Saturday, March 15, 2008

പിറവി

ഇപ്പോള്‍ പ്രസവ വാര്‍ഡിന്റെ തുരുമ്പടിച്ച ജനാലക്കമ്പിയില്‍ പിടിച്ചുകൊണ്ട്, പുറത്തു കത്തിയമരുന്ന വെയിലിലേക്കു നോക്കി നില്‍ക്കുകയാണ് നമ്മുടെ കഥാപാത്രം. പെണ്ണാണ്.പേരു നിശ്ചയമില്ല. അല്ലെങ്കില്‍ തന്നെ എന്തിനാ ഒരു പേര്? അവളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് നാട്ടുകാരിട്ട ഒരു പേരുണ്ട്. പ്രസവം. പേറ്റുനോവ്, പേറ്, വയറൊഴിയല്‍, തിരുവയറൊഴിയല്‍ അങ്ങിനെ അസംഖ്യം ഓമനപ്പേരുകളിട്ടു വിളിക്കുന്ന ഒരു ചടങ്ങാണ് അത്. കൊടിയ വേദനയാണെന്നും പറയപ്പെടുന്നു. ഇവളുടെ മട്ടും ഭാവവും കണ്ടിട്ടും തോന്നുന്നുണ്ട്.

വേദന വരാനുള്ള മരുന്ന് കുത്തിവച്ചിട്ടുണ്ട് അവള്‍ക്ക്. കയ്യില്‍ അതിന്റെ ബാക്കിയായി ഒരു കെട്ടുകിടപ്പുണ്ട്. ഇനി ഡോക്റ്റര്‍ തിരക്കൊഴിഞ്ഞു വരുന്നതു വരെ വേദന വരുന്നതും കാത്തിരിക്കണം. വന്നാലോ, പൊകുന്നതും പിന്നേം വരുന്നതും നോക്കിയിരിക്കണം. "പത്തു മിനിറ്റു വിട്ട് വേദന വന്നാല്‍ പറഞ്ഞാമതി. അതു വരെ ഇവിടെ ഇരുന്നോ" എന്ന് കല്‍പ്പിച്ചു പോയിട്ടുണ്ട് വെള്ള ഉടുപ്പിട്ട ഒരു മാലാഖ. മാലാഖ മൂന്നു പെറ്റതാണ്. ദിവസവും മുപ്പതു പേറ് എടുക്കുന്നുമുണ്ട്. പക്ഷെ ഈ പെണ്ണ് ആദ്യമായിട്ടാവും പ്രസവിക്കുന്നത്. പുറത്ത് ആശുപത്രി മാലിന്യം കുന്നുകൂടിക്കിടക്കുന്ന മൂലയ്ക്ക് വെയിലത്ത് പെറാന്‍ കിടക്കുന്ന പട്ടിയെ തന്നെ ഉറ്റുനോക്കി നില്‍ക്കുന്ന നില്‍പ്പുകണ്ടാലറിയാം. അറയ്ക്കുന്നുണ്ടവള്‍ക്ക് അതിനേ കണ്ടിട്ട്. ഒരു എല്ലുംകൂടില്‍ കുട്ടിച്ചാക്കു ഞാത്തുകെട്ടിയ പോലെ അതു നില്‍ക്കുന്നു. ചവറുകള്‍ക്കിടയില്‍ പരതുന്നു. പിന്നെം അവിടെ തന്നെ ചുരുണ്ടു കൂടുന്നു.

ഇതിപ്പോള്‍ പട്ടിയാണൊ പെണ്ണാണോ പെറാന്‍ പോകുന്നത് എന്നാവും. ഏതായാലും ഒന്നുതന്നെ. പെണ്ണ് എന്ന ആദിയും അനാദിയുമായ വര്‍ഗ്ഗത്തിനു കല്‍പ്പിച്ചു നല്‍കപ്പെട്ടിട്ടുള്ള തൊഴില്‍. പ്രസവിക്കാത്ത പെണ്ണിനെ ചിലര്‍ മച്ചി എന്നു വിളിക്കുന്നു. അവള്‍ പെണ്ണല്ല. ഷഡ്ഡന്‍ ആണല്ലാത്തതു പോലെ.

മച്ചിയല്ല താന്‍ എന്ന് ഈ പെണ്ണ് തെളിയിച്ചു കഴിഞ്ഞു. അവള്‍ അഭിമാനിക്കേണ്ടതാണ്. വീര്‍ത്തു വരുന്ന വയറു കണ്ട്, പ്രകൃതിയുടെ മായാജാലം കണ്ട്, പകച്ചു നില്‍ക്കേണ്ടതാണ്. പക്ഷെ കണ്ടിട്ട് അവള്‍ക്കു വലിയ അഭിമാനമൊന്നും തോന്നുന്നില്ല. തല കുമ്പിട്ട് വലിയ വയറിലേക്ക് ഇടക്കിടക്കു നോക്കുമ്പോള്‍ ദൈവീകമായ ഒരു ആത്മനിര്‍വൃതി ഉണ്ടെന്നു തോന്നുന്നില്ല. അതിന്റെ കാരണം പ്രസവത്തിന് അവളെ വീട്ടില്‍ കൊണ്ടു തള്ളീട്ട് പതിവുകാരിയുടെ വീട്ടില്‍ പൊറുതി തുടങ്ങിയ ഭര്‍ത്താവായിരിക്കാം. അല്ലെങ്കില്‍, മാസങ്ങള്‍ക്കു മുന്നെ ഇരുട്ടു മുറിയില്‍ വച്ച് അവള്‍ പറഞ്ഞ സത്യം കേട്ട് ഞെട്ടിയിറങ്ങിപ്പോയ ഒരു ജാരനായിരിക്കാം. അതുമല്ലെങ്കില്‍ പത്തുമിനിട്ടു മുന്‍പെ അവളെ ആശുപത്രി വരാന്തയില്‍ ഇരുത്തി പൈസയൊപ്പിക്കാമോ എന്നു നോക്കട്ടെ എന്നും പറഞ്ഞ് പ്രാഞ്ചി പ്രാഞ്ചി നടന്നു പോയ അവളുടെ അച്ഛനുമായിരിക്കാം. പുറകിലുള്ള പുരുഷന്‍ ആരുമായിരിക്കാം. കൈപിടിച്ചു നടത്തി, കയ്യൊപ്പുവച്ച് സ്വന്തമാക്കി, കയ്യാമ വച്ച് കൂടെ കൊണ്ടുപോയി അവളുടെ ചങ്കിടിപ്പുകള്‍ക്കു മേലെ സ്വന്തം ശരീരത്തിന്റെ ഭാരമിറക്കിവച്ചവന്‍ ആരായാലെന്ത്? ഇവിടെ തീരുന്നു അവന്റെ കൂട്ടുനടപ്പ്. ഈ പ്രസവവാര്‍ഡില്‍ അവനു റോളില്ല.

പട്ടി മോങ്ങാന്‍ തുടങ്ങി. അടിവയറ്റില്‍ ചെറിയ അനക്കം. അവള്‍ ഒന്നു ഞെട്ടി. മുതുക് ഒന്നു വലിഞ്ഞ് താഴോട്ട് കടഞ്ഞിറങ്ങുന്നതു പോലെ. നിവര്‍ന്നു നിന്നു നോക്കി. ഇല്ല. ഇതു തുടക്കം തന്നെ.

വാര്‍ഡിന്റെ വിണ്ടുകീറിയ ചുമരില്‍ ഒരു പഴയ ക്ലോക്കുണ്ട്. പ്രസവിക്കാന്‍ വരുന്ന എല്ലാ പെണ്ണുങ്ങള്‍ക്കും അത് ഒരേ സമയം ദൈവവും ചെകുത്താനുമാണ്. മൂന്നു സംഗതികളാണ് പ്രത്യക്ഷത്തില്‍ ഒരു പ്രസവത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടു ജീവന്‍. പിന്നെ ഒരു ക്ലോക്ക്.

11.30 ആണു സമയം. പ്രാതല്‍ കഴിച്ചിട്ടില്ല. അതിനു മുന്‍പെ ദ്രവം പൊട്ടി ആശുപത്രിയിലേക്ക് വരേണ്ടി വന്നതാണ്. വേദന വരാനുള്ള മരുന്നു കുത്തിവയ്ക്കുമ്പോള്‍ ഇനി ഒന്നും കഴിക്കരുത് എന്ന് നിഷ്കര്‍ഷയും കിട്ടി. വിശപ്പ് വയറിന്റെ ചെറിയ ഒരു ഭാഗത്ത് ചുരുങ്ങി ഒതുങ്ങിപ്പോകുന്ന ഒരു വികാരം മാത്രമാണെന്ന് അവള്‍ക്കു മനസ്സിലായി.

ക്ലോക്കിന് അഭിമുഖമായി നില്‍ക്കാന്‍ വേണ്ടി അവള്‍ ജനല്‍ചാരി നിന്നു. വയറുവീര്‍പ്പിച്ച പത്തു പതിനഞ്ചു പേരെങ്കിലും തലങ്ങും വിലങ്ങും നടക്കുന്നുണ്ട്. ചിലര്‍ വേദന മൂത്ത് നിലവിളിക്കുന്നുണ്ട്. വലിയ ഒരു നിലവിളിയാണ് പ്രസവം എന്ന് പണ്ട് സിനിമകളില്‍ നിന്ന് അവളും പഠിച്ചു വച്ചിട്ടുണ്ടാവും. ഒരു നിലവിളി. ഒരു കുഞ്ഞിന്റെ കരച്ചില്‍. പിന്നെ ഒരു പുഞ്ചിരി. എന്ത് ഉദാത്തമായ രംഗം!

കാല്‍ കഴച്ചു തുടങ്ങി.ഒരു കട്ടിലിന്റെ ഓരം ചേര്‍ന്ന് ഇരുന്ന് അവള്‍ കിതച്ചു.ഭാരം താങ്ങുന്നത് ഒരു ശീലമായിട്ട് ഏതാണ്ട് ഒരു മാസമായി. ഭാരം ഒരു കല്ലിന്റേതല്ല എന്ന് ഓര്‍മ്മപ്പെടുത്തലുകളായി വയറിനുള്ളിലെ മലക്കം മറിച്ചിലുകളും. ഇത്രയുമല്ലാതെ ഈ ചുമക്കുന്നതും താനുമായി എന്തു ബന്ധം എന്ന് അവള്‍ ചിന്തിച്ചിട്ടുണ്ടാവണം. സ്നേഹത്തിന്റെ വിത്ത് മുള പൊട്ടിയതാണെങ്കില്‍, മുള മണ്ണിലേക്കു വേരിറങ്ങി, മനസ്സിലേക്കു പടര്‍ന്ന്, കനവിലും നിനവിലും കുഞ്ഞിക്കാലുകളും കിണുങ്ങലും ചിരിയുമായി നിറഞ്ഞ് ഇന്നേരം കൊണ്ട് സ്വര്‍ഗ്ഗം ചമച്ചേനെ. തൊട്ടടുത്ത് അവളെപ്പോലെ വയറുമായി ഒരു പെണ്ണിരിപ്പുണ്ട്. അവള്‍കു ചാരെ പുറംതടവിക്കൊടുത്തു കോണ്ട് ഒരാണും. പെണ്ണു കരയുന്നുണ്ട്. അയാള്‍ വിയര്‍ക്കുന്നുമുണ്ട്. ആ പെണ്ണു തനിക്കു മുന്‍പേ പ്രസവിച്ചിട്ടു പോയാല്‍ മതിയായിരുന്നു എന്നവള്‍ക്കു തോന്നി.

ഉള്ളിലെ കനം കൂടി വരുന്നു. മണിക്കൂറുകള്‍ പോലെ ഓരോ നിമിഷവും അരിച്ചു നീങ്ങി. ഇടയ്ക്കിടക്ക് തുളച്ചു കയറുന്ന വേദന. കുട്ടിക്കാലത്ത് സൈക്കിള്‍ ടയര്‍ ഉരുട്ടി നടന്നിട്ടുണ്ട് ചെക്കന്മാര്‍ക്കൊപ്പം.ഒന്നു തട്ടിവിട്ടാല്‍ താളം പിഴക്കുന്നതു വരെ അത് ഉരുളും.പിന്നെ ഉരുണ്ടു വീഴും. വേദന പൊടുന്നനെ ഒരു താളത്തിലേക്കു തള്ളി വിടുന്നതും, നിലയ്ക്കുമ്പോള്‍ അരയ്ക്കു കീപ്പോട്ട് റബര്‍ ടയര്‍ പോലെ നിശ്ചലമാവുന്നതും പിന്നെം തുടര്‍ന്നു കൊണ്ടിരുന്നു. ക്ലോക്ക് ഒരു മണിക്കൂറോളം ഇഴഞ്ഞു നീങ്ങുന്നതു വരെ.

ലോകത്ത് എല്ലാ പ്രസവ വാര്‍ഡുകളും ഇങ്ങനെ ആവില്ല, പക്ഷെ എല്ലാ പ്രസവ വേദനയും ഇങ്ങനെ തന്നെയാവും എന്ന് അവളെ ഇടക്കിടക്ക് സ്റ്റെത്തു വച്ചു നോക്കീട്ടു പോകുന്ന മാലാഖ നേഴ്സിനറിയാം. അതുകൊണ്ടാണ് ഓരോ തവണ വരുമ്പോഴും അവര്‍ അവളുടെ നെറ്റിയിലേ വിയര്‍പ്പൊപ്പി വയറ്റത്തൊന്നു തടവീട്ടു പോകുന്നത്. അവള്‍ക്ക് അവരെ കാണുമ്പോള്‍ അമ്മയെ ഓര്‍മ്മവരുന്നതും അതു കൊണ്ടാവും. തന്നെ പ്രസവിക്കാന്‍ നേരം വയറ്റാട്ടിയുടെ കൈ മാന്തിപ്പൊളിച്ച കഥ പറഞ്ഞു ചിരിക്കാറുള്ള അമ്മ.

"ആദ്യത്തെയാണോ", എന്നു കുശലം ചോദിച്ച ഒരു പെണ്ണിനു കൂട്ടിരിക്കുന്ന മറ്റൊരു അമ്മ അടുത്തു വന്ന് നിന്നു കരഞ്ഞു. "ആറ്റുനോറ്റ് അഞ്ചാറു വര്‍ഷം കൊണ്ട് വയറ്റിലായിക്കിട്ടിയതാ മോളെ...അതിപ്പം വയറ്റിലല്ലാ, ഏതാണ്ടു കുഴലിലാ..മുറിച്ചുകളയണംന്ന് പറഞ്ഞു.." സ്ഥാനം തെറ്റി വന്ന അതിഥിയെ തന്റെ ജീവനെടുക്കുന്നതിനു മുന്‍പേ നീക്കിക്കളഞ്ഞ സമാധാനമായിരുന്നു ആ പെണ്ണിന്റെ മുഖത്ത്.

അവള്‍ വീണ്ടും വയറിലേക്കു നോക്കി. കയറ്റിയിട്ടിരിക്കുന്ന പാവാടക്കു മുകളില്‍ ഞരമ്പു തെളിയുന്നിടത്ത് മുഷ്ടിപോലെ ഉരുണ്ടു വരുന്നത് തന്റെ നേരെയാണൊ? ഇറങ്ങി വരാനുള്ള സമരത്തില്‍ , ജനിച്ചു വീഴാനുള്ള തിടുക്കത്തില്‍ താനായിരിക്കുമോ ഇതിന്റെ ആദ്യത്തെ ശത്രു. വേദന മറക്കാന്‍ കുറച്ചു നേരം നടന്നു നോക്കി അവള്‍. മിനിട്ടുകള്‍ എണ്ണുന്നതു നിര്‍ത്തി. ക്ലോക്കിന്റെ സൂചികള്‍ക്കും വേദനക്കൊപ്പം ചലിക്കാന്‍ കഴിയാതെ ആയിരിക്കുന്നു.

കാലുകുഴഞ്ഞ് കട്ടിലിന്റെ വക്കത്തിരിക്കുമ്പോള്‍ അവള്‍ പല്ലിറുമ്മുന്നുണ്ടായിരുന്നു. ശത്രു പോര്‍വിളി മുഴക്കിക്കഴിഞ്ഞു. ഇനി താന്‍ ചവിട്ടിമെതിക്കപ്പെടാനുള്ള തരിശുനിലം. പൊളിച്ചിറങ്ങാനുള്ള തടവറ. നേഴ്സമ്മ അരികിലെ മറകെട്ടിയ കട്ടിലിലേക്ക് മാറ്റിക്കിടത്തി അവളുടെ കാലകത്തി കൈ കടത്തി നോക്കി.

"ഇതിനേക്കൂടി ലേബറിലേക്കു മാറ്റാറായി സുമേ.." എന്ന് മറ്റൊരു മാലാഖയോട് വിളിച്ചു പറഞ്ഞു.

ലേബര്‍ റൂം എന്ന യുദ്ധഭൂമി സജ്ജമായിരുന്നു. ഇരുമ്പു കട്ടില്‍, കത്തികള്‍, കുപ്പികള്‍, കൊടില്‍, ചോര മണക്കുന്ന ഉടുപ്പുകള്‍...രണ്ടു വശത്തും വെള്ളക്കുപ്പായമിട്ട മരണദൂതര്‍ അവളെ ജനിമൃതികള്‍ക്കിടയില്‍ ഇടുങ്ങിക്കനത്തു നില്‍ക്കുന്ന ആ മുറിയിലേക്ക് വലിച്ചു കൊണ്ടു വന്നു. പൊരുതാനുള്ള ജീവന്‍ രണ്ടും ഒരേപക്ഷത്ത് , ഒരേ ശ്വാസത്തിന്റെ ഞാണില്‍ തൂങ്ങി പടവെട്ടുന്ന യുദ്ധമാണ് ഇനി. ശരീരമാകെ ഭീതി പടര്‍ന്നു കയറി അവള്‍ മെത്തയില്ലാത്ത ഇരുമ്പുകട്ടിലില്‍ കാ‍ലുകള്‍ ഉയര്‍ത്തിക്കെട്ടി വയ്ക്കപ്പെട്ട നിലയിലാണ്. വെള്ളക്കോട്ടിട്ട ഡോക്റ്റര്‍ ഗ്ലൌസ് വലിച്ചു കേറ്റി. ഉണങ്ങിയ തൊണ്ടയ്ക്കും ചുണ്ടിനും ഇടയില്‍ ഒരു നിലവിളി ജീവനില്ലാതെ ഒടുങ്ങി.

" സകല ദൈവങ്ങളേം വിളിച്ചോ...കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ ഒക്കെ മറക്കും..." നേഴ്സമ്മ അനേകം പ്രസവങ്ങള്‍ക്കു സാക്ഷിയായ വാക്കുകള്‍ ആവര്‍ത്തിച്ചു.

വേദന ഇരമ്പിയാര്‍ത്തു വരുമ്പോള്‍ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ശ്വാസം നിര്‍ത്തി അവള്‍ വേദനയെ ചെറുക്കാന്‍ നോക്കി. അടിവയറ്റില്‍ നിന്ന് ഒരു ചക്രം പോലെ തിരിഞ്ഞ് അതു ശരീരത്തില്‍ പടരുകയാണ്...ഞരമ്പുകള്‍ പിഴുതെറിഞ്ഞ്, ഉള്ളിലെ ചുമരുകള്‍ ചവുട്ടിമെതിച്ച്, സപ്തനാഡികളെയും ഉഴുതുമറിച്ച്, മരണവെപ്രാളപ്പെട്ട് ഒരു ജീവന്‍ അവളോടു പൊരുതി. തൊണ്ടയില്‍ കുരുക്കിയ നിലവിളിക്കൊപ്പം, അവള്‍ സര്‍വ്വ ശക്തിയുമെടുത്ത് ഞെക്കി നോക്കി. "പോ...പോ..ഇറങ്ങിപ്പോ..ജന്തു..."

വഴുതിവീണ ചോരപൊതിഞ്ഞ രൂപത്തെ നൊക്കി അവള്‍ കിതയ്ക്കുന്നതു കണ്ട് മാലഖ നേഴ്സ് ചിരിച്ചു.

22 comments:

ചിതല്‍ said...

ഒരു നിലവിളി. ഒരു കുഞ്ഞിന്റെ കരച്ചില്‍. പിന്നെ ഒരു പുഞ്ചിരി. എന്ത് ഉദാത്തമായ രംഗം!
:)
ബാക്കിയെല്ലാം പേടിപ്പിക്കുന്നു...
ശരിക്കും...
ഒരു പ്രസവത്തെ ഇത്ര ഭീകരമായി ആദ്യമായിട്ടാണ് വായിക്കുന്നത് എന്ന് തോന്നുന്നു..
എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു...
സസ്നേഹം
ചിതല്‍

annie said...

ഇങ്ങനെ ഒന്നു ഇതുവരെ ആരെങ്കിലും എഴുതിയിട്ടുണ്ടാവുമോ. നന്നായി എന്നു പറഞ്ഞാല്‍ അതു കുറഞ്ഞു പോവും.

"സ്നേഹത്തിന്റെ വിത്ത് മുള പൊട്ടിയതാണെങ്കില്‍, മുള മണ്ണിലേക്കു വേരിറങ്ങി, മനസ്സിലേക്കു പടര്‍ന്ന്, കനവിലും നിനവിലും കുഞ്ഞിക്കാലുകളും കിണുങ്ങലും ചിരിയുമായി നിറഞ്ഞ് ഇന്നേരം കൊണ്ട് സ്വര്‍ഗ്ഗം ചമച്ചേനെ." ഇതു വായിച്ചു കൊണ്ടിരുന്നപ്പോള്‍ ഇതു തന്നെ ആയിരുന്നു എന്റെ മനസ്സില്‍.
ദൈവത്തിന്റെ സമ്മാനം ആയി കുഞ്ഞുങ്ങളെ കരുതാന്‍ ഭാഗ്യം ഉള്ളവരും ഇല്ലാത്തവരും ആയ സ്ത്രീകള്‍ ഉണ്ടെന്നു ഞാന്‍ ചിന്തിച്ചിട്ടില്ലായിരുന്നു..

ഗുപ്തന്‍ said...

പുരുഷനിര്‍മ്മിതമായ സ്ത്രീസങ്കല്പത്തിന്റെ അവസാനത്തെ തുരുത്താണത്. സര്‍വംസഹയായ, എല്ലാ വേദനയുടെയും ഒടുവില്‍ പുഞ്ചിരിക്കാനറിയുന്ന, അമ്മ. ഒരുപക്ഷേ ഐക്കണോക്ലാസം തുടങ്ങേണ്ടുന്നത് അവിടെയാണ്. നല്ല തിരിച്ചറിവ് ശ്രീ. ശരിക്കും പൊള്ളിക്കുന്ന വിവരണം.

നിലാവര്‍ നിസ said...

എങ്ങനെ സാധിച്ചു ഇത്..

:(

സനാതനന്‍ said...

പരിമിതമായ കാഴ്ചകളും മുന്‍‌വിധികളും വച്ചുകൊണ്ട് കഥയെഴുതരുത്.കഥാകാരന്റെ/കാരിയുടെ കാഴ്ചയെ ന്യായീകരിക്കുന്ന സം‌ഭവഗതികളോ,(കഥാപാത്രത്തിന്റെ) അനുഭവമുഹൂര്‍ത്തങ്ങളോ ഇല്ലാതെ ഒരുതരം കാപട്യം നിറഞ്ഞ വിവരണം എഴുത്തിനെ കതയോ കിതയോ ആക്കിയേക്കാം കഥ ആക്കുകയില്ല.

ആനീ വ്യത്യസ്തത നല്ലതാണ് പക്ഷേ വ്യത്യാസം നാവുകീറി രണ്ടാക്കിയും ചുണ്ടുതുളച്ച് വളയമിട്ടും ആഭാസിക്കുന്ന രീതി സാഹിത്യത്തില്‍ അഭിലക്ഷണീയമാണോ?

സിമി said...

ഭയങ്കര എഴുത്ത്. വേദന മുന്‍പില്‍ കാണുന്നതുപോലെ :(

annie said...

സനാതനാ, എങ്ങനെയാണു എഴുത്തുകാരി കഥാപാത്രത്തിന്റെ ജീവിതാനുഭവങ്ങള്‍ വരച്ചുകാട്ടിയിട്ടില്ല എന്നു പറയുക.. സ്നേഹത്തിന്റെ അകമ്പടി ഇല്ലാതെയാണു ഈകഥയിലെ കുഞ്ഞിന്റെ ജനനം എന്നു വായിച്ചെടുക്കാന്‍ കഴിഞ്ഞില്ലേ.. കൂടെനടക്കേണ്ടവന്‍ ആരായാലും അങ്ങനെയൊരാള്‍ കഥയിലില്ല..
സ്വന്തം കുഞ്ഞിനെ ഒരു ദുരിതമായി കാണേണ്ട അവസ്ഥയിലെത്തുന്നത്ര അവഗണിക്കപ്പെട്ട ഒരു സ്ത്രീത്വം, അതിന്റെ ചിത്രം അരോചകമാണോ?
വെറും വ്യത്യസ്ഥത കൊണ്ടല്ല ഞാന്‍ ഈ കഥയെ ഇഷ്ടപെട്ടതു.. വ്യത്യസ്ഥമായ ഒരു വീക്ഷണം ആണു ഈ കഥ.. പട്ടിണിയോ,ദുരിതമോ എന്തു തന്നെ ആണു ജീവിത സാഹചര്യമെങ്കിലും സ്ത്രീ അവള്‍ക്കു സമൂഹം കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന മൃദുലവും ഉദാത്തവുമായ ഭാവങ്ങളുടെ ഒരു ഐക്കണ്‍ ആയി നിലകൊള്ളണം എന്നതിനെ പൊളിച്ചെഴുതുന്നു ഈ കഥ.

sree said...

ഹൊ! വന്നവര്‍ക്കും പോയവര്‍ക്കും പറഞ്ഞിട്ടു പോയവര്‍ക്കും നന്ദി!
ചിതല്‍ :)പേടിക്കുന്നതു നല്ലതാ..ചിലപ്പോള്‍. പക്ഷെ ഈ പേടി നമ്മുടെ ചുറ്റും പേടിപ്പിക്കുന്ന പലതുമായി തട്ടിച്ചു നോക്കുമ്പോള്‍ അലിഞ്ഞു പോണം. ഒരു പെണ്ണില്‍ നിന്നും മനുഷ്യനിലേക്കുള്ള ദൂരമാണ് എനിക്ക് ആ പേടി.
ആനി :) പ്രസവിച്ചിട്ടുള്ളതും അതിനു തയ്യാറാവുന്നതും ആയവരോടൊക്കെ ഒരു മുന്‍കൂര്‍ ജാമ്യം എടുക്കണമെന്നുണ്ടായിരുന്നു. മുകളില്‍ പറഞ്ഞ ദൂരം അറിയാമെങ്കിലും എങ്ങനേ താണ്ടണമെന്ന് എനിക്കും അറിഞ്ഞുകൂടാ...കുഞ്ഞുങ്ങള്‍ ...എങ്ങിനെ കിട്ടിയാലും സമ്മാനം തന്നെ..പക്ഷെ പങ്കിട്ടെടുക്കാന്‍ കഴിയാതെ വലിച്ചെറിയപ്പെടുന്ന എത്ര സമ്മാനങ്ങളുണ്ട്! അതൊക്കെ പോട്ടെ വേദനിപ്പിക്കുന്ന സമ്മാനങ്ങള്‍ പോലും വാങ്ങി മിണ്ടാതിരുന്നോണം എന്നു പറയുന്നവരും ഉണ്ടേ..യ്യോ..ഞാന്‍ ഫെമിനിസം പറയല്ലാ..ട്ടോ. എനിക്കെല്ലാ ഇസങ്ങളേം പേടിയാ.
ഗുപ്തന്‍ : ഒരു വിഗ്രഹവും തച്ചുടയ്ക്കണ്ടാ എനിക്ക്. ഇനീം വിഗ്രഹങ്ങള്‍ ഉണ്ടാവാതിരുന്നാ മതി എന്നൊരു ദുരാഗ്രഹം മാത്രം!
നിസ :(
സനാതനന്‍ : അതാണു പോയിന്‍റ്റ്! അതു പറയാതെ അറിഞ്ഞൂലോ..നന്ദി! ഇതൊരു അഭ്യാസമാണെന്നു തിരിച്ചറിയുകയും, ഇങ്ങനെ ഒരു അഭ്യാസത്തിന്റെ ആവശ്യമില്ല എന്നു പറയുകയും ചെയ്യുന്നിടത്ത് എന്റെ കഥ ശരിക്കും കഥയായി! “പരിമിതമായ കാഴ്ചകളും മുന്‍‌വിധികളും” ഉണ്ട്. സാഹിത്യത്തില്‍ അനഭിലഷണീയമായ ഒരു കഥയെ ഒരു തെമ്മാടിക്കഥയെ ഞാന്‍ എവിടെക്കളയും പറ..!

സിജി said...

വൗ.. അലസമായ എഴുത്ത്‌.. ഇതിനെയാണു ഞാന്‍ 'പ്രതിഭ' എന്നു വിളിക്കാറ്‌. ശ്രീ..കഥയെഴുത്ത്‌ നിര്‍ത്തിപ്പോകരുത്‌..ശക്തമായ ഒരു വിഷയം ഗുസ്തിപിടിക്കാതെ പറഞ്ഞു.

വെള്ളെഴുത്ത് said...

വേണുഗോപന്നായരുടെ ‘ജനനി’ എന്ന കഥയിലും അവസാനം ഇങ്ങനെയൊരു ട്വിസ്റ്റുണ്ട്. പക്ഷേ ഇതിനകത്ത് അനുഭവിക്കാന്‍ കഴിയുന്ന വെറുപ്പ് ഒരാണിനു എഴുതാന്‍ കഴിയില്ലായിരിക്കും. വിഗ്രഹം തകര്‍ക്കാം, അതനുഭവിപ്പിക്കാന്‍ പറ്റില്ലെന്ന്.. ഉം പറഞ്ഞു വരുമ്പൊള്‍ ഞാനും പെണ്മയിലൂന്നുകയാണ്..ഛേ..

കിനാവ് said...

കഥ നന്നായി.
ഞാനും ചെറുപ്പത്തില് കൊറേ കേട്ടിട്ടുണ്ട് പെണ്ണുങ്ങള് പറേണത്, പ്രസവ വേദനേണെത്രെ എറ്റം വല്ല്യേ വേദന. ഇപ്പഴാണ് കേട്ട് ച്ചാല്‍ ഞാന്‍ ചോദിക്കും, സമൂഹോം ശരീരോം സമ്മതിച്ചാല്‍ ഇങ്ങളും പെറൂലെ ഒരിരുപതെണ്ണത്തിനേന്ന്. അതിന്റൊര് ദ് അങ്ങനേണ്ന്നേ. പണ്ട് രാജഭരണകാലത്ത് യുദ്ധം ചെയ്യാന്‍ സൈന്യത്തില് ആളെ കിട്ടാത്ത കാലത്ത് ചില രാജ്യങ്ങളിലെ രാജാക്കന്മാര്‍ പ്രസവത്തെ പ്രൊമോട്ടുചെയ്യുന്ന നിയമങ്ങളൊക്കെ കൊണ്ടുവന്നീരുന്നത്രേ. അന്നത്തെ പെണ്ണുങ്ങളുടെ ഒരു കാര്യേ...!

ഒരു പ്രസവ കഥ ഇവിടെ
പ്രസവിക്കുന്നെങ്കില്‍

sree said...

സിജി : വായിച്ചതിനു നന്ദി. അലസതയാ പ്രശ്നം ;)
വെള്ളെഴുത്ത് :ജനനി വായിച്ചിട്ടില്ല. ഈ ഒരു വിഷയത്തില്‍ പെണ്മയിലൂന്നാതിരിക്കാന്‍ കഴിഞ്ഞാല്‍ രക്ഷപ്പെട്ടു. പിന്നെ എല്ലാം ഒ.കെ ;)
കിനാവ് : പ്രസവിക്കുന്നെങ്കില്‍ അങ്ങിനെ പ്രസവിക്കണം. ലിങ്ക് വായ്യിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ പ്രസവത്തിന്റെ ഭീകരത,അല്ലെങ്കില്‍ ഒരു പ്രസവത്തിന്റേം മാത്രം ഭീകരത ആയിരുന്നില്ല എന്റെ വിഷയം. സ്നേഹമില്ലാത്ത ലോകത്ത് ഒറ്റയ്ക്കു പേറേണ്ട ഒന്നാവുമ്പോള്‍ ഗര്‍ഭത്തിനു ചുറ്റും ഒരു ഹേലൊ ആവശ്യമില്ല എന്നു തോന്നി. കുടുംബം ഒരു തുരുത്താണ്. നമ്മില്‍ പലര്‍ക്കും ശിക്ഷയും രക്ഷയുമായ, വേദനക്കു പോലും സ്വന്തം നിര്‍വചനങ്ങളുള്ള വേറിട്ട ഒരു ലോകം. എന്റെ പെണ്ണ് അതിനുള്ളില്‍ അവിടെയല്ലാതെ നില്‍പ്പാണ് എന്ന് പറഞ്ഞു ബോധ്യപ്പെടുത്താ‍ാന്‍ കഴിഞ്ഞില്ല എന്നു തോന്നുന്നു. കുറുക്കിക്കോടുത്തു ശീലമായിപ്പോയി ;)

കിനാവ് said...

അതിന് ശ്രീക്കു
പറയാനുണ്ടായിരുന്നത് ഇത്റയുമല്ലേ. അത് ശ്രീ ഭംഗിയായി പ്പരഞ്ഞിട്ടുണ്ടല്ലോ..
“ഇതിപ്പോള്‍ പട്ടിയാണൊ പെണ്ണാണോ പെറാന്‍ പോകുന്നത് എന്നാവും. ഏതായാലും ഒന്നുതന്നെ. പെണ്ണ് എന്ന ആദിയും അനാദിയുമായ വര്‍ഗ്ഗത്തിനു കല്‍പ്പിച്ചു നല്‍കപ്പെട്ടിട്ടുള്ള തൊഴില്‍.”


പിന്നെശ്രീയാണെങ്കില്‍ശ്രീയുടെ പെണ്ണിനെ ദാ,ഇത്രേം പറഞ്ഞ് ആണിനും കുടുംബത്തിനും അവളോടൊപ്പം പ്രസവവേദനപങ്കിട്ടെടുക്കാന്‍ താത്പര്യമില്ലാത്തത്തിനെ കുറിച്ച് ഖേദിക്കയല്ലേ ചെയ്തത്.
“തല കുമ്പിട്ട് വലിയ വയറിലേക്ക് ഇടക്കിടക്കു നോക്കുമ്പോള്‍ ദൈവീകമായ ഒരു ആത്മനിര്‍വൃതി ഉണ്ടെന്നു തോന്നുന്നില്ല. അതിന്റെ കാരണം പ്രസവത്തിന് അവളെ വീട്ടില്‍ കൊണ്ടു തള്ളീട്ട് പതിവുകാരിയുടെ വീട്ടില്‍ പൊറുതി തുടങ്ങിയ ഭര്‍ത്താവായിരിക്കാം. അല്ലെങ്കില്‍, മാസങ്ങള്‍ക്കു മുന്നെ ഇരുട്ടു മുറിയില്‍ വച്ച് അവള്‍ പറഞ്ഞ സത്യം കേട്ട് ഞെട്ടിയിറങ്ങിപ്പോയ ഒരു ജാരനായിരിക്കാം. അതുമല്ലെങ്കില്‍ പത്തുമിനിട്ടു മുന്‍പെ അവളെ ആശുപത്രി വരാന്തയില്‍ ഇരുത്തി പൈസയൊപ്പിക്കാമോ എന്നു നോക്കട്ടെ എന്നും പറഞ്ഞ് പ്രാഞ്ചി പ്രാഞ്ചി നടന്നു പോയ അവളുടെ അച്ഛനുമായിരിക്കാം. പുറകിലുള്ള പുരുഷന്‍ ആരുമായിരിക്കാം. കൈപിടിച്ചു നടത്തി, കയ്യൊപ്പുവച്ച് സ്വന്തമാക്കി, കയ്യാമ വച്ച് കൂടെ കൊണ്ടുപോയി അവളുടെ ചങ്കിടിപ്പുകള്‍ക്കു മേലെ സ്വന്തം ശരീരത്തിന്റെ ഭാരമിറക്കിവച്ചവന്‍ ആരായാലെന്ത്? ഇവിടെ തീരുന്നു അവന്റെ കൂട്ടുനടപ്പ്. ഈ പ്രസവവാര്‍ഡില്‍ അവനു റോളില്ല.”

ഈ പ്രസവത്തിന്റെകാര്യത്തില്‍ 50% സംവരണം വേണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഒന്നു പെറാനൊരു പൂതി.

കുഞ്ഞന്‍ said...

അനിശ്ചിതത്വത്തിലൊരു പ്രസവം.. ഇനി എന്തു ചെയ്യണം എന്നറിയാതെ ഉഴലുന്നവരുടെ കഥ..

പിറവിക്കു ഇങ്ങനെയുരു മുഖമുണ്ടല്ലേ..

ഓ.ടോ. കിനാവേ, പെറാന്‍ പൂതിയുണ്ടെങ്കില്‍ അത് നിയമപരമായ വേലിക്കകത്തുനിന്നു വേണം ചെയ്യാന്‍, അല്ലെങ്കില്‍ ആ കുഞ്ഞിനു ജാരി സന്തതി എന്ന് കേള്‍ക്കേണ്ടി വരും. അത് ആ കുഞ്ഞിന്റെ കുഴപ്പം കൊണ്ടാല്ലല്ലൊ

sree said...

ഹ ഹ ഹ കിനാവിനങ്ങനൊരു കിനാവുണ്ടാവാം എന്ന് ആ ലിങ്ക് കണ്ടപ്പോള്‍ ഊഹിക്കണ്ടതായിരുന്നു. കുഞ്ഞന്‍ പറഞ്ഞു തന്ന വഴിയേ മാത്രം പോണേ...വഴിതെറ്റിയാല്‍ കഥ തീര്‍ന്നു പിന്നെ

പൊറാടത്ത് said...

ഒന്നും കാണാന്‍ പറ്റുന്നില്ല.., വയസ്സായത് കൊണ്ടാകും..ത്തിരി വലു‍താക്കി കാണിച്ചൂടേ..

ദേ..,അടുത്ത പാര.. ന്തൂട്ടടാ അത്..”വേടിച്ച വേരി ഫിക്കേഷ...”?

നഈ പോയി അവരോട് നാളെ വരാന്‍ പറ..1!

lekhavijay said...

ശ്രീ,നമിക്കുന്നു,ഈ എഴുത്തിനു മുന്നില്‍.മുന്‍ കൂര്‍ ജാമ്യം വേണ്ടിയിരുന്നു എന്നെനിക്കു തോന്നി.ഒഷോയുടെ ഒരു ക്വൊട്ടേഷന്‍ വായിച്ചതോര്‍മ്മ വന്നു."A child is born,but we miss one point completely,that the moment the child is born,the mother is also born.This never existed before.The woman existed, but the mother never.And a mother is something absolutely new.
സത്യമാ ശ്രീ.പക്ഷേ ശ്രീ പറയാനുദ്ദേശിച്ചത് ഇതല്ലല്ലോ.സത്യം പറയാന്‍ ഒരു ഇസത്തെയും കൂട്ടു പിടിക്കേണ്ട.ഭയക്കുകയും വേണ്ട.ഇനിയും എഴുതൂ.

ഓഫ് ടോപിക്:പ്രസവം എന്ന ഭീകരാവസ്ഥ തരണം ചെയ്താല്‍ പിന്നെ ദൈവ വിശ്വാസി അല്ലാത്തവള്‍ മൂന്നു നേരം ദൈവത്തെ വിളിക്കും.തന്നിഷ്ടക്കാരി ആയിരുന്നവള്‍ നട്ടെല്ലു വില്ലുപോലെ വളക്കും.അവളുടെ കുട്ടിക്കു വേണ്ടി.അതാണ് ഗര്‍ഭിണിയില്‍ നിന്നും അമ്മയിലേക്കുള്ള ദൂരം.

beejan said...

welcome to d pre-copulatori existence of the newli-born.it might have been throbing in d abyss of an a/interior of some one like U.
'getlost' seems to be a befitting welcome note for nonentities like US?

maramaakri said...

മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html

beejan said...

your cellars are filled with worms and hairy caterpillers waiting their turn.why should you kick them out with so much vigor and disgust? let them creep thru the ....hole to find their destiny.

സതീശ് മാക്കോത്ത്| sathees makkoth said...

നല്ല എഴുത്ത്. കൊള്ളാം.

Reshma said...

പൊള്ളിപൊള്ളിയാണ് വായിച്ചത്. നന്നായി ശ്രീ.

Post a Comment