Sunday, February 24, 2008

വീണ്ടും ഒരു പ്രണയ കഥ

വല്ലാത്തൊരു ഈര്‍ഷ്യയാ എനിക്കീ കൊച്ചുങ്ങളെ കാണുമ്പോ. ഇവറ്റകളൊക്കെ പഠിക്കാനൊ കോളെജില്‍ വരുന്നത്, അതോ പ്രേമിക്കാനൊ? വരാന്ത, ലൈബ്രറി, മരത്തണല്‍, സ്റ്റേയര്‍കേസ്, എന്നു വേണ്ട ക്ലാസ്സ് റൂമില്‍ വരെ ഇരുന്ന് സൊള്ളിക്കോളും. നാണമില്ലെ ഇവറ്റകള്‍ക്ക്. കണ്ണില്‍ കണ്ണില്‍ നോക്കലും, ചിരിച്ചും ചിരിപ്പിച്ചും മയങ്ങലും, ഇടക്കിടെ തലയിലൊ നെറ്റിയിലോ ചുമലിലോ ഇല്ലാത്ത ഉറുമ്പോ പൊടിയോ തട്ടിക്കളയലും...ഇവര്‍ക്കിതൊക്കെ ആരും കാണാത്തിടത്തിരുന്നായിക്കൂടെ? അതെങ്ങനാ നാട്ടുകാരെ കാണിക്കുക എന്നുള്ളതാണല്ലൊ പ്രധാന ഉദ്ദേശം. എനിക്കു പ്രേമിക്കാനാളുണ്ടേ എന്ന് കൂകി വിളിച്ച് നടക്കണം അത്രേ ഉള്ളു. ഇന്ന് ഇതൊക്കെ തോന്നാന്‍ കാരണം രണ്ടെണ്ണത്തിനെ ക്ലാസീന്ന് പിടിച്ച് പുറത്താക്കിയതാ. അവസാനത്തെ അവ്വര്‍ ആയതു കൊണ്ട് ഗുണദോഷിക്കാന്‍ എടുത്ത പത്തു മിനിറ്റു കാരണം മാരത്തഹള്ളിയിലേക്ക് നേരിട്ടുള്ള് ബസ്സും പോയി. ഇനി ബാംഗ്ലൂര്‍ നഗരത്തിന്റെ താണ്ഡവം മുഴുവന്‍ കണ്ട് സിറ്റി ചുറ്റി മൂന്നു ബസു കേറി വീട്ടിലെത്തുമ്പോള്‍ മണി ഏഴാവും. നാളെയാണെങ്കില്‍ മെയിന്‍കാര്‍ക്ക് സ്കാര്‍ലെറ്റ് ലെറ്റര്‍ എടുത്തു തുടങ്ങണം. ഈ ജാമ്പവാന്റെ കാലത്തെ പ്രണയകഥയൊക്കെ ഈ പ്രേമ-ട്ടെക്കികളെ എന്തിനാണാവൊ പഠിപ്പിക്കുന്നത്? പ്രേമത്തിന്റെ അടയാളം പാപത്തിന്റെ ചിഹ്നമായി കൊണ്ടു നടക്കുന്ന ഹെസ്റ്ററിന്റെ കഥ തുടങ്ങിയപ്പോള്‍ തന്നെ, കഴിഞ്ഞ സെമെസ്റ്ററില്‍ പോണിട്ടെയില്‍ കെട്ടിയ ഒരുത്തന്‍ കൈ പൊക്കി ചോദിച്ചു "why caant she use multicolour paints for that mark on her baady?" ന്യുയോര്‍ക്കില്‍ ഭീകരാക്രമണമുണ്ടായപ്പൊ അവിടന്ന് മൂടും പറിച്ചോണ്ടു വന്നതാ അവന്റെ തന്ത. US ബ്രാന്റ് മകനെ ഒടുക്കം ഉദ്യാനനഗരിയിലെ മുന്തിയ കോളെജില്‍ ചേര്‍ത്തും വച്ചു. സാഹിത്യവാസന തൊട്ടു തീണ്ടിയിട്ടില്ലാത്ത അവനെയൊക്കെ ഹെസ്റ്റെറിന്റെ ധര്‍മ്മസങ്കടം പഠിപ്പിക്കണ്ട എന്റെയൊരു കര്‍മ്മഫലം!

ബസ്സു മേയൊ ഹാളിനു മുന്നില്‍ നിര്‍ത്തിയതറിഞ്ഞില്ല. ഇവിടെ ഇറങ്ങി വേണം എയര്‍പ്പൊട്ട് റോഡിനു വേറെ ബസ് പിടിക്കാന്‍. തിരക്കിട്ട് റോഡ് മുറിച്ചു കടക്കുമ്പോളും ആ പെങ്കൊചിന്റെ മുഖമായിരുന്നു മനസ്സില്‍. കാമുകന്റെ ഒപ്പം ക്ലാസിലിരുന്ന് സൊള്ളിയതിന് പുറത്താക്കിയത് ഏതാണ്ട് അംഗീകാരം പോലെയാണെന്നു തോന്നി അതിന്. ചെറുക്കന്റെ കയ്യിലും ഷര്‍ട്ടിന്റെ തുമ്പിലും വരഞ്ഞു കളിച്ചോണ്ട് എന്നെ നൊക്കി നീ പോടി കുശുമ്പീ എന്ന മട്ടിലൊരു നില്‍പ്പും ഭാവവും. ബാക്കിയുള്ളവരൊന്നും പ്രേമിച്ചിട്ടില്ലാത്ത പോലെ. കാണുന്നവരെ മുഴുവനും പ്രേമിച്ച കാലമുണ്ടായിരുന്നു. അതു പിന്നെ പറയാതെ പറഞ്ഞും, അറിയാതെ അറിഞ്ഞും ഒക്കെ ഇങ്ങനെ ഉള്ളില്‍.. ഒരു മിഠായി കഷ്ണം നുണയുന്ന പോലെ കൊണ്ടു നടക്കാനുള്ളതായിരുന്നില്ലെ. ഇതുപോലെ ഫാസ്റ്റ് ഫൂഡ് പോലെ വലിച്ചുവാരി തിന്നാനാണൊ?

നീലനിറത്തിലുള്ള കര്‍ണ്ണാടകാ ട്രാന്‍സ്പോട്ട് ബസ്സിനെ മാത്രം ഉന്നം വെച്ചു നില്‍ക്കുന്നതു കൊണ്ട് മറ്റോരു വാഹനവും കണ്ണില്‍പ്പെടാറില്ല. അല്ലെങ്കില്‍ തന്നെ ഈ നിരത്തിലോടുന്ന കാറുകള്‍ക്കൊക്കെ പേരിലല്ലാതെ വേറെ എന്തു മാറ്റം. പക്ഷെ സ്റ്റൊപ്പിന് ഒരു വാര അകലെ നിര്‍ത്തിയത് അരുളിന്റെ കാര്‍ ആണെന്ന് മനസ്സിലായി. അരുള്‍ തോമസ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഭിമാന സ്തംഭം. പുലിക്കുട്ടി. കുട്ടികളുടെ തോളില്‍ കയ്യിട്ട് നടക്കുന്ന അവരുടെ ആരാധനാപാത്രം. ബുദ്ധിമാന്‍. സ്വതന്ത്രന്‍. എലിജിബിള്‍ ബാചെലര്‍. സുന്ദരന്‍. സുമുഖന്‍. ഓ വരുന്നുണ്ട്. കാറിലേക്ക് ക്ഷണിക്കാനാവും. ലിഫ്റ്റ് ചോദിക്കാനാവും. എവിടെ വരെ കൊണ്ടു പോവും ആവൊ?
“hello sujatha, shall I offer you a lift?"
കക്ഷിയുടെ ഒരേയൊരു പ്രശ്നം ഉച്ഛാരണം ആണ്. ശുദ്ധ തമിഴ് ആക്സെന്റ്. എന്റേതു ഭേദമാണെന്നു തോന്നും. പക്ഷെ ക്ലാസ്സ് കിടിലം ആണെന്ന് പിള്ളേര്‍ സെര്‍ട്ടിഫിക്കറ്റു കൊടുത്തിട്ടുണ്ട്. പിന്നെന്തു വേണം? മര്യാദപൂര്‍വ്വം ലിഫ്റ്റ് നിരസ്സിച്ചതിനു ശേഷം നിര്‍ബന്ധിക്കാന്‍ അനുവദിച്ച് കാറിലേക്ക് നീങ്ങി. അയാള്‍ ഡൊമ്ലൂര്‍ക്കാണത്രെ. പകുതി ദൂരം ബസ് പിടിക്കാതെ കഴിഞ്ഞൂലൊ. കാറിനുള്ളില്‍ ജഗ്ജീത് സിങ്ങിന്റെ ഗസല്‍. സിഗരെറ്റിന്റെം മസ്ക് പെര്‍ഫയൂമിന്റെം മണം. മുന്‍ വശത്തെ സീറ്റില്‍ കിടന്നിരുന്ന ഡേവിഡ് ലോഡ്ജിന്റെ തടിയന്‍ കൊന്റ്റെമ്പൊററി തിയറി അയാള്‍ എനിക്കു വേണ്ടി പുറകിലെക്ക് വലിച്ചെറിഞ്ഞു. കാര്‍ ഓടിത്തുടങ്ങിയപ്പൊള്‍ എന്നോട് എപ്പൊഴത്തെയും പോലെ തമിഴില്‍ പാട്ടിനെ പറ്റി പറഞ്ഞു തുടങ്ങി.സേലത്തുകാരനാണ്. അച്ഛനു കച്ചവടമാണ്. അമ്മയ്ക്കു കാന്‍സറാണ്. പെങ്ങള്‍ക്കു കല്യാണമാണ്. ഇത്രയുമൊക്കെ ഡിപ്പാര്‍റ്റ്മെന്റ്റിലെ കലപിലയില്‍നിന്ന് കിട്ടിയിട്ടുണ്ട്.ഇനിയെന്താണവൊ ഇയാള്‍ ഡൊമ്ലൂര്‍ വരെ പറയുക? അതോ ഇനി ഒന്നും പറയില്ലെ? പത്തു മിനിറ്റ് രണ്ടു പേര്‍ ഒന്നും മിണ്ടാതിരുന്നാല്‍ സാധാരണ ഗതിയില്‍ ഒന്നും സംഭവിക്കില്ല. എന്നാല്‍ കല്യാണം കഴിഞ്ഞ് നാട്ടീന്ന് പോന്നശെഷം, കെട്ടിയവനും വീട്ടിലെ പ്രാരാബ്ധവും മാത്രം ലാക്കാക്കി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പാവം പെണ്ണിനെ എന്തെങ്കിലും പറഞ്ഞ് പത്തു മിനിറ്റ് പിടിച്ചിരുത്തേണ്ടി വരുന്നത് ഇയാള്‍ക്കൊരു വെല്ലുവിളിയാവുമല്ലൊ.
"yours was an arranged marraige?"
പെട്ടന്നിപ്പൊ ഇതു ചോദിക്കാന്‍ എന്തേ കാര്യം എന്ന് മിഴിച്ചിരിക്കാതെ അതെ എന്ന് പുല്ലു പോലെ ഉത്തരം പറഞ്ഞു. ലോകത്ത് അങ്ങനെയല്ലാതെ ഒരു വിവാഹവും നടന്നതായിട്ട് അറിവേയില്ല എന്ന മട്ടില്‍. താന്‍ പ്രേമിച്ചായിരിക്കും കെട്ടിയത് എന്നു കരുതി എന്ന് അയാള്‍ ആ‍ത്മഗതം പറഞ്ഞപ്പോള്‍ ഒന്നു ഞെട്ടി. ദൈവമേ ഇനി ഞാന്‍ കീറ്റ്സ് പഠിപ്പിക്കുമ്പോള്‍ ഉദാത്ത പ്രേമത്തെക്കുറിച്ച് വിളമ്പിയതൊക്കെ പിള്ളേരെങ്ങാനും ഇയാള്‍ക്ക് ചോര്‍ത്തിക്കൊടുത്തൊ? അല്ലെങ്കിലും സാഹിത്യം പഠിപ്പിക്കുന്നവരൊക്കെ പ്രേമിച്ചു തന്നെ കല്യാണം കഴിച്ചോളണം എന്ന് നിയമമൊന്നും ഇല്ലല്ലൊ.

ജഗ്ജീത് സിങ്ങ് പാടിത്തീര്‍ന്നപ്പോള്‍ അയാള്‍ ഗുലാം അലി എടുത്തിട്ടു. “ഞാന്‍ വിളിച്ചതു കൊണ്ട്, ഉച്ചവെയിലില്‍ നീ നഗ്നപാദയായി ഓടി വന്നതോര്‍ക്കുന്നു..” ട്രാഫിക് ബ്ലോക്ക് ആണ്. ട്രിനിറ്റിക്കു മുന്‍പില്‍. മുന്നിലേ ബാഗ്ലുര്‍ നഗരപാലികെ യുടെ ട്രക്ക് വല്ലാതെ പുകതുപ്പുന്നതു കണ്ട് അരുള്‍ പെട്ടന്ന് വിന്റൊ ഗ്ലാസ് ഉയര്‍ത്തി. ഞാനും. കാറിലെ എ.സി കുളിങ്ങ് കുറവാണെന്നു പറഞ്ഞപ്പൊള്‍ സഹതപിച്ചു ചിരിച്ചു. അരുളിനെ മോഹിക്കുന്ന കാമ്പസ്സിലെ തരുണിമാര്‍ ഇങ്ങനെ ഒരു യാത്ര തരപ്പെട്ടു കിട്ടാന്‍ എങ്ങിനെയെല്ലാം പരിശ്രമിക്കുന്നുണ്ടാവാം എന്ന് അറിയാതെ ഓര്‍ത്തപ്പോള്‍, വിലക്കപ്പെട്ട ഐസ് ക്രീം നുണയുന്ന കുട്ടിയുടെ പരുവമായി എന്റെ മനസ്സ്.

ഇളം തവിട്ടു നിറത്തില്‍ സ്ലാക്സ് ഷര്‍ട്ടും കടും നീല ജീന്‍സും ഇയാള്‍ക്ക് നല്ല ചേര്‍ച്ച. കറുത്തിട്ടാണെങ്കിലും ഐശ്വര്യമുള്ള മുഖം.വാച്ച് കെട്ടിയിട്ടില്ല.വലത്തെ കയ്യില്‍ എന്തൊ ഒരു ബാന്റ്, പിന്നെ ഒരു കറുത്ത ചരടും. അറിഞ്ഞിടത്തോളം കക്ഷി നിരീശ്വരവാദി. കിട്ടിയ അവസരത്തിന് ചരടു ജപിച്ചിരിക്കുന്നതെന്തിനെന്ന് ചോദിച്ചപ്പോള്‍, അതൊക്കെ അമ്മയുടെ ഓരോ വിശ്വാസങ്ങളെന്ന് ഉത്തരം. സ്നേഹമുള്ള മകന്‍. ട്രിനിറ്റിയിലെ ട്രാഫിക് ബ്ലോക്ക് തീര്‍ന്നപ്പോള്‍ മുന്നിലെ വാഹനങ്ങളെ വിദഗ്ദമായി വെട്ടിച്ച് നിമിഷം കൊണ്ട് കന്റോണ്മെന്റ് ഹൊസ്പിറ്റല്‍ എത്തി. നല്ല ഡ്രൈവിങ്ങ്. യെഹ് ദില്‍ യെഹ് പാഗല്‍ ദില്‍ മെരാ കര്‍ത്താ ഹെ ക്യും ആവാര്‍ഗി എന്നു ഗുലാം അലി. ഗ്ലാസ്സു താഴ്ത്തി ജാലകക്കാഴ്ച്ചകളിലേക്ക് തിരിഞ്ഞിരുന്നു. മനസ്സിന്റെ കടിഞ്ഞാണ്‍ പൊട്ടി. ഇനിയത് കണ്ടിടത്തൊക്കെ മേയാന്‍ തുടങ്ങും. ആദ്യം ഓടിച്ചെല്ലുന്നത് പഴയ ഒരു കാമ്പസ്സിലേക്ക്, തകര്‍ത്തു പെയ്യുന്ന മഴയിലേക്ക്, ക്ലോക്ക് റ്റവ്വറിനു മുകളിലെ ഇടുങ്ങിയ മുറിയിലേക്ക്
“തൊട്ടിട്ടുള്ള കളി മാത്രം വേണ്ടാ...മാറിയിരുന്നൊ. ഇല്ലെങ്കില്‍ ഞാന്‍ വിളിച്ചു കൂവും.”
“നീയല്ലെ പറഞ്ഞത് ജീവിത കാലം മുഴുവന്‍ എന്നെ പ്രേമിച്ചോളാം ന്ന്..”
“എപ്പൊ പറഞ്ഞു?”
“ദാ..ഇപ്പൊ”
“പ്രേമിക്കാം... പക്ഷെ തൊടരുത്.”
“തൊടാതെ എന്തോന്നു പ്രേമം?”
“അങിനെ പ്രേമിച്ചാല്‍ മതി...ദെ ചെക്കാ..പറഞ്ഞതു കേട്ടോ..ഇല്ലെങ്കില്‍ കളി കാര്യാവും...ഞാന്‍ മിണ്ടില്ലാ പിന്നെ.മിണ്ടില്ലാ. ഒരിക്കലും മിണ്ടില്ലാ..മിണ്ടില്ല.”

ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍ക്കൊപ്പം, കുറേ കുപ്പിവള തുണ്ടുകള്‍, കുറേയേറെ സ്നേഹം, കുറെയേറെ ഭയം ഒക്കെ നീര്‍ച്ചാലുണ്ടാക്കിയ വഴിയെ ഒലിച്ചു പൊയി. കൊച്ചുജനാലപ്പഴുതിലൂടെ, തോളിലമര്‍ന്ന നനുത്ത കവിളുകള്‍ക്കപ്പുറം ദൂരെ ഒരു ബാന്റ് മേളം. മഴയുടെ ഇരമ്പലില്‍ അത് ഇല്ലാതാവുന്നത് കേട്ടു. പിന്നെ തന്റെ നേരെ അമ്പരപ്പോടെ ഉയര്‍ന്നുവന്ന കണ്ണുകളില്‍ എന്താണ് എന്നു വായിച്ചെടുക്കാനാവതെ പകച്ചു നിന്നത് ഓര്‍മ്മയുണ്ട്. ഒരു നിമിഷം. പൊള്ളുന്ന ഒരക്ഷരം രണ്ടു മാറില്‍ പതിഞ്ഞു കഴിഞ്ഞു.
“അവര്‍ക്കു മുന്‍പില്‍ ഒരു ലോകമുണ്ടായിരുന്നു
കൈകോര്‍ത്തു പിടിച്ച് ദിശയറിയാത്ത വഴികളിലൂടെ,അവര്‍ ഏദനില്‍ നിന്നും പുറത്തേക്ക്.”
അരുള്‍ കാര്‍ കെമ്പ് ഫോര്‍ട്ടിനു മുന്നില്‍ ഇടവഴിയിലേക്ക് തിരിച്ചു നിര്‍ത്തി. “you are an unusually quiet person, sujatha." കണ്ണടക്കുള്ളില്‍ ചെമ്പന്‍ കണ്ണില്‍ മിന്നിമറയുന്ന പരിചയമുള്ള ഒരു ഭാവം. പുറകിലെ ബെഞ്ചില്‍ കൂട്ടുകാരിയെ നൊക്കി ചിരിക്കുന്ന അലവലാതി ചെറുക്കന്റെ ഭാവം. പാവം തോന്നി.

13 comments:

Anonymous said...

പ്രണയത്തിന്റെ ഇരുണ്ട ഭാവങ്ങളില്‍ ഉള്ളുകുരുങ്ങിപ്പോയ ഒരാള്‍ ഇപ്പോഴും സാഹസികമാ‍വുന്ന സംഗീതസാന്ദ്രമാവുന്ന ആര്‍ദ്രഭാവങ്ങളിലൂടെ നടത്തുന്ന നിര്‍മമയായ യാത്ര. അണ്‍‌യൂഷ്വല്ലി ക്വയറ്റ്! രണ്ടുലോകങ്ങള്‍ക്കും ഒരു പോലെ മിഴിവ്.

നല്ല എഴുത്ത് ശ്രീ. കഥവായനയില്‍ നിന്ന് കഥയെഴുത്തിലേക്കുള്ള ചുവടുമാറ്റത്തിന് നല്ല വേഗം.

ഹരിത് said...

ഇഷടപ്പെട്ടു

സിമി said...

കെമ്പ് ഫോര്‍ട്ട്, മുരുഗേഷ് പാളയ, ദൊം‌മ്ലൂര്‍, 100 ഫീറ്റ് റോഡ് ഒക്കെ എന്റെ ഏരിയയാ. അതില്‍ തൊട്ടുകളിക്കരുത്. ഞാന്‍ അവിടാരുന്നു ഐതു വര്‍ഷ.

കഥ നന്നായി.. ഓര്‍മ്മകളുടെ ട്രെയ്ന്‍.

നവരുചിയന്‍ said...

എപ്പോഴും എന്തിനെ ഒകെയോ പ്രേനയിക്കുന്ന .പ്രനയിക്കപെടാന്‍ കൊതിക്കുന്ന ഒരു മനസിന്‌ .... അത് വയനകരിലെക്കും പകര്‍ന്ന് തന്ന വാക്കുകള്ക് .. ഒരു പാടു നന്ദി

കണ്ണൂസ്‌ said...

കഴിഞ്ഞ രണ്ടു പോസ്റ്റുകള്‍ ശ്രീയുടെ ഛായ തന്നെ മാറ്റിക്കളഞ്ഞു!

ഓ.ടൊ : സന്തോഷ് എച്ചിക്കാനം ഗള്‍ഫ് പ്രവാസിയാണോ?

sree said...

thanks a lot...
കണ്ണൂസ് :( എച്ചിക്കാനം പ്രവാസിയല്ല അല്ലെ? ആ കഥ വായിച്ച് എനിക്കുണ്ടായ തെറ്റായ ധാരണകളില്‍ പലതില്‍ ഒന്നാവാം അതും. കഥകളിലെ ധാരണപ്പിശകുകള്‍ തന്നെയാണല്ലൊ വിഷയവും.(ശരിക്കും മൂപ്പര് ഏതു ലോകവാസിയാ...കഥകള്‍ ഇഹവും പരവും (കൊമാല തുടങ്ങിയവ) ഇങ്ങനെ പരന്നു കിടക്കുന്നു:)

നവരുചിയന്‍, ഹരിത്ത് നന്ദി.

സിമി :) ആവുതാ..? ഞാനും ആ പരിസരങ്ങളിലൊക്കെ ഉണ്ടായിരുന്നു അപ്പോള്‍... ഐതു വര്‍ഷ!

മനൂ :0 ഞാ‍ന്‍ ചുവടു മാറ്റിയില്ലല്ലൊ, ഉവ്വൊ?

sree said...

ഇവിടെ ഇനി ആരും വരാനില്ലല്ലൊ?

ഉപാസന | Upasana said...

Of course, a different type love story...
Congrats madam
:-)
Upasana

വല്യമ്മായി said...

വളരെ നല്ല കഥ :)

നന്ദകുമാര്‍ said...

"പറയാതെ പറഞ്ഞും, അറിയാതെ അറിഞ്ഞും ഒക്കെ ഇങ്ങനെ ഉള്ളില്‍.. ഒരു മിഠായി കഷ്ണം നുണയുന്ന പോലെ"

മനസ്സിനെ, മഴപെയ്യുന്ന ഒരു പ്രണയസന്ധ്യയിലേക്ക് കൊണ്ടുപോയി. മഴച്ചാറ്റലണിഞ്ഞും പരസ്പരം ചൂടു പകര്‍ന്നും കൊതിതീര്‍ത്ത ഇരുണ്ട സന്ധ്യ.

ഒരു നനുത്ത പ്രണയസുഗന്ധം പോലെയായി ഇക്കഥ. നന്ദി ടീച്ചര്‍...
ഉദ്യാനനഗരിയില്‍ നിന്ന് നന്ദന്‍.

sree said...

പ്രണയം പറഞ്ഞു പഴകിയ വിഷയമായതു കൊണ്ട് ഇവിടെ ഇനി എന്തു പറയാന്‍ എന്നു കരുതിയിരുന്നു. ഒരു വേലിക്കപ്പുറം ഉണ്ടായ കോലാഹലങ്ങള്‍ കാരണം ഈ കഥ പിന്നേം മറവിപ്പുറത്തൂന്ന് ഇറങ്ങി വന്നു. വൈകി വന്ന് വായിച്ചവര്‍ക്കെല്ലാം നന്ദി. ഇത് ഈ വാലന്റൈന്‍സ് ദിനത്തില്‍ എനിക്കു ഞാന്‍ കൊടുത്ത സമ്മാനമായിരുന്നു. പ്രണയം എന്നും തനിക്കു താന്‍ തന്നെ നല്‍കുന്ന സമ്മാനമാണല്ലൊ. the perfect self-centered-ness.

നിസ് said...

ഹലോ ശ്രീ,
വൈകി വായിക്കുക എന്റെയൊരു ശീലമായിപ്പോയി, പക്ഷേ ചില പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ചിലപ്പോ നിരാശ തോന്നും, ഇതിവിടെ ഇത്ര ദിവസമുണ്ടായിട്ടും കണ്ടില്ലല്ലോ എന്ന്...
നല്ല ഫിനിഷിംഗ്.. സുന്ദരമായ വാക്കുകള്‍..
അഭിനന്ദനങ്ങള്‍.. ഇനിയുമെഴുതണേ..കാത്തിരിക്കണൂ....

Shamli Nishad said...

sherikkum vaiki vaayichathu njaanalle? post cheythu Moonnu varshangallku sesamalle njan ee post vaayichathu :)

Post a Comment