Saturday, March 15, 2008

പിറവി

ഇപ്പോള്‍ പ്രസവ വാര്‍ഡിന്റെ തുരുമ്പടിച്ച ജനാലക്കമ്പിയില്‍ പിടിച്ചുകൊണ്ട്, പുറത്തു കത്തിയമരുന്ന വെയിലിലേക്കു നോക്കി നില്‍ക്കുകയാണ് നമ്മുടെ കഥാപാത്രം. പെണ്ണാണ്.പേരു നിശ്ചയമില്ല. അല്ലെങ്കില്‍ തന്നെ എന്തിനാ ഒരു പേര്? അവളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് നാട്ടുകാരിട്ട ഒരു പേരുണ്ട്. പ്രസവം. പേറ്റുനോവ്, പേറ്, വയറൊഴിയല്‍, തിരുവയറൊഴിയല്‍ അങ്ങിനെ അസംഖ്യം ഓമനപ്പേരുകളിട്ടു വിളിക്കുന്ന ഒരു ചടങ്ങാണ് അത്. കൊടിയ വേദനയാണെന്നും പറയപ്പെടുന്നു. ഇവളുടെ മട്ടും ഭാവവും കണ്ടിട്ടും തോന്നുന്നുണ്ട്.

വേദന വരാനുള്ള മരുന്ന് കുത്തിവച്ചിട്ടുണ്ട് അവള്‍ക്ക്. കയ്യില്‍ അതിന്റെ ബാക്കിയായി ഒരു കെട്ടുകിടപ്പുണ്ട്. ഇനി ഡോക്റ്റര്‍ തിരക്കൊഴിഞ്ഞു വരുന്നതു വരെ വേദന വരുന്നതും കാത്തിരിക്കണം. വന്നാലോ, പൊകുന്നതും പിന്നേം വരുന്നതും നോക്കിയിരിക്കണം. "പത്തു മിനിറ്റു വിട്ട് വേദന വന്നാല്‍ പറഞ്ഞാമതി. അതു വരെ ഇവിടെ ഇരുന്നോ" എന്ന് കല്‍പ്പിച്ചു പോയിട്ടുണ്ട് വെള്ള ഉടുപ്പിട്ട ഒരു മാലാഖ. മാലാഖ മൂന്നു പെറ്റതാണ്. ദിവസവും മുപ്പതു പേറ് എടുക്കുന്നുമുണ്ട്. പക്ഷെ ഈ പെണ്ണ് ആദ്യമായിട്ടാവും പ്രസവിക്കുന്നത്. പുറത്ത് ആശുപത്രി മാലിന്യം കുന്നുകൂടിക്കിടക്കുന്ന മൂലയ്ക്ക് വെയിലത്ത് പെറാന്‍ കിടക്കുന്ന പട്ടിയെ തന്നെ ഉറ്റുനോക്കി നില്‍ക്കുന്ന നില്‍പ്പുകണ്ടാലറിയാം. അറയ്ക്കുന്നുണ്ടവള്‍ക്ക് അതിനേ കണ്ടിട്ട്. ഒരു എല്ലുംകൂടില്‍ കുട്ടിച്ചാക്കു ഞാത്തുകെട്ടിയ പോലെ അതു നില്‍ക്കുന്നു. ചവറുകള്‍ക്കിടയില്‍ പരതുന്നു. പിന്നെം അവിടെ തന്നെ ചുരുണ്ടു കൂടുന്നു.

ഇതിപ്പോള്‍ പട്ടിയാണൊ പെണ്ണാണോ പെറാന്‍ പോകുന്നത് എന്നാവും. ഏതായാലും ഒന്നുതന്നെ. പെണ്ണ് എന്ന ആദിയും അനാദിയുമായ വര്‍ഗ്ഗത്തിനു കല്‍പ്പിച്ചു നല്‍കപ്പെട്ടിട്ടുള്ള തൊഴില്‍. പ്രസവിക്കാത്ത പെണ്ണിനെ ചിലര്‍ മച്ചി എന്നു വിളിക്കുന്നു. അവള്‍ പെണ്ണല്ല. ഷഡ്ഡന്‍ ആണല്ലാത്തതു പോലെ.

മച്ചിയല്ല താന്‍ എന്ന് ഈ പെണ്ണ് തെളിയിച്ചു കഴിഞ്ഞു. അവള്‍ അഭിമാനിക്കേണ്ടതാണ്. വീര്‍ത്തു വരുന്ന വയറു കണ്ട്, പ്രകൃതിയുടെ മായാജാലം കണ്ട്, പകച്ചു നില്‍ക്കേണ്ടതാണ്. പക്ഷെ കണ്ടിട്ട് അവള്‍ക്കു വലിയ അഭിമാനമൊന്നും തോന്നുന്നില്ല. തല കുമ്പിട്ട് വലിയ വയറിലേക്ക് ഇടക്കിടക്കു നോക്കുമ്പോള്‍ ദൈവീകമായ ഒരു ആത്മനിര്‍വൃതി ഉണ്ടെന്നു തോന്നുന്നില്ല. അതിന്റെ കാരണം പ്രസവത്തിന് അവളെ വീട്ടില്‍ കൊണ്ടു തള്ളീട്ട് പതിവുകാരിയുടെ വീട്ടില്‍ പൊറുതി തുടങ്ങിയ ഭര്‍ത്താവായിരിക്കാം. അല്ലെങ്കില്‍, മാസങ്ങള്‍ക്കു മുന്നെ ഇരുട്ടു മുറിയില്‍ വച്ച് അവള്‍ പറഞ്ഞ സത്യം കേട്ട് ഞെട്ടിയിറങ്ങിപ്പോയ ഒരു ജാരനായിരിക്കാം. അതുമല്ലെങ്കില്‍ പത്തുമിനിട്ടു മുന്‍പെ അവളെ ആശുപത്രി വരാന്തയില്‍ ഇരുത്തി പൈസയൊപ്പിക്കാമോ എന്നു നോക്കട്ടെ എന്നും പറഞ്ഞ് പ്രാഞ്ചി പ്രാഞ്ചി നടന്നു പോയ അവളുടെ അച്ഛനുമായിരിക്കാം. പുറകിലുള്ള പുരുഷന്‍ ആരുമായിരിക്കാം. കൈപിടിച്ചു നടത്തി, കയ്യൊപ്പുവച്ച് സ്വന്തമാക്കി, കയ്യാമ വച്ച് കൂടെ കൊണ്ടുപോയി അവളുടെ ചങ്കിടിപ്പുകള്‍ക്കു മേലെ സ്വന്തം ശരീരത്തിന്റെ ഭാരമിറക്കിവച്ചവന്‍ ആരായാലെന്ത്? ഇവിടെ തീരുന്നു അവന്റെ കൂട്ടുനടപ്പ്. ഈ പ്രസവവാര്‍ഡില്‍ അവനു റോളില്ല.

പട്ടി മോങ്ങാന്‍ തുടങ്ങി. അടിവയറ്റില്‍ ചെറിയ അനക്കം. അവള്‍ ഒന്നു ഞെട്ടി. മുതുക് ഒന്നു വലിഞ്ഞ് താഴോട്ട് കടഞ്ഞിറങ്ങുന്നതു പോലെ. നിവര്‍ന്നു നിന്നു നോക്കി. ഇല്ല. ഇതു തുടക്കം തന്നെ.

വാര്‍ഡിന്റെ വിണ്ടുകീറിയ ചുമരില്‍ ഒരു പഴയ ക്ലോക്കുണ്ട്. പ്രസവിക്കാന്‍ വരുന്ന എല്ലാ പെണ്ണുങ്ങള്‍ക്കും അത് ഒരേ സമയം ദൈവവും ചെകുത്താനുമാണ്. മൂന്നു സംഗതികളാണ് പ്രത്യക്ഷത്തില്‍ ഒരു പ്രസവത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടു ജീവന്‍. പിന്നെ ഒരു ക്ലോക്ക്.

11.30 ആണു സമയം. പ്രാതല്‍ കഴിച്ചിട്ടില്ല. അതിനു മുന്‍പെ ദ്രവം പൊട്ടി ആശുപത്രിയിലേക്ക് വരേണ്ടി വന്നതാണ്. വേദന വരാനുള്ള മരുന്നു കുത്തിവയ്ക്കുമ്പോള്‍ ഇനി ഒന്നും കഴിക്കരുത് എന്ന് നിഷ്കര്‍ഷയും കിട്ടി. വിശപ്പ് വയറിന്റെ ചെറിയ ഒരു ഭാഗത്ത് ചുരുങ്ങി ഒതുങ്ങിപ്പോകുന്ന ഒരു വികാരം മാത്രമാണെന്ന് അവള്‍ക്കു മനസ്സിലായി.

ക്ലോക്കിന് അഭിമുഖമായി നില്‍ക്കാന്‍ വേണ്ടി അവള്‍ ജനല്‍ചാരി നിന്നു. വയറുവീര്‍പ്പിച്ച പത്തു പതിനഞ്ചു പേരെങ്കിലും തലങ്ങും വിലങ്ങും നടക്കുന്നുണ്ട്. ചിലര്‍ വേദന മൂത്ത് നിലവിളിക്കുന്നുണ്ട്. വലിയ ഒരു നിലവിളിയാണ് പ്രസവം എന്ന് പണ്ട് സിനിമകളില്‍ നിന്ന് അവളും പഠിച്ചു വച്ചിട്ടുണ്ടാവും. ഒരു നിലവിളി. ഒരു കുഞ്ഞിന്റെ കരച്ചില്‍. പിന്നെ ഒരു പുഞ്ചിരി. എന്ത് ഉദാത്തമായ രംഗം!

കാല്‍ കഴച്ചു തുടങ്ങി.ഒരു കട്ടിലിന്റെ ഓരം ചേര്‍ന്ന് ഇരുന്ന് അവള്‍ കിതച്ചു.ഭാരം താങ്ങുന്നത് ഒരു ശീലമായിട്ട് ഏതാണ്ട് ഒരു മാസമായി. ഭാരം ഒരു കല്ലിന്റേതല്ല എന്ന് ഓര്‍മ്മപ്പെടുത്തലുകളായി വയറിനുള്ളിലെ മലക്കം മറിച്ചിലുകളും. ഇത്രയുമല്ലാതെ ഈ ചുമക്കുന്നതും താനുമായി എന്തു ബന്ധം എന്ന് അവള്‍ ചിന്തിച്ചിട്ടുണ്ടാവണം. സ്നേഹത്തിന്റെ വിത്ത് മുള പൊട്ടിയതാണെങ്കില്‍, മുള മണ്ണിലേക്കു വേരിറങ്ങി, മനസ്സിലേക്കു പടര്‍ന്ന്, കനവിലും നിനവിലും കുഞ്ഞിക്കാലുകളും കിണുങ്ങലും ചിരിയുമായി നിറഞ്ഞ് ഇന്നേരം കൊണ്ട് സ്വര്‍ഗ്ഗം ചമച്ചേനെ. തൊട്ടടുത്ത് അവളെപ്പോലെ വയറുമായി ഒരു പെണ്ണിരിപ്പുണ്ട്. അവള്‍കു ചാരെ പുറംതടവിക്കൊടുത്തു കോണ്ട് ഒരാണും. പെണ്ണു കരയുന്നുണ്ട്. അയാള്‍ വിയര്‍ക്കുന്നുമുണ്ട്. ആ പെണ്ണു തനിക്കു മുന്‍പേ പ്രസവിച്ചിട്ടു പോയാല്‍ മതിയായിരുന്നു എന്നവള്‍ക്കു തോന്നി.

ഉള്ളിലെ കനം കൂടി വരുന്നു. മണിക്കൂറുകള്‍ പോലെ ഓരോ നിമിഷവും അരിച്ചു നീങ്ങി. ഇടയ്ക്കിടക്ക് തുളച്ചു കയറുന്ന വേദന. കുട്ടിക്കാലത്ത് സൈക്കിള്‍ ടയര്‍ ഉരുട്ടി നടന്നിട്ടുണ്ട് ചെക്കന്മാര്‍ക്കൊപ്പം.ഒന്നു തട്ടിവിട്ടാല്‍ താളം പിഴക്കുന്നതു വരെ അത് ഉരുളും.പിന്നെ ഉരുണ്ടു വീഴും. വേദന പൊടുന്നനെ ഒരു താളത്തിലേക്കു തള്ളി വിടുന്നതും, നിലയ്ക്കുമ്പോള്‍ അരയ്ക്കു കീപ്പോട്ട് റബര്‍ ടയര്‍ പോലെ നിശ്ചലമാവുന്നതും പിന്നെം തുടര്‍ന്നു കൊണ്ടിരുന്നു. ക്ലോക്ക് ഒരു മണിക്കൂറോളം ഇഴഞ്ഞു നീങ്ങുന്നതു വരെ.

ലോകത്ത് എല്ലാ പ്രസവ വാര്‍ഡുകളും ഇങ്ങനെ ആവില്ല, പക്ഷെ എല്ലാ പ്രസവ വേദനയും ഇങ്ങനെ തന്നെയാവും എന്ന് അവളെ ഇടക്കിടക്ക് സ്റ്റെത്തു വച്ചു നോക്കീട്ടു പോകുന്ന മാലാഖ നേഴ്സിനറിയാം. അതുകൊണ്ടാണ് ഓരോ തവണ വരുമ്പോഴും അവര്‍ അവളുടെ നെറ്റിയിലേ വിയര്‍പ്പൊപ്പി വയറ്റത്തൊന്നു തടവീട്ടു പോകുന്നത്. അവള്‍ക്ക് അവരെ കാണുമ്പോള്‍ അമ്മയെ ഓര്‍മ്മവരുന്നതും അതു കൊണ്ടാവും. തന്നെ പ്രസവിക്കാന്‍ നേരം വയറ്റാട്ടിയുടെ കൈ മാന്തിപ്പൊളിച്ച കഥ പറഞ്ഞു ചിരിക്കാറുള്ള അമ്മ.

"ആദ്യത്തെയാണോ", എന്നു കുശലം ചോദിച്ച ഒരു പെണ്ണിനു കൂട്ടിരിക്കുന്ന മറ്റൊരു അമ്മ അടുത്തു വന്ന് നിന്നു കരഞ്ഞു. "ആറ്റുനോറ്റ് അഞ്ചാറു വര്‍ഷം കൊണ്ട് വയറ്റിലായിക്കിട്ടിയതാ മോളെ...അതിപ്പം വയറ്റിലല്ലാ, ഏതാണ്ടു കുഴലിലാ..മുറിച്ചുകളയണംന്ന് പറഞ്ഞു.." സ്ഥാനം തെറ്റി വന്ന അതിഥിയെ തന്റെ ജീവനെടുക്കുന്നതിനു മുന്‍പേ നീക്കിക്കളഞ്ഞ സമാധാനമായിരുന്നു ആ പെണ്ണിന്റെ മുഖത്ത്.

അവള്‍ വീണ്ടും വയറിലേക്കു നോക്കി. കയറ്റിയിട്ടിരിക്കുന്ന പാവാടക്കു മുകളില്‍ ഞരമ്പു തെളിയുന്നിടത്ത് മുഷ്ടിപോലെ ഉരുണ്ടു വരുന്നത് തന്റെ നേരെയാണൊ? ഇറങ്ങി വരാനുള്ള സമരത്തില്‍ , ജനിച്ചു വീഴാനുള്ള തിടുക്കത്തില്‍ താനായിരിക്കുമോ ഇതിന്റെ ആദ്യത്തെ ശത്രു. വേദന മറക്കാന്‍ കുറച്ചു നേരം നടന്നു നോക്കി അവള്‍. മിനിട്ടുകള്‍ എണ്ണുന്നതു നിര്‍ത്തി. ക്ലോക്കിന്റെ സൂചികള്‍ക്കും വേദനക്കൊപ്പം ചലിക്കാന്‍ കഴിയാതെ ആയിരിക്കുന്നു.

കാലുകുഴഞ്ഞ് കട്ടിലിന്റെ വക്കത്തിരിക്കുമ്പോള്‍ അവള്‍ പല്ലിറുമ്മുന്നുണ്ടായിരുന്നു. ശത്രു പോര്‍വിളി മുഴക്കിക്കഴിഞ്ഞു. ഇനി താന്‍ ചവിട്ടിമെതിക്കപ്പെടാനുള്ള തരിശുനിലം. പൊളിച്ചിറങ്ങാനുള്ള തടവറ. നേഴ്സമ്മ അരികിലെ മറകെട്ടിയ കട്ടിലിലേക്ക് മാറ്റിക്കിടത്തി അവളുടെ കാലകത്തി കൈ കടത്തി നോക്കി.

"ഇതിനേക്കൂടി ലേബറിലേക്കു മാറ്റാറായി സുമേ.." എന്ന് മറ്റൊരു മാലാഖയോട് വിളിച്ചു പറഞ്ഞു.

ലേബര്‍ റൂം എന്ന യുദ്ധഭൂമി സജ്ജമായിരുന്നു. ഇരുമ്പു കട്ടില്‍, കത്തികള്‍, കുപ്പികള്‍, കൊടില്‍, ചോര മണക്കുന്ന ഉടുപ്പുകള്‍...രണ്ടു വശത്തും വെള്ളക്കുപ്പായമിട്ട മരണദൂതര്‍ അവളെ ജനിമൃതികള്‍ക്കിടയില്‍ ഇടുങ്ങിക്കനത്തു നില്‍ക്കുന്ന ആ മുറിയിലേക്ക് വലിച്ചു കൊണ്ടു വന്നു. പൊരുതാനുള്ള ജീവന്‍ രണ്ടും ഒരേപക്ഷത്ത് , ഒരേ ശ്വാസത്തിന്റെ ഞാണില്‍ തൂങ്ങി പടവെട്ടുന്ന യുദ്ധമാണ് ഇനി. ശരീരമാകെ ഭീതി പടര്‍ന്നു കയറി അവള്‍ മെത്തയില്ലാത്ത ഇരുമ്പുകട്ടിലില്‍ കാ‍ലുകള്‍ ഉയര്‍ത്തിക്കെട്ടി വയ്ക്കപ്പെട്ട നിലയിലാണ്. വെള്ളക്കോട്ടിട്ട ഡോക്റ്റര്‍ ഗ്ലൌസ് വലിച്ചു കേറ്റി. ഉണങ്ങിയ തൊണ്ടയ്ക്കും ചുണ്ടിനും ഇടയില്‍ ഒരു നിലവിളി ജീവനില്ലാതെ ഒടുങ്ങി.

" സകല ദൈവങ്ങളേം വിളിച്ചോ...കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ ഒക്കെ മറക്കും..." നേഴ്സമ്മ അനേകം പ്രസവങ്ങള്‍ക്കു സാക്ഷിയായ വാക്കുകള്‍ ആവര്‍ത്തിച്ചു.

വേദന ഇരമ്പിയാര്‍ത്തു വരുമ്പോള്‍ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ശ്വാസം നിര്‍ത്തി അവള്‍ വേദനയെ ചെറുക്കാന്‍ നോക്കി. അടിവയറ്റില്‍ നിന്ന് ഒരു ചക്രം പോലെ തിരിഞ്ഞ് അതു ശരീരത്തില്‍ പടരുകയാണ്...ഞരമ്പുകള്‍ പിഴുതെറിഞ്ഞ്, ഉള്ളിലെ ചുമരുകള്‍ ചവുട്ടിമെതിച്ച്, സപ്തനാഡികളെയും ഉഴുതുമറിച്ച്, മരണവെപ്രാളപ്പെട്ട് ഒരു ജീവന്‍ അവളോടു പൊരുതി. തൊണ്ടയില്‍ കുരുക്കിയ നിലവിളിക്കൊപ്പം, അവള്‍ സര്‍വ്വ ശക്തിയുമെടുത്ത് ഞെക്കി നോക്കി. "പോ...പോ..ഇറങ്ങിപ്പോ..ജന്തു..."

വഴുതിവീണ ചോരപൊതിഞ്ഞ രൂപത്തെ നൊക്കി അവള്‍ കിതയ്ക്കുന്നതു കണ്ട് മാലഖ നേഴ്സ് ചിരിച്ചു.