Sunday, December 7, 2008

മൂന്നാമത്തെ പാഠം

വെള്ളാരങ്കണ്ണൂകളാണ് ക്രിസ്റ്റിയുടെ. വലിച്ചുവാരി ഉടുത്തിരിക്കുന്ന കോട്ടണ്‍സാരി മറച്ചുവക്കുന്ന ഉന്മാദം മുഴുവന്‍ വെളിപ്പെടുന്ന ചിരി. ഒന്‍പത് ബിയിലെ കാളക്കുട്ടന്മാരായ റഷീദ്, മണികണ്ഠ്ന്‍, സിജു എന്നിവര്‍ക്ക് ക്രിസ്റ്റിയുടേ ക്ലാസ്സുകള്‍ വിരുന്നാണ്. കന്യാസ്ത്രീയാവാന്‍ പഠിക്കുന്ന റ്റീച്ചര്‍ ബയോളജി പഠിപ്പിക്കുന്നത് ആവോളം ആസ്വദിക്കുന്നുണ്ട് അവര്‍.പട്ടണത്തിന്റെ നടുവില്‍ ആരോ വലിച്ചെറിഞ്ഞിട്ടുപോയ പിച്ചളപാത്രം പോലൊരു സ്കൂള്‍. മിക്കവാറും ദിവസക്കൂലിക്കാരുടേ കുട്ടികള്‍. റ്റ്രേയിനിങ്ങിനു വന്നതാണ് ക്രിസ്റ്റി. വഴക്കും കത്തിക്കുത്തും ആയുധശേഖരണം തുടങ്ങി പലതും നടക്കുന്ന സ്കൂളില്‍ നിന്ന് ഏതെങ്കിലും വിധത്തില്‍ റ്റ്രെയിനിങ്ങ് കഴിഞ്ഞ് രക്ഷപ്പെട്ടാല്‍ മതി എന്ന് കരുതി നില്‍ക്കുമ്പോഴാണ് ക്രിസ്റ്റിയുടെ മുന്നില്‍ റഷീദിന്റെ, കണ്ണില്‍ ചോരയില്ലാത്ത ഒരു തെമ്മാടിച്ചോദ്യം അവതരിക്കുന്നത്.

"അപ്പോ നമ്മുടെ കന്യാമറിയം എങ്ങനാ റ്റീച്ചറേ അമ്മയായത്?"

റിപ്രൊഡേക്റ്റിവ് സിസ്റ്റം പഠിപ്പിക്കുകയായിരുന്നു ക്രിസ്റ്റി. ബോര്‍ഡില്‍ ആവുന്ന പോലെ പാഠപുസ്തകത്തിലെ ചിത്രം വരച്ചിട്ടിട്ടുണ്ട്. കഷ്ടം, ഈ പാഠം പഠിപ്പിക്കേണ്ടിയിരുന്നില്ല . ഒരിക്കലും ക്ലാസ്സില്‍ കയറാത്ത തലതിരിഞ്ഞ ചെക്കന്മാരു വരെ ഇരിപ്പുണ്ട് ക്ലാസ്സില്‍. ക്രിസ്റ്റിക്ക് ഉള്ളില്‍ ഒരു വിറയല്‍. കര്‍ത്താവേ ജോസഫിന്റെ ശങ്കകള്‍ മാറ്റി അവനില്‍ വിശ്വാസം ജനിപ്പിച്ചവനേ, കന്യക പരിശുദ്ധാത്മാവിനെ ഗര്‍ഭം ധരിക്കുന്നതെങ്ങനെയെന്ന് ഇവരോട് ഞാന്‍ എങ്ങിനെ പറയാന്‍? ദൈവത്തിന്റെ കൃപയാല്‍ നന്മയെ ഗര്‍ഭം ധരിക്കുക എന്നാല്‍ എന്തെന്ന് ഇവരോട് പറയാന്‍ ഇവിടേ ഒരു ഗബ്രിയേല്‍ദൂതനും വരാനില്ലല്ലോ. ഒന്ന് ബെല്ലടിച്ച് ഈ പാപിയേ രക്ഷിക്കണേ എന്ന് ക്രിസ്റ്റി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

ക്ലാസ്സിലേക്കിറങ്ങുമ്പോള്‍ ഒന്‍പത് ബിയുടേ ക്ലാസ്സ് റ്റീച്ചര്‍ സുനില്‍ മാഷ് ഒരു മാതിരി അര്‍ത്ഥം വെച്ച് ചിരിച്ച് ക്രിസ്റ്റിയോട് ചോദിച്ചതാണ്. "....നമ്മുടേ പിള്ളേര്‍ എങ്ങനെയുണ്ട് സിസ്റ്ററേ? സംശയങ്ങളോക്കെ ചോദിക്കുന്നില്ലെ? നല്ല ജനാധിപത്യ ബോധമുള്ള മിടുക്കരാ...പ്രതികരണം ശീലമാക്കിയവരാ..."സുനില്‍ മാഷ് വലിയ പ്രാസംഗികനാണ്. സ്കൂളിനു മുന്നില്‍ കൊടിനാട്ടേണ്ടത് കുട്ടികളുടേ അവകാശമാണ് എന്ന് ഹെഡ്മാഷോട് വാദിക്കാനുള്ളതു കൊണ്ട് തിരക്കിട്ടു പോയി.

പത്തറുപതു കുട്ടികളുടേ മുഖത്തു നോക്കി ഉത്തരം ഓര്‍ത്തെടുക്കാന്‍ നേരമില്ലാത്തതുകൊണ്ട് ക്രിസ്റ്റി താന്‍ ബോര്‍ഡില്‍ വരച്ചിട്ട ചിത്രത്തിലേക്ക് തിരിഞ്ഞു. പാഠം മൂന്ന്. പുറം പതിനഞ്ച്. ചിത്രം രണ്ട്. ഫീമെയില്‍ റിപ്രൊഡെക്റ്റിവ് സിസ്റ്റം. രണ്ടു കുഴലുകള്‍ വരച്ചു വച്ചിരിക്കുന്നു. ഇടയില്‍ ഒരു നീളന്‍ പാത്രം. ആകൃതി കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ആരോ ഹൃദയത്തെ തെറ്റിച്ച് നീട്ടി വരച്ചതാന്ന് തോന്നും.
ക്രിസ്റ്റി കുഴലുകളിലൂടേ ഒന്ന് ചോക്കോടിച്ച് ഗര്‍ഭപാത്രത്തെ മുറുക്കെ വരച്ചു. അടയാളപ്പെടുത്താനുള്ളതൊക്കെ ചെയ്തിട്ടുണ്ട്. തിരിഞ്ഞു നിന്ന് ഇരിയെടാ അവിടേ എന്ന് പറഞ്ഞിരുത്തുന്നതിനുള്ള ധൈര്യം ക്രിസ്റ്റിക്കില്ല. ഉണ്ടായിരുന്നെങ്കില്‍ തന്നെ ക്രിസ്റ്റി അങ്ങിനെ ചെയ്യില്ല. വെള്ളാരംകണ്ണൂകള്‍ക്കുള്ളില്‍ ഒരുപാടു നന്മയെ സ്വപ്നം കാണുന്നുണ്ട് ക്രിസ്റ്റി. പരുപരുത്ത കോട്ടണ്‍സാരിക്കുള്ളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത് തൊട്ടാല്‍ പൊട്ടുന്ന ഒരു ശരീരവും മനസ്സും.

ക്രിസ്റ്റി തിരിഞ്ഞു നിന്ന് കുട്ടികളേ നോക്കി ഒന്നു ചിരിച്ചു. പക്ഷെ ആ ചിരിയിലൊന്നും വീഴാത്ത പിന്‍ബെഞ്ചിലെ സഖാക്കളാണ് റഷീദും മണികണ്ഠനും സിജുവും. ക്രിസ്റ്റിയുടേ നോട്ടം തങ്ങളുടെ നേരെയെത്തിയപ്പോള്‍ റഷീദ് മണിയേ നോക്കി കണ്ണിറുക്കി എന്നിട്ട് പുറകില്‍ ചുമരിലേക്ക് ചാഞ്ഞ് ഇരിപ്പായി. മണി കോട്ടുവായിട്ടു കാണിച്ചു. ക്രിസ്റ്റിയുടെ ഇടത്തുവശത്തെ വരികളില്‍ നിന്ന് പെണ്‍കുട്ടികള്‍ അമര്‍ത്തിച്ചിരിക്കാന്‍ തുടങ്ങി.മുന്‍ബെഞ്ചുകളില്‍ നിന്ന് പിന്നിലേക്ക് നോട്ടങ്ങള്‍ "ടാ..വിട്ടെക്ക് ടാ.." എന്ന് ക്രിസ്റ്റിക്കു വേണ്ടി അപേക്ഷിച്ചു. റഷീദ് ഒന്ന് മൂരിനിവര്‍ന്നു. കൈകള്‍ വിശാലമായി വായുവിലേക്ക് പടര്‍ത്തി പ്രത്യേക ശബ്ധമുണ്ടാക്കി പുറകോട്ട് വളഞ്ഞു. കുറച്ചു നേരം ആ നില്‍പ്പ് നിന്നിട്ട് നിവര്‍ന്നിരുന്നു. ക്രിസ്റ്റി ഉടനെ എന്തെങ്കിലും പറഞ്ഞേ തീരു. ക്ലാസ്സില്‍ വീണ്ടും അടക്കിപ്പിടിച്ച ചിരി.
"അത്..അതു പിന്നെ... പറഞ്ഞുതരാന്‍ എനിക്കറിയില്ല റഷീദേ..." ക്രിസ്റ്റി വിക്കി വിക്കിപ്പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുന്നെ പുറകില്‍ നിന്ന് തുണിവലിച്ചുകീറുന്ന പോലെ ഒരൊച്ച. ഇതു പതിവുള്ളതാണ്. ഒരു തരം വിജയഭേരി. തുടരുന്നത് കൂട്ടച്ചിരി..കുലം കുത്തിച്ചിരി. ക്രിസ്റ്റി നിന്ന് വിയര്‍ത്തു. പെട്ടന്ന് പിന്‍ബെഞ്ചില്‍ നിന്ന് റഷീദ് എഴുന്നേറ്റു വന്ന് ക്രിസ്റ്റിയേ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ബോര്‍ഡിനടുത്തു വന്നു നിന്നു. ക്രിസ്റ്റിയുടേ വെള്ളാരംകണ്ണുകളിലേക്ക് നോക്കിക്കോണ്ടാണ് നില്‍പ്പ്. എക്സറേ കണ്ണുകളാണ് ചെക്കന്. നോട്ടം ഉഴിയുന്നിടമൊക്കെ ക്രിസ്റ്റിക്ക് വിറച്ചു, വിയര്‍ത്തു. അവനാണെങ്കില്‍ ഒന്പതില്‍ ഏറെ വര്‍ഷങ്ങളായി ഇരുന്നതിന്റെ തഴക്കം, പോരാത്തതിന് ക്രിസ്റ്റിയേക്കാള്‍ നാലിഞ്ചു പൊക്കം, കിളുര്‍ത്തു വരുന്ന മീശ ഒന്ന് തടവി, മുന്‍പിലെ മേശമേല്‍ കൈകുത്തി, ക്രിസ്റ്റിയുടെ മുഖത്തോട് അവന്റെ മുഖം വല്ലാതെ അടുപ്പിച്ച് അധികാരഭാവത്തോടേയാണ് നില്‍പ്പ്. ക്രിസ്റ്റി കണ്ണ് ഇറുക്കിയടച്ചു പോയി. ഒന്ന് ഒതുക്കി ചിരിച്ചിട്ട് റഷീദ് ഒരുമാതിരി കുഴഞ്ഞ ശബ്ദത്തില്‍ ചോദിച്ചു .
" ശ്യോ...റ്റീച്ചര്‍ ആകെ വിയര്‍ത്തല്ലൊ."

ക്രിസ്റ്റി കണ്ണു തുറന്നപ്പോളത്തേക്കും റഷീദ് സ്ഥലം വിട്ടിരുന്നു. കര്‍ത്താവിന്റെ ഇടപെടല്‍ വൈകിയെങ്കിലും, അതും ഉണ്ടായി. ബെല്ലടിച്ചു. അനങ്ങാപ്പാറയായി നില്‍ക്കുന്ന ക്രിസ്റ്റിയേ നോക്കി അടക്കിച്ചിരിച്ചും അടക്കം പറഞ്ഞും കുട്ടികളും പുറത്തേക്ക്. ക്രിസ്റ്റി ബോറ്ഡില്‍ വരച്ചിട്ട ഗര്‍ഭപാത്രത്തിന്റെ ചിത്രം പതുക്കെ മായ്ച്ചു തുടങ്ങി.

റഷീദിനോട് സംസാരിക്കാന്‍ ക്രിസ്റ്റിക്ക് പേടിയാണ്. കുട്ടിരാഷ്ട്രീയപ്പടയുടേ തലമുതിര്‍ന്ന നേതാവാണ്. വല്ലപ്പോഴുമേ ക്ലാസ്സില്‍ കയറു. സമരത്തിനു മുന്നില്‍ക്കാണും. സ്റ്റാഫ് റൂമില്‍ എല്ലാവരും അവനെ പ്രാകുന്നത് ക്രിസ്റ്റി കേട്ടിരിക്കുന്നു. നന്നാവില്ലാത്ത ജന്മം എന്നേ എല്ലാര്‍ക്കും പറയാനുള്ളു. ക്രിസ്റ്റിയുടെ ഒന്നു രണ്ടു ക്ലാസ്സിലെ അവന്‍ ഇരുന്നിട്ടുള്ളു. പിന്‍ബെഞ്ച്ചില്‍ യാതൊരു താല്‍പ്പര്യവുമില്ലാതെ ചുമരിലേക്ക് ചാരിയിരിക്കും. അടുത്തു കണ്ടപ്പോഴൊക്കെ അവന്റെ നോട്ടത്തിനുമുന്നില്‍ ക്രിസ്റ്റി ആദ്യം പകച്ചു, പിന്നെ ചൂളി, പിന്നെ നാണംകെട്ട് തലതാഴ്ത്തി... റഷീദിന്റെ നോട്ടം അവഗണിക്കുന്നത് പലപ്പൊഴും ക്രിസ്റ്റിയുടെ നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു. കഴിഞ്ഞതവണ സമരമുണ്ടായപ്പോള്‍ മറുപാര്‍ട്ടിയിലെ ഏതോ ചെക്കന്റെ പിന്നാലെ വിറകിനുള്ള മടലുമായി റഷീദ് ഓടുന്നതു കണ്ടിട്ടുണ്ട് ക്രിസ്റ്റി. ചിലപ്പൊഴൊക്കെ ബാധകയറിയപോലെയാണ് അവന്. ഭ്രാന്ത്. വെറി. നിലയില്ലാത്ത ഒരു കയത്തിലേക്ക് ആരോ അവനെ തള്ളിയിട്ടതു പോലെ വെപ്രാളം. ആര്‍ക്കോ വേണ്ടി യുദ്ധം ചെയ്യുന്നവന്റെ ആവേശം. ആ അവസ്ഥയില്‍ അവന്‍ എന്തും ചെയ്യും. ആരെയും കൊല്ലും. ആര്‍ക്കുവേണ്ടിയും ചാവും.


"..എന്താ ക്രിസ്റ്റി..ആ തലതെറിച്ചപിള്ളേര്‍ പ്രശ്നം ഉണ്ടാക്കുന്നതിനാണോ നീയിങ്ങനെ മൂടികെട്ടിയിരിക്കുന്നെ?" റ്റ്രെയിനിങ്ങിനു പോയിത്തുടങ്ങിയതു മുതല്‍ മദര്‍ സുപീരിയര്‍ക്ക് ക്രിസ്റ്റിയുടേ മേല്‍ പതിവില്ലാത്ത ജാഗ്രതയുണ്ട്.
"കുറച്ചു ദിവസം കൂടേയല്ലെ ഉള്ളു ക്രിസ്റ്റി. ബി. എഡ് കഴിഞ്ഞു കിട്ടിയാല്‍ പിന്നെ നിനക്ക് ഇടവകയിലെ നല്ല സ്കൂളില്‍ പഠിപ്പിക്കാം.." മദര്‍ ചര്‍ച്ചിലേക്ക് നടക്കുന്നതിനിടേ പറഞ്ഞു.

മഠത്തിലെ പൂന്തോട്ടത്തില്‍ വെട്ടിനിര്‍ത്തിയ പലപല നിറത്തിലുള്ള പൂക്കള്‍. സുനില്‍ മാഷക്ക് ഗാര്‍ഡനിങ്ങ് വലിയ കമ്പമാണ്. മദറിനോട് കുറച്ച് തയ്യുകള്‍ ചോദിക്കാന്‍ വരാമെന്ന് ഏറ്റിട്ടുണ്ട്. ഇളംവെയില്‍ കൊണ്ട് തലകുനിച്ചു നില്‍ക്കുന്ന പൂച്ചെണ്ടുകള്‍. നിരത്തിവച്ച ചട്ടികളില്‍ വിരിഞ്ഞ പൂക്കള്‍ക്ക് ഒരേ പ്രതികരണമായിരിക്കണം എന്ന തമാശയോര്‍ത്തു ക്രിസ്റ്റി.

വൈകീട്ട് പ്രാര്‍ത്ഥനയും അത്താഴവും കഴിഞ്ഞ് മുറിയിലെ കട്ടിലില്‍ വേദപുസ്തകം തലയിണക്കടിയില്‍ തിരുകി വച്ച് ക്രിസ്റ്റി മലര്‍ന്നു കിടന്നു. പുസ്തകത്തില്‍ നോക്കി പറഞ്ഞു കൊടുക്കാവുന്ന സംശയങ്ങളേ ഇന്നേ വരെ ക്രിസ്റ്റി കേട്ടിട്ടുള്ളു. റഷീദിന്റേത് മനപ്പൂര്‍വ്വം തന്നെ കുടുക്കാനുള്ള ചോദ്യം. പക്ഷെ ഇപ്പോള്‍ ക്രിസ്റ്റി കുരുങ്ങിക്കിടക്കുകയായിരുന്നു. ഉത്തരം കാണാനാവാത്ത ഒരു ചോദ്യത്തില്‍, പറഞ്ഞു പകരാനാവാത്ത ഒരു ഉത്തരത്തില്‍.

ഉറക്കം കിട്ടാതെ ക്രിസ്റ്റി വേദപുസ്തകം എടുത്ത് എഴുന്നേറ്റിരുന്നു. താളുകള്‍ക്കിടയില്‍ പരതി ഒരു ചിത്രം എടുത്തു നിവര്‍ത്തി.പുസ്തകത്തിനിടയില്‍ താളുകള്‍ അടയാളപ്പെടുത്താന്‍ വയ്ക്കുന്ന ഒരു കൊച്ചു ചിത്രക്കടലാസ്. പിയെത. പഴകിയ ഒരു ചിത്രം. നിറം മങ്ങിയ ചിത്രത്തിനടിയില്‍ വികലമായ ഒരു ഒപ്പ്. പുറകില്‍ അച്ചടി മങ്ങിത്തുടങ്ങിയ മാതാവിന്റെ പ്രാര്‍ത്ഥന. നന്മനിറഞ്ഞ മറിയമേ, അങ്ങ് വാഴത്ത്പ്പെട്ടവളാകുന്നു. അങ്ങയുടേ ഉദരത്തിന്റെ ഫലമായാ ഈശോ...

നിത്യവൃതം എടുക്കാനുള്ള തിരുമാനം പപ്പാതിയായി മനസ്സ് മുറിഞ്ഞു നില്‍ക്കുമ്പോള്‍ സേതു മാഷാണ് തലയില്‍ കൈവച്ചനുഗ്രഹിച്ച് ഈ ചിത്രം കൈയ്യില്‍ പിടിപ്പിച്ചത്. ക്രിസ്റ്റി അന്നേവരെ പിയെത കണ്ടിട്ടില്ലായിരുന്നു. ഒരുപാടു കണ്ടു പരിചയിച്ചിട്ടുള്ള ഉണ്ണിയേ മടിയില്‍ ഇരുത്തിയിരിക്കുന്ന മറിയമല്ല ഇത്. മകന്‍ മരിച്ചുകിടക്കുകയാണ് മടിയില്‍. അമ്മയുടേ ഉടലിനു താങ്ങാവുന്നതിലും വലുപ്പമുണ്ട് മകന്റെ ശരീരത്തിന്. അമ്മക്ക് പ്രായം ഏറെയില്ല. മുഖത്ത് ചുളിവുകള്‍ ഇല്ലാത്ത ദൃഡമായ ഉടലും സ്നേഹം നിറഞ്ഞ കണ്ണുകളുമുള്ള കന്യക. എത്ര കണ്ടാലും മതിവരാത്ത എന്തോ ഉണ്ട് ഈ ചിത്രത്തില്‍.
താളിലെ മടക്കുവീണിടത്ത് അമ്മക്കും മകനും ഉടലുകളില്ല. കടലാസിന്റെ മങ്ങിയ നിറം മാത്രം. ക്രിസ്റ്റി കടലാസ് നെഞ്ചത്തു വച്ച് മലര്‍ന്നു കിടന്നു.

ഓര്‍ക്കുംതോറും ക്രിസ്റ്റിക്ക് തന്റെ ശരീരമാകെ ഒരു നിസ്സഹാ‍യാവസ്ഥ പടരുന്നത് പോലെ.

റഷീദ് ഒരിക്കലും ഒന്‍പതില്‍നിന്ന് ജയിച്ച് കയറാന്‍ പോവുന്നില്ല. അവന്‍ തോല്‍ക്കേണ്ടത് മറ്റാരുടെയൊക്കെയോ ആവശ്യമാണ്. അവന്‍ നശിക്കണം എന്ന് ആരൊക്കെ ചേര്‍ന്നാണ് തിരുമാനിക്കുന്നത് എന്ന് ക്രിസ്റ്റിക്കറിയില്ല. അവന്റെ ഉമ്മയേം ബാപ്പയേം അറിയില്ല. അവനെ എന്തിനു റിപ്രൊഡെക്റ്റിവ് സിസ്റ്റം പഠിപ്പിക്കണം?

സുനില്‍ സാര്‍ പറഞ്ഞതായിരുന്നു. "...സിസ്റ്ററേ ഇവിടേ രണ്ടാമത്തെ പാഠത്തിനപ്പുറം ഒരു വിഷയവും പഠിപ്പിക്കാറില്ല. ഒന്നാമത്തെ പാഠം വായിച്ചാല്‍ ബുദ്ധിയുള്ളവന്‍ രക്ഷപ്പെടും. രണ്ടാമത്തേതും കൂടെ വായിച്ചാല്‍ ഭാഗ്യമുള്ളവന്‍ കരപറ്റും. ബാക്കിയൊക്കെ അവരുടേ തലവര.."

ഒന്നാമത്തേത് ബുദ്ധിക്കു വളം. രണ്ടാമത്തേത് ഭാഗ്യം കനിയാന്‍. മൂന്നാമത്തേത് ..?

മൂന്നാമത്തെത് വായിക്കേണ്ടത് റഷീദിനു വേണ്ടിയാണെങ്കിലൊ?


സ്കൂള്‍ ഗെയിറ്റില്‍ പോലീസ് ജീപ്പ് കണ്ട് കുട്ടികള്‍ ചിലര്‍ അറച്ചു നില്‍ക്കുന്നു. ഹെഡ്മാഷിന്റെ മുറിയില്‍ പോലീസുണ്ട്. സ്റ്റാഫ് റൂമിലെ പരദൂഷണക്കഥകള്‍ ക്രിസ്റ്റി കേള്‍ക്കാനാഗ്രഹിക്കാത്ത പലതും പറയുന്നു. സ്കൂള്‍ ഷെഡ്ഡില്‍ ആയുധം ശേഖരിച്ചു വച്ചതിന് റഷീദിന്റെ പേരില്‍ പോലീസ് കേസെടുത്തു. പുതിയ കാര്യമൊന്നുമല്ല. അവന്റെ പാര്‍ട്ടിക്കാര്‍ ജാമ്യം നിന്ന് ഇറക്കിക്കോളും. എല്ലാതവണത്തെയും പോലെ. റഷീദിനെ വിട്ടുതരണം എന്ന് പറഞ്ഞ് കുട്ടികള്‍ സമരം വിളിച്ചു തുടങ്ങി.

ഒന്‍പത് ബിയുടേ വാതില്‍ക്കല്‍ നിന്ന് ക്രിസ്റ്റി കണ്ടു പോലീസുകാര്‍ റഷീദിനെ ജീപ്പില്‍ കയറ്റുന്നത്. അവന്റെ കൈ മുന്നില്‍ചെര്‍ത്ത് വിലങ്ങു വച്ചിട്ടുണ്ട്. ഓടിച്ചിട്ട് പിടിച്ചതാണെന്ന് പറയുന്നതു കേട്ടു. മുഖത്തും കൈകളിലും ഉരഞ്ഞുപൊട്ടിയിട്ടുണ്ട്. ഹെഡ്മാഷിന്റെ മുറിയില്‍ നിന്ന് സ്കൂള്‍ മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു നോട്ടം ക്രിസ്റ്റി അവന്റെ മുഖം കണ്ടു. വെറുപ്പിന്റെയും മടുപ്പിന്റെയും അതേ സ്ഥായീഭാവം.

കുട്ടികളും അദ്ധ്യാപകരും വരാന്തയില്‍ നിന്ന് ഇറങ്ങാന്‍ മടിച്ച് നില്‍പ്പാണ്.ജീപ്പിന്റെ ചവിട്ടുപടിക്കടുത്ത് റഷീദ്. പത്തടി ദൂരമേയുള്ളു. ക്രിസ്റ്റിക്ക് ഓടിപ്പോയി അവനെ വിടുവിച്ചു കൊണ്ടുവരാന്‍ തോന്നി. വരാന്തയില്‍നിന്നറങ്ങി ജീപ്പിനടുത്തെക്ക് നീങ്ങുന്ന ക്രിസ്റ്റിയെക്കണ്ട് സുനില്‍ സാറ് വിളിച്ചു ചോദിച്ചു.
"..എന്താ സിസ്റ്ററേ..അവനു കൂട്ട് പോവുന്നോ..." ക്രിസ്റ്റി തിരിഞ്ഞു നിന്ന് ഒന്ന് ചിരിച്ചു.

ഇടത്തെ കൈയ്യില്‍ ക്രിസ്റ്റി തൊട്ടയിടം വിരലുകള്‍കൊണ്ട് കരുതിവക്കുന്നതുപൊലെ തലകുനിച്ചിരിക്കുന്ന റഷീദിനെയും കൊണ്ട് ജീ‍പ്പ് ഗെയിറ്റ് കടന്നുപൊവുന്നത് എല്ലാവരും നോക്കി നിന്നു.

സമരക്കാര്‍ വന്ന് ക്ലാസ്സ് വിടുന്നതു വരെയെങ്കിലും മൂന്നാമത്തെ പാഠം തുടരാന്‍ ക്രിസ്റ്റി ഒന്‍പത് ബിയിലേക്ക് കയറി.

16 comments:

sree said...

ഈ സാരോപദേശത്തിന് ജാമ്യം. കഴിഞ്ഞ കുറേ ദിവസങ്ങളായിട്ട് രാഷ്ട്രീയം, മതം, തീവ്ര....കേട്ട് തല കുളക്കോഴിയുടേ പോലെ പൂഴ്ത്തിവച്ച് ഇരിപ്പായിരുന്നു. ആ ഇരിപ്പില്‍ പഴയ നിയമങ്ങളൊക്കെ തലകുത്തി നിന്ന് ചിരിക്കുന്നത് കണ്ടു. നടുക്കടലിലെ തോണിയില്‍ നിന്ന് വെള്ളം തേവിക്കളയുമ്പോള്‍ ഒറ്റ എടുപ്പിന് വാര്‍ത്തിട്ടാല്‍ തോണി മറയും..ചാവും. കുറച്ച് നനവ് ബാക്കി വരുന്നത് ഇങ്ങനെയേ പകരാനാവൂ എന്ന് തോന്നി. മിണ്ടിയാ മിണ്ടിയാ മെറ്റേണല്‍ ഇന്‍സ്റ്റിങ്റ്റെന്നു പറഞ്ഞ് ഇരുത്താന്‍ നോക്കുന്ന ഒരു വിരുതന്‍ കൂട്ടുകാരനുണ്ട്. അവനു സമര്‍പ്പണം. ഇതെന്നേം കൊണ്ടേ പോവൂ....

നജീബ് said...

കാളക്കുട്ടന്മാരായ

കന്യാസ്ത്രീയാവാന്‍ പഠിക്കുന്ന

തെമ്മാടിച്ചോദ്യം

ബോര്‍ഡില്‍ വരച്ചിട്ട ചിത്രത്തിലേക്ക് തിരിഞ്ഞുക്രിസ്റ്റി x റഷീദ്, മണികണ്ഠ്ന്‍, സിജു

ഏറനാടന്‍ said...

ഈ കഥ വായിച്ചപ്പോള്‍ പള്ളിക്കൂടം അനുഭവങ്ങള്‍ മനസ്സിലോടിയെത്തി. പോസ്റ്റുകളിലാക്കാം. ഇത് നന്നായിട്ടൊ..

പാമരന്‍ said...

സാരോപദേശം!

"റഷീദ്, മണികണ്ഠ്ന്‍, സിജു" ബാലന്‍സിംഗ്‌ :)

sree said...

കാളക്കുട്ടന്മാര്‍, കന്യാസ്ത്രി,തെമ്മാടിച്ചോദ്യം, ബോര്‍ഡിലേക്ക് തിരിഞ്ഞുള്ള നില്‍പ്പ്..മനസ്സിലാ‍യി നജീ, പരിമിതികള്‍ താന്നെയാണ് എല്ലാം. ക്രിസ്റ്റിയുടേ പ്രയാണം ദൂരക്കാഴ്ച്ചകളില്‍ നിന്ന്, indifference-ഇല്‍ നിന്ന് ഇടപെടലിലേക്കാണ്.

ക്രിസ്റ്റി മറുപക്ഷത്താണോ?

sree said...

പാമരോ..പനി മാറിയുള്ള വരവാല്ലെ?
കേവലം പേരുകള്‍ പോലും ചിഹ്നങ്ങളായല്ലാതെ മാറ്റി എഴുതാനോ വായിക്കാനോ ആയില്ല നമുക്കൊന്നും അല്ലെ?

ഏറനാടന്, വാസ്തവത്തില്‍ എനിക്കിങ്ങനെയുള്ള പള്ളിക്കൂടാനുഭവങ്ങളൊന്നും ഇല്ല. അതെന്റെ നഷ്ടം.

vadavosky said...

മറ്റ്‌ maternal instincts കഥകള്‍ പോലെ തന്നെ. എഴുതിയ രീതി നന്നായി. ശ്രീയുടെ ക്രാഫ്റ്റ്‌ ആയിട്ടില്ല.

വേണു venu said...

സാരോപദേശം ശ്രദ്ധിച്ചില്ല.
എഴുത്താണെന്നെ മുഴുവന്‍ വായിപ്പിച്ചത്. അതെ രചനാ ശൈലി.:)

ഹരിത് said...

poorallo sree,,,,

smitha adharsh said...

നന്നായിരിക്കുന്നു..നല്ല ശൈലി..

sathees makkoth | സതീശ് മാക്കോത്ത് said...

ശൈലിയിൽ ഒരു മാറ്റം വന്നിട്ടുണ്ട്.
എന്തോ ഒരു പോരായ്മ പോലെ...ചിലപ്പോൾ എന്റെ തോന്നലാവാം.
എങ്കിലും ഈ കഥ എന്റെ അദ്ധ്യാപകജീവിതത്തെ ഓർമ്മിപ്പിച്ചു. നാലുമാസം കൊന്ന്ട് ഇതു നമ്മുക്ക് പറ്റിയ പണിയല്ലന്ന് മനസ്സിലാക്കിച്ച് തന്ന ശിഷ്യഗണങ്ങൾക്ക് സ്തുതി.

ajeesh dasan said...

x mas aashamsakal

SAJAN said...

Good story
well done
merry christsmas

സിജി said...

kadhayaayi thonniyilla..oru lekhanam vaayikkunnathupoleyaanu vaayichathu..vallaththa sathyasandhatha ezhuthinu...:)

ഗൗരിനാഥന്‍ said...

ബയോളജി എടുത്ത എന്റ്റെ ടീച്ചറെ ഓര്‍മ്മ വന്നു

കൊച്ചുതെമ്മാടി said...

കഥ കലക്കി....
മനോഹരമായ ആഖ്യാനം....

Post a Comment