Sunday, August 3, 2008

അമ്മയും മകളും

വല്ലാത്ത ഒരു കാഴ്ചയായിരുന്നു അത്. അമ്മക്ക് തലചുറ്റുന്നതു പോലെ. ലോകത്തില്‍ വച്ചേറ്റവും സുന്ദരിയായി മകള്‍ കയറിവരുന്നു. പട്ടിലും പൊന്നിലും പൊതിഞ്ഞ്, സ്നേഹിക്കുന്ന പുരുഷന്റെ കണ്ണില്‍ ഒരായിരം സ്വപ്നങ്ങളായി വിരിഞ്ഞ്. അവള്‍ക്ക് കൊതിപ്പിക്കുന്ന സൌന്ദര്യം, അവന്റെ കണ്ണില്‍ മുറ്റുന്ന സ്നേഹം. അമ്മയ്ക്ക് കാലും മനസ്സും ഇടറി. ഇവള്‍ക്കിനി ഞാന്‍ പറഞ്ഞതൊന്നും മനസ്സിലായില്ലാന്നുണ്ടോ? ഈ പൂത്തു നില്‍ക്കുന്നതിനപ്പുറം ഉറഞ്ഞു കൂടാനുള്ളത് മഞ്ഞാണ്...ശരീരം കോച്ചുന്ന തണുപ്പാണ്. നീ ആടയാഭരണങ്ങള്‍ അഴിച്ചു വയ്ക്ക് മകളെ...അവന്റെ നെഞ്ചിന്റെ ചൂട് നിന്നെ പ്രലോഭിപ്പിക്കും, വഴുതിവീഴാതിരിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളു..നീ എന്നോട് ചേര്‍ന്നു നില്‍ക്കുക..ഈ കിളവിയോട്, ഈ വീണ്‍ വാക്കുകളോട്, ഈ അസഹ്യമായ വെറുപ്പിനോട് ചേര്‍ന്നു നില്‍ക്കുക. അവന്‍ പുരുഷനാണ്. നിനക്കറിയില്ല ഈ വര്‍ഗ്ഗത്തെ. നിന്നെ മുച്ചൂടും വലിച്ചെടുത്ത് തിരസ്കരിക്കാനായിപ്പിറന്നവന്‍. നിന്റെ നൃത്തം കഴിയുന്നതു വരെ അവന്‍ നിന്നെ നോക്കിയിരിക്കും. അതു കഴിഞ്ഞാല്‍ അവന് ഉപേക്ഷിക്കാനുള്ളവളാണ് നീ. അവന്റെ മുന്നില്‍, അവന്‍ കെട്ടിപ്പടുത്ത കോട്ടയ്ക്കുള്ളില്‍ അവന്റെ ദാസിയായി എന്നെപ്പോലെ നീയും.......അരുത് മകളെ, ഇറങ്ങി വരൂ അവന്റെ കതിര്‍മണ്ഡപം മരണക്കിണറാണ്...ഒരു ജന്മം നിനക്ക് പഠിക്കാനുള്ള അഭ്യാസങ്ങളുണ്ടതില്‍....


കത്തീറ്ററിന്റെ അറ്റം കയ്യിലേക്ക് തുറഞ്ഞു കയറി നിന്നിടത്ത് അമ്മയുടെ ഒരു നീല ഞരമ്പ് തെളിഞ്ഞു കാണും. ഓരോ തവണ സ്ഥാനം തെറ്റിയ മുണ്ട് പിടിച്ചിടുമ്പോഴും ഞരമ്പു വലിഞ്ഞ് വേദനിക്കുന്നുണ്ടാവും. അയാള്‍, നിന്റെ ഭര്‍ത്താവ് അടുത്തിരിക്കുന്നതു കൊണ്ടാണ് പാവം അമ്മ സ്ഥാനം തെറ്റിയ മുണ്ടിനെ ഇത്രക്കു ഭയക്കുന്നത്. ശലോമി, നിനക്കു പറഞ്ഞുകൂടെ അയാളോട് എഴുന്നേറ്റു പോവാന്‍. ഈ മുറിയില്‍ ഇപ്പോള്‍ നീയും അമ്മയും മാത്രം മതി. നിങ്ങളുടെ രഹസ്യങ്ങളും. പുറത്തുള്ളവരറിയേണ്ടതില്ലാത്ത രഹസ്യങ്ങള്‍. ഓര്‍മ്മതെറ്റി അലയുന്ന ഒരു ജന്മമുണ്ട് വെളിയില്‍. അമ്മയുടെ പേരൊഴിച്ച് ഒന്നും ഓര്‍മ്മയിലില്ലാത്ത സടപൊഴിഞ്ഞ മനസ്സില്‍ അമ്മയുടെ രഹസ്യങ്ങള്‍ക്ക് ഒരു വിലയുമില്ല ഇന്ന്. ആരോടാണ് അമ്മ ഇന്നും എല്ലാം ഒളിപ്പിക്കുന്നത്? ആരെയാണ് ഭയക്കുന്നത്? ഇത്രയും പേടിക്കണോ എന്ന് ചോദിക്കാന്‍ തോന്നുന്നില്ലെ നിനക്ക്. നാളുകള്‍ക്കു മുന്നെ നിന്റെ കല്യാണം ഉറപ്പിച്ച നാള്‍ അമ്മയുടെ വര്‍ഷങ്ങളുടെ രഹസ്യങ്ങള്‍ നഷ്ടക്കണ്ണീരായി ഒലിച്ചിറങ്ങിയ ഒരു ദിവസം ദഹിക്കാതെ തികട്ടി വരുന്നില്ലെ?. ചോദിക്കരുതായിരുന്ന ചോദ്യങ്ങള്‍ക്കിടയില്‍ നിന്ന് തലതല്ലുന്നുണ്ടാവും നീ ഇപ്പോഴും. രഹസ്യങ്ങളുടെ ഉള്ളറകളില്‍ തെളിഞ്ഞും മറഞ്ഞും കണ്ട പുരുഷമുഖങ്ങളെ ഭയക്കുന്നുണ്ട് നീയും. പെണ്ണേ....നിനക്കെന്തറിയാം മോഹവളയങ്ങളില്‍ ബാലന്‍സു തെറ്റാതെയുള്ള ആഴക്കിണറിലെ നൃത്തം അവസാനിപ്പിച്ച് ഒരെ താളത്തിലുള്ള ചലനങ്ങള്‍ മതിയാക്കി കളഞ്ഞു പോയ സ്വന്തം താളം തിരിച്ചെടുക്കാന്‍ കഴിയാതെ തളര്‍ന്നു കിടക്കുന്ന ഈ ശരീരത്തിന്റെ നഷ്ടങ്ങള്‍? നീ ഭയത്തോടെ ഭര്‍ത്താവിനെ നോക്കി. ആശുപത്രിമണത്തില്‍ നിന്ന് മണിയറയുടെ പൂമണത്തിലേക്ക് നിന്നെ ഞാന്‍ രക്ഷിച്ചുകൊണ്ടു പോകാം എന്ന് അവന്റെ ആര്‍ത്തിപുണ്ട മിഴികള്‍ മോഹന വാഗ്ദാനങ്ങളായി പെയ്യുന്നതു കണ്ട് പരവേശം കൊണ്ടു.

അമ്മയുടെ വേദനിക്കുന്ന നീലഞരംബില്‍ പതിയിരുന്ന രഹസ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ ധൈര്യമില്ലാതെ വെറുതെ ഒന്നു തൊട്ടുഴിഞ്ഞ് കപടധൈര്യത്തോടെ നീ അമ്മയെ ശാസിച്ചു. "ഇങ്ങനെ ചിന്തിച്ചുകൂട്ടി അസുഖം വരുത്തി വക്കുന്നതെന്തിനാ?" പുച്ഛരസം കലര്‍ന്ന ഒരു ചിരി തളര്‍ന്നു കോടിയ മുഖത്ത് പടര്‍ന്നതു കണ്ടില്ലെന്നു വരുത്തി നീ പോകാന്‍ എഴുന്നെറ്റു. ഭര്‍ത്താവിന്റെ കൈപിടിച്ച് അമ്മയില്‍ നിന്നു ദൂരെ ഉണ്ടെന്നു വിശ്വസിക്കുന്ന സ്വര്‍ഗ്ഗം തിരക്കി...നൃത്തം തുടങ്ങാന്‍.

******************

ശരീരം മാത്രമല്ല ശലോമി, ആത്മാവും നൃത്തം ചെയ്യണം. എന്റെ നഷ്ടങ്ങള്‍ നിന്റെ താളമാവട്ടെ. എന്റെ വെറുപ്പ് നിനക്ക് സംഗീതം. അവന്‍..അവന്‍ മാത്രമാണ് നിന്റെ ലക്ഷ്യം. നിന്റെ ഉയിരു കവര്‍ന്നെടുക്കാന്‍, നിന്റെ ഉണ്‍മ്മയിലേക്ക് വിരല്‍ ചൂണ്ടാന്‍, നിന്നെക്കുറിച്ച് അധികാരത്തോടെ വിളിച്ചു പറയാന്‍ അവനുണ്ടാവരുത്. നിനക്കു പേടിക്കാന്‍ ഒന്നും ബാക്കിയുണ്ടാവരുത്. ഒരു മൂല്യബോധവും കുറുകെ വരാത്ത ഉന്മാദമാവട്ടെ നിന്റെ നൃത്തം. സങ്കല്‍പ്പിച്ചു നോക്കു ശലോമി...നിന്റെ താളം ഈ വലിച്ചെറിയപ്പെട്ട ശരീരത്തിന്റേതാണ്. നീ വയ്കുന്ന ചുവടുകള്‍ തലമുറകളുടേതാണ്. നീ പെണ്ണല്ല...നൃത്തമാണ്...കാമം, തീ. അവന്റെ ഉയിരും ശരീരവും കവരുന്ന തീ. ഞാന്‍ തളികയൊരുക്കി കാത്തിരിക്കുന്നു മകളേ...അവന്റെ ശിരസ്സ്...അതില്ലാതെ നമ്മള്‍ക്കിനി ഒന്നും വേണ്ട. ചുവടുകള്‍ തളരുമ്പോള്‍ ഓര്‍ക്കുക നിനക്ക് നീയായിരിക്കാന്‍, വെറുമൊരു നിഴലാവാതെയിരിക്കാന്‍ ഈ നൃത്തം തുടര്‍ന്നേ പറ്റു. തളര്‍ന്നു വീണാലും നീ എഴുന്നേല്‍ക്കണം മകളെ...അമ്മയുടെ കളങ്കങ്ങളും നഷ്ടങ്ങളും നിന്നെ സ്പര്‍ശിക്കരുത്.

********************

വൈകീട്ട് ഏഴുമണിക്ക് ബസ്സിലെ തിരക്കു വകവക്കാതെ വലിഞ്ഞു കയറുമ്പോള്‍ ശലോമി നൃത്തതിന്റെ രണ്ടാം പാദത്തിലായിരുന്നു. എന്നും ചുവടുകള്‍ മാറ്റണം. പുതുമ വേണം. ഒരങ്കം കഴിഞ്ഞാല്‍ അടുത്തത് തുടങ്ങുന്നതിനിടയില്‍ ഞൊടിയിടയിലാണ് സംഗീതം ഗതി മാറിയൊഴുകുക. മെറ്റ്രോബസ്സില്‍ ബാലന്‍സ് ചെയ്യുന്നതു പോലെ ഒരഭ്യാസം കാണിച്ച് ശലോമി താളം മുറിയാതെ നോക്കും. അരമണിക്കൂര്‍ നേരത്തേക്കുള്ളതാണ് ഈ ത്രസിപ്പിക്കുന്ന ട്രാഫിക് സംഗീതം. സിറ്റിക്കു വെളിയില്‍ ഭയപ്പെടുത്തുന്ന ഏകാന്തതയിലേക്ക് അവളെ ഇറക്കി വിട്ട് ബസ്സു പോവും. പിന്നെ ഇരുണ്ട ഒരു വഴി, ഒറ്റക്കു നടക്കാനുള്ളത്, ഇരുട്ടില്‍ പതിയിരിക്കുന്ന കണ്ണുകള്‍ കൊത്തിവലിക്കുന്നത് അടുത്ത താളത്തിനുള്ള തയ്യാറെടുപ്പാണ് ശലോമിക്ക്. ഇനി തിരശ്ശീല നീങ്ങുമ്പോള്‍ മുന്നിലുണ്ടാവുക എറ്റവും പ്രിയങ്കരമായ സദസ്സ്. വീടിന്റെ ഗെയിറ്റ് കടക്കുമ്പോള്‍ പുഞ്ചിരിക്കാന്‍ മറന്നു പോവരുത്. ഹോസ്പിറ്റലില്‍ നിന്ന് വന്ന് രാവിലെ വിളിച്ചപ്പോഴും അമ്മ പറഞ്ഞതാണ്. "നോക്ക്, നീ ജോലി വേണ്ടെന്നു വച്ചാല്‍ അവനു പിന്നെ എളുപ്പമാവും കാര്യങ്ങള്‍. വീടും ജോലിയും ഒരുമിച്ച് കൊണ്ടു പോവാന്‍ നിനക്ക് ഒരു പാടുമില്ലാന്ന് കാണിച്ചു കോടുക്കണം മോളേ..നിനക്കതു പറ്റും. അതേയുള്ളു വഴി. പുറത്തൊരു ലോകമുള്ളതില്‍ നിന്ന് അടച്ചിടും അവന്‍ നിന്നെ, സ്നേഹപൂട്ടിട്ട് പൂട്ടും. നിന്റെ ലോകം അവനിലേക്ക് ചുരുക്കും. ചങ്ങലകള്‍ വലിച്ചെറിയാന്‍ കഴിയാതെ വരും ഒരുകാലത്ത്. എന്റെ അബദ്ധങ്ങള്‍ നീ ആവര്‍ത്തിക്കല്ലെ...കരിവേപ്പിലച്ചണ്ടിപോലെയാവും ഒടുക്കം....." ഫോണിന്റെ അങ്ങേതലക്ക് കൊളുത്തി വലിച്ച് ശ്വാസം കിട്ടാതെ പിടയുന്ന ശബ്ദം. ഓര്‍മ്മിക്കുമ്പോഴൊക്കെ നടുങ്ങും ശലോമി.

അഴുക്ക് തുണി, നാറുന്ന ആടുക്കള, പബ്ലിക് റ്റൊയ്ലെറ്റ് പോലെ കുളിമുറി, അരമണിക്കൂര്‍, ശലോമി...നൃത്തം തുടങ്ങും. രാജാവ് പ്രസന്നനാവണം. "ഹോ...ഇത്രക്കു സുന്ദരമായി...ഇതു നിനക്കേ കഴിയൂ പെണ്ണേ...എങ്ങിനെ സാധിക്കുന്നു ഇത്? നീ നിന്റെ അമ്മയെ കടത്തി വെട്ടും. മിടുക്കി! എന്തെല്ലാമാണു ചെയ്യുന്നത് നീ? പറയ് എന്തു വരം വേണം നിനക്ക്....?" അതു കേള്‍ക്കണം. എല്ലാ രാവുകളും ആ വാക്കുകളിലേക്കെത്തണം. തന്റെ സര്‍വ്വ ഊര്‍ജ്ജവും കാലുകളിലേക്ക് ആവാഹിച്ച് ശലോമി നൃത്തം തുടങ്ങും. താളം മുറിയരുത്. രംഗം കൊഴുക്കട്ടെ. കാഴ്ച്ചക്കാര്‍ രസിക്കട്ടെ. താനില്ല. ഇനി ഈ നൃത്തം മാത്രം. ആര്‍ത്തു വിളിക്കുന്ന സദസ്സിനു വേണ്ടത് തന്നെയല്ല...അമാനുഷികമായ ഈ നൃത്തം...ഹാ ശലോമി എന്ന് അവര്‍ നിലവിളിക്കുന്നത് ശലോമിയുടെ ശരീരം ഇളകുന്നതു കണ്ടല്ല...അവള്‍ സ്വയം മറന്ന് നൃത്തമാവുന്നതു കണ്ടാണ്. കൊതികൊണ്ട് കൊത്തി വലിക്കുന്ന അസംഖ്യം കണ്ണുകളില്‍ ആണ്‍കാമങ്ങള്‍, പെണ്ണസൂയകള്‍....ഹാ ശലോമി!

ഓരോ ദിവസവും ശലോമി നൃത്തം അതി ഗംഭീരമാക്കി. ലോകം അവള്‍ക്ക് വേദിയായി. ശലോമിയുടെ വീട് നാട്ടിലെ മികച്ച വീട്! അവളുടെ നേട്ടങ്ങള്‍ സ്വപ്നതുല്യം. ഉത്തമയായ ഭാര്യ. മികച്ച ഉദ്ധ്യോഗസ്ഥ. സ്നേഹമയിയായ കുടുംബിനി.. . ശലോമി ചുവടു വക്കുന്നിടം സ്വര്‍ഗ്ഗവേദിയാണ്. ഒരു നൂറു ഭാവങ്ങളാണ് അവളുടെ മുഖത്ത് മിന്നിമറയുന്നത്. ഏതാണവള്‍.. ആര്‍ക്കുമറിയില്ല. അവള്‍ നൃത്തമാണ്.

************************

തളര്‍ന്നു മുറിയുന്ന ഉറക്കങ്ങളിലെവിടെയോ എന്നും ശലോമിക്ക് കാണാമായിരുന്നു ഒരമ്മയെ. ഇരുണ്ട വഴികളിലൂടെ കാലുകള്‍ വലിച്ച് ഒരു യാചകി . ചുറ്റും കല്ലെറിയാന്‍ ആള്‍കൂട്ടം. മക്കള്‍. ബന്ധുക്കള്‍. സ്വാര്‍ത്ഥേ എന്നു വിളിക്കുന്നു ചിലര്‍. മൂഢേ എന്നു ചിലര്‍. ഭ്രാന്തിയെപ്പോലെ അലയുകയാണ് അമ്മ. ഇടക്ക്, പത്തു ചുവടു വച്ചതും അമ്മ അന്വേഷിക്കുന്നത് തന്റെ നിഴലിനെയാണ് എന്ന് മനസ്സിലാവാഞ്ഞല്ല ശലോമിക്ക്. ഉറക്കം അവിടെ വച്ചു മുറിയണേ എന്ന് എത്ര പ്രാര്‍ത്ഥിച്ചിട്ടും ചിലപ്പോള്‍ അമ്മ മുന്നിലെത്തും. “ശലോമി, എവിടെ ആ തല? എവിടെ എനിക്കു തന്ന വാക്ക്? നിനക്കും ഞാനായാല്‍ മതിയോ?”

അമ്മയെന്തായീ പറയുന്നത്? ആരൊക്കെയാണു നമ്മുടെ ശത്രുക്കള്‍? ആരോടൊക്കെയാണ് അമ്മക്ക് പകതീര്‍ക്കാനുള്ളത്? ആരെയാണു നമ്മള്‍ കൊല്ലേണ്ടത്? പഴയ അധികാരി ഇന്ന് തെറ്റിനും ശരിക്കും ഇടയിലേതോ ഒരിടം മാത്രം. ഭീരു. പുതിയവന്റ്റെത് ദിശയില്ലാത്ത പാച്ചില്‍. എനിക്കും അമ്മക്കും തിരിച്ചറിയാനാവത്ത ശത്രു മുഖത്തെ തന്നെയാണ് അവനും ഭയക്കുന്നത്. തളികകള്‍ തലകള്‍ കൊണ്ടു നിറയും. ശലോമിയുടെ നൃത്തവും അമ്മയുടെ പാപവും കൊട്ടിഘോഷിക്കപ്പെടും. അവനെ വെറുതേ വിട്ടുകൂടെ നമുക്ക്?

ആടിതിമര്‍ക്കാനുള്ള വേദിക്കു തലേന്നാള്‍ കാമനേര്‍ച്ചയും ബലിയും കഴിഞ്ഞ് ശലോമി യോഹന്നാന്റെ തലക്ക് മോക്ഷം കൊടുത്തു. സ്വപ്നത്തില്‍ അവളോട് അമ്മ പിന്നെയും യാചിക്കുന്നുണ്ടായിരുന്നു. അമ്മയുടെ സ്വപ്നങ്ങളില്‍ നിന്നും ചിലങ്കകളില്‍ നിന്നും, രക്തമിറ്റുന്ന തലകളില്‍ നിന്നും തന്നെ അടര്‍ത്തിമാറ്റി ശലോമി മറ്റൊരു കാലം തേടി ഇറങ്ങിനടന്നു.