഇത്രയുമല്ലാതെ ഈ ചുമക്കുന്നതും താനുമായി എന്തു ബന്ധം എന്ന് അവള്‍ ചിന്തിച്ചിട്ടുണ്ടാവണം. സ്നേഹത്തിന്റെ വിത്ത് മുള പൊട്ടിയതാണെങ്കില്‍, മുള മണ്ണിലേക്കു വേരിറങ്ങി, മനസ്സിലേക്കു പടര്‍ന്ന്, കനവിലും നിനവിലും കുഞ്ഞിക്കാലുകളും കിണുങ്ങലും ചിരിയുമായി നിറഞ്ഞ് ഇന്നേരം കൊണ്ട് സ്വര്‍ഗ്ഗം ചമച്ചേനെ. തൊട്ടടുത്ത് അവളെപ്പോലെ വയറുമായി ഒരു പെണ്ണിരിപ്പുണ്ട്. അവള്‍കു ചാരെ പുറംതടവിക്കൊടുത്തു കോണ്ട് ഒരാണും. പെണ്ണു കരയുന്നുണ്ട്. അയാള്‍ വിയര്‍ക്കുന്നുമുണ്ട്. ആ പെണ്ണു തനിക്കു മുന്‍പേ പ്രസവിച്ചിട്ടു പോയാല്‍ മതിയായിരുന്നു എന്നവള്‍ക്കു തോന്നി.

ഉള്ളിലെ കനം കൂടി വരുന്നു. മണിക്കൂറുകള്‍ പോലെ ഓരോ നിമിഷവും അരിച്ചു നീങ്ങി. ഇടയ്ക്കിടക്ക് തുളച്ചു കയറുന്ന വേദന. കുട്ടിക്കാലത്ത് സൈക്കിള്‍ ടയര്‍ ഉരുട്ടി നടന്നിട്ടുണ്ട് ചെക്കന്മാര്‍ക്കൊപ്പം.ഒന്നു തട്ടിവിട്ടാല്‍ താളം പിഴക്കുന്നതു വരെ അത് ഉരുളും.പിന്നെ ഉരുണ്ടു വീഴും. വേദന പൊടുന്നനെ ഒരു താളത്തിലേക്കു തള്ളി വിടുന്നതും, നിലയ്ക്കുമ്പോള്‍ അരയ്ക്കു കീപ്പോട്ട് റബര്‍ ടയര്‍ പോലെ നിശ്ചലമാവുന്നതും പിന്നെം തുടര്‍ന്നു കൊണ്ടിരുന്നു. ക്ലോക്ക് ഒരു മണിക്കൂറോളം ഇഴഞ്ഞു നീങ്ങുന്നതു വരെ.

ലോകത്ത് എല്ലാ പ്രസവ വാര്‍ഡുകളും ഇങ്ങനെ ആവില്ല, പക്ഷെ എല്ലാ പ്രസവ വേദനയും ഇങ്ങനെ തന്നെയാവും എന്ന് അവളെ ഇടക്കിടക്ക് സ്റ്റെത്തു വച്ചു നോക്കീട്ടു പോകുന്ന മാലാഖ നേഴ്സിനറിയാം. അതുകൊണ്ടാണ് ഓരോ തവണ വരുമ്പോഴും അവര്‍ അവളുടെ നെറ്റിയിലേ വിയര്‍പ്പൊപ്പി വയറ്റത്തൊന്നു തടവീട്ടു പോകുന്നത്. അവള്‍ക്ക് അവരെ കാണുമ്പോള്‍ അമ്മയെ ഓര്‍മ്മവരുന്നതും അതു കൊണ്ടാവും. തന്നെ പ്രസവിക്കാന്‍ നേരം വയറ്റാട്ടിയുടെ കൈ മാന്തിപ്പൊളിച്ച കഥ പറഞ്ഞു ചിരിക്കാറുള്ള അമ്മ.

"ആദ്യത്തെയാണോ", എന്നു കുശലം ചോദിച്ച ഒരു പെണ്ണിനു കൂട്ടിരിക്കുന്ന മറ്റൊരു അമ്മ അടുത്തു വന്ന് നിന്നു കരഞ്ഞു. "ആറ്റുനോറ്റ് അഞ്ചാറു വര്‍ഷം കൊണ്ട് വയറ്റിലായിക്കിട്ടിയതാ മോളെ...അതിപ്പം വയറ്റിലല്ലാ, ഏതാണ്ടു കുഴലിലാ..മുറിച്ചുകളയണംന്ന് പറഞ്ഞു.." സ്ഥാനം തെറ്റി വന്ന അതിഥിയെ തന്റെ ജീവനെടുക്കുന്നതിനു മുന്‍പേ നീക്കിക്കളഞ്ഞ സമാധാനമായിരുന്നു ആ പെണ്ണിന്റെ മുഖത്ത്.

അവള്‍ വീണ്ടും വയറിലേക്കു നോക്കി. കയറ്റിയിട്ടിരിക്കുന്ന പാവാടക്കു മുകളില്‍ ഞരമ്പു തെളിയുന്നിടത്ത് മുഷ്ടിപോലെ ഉരുണ്ടു വരുന്നത് തന്റെ നേരെയാണൊ? ഇറങ്ങി വരാനുള്ള സമരത്തില്‍ , ജനിച്ചു വീഴാനുള്ള തിടുക്കത്തില്‍ താനായിരിക്കുമോ ഇതിന്റെ ആദ്യത്തെ ശത്രു. വേദന മറക്കാന്‍ കുറച്ചു നേരം നടന്നു നോക്കി അവള്‍. മിനിട്ടുകള്‍ എണ്ണുന്നതു നിര്‍ത്തി. ക്ലോക്കിന്റെ സൂചികള്‍ക്കും വേദനക്കൊപ്പം ചലിക്കാന്‍ കഴിയാതെ ആയിരിക്കുന്നു.

കാലുകുഴഞ്ഞ് കട്ടിലിന്റെ വക്കത്തിരിക്കുമ്പോള്‍ അവള്‍ പല്ലിറുമ്മുന്നുണ്ടായിരുന്നു. ശത്രു പോര്‍വിളി മുഴക്കിക്കഴിഞ്ഞു. ഇനി താന്‍ ചവിട്ടിമെതിക്കപ്പെടാനുള്ള തരിശുനിലം. പൊളിച്ചിറങ്ങാനുള്ള തടവറ. നേഴ്സമ്മ അരികിലെ മറകെട്ടിയ കട്ടിലിലേക്ക് മാറ്റിക്കിടത്തി അവളുടെ കാലകത്തി കൈ കടത്തി നോക്കി.

"ഇതിനേക്കൂടി ലേബറിലേക്കു മാറ്റാറായി സുമേ.." എന്ന് മറ്റൊരു മാലാഖയോട് വിളിച്ചു പറഞ്ഞു.

ലേബര്‍ റൂം എന്ന യുദ്ധഭൂമി സജ്ജമായിരുന്നു. ഇരുമ്പു കട്ടില്‍, കത്തികള്‍, കുപ്പികള്‍, കൊടില്‍, ചോര മണക്കുന്ന ഉടുപ്പുകള്‍...രണ്ടു വശത്തും വെള്ളക്കുപ്പായമിട്ട മരണദൂതര്‍ അവളെ ജനിമൃതികള്‍ക്കിടയില്‍ ഇടുങ്ങിക്കനത്തു നില്‍ക്കുന്ന ആ മുറിയിലേക്ക് വലിച്ചു കൊണ്ടു വന്നു. പൊരുതാനുള്ള ജീവന്‍ രണ്ടും ഒരേപക്ഷത്ത് , ഒരേ ശ്വാസത്തിന്റെ ഞാണില്‍ തൂങ്ങി പടവെട്ടുന്ന യുദ്ധമാണ് ഇനി. ശരീരമാകെ ഭീതി പടര്‍ന്നു കയറി അവള്‍ മെത്തയില്ലാത്ത ഇരുമ്പുകട്ടിലില്‍ കാ‍ലുകള്‍ ഉയര്‍ത്തിക്കെട്ടി വയ്ക്കപ്പെട്ട നിലയിലാണ്. വെള്ളക്കോട്ടിട്ട ഡോക്റ്റര്‍ ഗ്ലൌസ് വലിച്ചു കേറ്റി. ഉണങ്ങിയ തൊണ്ടയ്ക്കും ചുണ്ടിനും ഇടയില്‍ ഒരു നിലവിളി ജീവനില്ലാതെ ഒടുങ്ങി.

" സകല ദൈവങ്ങളേം വിളിച്ചോ...കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ ഒക്കെ മറക്കും..." നേഴ്സമ്മ അനേകം പ്രസവങ്ങള്‍ക്കു സാക്ഷിയായ വാക്കുകള്‍ ആവര്‍ത്തിച്ചു.

വേദന ഇരമ്പിയാര്‍ത്തു വരുമ്പോള്‍ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ശ്വാസം നിര്‍ത്തി അവള്‍ വേദനയെ ചെറുക്കാന്‍ നോക്കി. അടിവയറ്റില്‍ നിന്ന് ഒരു ചക്രം പോലെ തിരിഞ്ഞ് അതു ശരീരത്തില്‍ പടരുകയാണ്...ഞരമ്പുകള്‍ പിഴുതെറിഞ്ഞ്, ഉള്ളിലെ ചുമരുകള്‍ ചവുട്ടിമെതിച്ച്, സപ്തനാഡികളെയും ഉഴുതുമറിച്ച്, മരണവെപ്രാളപ്പെട്ട് ഒരു ജീവന്‍ അവളോടു പൊരുതി. തൊണ്ടയില്‍ കുരുക്കിയ നിലവിളിക്കൊപ്പം, അവള്‍ സര്‍വ്വ ശക്തിയുമെടുത്ത് ഞെക്കി നോക്കി. "പോ...പോ..ഇറങ്ങിപ്പോ..ജന്തു..."

വഴുതിവീണ ചോരപൊതിഞ്ഞ രൂപത്തെ നൊക്കി അവള്‍ കിതയ്ക്കുന്നതു കണ്ട് മാലഖ നേഴ്സ് ചിരിച്ചു.

Thursday, February 28, 2008

A theoretical debate

We are from two worlds, you had declared
A smile like a scorn slipped through your lips,.
And i was ready for the battle.
If i conform, you say I have to break the rules.
Are'nt we equals, i ask
Fool, its your false consciousness, you sneer
May be I am a little unequal, i pacify,
Hegemony,Hegemony... you shout.
No, I don't mind being unequal, i rectify
Downward Mobility, you turn your face away
May be I am secular, i pant
Its your imagination, you swear.
I hate to be called Magnanimous, i cry
May be thats what you are, you try.
Are'nt we dialogic or victims both
I am getting desperate.
It is then that you start problematizing
whatever that came our way
freedom, equality, love, sex, gender all went
down the theory lane, you and me were left.
Like the proverbial Jack and Jill
We tumbled down with no water.
Tell me my dear, i am down on my knees
How do i thoeorise "us"?
You play the strategy of innocent violence
laughing at the naive dimensions of my thinking.

********

This is a poem i dedicate to an intelligent friend, a colleague of mine, who dragged me in to the arrogant world of theory. The truth that we are still wonderful friends prove all his arguments wrong for me. what to do, he is such a fool..!!

Sunday, February 24, 2008

വീണ്ടും ഒരു പ്രണയ കഥ

വല്ലാത്തൊരു ഈര്‍ഷ്യയാ എനിക്കീ കൊച്ചുങ്ങളെ കാണുമ്പോ. ഇവറ്റകളൊക്കെ പഠിക്കാനൊ കോളെജില്‍ വരുന്നത്, അതോ പ്രേമിക്കാനൊ? വരാന്ത, ലൈബ്രറി, മരത്തണല്‍, സ്റ്റേയര്‍കേസ്, എന്നു വേണ്ട ക്ലാസ്സ് റൂമില്‍ വരെ ഇരുന്ന് സൊള്ളിക്കോളും. നാണമില്ലെ ഇവറ്റകള്‍ക്ക്. കണ്ണില്‍ കണ്ണില്‍ നോക്കലും, ചിരിച്ചും ചിരിപ്പിച്ചും മയങ്ങലും, ഇടക്കിടെ തലയിലൊ നെറ്റിയിലോ ചുമലിലോ ഇല്ലാത്ത ഉറുമ്പോ പൊടിയോ തട്ടിക്കളയലും...ഇവര്‍ക്കിതൊക്കെ ആരും കാണാത്തിടത്തിരുന്നായിക്കൂടെ? അതെങ്ങനാ നാട്ടുകാരെ കാണിക്കുക എന്നുള്ളതാണല്ലൊ പ്രധാന ഉദ്ദേശം. എനിക്കു പ്രേമിക്കാനാളുണ്ടേ എന്ന് കൂകി വിളിച്ച് നടക്കണം അത്രേ ഉള്ളു. ഇന്ന് ഇതൊക്കെ തോന്നാന്‍ കാരണം രണ്ടെണ്ണത്തിനെ ക്ലാസീന്ന് പിടിച്ച് പുറത്താക്കിയതാ. അവസാനത്തെ അവ്വര്‍ ആയതു കൊണ്ട് ഗുണദോഷിക്കാന്‍ എടുത്ത പത്തു മിനിറ്റു കാരണം മാരത്തഹള്ളിയിലേക്ക് നേരിട്ടുള്ള് ബസ്സും പോയി. ഇനി ബാംഗ്ലൂര്‍ നഗരത്തിന്റെ താണ്ഡവം മുഴുവന്‍ കണ്ട് സിറ്റി ചുറ്റി മൂന്നു ബസു കേറി വീട്ടിലെത്തുമ്പോള്‍ മണി ഏഴാവും. നാളെയാണെങ്കില്‍ മെയിന്‍കാര്‍ക്ക് സ്കാര്‍ലെറ്റ് ലെറ്റര്‍ എടുത്തു തുടങ്ങണം. ഈ ജാമ്പവാന്റെ കാലത്തെ പ്രണയകഥയൊക്കെ ഈ പ്രേമ-ട്ടെക്കികളെ എന്തിനാണാവൊ പഠിപ്പിക്കുന്നത്? പ്രേമത്തിന്റെ അടയാളം പാപത്തിന്റെ ചിഹ്നമായി കൊണ്ടു നടക്കുന്ന ഹെസ്റ്ററിന്റെ കഥ തുടങ്ങിയപ്പോള്‍ തന്നെ, കഴിഞ്ഞ സെമെസ്റ്ററില്‍ പോണിട്ടെയില്‍ കെട്ടിയ ഒരുത്തന്‍ കൈ പൊക്കി ചോദിച്ചു "why caant she use multicolour paints for that mark on her baady?" ന്യുയോര്‍ക്കില്‍ ഭീകരാക്രമണമുണ്ടായപ്പൊ അവിടന്ന് മൂടും പറിച്ചോണ്ടു വന്നതാ അവന്റെ തന്ത. US ബ്രാന്റ് മകനെ ഒടുക്കം ഉദ്യാനനഗരിയിലെ മുന്തിയ കോളെജില്‍ ചേര്‍ത്തും വച്ചു. സാഹിത്യവാസന തൊട്ടു തീണ്ടിയിട്ടില്ലാത്ത അവനെയൊക്കെ ഹെസ്റ്റെറിന്റെ ധര്‍മ്മസങ്കടം പഠിപ്പിക്കണ്ട എന്റെയൊരു കര്‍മ്മഫലം!

ബസ്സു മേയൊ ഹാളിനു മുന്നില്‍ നിര്‍ത്തിയതറിഞ്ഞില്ല. ഇവിടെ ഇറങ്ങി വേണം എയര്‍പ്പൊട്ട് റോഡിനു വേറെ ബസ് പിടിക്കാന്‍. തിരക്കിട്ട് റോഡ് മുറിച്ചു കടക്കുമ്പോളും ആ പെങ്കൊചിന്റെ മുഖമായിരുന്നു മനസ്സില്‍. കാമുകന്റെ ഒപ്പം ക്ലാസിലിരുന്ന് സൊള്ളിയതിന് പുറത്താക്കിയത് ഏതാണ്ട് അംഗീകാരം പോലെയാണെന്നു തോന്നി അതിന്. ചെറുക്കന്റെ കയ്യിലും ഷര്‍ട്ടിന്റെ തുമ്പിലും വരഞ്ഞു കളിച്ചോണ്ട് എന്നെ നൊക്കി നീ പോടി കുശുമ്പീ എന്ന മട്ടിലൊരു നില്‍പ്പും ഭാവവും. ബാക്കിയുള്ളവരൊന്നും പ്രേമിച്ചിട്ടില്ലാത്ത പോലെ. കാണുന്നവരെ മുഴുവനും പ്രേമിച്ച കാലമുണ്ടായിരുന്നു. അതു പിന്നെ പറയാതെ പറഞ്ഞും, അറിയാതെ അറിഞ്ഞും ഒക്കെ ഇങ്ങനെ ഉള്ളില്‍.. ഒരു മിഠായി കഷ്ണം നുണയുന്ന പോലെ കൊണ്ടു നടക്കാനുള്ളതായിരുന്നില്ലെ. ഇതുപോലെ ഫാസ്റ്റ് ഫൂഡ് പോലെ വലിച്ചുവാരി തിന്നാനാണൊ?

നീലനിറത്തിലുള്ള കര്‍ണ്ണാടകാ ട്രാന്‍സ്പോട്ട് ബസ്സിനെ മാത്രം ഉന്നം വെച്ചു നില്‍ക്കുന്നതു കൊണ്ട് മറ്റോരു വാഹനവും കണ്ണില്‍പ്പെടാറില്ല. അല്ലെങ്കില്‍ തന്നെ ഈ നിരത്തിലോടുന്ന കാറുകള്‍ക്കൊക്കെ പേരിലല്ലാതെ വേറെ എന്തു മാറ്റം. പക്ഷെ സ്റ്റൊപ്പിന് ഒരു വാര അകലെ നിര്‍ത്തിയത് അരുളിന്റെ കാര്‍ ആണെന്ന് മനസ്സിലായി. അരുള്‍ തോമസ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഭിമാന സ്തംഭം. പുലിക്കുട്ടി. കുട്ടികളുടെ തോളില്‍ കയ്യിട്ട് നടക്കുന്ന അവരുടെ ആരാധനാപാത്രം. ബുദ്ധിമാന്‍. സ്വതന്ത്രന്‍. എലിജിബിള്‍ ബാചെലര്‍. സുന്ദരന്‍. സുമുഖന്‍. ഓ വരുന്നുണ്ട്. കാറിലേക്ക് ക്ഷണിക്കാനാവും. ലിഫ്റ്റ് ചോദിക്കാനാവും. എവിടെ വരെ കൊണ്ടു പോവും ആവൊ?
“hello sujatha, shall I offer you a lift?"
കക്ഷിയുടെ ഒരേയൊരു പ്രശ്നം ഉച്ഛാരണം ആണ്. ശുദ്ധ തമിഴ് ആക്സെന്റ്. എന്റേതു ഭേദമാണെന്നു തോന്നും. പക്ഷെ ക്ലാസ്സ് കിടിലം ആണെന്ന് പിള്ളേര്‍ സെര്‍ട്ടിഫിക്കറ്റു കൊടുത്തിട്ടുണ്ട്. പിന്നെന്തു വേണം? മര്യാദപൂര്‍വ്വം ലിഫ്റ്റ് നിരസ്സിച്ചതിനു ശേഷം നിര്‍ബന്ധിക്കാന്‍ അനുവദിച്ച് കാറിലേക്ക് നീങ്ങി. അയാള്‍ ഡൊമ്ലൂര്‍ക്കാണത്രെ. പകുതി ദൂരം ബസ് പിടിക്കാതെ കഴിഞ്ഞൂലൊ. കാറിനുള്ളില്‍ ജഗ്ജീത് സിങ്ങിന്റെ ഗസല്‍. സിഗരെറ്റിന്റെം മസ്ക് പെര്‍ഫയൂമിന്റെം മണം. മുന്‍ വശത്തെ സീറ്റില്‍ കിടന്നിരുന്ന ഡേവിഡ് ലോഡ്ജിന്റെ തടിയന്‍ കൊന്റ്റെമ്പൊററി തിയറി അയാള്‍ എനിക്കു വേണ്ടി പുറകിലെക്ക് വലിച്ചെറിഞ്ഞു. കാര്‍ ഓടിത്തുടങ്ങിയപ്പൊള്‍ എന്നോട് എപ്പൊഴത്തെയും പോലെ തമിഴില്‍ പാട്ടിനെ പറ്റി പറഞ്ഞു തുടങ്ങി.സേലത്തുകാരനാണ്. അച്ഛനു കച്ചവടമാണ്. അമ്മയ്ക്കു കാന്‍സറാണ്. പെങ്ങള്‍ക്കു കല്യാണമാണ്. ഇത്രയുമൊക്കെ ഡിപ്പാര്‍റ്റ്മെന്റ്റിലെ കലപിലയില്‍നിന്ന് കിട്ടിയിട്ടുണ്ട്.ഇനിയെന്താണവൊ ഇയാള്‍ ഡൊമ്ലൂര്‍ വരെ പറയുക? അതോ ഇനി ഒന്നും പറയില്ലെ? പത്തു മിനിറ്റ് രണ്ടു പേര്‍ ഒന്നും മിണ്ടാതിരുന്നാല്‍ സാധാരണ ഗതിയില്‍ ഒന്നും സംഭവിക്കില്ല. എന്നാല്‍ കല്യാണം കഴിഞ്ഞ് നാട്ടീന്ന് പോന്നശെഷം, കെട്ടിയവനും വീട്ടിലെ പ്രാരാബ്ധവും മാത്രം ലാക്കാക്കി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പാവം പെണ്ണിനെ എന്തെങ്കിലും പറഞ്ഞ് പത്തു മിനിറ്റ് പിടിച്ചിരുത്തേണ്ടി വരുന്നത് ഇയാള്‍ക്കൊരു വെല്ലുവിളിയാവുമല്ലൊ.
"yours was an arranged marraige?"
പെട്ടന്നിപ്പൊ ഇതു ചോദിക്കാന്‍ എന്തേ കാര്യം എന്ന് മിഴിച്ചിരിക്കാതെ അതെ എന്ന് പുല്ലു പോലെ ഉത്തരം പറഞ്ഞു. ലോകത്ത് അങ്ങനെയല്ലാതെ ഒരു വിവാഹവും നടന്നതായിട്ട് അറിവേയില്ല എന്ന മട്ടില്‍. താന്‍ പ്രേമിച്ചായിരിക്കും കെട്ടിയത് എന്നു കരുതി എന്ന് അയാള്‍ ആ‍ത്മഗതം പറഞ്ഞപ്പോള്‍ ഒന്നു ഞെട്ടി. ദൈവമേ ഇനി ഞാന്‍ കീറ്റ്സ് പഠിപ്പിക്കുമ്പോള്‍ ഉദാത്ത പ്രേമത്തെക്കുറിച്ച് വിളമ്പിയതൊക്കെ പിള്ളേരെങ്ങാനും ഇയാള്‍ക്ക് ചോര്‍ത്തിക്കൊടുത്തൊ? അല്ലെങ്കിലും സാഹിത്യം പഠിപ്പിക്കുന്നവരൊക്കെ പ്രേമിച്ചു തന്നെ കല്യാണം കഴിച്ചോളണം എന്ന് നിയമമൊന്നും ഇല്ലല്ലൊ.

ജഗ്ജീത് സിങ്ങ് പാടിത്തീര്‍ന്നപ്പോള്‍ അയാള്‍ ഗുലാം അലി എടുത്തിട്ടു. “ഞാന്‍ വിളിച്ചതു കൊണ്ട്, ഉച്ചവെയിലില്‍ നീ നഗ്നപാദയായി ഓടി വന്നതോര്‍ക്കുന്നു..” ട്രാഫിക് ബ്ലോക്ക് ആണ്. ട്രിനിറ്റിക്കു മുന്‍പില്‍. മുന്നിലേ ബാഗ്ലുര്‍ നഗരപാലികെ യുടെ ട്രക്ക് വല്ലാതെ പുകതുപ്പുന്നതു കണ്ട് അരുള്‍ പെട്ടന്ന് വിന്റൊ ഗ്ലാസ് ഉയര്‍ത്തി. ഞാനും. കാറിലെ എ.സി കുളിങ്ങ് കുറവാണെന്നു പറഞ്ഞപ്പൊള്‍ സഹതപിച്ചു ചിരിച്ചു. അരുളിനെ മോഹിക്കുന്ന കാമ്പസ്സിലെ തരുണിമാര്‍ ഇങ്ങനെ ഒരു യാത്ര തരപ്പെട്ടു കിട്ടാന്‍ എങ്ങിനെയെല്ലാം പരിശ്രമിക്കുന്നുണ്ടാവാം എന്ന് അറിയാതെ ഓര്‍ത്തപ്പോള്‍, വിലക്കപ്പെട്ട ഐസ് ക്രീം നുണയുന്ന കുട്ടിയുടെ പരുവമായി എന്റെ മനസ്സ്.

ഇളം തവിട്ടു നിറത്തില്‍ സ്ലാക്സ് ഷര്‍ട്ടും കടും നീല ജീന്‍സും ഇയാള്‍ക്ക് നല്ല ചേര്‍ച്ച. കറുത്തിട്ടാണെങ്കിലും ഐശ്വര്യമുള്ള മുഖം.വാച്ച് കെട്ടിയിട്ടില്ല.വലത്തെ കയ്യില്‍ എന്തൊ ഒരു ബാന്റ്, പിന്നെ ഒരു കറുത്ത ചരടും. അറിഞ്ഞിടത്തോളം കക്ഷി നിരീശ്വരവാദി. കിട്ടിയ അവസരത്തിന് ചരടു ജപിച്ചിരിക്കുന്നതെന്തിനെന്ന് ചോദിച്ചപ്പോള്‍, അതൊക്കെ അമ്മയുടെ ഓരോ വിശ്വാസങ്ങളെന്ന് ഉത്തരം. സ്നേഹമുള്ള മകന്‍. ട്രിനിറ്റിയിലെ ട്രാഫിക് ബ്ലോക്ക് തീര്‍ന്നപ്പോള്‍ മുന്നിലെ വാഹനങ്ങളെ വിദഗ്ദമായി വെട്ടിച്ച് നിമിഷം കൊണ്ട് കന്റോണ്മെന്റ് ഹൊസ്പിറ്റല്‍ എത്തി. നല്ല ഡ്രൈവിങ്ങ്. യെഹ് ദില്‍ യെഹ് പാഗല്‍ ദില്‍ മെരാ കര്‍ത്താ ഹെ ക്യും ആവാര്‍ഗി എന്നു ഗുലാം അലി. ഗ്ലാസ്സു താഴ്ത്തി ജാലകക്കാഴ്ച്ചകളിലേക്ക് തിരിഞ്ഞിരുന്നു. മനസ്സിന്റെ കടിഞ്ഞാണ്‍ പൊട്ടി. ഇനിയത് കണ്ടിടത്തൊക്കെ മേയാന്‍ തുടങ്ങും. ആദ്യം ഓടിച്ചെല്ലുന്നത് പഴയ ഒരു കാമ്പസ്സിലേക്ക്, തകര്‍ത്തു പെയ്യുന്ന മഴയിലേക്ക്, ക്ലോക്ക് റ്റവ്വറിനു മുകളിലെ ഇടുങ്ങിയ മുറിയിലേക്ക്
“തൊട്ടിട്ടുള്ള കളി മാത്രം വേണ്ടാ...മാറിയിരുന്നൊ. ഇല്ലെങ്കില്‍ ഞാന്‍ വിളിച്ചു കൂവും.”
“നീയല്ലെ പറഞ്ഞത് ജീവിത കാലം മുഴുവന്‍ എന്നെ പ്രേമിച്ചോളാം ന്ന്..”
“എപ്പൊ പറഞ്ഞു?”
“ദാ..ഇപ്പൊ”
“പ്രേമിക്കാം... പക്ഷെ തൊടരുത്.”
“തൊടാതെ എന്തോന്നു പ്രേമം?”
“അങിനെ പ്രേമിച്ചാല്‍ മതി...ദെ ചെക്കാ..പറഞ്ഞതു കേട്ടോ..ഇല്ലെങ്കില്‍ കളി കാര്യാവും...ഞാന്‍ മിണ്ടില്ലാ പിന്നെ.മിണ്ടില്ലാ. ഒരിക്കലും മിണ്ടില്ലാ..മിണ്ടില്ല.”

ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍ക്കൊപ്പം, കുറേ കുപ്പിവള തുണ്ടുകള്‍, കുറേയേറെ സ്നേഹം, കുറെയേറെ ഭയം ഒക്കെ നീര്‍ച്ചാലുണ്ടാക്കിയ വഴിയെ ഒലിച്ചു പൊയി. കൊച്ചുജനാലപ്പഴുതിലൂടെ, തോളിലമര്‍ന്ന നനുത്ത കവിളുകള്‍ക്കപ്പുറം ദൂരെ ഒരു ബാന്റ് മേളം. മഴയുടെ ഇരമ്പലില്‍ അത് ഇല്ലാതാവുന്നത് കേട്ടു. പിന്നെ തന്റെ നേരെ അമ്പരപ്പോടെ ഉയര്‍ന്നുവന്ന കണ്ണുകളില്‍ എന്താണ് എന്നു വായിച്ചെടുക്കാനാവതെ പകച്ചു നിന്നത് ഓര്‍മ്മയുണ്ട്. ഒരു നിമിഷം. പൊള്ളുന്ന ഒരക്ഷരം രണ്ടു മാറില്‍ പതിഞ്ഞു കഴിഞ്ഞു.
“അവര്‍ക്കു മുന്‍പില്‍ ഒരു ലോകമുണ്ടായിരുന്നു
കൈകോര്‍ത്തു പിടിച്ച് ദിശയറിയാത്ത വഴികളിലൂടെ,അവര്‍ ഏദനില്‍ നിന്നും പുറത്തേക്ക്.”
അരുള്‍ കാര്‍ കെമ്പ് ഫോര്‍ട്ടിനു മുന്നില്‍ ഇടവഴിയിലേക്ക് തിരിച്ചു നിര്‍ത്തി. “you are an unusually quiet person, sujatha." കണ്ണടക്കുള്ളില്‍ ചെമ്പന്‍ കണ്ണില്‍ മിന്നിമറയുന്ന പരിചയമുള്ള ഒരു ഭാവം. പുറകിലെ ബെഞ്ചില്‍ കൂട്ടുകാരിയെ നൊക്കി ചിരിക്കുന്ന അലവലാതി ചെറുക്കന്റെ ഭാവം. പാവം തോന്നി.

Thursday, February 14, 2008

കഥയ്ക്കുശേഷം

സന്തോഷ് എച്ചിക്കാനത്തിന്റെ ബേബീസ് ബ്രെത്ത് എന്ന കഥ മനസ്സിലുണ്ടാക്കിയ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ ഒടുങ്ങണമെങ്കില്‍ ജയന്റെ മീറ്റിങ്ങ് അവസാനിച്ചേ പറ്റു. എന്നാല്‍ തന്നെയും രാസല്‍ ഖൈമ മുതല്‍ ജബെല്‍അലി വരെയുള്ള വ്യാഴാഴ്ച തിരക്ക് പിഴിഞ്ഞെടുത്ത ജയനെ ഏതു പരുവത്തിലായിരിക്കും കിട്ടുക എന്നത് ദുരന്തപര്യവസായിയായിത്തീരാനുള്ള മറ്റൊരു കഥക്കുള്ള തുടക്കമാവാനും മതി.

കഥയുടെ അവശിഷ്ട്ങ്ങള്‍ക്കിടയിലുള്ള ഈ കാത്തിരിപ്പ് ആദ്യമായിട്ടല്ല. ഏതെങ്കിലും ഒരു കഥയുടെ ചിത ഉള്ളിലെരിയിചുകൊണ്ട് പ്രേതത്തെപ്പോലെ പല തവണ ഞാന്‍ ജയനു കതകു തുറന്നു കൊടുത്തിട്ടുണ്ട്. ഒരേ കാല്‍ചങ്ങലയില്‍ ബന്ധിക്കപ്പെട്ട രണ്ടു കുറ്റവാളികളായും ഒരേ നുകത്തില്‍ കെട്ടിയ കാളകളായും ഇണക്കുരുവികളായും ഒക്കെ അറിയപ്പെടുന്ന ദാമ്പത്ത്യാവസ്ഥയില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ചേരുക പരേതരുടെ ഉപമകളാവും. മരണമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരന്തരം. ഒരാള്‍ സ്വന്തം തിരക്കുകളിലും മറ്റെയാള്‍ സ്വന്തം മടുപ്പുകളിലും വീണുമരിചുകൊണ്ടേയിരിക്കുന്നു.പ്രണയത്തിന്റെ മോഹനസാധ്യതകള്‍ക്കൊടുക്കം എവിടെയൊ ഞങ്ങളിലൊരാള്‍ എത്തിപ്പിടിച്ച കച്ചിത്തുന്‍പാണ് കഥ.ഞങ്ങള്‍ക്കിടയിലെ ജീവന്റെ ഏക തുടിപ്പ്.വെള്ളക്കടലാസിലെ കറുത്തചിത്രങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്ന പ്രണയങ്ങള്‍ക്ക് സ്വപ്നങ്ങളിലേക്ക് ഒരു തൂക്കുപാലം പോലെയാണ്, ചിലപ്പോള്‍. അതുകൊണ്ട് എച്ചിക്കാനത്തിനും, സുഭാഷ് ചന്ദ്രനും, പ്രിയ.എ.എസ്, കെ. ആര്‍. മീര തുടങ്ങി ബഷീര്‍, എം.ടി മുതല്‍ കുന്ദേര, കാഫ്ക, മാര്‍ക്വെസ് എന്നുവേണ്ട് ചേതന്‍ ഭഗത്, ഖാലിദ് ഹൊസൈനി വരെയുള്ള എല്ലാ കഥാര്‍ത്ഥികള്‍ക്കും നന്ദി.

രാവിലെ ഏഴരയോടെ ജയനും കുട്ടികളും കാലിയാക്കിയ വീട് മനസ്സിന്റെ ഒരു മൂലയിലേക്ക് തട്ടിമാറ്റി ഞാന്‍ എചിക്കാനത്തിന്റെ കഥയിലേക്കു ചെന്നു വീണതാണ്. ഉച്ചയ്ക്ക് മാഗി നൂടില്‍സിനെ സ്തുതിച്ചു കൊണ്ട് കുട്ടികളുടെ വിശപ്പടക്കി കാര്‍ട്ടൂണിനു മുന്നില്‍ പ്രതിഷ്ഠിച്ച്, ശ്വാസമടക്കി വീണ്ടും കഥയില്‍നിന്ന് കഥയിലേക്ക്, ഉള്‍ക്കഥകളിലേക്ക് …കുട്ടികളെ അവഗണിക്കുന്നതിന്റെ കുറ്റബോധം പോലും മായ്ച്ചു കളയുന്നത്ര ശക്തമായ ഭാവനയുടെ അടിയൊഴുക്കുകളിലേക്ക്…കഥാപാത്രത്തില്‍നിന്നും കഥാകാരനിലേക്കും, കല്‍പ്പനകളില്‍നിന്ന് നിസ്സംഗതയിലേക്കും, പ്രണയത്തില്‍നിന്ന് നിഷേധത്തിലേക്കും, വായനയുടെ കാണക്കയങങളിലേക്ക് ഊഴിയിട്ട് ഞാന് കിതച്ചു. എഴുതാനാവതെ കുമിഞ്ഞുകൂടിക്കിടക്കുന്ന അനുഭവങങളുടെ വിഴുപ്പ് അലക്കുയന്ത്രത്തിനകത്തു കിടന്നു നാറി. രണ്ടു തവണ ജയനെ വിളിച്ച് ഞാനിപ്പൊ ചാവും എന്നു പറയാനാഞ്ഞ് മൊബൈല്‍ തപ്പി. കഥകളുടെ പ്രേതബാധ ആവാഹിച്ചു കളയാന്‍ ഈ മരുഭൂമിയില്‍ ജയനല്ലാതെ എനിക്കു മറ്റാരും ഇല്ലല്ലൊ; പിണക്കണ്ട എന്നുകരുതി.

എന്നാലും എന്റെയും ജയന്റെയും പ്രായമുള്ള ഒരു സാധാ ഗള്‍ഫ് ജീവി…ആ എച്ചിക്കാനം, അയാള്‍ക്കിതെങ്ങനെ സാധിചു? കാറിലിരുന്ന് പാട്ടും കേട്ട്, കുട്ടികളോട് പൊരുതി, ട്രാഫിക്കിനെ ശപിച്ച് നില്‍ക്കുമ്പോള്‍ പലതവണ ഞങ്ങളും കണ്ടിട്ടുണ്ട്, റോഡിനിരുവശവും മരുഭൂമിയെ മോടിപിടിപ്പിക്കാന്‍ പാവം പാക്കിസ്താനികളും മലയാളികളും ചേര്‍ന്ന് നട്ടുപിടിപ്പിച്ചിരിക്കുന്ന കുഞ്ഞിപ്പൂവുകളുടെ പരവതാനി. വയലറ്റു നിറത്തില്‍ വെള്ളപ്പാടുകളുള്ള ബേബീസ് ബ്രെത്തും അക്കൂട്ടതിലുണ്ടോ? അതിനു കുഞ്ഞിന്റെ മുലപ്പാല്‍ മണമാണെന്ന് എച്ചിക്കാനം പറയുന്നു. ഉഷ്ണക്കാറ്റില്‍ തളര്‍ന്ന് ആ കൊടും വെയിലത്തു നിരന്നു നില്‍ക്കുന്നത് മുലപ്പാലിറ്റുന്ന കുഞ്ഞുങ്ങളാണ് എന്നോ…?

പോട്ടെ, ക്ഷമിച്ചേക്കാം…ഭാവനയുടെ വേലിയേറ്റം കൊണ്ട് പറഞ്ഞുപോയതാവാം. പക്ഷെ അതു മാത്രമല്ലല്ലൊ കഥ. അല്ലെങ്കിലും എഴുത്തുകാരനെ എന്തിനു കുറ്റം പറയണം? കൊന്നു കളയണം ഈ കഥാപാത്രങ്ങളെയൊക്കെ! കുന്തമുനകള്‍ പോലെയാണ് അവരുടെ അനുഭവങ്ങള്‍. എല്ലാം ഒരേ രീതിയില്‍ ഉരുക്കി മിനുക്കിയ കൂര്‍ത്ത ലോഹമുനകള്‍. കൊണ്ടു പോറാന്‍ ഉള്ളില്‍ പ്രണയം ബാക്കിയുണ്ടോ…ഒരായിരം എണ്ണം നിങ്ങള്‍ക്കു നേരെ വരാം. ഈ ജയനൊന്നു വന്നിരുന്നെങ്കില്‍…”മുല്ലയ്ക്കല്‍ വേണു”* എന്ന പുതിയ പേരില്‍ ഉള്ളില്‍ തറഞ്ഞു നില്‍ക്കുന്ന ഈ മുനമ്പ് ഒന്ന് വലിച്ചൂരിക്കളയാമയിരുന്നു.

ഒരു കഥാകാരന്റെ ജീവിതം വലിയ ഒരു കോമ്പ്രമൈസായിരിക്കും എന്ന് എന്നൊട് പറഞ്ഞ ഒരു കൂട്ടുകാരിയുണ്ട്. ഒതുക്കി മാറ്റി വയ്ക്കുന്ന ഒരു പ്രേമം പോലെ ഒരു കോമ്പ്രമൈസ്. ഒരു പ്രേമവും ഒതുക്കി വക്കാന്‍ കഴിയാത്ത എന്നെ അവള്‍ “നൊ- കോമ്പ്രമൈസ്” എന്നു വിളിച്ചിരുന്നു. കണ്ണുകളിലൂടെ പടര്‍ന്നു കയറുന്ന തീയാണ് അതെങ്കില്‍ തീര്‍ച്ചയായും അച്ചടി മഷിയിലൂടെയും ചിലപ്പോള്‍ പടരാം. നില്‍ക്ക്ക്കള്ളിയില്ലാതെ വരുമ്പോള്‍ ഓരൊ കഥാകാരനും കോമ്പ്രമൈസിലെത്തും. മനസ്സിലുടക്കി നില്‍ക്കുന്ന നേരും നുണയും അല്ലാത്തതിനെ ഒരു നുണക്കഥക്കുള്ളില്‍ ഒതുക്കിയിട്ട്. എച്ചിക്കാനം ചെയ്തതുപോലെ. ജന്മന കഥാജീവിയും ആത്മന പ്രണയജീവിയും ആയ എന്റെ ത്രിശങ്കുലോകത്ത് കയറിവന്ന ജയന്റെ യാഥാര്‍ഥ്യ ബോധം എന്നൊട് കയര്‍ത്തിട്ടുണ്ട്. “ ആര്‍ക്കാ ഇതുകൊണ്ട് പ്രയോജനം?” സത്യത്തില് ആര്‍ക്കുമില്ല. എഴുതിവച്ച കഥയില്‍ നിന്ന് ഇറങ്ങി ഓടുന്ന് കഥാകാരനോ, കയറിവന്ന കഥയില്‍ ശ്വാസമ്മുട്ടുന്ന് കഥാപാത്രത്തിനോ, കഥയ്ക്കുശേഷം പകയ്ക്കുന്ന വായനക്കരനോ…ആര്‍ക്കുമില്ല ഒന്നും. അതുകൊണ്ടാണ് ഞാന്‍ എന്റെ ഇല്ലാ കഥകളെ ഗര്‍ഭഛിദ്രം ചെയ്തു കളയുന്നത് എന്നു പറഞ്ഞാല്‍ ജയന്‍ സ്വതസിദ്ധമായ ശൈലിയില്‍ ചുണ്ടുകോട്ടും. അനുവാദത്തിനു പൊലും കാക്കതെ ഉള്ളിലെക്ക് കയറിവരുന്നവരെയൊക്കെ കഥാപത്രങ്ങളാക്കി നഷ്ടപ്പെടുത്താന്‍ കഴിയാത്തതിന്റെ വേദന ആര്‍ക്കു മനസ്സിലാവാന്‍? ഇപ്പൊ അതിനു നേരെയാണ് ആ എച്ചിക്കാനം…ദുഷ്ടന്‍… തുരങ്കം വയ്ച്ചിരിക്കുന്നത്.

ഉദയന്‍ ഒരു ചെറുകഥയായി ഒടുങ്ങിയത് എച്ചിക്കാനത്തിന്റെ കഥയിലെ ഒരു അപ്രധാന ഷോട്ടിലാണ്. സര്‍വ്വവ്യാപിയായ കഥാകരന്‍ എത്തിനൊക്കാന്‍ മറന്നുപോയ ആ ഷോട്ടില്‍ മുല്ലയ്ക്കല്‍ വേണുവിന്റെ പേര് ഉദയന്‍. ജുലായിലെ കത്തുന്ന് ചൂടില്‍ മണലാരണ്യത്തിനു നടുവില്‍ കോണ്‍ക്രീറ്റ് മരുപ്പച്ച പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റ് സമുചയത്തിലൊന്നില്‍ ഞങളുടെ കൂടാരത്തിന്റെ വാതില്‍ക്കല്‍ എന്റെ ഉച്ചമയക്കത്തെ ഞെട്ടിച്ച് വന്നു നിന്ന ദുരന്തനായകന്‍. നീല ഓവറോളില്‍ ഒരു കറുത്ത രൂപം നിന്ന് വിയര്‍ക്കുന്നതു കണ്ട് വല്ല മേയ്ന്റ്നന്‍സ് തൊഴിലാളിയുമാവും എന്നു കരുതിയാണ് ഞാന്‍ വാതില്‍ മുഴുവന്‍ തുറക്കാഞ്ഞത്. കഥാകാരനു തൊന്നിയതു പോലെ മുഖം തിരിച്ചു എന്നതും നേര്. ഉണങ്ങിവരണ്ടു കിടക്കുന്ന ഉള്‍ക്കാട് തീ പിടിക്കാന്‍ എത്രക്കു തീപ്പൊരി വേണം? കറുത്തു മെലിഞ്ഞ് മുപ്പതിനപ്പുറം പ്രായം തോന്നിക്കുന്ന ഒരു ഗള്‍ഫ് കൂലിക്കാരന്റെ പറഞ്ഞു പഴകിയ സങ്കടങ്ങള്‍ ധാരാളം…നാട്ടില്‍ അവന്റെ ജീവിതം അസ്തിവാരമാക്കി കെട്ടിയുയറ്ത്തുന്ന വീട്, അവന്റെ വിയര്‍പ്പുരുക്കിയ പണ്ടങ്ങളണിഞ്ഞ് തലകുനിച്ചിരിക്കുന്ന് പെങങമ്മാര്‍, അവന്‍ ബാക്കിവച്ചുപോയ പ്രണയം വരെ എത്തിയപ്പൊ എന്റെ പിണങ്ങിതുടങ്ങിയ മനക്കണ്ണാടിയെ ഞാന്‍ നേരിനു നേരെ തിരിച്ചിരുത്തി. അപ്പോഴാണ് “ജയനില്ലെ?” എന്ന മുരടനക്കം കേട്ടത്.
“…എന്നെ പറ്റി അവന്‍ പറഞ്ഞു കാണും. ഉദയന്‍. പണ്ട് ഒന്നിച്ചു പഠിച്ചതാ…”
ജയന്റെ പന്തീരായിരത്തെട്ട് സുഹ്രുത്തുക്കളുടെയും പേര് അപ്പോള്‍ ചികഞ്ഞു നോക്കാന്‍ പറ്റില്ല്ല്ലല്ലോ. അതുകൊണ്ട് ഉത്തരം ഉവ്വെന്നും ഇല്ലെന്നും അല്ലാത്ത ഒരു നരച്ച ചിരിയിലൊതുക്കി. ജയനില്ലാത്തതുകൊണ്ട് ഉള്ളിലേക്കു ക്ഷണിക്കണോ എന്ന് രണ്ടാമത് ആലോചിക്കും മുന്‍പ് ആറു വയസ്സുകാരി അമ്മു കാര്‍ട്ടൂണ്‍ മടുത്ത് പുറകില്‍ ചുറ്റിക്കൂടി. ഒരു ശരാശരി മനുഷ്യപ്രേമി ഒരു പെണ്ണായും പിന്നെ അമ്മയായും ചുരുങ്ങിത്തുടങ്ങി. ഇതിനിടെ മോളെ കണ്ട് മുന്നിലെ കരിരൂപത്തിന്റെ കണ്ണില് തങ്കത്തിളക്കം. കയ്യെത്തിച്ച് പുറകില്‍ നിന്ന് അവളെ അയാള്‍ വലിച്ചു ചേറ്ത്തു പിടിച്ചപ്പൊള്‍ എന്റെ നെഞ്ജു തുണ്ടയില്‍ കുരുക്കി.നാട്ടിലേക്കാളും പതിന്മടങ്ങ് സുരക്ഷിതം എന്നു തീര്‍ച്ചയുണ്ടെങ്കില്‍പ്പോലും, ഗള്ഫ് ന്യൂസിന്റെ ഉള്‍പ്പേജുകളിലെ കേള്‍ക്കാന്‍ കൊള്ളാത്ത വാറ്ത്തകള്‍ തികട്ടി വരാന്‍ തുടങ്ങി. ഈ നട്ടുച്ച നേരത്ത് അയാള്‍ക്കു വല്ല ഏറണക്കേടും തോന്നിയാല്‍ ഞാനും അവളും ഒരു നിലവിളിയായി ഒതുങ്ങാനും മതി…
“ജയനിന്ന് ഉച്ചക്ക് ഉണ്ണാന്‍ വരില്ല “ എന്ന് പെട്ടന്ന് പറഞ്ഞ് വാതില്‍ അയാളുടെ മുഖത്തേക്കു വലിചചടച്ചത് അതുകൊണ്ടാണ്. വല്ലാത്തൊരു അങ്കലാപ്പോടെ മോളേം വലിച്ച് ടി.വിക്കു മുന്‍പില്‍ ഇരുന്ന് ധ്യാനിച്ചു കുറച്ചുനേരം. അയാള്‍ പോയൊ എന്ന് ഉറപ്പു വരുത്താന്‍ കുറച്ചു കഴിഞ്ഞ് കതക് ഒരു പാളി തുറന്നു നോക്കിയപ്പോള്‍ എന്റെ ഉള്ളിലെ അപ്പര്‍ ക്ലാസ് ആധികള്‍ക്കു മീതെ ഒരു ട്ടൈം ബോംബായി അതവിടെ കിടന്നിരുന്നു; വര്‍ണ്ണക്കടലാസില്‍ പ്പൊതിഞ്ഞ ഒരു പായ്ക്ക്റ്റ് ചോക്ലേറ്റ്.

കഥ അവിടെ തീര്‍ന്നില്ലായിരുന്നു കഥാകാരാ..രാത്രി വൈകി ജയനോട് കുമ്പസരിക്കുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ട മറ്റ് അനേകം കഥാപാത്രങങള്‍ക്കൊപ്പം അനുകമ്പയുള്ള ഒരു പെണ്മനസ്സ് കുറ്റബോധത്തീയില്‍ വെന്തു. കഥയുടെ നെരിപ്പോട് കഥാര്‍ത്ഥിക്കുള്ളില്‍ നീറി. പ്രേമിക്കുന്ന മറ്റനേകം ദുരന്തനായകരോടൊപ്പം ഒരു കറുത്ത മുഖം കൂടി കൂരമ്പായി നെഞ്ജില്‍ തറഞ്ഞു. “അവനോട് എന്തെങ്കിലും ചോദിക്കാമയിരുന്നില്ലെ“ എന്ന ജയന്റെ ചൊദ്യത്തിനു മുന്‍പില്‍ ഒരു പാവം സങ്കല്പജീവി നിന്നു പരുങ്ങി.
“…ഉദയനെ നിനക്കോര്‍മ്മയില്ലെ? പ്രീഡിഗ്രി വരെ എന്റെ കൂടെ പഠിച്ച് പിന്നെ ഗള്‍ഫിലേക്കു ചാടിയ കക്ഷി. അവന്‍ ദുബായില്‍ ഏതൊ കണ്‍സ്റ്റ്ര്ക്ഷന്‍ കമ്പനിയില്‍ മെക്കാനിക്കാണെന്നു ഇത്തവണ പോയപ്പൊ മുരളി പറഞ്ഞു. അവന്റെ നമ്പറന്വേഷിച്ചു നടക്ക്വാ ഞാന്‍. വലിയ സ്വാഭിമാനിയാ... എന്നെ കാണാന്‍ മടിയായിട്ട് മുങ്ങി നടക്ക്വാ അവന്‍. അവനെങനെ ഇവിടെ വന്നു പൊന്തി? “

അരികില്‍ ഞാന്‍ ജഢാവസ്ഥയിലാണെന്നറിഞ്ഞാവണം ജയന്‍ നിര്‍ത്തി എന്റെ നേരെ തിരിഞ്ഞത്. അരണ്ട വെളിച്ചത്തില്‍ എന്റെ കണ്ണു നിറഞ്ഞു കണ്ടിട്ടാവണം ഉറക്കെ പൊട്ടിചിരിക്കാന് തുടങ്ങിയത്.
“ഓ...കഥകാരി അവനെ ദുരന്തനായകനാക്കിക്കരഞ്ഞു തുടങ്ങിയൊ? നമുക്കവനെ കണ്ടുപിടിച്ച് ഒന്നു ട്രീറ്റാം. അപ്പൊ തീരില്ലെ നിന്റെ സങ്കടം? അതൊ ഇനി നായകനാക്കിയെത്തീരൂന്നാണെങ്കില്‍ ഞാന്‍ വില്ലന്റെ റോള്‍ ചെയ്യണോ ആവൊ..?”

നിന്നെ വില്ലനാക്കിയ കഥയാണ് ജയാ...ആ എച്ചിക്കാനം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. നിന്നെപ്പോലെ, നമ്മളെപ്പൊലെ ആ ദീപനും* കൂട്ടുകാരനെ മറന്നു. വീടിന്റെ ശീതീകരിച്ച തണുപ്പിലേക്ക് ഒതുങ്ങിയിരുന്നു. പുറത്തെ കത്തുന്ന വെയിലില്‍ എവിടെയോ വേവുന്ന ഉദയനെ നമ്മളും പിന്നെ ഓര്‍ത്തില്ലല്ലൊ.

*സന്തോഷ് എച്ചിക്കാനം എഴുതിയ “ബേബീസ് ബ്രെത്ത്” എന്ന കഥയിലെ കഥാപത്രങ്ങള്‍.