Monday, May 19, 2008

യമകല്‍പ്പന ഒരു ഓണ്‍ലൈന്‍ പ്രണയകാവ്യം

യമന്‍: നീയുണ്ടോ അവിടെ?

കല്‍പ്പന: ഉവ്വ്. നിന്നെ കാത്തിരിക്കുകയായിരുന്നു

യമന്‍: കല്പനേ, എനിക്കിതു മടുത്തു.കയ്യ്കളിലൂടെ വഴുതിയിറങ്ങുന്ന മരണങ്ങളേ സ്നേഹിച്ചുപോകുന്നു.പിന്നെ അവക്കു മരണം വിധിച്ചും,ഉയിര്‍പ്പിച്ചും ഞാന്‍ തോറ്റു

കല്‍പ്പന: നിനക്കിതു മതിയാക്കിക്കൂടെ? നിന്റെ ഉള്ളിലുള്ളത് കവിതയാണ്
മരണമല്ല.
യമന്‍: ഇല്ലാത്ത ചോയ്സുകള്‍ക്ക് ഒരു രക്തസാക്ഷി കൂടി. ആര്‍ക്കു നഷ്ടം? (ഹും!)
നീ ഇന്നലേ ആ അനാഥശ്രമത്തില്‍ ചെന്നിരുന്നു അല്ലെ?

കല്‍പ്പന: മ്..ആ കുട്ടിയേ കണ്ടു. നീ പറഞ്ഞതുപോലെ നീലക്കണ്ണുകളാണ് അവള്‍ക്ക്. നാലുവയസ്സു കാണും

യമന്‍: കട്ടിലില്‍ നിന്ന് അയാളെ വലിച്ചിടുമ്പോള്‍ ഞെട്ടിയുണര്‍ന്ന് അവള്‍ എന്നെ നോക്കിയിരുന്നു കല്ലു...ഒറ്റത്തവണ...മരിച്ചുപോയി ഞാന്‍ അന്നേരം.

കല്‍പ്പന: വിഷമിക്കേണ്ട. ഹി ഡിസേവ്ഡ് ഇറ്റ്. മറക്കാന്‍ ശ്രമിക്ക്. നിന്റെ ആ കവിതയെവിടെ? വെയിലിനെക്കുറിച്ചെഴുതിയത്? അതു പോസ്റ്റുന്നില്ലെ?

യമന്‍: എന്നെ കരിച്ചുകളയുന്നതിനെ ഞാന്‍ കവിതയാക്കി വാഴ്ത്തണോ? ഇന്നലെ രാവിലേ മുതല്‍ ഈ നേരം വരെ അവരുമായി ഒളിച്ചുകളിയായിരുന്നു. പിടിക്കപ്പെട്ടാല്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല.

കല്‍പ്പന: നമ്മള്‍ തമ്മില്‍ കാണുന്നതോ?

യമന്‍: അതു വേണ്ട..കല്ലു. നീയന്നു പാടിയതു പോലെ "ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്തു കാണാം..."

കല്‍പ്പന: ഇത്രയും ക്രൂരതയരുത് സ്വയം....നിനക്കറിയാമല്ലോ എനിക്ക് എന്റെ ആക്റ്റിവിസത്തിനു താങ്ങാവുന്നത്..

യമന്‍: ....എന്റെ തെറ്റുകളാണ്...മാപ്പില്ലാത്ത ഈ പാപങ്ങളാണ്..നിന്നെ നിന്റെ നന്മയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത്..അല്ലെ?

കല്‍പ്പന: അങ്ങിനെ പറയരുത് യമാ...നീ ഒളിച്ചിരിക്കുന്നത് നിന്നോടു തന്നെയാണ്..അതാണെന്റെ ഭയം. നിന്റെ കവിതകള്‍...നീ വെളിപ്പെടുന്ന ഇടങ്ങളാണ്...അവയെ പ്രേമിക്കുന്നതാണ് എന്റെ ഊര്‍ജ്ജം. നിന്റെ വരികളില്ലാതായാല്‍ പിന്നെ കല്‍പ്പന എന്ന സാമൂഹ്യപ്രവര്‍ത്തകയും ഇല്ല.

യമന്‍: മ്...പാപം പകരുന്നതിങ്ങനെയും ആവാം. ഒരേ ചക്രത്തില്‍ കറങ്ങുന്നവരാണ് നാം.

കല്‍പ്പന: നീ ഇപ്പോള്‍ കഫേയിലാണോ..മറ്റേ റ്റൌണ്‍ഹാളിനു സമീപമുള്ളത്?

യമന്‍: അല്ല ഞാന്‍ നഗരത്തിനു വെളിയില്‍..മറ്റൊരിടത്താണ്. അവര്‍ ചുറ്റും വലവീശിയിട്ടുണ്ട്. എനിക്കുടനെ പോകണം കല്ലൂ..

കല്‍പ്പന: നാളെ ജില്ലാ ആശുപത്രിയില്‍ ജനസേവ ക്യാമ്പ്. രാത്രിയാവും വരാന്‍. ഇനി എന്നാ നീ ഓണ്‍-ലൈന്‍ വരുന്നത്?

യമന്‍: അറിയില്ല. മെയിലിടാം. പോണൂ കല്ലൂ....തെറ്റുകള്‍ ഭാണ്ഡം കവിയുമ്പോള്‍ ഇനിയും നിന്നെ തിരക്കി വരും ഞാന്‍...

കല്പന: ഞാന്‍ കാത്തിരിക്കുന്നുണ്ടാവും.


സെന്റ്രല്‍ ജെയിലില്‍ ഇന്റെര്‍നെറ്റ് സൌകര്യം വന്നതു പുതിയ ജെയിലര്‍ റോയ് കുര്യന്റെ പ്രത്യേക താല്‍പ്പര്യം മൂലം. യമന്‍ എന്ന പ്രോഫൈലിനുടമ, രണ്ടുദിവസത്തിലൊരിക്കല്‍ കനിഞ്ഞു കിട്ടുന്ന നെറ്റ് സ്വാതന്ത്ര്യം കഴിഞ്ഞല്ലോ എന്ന വേദനയോടെ അഴികള്‍ക്കുള്ളിലേക്ക് മടങ്ങി. കല്‍പ്പന എന്ന പേരില്‍ നെറ്റില്‍ ആക്റ്റിവിസം നടത്തി മോഹഭംഗങ്ങളുടെ മുറിഞ്ഞ ചിറകുകള്‍ ഉണക്കുന്ന ബിന്ദു അത്താഴത്തിനു കറി ഒപ്പിക്കാന്‍ തിരക്കിട്ട് അടുക്കളയിലേക്കും. കൂട്ടത്തില്‍ പിറ്റെന്ന് ഭര്‍ത്താവിന്റെ കസിന്റെ കല്യാണത്തിനു പോകാനുള്ള സാരിയെടുത്തുവക്കാനും ഓര്‍ത്തു.ആരും കണ്ടില്ല. ആരും അറിഞ്ഞുമില്ല.

തെറ്റാണ്.ആര്‍ക്കറിയാം തെറ്റ് ആരുടെയാണെന്ന്?

*************************
Angshukantha Chakraborthy യുടെ Brunching with Ophelia എന്ന ഒരു തട്ടുപോളി നോവലില്‍ ഒരു നെറ്റ്-ഹാമ്ലെറ്റിനെയും ഒഫീലിയയെയും കണ്ടപ്പോള്‍, സ്മിതാ ആദര്‍ശിന്റെ ഓര്‍ക്കുട്ടിലെ കള്ളനാണയം വായിച്ചപ്പോള്‍ ഒക്കെ മിന്നിമറഞ്ഞ ചില തോന്നലുകള്‍. ഇന്റര്‍നെറ്റ് എന്ന സാഗര നീലിമയില്‍ പലരൂപങ്ങളില്‍ ഒളിച്ചു നീന്തി സായൂജ്യമടയുന്ന പരല്‍മീനുകളുടെ തെറ്റും ശരിയും ഓര്‍ത്തുപോയി. ജീവിച്ചിരിക്കുന്നവരോ,മരിച്ചവരോ, ജയിലില്‍ക്കിടക്കുന്നവരോ ആയ ആരുമായും ബന്ധമില്ലെ...

Saturday, May 17, 2008

ഒരു മാലാഖയുടെ മരണത്തെക്കുറിച്ച്

പെരിങ്ങോടന്റെ മാലാഖയുടെ മരണം എന്ന കഥ എന്നില്‍ രേഖപ്പെടുത്തിയ ചിലത് ഇവിടെ എഴുതിവച്ചിട്ടുണ്ട്. നോക്കുമല്ലോ?

Monday, May 12, 2008

സുഷമ

ഞാനിന്നുവരെ ഒരു വേശ്യയെ നേരില്‍കണ്ടിട്ടില്ല. എങ്ങിനെയിരിക്കും അവള്‍? എന്നെപ്പോലെ ഉയരവും വണ്ണവും ഉണ്ടാവുമോ? നിറം? എന്നെപ്പോലെ ഇരുട്ട് പേടികാണുമോ? അടച്ചിട്ട മുറിയില്‍ ഇരിക്കാനിഷ്ടമില്ലായിരിക്കുമോ? ആ..അറിയില്ല. അറിയാത്ത ഒന്നിന്നെക്കുറിച്ച് സങ്കല്‍പ്പിക്കാനും അറിയില്ല. സാധാരണമനസ്സാണ് എന്റെ. അതു കൊണ്ടാണ് ഒരു വേശ്യയെ കണ്ടപടി, കിറുകൃത്ത്യമായി വര്‍ണ്ണിക്കാന്‍ എനിക്കുകഴിയാത്തത്. ഇല്ലെങ്കില്‍ ഞാന്‍ സുഷമയെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ക്കു മനസ്സിലായേനെ അവള്‍ ആരാണെന്ന്.

സുഷമയും ഞാനും വലിയ കൂട്ടായിരുന്നു. കോളെജില്‍. അന്ന് പ്രീ-ഡിഗ്രി എന്ന സമുദ്രം ഉള്ളകാലമാണ്. ഇരുണ്ട് തിരക്കുപിടീച്ച ഗാലറിക്ലാസ്സുകള്‍ക്കുള്ളില്‍ പേടിച്ചരണ്ട മാന്‍പേടകളെപ്പോലെ ഇരിക്കുമായിരുന്നു ഞാനും അവളും ഒക്കെ. മുന്‍ബഞ്ചിലെ മിടുക്കരിലും പിന്‍ബെഞ്ചിലെ തലതെറിച്ചവരിലും പെടാത്ത് സാധാ മിഡില്‍-റോ പാര്‍ട്ടികള്‍. ഭുമുഖത്തെ ഒരു അദ്ധ്യാപകരും ശ്രദ്ധിച്ചിട്ടില്ലാത്ത മധ്യവര്‍ത്തികള്‍.
ഞാന്‍ അവളെ ശ്രദ്ധിച്ചുതുടങ്ങിയത് നോട്ടുബുക്കില്‍ അവള്‍ കുറിച്ചുവച്ചിരുന്ന കവിത വായിച്ചാണ്. അവളുടെ സമ്മതം വാങ്ങി ഞാനത് എന്റെ ചുവന്ന ലെതര്‍ ചട്ടയുള്ള ഡയറിയുടെ ആദ്യത്തെ പേജില്‍ പകര്‍ത്തിവച്ചു. ഇന്നലെ, അവളുടെ പടം പത്രത്തില്‍ കണ്ടപ്പോള്‍ പൊടിപിടിച്ച് ഉത്തരത്തിലെ കാര്‍ബോഡ് പെട്ടിയില്‍ കിടന്നിരുന്ന ഡയറി ഞാന്‍ തപ്പിയെടുത്തു. എന്റെ പതിനാറാം വയസ്സിന്റെ ഭയപ്പാടുകള്‍ക്കും വര്‍ണ്ണസ്വപ്നങ്ങള്‍ക്കും ആരംഭം കുറിക്കുന്നത് ആ വരികളാണ്.

ഇവന്‍ എന്റെ കാമുകന്‍
ഉടലോടെ എന്നെ വേരുപിഴുത്
മാറത്തിട്ട് ചിരിക്കുന്നവന്‍
നിഷേധി.
മടുക്കുമ്പോള്‍
തട്ടിക്കുടഞ്ഞുകളഞ്ഞ് പോകുന്നവന്‍
പിന്നെ
ഇരമ്പലായി
ചിലപ്പോള്‍ ചാറ്റലായി
കണ്ണീര്‍ക്കടലായി
എന്റെ ജനാലക്കല്‍
പെയ്തൊടുങ്ങുന്നവന്‍
കര്‍ക്കിടകമഴ
ഇവന്‍ എന്റെ കാമുകന്‍

ഇന്നലെ രാത്രി പിള്ളേരും കെട്ടിയവനും ഉറങ്ങിക്കഴിഞ്ഞ് ഏറെ നേരം ഞാന്‍ ദ്രവിച്ചുതുടങ്ങിയ ആ ഡയറിയുമായി ഇരുന്നു. സുഷമയെക്കുറിച്ച് എനിക്ക് വേറെ എന്തെങ്കിലും ഓര്‍ത്തെടുക്കാനാവുന്നുണ്ടോ എന്ന് ശ്രമിച്ചു. കഷ്ടം തന്നെ. ഈ വരികളും അവളുടെ മൂളിപ്പാട്ടും, പച്ചക്കളര്‍ പാവാടയുമല്ലാതെ ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല.

ഞാന്‍ സായാഹ്നപത്രത്തിന്റെ ഏടുകള്‍ വീണ്ടും മറിച്ചു നോക്കി. ബാങ്കില്‍ നിന്നിറങ്ങി വരുമ്പോള്‍ പതിവുള്ള നാരങ്ങാവെള്ളത്തിന് കവലയിലെ തിരുവില്‍ വണ്ടി നിര്‍ത്തിയതാണ്. പതിവു പോലെ നാരങ്ങാവെള്ളത്തിന്റെ ഉപ്പും മധുരവും തണുപ്പും നുണയുമ്പോള്‍ മുകളില്‍ കിടന്ന് മാടിവിളിക്കുന്ന ആഴ്ചപതിപ്പുകളിലെ സുന്ദരമുഖങ്ങളിലേക്ക് ഒളികണ്ണെറിഞ്ഞുകൊണ്ടിരുന്നു. അപ്പോഴാണ് കണ്ടത് അതിനിടയില്‍ സായാഹ്നപത്രത്തിന്റെ ഏടുകളില്‍ ഒട്ടി എന്റെ സുഷമ. അതു ചോദിച്ചുവാങ്ങിയപ്പോള്‍ കടക്കാരന്‍ എന്നെ ഒന്ന് അര്‍ത്ഥം വച്ചു നോക്കിയത് കണ്ടില്ലെന്ന് നടിച്ച് സ്കൂട്ടര്‍ വിട്ടു.

ഒരു മാറ്റവുമില്ല അവളുടെ മുഖത്തിന്. വെട്ടിയൊട്ടിച്ചപടത്തിലും ചന്തം മുഴുവനറിയാം. പക്ഷെ ആ വാര്‍ത്ത വായിച്ചിട്ട് എനിക്ക് എത്തുംപിടിയും കിട്ടിയില്ല. നഗരത്തിലെ ഒരു ബ്യൂട്ടിപാര്‍ലെറിന്റ്റെ പേരും ചില സിനിമാനടികളുടെ പേരും ഒരു എം.എല്‍.എ യുടെ പേരും വരെ ഉള്ള വാര്‍ത്തയില്‍ സുഷമ, ബ്യൂട്ടിപാര്‍ലറിലെ മസ്സാജിസ്സ്റ്റ് (30) എന്നും കണ്ടു. എനിക്കാകെ വല്ലാതെയായി. വൈകീട്ട് ഭര്‍ത്താവിന് ചായവെക്കുമ്പോളും, അത്താഴമുണ്ടാക്കുമ്പോളും, തുണി ഇസ്തിരിയിടുമ്പോളും എന്റെ മനസ്സ് സുഷമയെ ചുറ്റിപ്പറ്റി. പത്രം വെറുതെ മറിച്ചുനോക്കിയിട്ട് ഇതാരാഇവിടെ ഈ പത്രം വാങ്ങിയത്, നീയാണോ എന്ന് ഭര്‍ത്താവുചോദിച്ചപ്പോള്‍ വല്ലതും പൊതിഞ്ഞുകൊണ്ടുവന്നതാവും എന്ന് പരുങ്ങുകയും ചെയ്തു. അതില്‍ എന്റെ കൂട്ടുകാരിയുടെ പടമുണ്ട് എന്നു പറയാനുള്ള ധൈര്യവും പറഞ്ഞാ‍ല്‍ കേട്ടുകൊണ്ടിരിക്കാനുള്ള മനസ്സും ഞങ്ങള്‍ക്കു രണ്ടാള്‍ക്കുമില്ല.

പക്ഷെ, സുഷമ എന്നെപ്പോലെ ഒരു സാധാരണപെണ്ണല്ലെ? പണ്ട് കുട്ടിക്കാലത്തു കണ്ട സിനിമകളില്‍ ചില സ്ത്രീകള്‍ ചുണ്ടില്‍ ചായം തേച്ച് സ്ലീവ്ലെസ്സ് ബ്ലൌസുമിട്ട് കേള്‍ക്കാന്‍ കൊള്ളാത്ത കാര്യങ്ങള്‍ കണ്ണിറുക്കിപ്പറഞ്ഞ ശരീരംകുലുക്കി നടന്നുപോവുന്നതു കണ്ടിട്ടുണ്ട്. സുഷമ പക്ഷെ അങ്ങിനെയൊന്നും അല്ലല്ലൊ...ഇനി അവള്‍ അങ്ങിനെയൊക്കെ ആയിക്കാണുമോ? ഞാന്‍ പത്രത്തിലെ ഫോട്ടോ തിരിച്ചും മറിച്ചും നോക്കി. അരണ്ട ബെഡ്രൂം ലാമ്പിന്റെ വെളിച്ചത്തില്‍ ചുളുങ്ങിയ പത്രത്താളിനുള്ളില്‍ ഒരു വാടിയ ഇതളുപോലെ അവളുടെ മുഖം കാണാം. കണ്ണില്‍ ഇപ്പഴും പഴയ തെളിഞ്ഞ കുസൃതി. കവിളുകള്‍ ലേശം ഒട്ടിയിട്ടുണ്ട്. നെറ്റികയറി. നിറം മങ്ങി. ഉടുത്തിരിക്കുന്ന നീലസാരിയുടെ പ്രിന്റ് ബോര്‍ഡര്‍ ഒഴിഞ്ഞ കഴുത്തിനു താഴെ ചെറുതായിട്ട് കാണാം. അതിനപ്പുറം ഒന്നും കാണാന്‍ വയ്യ. കാണെ കാണെ അവളുടെ കണ്ണില്‍ വല്ലാതൊരു കരച്ചില്‍ വഴിമുട്ടി നില്‍ക്കുന്നുണ്ടോ എന്ന് എനിക്കു തോന്നി. ഇല്ല. തോന്നലായിരിക്കും. ഒരു നിസ്സംഗതയാണ് മുഖത്ത്. അതോ വിരക്തി? മനുഷ്യന്‍ കോറിയിടുന്ന ചിത്രങ്ങള്‍ പോലെതന്നെ കാമറകണ്ണുകള്‍ക്കും ഒന്നും കാണാന്‍ കഴിയില്ല. ഒരു പാടു നേരം ചിത്രത്തിലേക്ക് നോക്കിയിരുന്നിട്ടാവണം എനിക്ക് കണ്ണു കഴച്ചു. ചുറ്റുമുള്ള മറ്റു ചിത്രങ്ങളും ചലിക്കുന്നതായി തോന്നി. പാര്‍ലര്‍ മുതലാളിയായ സ്ത്രീയും അവരുടെ ശിങ്കിടി എന്നു പറയപ്പെടുന്ന ബിസ്സിനസ്സുകാരനും, കേസന്വേഷിക്കുന്ന പോലീസുകാരനും എല്ലാ ചിത്രങ്ങളും കൂടെ സുഷമയുടെ തലക്കുചുറ്റും നൃത്തം വക്കുന്നതായി തോന്നാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പത്രം വലിച്ചെറിഞ്ഞ് എഴുന്നേറ്റു.

കിടക്കയിലേക്ക് ചെരിഞ്ഞത് കണ്ണുമടച്ചായിരുന്നു. സുഷമയെ വെറുക്കണോ, തഴയണോ, മറക്കണോ, ആകെ ആശയക്കുഴപ്പത്തിലായി ഞാന്‍. അന്വേഷിച്ചു ചെന്നാലല്ലാതെ അവളെ ഞാന്‍ കാണാനിടയില്ല. കണ്ടാല്‍ എന്തു പറ്റി സുഷമെ, നീയിങ്ങനെയൊക്കേ...എന്ന് ചോദിക്കുകയോ ചോദിക്കാതിരിക്കുകയോ ചെയ്യാം. അവളുടെ ഉത്തരത്തില്‍ ഒരു പുഴയോളം കണ്ണീര്‍ ചിലപ്പോള്‍ കാണുമായിരിക്കും. ഒന്നും മിണ്ടാതിരുന്ന് അവളുടെ സങ്കടം ഞാന്‍ അറിയുന്നു എന്ന് വരുത്താം. മഞ്ഞപ്പത്രത്തിന്റെ ലേഖകന്‍ അവളെക്കുറിച്ച് ഇനിയും എന്തെങ്കിലും ഒരു വരി കൂടെ എഴുതിയിരുന്നെങ്കില്‍ എന്ന് മോഹിച്ചുപോയി. രാവിലെ എഴുന്നേറ്റപാടെ എന്റെ കൈവശമുള്ള പഴയ കൂട്ടുകാരുടെ ഫോണ്‍ നമ്പറുകളും, അഡ്രസ്സുകളും ഒക്കെ തപ്പിപ്പിടിച്ചു. ആരെയെങ്കിലും വിളിച്ച് സുഷമയെക്കുറിച്ചന്വേഷിക്കണം.

മാര്‍ച്ചുമാസത്തിലെ ഒടുക്കത്തേ ആഴ്ച..അറിയാമല്ലൊ..ബാങ്കില്‍ എല്ലാവര്‍ക്കും ഭ്രാന്തുപിടിക്കുന്ന സമയമാണ്. അതു കോണ്ട് ഞാന്‍ സുഷമയുടെ കാര്യം മറന്നു എന്നല്ല. രണ്ടു മൂന്നു ദിവസം കൊണ്ട് രാജി, ഉമ, അരുണ്‍ തുടങ്ങിയവരെ വിളിച്ച് സുഷമയെക്കുറിച്ച് അറിയാവുന്നതൊക്കെ ചേര്‍ത്തുവച്ചു. എന്നിട്ടും അവളുടെ ചിത്രം എനിക്ക് ഒരു സമാധാനവും തന്നില്ല. കല്യാണം കഴിഞ്ഞും അവള്‍ എന്തുകൊണ്ട് പഠിച്ചില്ല. മക്കളില്ലെങ്കില്‍ പിന്നെ ഭര്‍ത്താവു മരിച്ചിട്ട് എന്തേ വെറെ കല്യാണം കഴിച്ചില്ല. ഒരു പാര്‍ലറില്‍ മസാജിസ്റ്റ് ആയി ഒതുങ്ങേണ്ട വിവരവും വിദ്യാഭ്യാസവും അല്ല അവള്‍ക്ക്. എന്നിട്ടും അങ്ങിനെയായിത്തീര്‍ന്നെങ്കില്‍ അവള്‍ക്ക് എവിടെയെങ്കിലും ശരിക്കും തെറ്റിക്കാണുമോ? എന്താവും ആ തെറ്റ്? എങ്ങിനെയായിരിക്കും അത്? സുഷമക്കു പറ്റാവുന്നത് എനിക്കും പറ്റാമല്ലൊ? ഉള്‍ക്കിടിലത്തോടെ വന്ന തോന്നലുകളൊക്കെ ഞാന്‍ വിഴുങ്ങി. വല്ലാത്ത വിമ്മിഷ്ടവും തലവേദനയുമൊക്കെ ആയി എനിക്ക്. ബാങ്കിലെ തിരക്കുകാരണമെന്ന് വീട്ടിലും, പിള്ളേരു പഠിക്കാഞ്ഞിട്ടാണെന്ന് ബാങ്കിലും പറഞ്ഞൊഴിഞ്ഞു.

എല്ലാ കാര്യകാരണങ്ങളും ചെന്നവസാനിക്കുന്ന കിടപ്പുമുറിയിലെ മെത്തയിലും സുഷമയുടെ നിഴല്‍ വീണുതുടങ്ങിയപ്പോള്‍ ഭര്‍ത്താവറിഞ്ഞു. നിനക്കെന്താ എന്ന് പലവുരു കോപിച്ചും കെറുവിച്ചും ചോദിച്ചു. എനിക്കറിയില്ല എന്ന ഉത്തരത്തിനുള്ളിലെ പതിഞ്ഞ പേടി വര്‍ഷങ്ങളുടെ പരിചയക്കണക്കുകൊണ്ട് മണത്തറിഞ്ഞു. അതേ കണക്കുകൊണ്ടുതന്നെ പിന്നെ കൂട്ടിയും കിഴിച്ചും മറന്നു. എനിക്കുമാത്രം എന്നും രാത്രി തെറ്റിയ വഴിക്കണക്കു പോലെ സുഷമയേ ഓര്‍മ്മ വന്നു. അവള്‍ എങ്ങിനെയിരിക്കും? ഒളിച്ചും പതുങ്ങിയും അവള്‍ ഇപ്പോഴും മഴയെ പ്രേമിക്കുന്നുണ്ടാവുമോ? ഒന്നു തകര്‍ത്തു പെയ്ത് മാറത്തിട്ടു ചിരിക്കാന്‍ ഒരു മഴ കൊതിക്കുന്നുണ്ടാവുമോ? എന്നെപ്പോലെ അവള്‍ക്കും അടച്ചിട്ട മുറിയുടെ തണുത്ത വിരല്‍ കഴുത്തറ്റം ഇഴഞ്ഞുകയറുന്നത് തട്ടിമാറ്റാന്‍ തോന്നുന്നുണ്ടാവുമോ? എന്നിട്ട് വാതിലുകള്‍ തുറന്ന് ജനലുകള്‍ തുറന്ന് ഇരമ്പിയാര്‍ത്തുവരുന്ന മഴയുടെ താളം മുറിയുന്നതു വരെ കൂടെ പെയ്യാന്‍ തോന്നുണ്ടാവുമോ? നനഞ്ഞു കുതിര്‍ന്ന ഒരു പഴംതുണികെട്ടു പോലെ സുഷമ റോഡരികില്‍ കിടക്കുന്നത് മഞ്ഞപത്രത്തില്‍ അച്ചടിച്ചുവന്നത് ഞാന്‍ സ്വപ്നം കണ്ടു. പലതവണ.

ഏപ്രിലില്‍ ദു:ഖവെള്ളിയുടെ അന്നാണ് കോടതി ജാമ്യത്തില്‍ വിട്ട അവളുടെ ശരീരം ഡാമില്‍ പൊന്തിവന്ന വാര്‍ത്ത പത്രത്തില്‍ വന്നത്. അതേ മഞ്ഞപ്പത്രത്തില്‍ തന്നെ. ചിത്രവും ഉണ്ടായിരുന്നു. മകനു ചിക്കന്‍പോക്സ് വന്ന സമയം വരെ ആ സ്വപ്നം ഇടക്കിടെ വരുമായിരുന്നു.

Wednesday, May 7, 2008

പാപത്തിന്റെ കറ

ഈ ബാല്‍ക്കണിയില്‍ നിന്നും താഴോട്ട് നോക്കിയാല്‍ എനിക്കവരെ കാണാം.രാവിലത്തെ മടിപിടിച്ച ബെഡ്കോഫിയുമായി എന്നും ഇവിടെ നില്‍ക്കുന്നത് ശുദ്ധവായുകിട്ടാനാണ്. താഴെ വൃത്തികെട്ട ഒരു തെരുവാണ്. വൃത്തികേടുകള്‍ എനിക്കിഷ്ടമല്ല. അതുകൊണ്ടു മനപ്പൂര്‍വ്വം നോക്കാറില്ല. നാലാം നിലയില്‍ നിന്നും നഗരത്തിന്റെ ചപ്പുചവറുകള്‍ വീഴുന്ന മൂലക്ക് അകലം ഏറെയുണ്ടല്ലോ എന്നതായിരുന്നു സമാധാനം. ആശ്വാസം കെടുത്താനായിട്ട് ഒരു ദിവസം അവരെ കാണുന്നതു വരെ.

മൂലക്ക് കടത്തിണ്ണയില്‍ പുലര്‍ച്ചെ അവര്‍ വന്നിരിക്കും. വെയിലാവുമ്പോള്‍ ചെക്കന്‍ അനിയത്തിക്കുട്ടിയെ അവിടെയിരുത്തി എഴുന്നേറ്റു പോവും. ഞാന്‍ പലവക പണികളുമായി ഉള്ളിലേക്കു വലിയും. പിന്നെ ഉച്ച തിരിഞ്ഞ് ഉണക്കാനിട്ട തുണികള്‍ എടുക്കാനാണ് ബാല്‍ക്കണിയിലേക്ക് മടിച്ചു മടിച്ചു വരിക. ചുട്ടുപൊള്ളിക്കുന്ന കമ്പികളില്‍ നിന്ന് കൈതൊടാതെ തുണി വലിച്ചൂരിയേടുത്ത് വെയിലിലേക്കു നോക്കവയ്യാതെ കണ്ണുമടച്ച് വീടിനകത്തേക്ക് ഓടുകയാണ് പതിവ്. സ്കൂള്‍ വിട്ടു വന്ന മകന്‍ വാനില്‍ നിന്നുമിറങ്ങി അപാര്‍റ്റുമെന്റിലേക്ക് കേറുന്ന ഇടം വരെ വെയില്‍ കൊള്ളുമല്ലൊ എന്ന് ആദിപിടിക്കാനുള്ള സമയമാണ് ബാക്കി.

"ഈ നഗരം ഒട്ടും ശരിയല്ല. ചൂട്, അഴുക്ക്, നാറ്റം...പിന്നെ കലാപങ്ങളുണ്ടാവുന്ന സ്ഥലമായതുകൊണ്ടുള്ള അരക്ഷിതാവസ്ഥ വേറെയും.നമുക്ക് ഇവിടം വിടണം..." ഭര്‍ത്താവ് പറയുന്നതു കേട്ട് ആശ്വാസത്തോടെ മോനെ പുതപ്പിച്ച് എ.സിയുടെ തണുപ്പുകൂട്ടി ഒരു വലിയ കമ്പിളിക്കുള്ളില്‍ മൂന്നുപേരും കൂടെ ചുരുണ്ടു കൂടും.

ഒരു പെണ്‍കുഞ്ഞു കൂടി വേണം എന്ന് രണ്ടാള്‍ക്കും മോഹമുണ്ട്. മോനു മൂന്നു വയസ്സുള്ളപ്പോഴുണ്ടായ മിസ്കാരെജ് കാരണം ധൈര്യമില്ലാതെ സ്വപ്നം താലോലിച്ച് നടക്കുന്നു. ഏഴു വയസ്സുകാരന്‍ മകന്‍ അനിയത്തിപ്രാന്തന്‍ ആയത് കൂട്ടുകാരന് പാവക്കുട്ടിയെപ്പോലിരിക്കുന്ന ഒരു അനിയത്തിയെകിട്ടിയപ്പോള്‍ മുതല്‍.

വെറുതെ ഒരു നേരമ്പോക്കിനാണ് കടത്തിണ്ണയിലെ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചുതുടങ്ങിയത്. നോട്ടങ്കി കൂട്ടത്തിലുള്ളതാവണം, കൂട്ടം തെറ്റിയതാവാം. അവറ്റകളുടെ ശല്യം ഭയങ്കരമായിരുന്നു എന്ന് വാച്മാന്‍ ഞങ്ങള്‍ ഫ്ലാറ്റില്‍ താമസമാക്കിയപ്പോള്‍ പറഞ്ഞിരുന്നു. "അബ് കോയി പ്രാബ്ലം നയി ബീവിജി..സബ്ക്കൊ ഭഗാദിയാ.." എന്ന് അയാള്‍ നെഞ്ചുംവിരിച്ച് പറഞ്ഞതിന്റെ പുറത്താണ് സമ്മതം മൂളിയതു തന്നെ.

ഇവരെക്കൊണ്ട് ശല്യമൊന്നുമില്ല. ഇനി മോഷ്ടിക്കാനാണെങ്കില്‍, ചെക്കനു വലിയ മതില്‍ ചാടിക്കിടക്കാറായിട്ടില്ല. മോനെക്കാള്‍ ശകലമേ ഉയരം കൂടു അവന്. കണ്ണുവെട്ടിച്ചെങാനും അകത്തു കടന്നാല്‍ വാച്മാന്‍ ഓടിച്ചോളും.

ഇത്രയൊക്കെ ആശ്വസിച്ചിട്ടും കടത്തിണ്ണയിലെ അവരുടെ കിടപ്പും ഇരിപ്പും വല്ലാതെ അലോസരപ്പെടുത്തി. രാവിലെ ചെക്കന്‍ പോയാല്‍ പിന്നെ ഉച്ചയാവുമ്പോള്‍ വരുന്നുണ്ടെന്ന് കണ്ടുപിടിച്ചു. വല്ലയിടത്തുനിന്നും പെറുക്കിയ പൊതിയില്‍ തിന്നാനും കാണും. അതു തുറന്നു വച്ച് രണ്ടു പേരും കൂടെ വലിച്ചുവാരിതിന്നുന്നത് നോക്കാന്‍ തന്നെ അറക്കും. ഇവറ്റകള്‍ക്ക് അസുഖമൊന്നും വരില്ലേ? തിന്ന് കയ്യും തുടച്ച് അവന്‍ പിന്നേം പോവും. പെണ്ണ് അവിടെ മൂലക്ക് ചുരുണ്ടുകൂടിയിരിക്കും. കണ്ണാടിജനലുകള്‍ മുറിച്ചു വില്‍ക്കുന്ന കടയാണ്. നിറയേ കുപ്പിച്ചില്ലുകളാണ് പരിസരം മുഴുവന്‍. നോട്ടങ്കി കൂട്ടത്തില്‍ ഇവരുടെ അച്ഛനുമമ്മയും കാണില്ലെ? അവര്‍ക്കും വേണ്ടേ ഇവരെ?

ഷോപ്പിങ്ങിനു വല്ലപ്പോഴും ഇറങ്ങുന്ന ഞായറാഴ്ചയാണ് ആ പെണ്ണിനെ അടുത്തുകണ്ടത്. ജനിച്ചപ്പോള്‍ മുതലുള്ള അഴുക്കുണ്ട് ദേഹത്ത്. കാറിന്റെ വിന്‍ഡോ താഴ്ത്തി ഞാന്‍ നോക്കുന്നതു കണ്ടപ്പോള്‍ പെണ്ണ് തലചൊറിഞ്ഞു വന്ന് കൈനീട്ടി. "ഗ്ലാസ് കേറ്റിക്കോ.." എന്നു ഭര്‍ത്താവു പറയുന്നതിനു മുന്നെ ഞാന്‍ കേറ്റിയിരുന്നു. ഒരു രണ്ടുരൂപാ നാണയം അവള്‍ക്കുള്ളത് വലിച്ചെറിഞ്ഞതിന്റെ ആശ്വാസത്തില്‍ സീറ്റിലേക്ക് ചരിഞ്ഞു. "ആ കുട്ടി അത് കാണാഞ്ഞിട്ട് റോഡില്‍ തപ്പുന്നു അമ്മെ.." മോന്‍ പറഞ്ഞത് ഗൌനിച്ചില്ല.

തിരികെ വരുന്നവഴിക്ക് ഗെയിറ്റു തുറക്കാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കയ്യിലുണ്ടായിരുന്ന ബിസ്കറ്റിന്റെയും ജ്യൂസിന്റെയും ഒക്കെ ബാക്കി ആ കുട്ടിക്ക് കൊടുത്തോട്ടെ അമ്മേ എന്ന് മോന്‍ ചോദിച്ചു. അവന്‍ കവറും അടുക്കിപ്പിടിച്ച് ഓടുന്നത് തെല്ലൊരു അഭിമാനത്തോടെ നോക്കിയിരിക്കുകയും ചെയ്തു.

"ഇവിടെ അടുത്ത് വല്ല അനാഥാശ്രമമോ, ശിശുക്ഷേമ ഭവനോ ഉണ്ടോ ആവോ..?" രാത്രി ഉറക്കം പിടിച്ചു തുടങ്ങിയ ഭര്‍ത്താവിനെ കുലുക്കി വിളിച്ച് പറഞ്ഞത് ഒരു ദിവസം മുഴുവന്‍ ആലോചിച്ചു കണ്ടുപിടിച്ച പരിഹാരമാണ്.
"ആ..ആര്‍ക്കറിയാം.." പറഞ്ഞു തീരുന്നതിനു മുന്നേ ഉറങ്ങിക്കഴിഞ്ഞു കക്ഷി. പാവം. ഉറങ്ങിക്കോട്ടെ. നാളത്തെ മീറ്റിങ്ങ് ക്രൂഷ്യല്‍ ആണ്. പ്രകടനമനുസരിച്ചാവും മറ്റൊരു നഗരത്തിലേക്ക് സീനിയര്‍ ഗ്രേഡില്‍ റ്റ്രാന്‍സ്ഫര്‍ കിട്ടുക എന്നു പറഞ്ഞിരുന്നു.

അന്നു പകല്‍ ബോറടിച്ചിരിക്കുമ്പോള്‍ ഒരു ഓര്‍ഫണേജിന്റെ നംബര്‍ തപ്പിപ്പിടിച്ച് അവരെ വിളിച്ചു നോക്കിയതും തെരുവുകുട്ടികളെ ഏറ്റെടുക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ പറഞ്ഞുതന്ന് അവര്‍ അത്തരമൊരു സംഘടനയുടെ നമ്പര്‍ തന്നതും അവരെ വിളിച്ച് സംസാരിച്ചതും ഒന്നും പറഞ്ഞില്ല. വല്ലാത്ത ഒരു കുറ്റബോധം പോലെ. "അവര്‍ അവിടെ സമാധാനമായിട്ട് കഴിയുന്നതില്‍ നിനക്കു വല്ലാത്ത ദണ്ണക്കേടാണല്ലോ..." എന്ന് ഭര്‍ത്താവു കളിയാക്കിയിരുന്നു.

ചൂടുകൊണ്ടാവും ഉറങ്ങാന്‍ കഴിയാത്തത്. ബാല്‍ക്കണിയില്‍ തണുപ്പുണ്ടോ എന്നു നോക്കാന്‍ ചെന്നു. താഴെ കടത്തിണ്ണയില്‍ മുയല്‍ക്കുട്ടികളെപ്പോലെ രണ്ടുരൂപങ്ങള്‍ കീറച്ചാക്കിനുള്ളില്‍ ഉറങ്ങുന്നു. ഇറങ്ങി ചെല്ലാന്‍ ധൈര്യമില്ലാത്തതു കൊണ്ട് സങ്കല്‍പ്പിച്ചു നോക്കി... ഒരു ചാക്കിനുള്ളില്‍ ഉടുപ്പിടാത്ത രണ്ടു ശരീരങ്ങള്‍ പരസ്പരം ചൂടുപകര്‍ന്ന് കെട്ടിപ്പുണര്‍ന്നുറങ്ങുന്നത്. അവളുടെ മുഖം ചാക്കിനകത്താണ്. അവന്റെ കൈയ്യും മുഖവും വെളിയിലും. അവളുടെ കുഞ്ഞുദേഹം ആവുപോലെ അവന്‍ കൈയ്യണച്ച് പിടിച്ചിട്ടുണ്ട്. രണ്ടുപേരും കൂടെ ഈ ഭൂമുഖത്ത് ഉപയോഗിക്കുന്നത് കഷ്ടിച്ച് ഒരു ബെഞ്ചിന്റെ ചുവട്. മൂന്നാമതൊരാള്‍ക്ക് ഒരു ശല്യവുമില്ല അവരെക്കൊണ്ട്. അവരുടെ വിശപ്പോ ദാഹമോ എനിക്കു പകരില്ല. അവരുടെ വേദനകള്‍, വളര്‍ച്ചയുടെ പടവുകള്‍, അനുഭവങ്ങള്‍ എങ്ങിനെയിരിക്കും എന്ന് എനിക്ക് ഊഹിക്കാന്‍ പോലും ആവില്ല. അവര്‍ക്കു നല്ലതെന്ത് ചീത്തയെന്ത് എന്ന് ഞാന്‍ തീരുമാനിക്കുന്നതെങ്ങനെ? അവരെക്കൊണ്ട് എനിക്കുള്ള ബുദ്ധിമുട്ട്, മനസ്സിലാക്കാന്‍ കഴിയാത്ത ഈ കുറ്റബോധച്ചുവയാണ്. എനിക്കവരെക്കൊണ്ട് ഒരു ഭീഷണിയുമില്ല.പകരുന്ന അസുഖങ്ങള്‍ക്കെതിരെ ജാഗ്രതയുണ്ട് വീട്ടില്‍. അവരവിടെക്കിടന്നുറങ്ങുന്നതു കൊണ്ട് എനിക്കെന്താണ് ബുദ്ധിമുട്ട്?

പിറ്റെന്ന് പയ്യനെ പിടികിട്ടാന്‍ അതിരാവിലെ എഴുന്നേറ്റു. രണ്ടു പേരും കടത്തിണ്ണയില്‍ ഇരിപ്പുണ്ട്. ഗെയിറ്റ് തുറന്ന് അങ്ങോട്ട് പോയാല്‍ വാച്മാന്‍ ഒരു നൂറു ചോദ്യങ്ങളും ഉപദേശങ്ങളുമായി വരും. ഭര്‍ത്താവും മോനും നല്ല ഉറക്കമാണെന്ന്‍ ഉറപ്പുവരുത്തി കതകു ചാരി ഇറങ്ങി. വലതുവശത്ത് പൂട്ടിയിട്ട ഒരു കൊച്ചു ഗെയിറ്റ് ഉണ്ട്. അവിടെ നിന്ന് കൈകൊട്ടി ചെക്കനെയും പെണ്ണിനെയും അടുത്തു വിളിച്ചു. എന്തോ തരാനാണെന്ന് കരുതിയാവും ചെക്കന്‍ ഓടിവരുന്നതു കണ്ടപ്പോഴാണ് വീട്ടിലിരിക്കുന്ന ബ്രെഡിന്റെ കാര്യം ഓര്‍ത്തത്.

"മാ..ബാപ്പ് നയ് ഹെ?"
ഇല്ല എന്ന് ചെക്കന്‍ തലയാട്ടി.
"യെ തേരി ബഹന്‍ ഹെ?"
അവന്‍ ഒരു കൈകൊണ്ട് അവളെ ചേര്‍ത്തുപിടിച്ചു.
"ഘര്‍?"
ഇല്ല എന്ന് ഉറപ്പോടെ ഉത്തരം.

അറിയാവുന്ന കാര്യങ്ങളല്ലാതെ എന്തു ചോദിക്കാന്‍? തെരുവുകുട്ടികളെ ഏറ്റെടുക്കുന്ന സംഘടനകളില്‍ ചിലത് കുഞ്ഞുങ്ങളെ കയറ്റിഅയക്കുകയും, പീഡിപ്പിക്കുകയും ഒക്കെ ചെയ്യുന്നു എന്ന വാര്‍ത്തകള്‍ കണ്ടില്ലായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. ഓര്‍ഫണേജിലെ അധികാരി പറഞ്ഞതും അതു തന്നെയാണ്. "നിങ്ങള്‍ ഉത്തരാവാദിത്വം ഏറ്റെടുത്ത് അന്വേഷിച്ചുകൊണ്ടിരിക്കണം."

അവന്റെ കണ്ണില്‍ മിന്നിയും മങ്ങിയും തെളിയുന്ന പ്രതീക്ഷയും നിരാശയും ഭാരമാവുന്നതിനു മുന്നെ കൈയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന നോട്ട് അവനു നേരെ നീട്ടി. അതു തട്ടിപ്പറിക്കുമ്പോള്‍ അവന്റെ വിരലറ്റം കയ്യില്‍ തൊട്ടു. കിലുന്നനെ ചിരിച്ചുകൊണ്ട് പെണ്ണ് അവന്റെ കയ്യില്‍ തൂങ്ങുന്നത് കണ്ട് തിരിഞ്ഞു നടന്നു വേഗം...

ഈ പാപത്തിന്റെ കറയും എനിക്കിരിക്കട്ടെ.