Wednesday, May 7, 2008

പാപത്തിന്റെ കറ

ഈ ബാല്‍ക്കണിയില്‍ നിന്നും താഴോട്ട് നോക്കിയാല്‍ എനിക്കവരെ കാണാം.രാവിലത്തെ മടിപിടിച്ച ബെഡ്കോഫിയുമായി എന്നും ഇവിടെ നില്‍ക്കുന്നത് ശുദ്ധവായുകിട്ടാനാണ്. താഴെ വൃത്തികെട്ട ഒരു തെരുവാണ്. വൃത്തികേടുകള്‍ എനിക്കിഷ്ടമല്ല. അതുകൊണ്ടു മനപ്പൂര്‍വ്വം നോക്കാറില്ല. നാലാം നിലയില്‍ നിന്നും നഗരത്തിന്റെ ചപ്പുചവറുകള്‍ വീഴുന്ന മൂലക്ക് അകലം ഏറെയുണ്ടല്ലോ എന്നതായിരുന്നു സമാധാനം. ആശ്വാസം കെടുത്താനായിട്ട് ഒരു ദിവസം അവരെ കാണുന്നതു വരെ.

മൂലക്ക് കടത്തിണ്ണയില്‍ പുലര്‍ച്ചെ അവര്‍ വന്നിരിക്കും. വെയിലാവുമ്പോള്‍ ചെക്കന്‍ അനിയത്തിക്കുട്ടിയെ അവിടെയിരുത്തി എഴുന്നേറ്റു പോവും. ഞാന്‍ പലവക പണികളുമായി ഉള്ളിലേക്കു വലിയും. പിന്നെ ഉച്ച തിരിഞ്ഞ് ഉണക്കാനിട്ട തുണികള്‍ എടുക്കാനാണ് ബാല്‍ക്കണിയിലേക്ക് മടിച്ചു മടിച്ചു വരിക. ചുട്ടുപൊള്ളിക്കുന്ന കമ്പികളില്‍ നിന്ന് കൈതൊടാതെ തുണി വലിച്ചൂരിയേടുത്ത് വെയിലിലേക്കു നോക്കവയ്യാതെ കണ്ണുമടച്ച് വീടിനകത്തേക്ക് ഓടുകയാണ് പതിവ്. സ്കൂള്‍ വിട്ടു വന്ന മകന്‍ വാനില്‍ നിന്നുമിറങ്ങി അപാര്‍റ്റുമെന്റിലേക്ക് കേറുന്ന ഇടം വരെ വെയില്‍ കൊള്ളുമല്ലൊ എന്ന് ആദിപിടിക്കാനുള്ള സമയമാണ് ബാക്കി.

"ഈ നഗരം ഒട്ടും ശരിയല്ല. ചൂട്, അഴുക്ക്, നാറ്റം...പിന്നെ കലാപങ്ങളുണ്ടാവുന്ന സ്ഥലമായതുകൊണ്ടുള്ള അരക്ഷിതാവസ്ഥ വേറെയും.നമുക്ക് ഇവിടം വിടണം..." ഭര്‍ത്താവ് പറയുന്നതു കേട്ട് ആശ്വാസത്തോടെ മോനെ പുതപ്പിച്ച് എ.സിയുടെ തണുപ്പുകൂട്ടി ഒരു വലിയ കമ്പിളിക്കുള്ളില്‍ മൂന്നുപേരും കൂടെ ചുരുണ്ടു കൂടും.

ഒരു പെണ്‍കുഞ്ഞു കൂടി വേണം എന്ന് രണ്ടാള്‍ക്കും മോഹമുണ്ട്. മോനു മൂന്നു വയസ്സുള്ളപ്പോഴുണ്ടായ മിസ്കാരെജ് കാരണം ധൈര്യമില്ലാതെ സ്വപ്നം താലോലിച്ച് നടക്കുന്നു. ഏഴു വയസ്സുകാരന്‍ മകന്‍ അനിയത്തിപ്രാന്തന്‍ ആയത് കൂട്ടുകാരന് പാവക്കുട്ടിയെപ്പോലിരിക്കുന്ന ഒരു അനിയത്തിയെകിട്ടിയപ്പോള്‍ മുതല്‍.

വെറുതെ ഒരു നേരമ്പോക്കിനാണ് കടത്തിണ്ണയിലെ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചുതുടങ്ങിയത്. നോട്ടങ്കി കൂട്ടത്തിലുള്ളതാവണം, കൂട്ടം തെറ്റിയതാവാം. അവറ്റകളുടെ ശല്യം ഭയങ്കരമായിരുന്നു എന്ന് വാച്മാന്‍ ഞങ്ങള്‍ ഫ്ലാറ്റില്‍ താമസമാക്കിയപ്പോള്‍ പറഞ്ഞിരുന്നു. "അബ് കോയി പ്രാബ്ലം നയി ബീവിജി..സബ്ക്കൊ ഭഗാദിയാ.." എന്ന് അയാള്‍ നെഞ്ചുംവിരിച്ച് പറഞ്ഞതിന്റെ പുറത്താണ് സമ്മതം മൂളിയതു തന്നെ.

ഇവരെക്കൊണ്ട് ശല്യമൊന്നുമില്ല. ഇനി മോഷ്ടിക്കാനാണെങ്കില്‍, ചെക്കനു വലിയ മതില്‍ ചാടിക്കിടക്കാറായിട്ടില്ല. മോനെക്കാള്‍ ശകലമേ ഉയരം കൂടു അവന്. കണ്ണുവെട്ടിച്ചെങാനും അകത്തു കടന്നാല്‍ വാച്മാന്‍ ഓടിച്ചോളും.

ഇത്രയൊക്കെ ആശ്വസിച്ചിട്ടും കടത്തിണ്ണയിലെ അവരുടെ കിടപ്പും ഇരിപ്പും വല്ലാതെ അലോസരപ്പെടുത്തി. രാവിലെ ചെക്കന്‍ പോയാല്‍ പിന്നെ ഉച്ചയാവുമ്പോള്‍ വരുന്നുണ്ടെന്ന് കണ്ടുപിടിച്ചു. വല്ലയിടത്തുനിന്നും പെറുക്കിയ പൊതിയില്‍ തിന്നാനും കാണും. അതു തുറന്നു വച്ച് രണ്ടു പേരും കൂടെ വലിച്ചുവാരിതിന്നുന്നത് നോക്കാന്‍ തന്നെ അറക്കും. ഇവറ്റകള്‍ക്ക് അസുഖമൊന്നും വരില്ലേ? തിന്ന് കയ്യും തുടച്ച് അവന്‍ പിന്നേം പോവും. പെണ്ണ് അവിടെ മൂലക്ക് ചുരുണ്ടുകൂടിയിരിക്കും. കണ്ണാടിജനലുകള്‍ മുറിച്ചു വില്‍ക്കുന്ന കടയാണ്. നിറയേ കുപ്പിച്ചില്ലുകളാണ് പരിസരം മുഴുവന്‍. നോട്ടങ്കി കൂട്ടത്തില്‍ ഇവരുടെ അച്ഛനുമമ്മയും കാണില്ലെ? അവര്‍ക്കും വേണ്ടേ ഇവരെ?

ഷോപ്പിങ്ങിനു വല്ലപ്പോഴും ഇറങ്ങുന്ന ഞായറാഴ്ചയാണ് ആ പെണ്ണിനെ അടുത്തുകണ്ടത്. ജനിച്ചപ്പോള്‍ മുതലുള്ള അഴുക്കുണ്ട് ദേഹത്ത്. കാറിന്റെ വിന്‍ഡോ താഴ്ത്തി ഞാന്‍ നോക്കുന്നതു കണ്ടപ്പോള്‍ പെണ്ണ് തലചൊറിഞ്ഞു വന്ന് കൈനീട്ടി. "ഗ്ലാസ് കേറ്റിക്കോ.." എന്നു ഭര്‍ത്താവു പറയുന്നതിനു മുന്നെ ഞാന്‍ കേറ്റിയിരുന്നു. ഒരു രണ്ടുരൂപാ നാണയം അവള്‍ക്കുള്ളത് വലിച്ചെറിഞ്ഞതിന്റെ ആശ്വാസത്തില്‍ സീറ്റിലേക്ക് ചരിഞ്ഞു. "ആ കുട്ടി അത് കാണാഞ്ഞിട്ട് റോഡില്‍ തപ്പുന്നു അമ്മെ.." മോന്‍ പറഞ്ഞത് ഗൌനിച്ചില്ല.

തിരികെ വരുന്നവഴിക്ക് ഗെയിറ്റു തുറക്കാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കയ്യിലുണ്ടായിരുന്ന ബിസ്കറ്റിന്റെയും ജ്യൂസിന്റെയും ഒക്കെ ബാക്കി ആ കുട്ടിക്ക് കൊടുത്തോട്ടെ അമ്മേ എന്ന് മോന്‍ ചോദിച്ചു. അവന്‍ കവറും അടുക്കിപ്പിടിച്ച് ഓടുന്നത് തെല്ലൊരു അഭിമാനത്തോടെ നോക്കിയിരിക്കുകയും ചെയ്തു.

"ഇവിടെ അടുത്ത് വല്ല അനാഥാശ്രമമോ, ശിശുക്ഷേമ ഭവനോ ഉണ്ടോ ആവോ..?" രാത്രി ഉറക്കം പിടിച്ചു തുടങ്ങിയ ഭര്‍ത്താവിനെ കുലുക്കി വിളിച്ച് പറഞ്ഞത് ഒരു ദിവസം മുഴുവന്‍ ആലോചിച്ചു കണ്ടുപിടിച്ച പരിഹാരമാണ്.
"ആ..ആര്‍ക്കറിയാം.." പറഞ്ഞു തീരുന്നതിനു മുന്നേ ഉറങ്ങിക്കഴിഞ്ഞു കക്ഷി. പാവം. ഉറങ്ങിക്കോട്ടെ. നാളത്തെ മീറ്റിങ്ങ് ക്രൂഷ്യല്‍ ആണ്. പ്രകടനമനുസരിച്ചാവും മറ്റൊരു നഗരത്തിലേക്ക് സീനിയര്‍ ഗ്രേഡില്‍ റ്റ്രാന്‍സ്ഫര്‍ കിട്ടുക എന്നു പറഞ്ഞിരുന്നു.

അന്നു പകല്‍ ബോറടിച്ചിരിക്കുമ്പോള്‍ ഒരു ഓര്‍ഫണേജിന്റെ നംബര്‍ തപ്പിപ്പിടിച്ച് അവരെ വിളിച്ചു നോക്കിയതും തെരുവുകുട്ടികളെ ഏറ്റെടുക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ പറഞ്ഞുതന്ന് അവര്‍ അത്തരമൊരു സംഘടനയുടെ നമ്പര്‍ തന്നതും അവരെ വിളിച്ച് സംസാരിച്ചതും ഒന്നും പറഞ്ഞില്ല. വല്ലാത്ത ഒരു കുറ്റബോധം പോലെ. "അവര്‍ അവിടെ സമാധാനമായിട്ട് കഴിയുന്നതില്‍ നിനക്കു വല്ലാത്ത ദണ്ണക്കേടാണല്ലോ..." എന്ന് ഭര്‍ത്താവു കളിയാക്കിയിരുന്നു.

ചൂടുകൊണ്ടാവും ഉറങ്ങാന്‍ കഴിയാത്തത്. ബാല്‍ക്കണിയില്‍ തണുപ്പുണ്ടോ എന്നു നോക്കാന്‍ ചെന്നു. താഴെ കടത്തിണ്ണയില്‍ മുയല്‍ക്കുട്ടികളെപ്പോലെ രണ്ടുരൂപങ്ങള്‍ കീറച്ചാക്കിനുള്ളില്‍ ഉറങ്ങുന്നു. ഇറങ്ങി ചെല്ലാന്‍ ധൈര്യമില്ലാത്തതു കൊണ്ട് സങ്കല്‍പ്പിച്ചു നോക്കി... ഒരു ചാക്കിനുള്ളില്‍ ഉടുപ്പിടാത്ത രണ്ടു ശരീരങ്ങള്‍ പരസ്പരം ചൂടുപകര്‍ന്ന് കെട്ടിപ്പുണര്‍ന്നുറങ്ങുന്നത്. അവളുടെ മുഖം ചാക്കിനകത്താണ്. അവന്റെ കൈയ്യും മുഖവും വെളിയിലും. അവളുടെ കുഞ്ഞുദേഹം ആവുപോലെ അവന്‍ കൈയ്യണച്ച് പിടിച്ചിട്ടുണ്ട്. രണ്ടുപേരും കൂടെ ഈ ഭൂമുഖത്ത് ഉപയോഗിക്കുന്നത് കഷ്ടിച്ച് ഒരു ബെഞ്ചിന്റെ ചുവട്. മൂന്നാമതൊരാള്‍ക്ക് ഒരു ശല്യവുമില്ല അവരെക്കൊണ്ട്. അവരുടെ വിശപ്പോ ദാഹമോ എനിക്കു പകരില്ല. അവരുടെ വേദനകള്‍, വളര്‍ച്ചയുടെ പടവുകള്‍, അനുഭവങ്ങള്‍ എങ്ങിനെയിരിക്കും എന്ന് എനിക്ക് ഊഹിക്കാന്‍ പോലും ആവില്ല. അവര്‍ക്കു നല്ലതെന്ത് ചീത്തയെന്ത് എന്ന് ഞാന്‍ തീരുമാനിക്കുന്നതെങ്ങനെ? അവരെക്കൊണ്ട് എനിക്കുള്ള ബുദ്ധിമുട്ട്, മനസ്സിലാക്കാന്‍ കഴിയാത്ത ഈ കുറ്റബോധച്ചുവയാണ്. എനിക്കവരെക്കൊണ്ട് ഒരു ഭീഷണിയുമില്ല.പകരുന്ന അസുഖങ്ങള്‍ക്കെതിരെ ജാഗ്രതയുണ്ട് വീട്ടില്‍. അവരവിടെക്കിടന്നുറങ്ങുന്നതു കൊണ്ട് എനിക്കെന്താണ് ബുദ്ധിമുട്ട്?

പിറ്റെന്ന് പയ്യനെ പിടികിട്ടാന്‍ അതിരാവിലെ എഴുന്നേറ്റു. രണ്ടു പേരും കടത്തിണ്ണയില്‍ ഇരിപ്പുണ്ട്. ഗെയിറ്റ് തുറന്ന് അങ്ങോട്ട് പോയാല്‍ വാച്മാന്‍ ഒരു നൂറു ചോദ്യങ്ങളും ഉപദേശങ്ങളുമായി വരും. ഭര്‍ത്താവും മോനും നല്ല ഉറക്കമാണെന്ന്‍ ഉറപ്പുവരുത്തി കതകു ചാരി ഇറങ്ങി. വലതുവശത്ത് പൂട്ടിയിട്ട ഒരു കൊച്ചു ഗെയിറ്റ് ഉണ്ട്. അവിടെ നിന്ന് കൈകൊട്ടി ചെക്കനെയും പെണ്ണിനെയും അടുത്തു വിളിച്ചു. എന്തോ തരാനാണെന്ന് കരുതിയാവും ചെക്കന്‍ ഓടിവരുന്നതു കണ്ടപ്പോഴാണ് വീട്ടിലിരിക്കുന്ന ബ്രെഡിന്റെ കാര്യം ഓര്‍ത്തത്.

"മാ..ബാപ്പ് നയ് ഹെ?"
ഇല്ല എന്ന് ചെക്കന്‍ തലയാട്ടി.
"യെ തേരി ബഹന്‍ ഹെ?"
അവന്‍ ഒരു കൈകൊണ്ട് അവളെ ചേര്‍ത്തുപിടിച്ചു.
"ഘര്‍?"
ഇല്ല എന്ന് ഉറപ്പോടെ ഉത്തരം.

അറിയാവുന്ന കാര്യങ്ങളല്ലാതെ എന്തു ചോദിക്കാന്‍? തെരുവുകുട്ടികളെ ഏറ്റെടുക്കുന്ന സംഘടനകളില്‍ ചിലത് കുഞ്ഞുങ്ങളെ കയറ്റിഅയക്കുകയും, പീഡിപ്പിക്കുകയും ഒക്കെ ചെയ്യുന്നു എന്ന വാര്‍ത്തകള്‍ കണ്ടില്ലായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. ഓര്‍ഫണേജിലെ അധികാരി പറഞ്ഞതും അതു തന്നെയാണ്. "നിങ്ങള്‍ ഉത്തരാവാദിത്വം ഏറ്റെടുത്ത് അന്വേഷിച്ചുകൊണ്ടിരിക്കണം."

അവന്റെ കണ്ണില്‍ മിന്നിയും മങ്ങിയും തെളിയുന്ന പ്രതീക്ഷയും നിരാശയും ഭാരമാവുന്നതിനു മുന്നെ കൈയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന നോട്ട് അവനു നേരെ നീട്ടി. അതു തട്ടിപ്പറിക്കുമ്പോള്‍ അവന്റെ വിരലറ്റം കയ്യില്‍ തൊട്ടു. കിലുന്നനെ ചിരിച്ചുകൊണ്ട് പെണ്ണ് അവന്റെ കയ്യില്‍ തൂങ്ങുന്നത് കണ്ട് തിരിഞ്ഞു നടന്നു വേഗം...

ഈ പാപത്തിന്റെ കറയും എനിക്കിരിക്കട്ടെ.

30 comments:

sree said...

വെറുതെ...

ചിതല്‍ said...

എനിക്കവരെക്കൊണ്ട് ഒരു ഭീഷണിയുമില്ല.പകരുന്ന അസുഖങ്ങള്‍ക്കെതിരെ ജാഗ്രതയുണ്ട് വീട്ടില്‍. അവരവിടെക്കിടന്നുറങ്ങുന്നതു കൊണ്ട് എനിക്കെന്താണ് ബുദ്ധിമുട്ട്?


ഇഷ്ടമായി.,,,
ഒരു സഹ്രദയന്‍...

ഹരീഷ് തൊടുപുഴ said...

ഹ്രുദയസ്പര്‍ശിയായ പോസ്റ്റ്.. നിങ്ങള്‍ക്കങ്ങനെ തോന്നിയല്ലോ.. നന്നായി വരും..

Anonymous said...

"യെ തേരി ബഹന്‍ ഹെ?"
അവന്‍ ഒരു കൈകൊണ്ട് അവളെ ചേര്‍ത്തുപിടിച്ചു.

നല്ല ഉത്തരം ;)

ഭൂമിപുത്രി said...

പഴയ ഒരു സിനിമയുണ്ടായിരുന്നു,
എല്ലാറ്ക്കുമറിയാം‘അവളുടെ രാവുകള്‍’അതിലെ നായിക പറയുന്ന ഒരു വാചകമോറ്ത്തുപോയി.ഏകദേശം അതിങ്ങിനെ-
“കുഞ്ഞായിരിയ്ക്കുമ്പൊള്‍
കടത്തിണ്ണയില്‍ക്കിടന്നുറങ്ങുന്ന സമയത്തു ആരൊക്കെയോവന്ന് ചൂട്പറ്റിക്കിടക്കും..എപ്പോഴാണ്‍ ഞാന്‍ ചീത്തയായതെന്ന് പോലും എനിയ്ക്കോറ്മ്മയില്ല”

ഇതുപോലെ എന്തൊക്കെയോ അസ്വസ്ഥതകള്‍,അവ്യക്ത്മായ കുറ്റബോധങ്ങള്‍..അതുമൊക്കെ ഓറ്മിപ്പിച്ചു ഈക്കഥ.

ഗുപ്തന്‍ said...

ശ്രീ

കുറേ നേരമായി ഈ കമന്റുബോക്സിനുതാഴെ ചുറ്റിത്തിരിയുകയാണ് ഞാന്‍. മുന്‍പൊരിക്കല്‍ വാ‍ണിയുടെ യാത്രകള്‍ മുറിയുമ്പോള്‍ എന്ന കഥയ്ക്ഞാനിട്ട കമന്റ് നീ കണ്ടിട്ടുണ്ടോ എന്ന് ഓര്‍കുന്നില്ല. (ഈ സംഭവത്തെക്കുറിച്ച് ഞാന്‍ മറ്റൊരിടത്തെഴുതിയത് കണ്ടിട്ടുണ്ടെന്നറിയാം) എങ്കിലും ഇതു രണ്ടും കൂടി ഒരുമിച്ചു വായിക്കാന്‍ തോന്നുന്നു. അതുകൊണ്ട് ആ കമന്റിലെ പ്രസക്തഭാഗങ്ങള്‍ ഇവിടെ:

“ചെങ്കല്‍ചൂള എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന രാജാജിനഗര്‍... തലസ്ഥാനനഗരിയിലെ നരകങ്ങളില്‍ ഒന്ന്.. അവിടെ വാരാന്ത്യങ്ങളില്‍ വാക്കുകളുടെ വെളിച്ചവും ചില കുഞ്ഞുനാണയങ്ങളുമായി കയറിയിറങ്ങുമായിരുന്നു ഞങ്ങള്‍ എട്ട് സുഹൃത്തുക്കള്‍.

ഒരു സന്ധ്യയില്‍ കോളനിയിലെ നാറുന്ന ഇരുട്ടില്‍ നിന്ന് നഗരത്തിലെ മനം പുരട്ടുണ്ടാക്കുന്ന അലറുന്ന വെളിച്ചത്തിലേക്ക് തിരിച്ചിറങ്ങവേ പിന്നില്‍ നിന്ന് ഒരു കുഞ്ഞ് കൈ വരല്‍ പിടിച്ചു.. പത്തോ പതിനൊന്നോ വയസ്സുവരുന്ന ഒരു പെണ്‍കുട്ടി... അവള്‍ക്ക് എന്റെ ജ്യേഷ്ടന്റെ കുഞ്ഞിന്റെ മുഖം...

"പത്തു രൂപ സാര്‍.." അവള്‍ പറഞ്ഞു.. "എന്തുവേണമെങ്കിലും ചെയ്യാം സാര്‍.."
എന്റെ കൂടെയുണ്ടായിരുന്ന കൂട്ടുകാരി വിഹ്വലതയോടെ എന്റെ കൈ പിടിച്ചു വലിച്ചു. സ്ത്രീകള്‍ക്ക് ചിലകാര്യങ്ങള്‍ വേഗം മനസ്സിലാവുമല്ലോ... (ചായക്കോപ്പയില്‍ നിന്ന് ചുണ്ടുകള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ചൂടുള്ള വെളുത്ത വായുവിന്റെ അശ്ലീലത പോലെ പലതും)

പുരുഷസഹജമായ മൂഢതയോടെ ഞാന്‍ തിരിഞ്ഞുനിന്നു. "പത്ത് രൂപക്ക് നീ എന്തുചെയ്യുമെന്ന്?" ... പത്തുവര്‍ഷങ്ങള്‍ ഒരുമിച്ച് കടക്കുന്നവളുടെ അര്‍ത്ഥശങ്കയോടെ അവള്‍ ഒരുകാല്‍ മുന്നോട്ട് വച്ചു.. മുഖത്ത് നവോഢയുടെ നാണം. ചുണ്ടുകള്‍ക്കിടയിലൂടെ ചൂണ്‍ടുവിരല്‍ തിരുകി അവള്‍ ആരോ പഠിപ്പിച്ച പാഠം ആവര്‍ത്തിച്ചു..."എന്തു വേണമെങ്കിലും ചെയ്യാം സര്‍.." എന്റെ നടുക്കം കണ്ടിട്ടാകും, അവളുടെ കണ്ണിലെ എന്നെ ഭയപ്പെടുത്തിയ വെളിച്ചം കെട്ടു.

എന്റെ സഹയാത്രികയെ അവള്‍ അപ്പോഴേ ശ്രദ്ധിച്ചുള്ളൂ എന്ന് തോന്നി. ഒരു ഇടപാടുകാരനെ തട്ടിയെടുക്കുന്ന എതിരാളിയോടുള്ള പകയോടെ അവള്‍ എന്റെ കൂട്ടുകാരിയെ നോക്കി. (ആ കുഞ്ഞുജന്മത്തില്‍ പതിഞ്ഞ പാപത്തിന്റെ കറമുഴുവന്‍ സ്വന്തം ആത്മാവില്‍ കുടിയേറി എന്ന് തോന്നി ആ നോട്ടത്തില്‍ എന്ന് അവള്‍ എവിടെയോ എഴുതിയിട്ടുണ്‍ട് പിന്നെ... )

കയ്യില്‍ തടഞ്ഞ ഒരു നോട്ട് അവളുടെ കുഞ്ഞ് കയ്യില്‍ തിരുകിയിട്ട് ഓടുകയായിരുന്നു ഞങ്ങള്‍ രണ്ടുപേരും... തമ്പാനൂരില്‍ നിന്ന് ബസ് നീങ്ങി ഒരുപാട് കഴിഞ്ഞിട്ടേ പരസ്പരം മിണ്ടാനായുള്ളൂ.. ഞങ്ങള്‍ക്കൊരിക്കലും ഉത്തരവാദിത്വമുള്ള സാമൂഹ്യപ്രവര്‍ത്തകരാകാന്‍ ആവില്ലെന്ന് മനസ്സിലായത് അപ്പോഴാണ്. പിറ്റേന്ന് ആ മുഖം തിരഞ്ഞ് കോളനി മുഴുന് അലഞ്ഞെങ്കിലും അവളെ കണ്ടുപിടിക്കാനായില്ല. പിന്നീട് ആറ് മാസം കഴിഞ്ഞ് ആ മുഖം ഒരു ഡേറ്റാബേസിലാണ് കണ്ടത്... h i v വാഹകരുടെ ലിസ്റ്റില്‍..”

ആരുടെയൊക്കെ ആത്മാവില്‍ നിന്നു വരുന്ന കറകള്‍ ഒപ്പിയെടുക്കാന്‍ കടപ്പെട്ടവരാണ് നാം?

അത്ക്കന്‍ said...

തോറ്റു പോകുന്ന മനുഷ്യജന്മം ആരുടെ..?

vadavosky said...

എന്ത്‌ പറയണമെന്ന് എനിക്കും അറിയില്ല. ഞാന്‍ പല കാഴ്ചകളില്‍ നിന്നും ഇപ്പോള്‍ മുഖം തിരിക്കുകയാണ്‌ പതിവ്‌ . അല്ലെങ്കില്‍ പലതും മനസ്സിലിരുന്ന് കടയും. ദിവസങ്ങളോളം.

അനില്‍ശ്രീ... said...

" തിരികെ വരുന്നവഴിക്ക് ഗെയിറ്റു തുറക്കാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കയ്യിലുണ്ടായിരുന്ന ബിസ്കറ്റിന്റെയും ജ്യൂസിന്റെയും ഒക്കെ ബാക്കി ആ കുട്ടിക്ക് കൊടുത്തോട്ടെ അമ്മേ എന്ന് മോന്‍ ചോദിച്ചു. അവന്‍ കവറും അടുക്കിപ്പിടിച്ച് ഓടുന്നത് തെല്ലൊരു അഭിമാനത്തോടെ നോക്കിയിരിക്കുകയും ചെയ്തു."


ആ അഭിമാനം , അതിനു മുമ്പില്‍ ഒന്നു നമിക്കട്ടെ. (കഥ ആണെങ്കിലും അനുഭവം ആണെങ്കിലും )

സ്വന്തം കുട്ടി ഇത്തരം കുട്ടികളെ നോക്കുന്നതു പോലും അറക്കുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. കൈനീട്ടുന്നവര്‍ ആരാണെങ്കിലും (ചില അതി ബുദ്ധിക്കാര്‍ക്ക് ഒഴികെ) എന്തെങ്കിലും കൊടുക്കാതെ പോരാന്‍ മനസ്സു വന്നിട്ടില്ലാത്തതിനാല്‍ ആ മനസ്സ് എനിക്ക് മനസ്സിലാകുന്നു. എന്നും നന്മ ഉണ്ടാകട്ടെ.

Inji Pennu said...

ശ്രീയുടെ കഥകള്‍ക്ക് ഒരു freshness ഉണ്ട്

ഓഫ്: ഗുപ്തന്റെ ആ കമന്റ് ഞാന്‍ വായിച്ചിട്ടുണ്ട്. എന്റെ മനസ്സില്‍ കിടന്നൊരു കമന്റാണ്. ആ കമന്റിന്റെയുടമ ഗുപ്തനാണെന്ന് ഇപ്പോള്‍ അറിഞ്ഞപ്പോള്‍ ഒരു ഞെട്ടല്‍.

വല്യമ്മായി said...

കാഴ്ചകള്‍ പലതും വഴിയിലുപേക്ഷിച്ച് പോകേണ്ടി വരുന്ന നിസ്സഹായവസ്ഥ നന്നായി അനുഭവിപ്പിച്ചു ഈ കഥ.

പ്രിയംവദ-priyamvada said...

എന്താ പറയുക ശ്രീയെ ..
അടുത്ത നഗരത്തിലെങ്കിലും വീടു തെരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക..യാത്ര ചെയ്യുംബോള്‍ കണ്ണടച്ചിരിക്കുക..

മുസാഫിര്‍ said...

മനസ്സു ആഗ്രഹിക്കാത്ത കാഴ്ചകള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന വിങ്ങലും ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായവസ്ഥയും നന്നായി ചിത്രീകരിച്ചിരിക്കുന്നു.ശ്രീ.പിന്നെ നൌടംഗി എന്നാണ് പറയുക എന്നു തോന്നുന്നു.വടക്കെ ഇന്‍ഡ്യയില്‍ വഴിവക്കീല്‍ ചെറിയ കലാ‍പരിപാടികളുമായി അലഞ്ഞ് തിരിയുന്നവരെ അങ്ങനെ പറഞ്ഞ് കേട്ടിട്ടുണ്ട്.

ഇത്തിരിവെട്ടം said...

ചളിപിടിച്ച കൈകളില്‍ വെച്ച് നല്‍കിയ നോട്ട് അവന്റെ കഴുത്തിന് കുത്തിപ്പിടിച്ച് വാങ്ങുന്ന ഒരാളെ ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്. ഒന്നും അറിയാത്തപോലെ അടുത്തൂടെ കടന്ന് പോവുന്ന മനുഷ്യര്‍... ഇതിനിടയിലെപ്പഴോ എന്നിലേക്ക് കടന്ന് വന്ന മനുഷ്യത്വമാവും അതിനെതിരെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷേ അവസാനം ഒന്നും മിണ്ടാതെ തിരിച്ച് പോരേണ്ടി വന്നു.

നല്ല പോസ്റ്റ്.

കുഞ്ഞന്‍ said...

ശ്രീ...

ഒന്നും പറയാനില്ല..നമ്മളൊക്കെ എത്രയെത്ര ഭാഗ്യവന്മാര്‍...അതുപോലെ നിസ്സാരന്മാരും..!

അനില്‍ സൂചിപ്പിച്ചതുപോലെ, മോന് അഭിനന്ദനങ്ങള്‍.

കണ്ണൂസ്‌ said...

വെറുതേ വായിച്ച് എന്റെ വായനാ ലിസ്റ്റിലുമിട്ട് പോയതായിരുന്നു ഞാന്‍ . ആദ്യത്തെ കമന്റ് വീഴുന്നതിനു മുന്‍‌പേ.

വീണ്ടും വന്നു. ഭാരം കൂടിയ മനസ്സുമായി പോവുന്നു.

ആഷ | Asha said...

എന്താ എഴുതേണ്ടതെന്നറിയില്ല ശ്രീ :(

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എഴുതാതിരുന്നൂടെ (ഇതുപോലെ) :(


ആരോ ഹൃദയത്തില്‍ കയറി പോറി വരയ്ക്കുന്ന തോന്നല്‍.

പരദേശി said...

നന്ദി.....ഓഫീസിലെ സിസ്റ്റത്തിനു മുന്‍പില്‍ ഒരു നിമിഷം റ്റിഷ്യു paper എടുത്തൊന്നു കുനിഞ്ഞിരിക്കേണ്ടി വന്നെങ്കിലും ....

നല്ലതേ വരൂ...

നന്ദകുമാര്‍ said...

വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനു വല്ലാത്ത ഭാരം.
കാഴ്ചകള്‍ അധികം വര്‍ണ്ണങ്ങളില്ലാതെ പകര്‍ത്തിയിരിക്കുന്നു. ഭൌതീക സുഖങ്ങള്‍ മാത്രം തേടുന്ന നമ്മളെത്ര നിസ്സഹായര്‍...!!

സിജി said...

അതെ ശ്രീ..രണ്ടാമതും മൂന്നാമതും ഒക്കെ വായിക്കാന്‍ തോന്നിപ്പോകുന്നു. എന്നിലെ നിസ്സഹായാവസ്ഥയായിരിക്കാം അത്‌ ചെയ്യിപ്പിക്കുന്നത്‌.

ദ്രൗപദി said...

ഒരുപാടിഷ്ടമായി
ആശംസകള്‍...

പാമരന്‍ said...

ശ്രീ.. 3-4 തവണ വായിച്ചു. ചങ്കില്‍ തട്ടി. ആ കറയ്ക്ക്‌ പരോക്ഷമായെങ്കിലും നമ്മളും ഉത്തരവാദികള്‍ തന്നെ. അഭിനന്ദനങ്ങള്‍.

ഗുപ്തന്‍ said...

യ്യൊ ആകമന്റ്റൊന്നും സീരിയസായി എടുക്കല്ലേ ഇഞ്ചീ.. വാണിയും ശ്രീയും ഒക്കെ ഒന്നു വായിച്ചോട്ടെ എന്നു വിചാരിച്ചിട്ട് വെറുതെ കഥ എഴുതുന്നതല്ലേ.

ഇട്ടിമാളു said...

ഞാനും വന്നു ഈ വഴി.. കൂടുതല്‍ എന്താ പറയാ.. രാവിലെ തന്നെ വിഷമിപ്പിച്ചെന്ന് പറയുന്നില്ല.. പക്ഷെ ഇന്നു ജോലിയൊന്നും നടക്കും ന്ന് തോന്നുന്നില്ല.... കുറച്ചു നേരത്തേക്കെങ്കിലും

lakshmy said...

ചില നിസ്സഹായാവസ്ഥകള്‍ മനസ്സിലുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍..

ആ കുട്ടിയും അവന്റെ കുഞ്ഞു പെങ്ങളും ഒരു വേദനയായി മനസ്സില്‍.

കഴിഞ്ഞ പ്രാവശ്യം അവധിക്ക് നാട്ടിലായിരുന്നപ്പോള്‍ ഒരു ദിവസം വൈറ്റില ജങ്ക്ഷനില്‍ റെഡ് സിഗ്നല്‍ കണ്ട് കാര്‍ നിറുത്തിയ സമയത്ത് പെട്ടെന്ന് ഒരു പെണ്‍കുട്ടി കാറിനടുത്തേക്ക് വന്ന് ഭിക്ഷക്കായി കൈ നീട്ടി. അവളുടെ മുഖത്തിനൊരു വശത്തും ചെവിയിലും [ഒറ്റ നോട്ടത്തില്‍ കണ്ടതാണ്] ഉണങ്ങി വരുന്ന പൊള്ളിയ പാടുകള്‍ ഒരു ഞെട്ടലോടെയാണ് കണ്ടത്. സിഗ്നല്‍ മാറിയതിനാല്‍ പെട്ടെന്ന് കാര്‍ എടുക്കേണ്ടി വന്നെങ്കിലും ഡ്രൈവിങ് സീറ്റിലിരുന്ന് എന്റെ ചേട്ടന്‍ ഒരു നോട്ടം കണ്ടിരുന്നു ആ കുട്ടിയെ. ‘ആരോ പൊള്ളിച്ചതാണ്’ എന്ന് പറയുന്നുണ്ടായിരുനു ചേട്ടന്‍. കുറെ നേരം മനസ്സില്‍ ഒരു പൊള്ളല്‍ പടര്‍ത്തി ആ ദൃശ്യം. അതിനടുത്ത ദിവസങ്ങളില്‍ അതേ കുട്ടിയെ കുറിച്ച് ന്യൂസ് പേപ്പറില്‍ കണ്ടിരുന്നു, ആരോ ആ കുട്ടിയെ പൊള്ളിച്ചതായിരുന്നു, ഭിക്ഷാടനത്തിന് ഉപയോഗിക്കാന്‍.

ഹരിത് said...

ഇപ്പോഴേ വായിയ്ക്കാന്‍ കഴിഞ്ഞുള്ളൂ. ഇഷടമായി.നിര്‍മ്മലമായ നേര്‍ത്ത ഒരു കഥത്തുള്ളി.

സതീശ് മാക്കോത്ത്| sathees makkoth said...

നന്നായി എഴുതിയിട്ടുണ്ട് ഈ കഥയും.

ജ്യോനവന്‍ said...

ആദ്യം സുഷമയാണ് വായിച്ചത്. പിന്നെ യമന്‍, എന്നാല്‍ ഈ കറ, പാപത്തിന്റെ കഥ,
പറ്റിപ്പിടിച്ചു. രണ്ടുമൂന്നു ദിവസം ആലോചിച്ചു നടന്നു. സുഷമ ഒന്നു മങ്ങി, ചികഞ്ഞുമടുത്ത
പത്രങ്ങളുടെ കെട്ടുകളില്‍, വാര്‍ത്തകളില്‍ വിമ്മിട്ടപ്പെട്ടു. കറയാണ് മനസുനിറയെ. കഴുകിക്കളയാന്‍ തോന്നിയില്ല. ചില 'വൃത്തികേടുകള്‍' മനുഷ്യനെക്കൊണ്ട് വൃത്തിയുടെ അടിമപ്പണി ചെയ്യിക്കും.

ഓഫ്: ഈ രണ്ടു കഥകളുടെയും പൊതുവായ ശീലങ്ങളെ അട്ടിമറിക്കുന്നു യമന്‍.
യമകഥ എത്ര പിടച്ചുലച്ചു എന്നതിലല്ലല്ലോ. വായിക്കാനാണെങ്കില്‍ ഇനിയുമേറെ‍. ഒത്തിരി
പ്രതീക്ഷ. അഭിനന്ദനങ്ങള്‍.

sree said...

ഒരു കമ്മെന്റിടാന്‍ പോലും തിരികെവരാന്‍ എനിക്ക് തോന്നാത്ത മനസ്സിന്റെ കറപിടിച്ച ഒരു മൂലയാണ് ഇത്. ഇതിങ്ങനെ കഥയായിപ്പറഞ്ഞുപ്രദര്‍ശിപ്പിക്കാനും ഒരു മനസ്സുമുണ്ടായിരുന്നില്ല. വായിക്കുന്നവരൊക്കെ എന്റെ കറയുടെ പങ്കുപറ്റിപോകുന്നതുകാണുമ്പോള്‍ സങ്കടം തോന്നുന്നു, കുറ്റബോധവും.അനുഭവങ്ങള്‍ പങ്കിട്ടവരോടൊക്കെ സമഭാവം,വേദനിപ്പിച്ചവരോട് ക്ഷമ.

ചിലവികാരങ്ങള്‍ക്ക് അണപൊട്ടാനൊരിടം ഇങ്ങനെ ഉണ്ടാകുന്നത് നമ്മുടെയൊക്കെ ഉള്ളിലെ ചെകുത്താനെയും മനുഷ്യനെയും കാണിച്ചുതരുമായിരിക്കും.വേറെ ഒരു മനുഷ്യക്കുഞ്ഞിനും പ്രയോചനമില്ലെങ്കിലും.

Post a Comment