Friday, April 18, 2008

കൂട്ട്

ഇരുട്ട് ബാക്കിയുണ്ട്. നേരം വെളുത്തു വരുന്നേ ഉള്ളു. പെണ്ണുങ്ങള്‍ക്കു തനിച്ചു നടക്കാന്‍ പറ്റിയ നേരമല്ല. അവള്‍ക്കു പേടി. പക്ഷെ ഇന്നവിടെ ഉണ്ടായെ പറ്റു. വരാമെന്നു പറഞ്ഞതാണ്. തന്നോടു പറയുന്നതു ബാക്കി ഉള്ളവരോടു പറയുന്നതു പോലെയല്ല. “എത്ര കൊടിയ പരിശ്രമം വേണ്ടിവന്നാലും ഞാന്‍ അവിടെ ഉണ്ടാവും. നിനക്കു വേണ്ടി” എന്നാണു പറഞ്ഞത്. മഞ്ഞു വീഴുന്നുണ്ട്. സാരമാക്കണ്ട. കല്ലും, കൂര്‍ത്ത പാറയും ചവിട്ടി കാലു നോവുന്നുണ്ട്. നനുത്ത ശിരോവസ്ത്രം തലവഴി വലിച്ചിട്ട് അവള്‍ ഏന്തിവലിഞ്ഞ നടന്നു. പ്രതീക്ഷയുണ്ട്! കണ്ടതൊന്നും ഒരു സങ്കല്‍പ്പത്തിനും വകതരുന്നതല്ല. പ്രേമം നെഞ്ചില്‍ മഞ്ഞു വീണ കനലു പോലെ കെട്ടു പോയി. ക്രൂരമാണ് ലോകം. ഉത്തരമില്ലാത്തവയാണ് ചോദ്യങ്ങള്‍. വ്യര്‍ത്ഥമാണ് ത്യാഗങ്ങള്‍. ആര്‍ക്കും വേണ്ടാത്ത ജീവിതങ്ങളാണ് തങ്ങളെന്നു മനസ്സു പറയുന്നു. “നീ എന്റെ നിഴലായിരിക്കുമ്പോള്‍ മാത്രമാണ് ഞാന്‍ നേര്.” എന്തൊകെയാണ് അന്യോന്യം പറഞ്ഞത്. എന്നിട്ട് നേരില്ലാതെ നിഴല്‍ രൂപങ്ങളായി രണ്ടുപേരും ഒടുക്കം. വേദനയുടെ ആഴക്കയങ്ങളില്‍ അവനും മറന്നു കാണും ഒക്കെ. മരണത്തിന്റെ വാതിലിനപ്പുറം ഓര്‍മ്മകള്‍ ബാക്കിയുണ്ടോ..ആരു കണ്ടു? ഇന്ന് അവന്‍ വന്നില്ലെങ്കില്‍ അതു തോല്‍വിയല്ല. വന്നാല്‍ ജയവുമല്ല. ഈ വഴി നടന്നുകഴിഞ്ഞു എന്ന തിരിച്ചറീവു മാത്രം. അവന്റെ മുഖം കണ്ട ഓര്‍മ്മ തന്റെ മനസ്സില്‍ നില്‍ക്കുന്നതുവരെയേ ഉള്ളൂ തിരിച്ചറിവുകള്‍ പോലും എന്ന് അവള്‍ ഒരു നിമിഷം നടുങ്ങി.
സമയത്തിനു ചിറകുകളില്ല, മരണത്തിനപ്പുറം അതു കുപ്പിപാത്രത്തിലെ മീനിനെപ്പോലെ വട്ടം കറങ്ങുന്നു. ദിവസങ്ങളുടെ കണക്കു തനിക്കു തെറ്റിയോ എന്നു സംശയിച്ചു കൊണ്ട് ഒടുക്കം അവന്‍ പുറത്തു വന്നു. സ്നേഹം കൊണ്ട് താന്‍ ജീവന്‍ കൊടുത്തവരാരെങ്കിലും ഉണ്ടാകുമോ ഇവിടെ? “മാര്‍ത്താ, മറിയം, റൂത്ത്, ലാസറസ്...” അവന്‍ ഉറക്കെ പേരുകള്‍ നിലവിളിച്ചു കൊണ്ട് പരിഭ്രമിച്ച് നടന്നു. “ഞാന്‍ ഇവിടെയുണ്ട്” അവളുടെ ദീനസ്വരം മരണത്തിനപ്പുറം അവനെവിടെ കേള്‍ക്കാന്‍? കല്ലില്‍ തട്ടിത്തടഞ്ഞ് ചോരയൊലിപ്പിച്ച് അവന്‍ തന്നെയും കടന്നു പോവുന്നത് മറിയം കണ്ടു. അവന്റെ പിതാവിന്റെ നാട്ടില്‍ അവന്റെ മുറിവുകളുണക്കാന്‍ ആരും കാണില്ല എന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു അവള്‍ക്ക്.

10 comments:

ഗുപ്തന്‍ said...

മിഴിയോ മൊഴികളോ കടന്നുചെല്ലാത്ത ഇരുളില്‍ അറ്റുപോയ ഉയിരിനെ വീണ്ടും തൊട്ടെടുത്ത് കാത്തിരിക്കുന്ന വാഗ്ദാനങ്ങള്‍...

വാക്കോ വിരലോട്ടമോ കൊണ്ട് പകര്‍ന്നു നല്‍കാനാവാത്ത എന്തെന്ത് സ്നേഹ വായ്പ്പുകള്‍...

ഉണക്കാനാവാത്ത മുറിവുകള്‍ക്കായി കഥയില്ലാതെയൊഴുകുന്ന കണ്ണീര്‍...

ഇത് ആരുടെ കഥയാണ് ?

Jithendrakumar/ജിതേന്ദ്രകുമര്‍ said...

"ഇന്ന് അവന്‍ വന്നില്ലെങ്കില്‍ അതു തോല്‍വിയല്ല. വന്നാല്‍ ജയവുമല്ല.
ഈ വഴി നടന്നുകഴിഞ്ഞു എന്ന തിരിച്ചറീവു മാത്രം."
മരണത്തിന്‍റെ നിഷ്ക്രയത്വത്തിലേക്കുള്ള `വെറുമൊരു` നടത്തം മാത്രമാക്കണോ ജീവിതത്തെ? രസകരമായ ഒരുയാത്രയാക്കാനുള്ള ഒരു ശ്രമമെങ്കിലും ആയിക്കൂടെ അതില്‍?
വേലിയുടെ പകിട്ട്‌ കണ്ടില്ല, ഇതില്‍.

വേണു venu said...

സമയത്തിനു ചിറകുകളില്ല, മരണത്തിനപ്പുറം അതു കുപ്പിപാത്രത്തിലെ മീനിനെപ്പോലെ വട്ടം കറങ്ങുന്നു.
കഥയുടെ പിന്നാമ്പുറങ്ങളില്‍ വ്യര്‍ത്ഥതയുടെ ചാരിതാര്‍‍ഥ്യം കാണുന്നല്ലോ.!

sree said...

ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവന്‍ തോല്‍പ്പിക്കുന്നില്ല, സ്വയം തോല്‍ക്കുകയാണ്. അവന്റെയാണ് ഈ കണ്ണീര്‍. കഥയില്ലായ്മയുടെ മറ്റൊരു കഥ.
ഇത്രേം വാല്‍ക്കഷ്ണമായി ഇടാതിരുന്നത് അഹങ്കാരമായിപ്പോയി എന്നു തോന്നുന്നു ഇപ്പോ! നിഷ്ക്രിയമായതാണ് മരണമെന്നൊക്കെ ആരറിഞ്ഞു ജിതേന്ദ്രാ...നമ്മളിപ്പോള്‍ ഈ ചെയ്തു കൂട്ടുന്നതിലും വ്യര്‍ത്ഥമായിരിക്കില്ല ചിലപ്പോള്‍ ;) പിന്നെ ഞാന്‍ പ്രോ-ലൈഫ് ആയിത്തന്നെയാ എഴുതിയത്. മരണത്തിന്റെ മുന്നിലാണല്ലൊ മനുഷ്യന്‍ ഏറ്റവും ജീവിതോന്മുഖനാവുന്നത്. (“മരണലമ്പടത്ത്വം” എന്ന് സുഭാഷ്ചന്ദ്രന്‍ സ്വന്തം എഴുത്തിനെ വിലയിരുത്തുന്നുണ്ട്)
മിനിക്കഥകളും നിഷ്ക്രിയത്വമല്ലെ? കഥ പറയുക എന്നതല്ല, പറഞ്ഞ കഥകള്‍ പിന്നെയും പറയുക എന്ന കുറുക്കു വഴിയും!

നിലാവര്‍ നിസ said...

വല്ലാതെ മുറുക്കമുള്ള വായന..

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

നല്ല വായനസുഖമുള്ള എഴുത്ത്

sivakumar ശിവകുമാര്‍ ஷிவகுமார் said...

നല്ല ഭാഷ...നല്ല വിവരണം..

smitha adharsh said...

ഉത്തരമില്ലാത്തവയാണ് ചോദ്യങ്ങള്‍. വ്യര്‍ത്ഥമാണ് ത്യാഗങ്ങള്‍ ........
ആരുപറഞ്ഞു..ഇതു? ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെന്കിലും ത്യാഗങ്ങള്‍ വ്യര്‍ത്ഥമല്ല....കേട്ടോ....ഉടനടി കിട്ടിയില്ലെന്കിലും ത്യാഗത്തിന് ഫലം കിട്ടും...
നന്നായി എഴുതിയിരിക്കുന്നു കേട്ടോ...

sree said...

നിസക്കും അനൂപിനും ശിവകുമാറിനും നന്ദി. ഭാഷയുടെ മോടികൂട്ടിയാല്‍ പറയാനുള്ളത് ആരും കേക്കാതെ പോവുമോ എന്നുള്ളത് എന്റെ ഒടുക്കത്തെ പേടിയാ... ;)

ഫലം കിട്ടുമെന്ന് കരുതി ചെയ്യുന്നവയല്ലെ സ്മിതാ ഏറ്റവും വ്യര്‍ത്ഥമായ ത്യാഗങ്ങള്‍? ഫലേച്ഛകൂടാതെ മനുഷ്യനു ചെയ്യാന്‍ കഴിയുന്ന എന്തെങ്കിലുമുണ്ടോ..അറിയില്ല!

കെ.പി.റഷീദ്‌ said...

'ഇന്ന് അവന്‍ വന്നില്ലെങ്കില്‍ അതു തോല്‍വിയല്ല. വന്നാല്‍ ജയവുമല്ല. '
ചില തിരിച്ചറിവുകള്‍ അങ്ങിനെയാ.
ജയവും തോല്‍വിയും നിര്‍ണയിക്കുന്ന
പ്രായോഗികതക്ക് മനസ്സിലാവില്ല ഇത്തരം തിരിച്ചറിവുകള്‍.
സന്തോഷം, ഈ കഥയിലേക്ക്‌ വന്നു പെട്ടതില്‍.
ഭാഷ ഇവിടെ സൂചിമുന പോലെ സൂക്ഷ്മം.

Post a Comment