Wednesday, June 18, 2008

അപര്‍ണ്ണയുടെ ദൈവങ്ങള്‍

വിശാഖന്‍ ആദ്യമായിട്ട് കാണുമ്പോള്‍ മുതല്‍ അപര്‍ണ്ണ കഴുത്തില്‍ ഒരു കുരിശു ധരിച്ചിരുന്നു. അതയാളെ വലിയ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ അവളെ അരിശം പിടിപ്പിക്കാത്ത വിധം തേനില്‍ ചാലിച്ച് ഒരു ദിവസം അയാളവളോട് "ഇതിന്റെ ആവശ്യമുണ്ടോ" എന്നു ചോദിച്ചു. മറുപടിയായി അപ്പോള്‍ അപര്‍ണ്ണ ചിരിച്ചു. എന്നിട്ട് രാത്രിയില്‍, അയാളുടെ നീണ്ടുചുരുണ്ടതലമുടിയില്‍ വിരലുടക്കി വിഷാദത്തോടെ ചോദിച്ചു. "എനിക്കു നിന്നെ ആവശ്യമുണ്ടോ..?" രണ്ടും ഒരെ ചോദ്യങ്ങളായിരുന്നു എന്ന് അയാള്‍ക്ക് മനസ്സിലായില്ല. അവളുടെ വല്ല പരട്ടുകവിതയുടേം തുടക്കമായിരിക്കും എന്നു കരുതി അയാള്‍ അവളെ ചേര്‍ത്തുപിടിച്ച് നിശബ്ധയാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അപര്‍ണ്ണ അപ്പോള്‍ യെശുവിനെ ഓര്‍ക്കുകയായിരുന്നു.

അപര്‍ണ്ണയുടെ ഭക്തിയെ അടക്കി നിര്‍ത്താ‍ന്‍ വിശാഖന്‍ ആവും പാടും ശ്രമിച്ചു. നല്ല ഭാര്യയാണ് അപര്‍ണ്ണ. വിശാഖന് അക്കാര്യത്തില്‍ ഒരു തൃപ്തികേടും ഇല്ല. വലിയ പക്വതയൊന്നുമില്ല. പക്ഷെ പ്രാപ്തിയൊക്കെ ഉണ്ട്. ഉള്ളതുകൊണ്ട് തൃപ്തി. കഴിഞ്ഞുകൂടാനുള്ള വരുമാനം.വിശാഖനു തന്നെക്കുറിച്ചും ദുര:ഭിമാനമൊന്നുമില്ലാത്തതു കൊണ്ട് സ്വാഭാവികമായി പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കേണ്ടതാണ്. തികഞ്ഞ മത വിശ്വാസിയാണെങ്കിലും അപര്‍ണ്ണ ഒരു കുരിശു ധരിച്ചതു കൊണ്ട് തന്റെ തലയില്‍ ആകാശം ഇടിഞ്ഞു വീഴില്ല എന്ന് ഉറപ്പുണ്ടായിരുന്നു വിശാഖന്. പക്ഷെ അപര്‍ണ്ണയുടെ കുരിശ് കിടപ്പറയിലും ഊണ്മേശയിലും ഒക്കെ മറ്റൊരുവനെപ്പോലെ വിശാഖനെ അലോസരപ്പെടുത്താന്‍ തുടങ്ങി.

അപര്‍ണ്ണയുടെ കുരിശ് പണ്ടേ ചര്‍ച്ചാവിഷയമായിരുന്നു. റോസിലിന്‍ സിസ്റ്ററുടെ കയ്യില്‍ നിന്നാണ് പത്താം ക്ലാസ് പരീക്ഷയുടെ തലേന്ന് അവള്‍ കുരിശു ചോദിച്ചു മേടിച്ചത്. പരീക്ഷപ്പേടികൊണ്ടായിരിക്കും എന്നു കരുതി ആരും കാര്യമാക്കിയില്ല. പക്ഷെ പരീക്ഷ കഴിഞ്ഞ് അവധിക്കാലവും കഴിഞ്ഞിട്ടും അവള്‍ കുരിശ് അഴിച്ചു വക്കുന്നില്ല എന്ന് എല്ലാവരും കണ്ടുപിടിച്ചു. വീട്ടുകാര്‍ക്ക് പരിഭ്രമവും നാട്ടുകാര്‍ക്ക് കൌതുകവുമായി. അങ്ങിനെയാണ് അപര്‍ണ്ണ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തന്നെ ഒരു ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ കുരിശ് ചില്ലറപ്പങ്കൊന്നുമല്ല വഹിക്കുന്നത് എന്ന അറിവ് യഥാര്‍ത്ഥത്തില്‍ അപര്‍ണ്ണക്ക് ദുഷ്കരമായ ഒരു കടമ്പയായിരുന്നു. ചില രാത്രികളില്‍ തലവഴി പുതപ്പുമൂടിക്കിടന്ന് മാറത്തു പറ്റിക്കിടക്കുന്ന കുരിശിനേ മാത്രം ഓര്‍ത്ത് ഏകാഗ്രമായി അപര്‍ണ്ണ ധ്യാനിക്കും.കുരിശിലല്ല തന്റെ ശരീരത്തിലേക്കാണ് യെശുവിനെ തറച്ചിരിക്കുന്നത് എന്നവള്‍ക്കു തോന്നും. ഓരോ ആണിപ്പഴുതിന്റെയും വേദന യേശുവിനോട് ചേര്‍ന്നുകിടന്ന് അവള്‍ സങ്കല്‍പ്പിക്കും. തനിക്കുവേണ്ടിമാത്രമാണ് അവന്‍ കുരിശില്‍ മരിച്ചത് എന്നു വിശ്വസിച്ച് കരയും. ഈ അനുഭവം ചോര്‍ത്തിയെടുത്ത് സിസ്റ്റര്‍ റോസിലിന്‍ അപര്‍ണ്ണയോട് മഠത്തില്‍ ചേരുന്നോ മോളെ എന്നു ചോദിച്ചത്രേ. ഇതൊക്കെ അവള്‍ വിശാഖനോട് പറഞ്ഞു ചിരിച്ചിട്ടുള്ളതാണ്. എന്നാല്‍ അതു കേട്ട് അയാള്‍ കൂടുതല്‍ പരിഭ്രമിക്കയാണുണ്ടായത്. അപര്‍ണ്ണയുടെ കുരിശിനോടുള്ള ഭ്രമവും തന്നോടുള്ള ആസക്തിയും നേര്‍ക്കുനേര്‍ പൊരുതുന്ന അവസ്ഥകളായിട്ടാണ് അയാള്‍ക്കു തോന്നിയത്. അതു കൊണ്ട് അവളുടെ ദൈവങ്ങളെ അയാള്‍ ഭയപ്പെട്ടു തുടങ്ങി.


കുരിശിനു മുന്നെയും അപര്‍ണ്ണയുടെ ജീവിതത്തില്‍ കുറേ ദൈവങ്ങളുണ്ടായിരുന്നു. എന്തുകൊണ്ടോ ദൈവങ്ങളുമായിട്ട് ചങ്ങാത്തം കൂടുന്നത് ഒരു ഹരമായിരുന്നു അവള്‍ക്ക്.തനിയേ ഇരിക്കുമ്പോഴും കൂടെയുള്ള ഒരു കൂട്ടായിട്ടാണ് ദൈവങ്ങള്‍ അപര്‍ണ്ണയെ കീഴ്പ്പെടുത്തി തുടങ്ങിയത്. പങ്കുവക്കലിന്റെ ഒന്നാം പാഠമാണ് പ്രാര്‍ത്ഥന എന്ന് പ്രാര്‍ത്ഥനയേ നിര്‍വചിച്ചു കൊണ്ട് അവള്‍ പറഞ്ഞത് മോറല്‍ സൈന്‍സ് ക്ലാസില്‍ സിസിലിടീച്ചറെ സ്തബ്ദ്ധയാക്കി. അടക്കിപ്പിടിച്ച് ചിരിക്കുന്ന കുട്ടികള്‍ക്കിടയില്‍ കള്ളത്തരം പിടിക്കപ്പെട്ട പോലെ നില്‍ക്കെണ്ടിവന്നു അപര്‍ണ്ണക്ക്. ദൈവം മുകളില്‍ ഉള്ള ഒരു ശക്ത്തിയാണ് അപര്‍ണ്ണേ എന്ന് സിസിലി ടീച്ചര്‍ ആവര്‍ത്തിച്ചിട്ടും അപര്‍ണ്ണ വിശ്വസിച്ചില്ല. സന്ധ്യക്ക് നാമം ജപിക്കുമ്പോള്‍ കണ്ണുമിഴിച്ച് നിന്ന് അവള്‍ മുന്നിലുള്ള സുന്ദരന്മാരെയും സുന്ദരികളെയും മതിയാവോളം നോക്കി. കണ്ണടച്ചു പ്രാര്‍ത്ഥിക്കുന്നതെന്തിനാണെന്ന് ആശ്ചര്യപ്പെട്ടു. ദൈവങ്ങളുടെ ചിത്രങ്ങള്‍ നിറപ്പകിട്ടോടെ അപര്‍ണ്ണ ഉള്ളിലേക്ക് പകര്‍ത്തി വച്ചു. പത്മാസനത്തിലിരിക്കുന്ന ബലിഷ്ടനായ ധര്‍മ്മശാസ്താവിനനെ, പയ്യിന്റെ മേലൊട്ടി നിന്ന് കുഴലൂതുന്ന കൃഷ്ണനെ, നീലക്കഴുത്തില്‍ പാമ്പിനെ കോര്‍ത്തിട്ട ശിവനെ, അവന്റെ പാതിമെയ്യ് പുണര്‍ന്നു നില്‍ക്കുന്ന പാര്‍വ്വതിയെ, കുറുമ്പന്‍ തീറ്റപ്രിയന്‍ ഗണപതിയേ എന്നു വേണ്ട ഭൂലോകത്തുള്ള സകല ദൈവങ്ങളെയും തിരഞ്ഞു നടന്നു അപര്‍ണ്ണ. അവരെ നോക്കിനിന്ന് അപര്‍ണ്ണയുടെ സന്ധ്യാധ്യാനം എന്നും നീണ്ടുനീണ്ടു പോയി. നല്ല ദൈവവിശ്വാസമുള്ള കുട്ടിയാണ് അവള്‍ എന്നു പറഞ്ഞിരുന്ന മുത്തശ്ശിപോലും ഒടുക്കം സംശയിച്ചുതുടങ്ങി. "പെണ്ണേ അകക്കണ്ണുകൊണ്ടു കാണേണ്ട ശക്ത്തിയാ ഈശ്വരന്‍..." എന്ന് പിടിച്ചിരുത്തി അവളെ അവര്‍ ഗുണദോഷിച്ചു.

അപര്‍ണ്ണ ചിത്രം വരക്കുന്നതു കൊണ്ട് ആര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. പെന്‍സില്‍ കൂര്‍പ്പിച്ച് നോട്ടുബുക്കില്‍ അവള്‍ കോറിയിടുന്നതൊക്കെ ദൈവങ്ങളെയാണെന്ന് ആരൊക്കെയോ തിരിച്ചറിഞ്ഞതാണ് പ്രശ്നമായത്. സങ്കല്‍പ്പിച്ചെടുക്കാവുന്ന ദൈവങ്ങളെ ഒക്കെ അവള്‍ വരച്ചുണ്ടാക്കി. നോട്ടുബുക്കിന്റെ ഏടുകള്‍ കീറി ഒളിപ്പിച്ചു വച്ചു. ചിലപ്പോളൊക്കെ അവള്‍ക്കു തോന്നിയിട്ടുണ്ട് അതൊക്കെ ചില്ലിട്ട് പൂജാമുറിയില്‍ വച്ചാല്‍ ആളുകള്‍ക്ക് സമാധാനമാവുമോ എന്ന്. പക്ഷെ തന്റെ പെന്‍സിലിന്റെ മുനമ്പിന്റെ പാകമനുസരിച്ച് നനുത്തും കടുപ്പത്തിലും രൂപപ്പെട്ടു വരുന്ന ദൈവങ്ങളെ മറ്റൊരാളുമായി പങ്കുവക്കുന്ന കാര്യം അവള്‍ക്ക് ചിന്തികാന്‍ വയ്യായിരുന്നു. അതു കൊണ്ട് അപര്‍ണ്ണയുടെ ഇന്‍സ്ട്രമെന്റ് ബോക്സിനുള്ളില്‍ ചുരുണ്ടു മടങ്ങിയും, അവളുടെ തലയിണക്കുള്ളില്‍ ഞെരുങ്ങിയും, ബാഗിലെ കള്ളികളില്‍ പതുങ്ങിയും ദൈവങ്ങള്‍ നെടുവീര്‍പ്പിട്ടു. അവരെ ഇങ്ങനെ ഒളിപ്പിച്ചു വക്കേണ്ടിവരുന്നതിന്റെ വിഷമം കൊണ്ടാണ് അപര്‍ണ്ണ ചിത്രം വര നിര്‍ത്തിയത്. കൌമാരക്കാരികളായ സുഹൃത്തുക്കള്‍ കൂടെപഠിക്കുന്ന പയ്യന്മാരുടെ പേരിന്റെ ആദ്യാ‍ക്ഷരങ്ങള്‍ തങ്ങളുടേതുമായി ചേര്‍ത്ത് സ്കൂള്‍ ബെഞ്ചില്‍ കോറിവരക്കുമ്പോള്‍ അപര്‍ണ്ണ രാധയെപ്പിരിഞ്ഞ കണ്ണന്റെ വേദനയോര്‍ത്തു. തനിക്കുവേണ്ടിയാവും മധുരയുടെ രാജവീതികളില്‍ ഒരു കുഴല്‍ വിളി ഇന്നും ഘനീഭവിച്ചുനില്‍ക്കുന്നത് എന്നോര്‍ത്ത് രാധയായി സായൂജ്യമടഞ്ഞു.

യഥാര്‍ത്തത്തില്‍ അപര്‍ണ്ണയെന്തിനാ ആണ്‍ ദൈവങ്ങളെ മാത്രം ഇഷ്ടപ്പെടുന്നത് എന്നും വിശാഖന്‍ സംശയിച്ചു. തന്റെകൂടെ സെക്രറ്റേറിയറ്റില്‍ ജോലിചെയ്യുന്ന, "തീപ്പൊരി" എന്നറിയപ്പെടുന്ന എഴുത്തുകാരി ലക്ഷ്മിയെപ്പോലെ പെണ്‍ദൈവങ്ങള്‍ മതി എന്ന് അപര്‍ണ്ണയും പറഞ്ഞിരുന്നെങ്കില്‍ എന്നുപോലും വിശാഖന്‍ മോഹിച്ചു പോയി. പക്ഷെ ഒളിച്ചും പതുങ്ങിയും അപര്‍ണ്ണ സൂക്ഷിച്ചു വച്ചിരുന്ന ക്യാന്‍വാസുകള്‍ നിറയെ ആണ്‍ദൈവങ്ങളായിരുന്നു. ദൈവത്തിനു ജെന്‍ടര്‍ ഇല്ല അപര്‍ണ്ണേ എന്ന് ലക്ഷ്മിയെക്കൊണ്ട് പറയിപ്പിച്ചു നോക്കി, വിശാഖന്‍. പലരെക്കൊണ്ടും ഉപദേശിച്ചു നോക്കി. ഒരു പ്രയോചനവും ഉണ്ടായില്ല.

അന്യോന്യം യാതൊരു ബാധ്യതകളുമില്ലാത്ത സ്നേഹമാണ് അപര്‍ണ്ണയും ദൈവങ്ങളും തമ്മില്‍. അപര്‍ണ്ണയ്ക്ക് സ്നേഹിക്കാന്‍ ഏറ്റവും എളുപ്പം ദൈവങ്ങളെയാണ്. എനിക്കു വേണ്ടി നീ ഇതു ചെയ്യുമോ എന്ന് ഒരു ദൈവവും ഇറങ്ങിവന്ന് അപര്‍ണ്ണയോട് ചോദിച്ചിട്ടില്ല ഇതുവരെ. താന്‍ എത്ര കരഞ്ഞു ചോദിച്ചാലും സ്നേഹം അളന്നു തൂക്കി ദൈവം ഒന്നും തരാന്‍ പോകുന്നില്ല എന്ന് അനുഭവങ്ങള്‍ ഉണ്ട് അവള്‍ക്ക്. ഒരു ദൈവത്തിന്റെയും നഷ്ടങ്ങളെക്കുറിച്ചോര്‍ത്ത് അവള്‍ക്കു പരിതപിക്കണ്ടിവന്നിട്ടില്ല ഇതുവരെ.എല്ലാം നഷ്ടപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചവരാണ് ദൈവങ്ങള്‍. മനസ്സുകളില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്നവര്‍. മനസ്സുകള്‍ നൂല്‍പ്പാലങ്ങളാക്കി വഴികള്‍ സൃഷ്ടിക്കുന്നവര്‍. ആരൊക്കെ കീറിമുറിച്ചിട്ടും ഒന്നായിത്തന്നെ നില്‍ക്കുന്നവര്‍. കാമം കണ്ട്, ഭക്തിയില്‍ അലിഞ്ഞ്, ബലിയായി വഴങ്ങുന്നവര്‍. വിശാലമായ മനസ്സ്. ഉദാത്തമായ മനുഷ്യത്വം. അവള്‍ സങ്കല്‍പ്പിക്കുന്ന രൂപം. സ്നേഹിച്ചുപോവുന്നത്ര സങ്കീര്‍ണ്ണമായ ജീവിതം. പിന്നെ അപര്‍ണ്ണ എന്തുചെയ്യും? ഇങ്ങനെ ദൈവങ്ങളെ സ്നെഹിച്ച് മത്തുപിടിച്ചിരിക്കുമ്പോളാണ് അവള്‍ സലീമിനെ കണ്ടത്.


ദൈവം മറ്റാ‍ര്‍ക്കും വായിക്കാനാവാത്ത ഒരു ചുരുക്കെഴുത്താണെന്നായിരുന്നു അപര്‍ണ്ണ കരുതിയത്. പക്ഷെ ഇന്‍ഫെന്റ് ജീസസ് ചര്‍ച്ചില്‍ വച്ച് സലീമാണ് അത് തിരുത്തിയത്. എല്ലാ ദൈവങ്ങളും കള്ളന്മാരാണെന്നായിരുന്നു അവന്‍ പറഞ്ഞത്. പടുത്തുയര്‍ത്തിയ സാമ്രാജ്യക്കണക്കുകളില്‍ വേവലാതി പൂണ്ട്, അധികാരമോഹികളായി, പാരവെപ്പും കുത്തിതിരുപ്പുമായിട്ട് കഴിയുന്ന അലവലാതിയാണ് ദൈവം എന്ന് ചര്‍ച്ചിന്റെ പടവുകളില്‍ തരിച്ചിരുന്ന അപര്‍ണ്ണക്ക് സലീം പറഞ്ഞു കൊടുത്തു. ഒരു നാസ്തിക തനിക്ക് കൂട്ടുപിറക്കുന്നതുകാണാന്‍ തിടുക്കമായിരുന്നു അവന്. പക്ഷെ അന്നുമുതല്‍ അപര്‍ണ്ണയുടെ ദൈവങ്ങള്‍ക്കൊക്കെ സലീമിന്റെ മുഖമായി. കാമവും ഭക്തിയും ഒന്നാണെന്ന് ജിബ്രാന്റെ കവിത ചൊല്ലി അവള്‍ക്കു പറഞ്ഞു കൊടുത്ത സലീം, ദാലിയുടെ ക്രൂസിഫിക്ഷന്‍ ആരുടെ സ്വപ്നമായിരിക്കും എന്നൊക്കെ വരെ അവളെക്കൊണ്ട് ചിന്തിപ്പിക്കുമായിരുന്ന സലീം. ഒരു പ്രണയത്തിന്റെ അക്കരെ ഇക്കരെ നീന്തി വന്നുകഴിഞ്ഞപ്പോള്‍ അവനും പറഞ്ഞു തുടങ്ങി അവന്‍ ദൈവത്തെ പ്രണയിച്ചുതുടങ്ങി എന്ന്. "എന്റെ ദൈവത്തിനിപ്പോള്‍ നിന്റെ മുഖമാണ്" എന്ന് അവളുടെ കണ്ണുകളില്‍ ഉമ്മവച്ചു പറഞ്ഞിട്ടു പോയ അന്നാണ് എതോ മൊബൈലില്‍ നിന്ന് അജ്ഞാത സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിന്റെ പേരില്‍ അവന്‍ ആക്രമിക്കപ്പെട്ടത്. ഒരു ഹൈപ്പര്‍ക്യൂബിനു മുകളില്‍ ആണിയടിച്ചു തറച്ച് സലീമിന്റെ മുഖമുള്ള ദൈവം പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നത് സ്വപ്നം കാണേണ്ടിവന്നു അപര്‍ണ്ണക്ക്.


വിശാഖന്റെ വീട് ഒരു കായലിന്റെ തീരത്താണ്. ഒരു മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞ കായലിന്റെ കരയില്‍ കുറേ കൊച്ചു ദൈവങ്ങളെ വിശാഖന്‍ അപര്‍ണ്ണക്കു കാണിച്ചു കൊടുത്തു. വീടിന്റെ പടിഞ്ഞാറ് ഒരു ദൈവം, ശങ്കരമൂര്‍ത്തിയാണ്, കാളിയുടെ കലിയടക്കാന്‍ കാല്‍ക്കല്‍ പതിഞ്ഞു കിടന്നു കൊടുത്ത രുദ്രഭഗവാന്‍. വടക്കോട്ട് തിരിഞ്ഞിരിക്കുന്നത് ഭദ്രകാളി. രണ്ടു പ്രതിഷ്ഠകളെയും കുളിപ്പിക്കുന്നതും ചന്ദനം ചാര്‍ത്തുന്നതും, അവര്‍ക്കു നേദിക്കുന്നതും ഒക്കെ വിശാഖന്റെ അച്ഛനാണ്. ക്ഷയിച്ചു പോയ അമ്പലങ്ങളാണ്. പ്രാര്‍ത്ഥിക്കാന്‍ വരുന്നത് വലിയ പൈസക്കാരല്ല.അപര്‍ണ്ണക്കു താന്‍ വിവാഹം കഴിച്ചത് വിശാഖനെയല്ല ആ ദൈവങ്ങളെ ആണെന്നു തോന്നി. തന്റെ കാലശേഷം ആ ദൈവങ്ങള്‍ അനാഥരാവുമല്ലോ എന്ന് അച്ഛന്‍ പറയുന്നതു കേട്ടും കൊണ്ട് വിശാഖന്‍ കായലിലേക്ക് നോക്കി പുകയുംവിട്ടുകൊണ്ടിരിക്കും. അയാള്‍ക്ക് അവരെക്കൊണ്ട് വലിയ ആവശ്യമില്ലായിരുന്നു. ദൈവങ്ങളെ വിശ്വസിക്കാം, പക്ഷെ ഒരു ദൈവത്തിന്റെയും ഭാരം താങ്ങാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല. ചിത്രം വരക്കാന്‍ കൊള്ളാമെന്നതാവാം അപര്‍ണ്ണക്ക് അവരോട് താല്‍പ്പര്യം തോന്നാന്‍ എന്നാണ് അയാള്‍ ആദ്യം കരുതിയത്. അവള്‍ ആ ദൈവങ്ങളുടെ ചിത്രങ്ങള്‍ ക്യാന്‍വാസിലാക്കി പ്രസിദ്ധയാവുന്നതും, തന്റെ വീടും പരിസരവും ഒരു നല്ല ടൂറിസ്റ്റ് കേന്ദ്രമാവുന്നതും ആ സ്ഥലത്തിന് പൊന്നും വിലയാവുന്നതും ഒക്കെ അയാള്‍ സ്വപ്നം കണ്ടു. അപര്‍ണ്ണ പക്ഷെ ഭംഗിയേറിയ കൊത്തുപണികളുള്ള പുരാതനമായ ആ ചുറ്റാമ്പലവും, ഒറ്റക്കല്ലില്‍ പണിഞ്ഞെടുത്ത പ്രതിഷ്ഠയുമൊന്നും ശ്രദ്ധിച്ചതേയില്ല എന്നത് വിശാഖനെ കുറച്ച് നിരാശപ്പെടുത്തിയിരുന്നു.


കായലിന്റെ കരയില്‍ ഏതോ നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുവന്ന ഒരു കറുത്ത ദൈവമുണ്ടായിരുന്നു. ആരും തിരിഞ്ഞുനോക്കാതെ പാതി മുറിഞ്ഞ മുഖവുമായി തനിച്ചിരുന്ന അവനെ മനസറിഞ്ഞ് അപര്‍ണ്ണ കുട്ടന്‍ എന്നു വിളിച്ചു. കാലങ്ങളായി അവന്‍ താങ്ങുന്ന പ്രാര്‍ത്ഥനകളുടെ ഭാരം ഒരു പങ്ക് ചോദിച്ചു വാങ്ങി അവന്റെ പാതിമെയ്യായി. ആരും അന്വേഷിച്ചുവരാനില്ലാതെ ഉണര്‍ത്താന്‍ ആരുടെയും പ്രാര്‍ത്ഥനയില്ലാതെ മൃതനായിരുന്ന ഒരു ദൈവം അവളുടെ പ്രേമത്തില്‍ ഉയിര്‍ത്തെഴുന്നേറ്റു. അവന്റെ ജ്ഞാനോദയങ്ങള്‍ക്കു സാക്ഷിയാവാന്‍ അവള്‍ ഒരു ബോധീവൃക്ഷമായി വേരുകളാഴ്ത്തിപ്പടര്‍ന്നു. അവന്റെ പ്രണയുവും പേറി വിശഖനോടൊത്ത് കഴിഞ്ഞു. ആരോരുമില്ലാത്തവനാണ് ദൈവം എന്നൊക്കെ അവള്‍ വിശാഖനോട് പറഞ്ഞു തുടങ്ങി. ഈ ദൈവങ്ങളെയൊക്കെ നമുക്കു രക്ഷിച്ചുകൂടെ എന്ന് അവള്‍ വിശാഖനോട് ചോദിക്കും. ഇവരെയൊക്കെ ഇനി എന്തു ചെയ്യാന്‍ എന്ന് അയാള്‍ കൈമലര്‍ത്തും. കാലം തെറ്റിജീവിക്കുന്ന ദൈവങ്ങള്‍ക്കു വേണ്ടി അപര്‍ണ്ണ വിശാഖനോട് വഴക്കിട്ടു തുടങ്ങി. വിശാഖന്റെ പരിഭ്രമം കൂടി. “നീ ഈ കല്ലിനേം കുരിശിനേം മനസ്സില്‍കൊണ്ടു നടക്കുന്നതെന്തിനാ...വല്ല പള്ളിയിലോ അമ്പലത്തിലോ ഒരു നേര്‍ച്ചയിട്ടാല്‍ തീരാവുന്നതേ ഉള്ളൂ ഇതൊക്കെ...” എന്നും പറഞ്ഞ് അയാള്‍ ഒഴിയാന്‍ ശ്രമിക്കും.


ചിത്തഭ്രമം വന്ന് തനിക്ക് അപര്‍ണ്ണയേ നഷ്ടപ്പെട്ടാലോ എന്ന് ഭയമുണ്ടായിരുന്നു വിശാഖന്. ഒരു രാത്രി ഉറങ്ങിക്കിടന്ന അയാളെ വിളിച്ചുണര്‍ത്തി കരഞ്ഞും കൊണ്ട് അവള്‍ അയാളുടെ ദേഹത്ത് പരതാന്‍ തുടങ്ങി. "ഇങ്ങനെ ചോരയൊലിപ്പിച്ചു കിടക്കുകയായിരുന്നോ.." എന്ന് നിലവിളിച്ച അവളുടെ വായ് പൊത്തേണ്ടി വന്നു അയാള്‍ക്ക്. "ഭ്രാന്തു കാണിക്കല്ലെ അപര്‍ണ്ണാ" എന്നു ശാസിച്ച് അയാള്‍ എഴുന്നേറ്റ് ലൈറ്റിട്ടു. തനിക്ക് മുറിവുകളൊന്നുമില്ല എന്ന അറിവ് അവളെ സമാധാനിപ്പിച്ചേക്കും എന്നാണ് വിശാഖന്‍ കരുതിയത്. പക്ഷെ മുറിവുകളില്ലാത്ത അയാളുടെ ദേഹത്തേക്ക് അവഞ്ജയോടെ ഒന്നു നോക്കി അപര്‍ണ്ണ എഴുന്നേറ്റുപോയി. രണ്ടു ദിവസം കഴിഞ്ഞാണ് അപര്‍ണ്ണയെ വിശാഖന്‍ കൌണ്‍സലിങ്ങിനു കൊണ്ടു പോയത്. അടുത്തയിടെ കുടുംബത്തിലുണ്ടായ മരണങ്ങള്‍ അവളെ തളര്‍ത്തിയതാണ് എന്ന് വിധിയെഴുതപ്പെട്ടു.

"ദൈവങ്ങളേ സ്നേഹിക്കല്ലേ അപര്‍ണ്ണേ...പകരവും കൂടെ എന്നേ സ്നേഹിക്കൂ" എന്ന് വിളിച്ചുപറയണമെന്നുണ്ടായിരുന്നു വിശാഖന്. അയാള്‍ക്കറിയാം അയാളുടെ നെഞ്ചത്തു തലവച്ചു കിടക്കുമ്പോളും അപര്‍ണ്ണയുടെ മനസ്സുനിറയേ ദൈവങ്ങളോടുള്ള പ്രണയമാണെന്ന്. കിടപ്പുമുറിയിലെ ശൂന്യതയിലോ, വാതിലടച്ച് വീട്ടില്‍ സ്വസ്തമായി ഇരിക്കുമ്പോഴോ അവള്‍ വിശാഖനെ തിരിഞ്ഞു നോക്കിയില്ല. താനുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളില്‍ ജഡാവസ്ഥയിലാവുന്ന അപര്‍ണ്ണ ഒരു വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുന്നതു കണ്ട് ഭഗവതിക്കാവിന്റെ നടക്കല്‍ വച്ച് ആവേശത്തോടെ തന്നെ പുണര്‍ന്നത് തീരെ ഇഷ്ടമായില്ല അയാള്‍ക്ക്. ഇതൊന്നും അത്ര പന്തിയല്ലല്ലോ എന്ന് തോന്നി വിശാഖന്. ഭാര്യ തന്നെ പരസ്യമായി കാമിക്കുന്നതും രഹസ്യമായി ദൈവങ്ങളെ പ്രണയിക്കുന്നതും അയാള്‍ക്ക് വലിയ ഒരു പ്രഹേളികയായി. ഒരു കാലത്തിന്റെയും വേദന താങ്ങാത്ത, ഒരു വിശ്വാസത്തെയും ചുമലില്‍ പേറാത്ത, അനന്തതയിലേക്ക് നീളുന്ന ഒരു ആണിയുടെയും വേദനയറിയാത്ത, ഒരു ദേവാലയത്തിലും കല്ലാകേണ്ടി വരാത്ത ഒരു മനുഷ്യനായി ഇരിക്കാനായിരുന്നു അയാള്‍ക്കിഷ്ടം. അവളുടെ പ്രേമം തൊട്ടറിഞ്ഞാല്‍ പിന്നെ തന്റെ ഉള്ളിലും ഒരു വൃന്ദാവനം,ഒരു മധുര,ഒരു കൈലാസം,ഒരു കാല്‍വരി, ഒരു കുരിശ്...അയാള്‍ക്ക് പേടിയായി. തിളക്കുന്ന ലാവ പോലെയാണ് ഭക്തി.ഏതു ദൈവത്തെയും പൊള്ളിക്കും. അവളുടെ ഉടലിന്റെ ആഴങ്ങളില്‍ തപിച്ചുകിടന്ന അഗ്നിപര്‍വ്വതങ്ങളെ സ്പര്‍ശിക്കാതെ, അവളുടെ തീപോലുള്ള പ്രണയത്തെ ഭയന്ന് എത്ര കാലം ഒരു ദൈവമാകാതെ കഴിയും അയാള്‍?

ഒരു ദിവസം, ദൈവങ്ങളെ സ്വപ്നം കണ്ട് ഉറക്കം മുറിഞ്ഞ അപര്‍ണ്ണയെ തോളിലേക്ക് ചായ്ച്ചു കിടത്തി, അവളുടെ നനഞ്ഞ കവിള്‍ തലോടി വിശാഖന്‍ ചോദിച്ചു, അവള്‍ ദൈവങ്ങളെ ഇത്ര സ്നേഹിക്കുന്നതെന്തിന് എന്ന്. വിശാഖനറിയുന്നില്ലായിരുന്നു അയാളുടെ മുഖമുള്ള ഒരു യേശുവിനെ കുരിശില്‍ തറയ്ക്കുകയാണ് അപര്‍ണ്ണ ഓരോ രാത്രിയിലും എന്ന്. മരണത്തിലൂടെപ്പോലും രക്ഷപ്പെടാന്‍ കഴിയാത്ത വിധം അവനായിട്ട് ഒരു കല്ലറ മനസ്സില്‍ തീര്‍ക്കുകയാണ് എന്ന്. അവന്റെ രക്തവും മാംസവും ഒരു പങ്കുപറ്റി അവനെ ദൈവമാക്കുകയാണ് എന്ന്. അപര്‍ണ്ണയുടെ ഉടലില്‍ ഉണരാന്‍ ഒരു കുരിശിന്റെ വേദന മതി. ഇത്തിരിപ്പോന്ന ഒരു കുരിശിന്റെ.
കുറേ നേരം ഉത്തരം കാത്തുകിടന്ന് വിശാഖന്‍ ഉറക്കം പിടിച്ചു.