Sunday, October 5, 2008

ഡ്രൈവര്‍

നാലു ചുവരുകളുള്ള ഒരു സങ്കല്‍പ്പത്തെ വീട് എന്നു വിളിക്കേണ്ടി വരുന്നതിന്റെ അസ്വാഭാവികത പല വീടുകളിലും വച്ച് തോന്നിയിട്ടുള്ളതാണ്. പക്ഷെ നാലു ചുവരുകളില്‍ എന്റെ കുടുംബം ഒതുങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് വീടെന്നു നമ്മളൊക്കെ പേരിട്ടു വിളിക്കുന്നത് യഥാര്‍ത്ഥത്തില്‍ എത്ര ഇടുങ്ങിയ ഒരു തോന്നലിനെയാണ് എന്ന് ബോധ്യം വന്നത്. ഒരുമിക്കാന്‍ ഒരു കൂരയില്ലാത്ത ദശലക്ഷക്കണക്കിന് കുടുംബങ്ങളുണ്ടാവും. അവരല്ല വിഷയം. പ്രത്യേകരീതിയില്‍ ചില കുടുംബസങ്കല്‍പ്പങ്ങള്‍ക്കു തുരങ്കം വച്ചവരാണ് വിഷയം.

രണ്ടു വര്‍ഷം മുന്നേ ഒരു ദാര്‍ശനികമായ തിരിച്ചറിവിലൂടെയായിരുന്നു ഈ വഴിക്കുള്ള തുടക്കം. മുട്ടലുകളില്ലാതെ എന്റെ വണ്ടി ഞാന്‍ ഓടിച്ചിട്ട് റോഡില്‍ ഓടില്ല എന്നതാണ് ആദ്യത്തെ ദര്‍ശനം. റോഡിലെ നിയമങ്ങള്‍ മനഃപാഠമാക്കി വണ്ടിയോടിക്കാന്‍ അറിയാത്തവര്‍ മിനിമം നിയമങ്ങള്‍ കാറ്റില്‍പ്പറത്താനെങ്കിലും മിടുക്കുള്ളവരായിരിക്കണം എന്ന അനുബന്ധമായ തിരിച്ചറിവിന്റെ ബലത്തില്‍ എന്റെ വണ്ടിയുടെ താക്കോല്‍ ഞാന്‍ വിനു എന്ന ഒരു ഡ്രൈവറെ ഏല്‍പ്പിക്കുന്നു. പത്രത്തില്‍ പരസ്യം കൊടുത്ത് വരുത്തി വണ്ടി ഓടിപ്പിച്ച് തൃപ്തിപ്പെട്ട് ജോലിയില്‍ പ്രവേശിപ്പിക്കുന്നു.

നിയമങ്ങളോടുള്ള അവന്റെ സമീപനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. റോഡ് നിബന്ധനകളുടെ ഒരു ലോകമാണെന്നാണ് ഞാന്‍ അതുവരെക്കും കരുതിയത്. കയറിക്കഴിഞ്ഞാല്‍ പിന്നെ അതിന്റെ ചട്ടക്കൂടിനു വെളിയില്‍ ഒന്നു ബ്രേയ്ക്കു ചെയ്യാന്‍ പോലും വയ്യാത്ത സ്ഥലം. പക്ഷെ വിനുവിന് മുന്നില്‍ത്തെളിയുന്ന റോഡ് പലമാതിരി ജീവിതങ്ങളുടെ കൂട്ടയാത്രയാണ്. അവന്‍ ഓടിക്കുന്ന വണ്ടിയില്‍ യാത്രചെയ്യുന്നത് ഒരു ഭാഗ്യം തന്നെയാണ് എന്ന് എന്നെപ്പോലെ പലരും അഭിപ്രായപ്പെട്ടു തുടങ്ങി.

വിനുവിന്റെ വ്യക്തിജീവിതത്തിന് കാര്യമായ പ്രത്യേകതകള്‍ ഒന്നും ഇല്ലായിരുന്നു. നല്ല പ്രായത്തില്‍ തന്നെ വിവാഹം കഴിച്ച് ഭാര്യയും കുട്ടികളും പ്രായമായ അച്ഛനുമമ്മയും ഒക്കെയായി ഒരു സാധാരണ പ്രാരാബ്ധക്കാരന്‍. പക്ഷെ എവിടെയും വ്യവസ്ഥകള്‍ക്കുള്ളിലെ പാഴ്ക്കടലാസുപോലത്തെ നിയമങ്ങള്‍ക്ക് കുറുകേ ഒരു വഴി അവന്‍ കണ്ടുപിടിച്ചിരിക്കും. ഉദാഹരണത്തിന് ഞാനും മക്കളും കാറില്‍ക്കയറിക്കഴിഞ്ഞാല്‍ പിന്നെ കുടുംബനാഥന്റെപോലാണ് അവന്റെ പെരുമാറ്റം. കുഞ്ഞുങ്ങളെ അടക്കിയിരുത്തി ഡോറുകള്‍ അടക്കുന്നതിലുള്ള ശുഷ്ക്കാന്തി കണ്ടാല്‍ തോന്നും ജനനം മുതല്‍ അവരുടെ കുറുമ്പുകള്‍ അവന്‍ കണ്ടിട്ടുള്ളതാണെന്ന്. എല്ലാവരും സംതൃപ്തരാണെന്ന് ഉറപ്പുവരുത്തിയിട്ട് ഭംഗിയായിട്ട് ഒന്ന് തൊഴുത് ഒതുക്കത്തോടെ വണ്ടി മുന്നോട്ടെടുക്കും. സത്യത്തില്‍ രണ്ടു തവണ തലനാരിഴക്ക് രക്ഷപ്പെട്ടിട്ടും വണ്ടിയില്‍ക്കയറി ഭഗവാന്മാരെ വിളിച്ചതു കൊണ്ട് എന്താണ് പ്രയോജനം എന്ന് എനിക്ക് മനസ്സിലായിട്ടില്ല. പ്രത്യേകിച്ച് ഒന്നും പ്രാര്‍ത്ഥിക്കാറില്ല, കൂടെയുള്ള ജീവിതങ്ങളെ ഒന്ന് ഓര്‍ക്കും എന്നാണ് വിനുവിന്റെ ഭാഷ്യം. നിയമം തെറ്റിച്ച് ഓടിക്കുന്ന കശാപ്പുകാര്‍ക്കിടയിലും റോഡിനോടുള്ള വിശ്വാസം നിലനിര്‍ത്തുന്ന അവന്റെ വിവേകം സത്യത്തില്‍ എന്നെ അസൂയപ്പെടുത്താറുണ്ട്.

വണ്ടിയോടും ഞങ്ങളോടും ഉള്ള അവന്റെ ഉത്തരവാദിത്വബോധം ഏതാണ്ട് ഒരു അധികാരസ്വരം കൈവരിക്കുന്നത് വീട്ടില്‍ ചിലരെ ബുദ്ധിമുട്ടിക്കാറുണ്ട്. ശമ്പളം കൊടുക്കുന്നവനെക്കാള്‍ ശ്രദ്ധയെന്തിനാ‍ണ്, എനിക്ക് നടുവേദനയുണ്ടെന്നു കരുതി ഞാനിരിക്കുന്ന സീറ്റിന്റെ ആകൃതിയില്‍ മാറ്റം വരുത്താന്‍ അവനെന്തവകാശം തുടങ്ങിയ ചോദ്യങ്ങളും പുറകില്‍ കുഞ്ഞുറങ്ങുന്നുണ്ടെങ്കില്‍ ഹോണടിക്കാതെ പതുക്കെ പോവുക, തിരക്കു കൂടുതലുള്ളതും കൊള്ളരുതാത്തതുമായ റോഡുകള്‍ സ്വയം തീരുമാനിച്ച് ഒഴിവാക്കുക ഇത്തരം പ്രവണതകളും കുടുംബസദസ്സില്‍ സമ്മിശ്രവികാരത്തോടെയാണ് സ്വീകരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തത്. നാലോ ആറോ പേരടങ്ങുന്ന കുടുംബത്തിന്റെ സകല കര്‍തൃത്വവും, പങ്കിടേണ്ട സ്നേഹവും വിശ്വാസവും ആ കുടുംബത്തിന്റെ അടച്ചിട്ട ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കണം എന്ന മിഥ്യാധാരണയേ ഭംഗിയായി വെല്ലുവിളിച്ചുകൊണ്ട് വിനു എപ്പോഴും ചോദിക്കും "നമുക്ക് പോവാം?" നമ്മുടെ വണ്ടി, നമ്മുടെ സ്ഥലം, നമ്മുടെ കുറുമ്പന്‍ ചെക്കന്‍...ഇങ്ങിനെ എല്ലാത്തിനെയും സ്വന്തമാക്കിതീര്‍ക്കാനുള്ള വല്ലാത്തൊരു കഴിവു തന്നെയുണ്ട് അവന്.

ഇത്രയൊക്കെയായിട്ടും അവനെ എന്റെ ജീവിതത്തിന്റെ ഭാഗവും മാനസഗൃഹത്തിലെ അംഗവും ആക്കി അംഗീകരിക്കാന്‍ എനിക്ക് ചില്ലറ ഭയമൊന്നുമല്ല ഉണ്ടായിരുന്നത്. അവന്റെ പ്രായം, സ്ത്രീയെന്നും ഭാര്യയെന്നും നിലക്ക് സമൂഹത്തിന്റെ ഞാണിന്മേല്‍ എനിക്കുള്ള സ്ഥാനം ഒക്കെ തികട്ടി വരുന്നതു കൊണ്ട് വ്യക്തമായ അകലങ്ങള്‍ ശീലമാക്കി ഞാന്‍. അപവാദത്തിന്റെ പൊടിപോലും വീണ് എന്റെ പരിപാവനമായ കുടുംബകം അശുദ്ധമാവരുതല്ലൊ. വിനുവിന് പക്ഷെ ഇത്തരം നിസ്സാരതകള്‍ വിഷയമേ അല്ല എന്നു തോന്നും. അതു കൊണ്ട് തനിച്ചുള്ള ഒരു യാത്രയില്‍ സുഖമില്ലാതിരുന്ന എന്നെ കരുതലോടെ പുറകിലത്തെ സീറ്റില്‍ കിടത്താനും വണ്ടിയൊതുക്കിയിട്ട് കൂട്ടിരിക്കാനും അവന് ഒന്നും ചിന്തിക്കേണ്ടി വന്നില്ല. അതേ കരുതലോടെതന്നെയാണ് ഞാന്‍ തനിയേ വണ്ടിയെടുത്തു പോയ ഒരു ദിവസം അവന്‍ ആകുലപ്പെട്ട് മൊബൈലിലേക്ക് തുടരെ തുടരെ വിളിച്ചതും.

പക്ഷെ പ്രശ്നം അവിടെയാണ് തുടങ്ങിയത്. അവന്റെ കരുതലുകള്‍ക്ക് അതിര്‍വരമ്പുകള്‍ വേണമെന്ന് കുടുംബക്കോടതി ശക്തമായ ഭാഷയില്‍ നിഷ്ക്കര്‍ഷിച്ചു. സ്നേഹം എല്ലാവരോടും തോന്നേണ്ട വികാരമല്ല. അഥവാ തോന്നിയാല്‍ തന്നെയും ഒതുക്കമുള്ള പെട്ടികള്‍ക്കുള്ളില്‍ പേരെഴുതിത്തിരിച്ചു വയ്ക്കേണ്ടുന്നതും ആണ്. ഭാര്യക്ക് ഭര്‍ത്താവിനോട് തോന്നുന്നത് ഒരു കള്ളിയില്‍, ആങ്ങളെക്ക് പെങ്ങളോടുള്ളത് മറ്റൊന്നില്‍, ഇതിനിടക്ക് ഒരു മൂലയില്‍ ഒരു വീട്ടുകാരിക്ക് മിടുക്കനായ ഒരു ഡ്രൈവറോട് തൊന്നുന്നത് തിരുകിവച്ചേക്കാം. ചതുരംഗം പോലെ വ്യക്തമായ സ്ഥാനങ്ങളും നീക്കങ്ങളും മാത്രം. രാജാവിനേക്കാള്‍ പ്രാധാന്യം കാലാള്‍ക്ക് കിട്ടിയ ചരിത്രമുണ്ടോ? കുടുംബം വരച്ചിട്ട കളങ്ങള്‍ക്കുള്ളിലെ മാത്രം കളിയാണ്.

എനിക്കെതിരെ ഉണ്ടായിരിക്കാനിടയുള്ള ചീഞ്ഞ ഏതെങ്കിലും അപവാദത്തിന്റെ ന്യായികരണമാവാം വിനുവിനെപ്പറ്റിപ്പറഞ്ഞത് എന്ന് തോന്നുന്നില്ലെ? സത്യത്തില്‍ അതു തന്നെയാണ് സംഭവിച്ചത്. നിയമങ്ങള്‍ക്ക് കുറുകേ ചില നൂല്‍പ്പാലശ്രമങ്ങള്‍ ഒതുക്കപ്പെടുന്നത് വിചിത്രമായ രീതികളിലാണ്. ഒരു വണ്ടിയുടെ താക്കോല്‍ തിരികെ വാങ്ങുന്നതു പോലെ ലളിതമായ രീതികളില്‍.