Sunday, October 5, 2008

ഡ്രൈവര്‍

നാലു ചുവരുകളുള്ള ഒരു സങ്കല്‍പ്പത്തെ വീട് എന്നു വിളിക്കേണ്ടി വരുന്നതിന്റെ അസ്വാഭാവികത പല വീടുകളിലും വച്ച് തോന്നിയിട്ടുള്ളതാണ്. പക്ഷെ നാലു ചുവരുകളില്‍ എന്റെ കുടുംബം ഒതുങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് വീടെന്നു നമ്മളൊക്കെ പേരിട്ടു വിളിക്കുന്നത് യഥാര്‍ത്ഥത്തില്‍ എത്ര ഇടുങ്ങിയ ഒരു തോന്നലിനെയാണ് എന്ന് ബോധ്യം വന്നത്. ഒരുമിക്കാന്‍ ഒരു കൂരയില്ലാത്ത ദശലക്ഷക്കണക്കിന് കുടുംബങ്ങളുണ്ടാവും. അവരല്ല വിഷയം. പ്രത്യേകരീതിയില്‍ ചില കുടുംബസങ്കല്‍പ്പങ്ങള്‍ക്കു തുരങ്കം വച്ചവരാണ് വിഷയം.

രണ്ടു വര്‍ഷം മുന്നേ ഒരു ദാര്‍ശനികമായ തിരിച്ചറിവിലൂടെയായിരുന്നു ഈ വഴിക്കുള്ള തുടക്കം. മുട്ടലുകളില്ലാതെ എന്റെ വണ്ടി ഞാന്‍ ഓടിച്ചിട്ട് റോഡില്‍ ഓടില്ല എന്നതാണ് ആദ്യത്തെ ദര്‍ശനം. റോഡിലെ നിയമങ്ങള്‍ മനഃപാഠമാക്കി വണ്ടിയോടിക്കാന്‍ അറിയാത്തവര്‍ മിനിമം നിയമങ്ങള്‍ കാറ്റില്‍പ്പറത്താനെങ്കിലും മിടുക്കുള്ളവരായിരിക്കണം എന്ന അനുബന്ധമായ തിരിച്ചറിവിന്റെ ബലത്തില്‍ എന്റെ വണ്ടിയുടെ താക്കോല്‍ ഞാന്‍ വിനു എന്ന ഒരു ഡ്രൈവറെ ഏല്‍പ്പിക്കുന്നു. പത്രത്തില്‍ പരസ്യം കൊടുത്ത് വരുത്തി വണ്ടി ഓടിപ്പിച്ച് തൃപ്തിപ്പെട്ട് ജോലിയില്‍ പ്രവേശിപ്പിക്കുന്നു.

നിയമങ്ങളോടുള്ള അവന്റെ സമീപനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. റോഡ് നിബന്ധനകളുടെ ഒരു ലോകമാണെന്നാണ് ഞാന്‍ അതുവരെക്കും കരുതിയത്. കയറിക്കഴിഞ്ഞാല്‍ പിന്നെ അതിന്റെ ചട്ടക്കൂടിനു വെളിയില്‍ ഒന്നു ബ്രേയ്ക്കു ചെയ്യാന്‍ പോലും വയ്യാത്ത സ്ഥലം. പക്ഷെ വിനുവിന് മുന്നില്‍ത്തെളിയുന്ന റോഡ് പലമാതിരി ജീവിതങ്ങളുടെ കൂട്ടയാത്രയാണ്. അവന്‍ ഓടിക്കുന്ന വണ്ടിയില്‍ യാത്രചെയ്യുന്നത് ഒരു ഭാഗ്യം തന്നെയാണ് എന്ന് എന്നെപ്പോലെ പലരും അഭിപ്രായപ്പെട്ടു തുടങ്ങി.

വിനുവിന്റെ വ്യക്തിജീവിതത്തിന് കാര്യമായ പ്രത്യേകതകള്‍ ഒന്നും ഇല്ലായിരുന്നു. നല്ല പ്രായത്തില്‍ തന്നെ വിവാഹം കഴിച്ച് ഭാര്യയും കുട്ടികളും പ്രായമായ അച്ഛനുമമ്മയും ഒക്കെയായി ഒരു സാധാരണ പ്രാരാബ്ധക്കാരന്‍. പക്ഷെ എവിടെയും വ്യവസ്ഥകള്‍ക്കുള്ളിലെ പാഴ്ക്കടലാസുപോലത്തെ നിയമങ്ങള്‍ക്ക് കുറുകേ ഒരു വഴി അവന്‍ കണ്ടുപിടിച്ചിരിക്കും. ഉദാഹരണത്തിന് ഞാനും മക്കളും കാറില്‍ക്കയറിക്കഴിഞ്ഞാല്‍ പിന്നെ കുടുംബനാഥന്റെപോലാണ് അവന്റെ പെരുമാറ്റം. കുഞ്ഞുങ്ങളെ അടക്കിയിരുത്തി ഡോറുകള്‍ അടക്കുന്നതിലുള്ള ശുഷ്ക്കാന്തി കണ്ടാല്‍ തോന്നും ജനനം മുതല്‍ അവരുടെ കുറുമ്പുകള്‍ അവന്‍ കണ്ടിട്ടുള്ളതാണെന്ന്. എല്ലാവരും സംതൃപ്തരാണെന്ന് ഉറപ്പുവരുത്തിയിട്ട് ഭംഗിയായിട്ട് ഒന്ന് തൊഴുത് ഒതുക്കത്തോടെ വണ്ടി മുന്നോട്ടെടുക്കും. സത്യത്തില്‍ രണ്ടു തവണ തലനാരിഴക്ക് രക്ഷപ്പെട്ടിട്ടും വണ്ടിയില്‍ക്കയറി ഭഗവാന്മാരെ വിളിച്ചതു കൊണ്ട് എന്താണ് പ്രയോജനം എന്ന് എനിക്ക് മനസ്സിലായിട്ടില്ല. പ്രത്യേകിച്ച് ഒന്നും പ്രാര്‍ത്ഥിക്കാറില്ല, കൂടെയുള്ള ജീവിതങ്ങളെ ഒന്ന് ഓര്‍ക്കും എന്നാണ് വിനുവിന്റെ ഭാഷ്യം. നിയമം തെറ്റിച്ച് ഓടിക്കുന്ന കശാപ്പുകാര്‍ക്കിടയിലും റോഡിനോടുള്ള വിശ്വാസം നിലനിര്‍ത്തുന്ന അവന്റെ വിവേകം സത്യത്തില്‍ എന്നെ അസൂയപ്പെടുത്താറുണ്ട്.

വണ്ടിയോടും ഞങ്ങളോടും ഉള്ള അവന്റെ ഉത്തരവാദിത്വബോധം ഏതാണ്ട് ഒരു അധികാരസ്വരം കൈവരിക്കുന്നത് വീട്ടില്‍ ചിലരെ ബുദ്ധിമുട്ടിക്കാറുണ്ട്. ശമ്പളം കൊടുക്കുന്നവനെക്കാള്‍ ശ്രദ്ധയെന്തിനാ‍ണ്, എനിക്ക് നടുവേദനയുണ്ടെന്നു കരുതി ഞാനിരിക്കുന്ന സീറ്റിന്റെ ആകൃതിയില്‍ മാറ്റം വരുത്താന്‍ അവനെന്തവകാശം തുടങ്ങിയ ചോദ്യങ്ങളും പുറകില്‍ കുഞ്ഞുറങ്ങുന്നുണ്ടെങ്കില്‍ ഹോണടിക്കാതെ പതുക്കെ പോവുക, തിരക്കു കൂടുതലുള്ളതും കൊള്ളരുതാത്തതുമായ റോഡുകള്‍ സ്വയം തീരുമാനിച്ച് ഒഴിവാക്കുക ഇത്തരം പ്രവണതകളും കുടുംബസദസ്സില്‍ സമ്മിശ്രവികാരത്തോടെയാണ് സ്വീകരിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്തത്. നാലോ ആറോ പേരടങ്ങുന്ന കുടുംബത്തിന്റെ സകല കര്‍തൃത്വവും, പങ്കിടേണ്ട സ്നേഹവും വിശ്വാസവും ആ കുടുംബത്തിന്റെ അടച്ചിട്ട ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കണം എന്ന മിഥ്യാധാരണയേ ഭംഗിയായി വെല്ലുവിളിച്ചുകൊണ്ട് വിനു എപ്പോഴും ചോദിക്കും "നമുക്ക് പോവാം?" നമ്മുടെ വണ്ടി, നമ്മുടെ സ്ഥലം, നമ്മുടെ കുറുമ്പന്‍ ചെക്കന്‍...ഇങ്ങിനെ എല്ലാത്തിനെയും സ്വന്തമാക്കിതീര്‍ക്കാനുള്ള വല്ലാത്തൊരു കഴിവു തന്നെയുണ്ട് അവന്.

ഇത്രയൊക്കെയായിട്ടും അവനെ എന്റെ ജീവിതത്തിന്റെ ഭാഗവും മാനസഗൃഹത്തിലെ അംഗവും ആക്കി അംഗീകരിക്കാന്‍ എനിക്ക് ചില്ലറ ഭയമൊന്നുമല്ല ഉണ്ടായിരുന്നത്. അവന്റെ പ്രായം, സ്ത്രീയെന്നും ഭാര്യയെന്നും നിലക്ക് സമൂഹത്തിന്റെ ഞാണിന്മേല്‍ എനിക്കുള്ള സ്ഥാനം ഒക്കെ തികട്ടി വരുന്നതു കൊണ്ട് വ്യക്തമായ അകലങ്ങള്‍ ശീലമാക്കി ഞാന്‍. അപവാദത്തിന്റെ പൊടിപോലും വീണ് എന്റെ പരിപാവനമായ കുടുംബകം അശുദ്ധമാവരുതല്ലൊ. വിനുവിന് പക്ഷെ ഇത്തരം നിസ്സാരതകള്‍ വിഷയമേ അല്ല എന്നു തോന്നും. അതു കൊണ്ട് തനിച്ചുള്ള ഒരു യാത്രയില്‍ സുഖമില്ലാതിരുന്ന എന്നെ കരുതലോടെ പുറകിലത്തെ സീറ്റില്‍ കിടത്താനും വണ്ടിയൊതുക്കിയിട്ട് കൂട്ടിരിക്കാനും അവന് ഒന്നും ചിന്തിക്കേണ്ടി വന്നില്ല. അതേ കരുതലോടെതന്നെയാണ് ഞാന്‍ തനിയേ വണ്ടിയെടുത്തു പോയ ഒരു ദിവസം അവന്‍ ആകുലപ്പെട്ട് മൊബൈലിലേക്ക് തുടരെ തുടരെ വിളിച്ചതും.

പക്ഷെ പ്രശ്നം അവിടെയാണ് തുടങ്ങിയത്. അവന്റെ കരുതലുകള്‍ക്ക് അതിര്‍വരമ്പുകള്‍ വേണമെന്ന് കുടുംബക്കോടതി ശക്തമായ ഭാഷയില്‍ നിഷ്ക്കര്‍ഷിച്ചു. സ്നേഹം എല്ലാവരോടും തോന്നേണ്ട വികാരമല്ല. അഥവാ തോന്നിയാല്‍ തന്നെയും ഒതുക്കമുള്ള പെട്ടികള്‍ക്കുള്ളില്‍ പേരെഴുതിത്തിരിച്ചു വയ്ക്കേണ്ടുന്നതും ആണ്. ഭാര്യക്ക് ഭര്‍ത്താവിനോട് തോന്നുന്നത് ഒരു കള്ളിയില്‍, ആങ്ങളെക്ക് പെങ്ങളോടുള്ളത് മറ്റൊന്നില്‍, ഇതിനിടക്ക് ഒരു മൂലയില്‍ ഒരു വീട്ടുകാരിക്ക് മിടുക്കനായ ഒരു ഡ്രൈവറോട് തൊന്നുന്നത് തിരുകിവച്ചേക്കാം. ചതുരംഗം പോലെ വ്യക്തമായ സ്ഥാനങ്ങളും നീക്കങ്ങളും മാത്രം. രാജാവിനേക്കാള്‍ പ്രാധാന്യം കാലാള്‍ക്ക് കിട്ടിയ ചരിത്രമുണ്ടോ? കുടുംബം വരച്ചിട്ട കളങ്ങള്‍ക്കുള്ളിലെ മാത്രം കളിയാണ്.

എനിക്കെതിരെ ഉണ്ടായിരിക്കാനിടയുള്ള ചീഞ്ഞ ഏതെങ്കിലും അപവാദത്തിന്റെ ന്യായികരണമാവാം വിനുവിനെപ്പറ്റിപ്പറഞ്ഞത് എന്ന് തോന്നുന്നില്ലെ? സത്യത്തില്‍ അതു തന്നെയാണ് സംഭവിച്ചത്. നിയമങ്ങള്‍ക്ക് കുറുകേ ചില നൂല്‍പ്പാലശ്രമങ്ങള്‍ ഒതുക്കപ്പെടുന്നത് വിചിത്രമായ രീതികളിലാണ്. ഒരു വണ്ടിയുടെ താക്കോല്‍ തിരികെ വാങ്ങുന്നതു പോലെ ലളിതമായ രീതികളില്‍.

20 comments:

ഗുപ്തന്‍ said...

അതെ വളരെ ലളിതമാണ്.. :)

പൈങ്കിളിയിലേക്ക് വഴുതിപ്പോകാന്‍ ഇത്ര എളുപ്പമുള്ള ഒരു വിഷയമായിട്ടും അവതരണത്തിലെ ഒതുക്കം നന്നായി.

സാംഷ്യ റോഷ് said...

ഗുപ്തന്‍ പറഞ്ഞതു വളരെ ശരി...

kiran said...

pazhakiya vine, kuppiyum pazhakiyathu

ഭൂമിപുത്രി said...

ഇത് പൈങ്കിളിയിലേയ്ക്ക് വഴുതിപ്പോകാനുള്ള സാദ്ധ്യത ഒട്ടുംതന്നെ ഇല്ലാത്ത ഒരു കഥയായിട്ടാൺ ഞാൻ വായിച്ചതു.
ഒരു എമ്പ്ലോയർ-എമ്പ്ലോയീ ബന്ധത്തിൽ,
ഒരു വശത്തുനിന്നു ആത്മാർത്ഥതയും കൂറും,
മറുവശത്തുനിന്ന് കരുണയും ഔദാര്യവും-
ഇത്രയേ പാടുള്ളുവെന്ന ചില നിഷക്കർഷകളൂണ്ട്.
ചിരപരിചിതരായ രണ്ടു മനുഷ്യർ തമ്മിൽ സ്വാഭാവികമായും ഉരുത്തിരിയുന്ന ഒരു സ്നേഹബന്ധം അവിടെയുണ്ടായിക്കൂട!
വീട്ടമ്മമാർക്കാണീ പ്രശ്നം കൂടൂതലുണ്ടാവുക.
മറുകക്ഷി സ്ത്രീയാണെങ്കിൽ അവരെ നിർത്തേണ്ടിടത്തു നിർത്താതെ വഷളാക്കുന്നു എന്നാകും കുറ്റാരോപണം.കഷ്ട്ടകാലത്തിൻ
അതു പുരുഷനാണെങ്കിൽ,പിന്നെയൊരുതരം
സംശയദൃഷ്ട്ടിയോടെയാകും കുറ്റപ്പേടുത്തലുകൾ.
‘ന്യായീകരണം’എന്നു അവസാനം വന്ന വാക്കിൽ, ആ കുറ്റപ്പെടുത്തലുകൾ ശരിയായിരുന്നു എന്നൊരു ധ്വനി,
ശരിയല്ലാതെ വായിയ്ക്കപ്പെട്ടോ എന്ന് സംശയം.
അതുകൊണ്ടാണിത്രയും എഴുതിയത്.
കമന്റ് എഴുതണമെന്ന് കരുതി വന്നതല്ലായിരുന്നു.

sree said...

“പൈങ്കിളി” എന്നത് വഴുതി വീഴാനുള്ള ഒരു ഇടമായിട്ട് എനിക്കു തോന്നുന്നില്ല ഒന്നാമത്. രചനാശൈലിയുടെ പ്രത്യേകതയാണ് അതും. പിന്നെ വിഷയത്തീല്‍ പ്രേമം കലര്‍ന്നാല്‍ പൈങ്കിളിയാവും എന്ന ധാരണ...കഥയിലെ കാതലായ ബന്ധത്തെ ഇടംകണ്ണിട്ടു നോക്കുന്ന അതേ മനോഭാവമാണെന്നേ ഞാന്‍ പറയു. ഗുപ്തനും സാംഷ്യ റോഷിനും നന്ദി.

കിരണ്‍,പഴയാതായതു കൊണ്ട് കുപ്പി മാറ്റുന്നതില്‍ കാര്യമില്ല എന്നു തോന്നി. ഓണെസ്റ്റി, യു സീ ;)

ഭൂമിപുത്രി. സൂക്ഷ്മവായനക്ക് ഒരുപാടു നന്ദി. വിഷയത്തിലേക്ക് കടന്നതിനും. ന്യായീകരിച്ചത് കുറ്റപ്പെടുത്തലുകളെ അല്ല പക്ഷെ. സ്വയം ന്യായികരിക്കാന്‍ ശ്രമിച്ചതാണ്. ഏതു ഗാഢമായ ബന്ധത്തിലും dependability യുടെ സുന്ദരമായ ഒരു ചരടുണ്ട്. അതിനെ അലിഖിതനിയമങ്ങള്‍ കൊണ്ട് വിലക്കുന്നത് വളരെ എളുപ്പവും ആണ്.

നന്ദ said...

ഒതുക്കമുള്ള കളങ്ങളില്‍ നിന്ന് ബന്ധങ്ങള്‍ പുറത്തേക്ക് വഴുതുന്നില്ലെങ്കിലും ഒരു നിതാന്ത ജാഗ്രത അതിനെ തുടര്‍ച്ചയായി ഉറപ്പുവരുത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു. കഥാതന്തുവും അവതരണവും നന്നായി. ഇതേ ഡിപെന്‍ഡബിലിറ്റിയുടെ ഒരറ്റത്ത് കുടുംബനാഥനാണ് എങ്കില്‍ ഇത്തരം നൂല്‍പ്പാലങ്ങള്‍ സൃഷ്‌ടിക്കപ്പെടുമോ? കളങ്ങളുടെ ഏത് കോണിലാണ് അതിനു സ്ഥാനം?

സിമി said...

katha iniyum orupaadu nannakkamayirunnu.. as of now, it is between good and average.

as of now, i felt it like an intellectual exercise - oru feeling vannilla. I was like - what? oh. okay.

what would a regular "housewife" feel to such a driver who had to hand over the keys (for reasons sketched in story) and leave?

vadavosky said...

ഏതാണ്ട്‌ എല്ലാ കഥതന്തുവും പൈങ്കിളിയാണ്‌. കഥ എഴുതുന്ന രീതിയാണ്‌ ഒരു വേര്‍തിരിവ്‌ ഉണ്ടാക്കുന്നത്‌.

ഈ കഥ അത്ര നന്നായില്ല എന്ന് എനിക്ക്‌ തോന്നുന്നു.

കുമാരന്‍ said...

എന്തൊരു ശൈലി!!
ആശംസകള്‍

lakshmy said...

സമൂഹം സ്ത്രീകൾക്ക് പ്രത്യേകമായി പണിയുന്ന ചട്ടക്കൂടുകൾ, അവ കാത്തു സൂക്ഷിക്കുമ്പോൾ സംരക്ഷിക്കപ്പെടുന്ന കുടുംബമെന്ന നാലുചുവരുകളുടെ കളം. അതിൽ സുരക്ഷിതരാകുന്ന, അപ്രകാരമല്ലെങ്കിൽ നിസ്സഹായരായിപ്പോകുന്ന സാധാരണമനുഷ്യർ. സ്ത്രീക്ക് കുടുംബഭദ്രതയിലുള്ള സ്ഥാനം എത്ര വലുതാണ്. അവൾ നടക്കേണ്ട വഴികൾ വളരേ സൂഷ്മവും.

എത്ര പഴകിയാലും എന്നും പ്രാധാന്യമുള്ള വിഷയം. നല്ല അവതരണവും

Jithendrakumar/ജിതേന്ദ്രകുമര്‍ said...

good story, but..
"ഏതു ഗാഢമായ ബന്ധത്തിലും dependability യുടെ സുന്ദരമായ ഒരു ചരടുണ്ട്."
ഉണ്ടോ? (necessarily)
ആശ്രയത്വമില്ലാത്ത ഗാഢ ബന്ധങ്ങള്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. (അറിയുന്നു)

ഭൂമിപുത്രി said...

dependency പല തരത്തിൽ ഇല്ലേ ജിതേന്ദ്ര?
ആഴമുള്ള ഏതൊരു ബന്ധത്തിലും ഒരു emotional dependency യുടെ element (not necessarily in the case here)ഉണ്ടാ‍കില്ലേ?

sree said...

dependency (ആശ്രയത്വം) അല്ല dependability (വിശ്വാസ്യത) ആയിരുന്നു ഉദ്ധേശിച്ചത്. വിശ്വാസ്യത ഉള്ളിടത്ത് ആശ്രയത്വം കൂടെയുണ്ടാവും. emotional dependency യുടെ ചില സുന്ദരമായ വശങ്ങള്‍ ഉള്‍പ്പടെ ബന്ധങ്ങളെ ദൃഢപ്പെടുത്തുന്ന ഒരു ഇന്ദ്രജാലമാണ് അത്.

പ്രിയംവദ-priyamvada said...

ശ്രീയുടെ കഥയും കഥാപാത്രങ്ങളും പൊതുവെ ഫ്ലാറ്റും കാറും വിട്ടു പുറത്തു വരാന്‍ മടിയ്ക്കുന്നു എന്നതു ഒരു പരിമിതിയായി തോന്നുന്നില്ല എങ്കിലും അവിടെ ഞാനെന്ന കഥാപാത്രം/കഥാകാരി നേരിടുന്ന ആത്മസംഘറ്ഷങ്ങള്‍ വായനക്കാരില്‍ അതേ തീവ്രതയില്‍ എത്തിക്കുന്നതില്‍ അത്ര കണ്ടു വിജയിക്കുന്നില്ല എന്നു തോന്നാറുണ്ടു..ഇതു വിമറ്‌ശനമൊന്നുമല്ല കെട്ടൊ ,ശ്രീയെ താല്‍പ്പര്യതോടെ വന്നു വായിക്കാറുള്ളതിനാല്‍ പറയണമെന്നു തോന്നി..
സസ്നേഹം
പ്രിയംവദ

sree said...

“ആത്മ”സംഘര്‍ഷങ്ങള്‍ അതിവൈകാരികതയിലേക്ക് വീഴാതിരിക്കാന്‍ ചില കരുതലുകള്‍ മനപ്പൂര്‍വ്വം എടുക്കുന്നത് കഥയുടെ “ഫീല്‍” ഇല്ലാതാക്കുന്നു എന്ന് മനസ്സിലാവുന്നുണ്ട് പ്രിയംവദേച്ചി...പരിമിതികള്‍ മറികടക്കാന്‍ ശ്രമിക്കാം...ഒരുപാടു നന്ദി :)

പ്രിയംവദ-priyamvada said...

മറിച്ചായിരുന്നു ഉദ്ദേശിചതു പ്രിയാ ശ്രീ...:(

വൈകാരികത ഇലാത്തതല്ല..കഥാപാത്രത്തിന്റെ ഹൃദയവ്യഥകൾ കാറിന്റെ /വീടിന്റെ ചില്ലുജാലകത്തിനു വെളിയിലുള്ള വായനക്കാരിക്കു വിട്ടുകൊടുക്കാതെ പിന്നെം എന്റെതു എന്റെതു എന്നു പറഞ്ഞു കൈയിൽ വച്ചിരിക്കുകയാണെന്നു തോന്നി :)

All the best,
Keep writing

btw ഒരു non academic വായനയാണു എന്റെതു ,അത്രകാര്യമക്കെണ്ടതില്ല

ഉപാസന || Upasana said...

tharakkETillaatyhe ezhuthi.
Gupthare paRanjathe thanne njanum parayunnu.
:-)
Upasana

The Prophet Of Frivolity said...

Apologies: Not related to the post. Is your mail id somewhere here? I couldn't find it.

ഇട്ടിമാളു said...

ഈ പ്രശ്നം ഒഴിവാക്കാനാണൊ ഓടിക്കാനാറിയില്ലെങ്കിലും പെണ്ണുങ്ങളെല്ലാം ഡ്രൈവിങ് ലൈസന്‍സ് എടുത്തുവെക്കുന്നത്..

സിജി said...

ഒരിക്കലെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കാത്തവര്‍ കുറവല്ലെ..എനിക്ക്‌ നന്നായി ബോധിച്ചു. കഥയാണെന്നല്ല തോന്നിയത്‌. ജീവിതം ആണെന്നാണ്‌.

Post a Comment