Monday, May 19, 2008

യമകല്‍പ്പന ഒരു ഓണ്‍ലൈന്‍ പ്രണയകാവ്യം

യമന്‍: നീയുണ്ടോ അവിടെ?

കല്‍പ്പന: ഉവ്വ്. നിന്നെ കാത്തിരിക്കുകയായിരുന്നു

യമന്‍: കല്പനേ, എനിക്കിതു മടുത്തു.കയ്യ്കളിലൂടെ വഴുതിയിറങ്ങുന്ന മരണങ്ങളേ സ്നേഹിച്ചുപോകുന്നു.പിന്നെ അവക്കു മരണം വിധിച്ചും,ഉയിര്‍പ്പിച്ചും ഞാന്‍ തോറ്റു

കല്‍പ്പന: നിനക്കിതു മതിയാക്കിക്കൂടെ? നിന്റെ ഉള്ളിലുള്ളത് കവിതയാണ്
മരണമല്ല.
യമന്‍: ഇല്ലാത്ത ചോയ്സുകള്‍ക്ക് ഒരു രക്തസാക്ഷി കൂടി. ആര്‍ക്കു നഷ്ടം? (ഹും!)
നീ ഇന്നലേ ആ അനാഥശ്രമത്തില്‍ ചെന്നിരുന്നു അല്ലെ?

കല്‍പ്പന: മ്..ആ കുട്ടിയേ കണ്ടു. നീ പറഞ്ഞതുപോലെ നീലക്കണ്ണുകളാണ് അവള്‍ക്ക്. നാലുവയസ്സു കാണും

യമന്‍: കട്ടിലില്‍ നിന്ന് അയാളെ വലിച്ചിടുമ്പോള്‍ ഞെട്ടിയുണര്‍ന്ന് അവള്‍ എന്നെ നോക്കിയിരുന്നു കല്ലു...ഒറ്റത്തവണ...മരിച്ചുപോയി ഞാന്‍ അന്നേരം.

കല്‍പ്പന: വിഷമിക്കേണ്ട. ഹി ഡിസേവ്ഡ് ഇറ്റ്. മറക്കാന്‍ ശ്രമിക്ക്. നിന്റെ ആ കവിതയെവിടെ? വെയിലിനെക്കുറിച്ചെഴുതിയത്? അതു പോസ്റ്റുന്നില്ലെ?

യമന്‍: എന്നെ കരിച്ചുകളയുന്നതിനെ ഞാന്‍ കവിതയാക്കി വാഴ്ത്തണോ? ഇന്നലെ രാവിലേ മുതല്‍ ഈ നേരം വരെ അവരുമായി ഒളിച്ചുകളിയായിരുന്നു. പിടിക്കപ്പെട്ടാല്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല.

കല്‍പ്പന: നമ്മള്‍ തമ്മില്‍ കാണുന്നതോ?

യമന്‍: അതു വേണ്ട..കല്ലു. നീയന്നു പാടിയതു പോലെ "ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്തു കാണാം..."

കല്‍പ്പന: ഇത്രയും ക്രൂരതയരുത് സ്വയം....നിനക്കറിയാമല്ലോ എനിക്ക് എന്റെ ആക്റ്റിവിസത്തിനു താങ്ങാവുന്നത്..

യമന്‍: ....എന്റെ തെറ്റുകളാണ്...മാപ്പില്ലാത്ത ഈ പാപങ്ങളാണ്..നിന്നെ നിന്റെ നന്മയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത്..അല്ലെ?

കല്‍പ്പന: അങ്ങിനെ പറയരുത് യമാ...നീ ഒളിച്ചിരിക്കുന്നത് നിന്നോടു തന്നെയാണ്..അതാണെന്റെ ഭയം. നിന്റെ കവിതകള്‍...നീ വെളിപ്പെടുന്ന ഇടങ്ങളാണ്...അവയെ പ്രേമിക്കുന്നതാണ് എന്റെ ഊര്‍ജ്ജം. നിന്റെ വരികളില്ലാതായാല്‍ പിന്നെ കല്‍പ്പന എന്ന സാമൂഹ്യപ്രവര്‍ത്തകയും ഇല്ല.

യമന്‍: മ്...പാപം പകരുന്നതിങ്ങനെയും ആവാം. ഒരേ ചക്രത്തില്‍ കറങ്ങുന്നവരാണ് നാം.

കല്‍പ്പന: നീ ഇപ്പോള്‍ കഫേയിലാണോ..മറ്റേ റ്റൌണ്‍ഹാളിനു സമീപമുള്ളത്?

യമന്‍: അല്ല ഞാന്‍ നഗരത്തിനു വെളിയില്‍..മറ്റൊരിടത്താണ്. അവര്‍ ചുറ്റും വലവീശിയിട്ടുണ്ട്. എനിക്കുടനെ പോകണം കല്ലൂ..

കല്‍പ്പന: നാളെ ജില്ലാ ആശുപത്രിയില്‍ ജനസേവ ക്യാമ്പ്. രാത്രിയാവും വരാന്‍. ഇനി എന്നാ നീ ഓണ്‍-ലൈന്‍ വരുന്നത്?

യമന്‍: അറിയില്ല. മെയിലിടാം. പോണൂ കല്ലൂ....തെറ്റുകള്‍ ഭാണ്ഡം കവിയുമ്പോള്‍ ഇനിയും നിന്നെ തിരക്കി വരും ഞാന്‍...

കല്പന: ഞാന്‍ കാത്തിരിക്കുന്നുണ്ടാവും.


സെന്റ്രല്‍ ജെയിലില്‍ ഇന്റെര്‍നെറ്റ് സൌകര്യം വന്നതു പുതിയ ജെയിലര്‍ റോയ് കുര്യന്റെ പ്രത്യേക താല്‍പ്പര്യം മൂലം. യമന്‍ എന്ന പ്രോഫൈലിനുടമ, രണ്ടുദിവസത്തിലൊരിക്കല്‍ കനിഞ്ഞു കിട്ടുന്ന നെറ്റ് സ്വാതന്ത്ര്യം കഴിഞ്ഞല്ലോ എന്ന വേദനയോടെ അഴികള്‍ക്കുള്ളിലേക്ക് മടങ്ങി. കല്‍പ്പന എന്ന പേരില്‍ നെറ്റില്‍ ആക്റ്റിവിസം നടത്തി മോഹഭംഗങ്ങളുടെ മുറിഞ്ഞ ചിറകുകള്‍ ഉണക്കുന്ന ബിന്ദു അത്താഴത്തിനു കറി ഒപ്പിക്കാന്‍ തിരക്കിട്ട് അടുക്കളയിലേക്കും. കൂട്ടത്തില്‍ പിറ്റെന്ന് ഭര്‍ത്താവിന്റെ കസിന്റെ കല്യാണത്തിനു പോകാനുള്ള സാരിയെടുത്തുവക്കാനും ഓര്‍ത്തു.ആരും കണ്ടില്ല. ആരും അറിഞ്ഞുമില്ല.

തെറ്റാണ്.ആര്‍ക്കറിയാം തെറ്റ് ആരുടെയാണെന്ന്?

*************************
Angshukantha Chakraborthy യുടെ Brunching with Ophelia എന്ന ഒരു തട്ടുപോളി നോവലില്‍ ഒരു നെറ്റ്-ഹാമ്ലെറ്റിനെയും ഒഫീലിയയെയും കണ്ടപ്പോള്‍, സ്മിതാ ആദര്‍ശിന്റെ ഓര്‍ക്കുട്ടിലെ കള്ളനാണയം വായിച്ചപ്പോള്‍ ഒക്കെ മിന്നിമറഞ്ഞ ചില തോന്നലുകള്‍. ഇന്റര്‍നെറ്റ് എന്ന സാഗര നീലിമയില്‍ പലരൂപങ്ങളില്‍ ഒളിച്ചു നീന്തി സായൂജ്യമടയുന്ന പരല്‍മീനുകളുടെ തെറ്റും ശരിയും ഓര്‍ത്തുപോയി. ജീവിച്ചിരിക്കുന്നവരോ,മരിച്ചവരോ, ജയിലില്‍ക്കിടക്കുന്നവരോ ആയ ആരുമായും ബന്ധമില്ലെ...

19 comments:

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ശ്രിയുടെ ഒരോ രചനകളും വായിക്കുമ്പോള്‍
അങ്ങനെ ഒന്ന് എഴുതാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ചിന്തിക്കും.ഒന്നാമത് വായന വളരെ കുറവാണ്.അതു കൊണ്ടാകാം ഞാന്‍ ഇങ്ങനെയായി പോയത്
ഏതായാലും ആദ്യ തേങ്ങ എന്റെ വക

Don(ഡോണ്‍) said...

നന്നായിട്ടുണ്ട് . എന്താ പറയാ ......................
............................................................
ഇല്ല . ഒന്നും പറയാനില്ല .വാക്കുകള്‍ കൊണ്ടു എല്ലാം പറയാനാകുമോ

നന്ദു said...

മുഖങ്ങളില്ലാത്ത ലോകം..അഥവാ എവിടെയെങ്കിലും കാണുന്ന മുഖങ്ങളോ പൊയ് മുഖങ്ങളും...

ടെക്നോളജിയുടെ വളർച്ചയ്ക്കൊപ്പം സമൂഹത്തിൽ മൂല്യച്യുതികളൂം!..

ശ്രീ നല്ല കഥ. :)

ബഷീര്‍ വെള്ളറക്കാട്‌ said...

അതെ, മുഖവും മനസ്സാക്ഷിയും നഷ്ടമാകുന്ന ലോകത്ത്‌ ..ഈ ചിന്തകള്‍.. വരികള്‍ വിചിന്തനങ്ങള്‍ക്ക്‌ വഴിവെക്കട്ടെ.. ക്രിയാത്മകമായ ഇത്തരം എഴുത്തുകള്‍ പ്രോത്സാഹനാര്‍ഹമാണു.. ആശംസകള്‍

നിലാവര്‍ നിസ said...

ചിന്തിപ്പിച്ചു
മ്റ്റൊന്നും ഓര്‍മിപ്പിച്ചില്ലെങ്കിലും
..................
അങ്ങനെയും ലോകങ്ങള്‍.

കുഞ്ഞന്‍ said...

ശ്രീ..

ഇതുപോലൊരു ഓര്‍ക്കൂട്ട് കഥ മുമ്പ് ആരൊ പോസ്റ്റിയിട്ടുണ്ട്.. കഥയില്‍ അവസാനം നായകനും നായികയും സന്ധിക്കാമെന്നു പറയുകയും, പരസ്പരം കാണുമ്പോള്‍ അവര്‍ ഞെട്ടുകയും ചെയ്യുന്നു..അവര്‍, സ്വന്തം ഭാര്യയും ഭര്‍ത്താവും ആയിരുന്നു.

പക്ഷെ ശ്രീയുടെ കഥക്ക് പ്രത്യേകത തോന്നുന്നു..ശൈലിയിലെ കഴിവായിരിക്കും..!

പുടയൂര്‍ said...

ശ്രീ ശരിക്കും ഒരു മികച്ച വായനാനുഭവം. നല്ലോണം ആസ്വദിച്ചു. ഇനീം എഴുതുക.. ആശംസകള്‍

കിനാവ് said...

ഇത് ശരിക്കും കഥയാണോ...? :(

lakshmy said...

പതിവു പോലെ വളരെ നനായിരിക്കുന്നു ശ്രീ. ഓണ്‍ ലൈന്‍ ബന്ധങ്ങളെ നന്ദു പറഞ്ഞ അഭിപ്രായമാണ് എനിക്കും തോന്നിയത്, അഥവാ തോന്നിയിരുന്നത്. ചാറ്റിങ്ങിലൂടെയോ അല്ലെങ്കില്‍ എഴുത്തുകളിലൂടെയൊ നാം കാണുന്നത് യദാര്‍ഥ മുഖങ്ങളാകാം പൊയ്മഖങ്ങളാകാം

sree said...

ഓണ്‍ലൈന്‍ ബന്ധങ്ങളെക്കുറിച്ചു മാത്രം പറഞ്ഞു വച്ചു പോവുക അല്ലായിരുന്നു ഉദ്ധേശം. ഐഡെന്റിറ്റി എന്നത് പ്രണയത്തില്‍ ശരിക്കും ഒരു മിത്താണ് എന്നത് പ്രണയിച്ചിട്ടുള്ളവര്‍ക്ക് അറിയാവുന്ന ബാലപാഠം. പ്രേമിക്കുന്ന ആള്‍ നമുക്ക് എന്താണോ ആ ഇമേജിനെ ആണ് നമ്മള്‍ പ്രേമിക്കുന്നത്. വ്യക്തിയെ അല്ല ഒരു ഫാന്റസൈസ്ഡ് ഐഡെന്റിറ്റിയെ. പ്രണയത്തെക്കുറിച്ച് അതില്‍ക്കവിഞ്ഞു പറയുന്നതെല്ലാം മനുഷ്യന്റെ മോഹങ്ങള്‍ മാത്രം. വെര്‍ച്ച്വല്‍ ഉലകത്തില്‍ ഈ ഫാന്റസിക്കുള്ള സാധ്യത പതിന്മടങ്ങ്, അപ്പോള്‍ പിന്നെ ആരെകുറ്റം പറയാന്‍.

അനൂപ്: പേടിപ്പിക്കരുതെ :) നന്ദിട്ടോ

ഡോണ്‍: തന്നതില്ല പരനുള്ളുകാട്ടുവാനൊന്നുമേ നരനുപായമീശ്വരന്‍...

നന്ദു: പൊയ്മുഖങ്ങള്‍...പലമുഖങ്ങള്‍ അല്ലെ നമ്മളൊക്കെ?!

ബഷീര്‍: പുതിയ ലോകത്ത് പഴയ മനസ്സ്..എന്തു ചെയ്യേണ്ടൂ...

നിസ: ഒന്നും ഓര്‍മ്മിപ്പിച്ചില്ലെ? ഒന്നും?!

കുഞ്ഞന്‍: ഹ ഹ...ആ കഥ ഞാന്‍ കേട്ടിട്ടില്ല..അതിനുള്ള സാധ്യതകള്‍ വിരളമല്ല. ഉഗ്രന്‍ ക്ലൈമാക്സ് സീന്‍ ആയിരിക്കും അല്ലെ?

ലക്ഷ്മി, പൂടയൂര്‍ വളരെ നന്ദി. ചിന്തിപ്പിക്കാന്‍ വേണ്ടി മാത്രം തട്ടിക്കൂട്ടിയതല്ലെ ഇത് :)

കിനാവെ..യ്യോ..കഥയ്യല്ല നടന്ന സംഭവം..പേടിച്ചിട്ട് പേരു വെളിപ്പെടുത്താത്തല്ലെ?

വെള്ളെഴുത്ത് said...

‘നില്‍പ്പോടു നില്‍പ്പായ രണ്ടു കെട്ടിടങ്ങള്‍ നടപ്പുകള്‍ക്കു മാത്രമായി വിള്ളലായി നില്‍ക്കും ചില ഇടങ്ങള്‍, ഇടനാഴികള്. ഉള്ളില്‍ നിന്ന് ഉള്ളിലൂടെയുള്ള പോക്കുവരവനക്കങ്ങള്‍ക്ക്‍’ എന്ന് ലാപുട. (ഇടനാഴി) ഒരു കഥയും കവിതയും ബന്ധപ്പെടുന്ന രീതിയല്ല , എഴുത്തിന്റെ അബോധപ്രേരണകള്‍ സഞ്ചരിക്കുന്ന ഒരു പോലിരിക്കുന്നതു കണ്ടാണ് ഞെട്ടിയത്. ഇടവഴി ഒരു ‘വിള്ളലാ‘ണെന്ന് ഉള്ളിലറിയുന്നതു കൊണ്ടാണല്ലോ ‘തെറ്റ്’ എന്ന് സദാചാരപരമായ പരാമര്‍ശം കടന്നു വരുന്നത്. ജീവിതങ്ങളുടെ മടുപ്പിക്കുന്ന വിരസതയാണല്ലോ ‘ഒരേ നില്‍പ്പെന്ന‘ തടവറയായി തീരുന്നത്. ആരുമറിയാതെയുള്ള വിനിമയങ്ങളാണല്ലോ ഇന്ദ്രിയങ്ങളില്ലാതെ, ഉള്ളില്‍ നിന്ന് ഉള്ളിലൂടെ ചാറ്റായി മെയിലായി.....

sree said...

പ്രണയത്തില്‍ നിന്ന് ബന്ധങ്ങളിലേക്ക്, ചില നേരറിയാത്ത നില്‍പ്പോടുനില്‍പ്പുകളിലേക്ക് ഒരു ഇടനാഴി... വെള്ളെഴുത്തുമാഷിനു നന്ദി. ഈ-വിള്ളലുകള്‍ക്ക് സ്തുതി!

ശ്രീ said...

വ്യത്യസ്തമായ ഒരു ശൈലി. നന്നായിട്ടുണ്ട്.

latheesh mohan said...

‘ഐഡെന്റിറ്റി എന്നത് പ്രണയത്തില്‍ ശരിക്കും ഒരു മിത്താണ്‘ എന്ന തിരിച്ചറിവുള്ളപ്പോള്‍ ശരിയും തെറ്റും എന്ന പ്രയോഗത്തിന് എന്തു സാധുത? ശരികള്‍ മാത്രമല്ലേ ഉണ്ടാവുള്ളൂ.
‘In the collective struggle against boredom, people engage in dull occupations and fake freinships‘ എന്ന് കുന്ദേര, ഐഡന്റിറ്റിയില്‍

:)

sree said...

latheesh, identity is almost always a fix moulded from outside, we all think it fits us perfectly.
our ignorance or awareness of being moulded hardly makes any difference.

"right" and "wrong", are eyes watching you from outside, the narrator of my write-up is an outsider for whom that binary tolls! for the lovers, unheard melodies are sweeter ;)

latheesh mohan said...

Sree,

If we look at it that way each and everything about us has been moulded by 'outsiders'. But when it comes to mythical things like love (never lust, mind you) identity has got a lot to do with the way we live. I mean the lifestyle we choose.
I remember that Irwin Welsh novel (Trainspotting) where the central protagonist refuses to have a 'life' thogh he has a certain 'life style'.

Sometimes perception doesn't matter.

:)

sree said...

latheesh, me too would like to believe that perceptions doesnt matter, that myths are not perceptions, that love is a mythical thing born in heart and is blind etc etc...but at times there is an "other" outsider in you who pops up to say "this page no longer exists".
this is not an answer like urs was not a question, are'nt we thinking together! :)

smitha adharsh said...

ശ്രീ : ആദ്യമേ ഒരു സോറി....ഇവിടെ വരാന്‍ വൈകിയതില്‍..ഞാന്‍ ഈ പോസ്റ്റ് പക്ഷെ,മുന്പേ വായിച്ചു കേട്ടോ..എന്റെ കമന്റില്‍ നിന്നും ലിങ്ക് കിട്ടിയിട്ട്.പക്ഷെ,എന്തുകൊണ്ടോ ഇവിടെ വന്നു ഒന്നു കമന്റ് ഇട്ടില്ല.ഞാന്‍ ഇവിടെ വന്നു കമന്റ് ഇട്ടു എണ്ണ ഒരു ധാരണയിലാണ് ഇരുന്നിരുന്നത്.ഒന്നുകൂടി ഈ വഴി വന്നപ്പോള്‍ ഒരു പുനഃ:പരിശോധന നടത്തിയപ്പോഴാണ് സംഗതി പിടി കിട്ടിയത്,കമന്റ് ഇട്ടില്ല എന്ന്..സോറി ഒരിക്കല്‍ കൂടി
നല്ല പോസ്റ്റ്...നല്ല ആശയം..ഇത്തരം ഓണ്‍ലൈന്‍ ബന്ധങ്ങള്‍ തന്നെയാണ്,നല്ല ബന്ധങ്ങളിലും വിള്ളല്‍ ഉണ്ടാക്കുന്നത്‌...പാലാനെന്കിലും,ഇതില്‍ ഇത്തിരി പച്ച വെള്ളം ചെര്‍ത്തിട്ടില്ലേ എന്ന് സംശയം തോന്നുന്നതും അതുകൊണ്ട് തന്നെ...നന്നായി മാഷേ ഈ പോസ്റ്റ് ഇട്ടതു
പിന്നെ,എന്റെ "കള്ളനാണയം" ത്തിനു ഇവിടെ പരസ്യം കൊടുത്തതിനു പ്രത്യേകം നന്ദി

ഒറ്റമുലച്ചി said...

ഇഷ്ടായി ഈ വെര്‍ച്ച്വല്‍ പ്രണയ കാവ്യം.

Post a Comment