Wednesday, June 18, 2008

അപര്‍ണ്ണയുടെ ദൈവങ്ങള്‍

വിശാഖന്‍ ആദ്യമായിട്ട് കാണുമ്പോള്‍ മുതല്‍ അപര്‍ണ്ണ കഴുത്തില്‍ ഒരു കുരിശു ധരിച്ചിരുന്നു. അതയാളെ വലിയ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ അവളെ അരിശം പിടിപ്പിക്കാത്ത വിധം തേനില്‍ ചാലിച്ച് ഒരു ദിവസം അയാളവളോട് "ഇതിന്റെ ആവശ്യമുണ്ടോ" എന്നു ചോദിച്ചു. മറുപടിയായി അപ്പോള്‍ അപര്‍ണ്ണ ചിരിച്ചു. എന്നിട്ട് രാത്രിയില്‍, അയാളുടെ നീണ്ടുചുരുണ്ടതലമുടിയില്‍ വിരലുടക്കി വിഷാദത്തോടെ ചോദിച്ചു. "എനിക്കു നിന്നെ ആവശ്യമുണ്ടോ..?" രണ്ടും ഒരെ ചോദ്യങ്ങളായിരുന്നു എന്ന് അയാള്‍ക്ക് മനസ്സിലായില്ല. അവളുടെ വല്ല പരട്ടുകവിതയുടേം തുടക്കമായിരിക്കും എന്നു കരുതി അയാള്‍ അവളെ ചേര്‍ത്തുപിടിച്ച് നിശബ്ധയാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അപര്‍ണ്ണ അപ്പോള്‍ യെശുവിനെ ഓര്‍ക്കുകയായിരുന്നു.

അപര്‍ണ്ണയുടെ ഭക്തിയെ അടക്കി നിര്‍ത്താ‍ന്‍ വിശാഖന്‍ ആവും പാടും ശ്രമിച്ചു. നല്ല ഭാര്യയാണ് അപര്‍ണ്ണ. വിശാഖന് അക്കാര്യത്തില്‍ ഒരു തൃപ്തികേടും ഇല്ല. വലിയ പക്വതയൊന്നുമില്ല. പക്ഷെ പ്രാപ്തിയൊക്കെ ഉണ്ട്. ഉള്ളതുകൊണ്ട് തൃപ്തി. കഴിഞ്ഞുകൂടാനുള്ള വരുമാനം.വിശാഖനു തന്നെക്കുറിച്ചും ദുര:ഭിമാനമൊന്നുമില്ലാത്തതു കൊണ്ട് സ്വാഭാവികമായി പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കേണ്ടതാണ്. തികഞ്ഞ മത വിശ്വാസിയാണെങ്കിലും അപര്‍ണ്ണ ഒരു കുരിശു ധരിച്ചതു കൊണ്ട് തന്റെ തലയില്‍ ആകാശം ഇടിഞ്ഞു വീഴില്ല എന്ന് ഉറപ്പുണ്ടായിരുന്നു വിശാഖന്. പക്ഷെ അപര്‍ണ്ണയുടെ കുരിശ് കിടപ്പറയിലും ഊണ്മേശയിലും ഒക്കെ മറ്റൊരുവനെപ്പോലെ വിശാഖനെ അലോസരപ്പെടുത്താന്‍ തുടങ്ങി.

അപര്‍ണ്ണയുടെ കുരിശ് പണ്ടേ ചര്‍ച്ചാവിഷയമായിരുന്നു. റോസിലിന്‍ സിസ്റ്ററുടെ കയ്യില്‍ നിന്നാണ് പത്താം ക്ലാസ് പരീക്ഷയുടെ തലേന്ന് അവള്‍ കുരിശു ചോദിച്ചു മേടിച്ചത്. പരീക്ഷപ്പേടികൊണ്ടായിരിക്കും എന്നു കരുതി ആരും കാര്യമാക്കിയില്ല. പക്ഷെ പരീക്ഷ കഴിഞ്ഞ് അവധിക്കാലവും കഴിഞ്ഞിട്ടും അവള്‍ കുരിശ് അഴിച്ചു വക്കുന്നില്ല എന്ന് എല്ലാവരും കണ്ടുപിടിച്ചു. വീട്ടുകാര്‍ക്ക് പരിഭ്രമവും നാട്ടുകാര്‍ക്ക് കൌതുകവുമായി. അങ്ങിനെയാണ് അപര്‍ണ്ണ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തന്നെ ഒരു ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ കുരിശ് ചില്ലറപ്പങ്കൊന്നുമല്ല വഹിക്കുന്നത് എന്ന അറിവ് യഥാര്‍ത്ഥത്തില്‍ അപര്‍ണ്ണക്ക് ദുഷ്കരമായ ഒരു കടമ്പയായിരുന്നു. ചില രാത്രികളില്‍ തലവഴി പുതപ്പുമൂടിക്കിടന്ന് മാറത്തു പറ്റിക്കിടക്കുന്ന കുരിശിനേ മാത്രം ഓര്‍ത്ത് ഏകാഗ്രമായി അപര്‍ണ്ണ ധ്യാനിക്കും.കുരിശിലല്ല തന്റെ ശരീരത്തിലേക്കാണ് യെശുവിനെ തറച്ചിരിക്കുന്നത് എന്നവള്‍ക്കു തോന്നും. ഓരോ ആണിപ്പഴുതിന്റെയും വേദന യേശുവിനോട് ചേര്‍ന്നുകിടന്ന് അവള്‍ സങ്കല്‍പ്പിക്കും. തനിക്കുവേണ്ടിമാത്രമാണ് അവന്‍ കുരിശില്‍ മരിച്ചത് എന്നു വിശ്വസിച്ച് കരയും. ഈ അനുഭവം ചോര്‍ത്തിയെടുത്ത് സിസ്റ്റര്‍ റോസിലിന്‍ അപര്‍ണ്ണയോട് മഠത്തില്‍ ചേരുന്നോ മോളെ എന്നു ചോദിച്ചത്രേ. ഇതൊക്കെ അവള്‍ വിശാഖനോട് പറഞ്ഞു ചിരിച്ചിട്ടുള്ളതാണ്. എന്നാല്‍ അതു കേട്ട് അയാള്‍ കൂടുതല്‍ പരിഭ്രമിക്കയാണുണ്ടായത്. അപര്‍ണ്ണയുടെ കുരിശിനോടുള്ള ഭ്രമവും തന്നോടുള്ള ആസക്തിയും നേര്‍ക്കുനേര്‍ പൊരുതുന്ന അവസ്ഥകളായിട്ടാണ് അയാള്‍ക്കു തോന്നിയത്. അതു കൊണ്ട് അവളുടെ ദൈവങ്ങളെ അയാള്‍ ഭയപ്പെട്ടു തുടങ്ങി.


കുരിശിനു മുന്നെയും അപര്‍ണ്ണയുടെ ജീവിതത്തില്‍ കുറേ ദൈവങ്ങളുണ്ടായിരുന്നു. എന്തുകൊണ്ടോ ദൈവങ്ങളുമായിട്ട് ചങ്ങാത്തം കൂടുന്നത് ഒരു ഹരമായിരുന്നു അവള്‍ക്ക്.തനിയേ ഇരിക്കുമ്പോഴും കൂടെയുള്ള ഒരു കൂട്ടായിട്ടാണ് ദൈവങ്ങള്‍ അപര്‍ണ്ണയെ കീഴ്പ്പെടുത്തി തുടങ്ങിയത്. പങ്കുവക്കലിന്റെ ഒന്നാം പാഠമാണ് പ്രാര്‍ത്ഥന എന്ന് പ്രാര്‍ത്ഥനയേ നിര്‍വചിച്ചു കൊണ്ട് അവള്‍ പറഞ്ഞത് മോറല്‍ സൈന്‍സ് ക്ലാസില്‍ സിസിലിടീച്ചറെ സ്തബ്ദ്ധയാക്കി. അടക്കിപ്പിടിച്ച് ചിരിക്കുന്ന കുട്ടികള്‍ക്കിടയില്‍ കള്ളത്തരം പിടിക്കപ്പെട്ട പോലെ നില്‍ക്കെണ്ടിവന്നു അപര്‍ണ്ണക്ക്. ദൈവം മുകളില്‍ ഉള്ള ഒരു ശക്ത്തിയാണ് അപര്‍ണ്ണേ എന്ന് സിസിലി ടീച്ചര്‍ ആവര്‍ത്തിച്ചിട്ടും അപര്‍ണ്ണ വിശ്വസിച്ചില്ല. സന്ധ്യക്ക് നാമം ജപിക്കുമ്പോള്‍ കണ്ണുമിഴിച്ച് നിന്ന് അവള്‍ മുന്നിലുള്ള സുന്ദരന്മാരെയും സുന്ദരികളെയും മതിയാവോളം നോക്കി. കണ്ണടച്ചു പ്രാര്‍ത്ഥിക്കുന്നതെന്തിനാണെന്ന് ആശ്ചര്യപ്പെട്ടു. ദൈവങ്ങളുടെ ചിത്രങ്ങള്‍ നിറപ്പകിട്ടോടെ അപര്‍ണ്ണ ഉള്ളിലേക്ക് പകര്‍ത്തി വച്ചു. പത്മാസനത്തിലിരിക്കുന്ന ബലിഷ്ടനായ ധര്‍മ്മശാസ്താവിനനെ, പയ്യിന്റെ മേലൊട്ടി നിന്ന് കുഴലൂതുന്ന കൃഷ്ണനെ, നീലക്കഴുത്തില്‍ പാമ്പിനെ കോര്‍ത്തിട്ട ശിവനെ, അവന്റെ പാതിമെയ്യ് പുണര്‍ന്നു നില്‍ക്കുന്ന പാര്‍വ്വതിയെ, കുറുമ്പന്‍ തീറ്റപ്രിയന്‍ ഗണപതിയേ എന്നു വേണ്ട ഭൂലോകത്തുള്ള സകല ദൈവങ്ങളെയും തിരഞ്ഞു നടന്നു അപര്‍ണ്ണ. അവരെ നോക്കിനിന്ന് അപര്‍ണ്ണയുടെ സന്ധ്യാധ്യാനം എന്നും നീണ്ടുനീണ്ടു പോയി. നല്ല ദൈവവിശ്വാസമുള്ള കുട്ടിയാണ് അവള്‍ എന്നു പറഞ്ഞിരുന്ന മുത്തശ്ശിപോലും ഒടുക്കം സംശയിച്ചുതുടങ്ങി. "പെണ്ണേ അകക്കണ്ണുകൊണ്ടു കാണേണ്ട ശക്ത്തിയാ ഈശ്വരന്‍..." എന്ന് പിടിച്ചിരുത്തി അവളെ അവര്‍ ഗുണദോഷിച്ചു.

അപര്‍ണ്ണ ചിത്രം വരക്കുന്നതു കൊണ്ട് ആര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. പെന്‍സില്‍ കൂര്‍പ്പിച്ച് നോട്ടുബുക്കില്‍ അവള്‍ കോറിയിടുന്നതൊക്കെ ദൈവങ്ങളെയാണെന്ന് ആരൊക്കെയോ തിരിച്ചറിഞ്ഞതാണ് പ്രശ്നമായത്. സങ്കല്‍പ്പിച്ചെടുക്കാവുന്ന ദൈവങ്ങളെ ഒക്കെ അവള്‍ വരച്ചുണ്ടാക്കി. നോട്ടുബുക്കിന്റെ ഏടുകള്‍ കീറി ഒളിപ്പിച്ചു വച്ചു. ചിലപ്പോളൊക്കെ അവള്‍ക്കു തോന്നിയിട്ടുണ്ട് അതൊക്കെ ചില്ലിട്ട് പൂജാമുറിയില്‍ വച്ചാല്‍ ആളുകള്‍ക്ക് സമാധാനമാവുമോ എന്ന്. പക്ഷെ തന്റെ പെന്‍സിലിന്റെ മുനമ്പിന്റെ പാകമനുസരിച്ച് നനുത്തും കടുപ്പത്തിലും രൂപപ്പെട്ടു വരുന്ന ദൈവങ്ങളെ മറ്റൊരാളുമായി പങ്കുവക്കുന്ന കാര്യം അവള്‍ക്ക് ചിന്തികാന്‍ വയ്യായിരുന്നു. അതു കൊണ്ട് അപര്‍ണ്ണയുടെ ഇന്‍സ്ട്രമെന്റ് ബോക്സിനുള്ളില്‍ ചുരുണ്ടു മടങ്ങിയും, അവളുടെ തലയിണക്കുള്ളില്‍ ഞെരുങ്ങിയും, ബാഗിലെ കള്ളികളില്‍ പതുങ്ങിയും ദൈവങ്ങള്‍ നെടുവീര്‍പ്പിട്ടു. അവരെ ഇങ്ങനെ ഒളിപ്പിച്ചു വക്കേണ്ടിവരുന്നതിന്റെ വിഷമം കൊണ്ടാണ് അപര്‍ണ്ണ ചിത്രം വര നിര്‍ത്തിയത്. കൌമാരക്കാരികളായ സുഹൃത്തുക്കള്‍ കൂടെപഠിക്കുന്ന പയ്യന്മാരുടെ പേരിന്റെ ആദ്യാ‍ക്ഷരങ്ങള്‍ തങ്ങളുടേതുമായി ചേര്‍ത്ത് സ്കൂള്‍ ബെഞ്ചില്‍ കോറിവരക്കുമ്പോള്‍ അപര്‍ണ്ണ രാധയെപ്പിരിഞ്ഞ കണ്ണന്റെ വേദനയോര്‍ത്തു. തനിക്കുവേണ്ടിയാവും മധുരയുടെ രാജവീതികളില്‍ ഒരു കുഴല്‍ വിളി ഇന്നും ഘനീഭവിച്ചുനില്‍ക്കുന്നത് എന്നോര്‍ത്ത് രാധയായി സായൂജ്യമടഞ്ഞു.

യഥാര്‍ത്തത്തില്‍ അപര്‍ണ്ണയെന്തിനാ ആണ്‍ ദൈവങ്ങളെ മാത്രം ഇഷ്ടപ്പെടുന്നത് എന്നും വിശാഖന്‍ സംശയിച്ചു. തന്റെകൂടെ സെക്രറ്റേറിയറ്റില്‍ ജോലിചെയ്യുന്ന, "തീപ്പൊരി" എന്നറിയപ്പെടുന്ന എഴുത്തുകാരി ലക്ഷ്മിയെപ്പോലെ പെണ്‍ദൈവങ്ങള്‍ മതി എന്ന് അപര്‍ണ്ണയും പറഞ്ഞിരുന്നെങ്കില്‍ എന്നുപോലും വിശാഖന്‍ മോഹിച്ചു പോയി. പക്ഷെ ഒളിച്ചും പതുങ്ങിയും അപര്‍ണ്ണ സൂക്ഷിച്ചു വച്ചിരുന്ന ക്യാന്‍വാസുകള്‍ നിറയെ ആണ്‍ദൈവങ്ങളായിരുന്നു. ദൈവത്തിനു ജെന്‍ടര്‍ ഇല്ല അപര്‍ണ്ണേ എന്ന് ലക്ഷ്മിയെക്കൊണ്ട് പറയിപ്പിച്ചു നോക്കി, വിശാഖന്‍. പലരെക്കൊണ്ടും ഉപദേശിച്ചു നോക്കി. ഒരു പ്രയോചനവും ഉണ്ടായില്ല.

അന്യോന്യം യാതൊരു ബാധ്യതകളുമില്ലാത്ത സ്നേഹമാണ് അപര്‍ണ്ണയും ദൈവങ്ങളും തമ്മില്‍. അപര്‍ണ്ണയ്ക്ക് സ്നേഹിക്കാന്‍ ഏറ്റവും എളുപ്പം ദൈവങ്ങളെയാണ്. എനിക്കു വേണ്ടി നീ ഇതു ചെയ്യുമോ എന്ന് ഒരു ദൈവവും ഇറങ്ങിവന്ന് അപര്‍ണ്ണയോട് ചോദിച്ചിട്ടില്ല ഇതുവരെ. താന്‍ എത്ര കരഞ്ഞു ചോദിച്ചാലും സ്നേഹം അളന്നു തൂക്കി ദൈവം ഒന്നും തരാന്‍ പോകുന്നില്ല എന്ന് അനുഭവങ്ങള്‍ ഉണ്ട് അവള്‍ക്ക്. ഒരു ദൈവത്തിന്റെയും നഷ്ടങ്ങളെക്കുറിച്ചോര്‍ത്ത് അവള്‍ക്കു പരിതപിക്കണ്ടിവന്നിട്ടില്ല ഇതുവരെ.എല്ലാം നഷ്ടപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചവരാണ് ദൈവങ്ങള്‍. മനസ്സുകളില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്നവര്‍. മനസ്സുകള്‍ നൂല്‍പ്പാലങ്ങളാക്കി വഴികള്‍ സൃഷ്ടിക്കുന്നവര്‍. ആരൊക്കെ കീറിമുറിച്ചിട്ടും ഒന്നായിത്തന്നെ നില്‍ക്കുന്നവര്‍. കാമം കണ്ട്, ഭക്തിയില്‍ അലിഞ്ഞ്, ബലിയായി വഴങ്ങുന്നവര്‍. വിശാലമായ മനസ്സ്. ഉദാത്തമായ മനുഷ്യത്വം. അവള്‍ സങ്കല്‍പ്പിക്കുന്ന രൂപം. സ്നേഹിച്ചുപോവുന്നത്ര സങ്കീര്‍ണ്ണമായ ജീവിതം. പിന്നെ അപര്‍ണ്ണ എന്തുചെയ്യും? ഇങ്ങനെ ദൈവങ്ങളെ സ്നെഹിച്ച് മത്തുപിടിച്ചിരിക്കുമ്പോളാണ് അവള്‍ സലീമിനെ കണ്ടത്.


ദൈവം മറ്റാ‍ര്‍ക്കും വായിക്കാനാവാത്ത ഒരു ചുരുക്കെഴുത്താണെന്നായിരുന്നു അപര്‍ണ്ണ കരുതിയത്. പക്ഷെ ഇന്‍ഫെന്റ് ജീസസ് ചര്‍ച്ചില്‍ വച്ച് സലീമാണ് അത് തിരുത്തിയത്. എല്ലാ ദൈവങ്ങളും കള്ളന്മാരാണെന്നായിരുന്നു അവന്‍ പറഞ്ഞത്. പടുത്തുയര്‍ത്തിയ സാമ്രാജ്യക്കണക്കുകളില്‍ വേവലാതി പൂണ്ട്, അധികാരമോഹികളായി, പാരവെപ്പും കുത്തിതിരുപ്പുമായിട്ട് കഴിയുന്ന അലവലാതിയാണ് ദൈവം എന്ന് ചര്‍ച്ചിന്റെ പടവുകളില്‍ തരിച്ചിരുന്ന അപര്‍ണ്ണക്ക് സലീം പറഞ്ഞു കൊടുത്തു. ഒരു നാസ്തിക തനിക്ക് കൂട്ടുപിറക്കുന്നതുകാണാന്‍ തിടുക്കമായിരുന്നു അവന്. പക്ഷെ അന്നുമുതല്‍ അപര്‍ണ്ണയുടെ ദൈവങ്ങള്‍ക്കൊക്കെ സലീമിന്റെ മുഖമായി. കാമവും ഭക്തിയും ഒന്നാണെന്ന് ജിബ്രാന്റെ കവിത ചൊല്ലി അവള്‍ക്കു പറഞ്ഞു കൊടുത്ത സലീം, ദാലിയുടെ ക്രൂസിഫിക്ഷന്‍ ആരുടെ സ്വപ്നമായിരിക്കും എന്നൊക്കെ വരെ അവളെക്കൊണ്ട് ചിന്തിപ്പിക്കുമായിരുന്ന സലീം. ഒരു പ്രണയത്തിന്റെ അക്കരെ ഇക്കരെ നീന്തി വന്നുകഴിഞ്ഞപ്പോള്‍ അവനും പറഞ്ഞു തുടങ്ങി അവന്‍ ദൈവത്തെ പ്രണയിച്ചുതുടങ്ങി എന്ന്. "എന്റെ ദൈവത്തിനിപ്പോള്‍ നിന്റെ മുഖമാണ്" എന്ന് അവളുടെ കണ്ണുകളില്‍ ഉമ്മവച്ചു പറഞ്ഞിട്ടു പോയ അന്നാണ് എതോ മൊബൈലില്‍ നിന്ന് അജ്ഞാത സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിന്റെ പേരില്‍ അവന്‍ ആക്രമിക്കപ്പെട്ടത്. ഒരു ഹൈപ്പര്‍ക്യൂബിനു മുകളില്‍ ആണിയടിച്ചു തറച്ച് സലീമിന്റെ മുഖമുള്ള ദൈവം പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നത് സ്വപ്നം കാണേണ്ടിവന്നു അപര്‍ണ്ണക്ക്.


വിശാഖന്റെ വീട് ഒരു കായലിന്റെ തീരത്താണ്. ഒരു മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞ കായലിന്റെ കരയില്‍ കുറേ കൊച്ചു ദൈവങ്ങളെ വിശാഖന്‍ അപര്‍ണ്ണക്കു കാണിച്ചു കൊടുത്തു. വീടിന്റെ പടിഞ്ഞാറ് ഒരു ദൈവം, ശങ്കരമൂര്‍ത്തിയാണ്, കാളിയുടെ കലിയടക്കാന്‍ കാല്‍ക്കല്‍ പതിഞ്ഞു കിടന്നു കൊടുത്ത രുദ്രഭഗവാന്‍. വടക്കോട്ട് തിരിഞ്ഞിരിക്കുന്നത് ഭദ്രകാളി. രണ്ടു പ്രതിഷ്ഠകളെയും കുളിപ്പിക്കുന്നതും ചന്ദനം ചാര്‍ത്തുന്നതും, അവര്‍ക്കു നേദിക്കുന്നതും ഒക്കെ വിശാഖന്റെ അച്ഛനാണ്. ക്ഷയിച്ചു പോയ അമ്പലങ്ങളാണ്. പ്രാര്‍ത്ഥിക്കാന്‍ വരുന്നത് വലിയ പൈസക്കാരല്ല.അപര്‍ണ്ണക്കു താന്‍ വിവാഹം കഴിച്ചത് വിശാഖനെയല്ല ആ ദൈവങ്ങളെ ആണെന്നു തോന്നി. തന്റെ കാലശേഷം ആ ദൈവങ്ങള്‍ അനാഥരാവുമല്ലോ എന്ന് അച്ഛന്‍ പറയുന്നതു കേട്ടും കൊണ്ട് വിശാഖന്‍ കായലിലേക്ക് നോക്കി പുകയുംവിട്ടുകൊണ്ടിരിക്കും. അയാള്‍ക്ക് അവരെക്കൊണ്ട് വലിയ ആവശ്യമില്ലായിരുന്നു. ദൈവങ്ങളെ വിശ്വസിക്കാം, പക്ഷെ ഒരു ദൈവത്തിന്റെയും ഭാരം താങ്ങാന്‍ അയാള്‍ ഇഷ്ടപ്പെട്ടില്ല. ചിത്രം വരക്കാന്‍ കൊള്ളാമെന്നതാവാം അപര്‍ണ്ണക്ക് അവരോട് താല്‍പ്പര്യം തോന്നാന്‍ എന്നാണ് അയാള്‍ ആദ്യം കരുതിയത്. അവള്‍ ആ ദൈവങ്ങളുടെ ചിത്രങ്ങള്‍ ക്യാന്‍വാസിലാക്കി പ്രസിദ്ധയാവുന്നതും, തന്റെ വീടും പരിസരവും ഒരു നല്ല ടൂറിസ്റ്റ് കേന്ദ്രമാവുന്നതും ആ സ്ഥലത്തിന് പൊന്നും വിലയാവുന്നതും ഒക്കെ അയാള്‍ സ്വപ്നം കണ്ടു. അപര്‍ണ്ണ പക്ഷെ ഭംഗിയേറിയ കൊത്തുപണികളുള്ള പുരാതനമായ ആ ചുറ്റാമ്പലവും, ഒറ്റക്കല്ലില്‍ പണിഞ്ഞെടുത്ത പ്രതിഷ്ഠയുമൊന്നും ശ്രദ്ധിച്ചതേയില്ല എന്നത് വിശാഖനെ കുറച്ച് നിരാശപ്പെടുത്തിയിരുന്നു.


കായലിന്റെ കരയില്‍ ഏതോ നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുവന്ന ഒരു കറുത്ത ദൈവമുണ്ടായിരുന്നു. ആരും തിരിഞ്ഞുനോക്കാതെ പാതി മുറിഞ്ഞ മുഖവുമായി തനിച്ചിരുന്ന അവനെ മനസറിഞ്ഞ് അപര്‍ണ്ണ കുട്ടന്‍ എന്നു വിളിച്ചു. കാലങ്ങളായി അവന്‍ താങ്ങുന്ന പ്രാര്‍ത്ഥനകളുടെ ഭാരം ഒരു പങ്ക് ചോദിച്ചു വാങ്ങി അവന്റെ പാതിമെയ്യായി. ആരും അന്വേഷിച്ചുവരാനില്ലാതെ ഉണര്‍ത്താന്‍ ആരുടെയും പ്രാര്‍ത്ഥനയില്ലാതെ മൃതനായിരുന്ന ഒരു ദൈവം അവളുടെ പ്രേമത്തില്‍ ഉയിര്‍ത്തെഴുന്നേറ്റു. അവന്റെ ജ്ഞാനോദയങ്ങള്‍ക്കു സാക്ഷിയാവാന്‍ അവള്‍ ഒരു ബോധീവൃക്ഷമായി വേരുകളാഴ്ത്തിപ്പടര്‍ന്നു. അവന്റെ പ്രണയുവും പേറി വിശഖനോടൊത്ത് കഴിഞ്ഞു. ആരോരുമില്ലാത്തവനാണ് ദൈവം എന്നൊക്കെ അവള്‍ വിശാഖനോട് പറഞ്ഞു തുടങ്ങി. ഈ ദൈവങ്ങളെയൊക്കെ നമുക്കു രക്ഷിച്ചുകൂടെ എന്ന് അവള്‍ വിശാഖനോട് ചോദിക്കും. ഇവരെയൊക്കെ ഇനി എന്തു ചെയ്യാന്‍ എന്ന് അയാള്‍ കൈമലര്‍ത്തും. കാലം തെറ്റിജീവിക്കുന്ന ദൈവങ്ങള്‍ക്കു വേണ്ടി അപര്‍ണ്ണ വിശാഖനോട് വഴക്കിട്ടു തുടങ്ങി. വിശാഖന്റെ പരിഭ്രമം കൂടി. “നീ ഈ കല്ലിനേം കുരിശിനേം മനസ്സില്‍കൊണ്ടു നടക്കുന്നതെന്തിനാ...വല്ല പള്ളിയിലോ അമ്പലത്തിലോ ഒരു നേര്‍ച്ചയിട്ടാല്‍ തീരാവുന്നതേ ഉള്ളൂ ഇതൊക്കെ...” എന്നും പറഞ്ഞ് അയാള്‍ ഒഴിയാന്‍ ശ്രമിക്കും.


ചിത്തഭ്രമം വന്ന് തനിക്ക് അപര്‍ണ്ണയേ നഷ്ടപ്പെട്ടാലോ എന്ന് ഭയമുണ്ടായിരുന്നു വിശാഖന്. ഒരു രാത്രി ഉറങ്ങിക്കിടന്ന അയാളെ വിളിച്ചുണര്‍ത്തി കരഞ്ഞും കൊണ്ട് അവള്‍ അയാളുടെ ദേഹത്ത് പരതാന്‍ തുടങ്ങി. "ഇങ്ങനെ ചോരയൊലിപ്പിച്ചു കിടക്കുകയായിരുന്നോ.." എന്ന് നിലവിളിച്ച അവളുടെ വായ് പൊത്തേണ്ടി വന്നു അയാള്‍ക്ക്. "ഭ്രാന്തു കാണിക്കല്ലെ അപര്‍ണ്ണാ" എന്നു ശാസിച്ച് അയാള്‍ എഴുന്നേറ്റ് ലൈറ്റിട്ടു. തനിക്ക് മുറിവുകളൊന്നുമില്ല എന്ന അറിവ് അവളെ സമാധാനിപ്പിച്ചേക്കും എന്നാണ് വിശാഖന്‍ കരുതിയത്. പക്ഷെ മുറിവുകളില്ലാത്ത അയാളുടെ ദേഹത്തേക്ക് അവഞ്ജയോടെ ഒന്നു നോക്കി അപര്‍ണ്ണ എഴുന്നേറ്റുപോയി. രണ്ടു ദിവസം കഴിഞ്ഞാണ് അപര്‍ണ്ണയെ വിശാഖന്‍ കൌണ്‍സലിങ്ങിനു കൊണ്ടു പോയത്. അടുത്തയിടെ കുടുംബത്തിലുണ്ടായ മരണങ്ങള്‍ അവളെ തളര്‍ത്തിയതാണ് എന്ന് വിധിയെഴുതപ്പെട്ടു.

"ദൈവങ്ങളേ സ്നേഹിക്കല്ലേ അപര്‍ണ്ണേ...പകരവും കൂടെ എന്നേ സ്നേഹിക്കൂ" എന്ന് വിളിച്ചുപറയണമെന്നുണ്ടായിരുന്നു വിശാഖന്. അയാള്‍ക്കറിയാം അയാളുടെ നെഞ്ചത്തു തലവച്ചു കിടക്കുമ്പോളും അപര്‍ണ്ണയുടെ മനസ്സുനിറയേ ദൈവങ്ങളോടുള്ള പ്രണയമാണെന്ന്. കിടപ്പുമുറിയിലെ ശൂന്യതയിലോ, വാതിലടച്ച് വീട്ടില്‍ സ്വസ്തമായി ഇരിക്കുമ്പോഴോ അവള്‍ വിശാഖനെ തിരിഞ്ഞു നോക്കിയില്ല. താനുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളില്‍ ജഡാവസ്ഥയിലാവുന്ന അപര്‍ണ്ണ ഒരു വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുന്നതു കണ്ട് ഭഗവതിക്കാവിന്റെ നടക്കല്‍ വച്ച് ആവേശത്തോടെ തന്നെ പുണര്‍ന്നത് തീരെ ഇഷ്ടമായില്ല അയാള്‍ക്ക്. ഇതൊന്നും അത്ര പന്തിയല്ലല്ലോ എന്ന് തോന്നി വിശാഖന്. ഭാര്യ തന്നെ പരസ്യമായി കാമിക്കുന്നതും രഹസ്യമായി ദൈവങ്ങളെ പ്രണയിക്കുന്നതും അയാള്‍ക്ക് വലിയ ഒരു പ്രഹേളികയായി. ഒരു കാലത്തിന്റെയും വേദന താങ്ങാത്ത, ഒരു വിശ്വാസത്തെയും ചുമലില്‍ പേറാത്ത, അനന്തതയിലേക്ക് നീളുന്ന ഒരു ആണിയുടെയും വേദനയറിയാത്ത, ഒരു ദേവാലയത്തിലും കല്ലാകേണ്ടി വരാത്ത ഒരു മനുഷ്യനായി ഇരിക്കാനായിരുന്നു അയാള്‍ക്കിഷ്ടം. അവളുടെ പ്രേമം തൊട്ടറിഞ്ഞാല്‍ പിന്നെ തന്റെ ഉള്ളിലും ഒരു വൃന്ദാവനം,ഒരു മധുര,ഒരു കൈലാസം,ഒരു കാല്‍വരി, ഒരു കുരിശ്...അയാള്‍ക്ക് പേടിയായി. തിളക്കുന്ന ലാവ പോലെയാണ് ഭക്തി.ഏതു ദൈവത്തെയും പൊള്ളിക്കും. അവളുടെ ഉടലിന്റെ ആഴങ്ങളില്‍ തപിച്ചുകിടന്ന അഗ്നിപര്‍വ്വതങ്ങളെ സ്പര്‍ശിക്കാതെ, അവളുടെ തീപോലുള്ള പ്രണയത്തെ ഭയന്ന് എത്ര കാലം ഒരു ദൈവമാകാതെ കഴിയും അയാള്‍?

ഒരു ദിവസം, ദൈവങ്ങളെ സ്വപ്നം കണ്ട് ഉറക്കം മുറിഞ്ഞ അപര്‍ണ്ണയെ തോളിലേക്ക് ചായ്ച്ചു കിടത്തി, അവളുടെ നനഞ്ഞ കവിള്‍ തലോടി വിശാഖന്‍ ചോദിച്ചു, അവള്‍ ദൈവങ്ങളെ ഇത്ര സ്നേഹിക്കുന്നതെന്തിന് എന്ന്. വിശാഖനറിയുന്നില്ലായിരുന്നു അയാളുടെ മുഖമുള്ള ഒരു യേശുവിനെ കുരിശില്‍ തറയ്ക്കുകയാണ് അപര്‍ണ്ണ ഓരോ രാത്രിയിലും എന്ന്. മരണത്തിലൂടെപ്പോലും രക്ഷപ്പെടാന്‍ കഴിയാത്ത വിധം അവനായിട്ട് ഒരു കല്ലറ മനസ്സില്‍ തീര്‍ക്കുകയാണ് എന്ന്. അവന്റെ രക്തവും മാംസവും ഒരു പങ്കുപറ്റി അവനെ ദൈവമാക്കുകയാണ് എന്ന്. അപര്‍ണ്ണയുടെ ഉടലില്‍ ഉണരാന്‍ ഒരു കുരിശിന്റെ വേദന മതി. ഇത്തിരിപ്പോന്ന ഒരു കുരിശിന്റെ.
കുറേ നേരം ഉത്തരം കാത്തുകിടന്ന് വിശാഖന്‍ ഉറക്കം പിടിച്ചു.

34 comments:

വല്യമ്മായി said...

സാഹിത്യത്തിന്റെ സാങ്കേതികമൊന്നും വലിയ വശമില്ലെങ്കിലും കഥ ഒറ്റ വായനയില്‍ ഇഷ്ടമായി,മാസങ്ങള്‍ക്ക് മുമ്പ് വായിച്ച ഈ ലേഖനവും ഓര്‍ത്തു.http://www.chintha.com/node/3026

ജ്യോനവന്‍ said...

ആവസാനത്തെ ഖണ്ഡിക മാത്രം. അതു ഞാനെടുത്തു.
ആള്‍ദൈവങ്ങളുടെ കാലമായിരുന്നിട്ടും അത്തരമൊന്നിലേയ്ക്കും പൊട്ടിയൊലിച്ചുപൊവാതെ കഥ പ്രത്യക്ഷമായൊരു ഒതുക്കം കാട്ടി. നിലവില്‍ ആളുകളെയും ദൈവങ്ങളേയും സമര്‍ത്ഥമായി
കൂട്ടിക്കുഴച്ചു. നന്ന്.

(ഇനി പരോക്ഷമായി;
എല്ലാ ദൈവങ്ങളും കള്ളന്മാരാണെന്നായിരുന്നു അവന്‍ പറഞ്ഞത്.
അതു മറക്കുന്നില്ല)

നന്ദ said...

അഭിപ്രായം പറയാനൊന്നും അറിഞ്ഞുകൂടാ.
കഥ വളരെ ഇഷ്‌ടമായി..

sree said...

വല്യമ്മായി , ആ ലേഖനം ഞാന്‍ പറയാന്‍ ഉദ്ധേശിച്ച വിഷയത്തിന്റെ ദാര്‍ശനീക വശമാണ്. ലിങ്കിനു നന്ദി :) പിന്നെ സാഹിത്യത്തിന്റെ റ്റെക്നോളജി...അതാര്‍ക്കറിയാം...ആര്‍ക്കുമറിയില്ലാ എന്നു വിശ്വസിക്കാനാ എനിക്കുമിഷ്ടം. (ബഷീര്‍ തന്റെ സൃഷ്ടികള്‍ ആടിനു തിന്നാന്‍ കൊടുത്തു. ഒരു പക്ഷെ അതായിരിക്കും ഏറ്റവും നല്ല റ്റെക്നളോജിക്കല്‍ ആപ്ലിക്കേഷന്‍, സാഹിത്യത്തിന്റെ ;) കഥ ഇഷ്ടമായതില്‍ സന്തോഷം.

ജ്യോനവന്‍ :) ആ അവസാനത്തെ ഖണ്ഡിക അതു മാത്രായിരുന്നു എനിക്കും വേണ്ടീരുന്നത്...എടുത്തൂല്ലെ :( പൊട്ടക്കലത്തിലേക്ക് എന്റെ പങ്ക്..പോട്ടെ.

നന്ദ :) നമുക്കൊക്കെ ഏറ്റവും ഇഷ്ടമുള്ള അഭിപ്രായം അതല്ലെ ;) നന്ദി ട്ടൊ.

അമൃതാ വാര്യര്‍ said...

"വിശാഖനറിയുന്നില്ലായിരുന്നു അയാളുടെ മുഖമുള്ള ഒരു യേശുവിനെ കുരിശില്‍ തറയ്ക്കുകയാണ് അപര്‍ണ്ണ ഓരോ രാത്രിയിലും എന്ന്. മരണത്തിലൂടെപ്പോലും രക്ഷപ്പെടാന്‍ കഴിയാത്ത വിധം അവനായിട്ട് ഒരു കല്ലറ മനസ്സില്‍ തീര്‍ക്കുകയാണ് എന്ന്. അവന്റെ രക്തവും മാംസവും ഒരു പങ്കുപറ്റി അവനെ ദൈവമാക്കുകയാണ് എന്ന്. "

നല്ല കഥ തന്നെ...
കഥയുടെ ദൈര്‍ഘ്യംപക്ഷെ.
വായനയുടെ ഒഴുക്കിനെഒട്ടും തന്നെ അലോസരപ്പെടുത്തുന്നില്ല..
ഭാവുകങ്ങള്‍...

ഹരിത് said...

ishtamaayi.

സാബു പ്രയാര്‍ said...

അപര്‍ണ്ണയുടെ ഉടലില്‍ ഉണരാന്‍ ഒരു കുരിശിന്റെ വേദന മതി. ഇത്തിരിപ്പോന്ന ഒരു കുരിശിന്റെ.
കുറേ നേരം ഉത്തരം കാത്തുകിടന്ന് വിശാഖന്‍ ഉറക്കം പിടിച്ചു.

nalla kada

അപ്പു said...

സാബു പ്രയാറിന്റെ പോസ്റ്റ് വഴിയാണ് ഇവിടെ എത്തിയത്. നല്ല കഥ. ഇതുവരെ ഈ ബ്ലോഗ് കണ്ണില്‍ പെട്ടില്ലല്ലോ.

നന്നായി എഴുതിയിരിക്കുന്നു. എനിക്കിഷ്ടപ്പെട്ടു.

(ഗുപ്തന്റെ കഥ പറച്ചില്‍ രീതിയുമായി നല്ല സാമ്യം തോന്നി - യാദൃശ്ചികമാവാം)

വാല്‍മീകി said...

വളരെ നല്ല ഒരു വിഷയം വളരെ ഒതുക്കത്തോടെ അനായസമായി പറഞ്ഞിരിക്കുന്നു ഈ കഥയില്‍. ഒരുപാടിഷ്ടമായി.

പാമരന്‍ said...

അയ്യോ ഇതു കാണാനൊത്തിരി വൈകിപ്പോയല്ലോ.. സാബു പ്രയാറിനു നന്ദി.

ശ്രീ, വളരെ നന്നായെന്നു പറഞ്ഞാല്‍ കുറഞ്ഞു പോകും.. ഇതിനെ എന്‍റെ ഫേവറേറ്റ്സിലേയ്ക്ക്‌ ഞാന്‍ സ്വന്തമാക്കുന്നു..

Don(ഡോണ്‍) said...

ഈ കഥയ്ക്ക് ഒത്തിരി പറയാനുണ്ടെന്ന് തോന്നുന്നു. വീണ്ടും വീണ്ടും വായിക്കുമ്പോള്‍ പുതിയ പുതിയ അര്‍ഥങ്ങള്‍.

ഞാന്‍ ഇവിടെ ഇന്നലേയും വന്നിരുന്നു.നെറ്റ് കണക്ഷന്‍ പോയതിനാല്‍ കമന്റാന്‍ പറ്റിയില്ല.പാമരനെപ്പോലെ ഞാനും ഈ കഥയ്ക്ക് എന്റെ ഫേവറേറ്റില്‍ ഒരു സിംഹാസനം കൊടുത്തു.


വളരെ വളരെ നന്നായിട്ടുണ്ട്

ആഷ | Asha said...

ഇന്നലെ പകുതി വായിച്ചിരുന്നു. ഇന്നു മുഴുമിപ്പിച്ചു.
കഥ ഇഷ്ടമായി. അത്രേ പറയാന്‍ അറിയാവൂ :)

ബൈജു (Baiju) said...

ശ്രീ, കഥനന്നായിട്ടുണ്ട്... വളരെയിഷ്ടമായി. നന്ദി :)

-ബൈജു

ഗുപ്തന്‍ said...

ശ്രീ കഥ നേരത്തെ കണ്ടിരുന്നെങ്കിലും വായിക്കാന്‍ വൈകി :)

പ്രണയത്തിന് ഏതുകല്ലിലും ദൈവത്തെ ഉണര്‍ത്താന്‍ പറ്റും.

പക്ഷെ ഒരു പുരുഷനില്‍ ദൈവത്തെ ഉണര്‍ത്താന്‍ ആരുടെ പ്രണയത്തിനാണാവുക?

അപര്‍ണ വരക്കുകയും ശില്പമുണ്ട്ടാക്കുകയും കവിത എഴുതുകയും കഥയെഴുതുകയും ചെയ്തിരുന്നെങ്കില്‍ എന്ന് വെറുതേ........

(ഇടയ്ക്ക് പാടുകയുമാവാം ഹിഹി )

sree said...

പ്രണയത്തെ ഉണര്‍ത്താന്‍ ഒരു വിഭാവാനുഭാവങ്ങള്‍ക്കും കഴിയില്ല ഗുപ്താ...ആത്യന്തികമായി ഒരു ധ്യാനമാണ് അത്. സ്വത്തത്തിന്റെ പൂര്‍ണ്ണത. ഉള്ളിലെ ദൈവത്തിനെ ഉണര്‍ത്താന്‍ അവനവനു മാത്രമേ കഴിയൂ. പ്രണയം അതിലേക്കുള്ള മാര്‍ഗ്ഗം മാത്രം. അപര്‍ണ്ണ പാടിയതു കൊണ്ടോ വരച്ചതു കൊണ്ടോ ഒരു കാര്യവുമില്ലാ എന്നു ചുരുക്കം :) പുരുഷനില്‍ പ്രണയമുണരാന്‍ അവന്‍ തന്റെ മനസ്സിലെക്കാണ് നോക്കേണ്ടത്, മുന്നിലുള്ള പെണ്ണിനെ നോക്കിയിട്ടു കാര്യമില്ലാ..എന്ന് ;)

ബൈജു, ആഷ, ഡോണ്‍, പാമരന്‍, വാല്‍മീകി, അപ്പു, ഹരിത് ...ഇഷ്ടമായതില്‍ സന്തോഷം

അമൃതാ, കഥയുടെ ദൈര്‍ഘ്യം എന്നെയും അലോസരപ്പെടുത്തിയതാ...എന്തു ചെയ്യാനാ മറ്റേ അറ്റത്ത് പ്രണയം ഉണ്ടായേക്കുമോ എന്ന് നോക്കി നോക്കി...

സാബു പ്രയാര്‍ :) ഒരുപാടൊരുപാട് നന്ദി.

ഗുപ്തന്‍ said...

ആ കമന്റ് അങ്ങനേം വായിക്കാം എന്ന് മനസ്സിലായി :)

ഉദ്ദേശിച്ചത് ഉറങ്ങിപ്പോകുന്ന പുരുഷനെ നോക്കാതെ സ്വന്തം ഉള്ളില്‍ നിന്ന് പ്രണയത്തെ സര്‍ഗ്ഗക്രിയ കൊണ്ട് മറ്റേതെങ്കിലും വഴിക്ക് ആവിഷ്കരിക്കാന്‍ അപര്‍ണക്ക് ആവുമോ എന്നാണ്. ഒരു മീരാ ലൈന്‍. കാലത്തിലൂം ദൂരത്തിലും അകലെയായ ഭഗവാന്‍. ഇവിടെ ഒരു ഗാനം. ഗാനം മാത്രം. മിസ്റ്റിക് ലൈന്‍.


മിസ്റ്റേക്ക് ലൈന്‍ ആവരുത് :-))

sree said...

മിസ്റ്റിസിസം പുറം ലോകത്തിന് മിസ്റ്റേക്കല്ലെ ഗു? വലിയ മിസ്റ്റിക്കുകള്‍ ഒക്കെ വട്ടന്മാരായിട്ടല്ലെ അവരുടെ കാലത്ത് അറിയപ്പെട്ടിരുന്നത്? മീരാഭായിയുടെ പാവം പിടിച്ച ഭര്‍ത്താവിന്റെ മനസ്സുപകര്‍ത്തുന്നുണ്ട് കിരണ്‍ നഗര്‍ക്കര്‍ “കുക്കോള്‍ഡ്” എന്ന നോവലില്‍...കാണുമ്പോള്‍ എല്ലാം കാണണമല്ലൊ ;)
കുടുംബം ഒരു ദേവാലയമാണെങ്കില്‍ മിസ്റ്റിക് ഭക്തി അവിടെയും പ്രയോചനപ്പെടുത്താന്‍ കഴിയേണ്ടതാണ് ഹ ഹ ഹ! മനുഷ്യന്റെ നിലനില്‍പ്പിനു വേണ്ടിയാണല്ലോ ഇക്കണ്ട ദൈവങ്ങളെയൊക്കെ അവന്‍ ഉണ്ടാക്കിയത് :)

ഗുപ്തന്‍ said...

പുറം ലോകം ഇസ് അ ബഞ്ച് ഓഫ് ബ്ല്ഡി ലൂസേഴ്സ്...

എനിവേ ഹാറ്റ്സ് ഓഫ് റ്റു ദ ലാസ്റ്റ് പാര്‍ട്ട് ഓഫ് ദ കമന്റ് ലേഡി.. യൂ വിന്‍ ആന്‍ഡ് ഐ കം ഏ ഹാപ്പി സെക്കന്‍ഡ്. :)

ഗുപ്തന്‍ said...
This comment has been removed by the author.
vadavosky said...

ഇപ്പോഴാണ്‌ വായിക്കാന്‍ സമയം കിട്ടിയത്‌. അവസാനത്തെ പാരഗ്രാഫ്‌ കിടിലന്‍.
പക്ഷെ കഥ പറഞ്ഞ രീതി too narative എന്ന തോന്നല്‍ എനിക്ക്‌.

ചിതല്‍ said...
This comment has been removed by the author.
ചിതല്‍ said...

വായിക്കാന്‍ വൈകി...
എന്നാലും പുത്തന്‍ ഫീലിങ്ങ്...
ഭയങ്ങള്‍ മാത്രം കൊണ്ട് നടക്കുന്നു...

ശെഫി said...

ഈ ബ്ലോഗ് ഇന്നാണു കാണുന്നത്. ഈ കഥയും.

ഒന്നു കൂടി ആറ്റി കുറുക്കാനുണ്ടോ?...

നല്ല ആഖ്യാനം , ഒഴുക്കുനു ഭംഗം വരുന്നേയില്ല്അ.

സ്ത്രീയുടെ ധ്യാനം പുർഷനോടുള്ള പ്രണയമാണെന്ന ഓഷോ വചനം ഓർത്തു പോയി.

വല്യമ്മായി said...

ശ്രീ,ഗുപ്തന്‍‌,ശെഫി

ഇസ്ലാം വിശ്വാസം പ്രകാരവും സ്ത്രീ പുരുഷ ബന്ധവും അള്ളാഹുവിനായുള്ള ആരാധന തന്നെയാണ്.

sree said...

വല്യമ്മായി, അതെനിക്കൊരു അറിവായിരുന്നു. നന്ദി. സ്ത്രീ-പുരുഷന്‍ എന്നില്ല, ബന്ധങ്ങളിലാണ് (കമ്മ്യൂണിയന്‍സ്) ദൈവം എന്നത് എന്റെ വിശ്വാസത്തെ പിടിച്ചു നിര്‍ത്തുന്നുണ്ട് പലപ്പോഴും. എത്ര തട്ടിക്കുടഞ്ഞാലും പോവാത്ത പൊടി പോലെ, നമ്മളിലാരൊക്കെയോ അതോ നമ്മളൊക്കെയും തന്നെയാണ് ദൈവം എന്ന തോന്നല്‍. മതങ്ങളാല്‍ സ്ഥാപനവത്കരിക്കപ്പെടുന്നതിനു മുന്നെയുള്ള ദൈവങ്ങള്‍..ഏതു കല്ലിലും ഒരു മനുഷ്യനുണ്ടെന്ന് നമുക്ക് തോന്നുന്നത് നമ്മള്‍ മനുഷ്യരായതു കൊണ്ടാവുമല്ലെ?!

ശെഫി , സ്ത്രീയുടെ ധ്യാനം പുരുഷനിലേക്കും പുരുഷന്റെ ധ്യാനം തന്നിലേക്കും എന്നാണ് ഓഷോ;) mutually exclusive binary:) ഒന്നില്ലാതെ മറ്റതും ഇല്ല.

ചിതല്‍, ഭയങ്ങള്‍ കൊണ്ടുനടക്കയല്ലാതെ എന്തു ചെയ്യും :(

വടവോ, നന്ദി. ക്രാഫ്റ്റ് പരീക്ഷണം ;)

ഗുപ്തോ, ഒരു മീറ്റിയോര്‍ പോലെ ഇതിലേയൊന്നു പാഞ്ഞത് ഈ ഭാഗ്യവും കൊണ്ടായിരുന്നൊ? honoured!

ഏറനാടന്‍ said...

ശ്രീയുടെ ഈ കഥ ഇന്നാണ് സ്വസ്തമായിരുന്ന് വായിക്കാന്‍ സാധിച്ചത്. ശ്രീ-കഥകളില്‍ നല്ലൊരു തീം ഇതാണെന്ന് തോന്നുന്നു.

വല്യമ്മായിയുടെ കമന്റില്‍ സൂചിപ്പിച്ച ‘സ്ത്രീ-പുരുഷ ബന്ധം‘ അള്ളാഹുവിനുള്ള ആരാധന എന്നത് ‘ദാമ്പത്യബന്ധം‘ എന്നതാണല്ലോയെന്ന് അതുവായിക്കുന്നവര്‍ മനസ്സിലാക്കിക്കൊള്ളുമെന്ന് കരുതുന്നു.

ഉപാസന | Upasana said...

നല്ല റേഞ്ചുള്ള എഴുത്ത്..!

ശരിക്കും ആസ്വദിച്ച് പതുക്കെ വായിച്ചിരുന്നു.
അപര്‍ണയുടെ മനസ്സ് കാണാന്‍ എനിക്കും കഴിഞ്ഞില്ല ട്ടോ.

ആശംസകള്‍... അഭിനന്ദനങ്ങള്‍...
:-)
ഉപാസന

The Prophet Of Frivolity said...

"കുരിശിലല്ല തന്റെ ശരീരത്തിലേക്കാണ് യെശുവിനെ തറച്ചിരിക്കുന്നത് എന്നവള്‍ക്കു തോന്നും." ആ വരി എനിക്കൊരുപാടിഷ്ടമായി. തെളിഞ്ഞ, നനഞ്ഞ ഭാഷ. ആ നനവ് വായിക്കുന്നവനു തൊട്ടറിയാം. എന്റെ വക ഒരു പ്രസാദം:

“Place me where cruel, heartless Scythians strike,
Or where the people live in peace and quiet,
Or where one lives and dies, too soon, too late
I shall live as I've lived, be what I've been,
As long as my two faithful stars still shine
And will not turn their light away from me.“

-ഗസ്പാര സ്റ്റാംപ

sree said...

ഹാ...gaspara stampa ?! ഇതും കൂടെ കേള്‍ക്കാന്‍ തോന്നുന്നു പ്രവാചകാ....
Love has made me such that I live in fire,....
All my delights and my game
Are to live in flames and never feel the pain
And never care if he who leads me to this,
Pities me little or much.
മീരാഭായിയും സ്റ്റാമ്പയും ഒരേയിടത്ത്...ഇത്രയും ഈ കഥയെക്കൊണ്ടായല്ലോ!
നന്ദി, പ്രവാചകനും ഏറനാടനും ഉപാസനക്കും.

The Prophet Of Frivolity said...

ടീച്ചറേ,
ഒരു സ്വകാര്യം ചോദിക്കണമെന്നുണ്ടായിരുന്നു, ആദ്യത്തെ കമന്റില്‍. പിന്നെ തര്‍ക്കരോഗിയായി കാണുമോ എന്ന് ശങ്കിച്ച് വേണ്ടാന്ന് വെച്ചതാണ്. ഇനി ചോദിക്കാം. കഥ ആസ്വദിക്കുന്നതുമായി ‘നേരെ’ബന്ധമൊന്നുമില്ല ഇതിന് എന്നു പറയാം. സ്ത്രീയുടെ (പുരുഷന്റെയും) ഈപ്പറയുന്ന ഭാവം സത്താപരമാണോ അതോ ചരിത്ര-സാമൂഹികപാശ്ചാത്തലങ്ങളുടെ നിര്‍മ്മിതിയാണോ? (ചുമ്മാ ബോറടി മാറ്റാന്‍, എന്തെങ്കിലും ഒണക്ക ചോദ്യം ചോദിക്കുക - അത്രേയുള്ളൂ എന്ന് വിചാരിച്ചാ മതി..)

sree said...

പ്രവാചകന്മാര്‍ ഉത്തരങ്ങള്‍ തന്നിരുന്ന കാലവും പോയി അല്ലെ...? “സത്താപരം” എന്നതു തന്നെ എന്താണ് എന്നാ ഞാന്‍ സ്വയം ചോദിക്കുന്നെ...

നദി എന്നത് ഒഴുകുന്ന വെള്ളമാണോ അതോ വെള്ളമൊഴുകുന്ന വഴിയാണോ എന്ന് നമ്മുടെ ഗുപ്തകവി ചോദിച്ചിട്ടുണ്ട് ;)

The Prophet Of Frivolity said...

സ്ത്രീകളെയും പുരുഷന്മാരെയും പറ്റിയല്ലല്ലോ ഞാന്‍ ചോദിച്ചത്, സ്ത്രീയെയും പുരുഷനെയും പറ്റിയല്ലേ? എന്തായാലും ഈ ചോദ്യം ഞാന്‍ തിരികെ ഷെല്‍ഫില്‍ പൊടിപിടിച്ചു കിടക്കുന്ന മറ്റു ചോദ്യങ്ങള്‍ക്കിടയില്‍ വച്ചു.
-----
അവസാനിക്കാത്ത ദ്വന്ദ്വങ്ങള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങുന്ന, പെന്‍ഡുലത്തിന്റെ ആന്ദോളനമായി അവശേഷിക്കുന്ന പ്രവാചകന്മാരെ അറിയില്ലേ?

നിസ് said...

വളരെ വൈകിയാണിവിടെ എത്തിയതെന്ന വിഷമം..

ഒരു പാടെഴുതി തെളിഞ്ഞവരുടെ പോലുള്ള വാക്കുകള്‍ (ആണോ?)..

ഇഷ്ടായി...

സിജി said...

അവസാനം തന്നെയാണ്‌ ഒരുപാടിഷ്ടായത്‌. നന്നായി എഴുതിയ കഥയാണിത്‌. പഷെ വിചാരിച്ചിരുന്നെങ്കില്‍ ഒന്നുകൂടെ നന്നാക്കാമായിരുന്നു.

Post a Comment