Monday, May 12, 2008

സുഷമ

ഞാനിന്നുവരെ ഒരു വേശ്യയെ നേരില്‍കണ്ടിട്ടില്ല. എങ്ങിനെയിരിക്കും അവള്‍? എന്നെപ്പോലെ ഉയരവും വണ്ണവും ഉണ്ടാവുമോ? നിറം? എന്നെപ്പോലെ ഇരുട്ട് പേടികാണുമോ? അടച്ചിട്ട മുറിയില്‍ ഇരിക്കാനിഷ്ടമില്ലായിരിക്കുമോ? ആ..അറിയില്ല. അറിയാത്ത ഒന്നിന്നെക്കുറിച്ച് സങ്കല്‍പ്പിക്കാനും അറിയില്ല. സാധാരണമനസ്സാണ് എന്റെ. അതു കൊണ്ടാണ് ഒരു വേശ്യയെ കണ്ടപടി, കിറുകൃത്ത്യമായി വര്‍ണ്ണിക്കാന്‍ എനിക്കുകഴിയാത്തത്. ഇല്ലെങ്കില്‍ ഞാന്‍ സുഷമയെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ക്കു മനസ്സിലായേനെ അവള്‍ ആരാണെന്ന്.

സുഷമയും ഞാനും വലിയ കൂട്ടായിരുന്നു. കോളെജില്‍. അന്ന് പ്രീ-ഡിഗ്രി എന്ന സമുദ്രം ഉള്ളകാലമാണ്. ഇരുണ്ട് തിരക്കുപിടീച്ച ഗാലറിക്ലാസ്സുകള്‍ക്കുള്ളില്‍ പേടിച്ചരണ്ട മാന്‍പേടകളെപ്പോലെ ഇരിക്കുമായിരുന്നു ഞാനും അവളും ഒക്കെ. മുന്‍ബഞ്ചിലെ മിടുക്കരിലും പിന്‍ബെഞ്ചിലെ തലതെറിച്ചവരിലും പെടാത്ത് സാധാ മിഡില്‍-റോ പാര്‍ട്ടികള്‍. ഭുമുഖത്തെ ഒരു അദ്ധ്യാപകരും ശ്രദ്ധിച്ചിട്ടില്ലാത്ത മധ്യവര്‍ത്തികള്‍.
ഞാന്‍ അവളെ ശ്രദ്ധിച്ചുതുടങ്ങിയത് നോട്ടുബുക്കില്‍ അവള്‍ കുറിച്ചുവച്ചിരുന്ന കവിത വായിച്ചാണ്. അവളുടെ സമ്മതം വാങ്ങി ഞാനത് എന്റെ ചുവന്ന ലെതര്‍ ചട്ടയുള്ള ഡയറിയുടെ ആദ്യത്തെ പേജില്‍ പകര്‍ത്തിവച്ചു. ഇന്നലെ, അവളുടെ പടം പത്രത്തില്‍ കണ്ടപ്പോള്‍ പൊടിപിടിച്ച് ഉത്തരത്തിലെ കാര്‍ബോഡ് പെട്ടിയില്‍ കിടന്നിരുന്ന ഡയറി ഞാന്‍ തപ്പിയെടുത്തു. എന്റെ പതിനാറാം വയസ്സിന്റെ ഭയപ്പാടുകള്‍ക്കും വര്‍ണ്ണസ്വപ്നങ്ങള്‍ക്കും ആരംഭം കുറിക്കുന്നത് ആ വരികളാണ്.

ഇവന്‍ എന്റെ കാമുകന്‍
ഉടലോടെ എന്നെ വേരുപിഴുത്
മാറത്തിട്ട് ചിരിക്കുന്നവന്‍
നിഷേധി.
മടുക്കുമ്പോള്‍
തട്ടിക്കുടഞ്ഞുകളഞ്ഞ് പോകുന്നവന്‍
പിന്നെ
ഇരമ്പലായി
ചിലപ്പോള്‍ ചാറ്റലായി
കണ്ണീര്‍ക്കടലായി
എന്റെ ജനാലക്കല്‍
പെയ്തൊടുങ്ങുന്നവന്‍
കര്‍ക്കിടകമഴ
ഇവന്‍ എന്റെ കാമുകന്‍

ഇന്നലെ രാത്രി പിള്ളേരും കെട്ടിയവനും ഉറങ്ങിക്കഴിഞ്ഞ് ഏറെ നേരം ഞാന്‍ ദ്രവിച്ചുതുടങ്ങിയ ആ ഡയറിയുമായി ഇരുന്നു. സുഷമയെക്കുറിച്ച് എനിക്ക് വേറെ എന്തെങ്കിലും ഓര്‍ത്തെടുക്കാനാവുന്നുണ്ടോ എന്ന് ശ്രമിച്ചു. കഷ്ടം തന്നെ. ഈ വരികളും അവളുടെ മൂളിപ്പാട്ടും, പച്ചക്കളര്‍ പാവാടയുമല്ലാതെ ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല.

ഞാന്‍ സായാഹ്നപത്രത്തിന്റെ ഏടുകള്‍ വീണ്ടും മറിച്ചു നോക്കി. ബാങ്കില്‍ നിന്നിറങ്ങി വരുമ്പോള്‍ പതിവുള്ള നാരങ്ങാവെള്ളത്തിന് കവലയിലെ തിരുവില്‍ വണ്ടി നിര്‍ത്തിയതാണ്. പതിവു പോലെ നാരങ്ങാവെള്ളത്തിന്റെ ഉപ്പും മധുരവും തണുപ്പും നുണയുമ്പോള്‍ മുകളില്‍ കിടന്ന് മാടിവിളിക്കുന്ന ആഴ്ചപതിപ്പുകളിലെ സുന്ദരമുഖങ്ങളിലേക്ക് ഒളികണ്ണെറിഞ്ഞുകൊണ്ടിരുന്നു. അപ്പോഴാണ് കണ്ടത് അതിനിടയില്‍ സായാഹ്നപത്രത്തിന്റെ ഏടുകളില്‍ ഒട്ടി എന്റെ സുഷമ. അതു ചോദിച്ചുവാങ്ങിയപ്പോള്‍ കടക്കാരന്‍ എന്നെ ഒന്ന് അര്‍ത്ഥം വച്ചു നോക്കിയത് കണ്ടില്ലെന്ന് നടിച്ച് സ്കൂട്ടര്‍ വിട്ടു.

ഒരു മാറ്റവുമില്ല അവളുടെ മുഖത്തിന്. വെട്ടിയൊട്ടിച്ചപടത്തിലും ചന്തം മുഴുവനറിയാം. പക്ഷെ ആ വാര്‍ത്ത വായിച്ചിട്ട് എനിക്ക് എത്തുംപിടിയും കിട്ടിയില്ല. നഗരത്തിലെ ഒരു ബ്യൂട്ടിപാര്‍ലെറിന്റ്റെ പേരും ചില സിനിമാനടികളുടെ പേരും ഒരു എം.എല്‍.എ യുടെ പേരും വരെ ഉള്ള വാര്‍ത്തയില്‍ സുഷമ, ബ്യൂട്ടിപാര്‍ലറിലെ മസ്സാജിസ്സ്റ്റ് (30) എന്നും കണ്ടു. എനിക്കാകെ വല്ലാതെയായി. വൈകീട്ട് ഭര്‍ത്താവിന് ചായവെക്കുമ്പോളും, അത്താഴമുണ്ടാക്കുമ്പോളും, തുണി ഇസ്തിരിയിടുമ്പോളും എന്റെ മനസ്സ് സുഷമയെ ചുറ്റിപ്പറ്റി. പത്രം വെറുതെ മറിച്ചുനോക്കിയിട്ട് ഇതാരാഇവിടെ ഈ പത്രം വാങ്ങിയത്, നീയാണോ എന്ന് ഭര്‍ത്താവുചോദിച്ചപ്പോള്‍ വല്ലതും പൊതിഞ്ഞുകൊണ്ടുവന്നതാവും എന്ന് പരുങ്ങുകയും ചെയ്തു. അതില്‍ എന്റെ കൂട്ടുകാരിയുടെ പടമുണ്ട് എന്നു പറയാനുള്ള ധൈര്യവും പറഞ്ഞാ‍ല്‍ കേട്ടുകൊണ്ടിരിക്കാനുള്ള മനസ്സും ഞങ്ങള്‍ക്കു രണ്ടാള്‍ക്കുമില്ല.

പക്ഷെ, സുഷമ എന്നെപ്പോലെ ഒരു സാധാരണപെണ്ണല്ലെ? പണ്ട് കുട്ടിക്കാലത്തു കണ്ട സിനിമകളില്‍ ചില സ്ത്രീകള്‍ ചുണ്ടില്‍ ചായം തേച്ച് സ്ലീവ്ലെസ്സ് ബ്ലൌസുമിട്ട് കേള്‍ക്കാന്‍ കൊള്ളാത്ത കാര്യങ്ങള്‍ കണ്ണിറുക്കിപ്പറഞ്ഞ ശരീരംകുലുക്കി നടന്നുപോവുന്നതു കണ്ടിട്ടുണ്ട്. സുഷമ പക്ഷെ അങ്ങിനെയൊന്നും അല്ലല്ലൊ...ഇനി അവള്‍ അങ്ങിനെയൊക്കെ ആയിക്കാണുമോ? ഞാന്‍ പത്രത്തിലെ ഫോട്ടോ തിരിച്ചും മറിച്ചും നോക്കി. അരണ്ട ബെഡ്രൂം ലാമ്പിന്റെ വെളിച്ചത്തില്‍ ചുളുങ്ങിയ പത്രത്താളിനുള്ളില്‍ ഒരു വാടിയ ഇതളുപോലെ അവളുടെ മുഖം കാണാം. കണ്ണില്‍ ഇപ്പഴും പഴയ തെളിഞ്ഞ കുസൃതി. കവിളുകള്‍ ലേശം ഒട്ടിയിട്ടുണ്ട്. നെറ്റികയറി. നിറം മങ്ങി. ഉടുത്തിരിക്കുന്ന നീലസാരിയുടെ പ്രിന്റ് ബോര്‍ഡര്‍ ഒഴിഞ്ഞ കഴുത്തിനു താഴെ ചെറുതായിട്ട് കാണാം. അതിനപ്പുറം ഒന്നും കാണാന്‍ വയ്യ. കാണെ കാണെ അവളുടെ കണ്ണില്‍ വല്ലാതൊരു കരച്ചില്‍ വഴിമുട്ടി നില്‍ക്കുന്നുണ്ടോ എന്ന് എനിക്കു തോന്നി. ഇല്ല. തോന്നലായിരിക്കും. ഒരു നിസ്സംഗതയാണ് മുഖത്ത്. അതോ വിരക്തി? മനുഷ്യന്‍ കോറിയിടുന്ന ചിത്രങ്ങള്‍ പോലെതന്നെ കാമറകണ്ണുകള്‍ക്കും ഒന്നും കാണാന്‍ കഴിയില്ല. ഒരു പാടു നേരം ചിത്രത്തിലേക്ക് നോക്കിയിരുന്നിട്ടാവണം എനിക്ക് കണ്ണു കഴച്ചു. ചുറ്റുമുള്ള മറ്റു ചിത്രങ്ങളും ചലിക്കുന്നതായി തോന്നി. പാര്‍ലര്‍ മുതലാളിയായ സ്ത്രീയും അവരുടെ ശിങ്കിടി എന്നു പറയപ്പെടുന്ന ബിസ്സിനസ്സുകാരനും, കേസന്വേഷിക്കുന്ന പോലീസുകാരനും എല്ലാ ചിത്രങ്ങളും കൂടെ സുഷമയുടെ തലക്കുചുറ്റും നൃത്തം വക്കുന്നതായി തോന്നാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പത്രം വലിച്ചെറിഞ്ഞ് എഴുന്നേറ്റു.

കിടക്കയിലേക്ക് ചെരിഞ്ഞത് കണ്ണുമടച്ചായിരുന്നു. സുഷമയെ വെറുക്കണോ, തഴയണോ, മറക്കണോ, ആകെ ആശയക്കുഴപ്പത്തിലായി ഞാന്‍. അന്വേഷിച്ചു ചെന്നാലല്ലാതെ അവളെ ഞാന്‍ കാണാനിടയില്ല. കണ്ടാല്‍ എന്തു പറ്റി സുഷമെ, നീയിങ്ങനെയൊക്കേ...എന്ന് ചോദിക്കുകയോ ചോദിക്കാതിരിക്കുകയോ ചെയ്യാം. അവളുടെ ഉത്തരത്തില്‍ ഒരു പുഴയോളം കണ്ണീര്‍ ചിലപ്പോള്‍ കാണുമായിരിക്കും. ഒന്നും മിണ്ടാതിരുന്ന് അവളുടെ സങ്കടം ഞാന്‍ അറിയുന്നു എന്ന് വരുത്താം. മഞ്ഞപ്പത്രത്തിന്റെ ലേഖകന്‍ അവളെക്കുറിച്ച് ഇനിയും എന്തെങ്കിലും ഒരു വരി കൂടെ എഴുതിയിരുന്നെങ്കില്‍ എന്ന് മോഹിച്ചുപോയി. രാവിലെ എഴുന്നേറ്റപാടെ എന്റെ കൈവശമുള്ള പഴയ കൂട്ടുകാരുടെ ഫോണ്‍ നമ്പറുകളും, അഡ്രസ്സുകളും ഒക്കെ തപ്പിപ്പിടിച്ചു. ആരെയെങ്കിലും വിളിച്ച് സുഷമയെക്കുറിച്ചന്വേഷിക്കണം.

മാര്‍ച്ചുമാസത്തിലെ ഒടുക്കത്തേ ആഴ്ച..അറിയാമല്ലൊ..ബാങ്കില്‍ എല്ലാവര്‍ക്കും ഭ്രാന്തുപിടിക്കുന്ന സമയമാണ്. അതു കോണ്ട് ഞാന്‍ സുഷമയുടെ കാര്യം മറന്നു എന്നല്ല. രണ്ടു മൂന്നു ദിവസം കൊണ്ട് രാജി, ഉമ, അരുണ്‍ തുടങ്ങിയവരെ വിളിച്ച് സുഷമയെക്കുറിച്ച് അറിയാവുന്നതൊക്കെ ചേര്‍ത്തുവച്ചു. എന്നിട്ടും അവളുടെ ചിത്രം എനിക്ക് ഒരു സമാധാനവും തന്നില്ല. കല്യാണം കഴിഞ്ഞും അവള്‍ എന്തുകൊണ്ട് പഠിച്ചില്ല. മക്കളില്ലെങ്കില്‍ പിന്നെ ഭര്‍ത്താവു മരിച്ചിട്ട് എന്തേ വെറെ കല്യാണം കഴിച്ചില്ല. ഒരു പാര്‍ലറില്‍ മസാജിസ്റ്റ് ആയി ഒതുങ്ങേണ്ട വിവരവും വിദ്യാഭ്യാസവും അല്ല അവള്‍ക്ക്. എന്നിട്ടും അങ്ങിനെയായിത്തീര്‍ന്നെങ്കില്‍ അവള്‍ക്ക് എവിടെയെങ്കിലും ശരിക്കും തെറ്റിക്കാണുമോ? എന്താവും ആ തെറ്റ്? എങ്ങിനെയായിരിക്കും അത്? സുഷമക്കു പറ്റാവുന്നത് എനിക്കും പറ്റാമല്ലൊ? ഉള്‍ക്കിടിലത്തോടെ വന്ന തോന്നലുകളൊക്കെ ഞാന്‍ വിഴുങ്ങി. വല്ലാത്ത വിമ്മിഷ്ടവും തലവേദനയുമൊക്കെ ആയി എനിക്ക്. ബാങ്കിലെ തിരക്കുകാരണമെന്ന് വീട്ടിലും, പിള്ളേരു പഠിക്കാഞ്ഞിട്ടാണെന്ന് ബാങ്കിലും പറഞ്ഞൊഴിഞ്ഞു.

എല്ലാ കാര്യകാരണങ്ങളും ചെന്നവസാനിക്കുന്ന കിടപ്പുമുറിയിലെ മെത്തയിലും സുഷമയുടെ നിഴല്‍ വീണുതുടങ്ങിയപ്പോള്‍ ഭര്‍ത്താവറിഞ്ഞു. നിനക്കെന്താ എന്ന് പലവുരു കോപിച്ചും കെറുവിച്ചും ചോദിച്ചു. എനിക്കറിയില്ല എന്ന ഉത്തരത്തിനുള്ളിലെ പതിഞ്ഞ പേടി വര്‍ഷങ്ങളുടെ പരിചയക്കണക്കുകൊണ്ട് മണത്തറിഞ്ഞു. അതേ കണക്കുകൊണ്ടുതന്നെ പിന്നെ കൂട്ടിയും കിഴിച്ചും മറന്നു. എനിക്കുമാത്രം എന്നും രാത്രി തെറ്റിയ വഴിക്കണക്കു പോലെ സുഷമയേ ഓര്‍മ്മ വന്നു. അവള്‍ എങ്ങിനെയിരിക്കും? ഒളിച്ചും പതുങ്ങിയും അവള്‍ ഇപ്പോഴും മഴയെ പ്രേമിക്കുന്നുണ്ടാവുമോ? ഒന്നു തകര്‍ത്തു പെയ്ത് മാറത്തിട്ടു ചിരിക്കാന്‍ ഒരു മഴ കൊതിക്കുന്നുണ്ടാവുമോ? എന്നെപ്പോലെ അവള്‍ക്കും അടച്ചിട്ട മുറിയുടെ തണുത്ത വിരല്‍ കഴുത്തറ്റം ഇഴഞ്ഞുകയറുന്നത് തട്ടിമാറ്റാന്‍ തോന്നുന്നുണ്ടാവുമോ? എന്നിട്ട് വാതിലുകള്‍ തുറന്ന് ജനലുകള്‍ തുറന്ന് ഇരമ്പിയാര്‍ത്തുവരുന്ന മഴയുടെ താളം മുറിയുന്നതു വരെ കൂടെ പെയ്യാന്‍ തോന്നുണ്ടാവുമോ? നനഞ്ഞു കുതിര്‍ന്ന ഒരു പഴംതുണികെട്ടു പോലെ സുഷമ റോഡരികില്‍ കിടക്കുന്നത് മഞ്ഞപത്രത്തില്‍ അച്ചടിച്ചുവന്നത് ഞാന്‍ സ്വപ്നം കണ്ടു. പലതവണ.

ഏപ്രിലില്‍ ദു:ഖവെള്ളിയുടെ അന്നാണ് കോടതി ജാമ്യത്തില്‍ വിട്ട അവളുടെ ശരീരം ഡാമില്‍ പൊന്തിവന്ന വാര്‍ത്ത പത്രത്തില്‍ വന്നത്. അതേ മഞ്ഞപ്പത്രത്തില്‍ തന്നെ. ചിത്രവും ഉണ്ടായിരുന്നു. മകനു ചിക്കന്‍പോക്സ് വന്ന സമയം വരെ ആ സ്വപ്നം ഇടക്കിടെ വരുമായിരുന്നു.

25 comments:

ഗുപ്തന്‍ said...

വിട്ടുപോകുന്ന വിഷയങ്ങള്‍ എന്നെക്കൊണ്ട് വീണ്ടുമെഴുതിക്കും നീ .. :(

അവസാനത്തെ ആ വാചകത്തില്‍ ഒരു കടലിരമ്പുന്നുണ്ട്.

ചിതല്‍ said...

അവള്‍ എങ്ങിനെയിരിക്കും? ഒളിച്ചും പതുങ്ങിയും അവള്‍ ഇപ്പോഴും മഴയെ പ്രേമിക്കുന്നുണ്ടാവുമോ?

അവള്‍ അങ്ങനെയായാങ്കില്‍ ഞാ‍നും അങ്ങനെയാവില്ലേ... നാം തന്നെയല്ലേ അവര്‍..
നമ്മെ പോലെ തന്നെ.. പിന്നെ എങ്ങനെ??

ഇഷ്ടമായി “സുഷമയെ..”

നജൂസ്‌ said...

നനഞ്ഞു കുതിര്‍ന്ന ഒരു പഴംതുണികെട്ടു പോലെ സുഷമ റോഡരികില്‍ കിടക്കുന്നത് മഞ്ഞപത്രത്തില്‍ അച്ചടിച്ചുവന്നത് ഞാന്‍ സ്വപ്നം കണ്ടു.

നാളെത്തെയും മറ്റന്നാള്‍ത്തെയും പത്രങ്ങള്‍ ഇന്നുതന്നെയാണച്ചടിക്കുന്നത്‌.

ഇവിടെ ഒന്നു നോക്കുക

നജൂസ്‌ said...
This comment has been removed by the author.
sree said...

പരാജിതന്റെ )തടസ്സം എന്ന കവിതയില്‍ Stock holm syndrom നെ ക്കുറിച്ച് മനു ഇങ്ങനെ പറഞ്ഞിരിക്കുന്നതു കണ്ടു

ഇതില്‍ വിവരിക്കുന്ന മനോനിലയെക്കുറിച്ചുള്ള ബോധ്യം ഇരയാക്കപ്പെടുന്ന ആളിനോട് ചേര്‍ന്നു നില്‍ക്കാനേ ഉപകരിക്കൂ.

ഇക്കാര്യം രണ്ടു വശത്തു നിന്ന് നോക്കുക എന്നതിലുള്ള ആണ്‍-പെണ്‍ വ്യത്യാസത്തെക്കുറിച്ച് ഞാന്‍ മനസ്സിലാക്കിയ പ്രൊസെസ്സ് മാത്രമാണ് ഈ കഥ. എന്റെ തോന്നലുകളില്‍ ചവുട്ടിനിന്ന് ചിലത് ചിന്തിക്കാനുള്ള ശ്രമം. empathising എന്നൊക്കെ പറഞ്ഞ് എന്റെ വിഷമസന്ധി പരിഹരിക്കാന്‍ എളുപ്പമാണ്. ആത്മപീഡനം തടസ്സപ്പെടുത്തുകയും ആവാം ആര്‍ക്കും (ആ ആശയവും പരജിതന്റെ തന്നെ)

ചിതലിനു നന്ദി :)

നജൂസ്..അതുപോലെ കവിത വിരിയിക്കാന്‍ എനിക്കറിയാമായിരുന്നെങ്കില്‍ എന്റെ സുഷമയെയും ഞാന്‍ ഒരു പൂവാക്കിയേനെ.

rathisukam said...

ഞാനിന്നുവരെ ഒരു വേശ്യയെ നേരില്‍കണ്ടിട്ടില്ല. എങ്ങിനെയിരിക്കും അവള്‍? എന്നെപ്പോലെ ഉയരവും വണ്ണവും ഉണ്ടാവുമോ? നിറം? എന്നെപ്പോലെ ഇരുട്ട് പേടികാണുമോ? അടച്ചിട്ട മുറിയില്‍ ഇരിക്കാനിഷ്ടമില്ലായിരിക്കുമോ? ആ..അറിയില്ല. അറിയാത്ത ഒന്നിന്നെക്കുറിച്ച് സങ്കല്‍പ്പിക്കാനും അറിയില്ല. സാധാരണമനസ്സാണ് എന്റെ. അതു കൊണ്ടാണ് ഒരു വേശ്യയെ കണ്ടപടി, കിറുകൃത്ത്യമായി വര്‍ണ്ണിക്കാന്‍ എനിക്കുകഴിയാത്തത്. ഇല്ലെങ്കില്‍ ഞാന്‍ സുഷമയെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ നിങ്ങള്‍ക്കു മനസ്സിലായേനെ അവള്‍ ആരാണെന്ന്.

തണല്‍ said...

"മകനു ചിക്കന്‍പോക്സ് വന്ന സമയം വരെ ആ സ്വപ്നം ഇടക്കിടെ വരുമായിരുന്നു."
-സ്വപ്നമോ ദുഃസ്വപ്നമോ?
എന്തായാലും നന്നായിരിക്കുന്നു ശ്രീ.

Jithendrakumar/ജിതേന്ദ്രകുമര്‍ said...

"സുഷമക്കു പറ്റാവുന്നത് എനിക്കും പറ്റാമല്ലൊ? ഉള്‍ക്കിടിലത്തോടെ വന്ന തോന്നലുകളൊക്കെ ഞാന്‍ വിഴുങ്ങി."ഈ ഒരു താദാത്മ്യം ഇല്ലാതാക്കുന്നതാണല്ലോ ആ ഒരു കോണ്ടാക്റ്റ്‌ ഇല്ലാത്ത നീണ്ട ഗ്യാപ്പ്‌. (പച്ച പാവാടയില്‍ നിന്നും മുപ്പതു വയസ്സു വരെയുള്ള കാലം മാനസികമായ താദാത്മ്യങ്ങളെ ഇല്ലാതാക്കും എന്ന് എനിക്കു തോന്നുന്നു.) എന്നാലും നല്ല കഥ. മനസില്‍ ചില മൂവ്മെണ്റ്റ്സ്‌ ഉണ്ടാക്കുന്നുണ്ട്‌, സുഷമ.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഞാനിന്നുവരെ ഒരു വേശ്യയെ നേരില്‍കണ്ടിട്ടില്ല. എങ്ങിനെയിരിക്കും അവള്‍? എന്നെപ്പോലെ ഉയരവും വണ്ണവും ഉണ്ടാവുമോ
ദയറിയിലോ ബര്‍ദുബായിലോ നോക്കികോളു

G.manu said...

shaked and shocked.!

nalla ezhuthu sree

ഇട്ടിമാളു said...

ശ്രീ..

ചില മാറ്റങ്ങള്‍ ഇങ്ങനെ ആണല്ലെ...

പതിനഞ്ചിനോടൊരു പതിനഞ്ച് ചേര്‍ത്ത് മുപ്പതിലെത്തിക്കുമ്പൊ.. എന്തെന്തു മാറ്റങ്ങള്‍...

ചിലപ്പൊ ചിലരെ ഒക്കെ കാണുമ്പൊ (ഈ അവസ്ഥയിലല്ലാട്ടൊ) ഞാനും ചിന്തിക്കാറുണ്ട്.. എനിക്കറിയാവുന്ന അവര്‍ക്ക് ഇങ്ങനെ ഒന്നും ആവാനാവില്ലല്ലൊ എന്ന്...

വെറുതെ.. ഇത്തിരി വട്ടാക്കി ട്ടൊ .. ഈ ചിക്കന്‍പോക്സ് ഒഴിഞ്ഞുപോവാന്‍ കുറച്ച് നാള്‍ പിടിക്കും..

നവരുചിയന്‍ said...

വല്ലാത്ത ഒരു അനുഭവം ...... സത്യം തന്നെയോ .....

തറവാടി said...

:)

vadavosky said...

സുഷമയെക്കുറിച്ച്‌ മാത്രമേ ശ്രീ വേവലാതിപ്പെടേണ്ടതുള്ളു. അതും കുറച്ച്‌ അറിയാവുന്നതുകൊണ്ടും ആത്മഹത്യ ചെയ്തതുകൊണ്ടും. കേരളത്തില്‍ ഇപ്പോള്‍ സ്വയം ഈ വഴി തിരഞ്ഞെടുക്കുന്നവര്‍ ഏറി വരികയാണ്‌. പലപല കാരണങ്ങള്‍ ഉണ്ടാവാം. പക്ഷെ സ്വയം ഇത്‌ തിരഞ്ഞെടുക്കുന്നവര്‍ക്ക്‌ കുറ്റബോധമോ വിഷമമോ ഇല്ല. എറണാകുളത്തെ കോളേജ്‌ പെണ്‍കുട്ടികള്‍ sex work ന്‌ പോകുന്നതിനെക്കുറിച്ച്‌ ഞാന്‍ ഒരു കഥ പോസ്റ്റ്‌ ചെയ്തിരുന്നു ( കറുമുറാ കറുമുറാ). അത്തരം സംഭവങ്ങള്‍ വളരെ സാധാരണമാണെന്ന് പോലീസ്‌ പറയുന്നു. അതിന്‌ ആരേയും പഴിക്കേണ്ട കാര്യമില്ല.സാധാരണ sex worker ഇമേജ്‌ ഇവര്‍ക്കുണ്ടാവില്ല. നമ്മള്‍ ഒരിക്കലും അവരെ തിരിച്ചറിയില്ല. എന്നാലും മഴ പെയ്യുമ്പോള്‍ ജനലിലൂടെ അത്‌ നോക്കി നിന്ന് തരളമാവുന്ന മനസ്സ്‌ അവര്‍ക്കുണ്ടാവും.

sree said...

എല്ലാവര്‍ക്കും നന്ദികള്‍ ;))

തണല്‍, എല്ലാ സ്വപ്നങ്ങളും ദുസ്സ്വപ്നങ്ങളും ചെന്ന് അവസാനിക്കുന്ന ഒരിടമാണത്.

ജിതേന്ദ്രാ, പച്ച പാവാടയില്‍ നിന്നും മുപ്പതു വയസ്സു വരെയുള്ള കാലം മാനസികമായ താദാത്മ്യങ്ങളെ ഇല്ലാതാക്കില്ല ചിലപ്പോഴൊക്കെ.

അനൂപേ, ഡെയറയിലെയും ബര്‍ദുബായിലെയും പുറംകാഴ്ചകള്‍ കണ്ടുകണ്ണുതഴച്ച് ഉള്ളിലേക്കു നോക്കിയപ്പഴാ സുഷമയെ അവിടെക്കണ്ടത്.
ഇട്ടിമാളു, നവരുചിയന്‍, തറവാടി, ജി.മനു എല്ലാവര്‍ക്കും നന്ദികള്‍ :)

വടവോ, ആ കുക്കുമ്പര്‍ കഥ ഞാന്‍ വായിച്ച് ഞെട്ടിയതാണ് ഒരിക്കല്‍. ആ കഥാപാത്രം, സിമി അവിടെ സൂചിപ്പിച്ചപോലെ എന്തെങ്കിലും ഒന്നു പറഞ്ഞു വെച്ചിരുന്നെങ്കില്‍ എന്നു തോന്നുകയും ചെയ്തു. എന്റെ തന്നെ പാകമില്ലാത്ത മനസ്സിന്റെ കുഴപ്പമാവാം എന്ന് പിന്നീട് തോന്നി. സമൂഹം സൃഷ്ടിച്ച ഓരൊ ഇമേജും നമ്മളില്‍ എത്ര സൂക്ഷ്മമായിട്ടാണ് വേരോടിയിരിക്കുന്നത് എന്നു നോക്കൂ..വേശ്യ എന്നാല്‍ ഒന്നുകില്‍ തെറിച്ചപെണ്ണ്, അല്ലെങ്കില്‍ തകര്‍ന്നപെണ്ണ്...പുതിയ റീയാലിറ്റികള്‍ പുതിയ ഐഡെന്റിറ്റികളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു എന്ന് ഓര്‍മ്മിപ്പിച്ചിരുന്നു ആ കഥ. ഇവിടെ പക്ഷെ ഒരു സോഷ്യല്‍ റിയാലിറ്റിയോട് പ്രതികരിക്കുക എന്നതിലുപരി എന്നോട് തന്നെ കയര്‍ത്ത് ഒരു വ്യക്തിയുമായി പൊരുത്തപ്പെടുക എന്നതായിരുന്നു എന്റെ ആവശ്യം. സ്വാര്‍ത്ഥത തന്നെ. അല്ലാതെന്ത്? ;))

സതീശ് മാക്കോത്ത്| sathees makkoth said...

സുഷമ ഒരു നൊമ്പരമായി നില്‍ക്കുന്നു.
കഥ ഇഷ്ടപ്പെട്ടു.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

ഉള്ളില്‍ തൊട്ടെഴുതിയിരിക്കുന്നു. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

അത്ക്കന്‍ said...

ജനിച്ചതാര്‍ക്കു വേണ്ടി...?
അറിയില്ലാല്ലോ.

ജീവിതത്തിലെ താളപ്പിഴകള്‍ മനസ്സിലാകാത്തതു കോണ്ടൊ..?
അതൊ.!?..

ഹരിത് said...

ഇഷ്ടമായി. നന്നായി എഴുതി. കഥ അവസാനിപ്പിച്ച രീതി വളരെ ഇഫക്ടീവായി.

lakshmy said...

ജനലില്‍ പെയ്തൊഴിയുന്ന വര്‍ഷമാരിയെ പ്രണയിച്ച്, പിന്നെ ഒരു പ്രളയത്തില്‍ സ്വയം ഒലിച്ച്, ആ പ്രളയജലത്തോട് താദാമ്യം പ്രാപിച്ച് പൊങ്ങി ഒഴുകി നടന്ന ‘സുഷമ’. പത്രത്താളുകളില്‍ ഇതു പോലെ ഒരുപാടു സുഷമമാരെ കാണാം അല്ലെ ദിവസേനയെന്നോണം.

സുഷമയുടെ ആ വരികള്‍ അതിമനോഹരം
ശ്രീയുടെ എഴുത്തും

കെ.പി.റഷീദ്‌ said...

-ഇത്‌ ഒരനുബന്‌ധം. അല്ലെങ്കില്‍, വേറൊരു കഥ. അതുമല്ലെങ്കില്‍, പേജുകള്‍ മഞ്ഞച്ച അതേ പോലൊരു ഡയറിയില്‍നിന്ന്‌ കണ്ടെടുത്ത വെറും ഒരോര്‍മ്മ. കഥാ പാത്രങ്ങളുടെ അനുവാദമില്ലാതെ തുറന്നുവെക്കാമോ, ഇങ്ങനെയാരു ഓര്‍മ്മ എന്നറിയില്ല. അതിനാല്‍, നാളും നാടും വിടുന്നു.
കഥ പറഞ്ഞത്‌ എന്‍െറചങ്ങാതി. അന്നവന്‍ ഓട്ടോ ഡ്രൈവറായിരുന്നു. ഏറെ കാലത്തിനുശേഷം നാട്ടില്‍ചെന്നപ്പോഴാണ്‌ അവനെ കണ്ടത്‌. ഓട്ടോയില്‍, വീട്ടിലേക്ക്‌ പോവുമ്പോള്‍ അവന്‍ അവളെ കുറിച്ചു പറഞ്ഞു.
അവള്‍ അവന്‍െറ കൂട്ടുകാരി. കാമ്പസില്‍ അവന്‍െറ വലം കൈ. ആകാശത്തേക്ക്‌ മുഷ്‌ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു നീങ്ങിയ അനേകം പ്രകടനങ്ങളില്‍ അവളുമുണ്ടായിരുന്നു. പുതിയ ലോകം കിനാകണ്ട നാളുകളില്‍ എന്നോ , അവനവളെയും അവളവനെയും ആഴത്തില്‍ സ്‌നേഹിച്ചു. എന്നാല്‍, അതൊരിക്കലും പറഞ്ഞില്ല, ഇരുവരും. സംഘടനാ പ്രവര്‍ത്തകന്‍െറ കുപ്പായം പ്രണയത്തിനു ചേരുന്നതല്ലെന്നായിരുന്നു അന്ന്‌ വിശ്വാസം. അങ്ങനെ, ചങ്ങാത്തത്തിന്‍െറ കൈ പിടിച്ച്‌ ഇരുവരും കാമ്പസില്‍നിന്നിറങ്ങി.
പിന്നെ എപ്പോഴൊക്കെയോ അവളെ കണ്ടു. ഓര്‍മകള്‍ തുന്നിക്കൂട്ടിയ ചില കത്തുകള്‍ അവനെത്തേടി വന്നു. അവനവള്‍ക്കും എഴുതി. വരികള്‍ക്കിടയില്‍ നഷ്‌ട പ്രണയത്തിന്‍െറ ഒരു സൂര്യന്‍ പൊടുന്നനെ ഉദിച്ചസ്‌തമിച്ചു. അവളെക്കുറിച്ച നീണ്ട പറച്ചിലുകള്‍ക്കിടെ പ്രണയം മണത്തപ്പോള്‍, നീ ചെയ്‌തത്‌ ശരിയായില്ല എന്ന്‌ ഞാനവനോട്‌ പറഞ്ഞൊഴിഞ്ഞു.
വീട്ടു പ്രാരബ്‌ധങ്ങള്‍ അവന്‍െറ തുടര്‍ പഠനം മുടക്കി. ഓട്ടോ സ്‌റ്റാന്‍റില്‍ അവന്‌ ഇടം കിട്ടി. ദൂരെ ഹോസ്‌റ്റലില്‍നിന്ന്‌ വല്ലപ്പോഴും പെട്ടിയും തൂക്കി വരുന്ന എന്നോട്‌ ഇടക്കെപ്പോഴോ അവന്‍ അവളുടെ കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞു. ഏതോ പ്രണയവിവാഹമായിരുന്നു. അവന്‍െറ ഇത്തിരി സങ്കടം ആരോ ഓട്ടോ വിളിച്ചുപോയി തിരികെയെത്തിയപ്പോഴേക്കും തീര്‍ന്നു.
മഴയും വെയിലും മഞ്ഞും മാറിമാറിവന്ന്‌ ജീവിതം പല വഴിക്കായി. ജോലി കിട്ടി നഗരത്തിരക്കില്‍ പെട്ട ഞാന്‍ എന്നോ ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ അവനാ അനുഭവം അസാധാരണമായ നിസ്സംഗതയോടെ പറഞ്ഞു തുടങ്ങി.
അമ്മ ആത്‌മഹത്യചെയ്‌ത്‌‌, അച്‌ഛന്‍ പുനര്‍വിവാഹം ചെയ്‌തുപോയ വീട്ടില്‍ അവന്‌ തീരെ ഇടമില്ലായിരുന്നു. അതിനാല്‍, രാത്രിയും അവന്‍ ഓട്ടോ സ്‌റ്റാന്‍റില്‍ തന്നെയായി. ടൗണിലെ അത്ര നല്ല പേരില്ലാത്ത ലോഡ്‌ജില്‍നിന്ന്‌ രാത്രികളില്‍, ചിലപ്പോള്‍ വിളികള്‍ വരാറുണ്ട്‌. ടൗണിനോട്‌ ചേര്‍ന്ന പല സ്‌ഥലങ്ങളില്‍നിന്ന്‌ ലോഡ്‌ജില്‍ ശരീര വില്‍പ്പനക്കെത്തുന്ന സ്‌ത്രീകളെ വീട്ടിലെത്തിക്കാനുള്ള ഓട്ടങ്ങള്‍. ആഭാസച്ചിരി കലര്‍ന്ന ആകാംക്ഷയോടെയാണ്‌ അത്തരം ഓട്ടങ്ങളെ ഓട്ടോ സ്‌റ്റാന്‍റ്‌ വരവേല്‍ക്കാറ്‌. ചിലപ്പോഴൊക്കെ അവനും പോയിരുന്നു അത്തരം ഓട്ടങ്ങള്‍.
പാതിരക്ക്‌ തന്നെയാണ്‌ അന്നും വിളി വന്നത്‌. ലോഡ്‌ജിന്‍െറ മുന്നില്‍നിന്ന്‌ ഉടലാകെ മൂടിക്കെട്ടിയ സ്‌ത്രീ രൂപം ഓട്ടോയില്‍ കയറി. ഒപ്പം കൂനിക്കൂടിയിരിക്കുന്ന ഒരു വൃദ്‌ധനും. കുറേ ദൂരെ ഒരു നാട്ടിന്‍ പുറത്തേക്കായിരുന്നു യാത്ര. പുറകിലെ സീറ്റില്‍നിന്ന്‌ ഇടക്കിടെ വിതുമ്പലുയരുന്നത്‌ അവന്‍ കേട്ടില്ലെന്ന്‌ നടിച്ചു. ഇടക്കൊക്കെ സ്‌നേഹം കലര്‍ന്ന അധികാരത്തോടെ വൃദ്ധന്‍െറ ശാസനാ സ്വരം ഉയര്‍ന്നു. ഇടക്കവന്‍ സ്‌റ്റീരിയോയില്‍ ഏതോ പാട്ടു വെച്ചു. ഇത്തിരി ചെന്നപ്പോള്‍ വൃദ്ധന്‍ പാട്ട്‌ പറഞ്ഞു നിര്‍ത്തിച്ചു. നല്ല മഞ്ഞുള്ള രാത്രിയില്‍ റോഡില്‍നിന്ന്‌ മാറിയ മണ്‍ പാതയിലൂടെ കുറേ ചെന്ന്‌ ഓട്ടോ നിന്നു. വൃദ്ധന്‍ ഇറങ്ങി നടന്നു. കാശെത്രയെന്ന്‌ ചോദിച്ച്‌ സ്‌ത്രീരൂപം പുറത്ത്‌ ഡ്രൈവറുടെ സീറ്റിനരികെ ഇറങ്ങിനിന്നു. കിലുങ്ങുന്ന പ്ലാസ്‌റ്റിക്‌ സഞ്ചിയില്‍നിന്ന്‌ പഴ്‌സ്‌ എടുത്ത്‌ കാശ്‌ നീട്ടുമ്പോള്‍ തലയില്‍നിന്ന്‌ സാരി ഊര്‍ന്നു വീണു. കണ്ണാടിക്കരികിലെ ചെറിയ ബള്‍ബിന്‍െറ വെളിച്ചത്തില്‍ വെറുതെ അവനാ മുഖം കണ്ടു. അവള്‍ അവനെയും. ഒരു നിമിഷം അവന്‍െറ മുഖത്ത്‌ വല്ലാത്ത നോട്ടമയച്ച്‌, ഏറെക്കാലം കാത്തുവെച്ച കരച്ചില്‍ പുറത്തുവിടുംപോലെ അവള്‍ തൊട്ടടുത്ത വീട്ടിലേക്ക്‌ ഒറ്റ നടത്തം. തിരിഞ്ഞു നോക്കുമെന്ന്‌ വെറുതെ തോന്നി. ഏറെ നേരം ഇരുട്ടിലേക്ക്‌ നോക്കിനിന്ന്‌ അവന്‍ വണ്ടി സ്‌റ്റാര്‍ട്ട്‌ ചെയ്‌തു. പിന്നെയവന്‍ രാത്രികളില്‍ ഓട്ടോ സ്‌റ്റാന്‍ില്‍ നിന്നില്ല.
മരണം പോലെ തണുത്ത നിശ്ശബ്‌തയിലേക്ക്‌ അവന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ എനിക്കൊന്നും ഉരിയാടാനായില്ല.
രാത്രി, പുഴക്കരികെ ഇരിക്കുമ്പോള്‍ അവന്‍ കുറേ പദ്ധതികള്‍ എന്‍െറ മുന്നിലിട്ടു. അവളെ രക്ഷിക്കാന്‍. അനാഥമായി തുടരുന്ന അവന്‍െറ ജീവിതത്തിന്‌ അര്‍ഥമുണ്ടാക്കാന്‍. ആ ലോഡ്‌ജ്‌ മുതലാളിയെ തല്ലി കാലൊടിക്കാന്‍. നോക്കാമെന്ന്‌ മാത്രം പറഞ്ഞു, ഞാന്‍. പിറ്റേന്ന്‌ ജോലി സ്‌ഥലത്തേക്ക്‌ തിരിച്ച ഞാന്‍ ഏറെ വൈകി, വീണ്ടും നാട്ടിലെത്താന്‍. ഇടക്ക്‌ അവനെ വിളിച്ചെങ്കിലും ഇക്കാര്യമൊന്നും പിന്നീട്‌ പറഞ്ഞില്ല.
കുറേ കാലം കഴിഞ്ഞ്‌, ഒരിക്കല്‍ അവന്‍ പറഞ്ഞു, അവളെ വീണ്ടും കാണാന്‍ ചെന്ന കഥ. ആ സംഭവം കഴിഞ്ഞ്‌ ഒരാഴ്‌ച കഴിഞ്ഞാണ്‌ അവന്‍ ചെന്നത്‌. രണ്ടുമൂന്ന്‌ ചങ്ങാതിമാര്‍ക്കൊപ്പം. അവളവിടെ ഇല്ലായിരുന്നു. അതൊരു വാടക വീടായിരുന്നു. അയല്‍ക്കാര്‍ പറഞ്ഞു, അവിടത്തെ താമസക്കാര്‍ മൂന്ന്‌ നാള്‍ മുമ്പ്‌ പോയെന്ന്‌.
അവള്‍ എവിടെയാവുമെന്ന്‌ എനിക്കറിയില്ല. അവനിപ്പോള്‍ ആ കഥ അതേ തീവ്രതയില്‍ ഓര്‍ക്കുന്നോ എന്നുപോലും....

sree said...

സതീശ്, വിടരുന്ന മൊട്ടുകള്‍, അത്കന്‍,ഹരിത്, ലക്ഷ്മി :) നന്ദി

റഷീദ്
ഇങ്ങനെ ഹൃദയസ്പര്‍ശിയായ ഒരു അനുഭവം ഇവിടെ പങ്കുവച്ചതിന് ഒരുപാടു നന്ദി.
“അവന്‍െറ മുഖത്ത്‌ വല്ലാത്ത നോട്ടമയച്ച്‌, ഏറെക്കാലം കാത്തുവെച്ച കരച്ചില്‍ പുറത്തുവിടുംപോലെ അവള്‍” നടന്നു പോവുന്നത് സര്‍വ്വ അവഹേളനങ്ങളില്‍ നിന്നും അനുകമ്പകളില്‍ നിന്നുമാണെന്നു തോന്നി. കൂട്ടുകാരന്‍ അതേ തീവ്രതയോടെ ആ കഥ ഓര്‍ക്കുന്നുണ്ടാവുമോ എന്നു സംശയിച്ചില്ലേ, കേട്ടിരുന്ന ആളെങ്കിലും ഓര്‍ത്തുവല്ലോ. നല്ലത്.

കിനാവ് said...

കഥയിലെ സുഷമയെ ഇഷ്ടായീന്നു പറഞ്ഞാല്‍ തെറ്റിദ്ധരിക്ക്വോ ആവോ?

സിമി said...

last line ugran!

sushama nammude naattil ayondu alle chathe.

പാമരന്‍ said...

"അവള്‍ എങ്ങിനെയിരിക്കും? ഒളിച്ചും പതുങ്ങിയും അവള്‍ ഇപ്പോഴും മഴയെ പ്രേമിക്കുന്നുണ്ടാവുമോ? ഒന്നു തകര്‍ത്തു പെയ്ത് മാറത്തിട്ടു ചിരിക്കാന്‍ ഒരു മഴ കൊതിക്കുന്നുണ്ടാവുമോ? എന്നെപ്പോലെ അവള്‍ക്കും അടച്ചിട്ട മുറിയുടെ തണുത്ത വിരല്‍ കഴുത്തറ്റം ഇഴഞ്ഞുകയറുന്നത് തട്ടിമാറ്റാന്‍ തോന്നുന്നുണ്ടാവുമോ? എന്നിട്ട് വാതിലുകള്‍ തുറന്ന് ജനലുകള്‍ തുറന്ന് ഇരമ്പിയാര്‍ത്തുവരുന്ന മഴയുടെ താളം മുറിയുന്നതു വരെ കൂടെ പെയ്യാന്‍ തോന്നുണ്ടാവുമോ? നനഞ്ഞു കുതിര്‍ന്ന ഒരു പഴംതുണികെട്ടു പോലെ സുഷമ റോഡരികില്‍ കിടക്കുന്നത് മഞ്ഞപത്രത്തില്‍ അച്ചടിച്ചുവന്നത് ഞാന്‍ സ്വപ്നം കണ്ടു. പലതവണ."

ഞാനാണെങ്കില്‍ ഒരു മരത്തിന്‍റെയോ കടയുടെയോ മറവിലേയ്ക്കു മാറി നിന്നേനെ. എന്നിട്ട്‌ ഒരു സുഹൃത്സദസ്സില്‍ സുഷമയെപ്പറ്റി അയവിറക്കി ഒരു കഷ്ടം വച്ച്‌ സബൂറാക്കിയേനെ. ഇടയ്ക്ക്‌ തനിച്ചു നടക്കുമ്പോള്‍ അവളെ ഓര്‍മ്മവന്നാല്‍ ഏതെങ്കിലും പഴയ ഹിന്ദിപ്പാട്ട്‌ ഉറക്കെപ്പാടി മനസ്സിനെ വഴിതിരിച്ചു വിട്ടേനെ. ഹും, അതോണ്ടാണല്ലോ, ഞാന്‍ ഞാനാകുന്നതും നിങ്ങള്‌ നിങ്ങളാകുന്നതും. ലാല്‍സലാം!

Post a Comment