Thursday, February 14, 2008

കഥയ്ക്കുശേഷം

സന്തോഷ് എച്ചിക്കാനത്തിന്റെ ബേബീസ് ബ്രെത്ത് എന്ന കഥ മനസ്സിലുണ്ടാക്കിയ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ ഒടുങ്ങണമെങ്കില്‍ ജയന്റെ മീറ്റിങ്ങ് അവസാനിച്ചേ പറ്റു. എന്നാല്‍ തന്നെയും രാസല്‍ ഖൈമ മുതല്‍ ജബെല്‍അലി വരെയുള്ള വ്യാഴാഴ്ച തിരക്ക് പിഴിഞ്ഞെടുത്ത ജയനെ ഏതു പരുവത്തിലായിരിക്കും കിട്ടുക എന്നത് ദുരന്തപര്യവസായിയായിത്തീരാനുള്ള മറ്റൊരു കഥക്കുള്ള തുടക്കമാവാനും മതി.

കഥയുടെ അവശിഷ്ട്ങ്ങള്‍ക്കിടയിലുള്ള ഈ കാത്തിരിപ്പ് ആദ്യമായിട്ടല്ല. ഏതെങ്കിലും ഒരു കഥയുടെ ചിത ഉള്ളിലെരിയിചുകൊണ്ട് പ്രേതത്തെപ്പോലെ പല തവണ ഞാന്‍ ജയനു കതകു തുറന്നു കൊടുത്തിട്ടുണ്ട്. ഒരേ കാല്‍ചങ്ങലയില്‍ ബന്ധിക്കപ്പെട്ട രണ്ടു കുറ്റവാളികളായും ഒരേ നുകത്തില്‍ കെട്ടിയ കാളകളായും ഇണക്കുരുവികളായും ഒക്കെ അറിയപ്പെടുന്ന ദാമ്പത്ത്യാവസ്ഥയില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ചേരുക പരേതരുടെ ഉപമകളാവും. മരണമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരന്തരം. ഒരാള്‍ സ്വന്തം തിരക്കുകളിലും മറ്റെയാള്‍ സ്വന്തം മടുപ്പുകളിലും വീണുമരിചുകൊണ്ടേയിരിക്കുന്നു.പ്രണയത്തിന്റെ മോഹനസാധ്യതകള്‍ക്കൊടുക്കം എവിടെയൊ ഞങ്ങളിലൊരാള്‍ എത്തിപ്പിടിച്ച കച്ചിത്തുന്‍പാണ് കഥ.ഞങ്ങള്‍ക്കിടയിലെ ജീവന്റെ ഏക തുടിപ്പ്.വെള്ളക്കടലാസിലെ കറുത്തചിത്രങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്ന പ്രണയങ്ങള്‍ക്ക് സ്വപ്നങ്ങളിലേക്ക് ഒരു തൂക്കുപാലം പോലെയാണ്, ചിലപ്പോള്‍. അതുകൊണ്ട് എച്ചിക്കാനത്തിനും, സുഭാഷ് ചന്ദ്രനും, പ്രിയ.എ.എസ്, കെ. ആര്‍. മീര തുടങ്ങി ബഷീര്‍, എം.ടി മുതല്‍ കുന്ദേര, കാഫ്ക, മാര്‍ക്വെസ് എന്നുവേണ്ട് ചേതന്‍ ഭഗത്, ഖാലിദ് ഹൊസൈനി വരെയുള്ള എല്ലാ കഥാര്‍ത്ഥികള്‍ക്കും നന്ദി.

രാവിലെ ഏഴരയോടെ ജയനും കുട്ടികളും കാലിയാക്കിയ വീട് മനസ്സിന്റെ ഒരു മൂലയിലേക്ക് തട്ടിമാറ്റി ഞാന്‍ എചിക്കാനത്തിന്റെ കഥയിലേക്കു ചെന്നു വീണതാണ്. ഉച്ചയ്ക്ക് മാഗി നൂടില്‍സിനെ സ്തുതിച്ചു കൊണ്ട് കുട്ടികളുടെ വിശപ്പടക്കി കാര്‍ട്ടൂണിനു മുന്നില്‍ പ്രതിഷ്ഠിച്ച്, ശ്വാസമടക്കി വീണ്ടും കഥയില്‍നിന്ന് കഥയിലേക്ക്, ഉള്‍ക്കഥകളിലേക്ക് …കുട്ടികളെ അവഗണിക്കുന്നതിന്റെ കുറ്റബോധം പോലും മായ്ച്ചു കളയുന്നത്ര ശക്തമായ ഭാവനയുടെ അടിയൊഴുക്കുകളിലേക്ക്…കഥാപാത്രത്തില്‍നിന്നും കഥാകാരനിലേക്കും, കല്‍പ്പനകളില്‍നിന്ന് നിസ്സംഗതയിലേക്കും, പ്രണയത്തില്‍നിന്ന് നിഷേധത്തിലേക്കും, വായനയുടെ കാണക്കയങങളിലേക്ക് ഊഴിയിട്ട് ഞാന് കിതച്ചു. എഴുതാനാവതെ കുമിഞ്ഞുകൂടിക്കിടക്കുന്ന അനുഭവങങളുടെ വിഴുപ്പ് അലക്കുയന്ത്രത്തിനകത്തു കിടന്നു നാറി. രണ്ടു തവണ ജയനെ വിളിച്ച് ഞാനിപ്പൊ ചാവും എന്നു പറയാനാഞ്ഞ് മൊബൈല്‍ തപ്പി. കഥകളുടെ പ്രേതബാധ ആവാഹിച്ചു കളയാന്‍ ഈ മരുഭൂമിയില്‍ ജയനല്ലാതെ എനിക്കു മറ്റാരും ഇല്ലല്ലൊ; പിണക്കണ്ട എന്നുകരുതി.

എന്നാലും എന്റെയും ജയന്റെയും പ്രായമുള്ള ഒരു സാധാ ഗള്‍ഫ് ജീവി…ആ എച്ചിക്കാനം, അയാള്‍ക്കിതെങ്ങനെ സാധിചു? കാറിലിരുന്ന് പാട്ടും കേട്ട്, കുട്ടികളോട് പൊരുതി, ട്രാഫിക്കിനെ ശപിച്ച് നില്‍ക്കുമ്പോള്‍ പലതവണ ഞങ്ങളും കണ്ടിട്ടുണ്ട്, റോഡിനിരുവശവും മരുഭൂമിയെ മോടിപിടിപ്പിക്കാന്‍ പാവം പാക്കിസ്താനികളും മലയാളികളും ചേര്‍ന്ന് നട്ടുപിടിപ്പിച്ചിരിക്കുന്ന കുഞ്ഞിപ്പൂവുകളുടെ പരവതാനി. വയലറ്റു നിറത്തില്‍ വെള്ളപ്പാടുകളുള്ള ബേബീസ് ബ്രെത്തും അക്കൂട്ടതിലുണ്ടോ? അതിനു കുഞ്ഞിന്റെ മുലപ്പാല്‍ മണമാണെന്ന് എച്ചിക്കാനം പറയുന്നു. ഉഷ്ണക്കാറ്റില്‍ തളര്‍ന്ന് ആ കൊടും വെയിലത്തു നിരന്നു നില്‍ക്കുന്നത് മുലപ്പാലിറ്റുന്ന കുഞ്ഞുങ്ങളാണ് എന്നോ…?

പോട്ടെ, ക്ഷമിച്ചേക്കാം…ഭാവനയുടെ വേലിയേറ്റം കൊണ്ട് പറഞ്ഞുപോയതാവാം. പക്ഷെ അതു മാത്രമല്ലല്ലൊ കഥ. അല്ലെങ്കിലും എഴുത്തുകാരനെ എന്തിനു കുറ്റം പറയണം? കൊന്നു കളയണം ഈ കഥാപാത്രങ്ങളെയൊക്കെ! കുന്തമുനകള്‍ പോലെയാണ് അവരുടെ അനുഭവങ്ങള്‍. എല്ലാം ഒരേ രീതിയില്‍ ഉരുക്കി മിനുക്കിയ കൂര്‍ത്ത ലോഹമുനകള്‍. കൊണ്ടു പോറാന്‍ ഉള്ളില്‍ പ്രണയം ബാക്കിയുണ്ടോ…ഒരായിരം എണ്ണം നിങ്ങള്‍ക്കു നേരെ വരാം. ഈ ജയനൊന്നു വന്നിരുന്നെങ്കില്‍…”മുല്ലയ്ക്കല്‍ വേണു”* എന്ന പുതിയ പേരില്‍ ഉള്ളില്‍ തറഞ്ഞു നില്‍ക്കുന്ന ഈ മുനമ്പ് ഒന്ന് വലിച്ചൂരിക്കളയാമയിരുന്നു.

ഒരു കഥാകാരന്റെ ജീവിതം വലിയ ഒരു കോമ്പ്രമൈസായിരിക്കും എന്ന് എന്നൊട് പറഞ്ഞ ഒരു കൂട്ടുകാരിയുണ്ട്. ഒതുക്കി മാറ്റി വയ്ക്കുന്ന ഒരു പ്രേമം പോലെ ഒരു കോമ്പ്രമൈസ്. ഒരു പ്രേമവും ഒതുക്കി വക്കാന്‍ കഴിയാത്ത എന്നെ അവള്‍ “നൊ- കോമ്പ്രമൈസ്” എന്നു വിളിച്ചിരുന്നു. കണ്ണുകളിലൂടെ പടര്‍ന്നു കയറുന്ന തീയാണ് അതെങ്കില്‍ തീര്‍ച്ചയായും അച്ചടി മഷിയിലൂടെയും ചിലപ്പോള്‍ പടരാം. നില്‍ക്ക്ക്കള്ളിയില്ലാതെ വരുമ്പോള്‍ ഓരൊ കഥാകാരനും കോമ്പ്രമൈസിലെത്തും. മനസ്സിലുടക്കി നില്‍ക്കുന്ന നേരും നുണയും അല്ലാത്തതിനെ ഒരു നുണക്കഥക്കുള്ളില്‍ ഒതുക്കിയിട്ട്. എച്ചിക്കാനം ചെയ്തതുപോലെ. ജന്മന കഥാജീവിയും ആത്മന പ്രണയജീവിയും ആയ എന്റെ ത്രിശങ്കുലോകത്ത് കയറിവന്ന ജയന്റെ യാഥാര്‍ഥ്യ ബോധം എന്നൊട് കയര്‍ത്തിട്ടുണ്ട്. “ ആര്‍ക്കാ ഇതുകൊണ്ട് പ്രയോജനം?” സത്യത്തില് ആര്‍ക്കുമില്ല. എഴുതിവച്ച കഥയില്‍ നിന്ന് ഇറങ്ങി ഓടുന്ന് കഥാകാരനോ, കയറിവന്ന കഥയില്‍ ശ്വാസമ്മുട്ടുന്ന് കഥാപാത്രത്തിനോ, കഥയ്ക്കുശേഷം പകയ്ക്കുന്ന വായനക്കരനോ…ആര്‍ക്കുമില്ല ഒന്നും. അതുകൊണ്ടാണ് ഞാന്‍ എന്റെ ഇല്ലാ കഥകളെ ഗര്‍ഭഛിദ്രം ചെയ്തു കളയുന്നത് എന്നു പറഞ്ഞാല്‍ ജയന്‍ സ്വതസിദ്ധമായ ശൈലിയില്‍ ചുണ്ടുകോട്ടും. അനുവാദത്തിനു പൊലും കാക്കതെ ഉള്ളിലെക്ക് കയറിവരുന്നവരെയൊക്കെ കഥാപത്രങ്ങളാക്കി നഷ്ടപ്പെടുത്താന്‍ കഴിയാത്തതിന്റെ വേദന ആര്‍ക്കു മനസ്സിലാവാന്‍? ഇപ്പൊ അതിനു നേരെയാണ് ആ എച്ചിക്കാനം…ദുഷ്ടന്‍… തുരങ്കം വയ്ച്ചിരിക്കുന്നത്.

ഉദയന്‍ ഒരു ചെറുകഥയായി ഒടുങ്ങിയത് എച്ചിക്കാനത്തിന്റെ കഥയിലെ ഒരു അപ്രധാന ഷോട്ടിലാണ്. സര്‍വ്വവ്യാപിയായ കഥാകരന്‍ എത്തിനൊക്കാന്‍ മറന്നുപോയ ആ ഷോട്ടില്‍ മുല്ലയ്ക്കല്‍ വേണുവിന്റെ പേര് ഉദയന്‍. ജുലായിലെ കത്തുന്ന് ചൂടില്‍ മണലാരണ്യത്തിനു നടുവില്‍ കോണ്‍ക്രീറ്റ് മരുപ്പച്ച പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഫ്ലാറ്റ് സമുചയത്തിലൊന്നില്‍ ഞങളുടെ കൂടാരത്തിന്റെ വാതില്‍ക്കല്‍ എന്റെ ഉച്ചമയക്കത്തെ ഞെട്ടിച്ച് വന്നു നിന്ന ദുരന്തനായകന്‍. നീല ഓവറോളില്‍ ഒരു കറുത്ത രൂപം നിന്ന് വിയര്‍ക്കുന്നതു കണ്ട് വല്ല മേയ്ന്റ്നന്‍സ് തൊഴിലാളിയുമാവും എന്നു കരുതിയാണ് ഞാന്‍ വാതില്‍ മുഴുവന്‍ തുറക്കാഞ്ഞത്. കഥാകാരനു തൊന്നിയതു പോലെ മുഖം തിരിച്ചു എന്നതും നേര്. ഉണങ്ങിവരണ്ടു കിടക്കുന്ന ഉള്‍ക്കാട് തീ പിടിക്കാന്‍ എത്രക്കു തീപ്പൊരി വേണം? കറുത്തു മെലിഞ്ഞ് മുപ്പതിനപ്പുറം പ്രായം തോന്നിക്കുന്ന ഒരു ഗള്‍ഫ് കൂലിക്കാരന്റെ പറഞ്ഞു പഴകിയ സങ്കടങ്ങള്‍ ധാരാളം…നാട്ടില്‍ അവന്റെ ജീവിതം അസ്തിവാരമാക്കി കെട്ടിയുയറ്ത്തുന്ന വീട്, അവന്റെ വിയര്‍പ്പുരുക്കിയ പണ്ടങ്ങളണിഞ്ഞ് തലകുനിച്ചിരിക്കുന്ന് പെങങമ്മാര്‍, അവന്‍ ബാക്കിവച്ചുപോയ പ്രണയം വരെ എത്തിയപ്പൊ എന്റെ പിണങ്ങിതുടങ്ങിയ മനക്കണ്ണാടിയെ ഞാന്‍ നേരിനു നേരെ തിരിച്ചിരുത്തി. അപ്പോഴാണ് “ജയനില്ലെ?” എന്ന മുരടനക്കം കേട്ടത്.
“…എന്നെ പറ്റി അവന്‍ പറഞ്ഞു കാണും. ഉദയന്‍. പണ്ട് ഒന്നിച്ചു പഠിച്ചതാ…”
ജയന്റെ പന്തീരായിരത്തെട്ട് സുഹ്രുത്തുക്കളുടെയും പേര് അപ്പോള്‍ ചികഞ്ഞു നോക്കാന്‍ പറ്റില്ല്ല്ലല്ലോ. അതുകൊണ്ട് ഉത്തരം ഉവ്വെന്നും ഇല്ലെന്നും അല്ലാത്ത ഒരു നരച്ച ചിരിയിലൊതുക്കി. ജയനില്ലാത്തതുകൊണ്ട് ഉള്ളിലേക്കു ക്ഷണിക്കണോ എന്ന് രണ്ടാമത് ആലോചിക്കും മുന്‍പ് ആറു വയസ്സുകാരി അമ്മു കാര്‍ട്ടൂണ്‍ മടുത്ത് പുറകില്‍ ചുറ്റിക്കൂടി. ഒരു ശരാശരി മനുഷ്യപ്രേമി ഒരു പെണ്ണായും പിന്നെ അമ്മയായും ചുരുങ്ങിത്തുടങ്ങി. ഇതിനിടെ മോളെ കണ്ട് മുന്നിലെ കരിരൂപത്തിന്റെ കണ്ണില് തങ്കത്തിളക്കം. കയ്യെത്തിച്ച് പുറകില്‍ നിന്ന് അവളെ അയാള്‍ വലിച്ചു ചേറ്ത്തു പിടിച്ചപ്പൊള്‍ എന്റെ നെഞ്ജു തുണ്ടയില്‍ കുരുക്കി.നാട്ടിലേക്കാളും പതിന്മടങ്ങ് സുരക്ഷിതം എന്നു തീര്‍ച്ചയുണ്ടെങ്കില്‍പ്പോലും, ഗള്ഫ് ന്യൂസിന്റെ ഉള്‍പ്പേജുകളിലെ കേള്‍ക്കാന്‍ കൊള്ളാത്ത വാറ്ത്തകള്‍ തികട്ടി വരാന്‍ തുടങ്ങി. ഈ നട്ടുച്ച നേരത്ത് അയാള്‍ക്കു വല്ല ഏറണക്കേടും തോന്നിയാല്‍ ഞാനും അവളും ഒരു നിലവിളിയായി ഒതുങ്ങാനും മതി…
“ജയനിന്ന് ഉച്ചക്ക് ഉണ്ണാന്‍ വരില്ല “ എന്ന് പെട്ടന്ന് പറഞ്ഞ് വാതില്‍ അയാളുടെ മുഖത്തേക്കു വലിചചടച്ചത് അതുകൊണ്ടാണ്. വല്ലാത്തൊരു അങ്കലാപ്പോടെ മോളേം വലിച്ച് ടി.വിക്കു മുന്‍പില്‍ ഇരുന്ന് ധ്യാനിച്ചു കുറച്ചുനേരം. അയാള്‍ പോയൊ എന്ന് ഉറപ്പു വരുത്താന്‍ കുറച്ചു കഴിഞ്ഞ് കതക് ഒരു പാളി തുറന്നു നോക്കിയപ്പോള്‍ എന്റെ ഉള്ളിലെ അപ്പര്‍ ക്ലാസ് ആധികള്‍ക്കു മീതെ ഒരു ട്ടൈം ബോംബായി അതവിടെ കിടന്നിരുന്നു; വര്‍ണ്ണക്കടലാസില്‍ പ്പൊതിഞ്ഞ ഒരു പായ്ക്ക്റ്റ് ചോക്ലേറ്റ്.

കഥ അവിടെ തീര്‍ന്നില്ലായിരുന്നു കഥാകാരാ..രാത്രി വൈകി ജയനോട് കുമ്പസരിക്കുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ട മറ്റ് അനേകം കഥാപാത്രങങള്‍ക്കൊപ്പം അനുകമ്പയുള്ള ഒരു പെണ്മനസ്സ് കുറ്റബോധത്തീയില്‍ വെന്തു. കഥയുടെ നെരിപ്പോട് കഥാര്‍ത്ഥിക്കുള്ളില്‍ നീറി. പ്രേമിക്കുന്ന മറ്റനേകം ദുരന്തനായകരോടൊപ്പം ഒരു കറുത്ത മുഖം കൂടി കൂരമ്പായി നെഞ്ജില്‍ തറഞ്ഞു. “അവനോട് എന്തെങ്കിലും ചോദിക്കാമയിരുന്നില്ലെ“ എന്ന ജയന്റെ ചൊദ്യത്തിനു മുന്‍പില്‍ ഒരു പാവം സങ്കല്പജീവി നിന്നു പരുങ്ങി.
“…ഉദയനെ നിനക്കോര്‍മ്മയില്ലെ? പ്രീഡിഗ്രി വരെ എന്റെ കൂടെ പഠിച്ച് പിന്നെ ഗള്‍ഫിലേക്കു ചാടിയ കക്ഷി. അവന്‍ ദുബായില്‍ ഏതൊ കണ്‍സ്റ്റ്ര്ക്ഷന്‍ കമ്പനിയില്‍ മെക്കാനിക്കാണെന്നു ഇത്തവണ പോയപ്പൊ മുരളി പറഞ്ഞു. അവന്റെ നമ്പറന്വേഷിച്ചു നടക്ക്വാ ഞാന്‍. വലിയ സ്വാഭിമാനിയാ... എന്നെ കാണാന്‍ മടിയായിട്ട് മുങ്ങി നടക്ക്വാ അവന്‍. അവനെങനെ ഇവിടെ വന്നു പൊന്തി? “

അരികില്‍ ഞാന്‍ ജഢാവസ്ഥയിലാണെന്നറിഞ്ഞാവണം ജയന്‍ നിര്‍ത്തി എന്റെ നേരെ തിരിഞ്ഞത്. അരണ്ട വെളിച്ചത്തില്‍ എന്റെ കണ്ണു നിറഞ്ഞു കണ്ടിട്ടാവണം ഉറക്കെ പൊട്ടിചിരിക്കാന് തുടങ്ങിയത്.
“ഓ...കഥകാരി അവനെ ദുരന്തനായകനാക്കിക്കരഞ്ഞു തുടങ്ങിയൊ? നമുക്കവനെ കണ്ടുപിടിച്ച് ഒന്നു ട്രീറ്റാം. അപ്പൊ തീരില്ലെ നിന്റെ സങ്കടം? അതൊ ഇനി നായകനാക്കിയെത്തീരൂന്നാണെങ്കില്‍ ഞാന്‍ വില്ലന്റെ റോള്‍ ചെയ്യണോ ആവൊ..?”

നിന്നെ വില്ലനാക്കിയ കഥയാണ് ജയാ...ആ എച്ചിക്കാനം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. നിന്നെപ്പോലെ, നമ്മളെപ്പൊലെ ആ ദീപനും* കൂട്ടുകാരനെ മറന്നു. വീടിന്റെ ശീതീകരിച്ച തണുപ്പിലേക്ക് ഒതുങ്ങിയിരുന്നു. പുറത്തെ കത്തുന്ന വെയിലില്‍ എവിടെയോ വേവുന്ന ഉദയനെ നമ്മളും പിന്നെ ഓര്‍ത്തില്ലല്ലൊ.

*സന്തോഷ് എച്ചിക്കാനം എഴുതിയ “ബേബീസ് ബ്രെത്ത്” എന്ന കഥയിലെ കഥാപത്രങ്ങള്‍.

14 comments:

വല്യമ്മായി said...

കഥ മുമ്പ് വായിച്ചത് കൊണ്ട് ആസ്വദിക്കാന്‍ പറ്റി.ഇനീയും ഇത്തരം പങ്ക് വെക്കലുകള്‍ പ്രതീക്ഷിക്കുന്നു.

വാണി said...

മനസ്സില്‍ തിങ്ങിയ ഒരു കഥയാണ് 'ബേബീസ് ബ്രെത്ത്'. നന്നായിരിക്കുന്നു 'കഥയ്ക്കു ശേഷ'വും.

പ്രിയംവദ-priyamvada said...

Njann vayichchittilla....vayichathine pati ellam ezhuthoo, patmenkil.. aaSasakal

Anonymous said...

വായനക്കുറിപ്പും മറ്റൊരു കഥയോളം തീക്ഷ്ണമാകുന്നു. എഴുത്തുകാരന്റെ ഭാഗ്യം. :)

വേണു venu said...

കഥയുടെ അവലോകനം മറ്റൊരു കഥ പോലെ തോന്നി.അതിനാല്‍ തന്നെ മുഴുകെ വായിച്ചു.
പാരഗ്രാഫു തിരിച്ചെഴുതീയിരുന്നെങ്കില്‍ എന്ന് തോന്നിച്ചു.:)

സിമി said...

കഥവായിച്ചില്ല. ആസ്വാദനം തന്നെ ഇത്രയും കിടിലം. അപ്പൊ കഥ എന്തായിരിക്കും.

sree said...

കഥ വായിച്ചവര്‍ക്കും വായിക്കാതെ പോയവര്‍ക്കും നന്ദി. അതായത് ഇതു കഥയായി വായിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും നന്ദി. അതായത് ഇതു കഥയായൊ, വായനയായോ, ആസ്വാദനമായൊ ഒക്കെ ആയി വായിച്ചവര്‍ക്കു നന്ദി എന്ന്...ഹൊ ഇതെന്തൊരു കഥ!
വല്യമ്മായി, വാണി, പ്രിയംവദ : ഇതു കഥ തന്നെ ട്ടൊ.
ഗുപ്തന്‍, വേണു, സിമി : ഇതു കഥയല്ലാ ട്ടൊ.

raj neettiyath said...

നെറയെ കഥ!

Inji Pennu said...

Wow!

Reshma said...

“ഒരു ശരാശരി മനുഷ്യപ്രേമി ഒരു പെണ്ണായും പിന്നെ അമ്മയായും ചുരുങ്ങിത്തുടങ്ങി.“
ഉം.കഥകള്‍ നിറഞ്ഞ കഥയില്ലായ്മ തലക്ക് കേറി.

sree said...

ഇവിടെ ആരെങ്കിലും ഒക്കെ വന്നു പോവുന്നല്ലൊ..സന്തോഷം! കഥകള്‍ വായിച്ചുകൂട്ടി ഒരു കഥ എഴുതിപ്പോയത് പാതകമായോ എന്നു കരുതി ഇരിക്കായിരുന്നു. അതും മലയാളത്തില്‍! ക്ഷമിക്കാനും പോറുക്കാനും ഇത്രേം പേരുണ്ട് എന്നതു തന്നെ വലിയ ആശ്വാസം.
നന്ദി raj, inji.
reshma, എനിക്കു പറയാനുണ്ടായിരുന്ന വലിയ ഒരു point ആയിരുന്നു അത്. ഒരു വ്യക്തി ചില identities ലേക്കു ചുരുങ്ങിപ്പോവുന്ന അവസ്ഥ.ഒരു കഥ ഒരു വശം മാത്രമെ പലപ്പോഴും കാണുന്നുള്ളു എന്ന കാര്യം കഥകള്‍ മനസ്സില്‍ തട്ടി വിങ്ങി നടക്കുമ്പോഴും തോന്നാറുള്ളതാണ്. ഇതേ ട്രാക്കില്‍ ഇനിയും ചില ആശയങ്ങള്‍ കിടപ്പുണ്ട്, ചര്‍വ്വിതചര്‍വ്വണം വേണ്ടാ എന്നു തോന്നീട്ടാ എഴുതാത്തെ. ഇനി നിങ്ങളൊക്കെക്കൂടെ എന്നെ പണിയെടുപ്പിക്കുമല്ലോ ഈശ്വരാ...

Anonymous said...

ഒരു മെയില്‍ അയക്കുമോ പ്ലീസ്,
thulasi79@gmail.com

sree said...

തുളസിക്കു നന്ദി. സന്തോഷ് എച്ചിക്കാനം കഥ വായിച്ച് കുറ്റവിമുക്തയാക്കി എന്നെ! മറ്റൊരാളുടെ കഥയില്‍ കയറി മേയുന്ന കാലികളേ എഴുത്തുകാരി നിര്‍മ്മല ഒരു പേരിട്ടു വിളിച്ചതിനു ശേഷം വല്ലാത്ത വൈക്ലബ്യോമായി നടക്കായിരുന്നു ഞാന്‍. അതു മാറി കിട്ടി! മറ്റൊരു കഥയിലൂടെ വിമര്‍ശിക്കുന്ന ഏര്‍പ്പാട് എല്ലാര്‍ക്കും പിടികിട്ടീലോ?

റീനി said...

ശ്രീ, ഇപ്പോഴാണ്‌ പോസ്റ്റ്‌ കാണുന്നത്‌. ഈ കഥ വായിച്ചിട്ടില്ല. വായിക്കുവാന്‍ ഒരാഗ്രഹം. ഒരു മെയില്‍ അയക്കുമോ, പ്ലീസ്‌.

reenit അറ്റ്‌ ജീമെയില്‍.കോം

Post a Comment