Thursday, November 12, 2009

റില്‍കെയുടെ കത്ത്

(വിഖ്യാത ജര്‍മന്‍ കവി റില്‍കെ 1902ല്‍ പത്തൊമ്പതുകാരനായ ഒരു വിദ്യാര്‍ത്ഥിക്ക് കവിതയേക്കുറിച്ചും സര്‍ഗ്ഗാത്മകതയെക്കുറിച്ചും എഴുതിയ കത്തുകളാണ് "letters to a young poet". യുക്തിവാദം, ഒറ്റപ്പെടല്‍, ലൈംഗികത തുടങ്ങിയ പല വിഷയങ്ങളും സ്പര്‍ശിക്കുന്ന കത്തുകളില്‍ അടങ്ങാത്തത് ഒന്നേ ഉള്ളു. വായിക്കാനാവശ്യപ്പെട്ട കവിതകളുടെ വിമര്‍ശനം. സര്‍ഗ്ഗാത്മകത ഒരു അവസ്ഥയാണെന്നും, സ്രഷ്ടാവ് എന്ന വ്യക്തി സൃഷ്ടികര്‍മ്മത്തിലൂടെ തന്നിലേക്ക് ചുരുങ്ങുകയല്ല ലോകത്തിലേക്ക് വ്യാപിക്കുകയാണ് എന്നും ഓര്‍മ്മിപ്പിക്കുന്നു ആദ്യത്തെ കത്ത്. ആത്യന്തികമായി കലാകാരന് ഉത്തരവാദിത്വം തന്നോടു തന്നെയാണെന്ന യുക്തി ബ്ലോഗെഴുത്തിന്റെ കാലത്തും പ്രസക്തമാണെന്നു തോന്നി. ചിലര്‍ എഴുതുന്നത് മനസ്സിലാവുന്നില്ല, എഴുത്തും വായനയും ജനകീയമാവണം, ആരാണ് മുന്തിയ കവി/എഴുത്തുകാരന്‍, എല്ലാം മനസ്സിലാക്കിത്തരുന്നവനാണോ എല്ലാത്തരം മനസ്സിലാവലുകളെയും വെല്ലുവിളിക്കുന്നവനാണോ, എഴുതിയവന് എഴുതിയതു മനസ്സിലാവുന്നുണ്ടോ എന്നൊക്കെയുള്ള വിവാദങ്ങള്‍/വിലാപങ്ങള്‍ കൊഴുക്കുന്ന ഭൂമികയില്‍ നിന്നു കൊണ്ട് സ്വയം ത്യജിക്കലും ആത്മപരിശോധനയുമാണ് കല എന്നു വിളിച്ചുചൊല്ലുന്ന ആശയത്തെ അനുരണനം ചെയ്യുന്നത് സത്യത്തില്‍ വ്യക്തിപരമായ ഒരു ആത്മപരിശോധനയുടെയും ഭാഗമാണ് എന്ന് കൂട്ടുക. റില്‍കെയുടെ ആദ്യത്തെ കത്തിന്റെ ഒരു സ്വതന്ത്രപരിഭാഷാവ്യായാമം.)

പ്രിയ സര്‍ ,

താങ്കളുടെ കത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വന്നത്. എന്നില്‍ അര്‍പ്പിക്കുന്ന മഹത്തായ ഈ വിശ്വാസത്തിന് നന്ദി. അത്രമാത്രമേ എനിക്ക് പറയാനാവുകയുള്ളു. താങ്കളുടെ കവിതയെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് കഴിയില്ല. വിമര്‍ശനം എനിക്ക് അന്യമാണ്. ഒരു കലാസൃഷ്ടിയെ ഏറ്റവും ഹീനമായി സ്പര്‍ശിക്കുന്നതിന് വിമര്‍ശനത്തേപ്പോലെ മറ്റൊന്നില്ല. കാരണം വിമര്‍ശനം പലപ്പോഴും, കൂടിയും കുറഞ്ഞും അളവില്‍, നിര്‍ഭാഗ്യകരമായ തെറ്റിദ്ധാരണകളില്‍ നിന്ന് ഉണ്ടാകുന്നതാണ്. വസ്തുതകള്‍ പലപ്പോഴും ആളുകള്‍ നമ്മെ വിശ്വസിപ്പിക്കുന്നതുപോലെ സ്പര്‍ശവേദ്യമായതും പറഞ്ഞുതീര്‍ക്കാവുന്നതുമല്ല. യഥാര്‍ത്ഥത്തില്‍ മിക്ക അനുഭവങ്ങളും വചനാതീതവും, വാക്കുകള്‍ പ്രവേശിച്ചിട്ടില്ലാത്ത സ്ഥലികളില്‍ സംഭവിക്കുന്നതുമാണ്. എല്ലാറ്റിനുമുപരി വചനാതീതമായവയാണ് കലാസൃഷ്ടികള്‍ ; നമ്മുടെയൊക്കെ അചിരമായ കൊച്ചുജീവിതങ്ങളോട് ചേര്‍ന്ന നിഗൂഢമായ നിലനില്‍പ്പുകള്‍ .

ഇത്രയും ആമുഖമായി രേഖപ്പെടുത്തി ഞാന്‍ പറയട്ടെ, താങ്കളുടെ കവിതകള്‍ക്ക് തനതായ ഒരു രീതിയില്ല, വളരെ വ്യക്തിപരമായ ചിലതിന്റെ നിശ്ബ്ദവും പരോക്ഷവുമായ തുടക്കങ്ങള്‍ അവയില്‍ ഉണ്ടെങ്കിലും. “എന്റെ ആത്മാവ്” എന്ന അവസാനത്തെ കവിതയില്‍ പ്രത്യേകിച്ചും കാണാവുന്നതാണ് ഇത്. താങ്കളുടേതായ എന്തോ ഒന്ന് വാക്കും സംഗീതവും ആകാന്‍ പരിശ്രമിക്കുന്നുണ്ടവിടെ. “ലിയോപാര്‍ഡിക്ക്” എന്ന സുന്ദരമായ കവിതയിലാകട്ടെ ഏകാകിയായ ആ മഹസ്വിയുമായി ഒരു ബന്ധുത്വം തന്നെ തെളിഞ്ഞുവരുന്നുണ്ട്. എന്നിരുന്നാലും കവിതകള്‍ സ്വതന്ത്രമായിട്ടില്ല, സ്വയം അവ ഒന്നുമാകുന്നില്ല, മേല്‍പ്പറഞ്ഞ കവിതയടക്കം. കവിതകള്‍ക്കൊപ്പം അയച്ച താങ്കളുടെ കത്ത് എന്റെ വായനയിലെ പല തെറ്റുകുറ്റങ്ങളും വ്യക്തമാക്കി തരുന്നു, അവയെ പ്രത്യേകം എടുത്തുപറയാന്‍ എനിക്ക് കഴിയുകയില്ലെങ്കിലും.

താങ്കളുടെ വരികള്‍ നല്ലതാണോ എന്ന് താങ്കള്‍ ചോദിക്കുന്നു. എന്നോട് ചോദിക്കുന്നതുപോലെ മുന്‍പ് പലരോടും ചോദിച്ചിരിക്കണം. താങ്കള്‍ കവിതകള്‍ ആനുകാലികങ്ങളിലേക്ക് അയക്കുന്നു. മറ്റുകവിതകളുമായി താരതമ്യം ചെയ്യുന്നു, പത്രാധിപര്‍ കവിത തിരിച്ചയക്കുമ്പോള്‍ വിഷമിക്കുന്നു. എന്നോട് അഭിപ്രായം ചോദിച്ചതുകൊണ്ട് ഞാന്‍ പറയട്ടെ, ഇങ്ങനെ ചെയ്യുന്നത് നിര്‍ത്തുക. താങ്കള്‍ പുറത്തേക്കാണ് നോക്കുന്നത്, ഈ അവസ്ഥയില്‍ അതാണ് ചെയ്യാതിരിക്കേണ്ടതും. താങ്കളെ ഉപദേശിക്കാനോ സഹായിക്കാനോ ആര്‍ക്കും ആകില്ല. ചെയ്യാവുന്നത് ഒന്നേയുള്ളു. താങ്കളിലേക്ക് തന്നെ പ്രവേശിക്കുക. എഴുതാന്‍ ആഞ്ജാപിക്കുന്ന കാരണം എന്തെന്ന്‍ കണ്ടുപിടിക്കുക, ആ കാരണം, അതിന്റെ വേര്, താങ്കളുടെ ആഴങ്ങളിലേക്ക് പടര്‍ത്തുന്നുണ്ടോ എന്ന് ചികയുക. എഴുതുന്നത് തടയപ്പെട്ടാല്‍ മരിക്കേണ്ടിവരുമോ എന്ന് സ്വയം ചോദിച്ച് ഏറ്റുപറയുക.

രാത്രിയുടെ നിശബ്ദതയില്‍ സ്വയം ചോദിക്കുക, “ഞാന്‍ എഴുതണമോ?” ആഴമേറിയ ഉത്തരങ്ങള്‍ക്കായി സ്വയം കുഴിക്കുക. എന്നിട്ട് ഉത്തരം മുഴങ്ങുന്നുവെങ്കില്‍, പ്രൌഢവും അഗാധവും ആയ ഈ ചോദ്യത്തിന് ശക്തവും ലളിതവുമായ “വേണം” എന്ന ഉത്തരം കിട്ടുന്നെങ്കില്‍, താങ്കളുടെ ജീവിതത്തെ ഈ ആവശ്യത്തിനുവേണ്ടി സൃഷ്ടിച്ചെടുക്കുക. താങ്കളുടെ ജീവിതത്തിലെ ഏറ്റവും എളിയതും ഏറ്റവും അപ്രസ്ക്തമായതും ആയ നിമിഷങ്ങള്‍ പോലും ഈ ഉള്‍വിളിയുടെ സാക്ഷ്യവും ചിഹ്നവുമാവണം. താങ്കള്‍ പ്രകൃതിയിലേക്ക് ചേരണം. ഇന്നേവരെ ആരും ഇതിനു ശ്രമിച്ചിട്ടില്ലാ എന്നപോലെ കാണുന്നതും അനുഭവിക്കുന്നതും സ്നേഹിക്കുന്നതും നഷ്ടപ്പെടുന്നതുമായതിനെപ്പറ്റി പറയണം.

പ്രണയകവിതകള്‍ എഴുതരുത്. അനായാസവും സാധാരണവുമായതിനെ ഒഴിവാക്കുക. സത്യത്തില്‍ സമൃദ്ധമായ ഒരു മഹത്പാരമ്പര്യം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ തനതായ ഒന്ന് സൃഷ്ടിച്ചെടുക്കുന്നത് ഏറ്റവും ക്ലേശകരമാണ്. വിളഞ്ഞുപാകപ്പെട്ട അപാരമായ സര്‍ഗ്ഗശക്തി ആവശ്യമാണ് അതിന്. അതുകൊണ്ട് സര്‍വ്വസാധാരണമായ വിഷയങ്ങളില്‍ നിന്ന് സ്വയം രക്ഷപ്പെടുത്തുക.


ദൈനംദിന ജീവിതം തരുന്നത് ഉപയോഗിക്കുക. സ്വന്തം ദു:ഖങ്ങളും, ആശകളും, മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളും ചില സൌന്ദര്യങ്ങളെക്കുറിച്ചുള്ള വിശ്വാസങ്ങളും എല്ലാം വര്‍ണ്ണിക്കുക. നിശ്ബ്ദവും, വിനീതവും, ആത്മാര്‍ത്ഥവുമായി ഹൃദയത്തില്‍ തൊട്ട് വര്‍ണ്ണിക്കുക. ആത്മാവിഷ്കാരത്തിന് ചുറ്റുമുള്ളതൊക്കെയും ഉപയോഗിക്കുക, സപ്നങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളോ ഓര്‍മ്മയില്‍ ഉള്ള വസ്തുക്കളോ എന്തും.

സ്വന്തം ജീവിതം തുച്ഛമാണ് എന്നു തോന്നുന്നെങ്കില്‍ ജീവിതത്തെയല്ല സ്വയം പഴിക്കുക. തുച്ഛമായതില്‍ നിന്ന് സമൃദ്ധി കൊയ്യാന്‍ വേണ്ടത്രയും കവിയായിട്ടില്ല എന്ന് സ്വയം അംഗീകരിക്കുക. കാരണം സൃഷ്ടിക്കുന്നവന് ദാരിദ്ര്യമില്ല; ദരിദ്രമായതോ അപ്രസക്തമായതോ ഒന്നുമില്ല. നിങ്ങള്‍ ലോകത്തിന്റെ ശബ്ദമൊന്നും കേള്‍ക്കാനാവാത്ത തുറുങ്കില്‍ ആണേന്നു വയ്കുക. അപ്പോഴും നിങ്ങള്‍ക്ക് നിങ്ങളുടെ ബാല്യം ഉണ്ടാവുമല്ലോ. അമൂല്യമായ അതിന്റെ ഓര്‍മ്മകളുടെ തിളക്കവും? അതിലേക്ക് ശ്രദ്ധ തിരിക്കൂ. മുങ്ങിക്കൊണ്ടിരിക്കുന്ന ബൃഹത്തായ ഒരു ഭൂതകാലം ഇല്ലെ, അതിനെ ഉണര്‍ത്തിയെടുക്കൂ; നിങ്ങളുടെ വ്യക്തിത്വം ശക്തമാവുകയും, ഏകാന്തത വിപുലമാവുകയും ചെയ്യുന്നതും, സ്വയം സൃഷ്ടിച്ച ആ തൃസന്ധ്യയില്‍ പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ അകലെനിന്നെന്നോണം നിങ്ങളെ സ്പര്‍ശിച്ച് കടന്നുപോവുകയും ചെയ്യും. ഈ അകംവാഴ്വില്‍ നിന്ന് ഒരു കവിത പിറന്നാല്‍ മറ്റൊരാളോട് ഇത് നല്ലതാണോ എന്ന് ചോദിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുക പോലും ഇല്ല. ഒരു ആനുകാലികത്തിന്റെ ശ്രദ്ധയും അതിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കില്ല. കാരണം അത് താങ്കളുടെ സ്വകാര്യ സ്വത്താണ്, ജീവിതം തന്നെയാണ്, ജീവനില്‍ നിന്ന് ഒരു സ്വരമാണ്. കഠിനമായ ആവശ്യത്തില്‍ നിന്ന് ജനിച്ചതാകുമ്പോള്‍ കലാസൃഷ്ടി ഉത്തമമാകുന്നു. അതിന്റെ മൂല്യത്തെക്കുറിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ ഇതേ മാര്‍ഗ്ഗമുള്ളു. അതുകൊണ്ട്, എനിക്ക് ഉപദേശിക്കാനാവുകയില്ല ആദരണീയനായ സുഹൃത്തേ എന്നാല്‍ ഇത്രയും പറയാം ; നിങ്ങളിലേക്കു തന്നെ പോവുക. നിങ്ങളുടെ ജീവന്‍ ഒഴുകിത്തുടങ്ങുന്നയിടം കാണുക. അതിന്റെ ഉല്‍ഭവസ്ഥലത്ത് നിങ്ങള്‍ സൃഷ്ടിക്കേണമോ എന്ന ചോദ്യത്തിനുത്തരം കാണും. ആ ഉത്തരത്തിനു വഴങ്ങുക, അതിനെ വ്യാഖ്യാനിക്കാതിരിക്കുക. കലാകാരനാകുവാനുള്ള ഉള്‍വിളി നിങ്ങളില്‍ ഉണ്ടെന്ന് ഒരുപക്ഷെ നിങ്ങള്‍ തിരിച്ചറിയും. അങ്ങിനെയെങ്കില്‍ ആ വിധി ഏല്‍ക്കുക, അതിന്റെ വലിപ്പവും ഭാരവും പേറുക, പുറത്തു നിന്ന് കിട്ടിയേക്കാവുന്ന പ്രതിഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ തന്നെ. കാരണം സ്രഷ്ടാവ് സ്വയം ഒരു ലോകമായിരിക്കണം. അവന്‍ തന്നില്‍ എല്ലാം കാണുന്നു, സ്വജീവിതം സ്വന്തം പ്രകൃതിക്കു സമര്‍പ്പിക്കുന്നു.

എന്നാല്‍ തന്നിലേക്കുള്ള ഇറക്കത്തിനൊടുവില്‍ സൃഷ്ടിക്കുക എന്ന വിധിയെ തിരസ്കരിക്കേണ്ടി വരികയാണെങ്കില്‍ ഒരിക്കലും ഒന്നും എഴുതരുത്. അങ്ങിനെയെങ്കില്‍പ്പോലും ഈ ആത്മപരിശോധന പാഴായിപ്പോവുകയില്ല. താങ്കളുടെ ജീവിതം അവിടെനിന്നും അതിന്റെ വഴികള്‍ സ്വയം കണ്ടെത്തിയിരിക്കും. നല്ലതും സമൃദ്ധവും വിശാലവുമായ വഴികളായിരിക്കും അവ എന്ന് ഞാന്‍ ആശംസിക്കട്ടെ.

മറ്റെന്തുപറയാന്‍ ? എല്ലാറ്റിനും അതിന്റേതായ യുക്തി ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. മനസ്സുറപ്പോടെ നിശബ്ദമായി വളരുക. വളരുന്ന വഴികളില്‍ ജീവിതത്തിനെ നാം ഏറ്റവും ബലാല്‍ക്കാരമായി അസ്ഥിരപ്പെടുത്തുന്നത് പ്രതിവചനങ്ങള്‍ അന്വേഷിച്ചും കാത്തിരുന്നുമാണ് ; മൂകതീക്ഷ്ണമായ നിമിഷങ്ങളില്‍ ആത്മനാ തെളിയാവുന്ന ഉത്തരങ്ങള്‍ക്കുവേണ്ടി പുറമേ അന്വേഷിച്ചുകൊണ്ട്.

പ്രൊഫെസര്‍ ഹൊറാസെകിനേക്കുറിച്ച് കത്തില്‍ സൂചിപ്പിച്ചതില്‍ വളരെ സന്തോഷമുണ്ട്. ദയാലുവും പ്രബുദ്ധനുമായ ആ വ്യക്തിയോട് വര്‍ഷങ്ങളായി എനിക്ക് അപാരമായ ആദരവും നന്ദിയുമുണ്ട്. അദ്ദേഹം എന്നെ ഓര്‍ത്തതില്‍ അതിയായ സന്തോഷം തോന്നുന്നു എന്നറിയിക്കുമോ.

എന്നെ ഏല്‍പ്പിച്ച കവിതകള്‍ തിരിച്ചയക്കുന്നു. താങ്കളുടെ ചോദ്യങ്ങള്‍ക്കും എന്നിലുള്ള ആത്മാര്‍ത്ഥമായ വിശ്വാസത്തിനും ഒരിക്കല്‍ക്കൂടി നന്ദി. അവയ്ക്ക് എന്നാലാവും വിധം സത്യസന്ധമായി ഉത്തരം പറഞ്ഞ് തീര്‍ത്തും അപരിചിതനായ ഒരു വ്യക്തി എന്ന നിലയില്‍ നിന്നും അല്പം കൂടിയ അര്‍ഹത എനിക്ക് കൈവരുത്താന്‍ ശ്രമിക്കുകയായിരുന്നു.

Rilke, Letters to a young poet, Stephen Mitchell translation can be read here

Friday, September 11, 2009

വെര്‍ച്ച്വല്‍

ദൂരെ കണ്ണെത്താവുന്നത്രേം പച്ചയായ ഒരു താഴ്വാരത്തിലേക്കാണ് ഞാന്‍ കണ്ണു തുറന്നത്. ഇതെന്താ ഇങ്ങനെ? മുറിയില്‍ക്കിടന്നല്ലെ ഉറങ്ങിയത്? എന്റെ മുറി, നഗരത്തിന്റെ നടുക്ക് രാവും പകലും വാഹനങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദം കേള്‍ക്കുന്ന വലിയ അപാര്‍റ്റ്മെന്റിലെ പതിമൂന്നാം നിലയിലുള്ള ഫ്ലാറ്റിലെ കൊച്ചുമുറി? ചാരനിറത്തില്‍ അങ്ങിങ്ങ് നനവിന്റെ പാടുകള്‍ വികൃതമാക്കിയ ചുമരുകള്‍ കൈയ്യെത്തിയാല്‍ തൊടാന്‍പറ്റാറുള്ളതാണല്ലോ. അഞ്ചുമണിക്കുള്ള അലാം അടിച്ചില്ലെ, കേള്‍ക്കാഞ്ഞതാണോ? ഇന്ന് പ്രധാനപ്പെട്ട് മീറ്റിങ്ങ് ഉള്ളതാണ്, പത്തുമണിക്ക്. ഒന്‍പതിനിറങ്ങണം. കുട്ടികളുടെ സ്കൂള്‍ബസ് ഏഴുമണിക്ക് വരും. ഭാര്യക്കും ജോലിക്ക് പോവണം. അഞ്ചു നിമിഷം പോലും പാഴാക്കാനാവാത്ത സമയമാണ്. കണ്ണു തുറക്കുമ്പോള്‍ എന്നും കാണുന്ന ഇരുണ്ട ബെഡ്രൂം ലാമ്പിന്റെ വെളിച്ചം എവിടെ? ഇത്രേം പച്ചനിറം ഇതെന്താ ചുറ്റിനും? എത്ര തുറന്നിട്ടും കാണാനുള്ളതൊന്നും കാണുന്നില്ലല്ലൊ ഈശ്വരാ... കാണുന്നത് ഒരു കാന്‍വാസ് ആണ്, കടും പച്ച മല, മലയിടുക്കുകളിലൂടെ ഒഴുകി വരുന്ന വെള്ള വരപോലെ ഒരു നദി. ഇടക്കൊരിടത്ത് അത് താഴോട്ട് കമഴ്ന്നു തെറിച്ചു വീഴുന്നുണ്ട്. ഇത്രയടുത്തായിട്ടും ശബ്ദമില്ലാതെ. കാന്‍വാസിന്റെ മലയല്ലാത്ത ഭാഗം മുഴുവന്‍ നീലാകാശമാണ്. ഇത്രയും നീലയായ ആകാശമോ?

ഇത് എന്റെ മുറിയില്‍ ചുവരില്‍ തൂക്കിയിരുന്ന കാന്‍വാസ് അല്ലെ? ഉണര്‍ന്നിട്ടും കണ്ണുതുറക്കാന്‍ കഴിയാത്തതെന്താ? ബാക്കിയുള്ളവര്‍ ഉറങ്ങുന്നതിന്റെ പതിഞ്ഞ ശ്വാസം എനിക്ക് കേള്‍ക്കുന്നുണ്ട്, നെഞ്ചിനോട് ചേര്‍ന്ന് ഭാര്യയുടെ ശ്വാസം, കുഞ്ഞുമോന്റെ ഉറക്കത്തിലെ കുറുകുറുപ്പും കൂടെ കേള്‍ക്കാം. പക്ഷെ അവരങ്ങു ദൂരെയെവിടെയോ ആണെന്നപോലെ. ഈ മലഞ്ചെരുവില്‍ നിന്ന് നോക്കിയാല്‍ എനിക്ക് ദൂരെക്ക് ദൂരെക്ക് പച്ച മാത്രമേ കാണുന്നുള്ളു. എത്ര കണ്ണെത്തിച്ചിട്ടും ഇരുണ്ട ബെഡ്രൂമലാംബിന്റെ വെളിച്ചത്തില്‍ മൂടിപുതച്ചുറങ്ങുന്ന എന്റെ മുറി കാണുന്നില്ല. പിനോക്കിയോയുടെ ചിത്രമുള്ള ഇളം നീലപ്പുതപ്പുപുതച്ചുറങ്ങുന്ന മക്കളെയും, അവരെകെട്ടിപ്പിടിച്ചുറങ്ങുന്ന ഭാര്യയെയും കാണുന്നില്ല.
പേടി വിറയലായി, വിയര്‍പ്പായി പടരുന്നു ശരീരത്തിലേക്ക്. ഞാന്‍ ഈ പച്ച കാന്‍വാസില്‍ നില്‍ക്കുന്നതെന്തിനാ? കാലുകള്‍ വലിച്ചു വച്ച് ഓടിയിറങ്ങിക്കൂടെ.

ലൈറ്റിന്റെ സ്വിച്ച് ഇടുന്ന ശബ്ദം. എഴുന്നേറ്റില്ലെ എന്ന് ഭാര്യ ചോദിക്കുന്നു. ആരോട്? ഞാന്‍ അവിടെയില്ലല്ലോ? ആരെയാണ് കുലുക്കി വിളിക്കുന്നത്? എന്തിനാണ് നിലവിളിക്കുന്നത്? കുട്ടികള്‍ ഉണരില്ലെ? പതുക്കെ...അവരു പേടിക്കില്ലെ? അവരും അച്ഛാ അച്ഛാ എന്നു വിളിച്ച് കരയുന്നതെന്തിനാ? എന്നെക്കാണാഞ്ഞാണോ? കാണാനില്ലയെങ്കില്‍ അന്വേഷിക്കണ്ടെ? മുറിക്കു പുറത്തൊ, ബാത്രൂമിലോ, വീടിനു വെളിയിലോ? ഞാന്‍ അവിടെ ഉണ്ടെന്ന ബോധ്യത്തില്‍ വിളിച്ചു കരയുകയാണ് അവര്‍. ഇതെന്താ, എഴുന്നേല്‍ക്ക്, എന്താ പറ്റിയത് എന്നൊക്കെ ചോദിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച് അവിടെതന്നെയിരുന്ന് നിലവിളിക്കുകയാണ് ഭാര്യ. എഴുന്നെറ്റ് എവിടെയും നോക്കുന്നില്ല ആരും. ഈ ശബ്ദരേഖ ഒന്നു നിര്‍ത്തിയിരുന്നെങ്കില്‍ എനിക്ക് വിളിച്ചുപറയാമായിരുന്നു ഞാന്‍ ഇവിടെയുണ്ടെന്ന്. അതിനു ഞാന്‍ എവിടെയാ? ഈ കാന്‍വാസിലോ? ഇതിനകത്താണെങ്കില്‍ എനിക്ക് മുറിയിലെ ദൃശ്യം കാണാത്തതെന്താ? ചുമരില്‍ പതിപ്പിച്ച കാന്‍വാസിനകത്ത് ഈ പച്ച മല ഇങ്ങനെതന്നെ കാണുമോ?

മുറിയില്‍ ഭാര്യ ഫോണ്‍ എടുക്കുന്നു. ആരോടൊ കരയുന്നു. ഒരു കുഴപ്പവുമില്ലാതെ കിടന്നുറങ്ങിയതാ...എന്ന് ആവര്‍ത്തിക്കുന്നു. ഉടനെ വരണേ എന്നു കെഞ്ചുന്നു. അടുത്ത ഫ്ലാറ്റിലെ ഡോക്ടര്‍ ആണ്. അയാള്‍ വന്നാല്‍ എങ്ങനെ എന്നെ കാണും? കുട്ടികള്‍ ഏന്തിക്കരയുന്നുണ്ട്. ഇന്നവരുടെ സ്കൂള്‍ ബസ് പോകും. സമയം എത്രയായി ആവോ?

എത്ര കഴിഞ്ഞാ ഡോക്റ്റര്‍ വന്നത്. കാല്‍പ്പെരുമാറ്റവും പിറുപിറുപ്പുകളും കേള്‍ക്കാം. അയാള്‍ കട്ടിലില്‍ ഇരുന്ന് കുറച്ചുകഴിഞ്ഞ് എഴുന്നേറ്റു. ശബ്ദം ഉയര്‍ത്താതെ അവളോട് എന്തോ പറയുന്നുണ്ട്. അടക്കിപ്പിടിച്ച ഒരു കരച്ചില്‍ കേട്ടത് ഭാര്യയുടെയാണോ? എന്നെയൊന്ന് ആരെങ്കിലും അന്വെഷിച്ചു വന്നിരുന്നെങ്കില്‍! ഇവിടെ നിന്ന് ഇറങ്ങി ആ ദൃശ്യത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍. ഒന്നുമില്ലെങ്കില്‍ ആളനക്കം കേള്‍ക്കുന്ന ആ മുറിയില്‍ ആരെയെങ്കിലും കാണാനെങ്കിലും ആയിരുന്നെങ്കില്‍ . ഇതൊരു പൊട്ടിയ കാന്‍വാസാണ്. ഒടിഞ്ഞുപോയ ഒരു ആണിയിലാണ് ഇതു ചുമരില്‍ തൂങ്ങുന്നത്. വീണുപോയാല്‍ താഴെ കട്ടിലില്‍ ഉറങ്ങുന്ന കുഞ്ഞുങ്ങളുടെ ദേഹത്തു വീഴും എന്ന് ഭയന്ന് എടുത്തു കളയണം എന്ന് എത്രവട്ടം ഓര്‍ത്തതാണ്? കാണാനാവാത്ത എന്റെ വീടിന്റെ ചിത്രത്തിലേക്ക് ഏതു വഴിക്ക് ഓടിയാലാവും എത്തുക?

പച്ച നിറത്തിന്റെ മുകളിലൂടെ ഓടി. ഓടിയാലും നീങ്ങാത്തതുപൊലെ ദൃശ്യത്തിനകത്ത് വട്ടം കറങ്ങുകയാണോ? ഒരു ഇരുണ്ട മുറിയിലെ ശബ്ദങ്ങളും കൊണ്ട് നിശബ്ദമായ ഒരു താഴ്വാരം മുഴുവന്‍ ഓടി. ശബ്ദം കേള്‍ക്കുന്ന എന്റെ പ്രിയപ്പെട്ടവരുള്ള ഇടത്തേക്ക് എത്തുന്നതെങ്ങിനെയാണ്? പെട്ടെന്നാണ് ഒരു കാര്യം മനസ്സിലായത് അവരെ കാണുന്നില്ലെങ്കിലും അവര്‍ തൊടുന്നത് ഞാന്‍ എങ്ങിനെയോ അറിയുന്നുണ്ട്. പഞ്ഞിപോലെ എന്തോ ഉരസുന്നതുപോലെ രണ്ടു കവിളിലും തണുപ്പ് തോന്നുന്നത് മോളുടെ കയ്യല്ലെ? വലംകൈക്കുള്ളില്‍ ഞെരിഞ്ഞമരുന്നത് അവളുടെ കയ്യല്ലെ? കാണാന്‍ കഴിയാത്ത, കേള്‍ക്കാനും അനുഭവിക്കാനും മാത്രം കഴിയുന്ന ഏതു ലോകത്തേക്കാണ് ഞാന്‍ എത്തപ്പെട്ടിരിക്കുന്നത്?

ഓടിയതു മതിയാക്കി. കിതച്ചണച്ച് ഇരുന്നു. എന്താണ് അനുഭവിക്കുന്നതെന്ന് അറിഞ്ഞേ മതിയാവൂ. അതേ വഴിയുള്ളു. എന്റെ ശരീരം വല്ലാതെ പൊള്ളുന്നുണ്ട്. അതായത് എന്നെ തലവഴി മൂടിപ്പുതപ്പിച്ചിരിക്കുന്നു. മുറിയില്‍ നിലത്തു കിടത്തിയിരിക്കുകയാണ്, കാലുകള്‍ നീട്ടിവലിച്ച് കമ്പികള്‍ പൊലെ അനക്കാനാവാത്ത വിധം കൂട്ടികെട്ടിവച്ചിരിക്കുന്നു. കയ്യും ഉടലും മരം പോലെ ഉറച്ചിരിക്കുന്നു. മുറിയില്‍ നിറയെ ചന്ദനത്തിരിയുടെ ഗന്ധം. ആളുകളുടെ അടക്കം പറച്ചില്‍ , അറിയുന്ന ശബ്ദങ്ങള്‍ , അറിയാത്തവയും. ഇതൊക്കെ അനുഭവിക്കാവുന്ന അകലത്തിലായിട്ടും എനിക്കതിലേക്ക് കണ്ണുതുറക്കാനാവുന്നില്ലല്ലോ. തുറക്കാവുന്നത്രെയും തുറന്നുപിടിച്ച കണ്ണുകള്‍ക്കു മുന്നില്‍ നിശ്ചലമായ ഒരു കാന്‍വാസ് മാത്രം. കണ്ണിന്റെയും കാതിന്റെയും ഉടലിന്റെയും അനുഭവങ്ങള്‍ കീറിമുറിച്ചെടുത്ത് വെവ്വേറെയാക്കിയതു പോലെ. പലരും തൊട്ടും കെട്ടിപ്പിടിച്ചും ഇരുന്നിട്ടും ഒരു മരക്കഷ്ണമോ ഇരുമ്പുകമ്പിയോ പൊലെ ഞാന്‍ കിടക്കുകയാണ്.

സ്പര്‍ശം അറിഞ്ഞിട്ടും ഒരു ചിത്രത്തിനു വെളിയില്‍ എന്നതുപോലെ നില്‍ക്കുകയാണ് ഞാന്‍ . തണുപ്പ് അരിച്ചുകയറുന്നതുപോലെ എന്തൊരു നിര്‍വികാരതയാണ് ശരീരത്തില്‍ പടരുന്നത്? എന്റെ ഉടലും അവയവങ്ങളും ഒക്കെ സ്വയം ചിന്തിച്ചുതുടങ്ങിയതു പോലെ. ഇത്രയും കാലം അവയെ നിയന്ത്രിച്ചിരുന്ന എന്റെ മനസ്സ് അവ വേണ്ടെന്നു വച്ചതുപോലെ. പകരം ഞാനൊരു നൂറായിരം മനസ്സായി ചിന്നിച്ചിതറുന്നു. വിരല്‍നഖം പോലും സ്വന്തമായി ചിന്തിക്കുന്നു. ഈ ഒരു കാന്‍വാസിനകത്ത് ഇത്രെയേറെ സാധ്യതകളുണ്ടായിരുന്നോ? വെറും നിറങ്ങള്‍ മാത്രം കടുപ്പിച്ച് വാരിപ്പൂശിയ ഒടിഞ്ഞു വീഴാറായ ഈ പഴയ കാന്‍വാസില്‍ ജീവനുണ്ടായിരുന്നു എന്നോ?

എനിക്ക് ഈ ശബ്ദമൊന്ന് നിലച്ചുകിട്ടിയാല്‍ മതിയായിരുന്നു. ഒരു ലോകത്തിന്റെ ശബ്ദവുമായി മറ്റൊരു ലോകത്ത് ജീവിക്കുന്നതെങ്ങനെയാ? ഏതോ ഒരു ശബ്ദം അലറിവിളിച്ച് കരയുന്നുണ്ട്. ചെവി തനിയേ ശബ്ദത്തിലേക്ക് കൊട്ടിയടച്ചു. ശബ്ദം അകന്നകന്നുപോയി. പച്ചപ്പരവതാനിപോലെയുള്ള ഒരു പുല്‍ത്തകിടിക്കുമേലെയാണ് ഞാന്‍ ഇരിക്കുന്നത്. ഇവിടെ കാറ്റു വീശുന്നുണ്ട്. മണമുള്ള കാറ്റ്. കണ്ണുകള്‍ തുറക്കുംതോറും കണ്ണു തന്നെ പച്ചയാവുകയാണെന്നു തോന്നും. പച്ചയിലേക്കലിഞ്ഞലിഞ്ഞു പോകുന്ന കണ്ണുകള്‍ . ശരീരം പുല്‍ത്തകിടിയിലേക്ക് തനിയെ ചാഞ്ഞു. എന്തൊരു സുഖമുള്ള തണുപ്പ്. ശരീരം ഉറങ്ങുന്നു. മനസ്സ് ഒരു കൊച്ചുകുട്ടിയേ എന്നപോലെ ശരീരത്തെ തട്ടിയുറക്കുകയാണ്.


ആരൊക്കെയോചേര്‍ന്ന് എന്നെ എടുത്തുകൊണ്ടു പോവുകയാണെന്ന് മനസ്സിലായപ്പോഴെക്കും, കാണാന്‍ കഴിയാത്ത ഏതോ ചൂടിലേക്ക് കിടത്തിയപ്പോഴെക്കും പേടിപ്പിക്കുന്ന ഒരു സ്വപ്നം അവസാനിച്ചുതുടങ്ങുന്നതുപോലെ ഉറക്കം ശാന്തമാവുന്നത് ഒരു നിമിഷത്തേക്ക് അറിഞ്ഞു. പതുക്കെ പതുക്കെ ശബ്ദങ്ങള്‍ നിലച്ചു, അനക്കങ്ങളും. ഞാന്‍ ചിത്രത്തിലേക്ക് ചുറ്റും നോക്കി. അതേ പച്ച, നീല, മല.

ഇപ്പോള്‍ ഞാന്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ഇരിക്കുകയാണല്ലോ. ഇവിടെ ഒരു മരമുണ്ടായിരുന്നോ? ഇതൊരു ചന്ദനമരമാണൊ? പച്ചയില്‍ നിന്ന് മരം വേര്‍പെട്ട് തെളിഞ്ഞതെപ്പൊഴാണാവോ? മരം നില്‍ക്കുന്നിടത്തുനിന്ന് തുടങ്ങുന്ന ഒരു വഴിയും ഉണ്ട്. ഇരുവശവും വെട്ടിനിരപ്പാക്കിയപൊലെ ഒരേ നിറമൊപ്പിച്ച പുല്‍ത്തകിടിയാണ്. ഇപ്പോ പെയ്ത മഞ്ഞിന്റെ ഈര്‍പ്പം എന്റെ വിരലുകള്‍ തൊട്ടുനോക്കി, നാവ് രുചിച്ചുനോക്കി. വഴിക്കരികില്‍ പരുത്തിച്ചെടികള്‍ വരിവരിയായി നില്‍ക്കുന്നതുകൊണ്ട് പഞ്ഞിപാറിക്കളിക്കുന്നുണ്ട് ഇവിടം മുഴുവന്‍ . ആള്‍ത്താമസമുണ്ടാവും.
ആകാശത്തിന്റെ നീലക്ക് കടുപ്പം കുറഞ്ഞു തുടങ്ങി. നെര്‍ത്തു നേര്‍ത്ത് അകലേ വെളുത്തമേഘങ്ങള്‍ കാണുന്നുണ്ട്.

ഇനി ഇവിടത്തെ ശബ്ദങ്ങള്‍ കേട്ടുതുടങ്ങുമായിരിക്കും. കിളികള്‍ ചിലയ്ക്കുന്നത്, വെള്ളം വീഴുന്നത്...

Wednesday, September 2, 2009

വചനാസക്തി

ക്രൂരവും ഇരുണ്ടതും തൊടുന്നവരെയൊക്കെ നിന്ദിക്കുന്നതുമായ തമാശകളുണ്ട്, അതു വേറെ വിഷയം. പക്ഷെ നിര്‍ദ്ദോഷമായ ചില തമാശകളോ? ആരെയും അപമാനിക്കാത്ത,ആരോടും സഹതപിക്കാത്ത ഒരു ഫലിതം ആരോടാണ് സംസാ‍രിക്കുന്നത്? ചിരിക്കു പുറകിലെ വേദന ചാപ്പ്ലിന്റെ ആത്മകഥയില്‍ കണ്ടു. പക്ഷെ മിലാന്‍ കുന്ദേരയുടെ ഫലിതം ( The Joke) എന്തോ എന്നെ ചിരിപ്പിക്കുകയുണ്ടായില്ല തീരെ. ചിരിക്ക് പിന്നിലെ മന:ശ്ശാസ്ത്രം അധികാരത്തിന്റെയാണെന്ന് കണ്ടു ഈയിടെ മറ്റെവിടെയോ.ചിരി വ്യക്തിക്കെതിരെയോ ലോകത്തിനെതിരെയോ തനിക്കുതന്നെ എതിരെയോ ആവട്ടെ ചിരിക്കുന്നവന്‍ എപ്പോഴും സംഭവവശാല്‍ ഒരു പടി മുകളില്‍ ആകുന്നു. ഒരു തമാശ ഉന്നം വയ്ക്കുന്നത് എപ്പോഴും കേള്‍വിക്കാരന്റെ ചില അറിവില്ലായ്മയെ ആണ്. ഫലിതം ഒരു വാചകമോ, പ്രബന്ധമോ ജീവിതം തന്നെയോ ആയിക്കോട്ടെ, അതിന്റെ ക്ലൈമാക്സ് എന്തായിരിക്കും എന്നറിയാത്തവന്റെ അജ്ഞതയുള്ളോടത്തോളം മാത്രമേ ഏതു തമാശയ്ക്കും നിലനില്‍പ്പുള്ളു. ചിരി അധികാരത്തിന്റെ ലക്ഷണമാവുന്നത് അങ്ങിനെയാവണം. അതുകൊണ്ട് ചിരിക്കുന്ന ചാപ്ലിന്‍ പിന്നീട് നമ്മെ ആത്മകഥയില്‍ കരയിപ്പിക്കുമ്പോളും അധികാരശ്രേണിയില്‍ മാറ്റമുണ്ടാവുന്നില്ല. എല്ലാമറിഞ്ഞും ചിരിച്ചവനും കരഞ്ഞവനുമായി ചാപ്ലിന്‍ തന്നെയാണ് അപ്പോഴും മുന്നില്‍.

ലുദ്വിക്ക് അങ്ങനെയല്ല. ലുദ്വിക്ക് ഴാന്‍ സ്വയം ഒരു തമാശയാവുകയാണ്. നമ്മില്‍ പലരെയും പോലെ
മറ്റൊരു ദൃഷ്ടിക്ക് തമാശയാവുകയാണ് കുന്ദേരയുടെ കഥാപത്രങ്ങള്‍ പലരും. 1967ല്‍ പുറത്തിറങ്ങിയ നോവല്‍ ഇന്നും തമാശയാവുന്നതാണ് ഏറ്റവും ദു:ഖകരം. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീഴുന്ന ചെക്കൊസ്ലോവാക്കിയയില്‍ പ്രേഗില്‍ പാര്‍ട്ടിയില്‍ നിന്ന് പുറംതള്ളപ്പെട്ട ലുഡ്വികിന്റെ ജീവിതത്തിലെ തമാശകളാണ് നോവലിന്റെ പ്രമേയം. ഗോര്‍ക്കിയുടെ ദി മദര്‍ തൊട്ടിങ്ങോട്ട് പ്രോലിറ്റേറിയറ്റിന്റെ എത്ര ഭാവങ്ങള്‍ കഥകളാക്കപ്പെട്ടിട്ടുണ്ട്? സമഗ്രാധിപത്യങ്ങള്‍ക്കെതിരെ പോരിനിറങ്ങിയവര്‍ പിന്നീട് സ്വയം ‘അയുക്തികമായ അധികാരം’* എന്ന കെണിയിലേക്ക് വീഴുന്നത് ആദ്യം അറിഞ്ഞതും രേഖപ്പെടുത്തിയതും യൂറോപ്പ്യന്‍ ഫിക്ഷന്‍ തന്നെയായിരിക്കണം. പാര്‍ട്ടിയുടെ അപ്രമാദിത്വത്തിന് കുരുടനായ വിശ്വാസിയേപ്പോലെ വഴങ്ങുന്നവരെയും, നിര്‍ഭയരായ നിഷേധികളെയും, വിഭ്രാന്തമായ വിഷാദത്തിലേക്ക് വീഴുന്ന വിപ്ലവകാരികളെയും എത്ര കണ്ടിരിക്കുന്നു! മധ്യയൂറോപ്പിലെ പല തലമുറകള്‍ പങ്കുവച്ച ഒരു വിഷാദരോഗമായിരുന്നു ഈ പ്രമേയം എന്ന് കുന്ദേര തന്നെ പിന്നീട് ഏറ്റു പറഞ്ഞതുകൊണ്ട് നോവലിന്റെ ചീഞ്ഞുനാറിയ പ്രത്യയശാസ്ത്ര ചവറില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെടുന്നു. കുന്ദേരയുടെ നോവലിന്റെ പ്രത്യയശാസ്ത്രത്തെ പാടെ അവഗണിക്കുക എന്നതും ഒരു രാഷ്ട്രീയം. പൂര്‍ണ്ണമായും ഏതെങ്കിലും ഐഡിയോളജിയുമായി പൊരുത്തപ്പെടുന്നവനല്ലെ യഥാര്‍ത്ഥത്തില്‍ ഏറ്റവും വലിയ അരാഷ്ടീയവാദി? എന്റെ പൊരുത്തക്കേടുകളാണ് എന്നെ ലുദ്വിക്കിന്റെ ജീര്‍ണ്ണിച്ച തമാശകള്‍ കേട്ട് കരയിപ്പിച്ചത്. വിഷം പുരട്ടിയ വിരല്‍നഖങ്ങള്‍ കൊണ്ട് ഹൃദയം തുരന്ന് കാണിക്കും ചില തമാശകള്‍.

അതുകൊണ്ട് “ശുഭാപ്തിവിശ്വാസം ജനതയുടെ മയക്കുമരുന്നാണ്. സ്വസ്ഥമായ ഇടങ്ങളില്‍ നിന്ന് വിഡ്ഢിത്തത്തിന്റെ ദുര്‍ഗ്ഗന്ധം വമിക്കുന്നു. റ്റ്രോറ്റ്സ്കി നീണാള്‍ വാഴട്ടെ” എന്ന് ലുദ്വിക്ക് പോസ്റ്റ്കാര്‍ഡില്‍ കൂട്ടുകാരിക്ക് എഴുതി അയക്കുന്ന വിലകുറഞ്ഞതമാശയെ പാടെ വിസ്മരിച്ച് ലുദ്വിക്കിന്റെ ജീവിതത്തിലെ തമാശകളിലേക്ക് കടക്കാം. നാലു ദൃഷ്ടികോണില്‍ നിന്നാണ് കഥ വിടരുന്നത്. ലുദ്വിക്, ഹെലെന, കോസ്റ്റ്ക, യാറൊസ്ലാവ് എന്നീ നാലുപേരുടെ വീക്ഷണങ്ങളിലൂടെ പടിപടിയായി മുന്നോട്ടു വരുമ്പോള്‍ വായനയില്‍ തകര്‍ന്നു വീഴുന്നത് പ്രധാനമായും നാലു തമാശകളാണ്, പ്രത്യയശാസ്ത്രം, മതം, സംസ്കാരം, ഒടുവില്‍ സ്നേഹം പോലും ഒരു കുത്തൊഴുക്കില്‍ ഒലിച്ചുപോകുന്നു. ബാക്കിയുള്ളത് ഒരു മനുഷ്യനാണ്, ഏകാകിയായ, ദയനീയമായി പരാജയപെട്ട, പൂര്‍ണ്ണമായും ഞെരിച്ചമര്‍ത്തപ്പെട്ട ആ മനുഷ്യന്‍ ജീവിതത്തില്‍ നിന്ന് തമാശയെ ഇഴപിരിച്ചെടുക്കുമ്പോള്‍ ചിരിയുടെയും കരച്ചിലിന്റെയും ഉറവിടം സത്യത്തില്‍ ഒന്നു തന്നെയാണെന്ന് തോന്നി.

ലുദ്വികിനെ വ്യത്യസ്തനാക്കുന്നതായി അയാള്‍ സ്വയം വിലയിരുത്തുന്ന ഒന്നുണ്ട്. അയാളുടെ നിഗൂഢമായ ചിരി. യാറൊസ്ലോവിന് സംഗീതവും കൊസ്ത്കയ്ക്ക് ദൈവവും ഇതു തന്നെയാണ്. സ്വയം നിര്‍വ്വചിക്കാന്‍ ഓരോരുത്തരും കണ്ടുപിടിക്കുന്ന ചെപ്പടിവിദ്യകള്‍ . കഥകളൊക്കെ സര്‍വ്വനാശങ്ങളുടെ പാതയിലൂടെ പോയി തകര്‍ന്നു തരിപ്പണമാവുമ്പോഴും, എല്ലാ വിശ്വാസങ്ങളും കൈവിട്ടുപൊയിട്ടും വല്ലാത്തൊരു നിഷ്കളങ്കമായ അനുകമ്പയുടെ തലത്തിലാണ് ലുദ്വിക് എത്തിച്ചേരുന്നത്. ഒരു ദൈവത്തിനും ശാസ്ത്രത്തിനും വിശ്വാസ്ത്തിനും കൈപിടിച്ച് കയറ്റാനാവാത്ത തലമാണ് അത്. തനിയേ അടിപതറി, വെറുത്തും അറിഞ്ഞും പകപോക്കിയും പശ്ചാത്തപിച്ചും ഓരോരുത്തരും എത്തിച്ചേരേണ്ട അനുഭവത്തിന്റെ പാളി.

ആത്മനിന്ദയുടെ ഏറ്റവും കടുത്ത അദ്ധ്യായങ്ങളിലൂടേ നടന്നുകയറുന്ന ഹെലെന എന്ന കഥാപാത്രത്തിനാവട്ടെ മരണം പോലും നിഷേധിക്കപ്പെടുന്നത് ക്രൂരമായ ഒരു തമാശയിലൂടെയാണ്. ഇത്രയും ഭീകരമായി ആത്മഹത്യ എന്ന തമാശയ്ക്കു നേരെ പല്ലിളിച്ചുകാണിക്കാന്‍ കഴിയില്ല. വിഷം എന്നു കരുതി നിര്‍ണ്ണായകമായ ഘട്ടത്തില്‍ ഹെലെന വിഴുങ്ങുന്നത് ലാക്സേറ്റിവ് ആകുന്നതല്ല അത്. അതിനുമപ്പുറം ജീവിതം കൊണ്ട് സ്വയം നിന്ദിച്ചയത്രയും ഹെലെനയ്ക്ക് മരണത്തിലൂടെ ഒന്നും നേടാനില്ല എന്നതായിരിക്കണം തമാശ!

അസഹ്യമായ സര്‍വ്വജ്ഞാനിത്വം ( unbearable all-knowingness ;) കൊണ്ട് ചിലരെയൊക്കെ പിന്‍തിരിപ്പിച്ചിട്ടുള്ള കുന്ദേരയുടെ ആദ്യത്തെയും ഒടുക്കത്തെയും ഫലിതമായിരിക്കണം The Joke. ഐഡിയളോജിയില്‍ നിന്ന് ഫിക്ഷനിലെക്ക്, തീര്‍പ്പുകളില്‍ നിന്ന് അവ്യക്തതകളിലേക്ക്, നിശ്ചിതമായ സന്ദേശങ്ങളില്‍ നിന്നും അനിയതമായ ഐറണികളിലേക്ക് വരാലിനെപ്പോലെ വഴുതി വീഴുക എളുപ്പമല്ല. സാഹചര്യത്തിന്റെ സന്ദിഗ്ദ്ധത അനുഭവിക്കുക എന്നതായിരിക്കും എഴുത്തിന്റെ ധര്‍മ്മം. ചരിത്രത്തിലെ ആദ്യത്തെ പാപ്പിയോണ്‍ ക്രിസ്തുവാണെന്ന് സക്കറിയ എവിടെയൊ പറഞ്ഞിട്ടുണ്ട്. കുരിശിലെക്ക് രക്ഷപ്പെട്ട ഒരുവനെ വെറുതെ വിടാതെ പിന്‍തുടര്‍ന്ന് അവന്റെ സങ്കല്പജല്പനങ്ങളെ വചനങ്ങളും മൊഴികളുമാക്കി എല്ലാ ചോരക്കളികള്‍ക്കും വിപ്ലവങ്ങള്‍ക്കും ആധാരമാക്കി സ്വപ്നാടകരുടെ ലോകത്തു നിന്ന് അവനെ ഭ്രഷ്ടാക്കിയ ചിലര്‍ തന്നെയാണ് ഇന്ന് വേഷം മാറി പ്രത്യയശാസ്ത്രം പ്രസംഗിക്കുന്നത്. വിശ്വാസിയും അവിശ്വാസിയും യഥാര്‍ത്ഥത്തില്‍ ഒന്നു തന്നെയാണ്.മതവും മതനിഷേധവും ഒന്നാകുന്നതുപോലെ.

* 'irrational authority'-Humanistic vs Authoritarian Ethics in Erich Fromm's Man for Himself

Tuesday, August 11, 2009

ഉത്തരവാദിത്വത്തിന്റെ ഭാഷ

(ഒബാമയുടേ “ബീര്‍ സമ്മിറ്റ്” പരിശ്രമം സത്യസന്ധമായ നീക്കമായിരുന്നെന്നും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ജാതിയുടെയും മതത്തിന്റെയും വ്യത്യസ്തതകളേ സമീപിക്കേണ്ട രീതിയെക്കുറിച്ച് ഈ സംഭവം ചില ഉള്‍ക്കാഴ്ച്ചകള്‍ തരുമെന്നും ബര്‍ക്കാ ദത്ത് ഹിന്ദുസ്താന്‍ റ്റൈംസില്‍ എഴുതിയിരിക്കുന്നതിനെക്കുറിച്ച് ചില തോന്നലുകള്‍)

ഒബാമയുടെ ബീര്‍ സമ്മിറ്റ് എന്നു വിളിക്കപ്പെടുന്ന അനുരഞ്ജനശ്രമം അമേരിക്കയില്‍ ഈയിടെ വംശീയതയെക്കുറിച്ച് ആരോഗ്യകരമായ ചില സംവാദങ്ങളിലേക്ക് നയിച്ചിരുന്നു. കഥയിതാണ്. ഹാര്‍വാഡ് പ്രൊഫെസ്സര്‍ ഹെന്‍റി ഗേയ്റ്റ്സിനെ സ്വന്തം വീട് കുത്തിത്തുറക്കാന്‍ പരിശ്രമിക്കുന്ന വിധത്തില്‍ ജേംസ്
ക്രൌലി എന്ന പോലീസുകാരന്‍ കാണുന്നു. വാഗ്വാദത്തിനൊടുവില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റി ഐഡെന്റിറ്റിക്കാര്‍ഡ് പോലും ചിലവാകാത്ത അവസരത്തില്‍ പോലീസിനോട് തര്‍ക്കിച്ചതിനും ഭവനഭേദനത്തിനും പ്രഫെസ്സര്‍ ‘അകത്താവുന്നു.’ചെറിയ ഒരു തെറ്റിദ്ധാരണ എന്ന് എഴുതിത്തള്ളാവുന്ന സംഭവം. പക്ഷെ ഇവിടെ
കഥാനായകരുടെ വര്‍ഗ്ഗവും വംശവും വിചിത്രമായ രീതിയില്‍ ഉടക്കിനില്‍ക്കുന്നു. ഗേയ്റ്റ്സ് കറുത്തവനും ക്രൌലി വെളുത്തവനും ആണ്. ഗേയ്റ്റ്സ് ഒബാമയുടെ അടുത്ത സുഹൃത്തും അറിയപ്പെടുന്ന അക്കാദമീഷ്യനും, ക്രൌലി സാധാരണ തൊഴിലാളിയും. (ആരു വലിയവന്‍ ആരു ചെറിയവന്‍...)ശേഷം ഉണ്ടായ സംഭവ പരമ്പരയെ ഇങ്ങനെ ക്രമീകരിക്കാം.

1. സാധാരണയായി തന്റെ വംശീയതയെ ഗണനീയമാക്കുകയില്ലാത്ത ഒബാമ “പോലിസിന്റെ ചെയ്തി വിഡ്ഢിത്തമായി” എന്ന് സുഹൃത്തിന്റെ പക്ഷം ചേരുന്നു
2.കേംബ്രിഡ്ജ് പോലീസ് യൂണിയന്‍, ലാറ്റിനോ വംശജരും കറുത്തവരുമായ പോലീസുകാരെ അണിനിരത്തി ക്രൌലിക്ക് അനുകൂലമായി സാക്ഷ്യപ്പെടുത്തുന്നു.
3.ദേശവ്യാപകമായി വിവാദം- ഒബാമയുടെ പ്രസ്താവന ക്ഷുബ്ധവും അതിലഘൂകൃതവും ആയിപ്പോയി എന്നും ഗേയ്റ്റ്സ് വംശീയവെറിക്ക് ഇരയാവുകയായിരുന്നു എന്നും പല വശങ്ങള്‍.
4.തന്റെ പ്രവര്‍ത്തിയേ “മീഡിയ വളച്ചൊടിക്കുന്നു” എന്നു പറഞ്ഞൊഴിയാതെ, ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഒബാമ രണ്ടു പേരെയും, ഗേയ്റ്റ്സ്-ക്രൌലി സൌഹൃദസംഭാഷണത്തിന് (ബീര്‍ മീറ്റ്) വിളിക്കുന്നു
5.ക്ഷമാപണത്തിന്റെയോ പശ്ചാതാപത്തിന്റെയോ നിറം പിടിപ്പിക്കലുകള്‍ ഒന്നുമില്ലാതെ കറുത്തവരും വെളുത്തവരും കൂടുന്നു, പിരിയുന്നു.

1 മുതല്‍ 3 വരെയുള്ള ഘട്ടങ്ങള്‍ ഇന്ത്യയില്‍ സംഭവ്യവും സാധാരണവും ആവുമ്പോള്‍ 3, 4, 5 ശരാശരി ഇന്ത്യന്‍ സാഹചര്യത്തില്‍ അസംഭവ്യമാവുന്നത് എന്തു കൊണ്ടാവും എന്നതാണ് ബര്‍ക്കാ ദത്തിന്റെ വിഷയം. ലേഖനം കാല്‍പ്പനികവും ബാലിശവുമായി തോന്നാമെങ്കിലും നമ്മുടെ സമീപനങ്ങളില്‍ പരക്കെ ഒരു മാറ്റമുണ്ടാവേണ്ടതുണ്ട് എന്നതിനുമപ്പുറം പരസ്പരവിനിമയങ്ങള്‍ക്ക് നമ്മള്‍ ഒരു പുതിയ ഭാഷ തന്നെ പഠിക്കേണ്ടിയിരിക്കുന്നു എന്നതാണ് ഇന്നത്തെ ആവശ്യം എന്ന് ഓര്‍മ്മിപ്പിക്കുന്നു. പഴിചാരലിന്റെയും ചെളിവാരലിന്റെയും കക്ഷിരാഷ്ട്രീയത്തില്‍ മാത്രമായിട്ടോ, പെരുപ്പിക്കലിന്റെയും ഒതുക്കലിന്റെയും മാധ്യമരാഷ്ട്രീയത്തില്‍ മാത്രമായിട്ടൊ ഒരു മാറ്റവും വരില്ല.

ഈയിടെ തൃശൂരില്‍ ഒരു സെമിനാറില്‍ ആഷിഷ് നന്ദി ‘മെരുക്കപ്പെടാത്ത എതിര്‍പ്പിന്റെ ഭാഷ്’യെക്കുറിച്ച് പറയുകയുണ്ടായി. പ്രശ്നം വിഭാഗീയതയില്‍ ഒരിക്കലും ഒരു പക്ഷത്തിന്റെ ഭാഷ മറുപക്ഷത്തിനു മനസ്സിലാവില്ല എന്നതാണ്‍. യുക്തിയുടേ ഏതു ഭാഷ സംസാരിച്ചാലും അതിനെ എതിര്‍ത്തു മെരുക്കുക എന്നത് പക്ഷംചേരലിന്റെ നിയമവും അവകാശവും ആയിത്തീര്‍ന്നിരിക്കുന്നു. വിഭജിക്കപ്പെടുന്നത് വംശത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ സാമ്പത്തികാധികാരത്തിന്റെയോ എന്തിന്റെ പേരിലും ആയിക്കോട്ടെ, എതിര്‍ക്കുന്നവന്റെ ഭാഷ മെരുക്കപ്പെടേണ്ടതാവുന്നത് മറുപക്ഷത്തിന്റെ ആവശ്യമായിത്തീരുന്നു.

ഇവിടെയാണ് ഒബാമയുടെ ചെയ്തിയുടെ അര്‍ത്ഥതലങ്ങള്‍ വ്യക്തമാവുന്നത്. മധ്യതലത്തില്‍ സംവേദനാക്ഷമമായ ഒരു മൌനഭാഷ, ‘സെന്‍സിബിള്‍’ ഭാഷ സംസാരിക്കുകയാണ് ഒബാമ ചെയ്യുന്നത്. ഇങ്ങനെ ഒരു സാധ്യത നിലനില്‍ക്കുന്നുണ്ട് എന്ന സൂചനതന്നെ സ്വാഗതാര്‍ഹമാണ്.

ബര്‍ഖ ദത്ത് പറയുന്നു :

“കറുത്തവനായിരിക്കുക എന്നത് സാര്‍വ്വകാലീകമായി ചൂഷിതരാഷ്ട്രീയത്തിന്റെ നിര്‍വ്വചനങ്ങളില്‍ ഒതുങ്ങുക എന്നല്ല എന്നതുതന്നെയാണ് വംശീയ വാഗ്വാദങ്ങളില്‍ ഒബാമയുടെ സാന്നിധ്യത്തിന്റെ ഏറ്റവും വലിയ പ്രസക്തി. ഇന്ത്യയില്‍ ജാതി, വര്‍ഗ്ഗ, ന്യൂനപക്ഷാവകാശ ചര്‍ച്ചകള്‍ മിക്കവാറും പൊളിറ്റിക്കല്‍ കറെക്റ്റ്നസിന്റെ നിശ്ചലമായ സൈദ്ധാന്തിക ചതുപ്പിലോ വെറുപ്പിന്റെയും മുന്‍വിധിയുടേയും കുരുക്കുകളിലോ ആഴ്ന്നുകിടക്കുന്നു. ഇവ വ്യക്തികളെ പ്രസ്താവിത അവസ്ഥകളില്‍ തളച്ചിടുകയും മദ്ധ്യമാര്‍ഗ്ഗങ്ങളിലേക്ക് ഒരു നീക്കം നിഷേധിക്കുകയും ചെയ്യുന്നു.”

നൂറ്റാണ്ടുകളുടെ ബാധ്യതകള്‍ വീട്ടിതീര്‍ക്കാനുള്ള ജാതീയവും വംശീയവുമായ പുറംതള്ളലുകള്‍ക്കും അവഗണനയ്ക്കും ഒരു ഹസ്തദാനം കൊണ്ടോ പുഞ്ചിരികൊണ്ടോ പരിഹാരമുണ്ടാവുകയില്ല എന്നറിയാം. പക്ഷെ യാന്ത്രീകമായി ചൂഷകന്റെയും ഇരയുടെയും വേഷങ്ങള്‍ ഉള്‍ക്കൊണ്ട്, ആ കെണിയില്‍ നിന്ന് മാനസീകമായി പുറത്തു കടക്കാന്‍ കഴിയാത്ത തലമുറകള്‍ സമൂഹനീതിക്ക് മുന്നില്‍ പുതിയ ചോദ്യങ്ങള്‍ ആവുകയാണ്. അവളെയോ അവനെയോ അതിലേക്കു തന്നെ തള്ളിയിടുന്നത് ഏതു സൈദ്ധാന്തിക നീതിയുടെ പേരിലായാലും ഹീനമാണ്. പലപ്പോഴും ഇരകളും ചൂഷകരും ഒരുമിച്ച് തള്ളിയിടപ്പെടുന്ന പടുകുഴിയാണ് ഏകപക്ഷീയമായ നിലപാടുകള്‍ .

ഈയടുത്ത് ഇവിടെ ഒരു സംഭവമുണ്ടായി. നിയന്ത്രണം വിട്ട ഒരു കാര്‍ ഇടിച്ച് ഇരുപതു വയസ്സുകാരന്‍ ഡ്രൈവറുടെ അശ്രദ്ധമൂലം ഒരു പെണ്‍കുട്ടി മരിച്ചു. സിറ്റി സബര്‍ബില്‍ വല്ലാത്ത അരക്ഷിതാവസ്ഥയില്‍ നിലനില്‍ക്കുന്ന ഒരു ഗ്രാമത്തിന്റെ പരിധിയില്‍ ആണ് സംഭവം. ഗ്രാമവാസികള്‍ പിടിച്ചുപറിക്കാരാണെന്ന്‍ അപാര്‍റ്റ്മെന്റുകളിലും “സേഠ് ലോഗ്” ചൂഷകരാണെന്ന് ഗ്രാമങ്ങളിലും പരക്കെ വേരുപിടിച്ച ധാരണകള്‍ നിലവിലിരിക്കെ സംഭവസ്ഥലത്തുവച്ച് ആക്രമാസക്തരായ ആള്‍ക്കൂട്ടം ഡ്രൈവറുടെ കണ്ണുകള്‍ കുത്തിപൊട്ടിച്ചു. ഇന്ത്യയിലാണ്. ഈ നൂറ്റാണ്ടില്‍ തന്നെയാണ്. ഈക്കഴിഞ്ഞ ദിവസങ്ങളില്‍ തന്നെയാണ് സംഭവം. ഡ്രൈവര്‍ സാമ്പത്തികധികാരമുള്ളവനാണെങ്കിലും മുസല്‍മാനാണ്. ഗ്രാമവാസികള്‍ ചൂഷിതരാണെങ്കിലും ഹിന്ദുക്കളും. ഇത്രയും വച്ച് സംഭവത്തിന്റെ സ്വാഭാവികഗതി മാറുകയും ചെയ്യും. എന്നെ കുഴക്കുന്ന വിഷയം ഈ സംഭവത്തില്‍ ആരാണ് ചൂഷകന്‍, ആരാണ് ഇര എന്നുള്ളതാണ്. ഒരു കൂട്ടം ആക്രമികളില്‍ ‍/ പ്രതികരിക്കുന്നവരില്‍, ക്രിമിനല്‍ വാസനയുള്ള ഒന്നോ രണ്ടോ പേര്‍ കാരണം സന്ദര്‍ഭത്തിന്റെ നീതിക്രമം തന്നെ വളച്ചൊടിക്കപ്പെടുകയാണ്. ഏതൊരു വംശീയവെറിയുടെയും ഉള്‍വേര് ഇതു തന്നെയല്ലെ എന്നും തോന്നിപ്പോവുന്നു. ആഴമുള്ള മുറിവുകളില്‍ നിന്ന് ഉണ്ടാവുന്നതാണ് തീവ്രനിലപാടുകളുടെ രാഷ്ടീയമെങ്കില്‍ ആ മുറിവുകളിലേക്ക് തിളച്ച എണ്ണ കോരിയൊഴിക്കുന്നവരെയല്ലെ ക്രിമിനലുകള്‍ എന്നു വിളിക്കേണ്ടത്? സ്വര്‍ഗ്ഗത്തില്‍ അടിമയാവുന്നതിലും ഭേദം നരകത്തിന്റെ രാജാവായിരിക്കുന്നതാണെന്ന് പറഞ്ഞ് ആദ്യമായി ദൈവത്തോട് കയര്‍ത്ത അഭിമാനിയായ ചെകുത്താന്റെ പേര് ഏതായാലും വിളിക്കാന്‍ വയ്യ. സെക്ഷന്‍ 153 പ്രകാരം പ്രതികരിച്ചതിന് സാത്താന്‍ അകത്താവും. കാരണം മതം, വര്‍ഗ്ഗം, ജാതി ഏതിന്റെയെങ്കിലും പേരില്‍ വിദ്വേഷം വളര്‍ത്തുന്നവര്‍ക്കെതിരെയുള്ള ഈ നിയമം ഈയിടെ ഉപയോഗിക്കപ്പെടുന്നത് തങ്ങള്‍ക്ക് ചിലയിടങ്ങളില്‍ തുല്യാവകാശം ലഭിച്ചില്ല എന്ന് ചൂണ്ടിക്കാണിക്കുക മാത്രം ചെയ്യുന്നവര്‍ക്കെതിരെയാണ്.


നിയമം കൊണ്ട് പരിഹരിക്കാനാവാത്ത സന്ദിഗ്ദ്ധതകളോട് ആക്റ്റിവിസത്തിന്റെ ഭാഷയാണ് സൈദ്ധാന്തികരുടെ യുക്തിഭാഷയല്ല വേണ്ടത് എന്ന് തുറന്നു സമ്മതിക്കുന്ന ആഷീഷ് നന്ദിയും ഒരു ഹസ്തദാനം എന്ന കാപ്പിറ്റലിസ്റ്റ് കോര്‍പ്പറെറ്റ് കൈക്രിയയും ചിലപ്പോള്‍ ആക്റ്റിവിസം ആകും എന്ന് തെളിയിക്കുന്ന ഒബാമയും യഥാര്‍ത്ഥത്തില്‍ ഒരേ ഭാഷയല്ലെ സംസാരിക്കുന്നത്?

**************************

3 comments:

സിമി said...

ഹിന്ദു, മുസ്ലീം എന്നീ തരം തിരിവുകള്‍ കറുത്തവന്‍ / വെളുത്തവന്‍ എന്നീ തരം തിരിവുകളെക്കാളും കടുത്തതല്ലേ? സമൂഹം കല്‍പ്പിക്കുന്ന സെഗ്രഗേഷന്‍ മതത്തിന്റെ പേരിലാവുമ്പോള്‍ നിറത്തിന്റെ പേരിലുള്ളതിനെക്കാളും കഠിനമല്ലേ.
August 9, 2009 10:37 AM
പാര്‍ത്ഥന്‍ said...

സിമി,
മനുഷ്യനെക്കാൾ പ്രാധാന്യം മതത്തിനു കൊടുക്കുന്നതുകൊണ്ടാണ് മനുഷ്യനെക്കുറിച്ച് മറന്നു പോകുന്നത് എന്നു തോന്നുന്നു.
August 9, 2009 4:29 PM
sree said...

സിമി,
തരംതിരിവുകളെ തരംതിരിച്ചു നോക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. മതം നിറത്തേക്കാളും വലിയ സെഗ്രഗേഷനു കാരണമാവുന്നെങ്കില്‍ , ഒരു പക്ഷെ ഇന്ന് ഹിസ്റ്റോറിക്കല്‍ അണ്‍കോണ്‍ഷിയസില്‍ നമ്മള്‍ നിറത്തിന്റെ അതിരുകളെ ഭേദിച്ചു തുടങ്ങി എന്നായിരിക്കുമോ എന്നും തോന്നുന്നുണ്ട്. ഇന്നും തൊലിനിറത്തിന്റെ പേരില്‍ അവഹേളനവും, പീഢനവും, കൊല്ലും കൊലയും വരെ നടക്കുന്നുണ്ട്, ഇല്ലെന്നല്ല. എന്നാല്‍ മതം അതിനും മീതെ ഭയപ്പെടുത്തുന്ന, സെഗ്രഗേറ്റ് ചെയ്യുന്ന ഘടകമായി വളരുന്നുണ്ടെങ്കില്‍ അത് എന്തുകൊണ്ട് എന്ന് ആലോചിക്കുകയല്ലെ വേണ്ടത്? വലിയ വെറുപ്പ് ചെറിയ വെറുപ്പ് എന്നുണ്ടോ? വെറുപ്പ് എന്ന നിലയ്ക്കല്ല സെഗ്രഗേഷനെ കാണേണ്ടത് ഡിഫറെന്‍സ് എന്ന നിലയ്കാണ് എന്ന് മനസ്സിലാക്കാന്‍ മതത്തിന്റെയും നിറത്തിന്റെയും താരതമ്യ പഠനം ഉപകരിക്കുമായിരിക്കും. അത്രേം വരെ അറിയുകയും ബാക്കി ആയുധമാക്കുകയും ചെയ്യുന്ന വിവരമുള്ള ക്രിമിനലുകളെക്കുറിച്ചാണ് ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചത്.

പാര്‍ത്ഥന്‍,
എത്ര പറഞ്ഞാലും അറിഞ്ഞാലും നമ്മള്‍ പിന്നെയും മറക്കുന്ന കാര്യമാണത്. നന്ദി.

Thursday, July 30, 2009

അനിവാര്യമാകുന്ന പാഠങ്ങള്‍

സാഹിത്യം പഠിപ്പിക്കേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ എന്തിന് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായിട്ട് ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ യൂണിവേഴ്സിറ്റികളെക്കൊണ്ട് സ്വയം ചോദിപ്പിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഇക്കഴിഞ്ഞ ദിവസം പത്തുമുപ്പത് ബിരുദവിദ്യാര്‍ത്ഥികളോട് ഒരു നോവല്‍ പഠിക്കുന്നത് എന്തിനാണ് എന്ന് ചോദിക്കേണ്ടി വന്നു. ക്രിറ്റിക്കല്‍ ഇന്റര്‍പ്രെറ്റേഷന്‍, കാരക്റ്റര്‍ അനാലിസിസ്, അനോട്ടേഷന്‍ എന്നൊക്കെയുള്ള ഛര്‍ദികള്‍ കേട്ട് ഓക്കാനിക്കേണ്ടി വരുമായിരുന്നു പണ്ട്. ഇന്ന് കേട്ട ഉത്തരം ഓരോ നോവലും ഒരു പഠനമാണ്, സൃഷ്ടിക്കപ്പെട്ട ഒരു പാഠം ആണ് എന്ന്. ഉദാഹരണമായി ഒരു മിടുക്കി പറഞ്ഞത് ഹാരി പോട്ടര്‍ ഫാന്റസിയുടെയും മാജിക്കിന്റെയും ഒരു പഠനമായിട്ട് സിലബസ്സില്‍ ചേര്‍ക്കാവുന്നതേയുള്ളു എന്നും.

ഇത്രയും പറഞ്ഞത് പഠനം/വായന എന്ന ആശയം തന്നെ മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ഒരു ഉത്തരാധുനിക നോവലിന്റെ നിലനില്‍പ്പ് എത്ര ദുര്‍ഘടം പിടിച്ചതാണ് എന്നു സൂചിപ്പിക്കാനായിരുന്നു. കാനോനീകരിച്ച സാഹിത്യത്തില്‍ നോവല്‍ എന്നും പ്രാന്തവല്‍ക്കരിക്കപ്പെട്ട വിഭാഗമാണ്. പള്‍പ്പ് എന്ന ഓമനപ്പേരുള്ള പോപ്പുലര്‍ ഫിക്ഷന്‍ പഠനയോഗ്യമോ കാനോനീകരമോ അല്ല എന്നായിരുന്നു പഴയ നിയമം. അതിരുകള്‍ ലോപിച്ചു വരുന്ന ഇക്കാലത്ത് ഗര്‍വ്വോടെ സ്വയം പള്‍പ്പ് എന്ന് പ്രഖ്യാപിക്കുന്ന ഒരു പുസ്തകം ഒരു പാഠപുസ്തകത്തിന്റെ ഘടനയില്‍ രൂപം കൊള്ളുക എന്നത് വലിയൊരു സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണ്. “ഡില്‍ഡോ“ ചരിത്രം കുറിക്കുന്നത് ഈ നിലയ്ക്കാണെന്ന് എനിക്ക് തോന്നുന്നു.

“മുന്‍വാക്ക്” എന്ന ആമുഖത്തില്‍ പുസ്തകത്തെ സമീപിക്കേണ്ട രീതികളെക്കുറിച്ച് കഥാകൃത്ത് പറയുന്നുണ്ട്. ഈ പാഠപുസ്തകം പല രീതിയില്‍ വായിക്കാം. അഭ്യാസങ്ങള്‍ ചേര്‍ത്തു പാഠങ്ങള്‍ വായിക്കുകയോ പാഠം വായിച്ചതിനു ശേഷം അഭ്യാസങ്ങളിലേക്ക് തിരിച്ചു വരികയോ ആവാം. ഏതു വിധേന വായിച്ചാലും നിങ്ങള്‍ കരുതിയിരിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, മരണത്തിന്റെ പുസ്തകത്തില്‍ പ്രകൃതി വര്‍ണ്ണനകള്‍ ഉണ്ടായിരിക്കുന്നതല്ല. രണ്ട്. ഒരു നിര്‍വചനത്തെയും വിവരത്തെയും ആധികാരികമായി സമീപിക്കേണ്ടതില്ല. അതായത് മുന്‍വിധികളും ആധികാരികതയും ഒഴിവാക്കിയുള്ള സ്വതന്ത്ര വായന. അറിവും അര്‍ത്ഥവും അനുനിമിഷം പുതിയതായി ഉലപ്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണെങ്കില്‍ ഓരോ വായനയും ഈ പാഠപുസ്തകത്തെ പുനസൃഷ്ടിച്ചു കൊണ്ടിരിക്കും.

“ഡില്‍ഡോ” ആനയിക്കുന്ന സാഹിതീയമായ വെല്ലുവിളികള്‍ പോലെ തന്നെ ശക്തമാണ് വിഷയത്തിന്റെ സങ്കീര്‍ണ്ണമായ സാമൂഹ്യപ്രസക്തി. ഒരേസമയം ലൈംഗീകം എന്നത് സ്വന്തം ലിംഗാത്മകത എന്ന് തത്വത്തില്‍ പുനര്‍നിര്‍വചിക്കപ്പെടുകയും, പാലികാ ബസാറും, ചുവന്ന തെരുവുകളും മറ്റും ഭീകരമായ യാഥാര്‍ത്ഥ്യങ്ങളായി കണ്ണിനുമുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന അഗമ്യമാര്‍ഗ്ഗങ്ങളിലാണ് നമ്മള്‍. ആഖ്യാനത്തിലെ ഉപന്യാസങ്ങളും അഭ്യാസങ്ങളും വിരല്‍ചൂണ്ടുന്നത് പ്രതിസമൂഹങ്ങളുടെ ഭാഷയാവുന്നതും അത് മുന്‍തലമാളുന്നതും അനവതാരികയില്‍ മേതില്‍ സൂചിപ്പിച്ചതു പോലെ വെറുമൊരു വ്യതിയാനമല്ല, ആവശ്യം തന്നെയാകുന്നു. ഓരോ അനുബന്ധവും ഒരു വായനയാകുന്നു. ഓരോ വായനയും ഒരു പാഠവും. പാഠങ്ങള്‍ ഇങ്ങനെയാവാം പഠിക്കേണ്ടത് എന്നോര്‍മ്മിപ്പിച്ചുകൊണ്ട്

ദേവദാസിന്റെ ഡില്‍ഡോ ( ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം) ബുക്ക് റിപബ്ലിക്ക് പുറത്തിറക്കുന്നു. ഇവിടെ ബുക് ചെയ്യാം.

Monday, May 18, 2009

യൂറിഡിസി

ഹേഡ്സ് ഇല്ലായ്മയുടെ സാമ്രാജ്യമാണ്. മരിച്ചവരുടെ ലോകം. അത്രയേ ഏതു കഥയ്ക്കും ആ ലോകത്തെപ്പറ്റി അറിയാവൂ. അറിവു പകര്‍ന്ന് പകരം വാക്കുകളെയും ശബ്ദത്തെയും തിരിച്ചെടുക്കുന്ന ലോകത്തെക്കുറിച്ച് ആരെന്തുപറയാന്‍? കുറച്ചു നാള്‍ കണ്ണില്‍ തങ്ങിനിന്ന ഒരു സ്വപ്നം പോലെ ജീവിതത്തെ ഓര്‍ത്തെടുക്കേണ്ടി വരുന്നവരായിരിക്കില്ലെ അവിടെയുള്ളവര്‍? പ്രതീക്ഷകളും സങ്കല്പ്പങ്ങളും ഇല്ലാത്ത ആ രാജ്യത്ത് ഒരിക്കല്‍ ഒരു പാട്ടുകാരന്‍ തന്റെ പെണ്ണിനെ തിരിച്ചു ചോദിച്ചുകൊണ്ട് കയറിച്ചെന്നു. ഒരിക്കല്‍, ഒരിക്കല്‍ മാത്രം മനുഷ്യന്റെ ശബ്ദവും സ്വപ്നങ്ങളും കവിതയും മരണഗുഹകളില്‍ തട്ടി പ്രതിധ്വനിച്ചു. അവന്റെ പാട്ടു കേട്ട് മരണഗുഹകളില്‍ എവിടെയോ അലയുന്ന അവന്റെ പെണ്ണ് ശ്വാസം കിട്ടാതെ പിടഞ്ഞു. അവന്റെ നെഞ്ചില്‍ നിന്ന് പറിച്ചെടുത്ത് മരണഗുഹയിലേക്ക് എറിയപ്പെട്ടതിന്റെ വേദന അലഞ്ഞുതീര്‍ക്കുകയായിരുന്നു അവള്‍. ശമനത്തിന്റെ വരമ്പുകളിലേക്ക് പിടിച്ചു കയറാന്‍ തുടങ്ങിയിരുന്ന അവളെ അവന്റെ പാട്ട് വീണ്ടും വേദനയുടെ കനലിലേക്ക് എടുത്തെറിഞ്ഞു. അവള്‍ അവിടെക്കിടന്നു പിടഞ്ഞു. വിദൂരത്തില്‍ അവന്റെ പാട്ട് മുഴങ്ങുന്നുണ്ടായിരുന്നു.

"ഓര്‍ഫിയസ്. പ്രണയത്തില്‍ കവിത വായിച്ച ഗായകന്‍. മ്യൂസിന്റെ മകന്‍‍. അവന്റെ സംഗീതമാവാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം. എന്നെ തിരഞ്ഞ് മരണത്തിന്റെ വാതില്‍ക്കല്‍ അവന്‍ നില്‍ക്കുന്നു. എനിക്കും കേള്‍ക്കാം അവന്റെ പാട്ട്. മരണ ദേവനില്‍ നിന്ന് എന്നെ തിരികെ ചോദിച്ചു കൊണ്ട് തന്നെതന്നെ വീണയാക്കി അവന്‍ പാടുകയാണ്. ഓരോ പാട്ടിലും അവന്‍ തിരയുന്നത് എന്നെയാണ്. ഹെയ്ഡ്സിന്റെ മരണക്കയത്തിലിരുന്ന് എനിക്ക് കേള്‍ക്കാം ഓരോ സ്വരത്തിനുമിടക്ക് തളര്‍ന്നു വീഴുന്ന അവന്റെ ഉഛ്വാസം പോലും."

"എന്തിന് പിന്നെയും അവന്‍ നിഴലിനെ തിരയുന്നു യൂറിഡിസി?" ഇരുളുപോലെ നേര്‍ത്ത അവളുടെ കൈകളില്‍ തലോടിക്കൊണ്ട് പേര്‍സിപ്പോണി ചോദിച്ചു കൊണ്ടിരുന്നു. മരണത്തിന്റെ തടവറയില്‍ യൂറിഡിസിക്ക് കൂട്ടിരിക്കുന്നത് അവളാണ്. ഹേയ്ഡ്സിന്റെ കാമിനി. ഭൂമിക്കും നരകത്തിനുമിടക്ക് പോക്കു വരവുകള്‍ അവള്‍ക്കു മാത്രം. കാരണം അവളെ സ്നേഹിച്ചവന്‍ നരകദേവനാണ്. ആരാല്‍ സ്നേഹിക്കപ്പെടണം എന്ന് നിശ്ചയിക്കാന്‍ ആര്‍ക്കു കഴിയും?

"നിഴലുകളില്‍ തിരയാനൊന്നുമില്ല എന്ന് അവന്‍ വിശ്വസിക്കുന്നില്ല പെണ്ണേ. മനുഷ്യരങ്ങനെയാണ്. മരിച്ചു നിഴലാവുന്നതിനു മുന്നെ ഞാനും ഒരുപാട് നിഴല്‍ സത്യങ്ങള്‍ക്ക് പുറകേ നടന്നിട്ടുണ്ട്. വാക്കുകളില്‍, ബന്ധങ്ങളില്‍, അറിവുകളില്‍‍, അജ്ഞതയില്‍ പോലും തിരഞ്ഞു നടന്നിട്ടുണ്ട്. ആ തിരച്ചിലിലാണ് മനുഷ്യര്‍ സ്നേഹം കണ്ടെത്തുന്നത്." യൂറിഡിസി പറഞ്ഞുകൊണ്ടിരുന്നു.

വെള്ളത്തിലേ വരകള്‍ പോലെ ചിതറി തെറിച്ച് ഇല്ലാതാവുന്ന അവളുടെ സ്പര്‍ശം പേര്‍സിപോണിയെ അലോസരപ്പെടുത്തി. മരിച്ചവള്‍. ഇല്ലായ്മകള്‍ക്കരുകിലെ കൂട്ടിരിപ്പ് പേര്‍സിപ്പോണിയെ പാതി നിഴലാക്കിയിരിക്കുന്നു.

യൂറിഡിസി പക്ഷെ ഹേയ്ഡ്സിന്റെ അടിമയാണ്. വെറും നിഴല്‍. മരിച്ചു കഴിഞ്ഞവരുടെ ചിന്തകള്‍ക്കു മീതെ ഹേയ്ഡ്സ് ഒരു കാവല്‍ നായയെപ്പോലെ മുരണ്ടു കൊണ്ട് കിടക്കും. അതിരുകള്‍ ഭേദിക്കുന്നിടത്ത് അവന്റെ കുര യാഥാര്ത്ഥ്യത്തിലേക്ക് അവരെ ഉണര്‍ത്തിയിടും. പിന്നെ ഭീതിയുടെ തുടല്‍ കഴുത്തിലണിഞ്ഞ് അവര്‍ സ്വന്തം അറകളിലേക്ക് ഒതുങ്ങിയിരിക്കും. ഭൂമയിലെ അതിരുകള്‍ വലിച്ചു നീട്ടപ്പെട്ടവയാകണം ഹേയ്ഡ്സിലേക്ക്. ഭൂമിയിലെ കാവല്‍പ്പട്ടികള്‍ അര്‍ത്ഥമില്ലാതെ രാവും പകലും കാക്കുന്ന അതിരുകള്‍. അതിരുകള്‍ക്കപ്പുറം ജീവിതമുണ്ടെന്ന സ്വപ്നമായിരിക്കും മനുഷ്യനെ നിഴലല്ലാതാക്കുന്നത്. ഓര്‍ഫിയസിന്റെ ഗാനം യൂറിഡിസിയുടെ നിഴലുടലിനെ ഉണര്‍ത്തി. അവളുടെ ഓരോ ചലനത്തിനും മീതെ പക്ഷെ ഹെയ്ഡ്സിന്റെ ദൃഷ്ടി പതുങ്ങിയിരുന്നു. തളര്‍ച്ചയ്ക്കും ഉണര്‍ച്ചയ്ക്കുമിടയില്‍ക്കിടന്ന് യൂറിഡിസി ഞെരുങ്ങിക്കൊണ്ടിരുന്നു.

"അവന്‍ നിന്നെ തിരികെ കൊണ്ടുപോകുമോ? നിനക്ക് ഭൂമിയിലേക്ക് മടങ്ങണോ യൂറിഡിസി?"

ഭൂമി. മണ്ണിന്റെ മണം. തരിപ്പ്. ഒരുമിച്ച് നടന്നു തീര്‍ത്ത ഒരു വഴിയാണ് അത്. സ്നേഹത്തിന്റെ പച്ച. കരുതലിന്റെ കാറ്റ്. ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും തെളിയുറവകള്‍. സ്വപ്നങ്ങളുടെ ആകാശവും. ഇനിയങ്ങോട്ട് തിരികെ പോവുന്നത് ഈ നിഴല്‍ ജീവന്റെ ഓര്‍മ്മകളും താങ്ങി ആവുമോ?

ശക്തിയായ കാറ്റ് നരകത്തിന്റെ കവാടം പിടിച്ചുലക്കുന്നു. ഓര്‍ഫിയസ് അവിടെതന്നെ നിന്ന് പാടുകയാണ്. കാറ്റുപിടിച്ചെടുക്കുന്ന ശബ്ദത്തെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ച് തളര്‍ന്ന പാട്ടുകാരന്‍ അന്നെ വരെ മരിച്ചവര്‍ക്കല്ലാതെ ആര്‍ക്കും വേണ്ടി തുറന്നിട്ടില്ലാത്ത ആ വാതിലിനപ്പുറമുള്ള ലോകത്തെക്കുറിച്ച് ഓര്‍ത്ത് വീണ്ടും നടുങ്ങി. അവിടെയാണ് അവള്‍. തന്റെ യൂറിഡിസി. വരകള്‍ക്കോ വാക്കിനോ പാട്ടിനോ സ്വപ്നങ്ങള്‍ക്കോ പോലും എത്തിപ്പെടാന്‍ കഴിയാത്തത്രയും ദൂരെ. സ്നേഹിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. വിരലിന്റെ തുമ്പത്തൊന്നു തൊട്ടു നോക്കിയതേ ഉള്ളു. മുഖത്തു പാറി വീഴുന്ന മുടിയിഴകളെ വിരലുകള്‍ കൊണ്ട് വകഞ്ഞു മാറ്റി...ചിരിച്ചു മയങ്ങുന്ന കണ്ണുകളിലും ചുണ്ടിലും ഉമ്മവെക്കാന്‍ ആഞ്ഞതേയുണ്ടായിരുന്നുള്ളു...ഉദ്യാനത്തിലെ സിയൂസിന്റെ കാവല്‍സര്‍പ്പം ഇഴഞ്ഞെത്തി വിഷപ്പല്ലുകള്‍ അവന്റെ പെണ്ണിന്റെ പാദത്തിലാഴ്ത്തി. വിഷം. സ്നേഹത്തിന്റെ വിശുദ്ധമായ ആകാശങ്ങളില്‍ നിന്ന് അറിയരുതാത്ത സത്യങ്ങളിലേക്കുള്ള പതനം. മടങ്ങി വരാന്‍ കഴിയാത്ത ആഴങ്ങളിലേക്ക് യുറിഡിസി പോയി. തിരിച്ചു വിളിക്കാന്‍ കഴിയുന്ന ഒരു പാട്ടും നിനക്കറിയില്ല എന്ന് ലോകം വിളിച്ചുപറഞ്ഞു കൊണ്ടിരുന്നു.


ഓര്‍ഫിയസ് വല്ലാത്തൊരു മണ്ടനാണ്. അവനു ലോകത്തെ പേടിയില്ല. അവനു സ്നേഹത്തിലും നിഴലുകളിലും വിശ്വാസമുണ്ട്. അറിയാന്‍ കഴിയാത്തതിനു പിന്നാലെ സ്വപ്നങ്ങള്‍ക്കു പിന്നാലെ, ഒരു വ്യവസ്ഥയുമില്ലാത്ത ഓര്‍മ്മകള്‍ക്കു പിന്നാലെ ഒക്കെ അവന്‍ പാട്ടുകളും കൊണ്ട് ചെല്ലും. അവന്റെ സങ്കല്പ്പങ്ങളെ വീണക്കമ്പികളില്‍ ഇണക്കിച്ചേര്‍ത്താല്‍ ഇമ്പമുള്ള പാട്ടുകളുണ്ടാവുന്നു. അതെങ്ങിനെയെന്ന് ആര്‍ക്കുമറിയില്ല. ചിലര്‍ പറയും അവന്‍ ജാലവിദ്യക്കാരനാണെന്ന്. ചിലര്‍ കരുതി അവനൊരു ഭ്രാന്തനാണെന്ന്. സുരക്ഷിതമായ തുറമുഖങ്ങളില്‍ നങ്കൂരമിടാത്ത, കൊടുംകാറ്റുകളെ കെട്ടിയിട്ട്, എപ്പോഴും നടുക്കലിനെ ലക്ഷ്യമിട്ട് പായുന്ന ഭ്രാന്തന്‍ കപ്പല്‍. കല്ലിനെയും അലിയിക്കുന്ന അവന്റെ സംഗീതം ഭൂമിയെ മുഴുവന്‍ ഭ്രമിപ്പിച്ചപ്പോള്‍ അവന്‍ തേടിയത് യൂറിഡിസിയെ, ഒളിഞ്ഞും തെളിഞ്ഞും തന്നെ മത്തുപിടിപ്പിക്കുന്ന സൗന്ദര്യത്തെ. അവരൊന്നിച്ചപ്പോള്‍ കവികള്‍ക്ക് കളഞ്ഞുപോയ വാക്കുകള്‍ തിരിച്ചു കിട്ടി. ബാധകയറിയവരെപ്പോലെ അവര്‍ എഴുതി. ഒടുക്കം അവരുടെ വാക്കുകള്‍ ആകാശം മുട്ടിയാലോ എന്നു ഭയന്നാവണം സിയൂസ് വിഷസര്‍പ്പത്തെക്കൊണ്ട് യൂറിഡിസിയെ കൊല്ലിച്ചത്.

ഹേഡ്സിന്റെ കൊട്ടാരവാതില്‍ക്കല്‍ ഓര്‍ഫിയസ് പാടിയ പാട്ടുകളിലെല്ലാം പകയും വിഷാദവും നിറഞ്ഞു. ദൈവത്തെ പ്രീതിപ്പെടുത്തുകയല്ല, വെല്ലുവിളിക്കുകയായിരുന്നു അവന്‍. പുകപോലെ അവനു ചുറ്റും നിറഞ്ഞ് യൂറിഡിസി അവന്റെ പാട്ടുകളില്‍ കലര്‍ന്നു ചേരാന്‍ കൊതിച്ചു. അതിനു കഴിയാഞ്ഞ് അവള്‍ അക്കിറോണ്‍ നദിയില്‍ അലകളായി ഒതുങ്ങി.

കാതുകളടച്ചു പിടിച്ചിട്ടും തുളച്ചു കയറുന്ന ഓര്‍ഫിയസിന്റെ പാട്ടു കേട്ട് ഒടുക്കം മരണദേവന്‍ ഇറങ്ങി വന്നു. കൊണ്ടുപോയ്ക്കൊള്ളുക നിന്റെ യൂറിഡിസിയേ. മരണത്തില്‍ നിന്ന് മണ്ണിലേക്ക് തിരിച്ചു ചെല്ലുന്ന ആദ്യത്തെ ജീവന്‍ അവളുടേതാവട്ടെ.

"നിനക്കു വിശ്വാസമില്ലാഞ്ഞിട്ടാണോ യൂറിഡിസി...നീ മടിച്ചു നില്‍ക്കുന്നു. പോകാന്‍ കഴിയില്ലെ നിനക്ക്?" ഹേയ്ഡ്സിന്റെ കല്പന കേട്ടിട്ടും യൂറിഡിസിക്ക് സന്തോഷമാവുന്നില്ലെന്നു തോന്നി പേര്‍സിപ്പോണിക്ക്. അവള്‍ ഭൂമിക്കും നരകത്തിനും സ്വയം പങ്കിട്ടു കൊടുത്തവളാണ്. അല്ലെങ്കില്‍ പകുക്കാന്‍ നിന്നു കൊടുത്തവളാണ്. നിഴല്‍ ഉടലു മുഴുവന്‍ ഓര്‍ഫിയസിന്റെ പാട്ടുകൊണ്ടു നിറച്ച യൂറിഡിസിക്ക് പക്ഷെ പങ്കുവെക്കാനറിയില്ല. കൊടുക്കാനെ അറിയൂ. പേര്‍സിപ്പോണിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഭാരം ഇറകി വെയ്ക്കാതെ അവള്‍ ഓര്‍ഫിയസിനെ പിന്‍തുടര്‍ന്ന് നരകകവാടം കടന്നു.


"തിരിഞ്ഞു നോക്കരുത് ഓര്‍ഫിയസ്! മുകളിലേക്കുള്ള പടവുകള്‍ തീര്‍ന്ന് വെളിച്ചത്തിലേക്ക് കയറുന്നതു വരെ അവളെ തിരിഞ്ഞു നോക്കരുത്. വാക്ക് തെറ്റിച്ചാല്‍ അവള്‍ ഇരുട്ടിലേക്ക് തിരികെ വീഴും. നരകത്തിലേക്ക് ഇനിയൊരു വരവ് നിനക്കുണ്ടാവില്ലെന്നുകൂടി ഓര്‍ക്കുക."

ക്രൂരമായ കല്പനയോടെ തുടങ്ങി പ്രണയികളുടെ മടക്കയാത്ര. നിറഞ്ഞ പ്രതീക്ഷയോടെ അത്മവിശ്വാസത്തോടെ ഓര്‍ഫിയസ് മുന്നില്‍. അറിവിന്റെ മരവിപ്പുമായി നിലയുറയ്ക്കാതെ യൂറിഡിസി പിന്നില്‍. ഓരോ ചുവടിലും അവന്‍ സ്വപ്നം കണ്ടു. പുറത്ത് നിറഞ്ഞുപരന്നൊഴുകുന്ന വെളിച്ചത്തില്‍ അവളേ കണ്‍കുളിര്‍ക്കെ കാണുന്നതും അവളെക്കുറിച്ച് പാടി അവളുടെ കണ്ണില്‍ നാണം വിടര്‍ത്തുന്നതും അങ്ങനെയങ്ങനെ നഷ്ടപ്പെട്ടുപോയി എന്നു കരുതിയ ജീവിതം തിരിച്ചു പിടിച്ച ഉത്സാഹത്തില്‍ അവന്‍ മതിമറന്നു സ്വപ്നം നെയ്തു കൊണ്ട് പടവുകള്‍ കയറി. കളഞ്ഞുപോയ ഓരോ നിമിഷത്തിന്റെയും കടം തീര്‍ക്കേണ്ടത് എങ്ങിനെയെന്ന് ഓര്‍ത്തു. അവളോ മരണം മുന്നില്‍ നിര്‍ത്തിയ സത്യങ്ങളെ മുഖാമുഖം കണ്ടവളാണ്. പടവുകളിലെ ഓരോ പഴുതും ഓരോ വിടവും തിരിച്ചറിഞ്ഞവള്‍. കയറി എത്തുന്നത് വെളിച്ചത്തിന്റെ ഇടവേളയിലേക്കാണ്. അതിനുമപ്പുറം വീണ്ടും ഇരുളിലേക്കുള്ള തിരിച്ചു വരവ്. അവിശ്വാസ്ത്തിന്റെ ഇരുമ്പുചങ്ങല അവളുടെ ദേഹം മുഴുവന്‍ വലിച്ചു മുറുക്കി. അവന്റെ വേഗത്തനൊപ്പമെത്താന്‍ തനിക്ക് ഒരിക്കലുമാവില്ലാ എന്ന് തോന്നി അവള്‍ക്ക്.

ലീത്തില്‍, മറവിയുടെ നദിയില്‍ ആത്മാവുകള്‍ ജന്മങ്ങളുടെ ഓര്‍മ്മകള്‍ കഴുകിക്കളയുന്നു. ഓര്‍ഫിയസ് ഭയപ്പാടോടെ ഓര്‍മ്മയെ മുറുക്കിപ്പിടിച്ചു.പുറകില്‍ നിഴല്‍ അനങ്ങുന്നുണ്ട്.
"യൂറിഡിസി..നമ്മുടെ പുന്തോട്ടത്തിനു പച്ച നിറമായിരുന്നു. വസന്തത്തില്‍ പച്ചയേ തോല്പ്പിക്കാന്‍ ചുമപ്പും മഞ്ഞയും നീലയും മല്‍സരിക്കുന്നത് ഓര്‍ക്കുന്നുണ്ടോ നീ..."
നിഴല്‍ ശബ്ദമില്ലാതെ പിന്‍ തുടര്‍ന്നു. എന്റെ ഓര്‍ഫിയസ്, മരണം മറവിയല്ല. ലീത്തിന്റെ ഒഴുക്കുകള്‍ ഒരു സ്നേഹവും മായ്ച്ചുകളയുന്നില്ല. നിനക്കറിയില്ലല്ലോ, നിത്യമായ ഓര്‍മ്മയിലേക്ക് വീഴുന്നവരുടെ അവസ്ഥ. യൂറിഡിസി ഓര്‍ക്കുന്നു. ഇളം മഞ്ഞ ഇതളുകളില്‍ പാതി വിരിഞ്ഞ് നിന്ന ആ പൂവ്, ഓര്‍ഫിയസിന്റെ തോളിലേക്ക് ചായുമ്പോള്‍ അവള്‍ നോക്കി കണ്ണിറുക്കിയത് അതിനോടായിരുന്നു. ഓര്‍ഫിയസിന്റെ പാട്ടുകള്‍ക്ക് നിറങ്ങളുണ്ടെന്ന് തോന്നിയിട്ടുണ്ട് അവള്‍ക്ക് പലപ്പോഴും. താന്‍ കാണുന്ന നിറങ്ങള്‍ അവന്റെ പാട്ടില്‍ കലരുന്നത് എന്തു ജാലവിദ്യകൊണ്ടാണാവോ? അവള്‍ കണ്ട നിറമാണ് ഈ പാട്ടിന് എന്ന് അവള്‍ ആണയിടുമ്പോള്‍ അവന്‍ പൊട്ടിച്ചിരിക്കും. മണ്ടീ..നിന്റെ കണ്ണില്‍ നോക്കിയല്ലെ ഞാന്‍ പാടുന്നത്?

മുകളിലോട്ടുള്ള വഴി ഇടം വലം തിരിയുന്നു. വലത്ത് റ്റാര്‍റ്ററസിലേക്കും ഇടത്ത് എലിസ്യത്തിലേക്കും. നമുക്ക് പോകേണ്ടത് നേരെയാണെന്ന് ഓര്‍ഫിയസിനു തീര്‍ച്ച കാണുമോ എന്ന് അവള്‍ ഭയന്നു. നേര്‍ വഴിയാണ് ഭൂമിയിലേക്ക്. അവിടെ സ്വര്‍ഗ്ഗവും നരകവും ഉണ്ട്. ശരിയായ അനുപാതത്തില്‍. സ്വര്‍ഗ്ഗം വെറും പൊള്ളയായ വാഗ്ദാനമാണ്. മണ്ണിന്റെ ചൂരില്ലാത്ത സ്വര്‍ഗ്ഗം. സ്നേഹിക്കുന്നവരെക്കുറിച്ചോര്‍ത്ത് ദു:ഖിക്കേണ്ട സ്വര്‍ഗ്ഗം.

ഓര്‍ഫിയസിനറിയാമോ സ്വര്‍ഗ്ഗം ഹൃദയവേദനയുടെ ലോകമാണെന്ന്? അവനെ സ്വര്‍ഗ്ഗമിപ്പോഴും വശീകരിക്കുന്നുണ്ടാവുമോ? നീയും ഞാനും ചേരുന്നിടം സ്വര്‍ഗ്ഗമാകുമെന്ന് ഇനിയും പറയരുതേ. സ്വര്‍ഗമാകുന്നിടത്ത് നാം ഇല്ലാതാവുന്നു. തങ്ങള്‍ക്കിടയില്‍ അനുഭവത്തിന്റെ വലിയ അന്തരങ്ങള്‍ വിടവുകള്‍ സൃഷ്ടിക്കുന്നതാണ് യൂറിഡിസി ആദ്യമായി അറിഞ്ഞത്. ഇനി തന്റെ കണ്ണില്‍ ഉദ്യാനത്തിലെ നിറങ്ങള്‍ വിടരുമോ? താന്‍ മരണക്കുഴിയിലേ സത്യങ്ങള്‍ തൊട്ടറിഞ്ഞവളാണ്. കെട്ടു പോകുന്ന നിറങ്ങളെ, കൊഴിഞ്ഞു വീഴാനുള്ള പൂക്കളെ, ചിറകു തളര്‍ന്നു പോകുന്ന കിളികളെ ആയിരിക്കും അവളുടെ കണ്ണുകള്‍ തൊട്ടറിയുക. അതു പകര്‍ത്താനാവാതെ, പാതി തെളിഞ്ഞും മറഞ്ഞും സൃഷ്ടിയുടെ നോവില്‍ പുളയുകയില്ലേ അവന്റെ പാട്ട്? അവന്‍ കലാകാരനാണ്. യൂറിഡിസി അവന്റെ ഉള്‍പ്രേരണയും. സ്വപ്നത്തിനപ്പുറം കണ്ട അവള്‍ ഇനി എങ്ങനെ അവനു പ്രേരണയാവും. അവള്‍ മറഞ്ഞിരിക്കേണ്ടവളല്ലെ? തിരിഞ്ഞു നിന്ന് തന്നെ വെളിച്ചത്തില്‍ കാണുമ്പോള്‍ അവന്‍ ചോദിക്കുകയില്ലേ എവിടെ എന്റെ പെണ്ണിന്റെ സ്വപ്നങ്ങള്‍ എന്ന്? എന്റെ പ്രേരണേ, എന്റെ ധൈര്യമേ നിന്റെ ഒഴിഞ്ഞ കണ്ണുകള്‍ എന്തൊക്കെയാണു കാണിച്ചു തരുന്നത് എന്ന് അവന്‍ കണ്ണുപൊത്തുകയില്ലേ? ഭൂമിയിലെ വേദനകളേക്കുറിച്ച് അവന്‍ പാടുമ്പോള്‍ കല്ലും അലിയുന്നത് കണ്ടിട്ടുണ്ട്. മരണത്തിന്റെ നിറം കലര്‍ന്ന അവന്റെ പാട്ട് മനുഷ്യനെ കല്ലാക്കിയാലോ? കല്ലായിത്തീര്‍ന്ന മനസ്സുകൊണ്ട് അവന്‍ വെറുപ്പിന്റെ പാട്ടുകള്‍ പാടിയാല്‍...?


വിലാപത്തിന്റെ താഴ്വാരം. ഇവിടെയാണ് പ്രണയത്തീയില്‍ ദഹിച്ചു മരിച്ചവര്‍ കഴിച്ചു കൂട്ടുന്നത്. മരണം തങ്ങളെ ചേര്‍ത്തു വയ്ക്കും എന്ന്‍ വിശ്വസിച്ച് ഒരു ജന്മം കഴിച്ചു കൂട്ടിയവര്‍. മനസ്സില്‍ ഒരാള്‍ കൂട്ടാവുന്നതില്‍ പരം ഏകാന്തത വേറെയുണ്ടോ? നീ ഇല്ലാതായതാണ് എന്റെ ഒറ്റപ്പെടല്‍ എന്ന് പതം പറഞ്ഞു കൊണ്ട് അവിടെ എത്രപേര്‍! പ്രണയത്തില്‍ ചേരല്‍ ഇല്ല. ഒറ്റപ്പെടലേ ഉള്ളൂ എന്ന് നീ അറിയുന്നുണ്ടോ ഓര്‍ഫിയസ്? നിഴലിനു ചോദിക്കാനാവുമെങ്കില്‍! നിന്റെ സ്നേഹത്തിന്റെ ആഴം നിന്റെ ഒറ്റപ്പെടലില്‍ ആണ് അളക്കേണ്ടത്.

മരണമേ, , ഞാന്‍ ഇതൊക്കെ ഇവനോട് പറയണോ? ഇല്ലായ്മകളെക്കുറിച്ചു പറയുന്ന നിഴല്‍ ഭാഷക്ക് വാക്കുകളില്ലല്ലോ.. .തന്റെ പുറകില്‍ കൂട്ടിലിട്ട പക്ഷിയുടെ ചിറകു പിടയ്ക്കുന്നതു പോലെ എന്തോ ഒന്ന് കേട്ട് ഓര്‍ഫിയസ് ഞെട്ടി. തിരിഞ്ഞു നോക്കരുത്. തിരിഞ്ഞു നോക്കരുത്. അവളെ ഈ അറിവിന്റെ ചതുപ്പില്‍ നിന്ന് സ്നേഹത്തിന്റെ ആകാശത്തിലേക്ക് കൊണ്ടെത്തിക്കണം. ഈ നിലവിളികള്‍ക്കുമപ്പുറം നീലാകാശം. അവിടം നിറച്ച് സ്നേഹം. വേഗം വരൂ യൂറിഡിസി. നമുക്ക് രക്ഷപ്പെടേണ്ടതുണ്ട്. നീ എന്റെ ചോദനയാണ്. എന്റെ സംഗീതം. എന്റെ വിലപിടിച്ച സ്വപ്നങ്ങള്‍ നിന്റെ കണ്ണിലുണ്ട്. ഈ കാണാക്കയം ഒന്നു തീരട്ടെ. എനിക്കു നിന്നെ കാണണം. നിന്റെ കണ്ണില്‍ എന്റെ പാട്ട് കാണണം. വെളിച്ചത്തിന്റെ തുമ്പ് ദൂരെ കണ്ടുതുടങ്ങി. ഇനി കുറച്ചു ദൂരം കൂടെ മാത്രം പൊന്നേ...ഒരു ജന്മം താണ്ടിയിരിക്കുന്നു നമ്മള്‍. ഓര്‍ഫിയസ് കിതച്ചും കൊണ്ട് മരണഗുഹ കയറിക്കൊണ്ടിരുന്നു.

വിശ്വാസം മുന്‍പില്‍. അറിവ് പിന്നില്‍. വല്ലാത്തൊരു പോക്കായിരിക്കണം അത്. പുറകിലേക്ക് തിരിഞ്ഞു നോക്കിയാല്‍ യാത്ര അവസാനിക്കും. പുറകില്‍ നിന്ന് മുന്നിലേക്ക് നടക്കും തോറും അകലം കൂടുകയേ ഉള്ളു. ഒരിക്കലും ചേരാത്ത രണ്ടു ബിന്ദുക്കളായി അവര്‍ അനന്തമായി നടന്നു കൊണ്ടിരിക്കും എന്ന് തോന്നി യൂറിഡിസിക്ക്. നിഴലുകള്‍ അവര്‍ക്കു ചുറ്റും വട്ടമിട്ട് പറന്ന് അദ്ഭുതപ്പെട്ടു. അച്ചിറോണിന്റെ കടവത്ത് ചാരോണ്‍ വള്ളം ഒരുക്കിക്കൊടുത്തു. മുകളിലോട്ടൊഴുകുന്ന സങ്കടപ്പുഴ. അച്ചിറോണ്‍. ഇനി ദു:ഖത്തിന്റെ, ഉല്‍ക്കണ്ഠയുടെ, രോഗത്തിന്റെയും വാര്‍ദ്ധക്യത്തിന്റെയും, വിശപ്പിന്റെയും, വിഷാദത്തിന്റെയും വാതിലുകള്‍ കടക്കാനുണ്ട്. യൂറിഡിസി ഓരോ വാതിലിലും ഇരു വശം കണ്ടു. ഓര്‍ഫിയസ് മുന്നോട്ട് തന്നെ നടന്നു. തിരിഞ്ഞു നോക്കാതെ. അറിവേ എന്നെ വിട്ടൊന്നു പോയിത്തരാമോ...ഞാന്‍ അവന്റെ ഒപ്പമെത്തട്ടെ. അവള്‍ക്ക് ചുമലിലേ ഭാരം ഇറക്കി വെക്കാനാവുന്നില്ലായിരുന്നു.

ഇല്ലാതായ ശരീരമാണ് നിഴല്‍. ഓരോ വാതിലും ദ്രവിച്ചു പോയ തന്റെ ഉടലിന്റെ ഓര്‍മ്മകളെക്കൊണ്ട് യൂറിഡിസിയെ ഞെക്കി ശ്വാസം മുട്ടിച്ചു. ഇതും കൂടെ കഴിഞ്ഞാല്‍ അവന്‍ തന്നെ പുല്‍കാനായി തിരിഞ്ഞു നില്‍ക്കും. ഉടലില്‍ നിന്ന് നിഴലിലേക്കും തിരിച്ചും അലഞ്ഞ് ബാക്കിയാവുന്ന ശരീരത്തില്‍ അവന്‍ തൊടും. അവന്റെ പ്രഹേളികകള്‍ക്ക് ഉത്തരമാവും. അവന്റെ തിരച്ചില്‍ അവസാനിക്കും. അവ്ന്റെ പാട്ട് നിലയ്ക്കും. പ്രണയവും. അവസാനത്തെ വാതിലില്‍ യൂറിഡിസി തരിച്ചു നിന്നു. പ്രിയപ്പെട്ടവനേ..നിന്റെ പാട്ട് നിലക്കരുത്. ഭൂമിയിലും എലിസിയത്തിലും അത് നിറയട്ടെ. ജീവനും മരണത്തിനുമപ്പുറം സ്നേഹം നിലനില്‍ക്കട്ടെ.

ഓര്‍ഫിയസ്...

അവള്‍ പതുക്കെ വിളിച്ചു.

ഞെട്ടിത്തിരിഞ്ഞു നോക്കിയ അവന്റെ മുഖം അവസാനമായിക്കണ്ട് മരണക്കയത്തിലേക്ക് അവള്‍ തിരികെ വീണു. ഇരുളിലേക്ക് അലിഞ്ഞു ചേരുന്ന നേര്‍ത്ത കാറ്റിന്റെ തലോടലില്‍, ഓര്‍ഫിയസ് പുറത്തെ വെളിച്ചത്തില്‍ കുളിച്ചു നിന്നു. താന്‍ കേട്ടത് സത്യമോ എന്ന് അവനു തീര്‍ച്ചയില്ലായിരുന്നു. അല്ലെങ്കിലും എന്തിനു തീര്‍ച്ചകള്‍?

മായയായി അവളുടെ ശബ്ദത്തില്‍ വന്നു വിളിച്ച ക്രൂരതയെക്കുറിച്ച്, തന്നെ ചതിച്ച ഹേയ്ഡ്സിനെക്കുറിച്ച്, ഒരു നിമിഷത്തെ തന്റെ ഇടര്‍ച്ചയേക്കുറിച്ച്, നിസ്സഹായതയെക്കുറിച്ച്, നഷ്ടപ്പെട്ടുപോയ നിമിഷങ്ങളേക്കുറിച്ച്...സത്യവും അസത്യവുമായി പിളര്‍ന്ന് ഓര്‍ഫിയസ് പിന്നെയും പാടിക്കൊണ്ടിരുന്നു. കാലങ്ങളോളം. ഒടുക്കം ഡയോനിസിന്റെ ഉന്മത്തരായ അനുയായികള്‍ കിറിമുറിച്ച് അവനെ കടലിലെറിയുകയായിരുന്നു. നിഴലുകളുടെ ശബ്ദത്തിന് ഭാഷയില്ലാഞ്ഞാവാം യൂറിഡിസിയുടേ പിന്‍വിളി ഒരു കഥയും പറഞ്ഞുവെച്ചില്ല.

Sunday, March 22, 2009

തിരളുന്ന ചില സമസ്യകള്‍

“എന്റെ ഓരോ ആര്‍ത്തവവും എനിക്ക് പിറക്കാതെ പോയ, എന്നില്‍ തുളുമ്പിയ എന്റെ കുഞ്ഞുങ്ങളല്ലെ? വെളുത്ത ശവക്കച്ചയില്‍ അവരെ പൊതിഞ്ഞു ഞാന്‍ എല്ലാ മാസവും കുപ്പതൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു. എന്റെ പിറക്കാതെ പോയ കുഞ്ഞുങ്ങള്‍...“ (ഐശീബിയും മഷിക്കറുപ്പും എന്ന ബ്ലോഗില്‍ നിന്ന്)

എന്റെ തൊണ്ണൂറ്റിമൂന്നുകാരി അമ്മമ്മ ഒരു കഥ പറയാറുണ്ട്. പതിമൂന്നാം വയസ്സില്‍ കല്യാണം കഴിക്കുന്നതിനു മുന്നേ അമ്മമ്മ വയസ്സറിയിച്ചത്രെ. അന്ന് വിവാഹശേഷമേ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവാറുള്ളു മിക്കവാറും.അമ്മമ്മ തിരണ്ടതും സ്ത്രീകള്‍ വട്ടംകൂടിയിരുന്ന് നിലവിളിയായി. അയ്യോ പാറൂട്ടി വെതവയായെ എന്ന് ! ആര്‍ത്തവം എത്ര വലിയ ഭീഷണിയായിട്ടാണ് സ്ത്രീ ശരീരത്തിലേക്ക് കടന്നുവരുന്നതായി കണ്ടിരുന്നത് എന്നോര്‍ത്തപ്പോഴാണ് ഐശീബിയുടെ ഈ വരികളില്‍ ചെന്ന് ഉടക്കിയത്. ആര്‍ത്തവത്തെ മാതൃത്വത്തിന്റെ നിഴലായിക്കണ്ട്, ആര്‍ത്തവ രക്തത്തെ ശുക്ലത്തോട് (പിറക്കാതെ പോയ കുഞ്ഞുങ്ങള്‍) ചേര്‍ത്തുകൊണ്ട് ഐശീബി പറഞ്ഞു വയ്ക്കുന്നത് ഇന്നും വ്യത്യസ്തമായ അവസ്ഥകളല്ല.

പെണ്‍കുട്ടികള്‍ വയസ്സറിയിക്കുന്നത് സ്വകാര്യത്തിനും പരസ്യത്തിനുമിടക്കുള്ള ഒരു ഞാണിന്മേലാണ്. ചില പഴയ ആചാരങ്ങളില്‍ വലിയ ആഘോഷത്തോടെ ആദ്യത്തെ മാസമുറ കൊണ്ടാടുമ്പോള്‍ മിക്കവാറും ആധുനിക വീടുകളില്‍ അമ്മയും മകളും പങ്കിട്ടെടുക്കുന്ന രഹസ്യമായിട്ട് ആ ദിവസം ഒടുങ്ങുന്നു. ഒരു പെണ്ണിന്റെ ജീവിതത്തില്‍, ശരീരത്തില്‍, ആ ദിവസം ഏതേതു വര്‍ണ്ണങ്ങളിലാണ് വരച്ചു ചേര്‍ക്കേണ്ടത് സത്യത്തില്‍? എത്ര സ്ത്രീകള്‍ ആര്‍ത്തവത്തെ തങ്ങളുടെ ലൈംഗികതയുടെ അംശമായി തിരിച്ചറിയുന്നുണ്ടാവും? മറച്ചു വയ്ക്കപ്പെടേണ്ടതും, ശപിക്കപ്പെട്ടതുമായ ഒരു ശാരീരികാവസ്ഥയായോ, മാതൃത്വത്തിലേക്കുള്ള ചവിട്ടുപടിയായോ, ഉദാത്തവല്‍ക്കരിക്കപ്പെട്ട സഹനമാതൃകകളുടെ തുടക്കമായോ, വേദനാജനകമായ ഒരനുഭവമായോ ഒക്കെ മാത്രമേ കാലങ്ങളോളം ആര്‍ത്തവം എന്ന പ്രക്രിയ രേഖപ്പെടുത്തപ്പെട്ടിരുന്നുള്ളു. ഇക്കാര്യത്തില്‍ സമാനമായ പുരുഷാനുഭവമായ ആദ്യ സ്ഖലനത്തിന്റെയും സ്ഥിതി പ്രത്യക്ഷത്തില്‍ വ്യത്യസ്തമല്ല. എന്നാല്‍ വികലമായ പാപബോധത്തോടെയോ മിഥ്യാഗര്‍വ്വോടെയോ ആണെങ്കില്‍പ്പോലും സ്ഖലനത്തിന്റെ ലൈംഗികപരത ആണ്‍കുട്ടികള്‍ തിരിച്ചറിയുന്നുണ്ട് എന്ന വ്യത്യാസം നിര്‍ണ്ണായകമാണ് . ആര്‍ത്തവം തന്റെ ലൈംഗികതയെ ചലനാത്മകമാക്കുകയാണെന്ന തിരിച്ചറിവു തന്നെ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു പെണ്മനസ്സുകളില്‍ നിന്ന്. പെണ്ണിനെ സംബന്ധിച്ചിടത്തോളം ആചാരപ്രകാരമുള്ള ആഘോഷങ്ങളും പങ്കിട്ടൊതുക്കുന്ന രഹസ്യങ്ങളും യഥാര്‍ത്ഥത്തില്‍ ഒരേ സന്ദേശങ്ങളാണ് വെളിപ്പെടുത്തുന്നത്. നിന്റെ ശരീരത്തിന്റെ വളര്‍ച്ച നിന്റേതല്ല, മറ്റുള്ളവരുടേതാണ്. അച്ഛനമ്മമാരുടെ ആശങ്കകളുടെ, സമൂഹത്തിന്റെ ഒളിക്കണ്ണുകളുടേ, കൊത്തിയെടുക്കാന്‍ പാര്‍ത്തിരിക്കുന്ന കഴുകന്‍ കണ്ണുകളേടുതു വരെ. നിന്റെയല്ല..ഒരിക്കലും നിന്റെ മാത്രമല്ല. അന്യവല്‍ക്കരിക്കപ്പെട്ട പെണ്‍ജീവിതത്തിന്റെ തുടക്കമാണ് ആദ്യത്തെ മാസമുറ.

ഒരിക്കല്‍. ഒരാഴ്ച്ചയായിട്ട് ക്ലാസ്സില്‍ വരാതിരുന്ന എട്ടാംക്ലാസ്സുകാരി മഞ്ജു തിരിച്ചു വന്ന് നാണം മുറ്റിയ മുഖം താഴ്ത്തി. “തിരണ്ടു കല്യാണമായിരുന്നു റ്റീച്ചറേ“ എന്ന്. തിരളുന്നത് നാണിക്കേണ്ട വിഷയമാവുന്നത് പല തരത്തിലാണ്. പെണ്ണേ, നീ മാറുകയാണ് എന്നത് സ്ത്രീ ശരീരം അറിയിക്കുന്നത് പ്രകടമായി വിളിച്ചുപറഞ്ഞു കൊണ്ടാണ്. സ്ത്രീലൈംഗീകതയുടെയുടെ പ്രകൃത്യായുള്ള ഈ പ്രഖ്യാപനപരതയെ സമൂഹ രീതി ചെറുക്കുന്നത് പക്ഷെ രഹസ്യവല്‍ക്കരണത്തിലൂടെയും. എല്ലാ സ്ത്രീകളും മാസമുറയുമായി ബന്ധപ്പെട്ട് പഠിക്കുന്ന ആദ്യ പാഠം രഹസ്യത്തിന്റേതാണ്. വീട്ടില്‍ ആരും കാണാത്ത കോണില്‍ തുണിയുണക്കുക സാനിറ്ററിപാഡുകള്‍ കത്തിക്കുക, പ്രത്യേകിച്ചും വീട്ടിലെ ആണുങ്ങള്‍ ആര്‍ത്തവരക്തം കാണാനോ അതിനേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കേള്‍ക്കാനോ ഇടവരുത്താതിരിക്കുക തുടങ്ങിയ ചിട്ടകളിലൂടെ വളര്‍ന്നവരാവും ഞാനുള്‍പ്പടെയുള്ള തലമുറ. അടുത്ത തലമുറയുടെ കാര്യം അതിലും മെച്ചമൊന്നുമല്ല. ഇറുകിയ ജീന്‍സു ധരിക്കാനുള്ള സൌകര്യത്തിന് റ്റാമ്പൂണ്‍ ഉപയോഗിക്കുന്നവരാണ് അവര്‍. “രഹസ്യം“ ശരീരത്തിനുമകത്തേക്ക് വലിക്കുന്ന റ്റാമ്പൂണുകള്‍ അനാരോഗ്യകരമാണെന്നുമാത്രമല്ല, പഴയ മാമൂലുകളെ വാണിജ്യവല്‍ക്കരിക്കുക, അതില്‍ നിന്ന് ലാഭമുണ്ടാക്കുക എന്ന കമ്പോളനീതിയുടെ ഭാഗവുമാണ്.

ആഘോഷമായി ഒറ്റപ്പെടുത്തുന്ന തിരണ്ടുകല്യാണമായോ മുറിക്കുള്ളില്‍ ഒടുങ്ങുന്ന രഹസ്യമായോ ആദ്യത്തെ മാസമുറ ഒതുങ്ങുന്നതിന് യഥാര്‍ത്ഥത്തില്‍ സ്ത്രീലൈംഗികതയേക്കുറിച്ചുള്ള പല അജ്ഞതകളും തന്നെയാണ് കാരണം. പെണ്ണ് വയസ്സറിയിക്കുന്നത് അവളുടേ മാതൃത്വ ഭാവിയിലേക്കുള്ള സൂചനയായിട്ടാണ് ശാസ്ത്രം പോലും കാണുന്നത്. മാതൃത്വത്തെ പ്രത്യക്ഷമോ പരോക്ഷമോ ആയി സൂചിപ്പിച്ചല്ലാതെ സ്ത്രീ ലൈംഗികതയേക്കുറിച്ച് തുറന്നുചിന്തിക്കാന്‍ പോലും കഴിയില്ല എന്നാണ് ഇപ്പോഴും പരക്കെ ധാരണ. സ്വത്വത്തെക്കുറിച്ചുള്ള പഠനങ്ങളിലൊക്കെ പുരുഷസ്വത്വം നിര്‍വ്വചിക്കപ്പെടുന്നത് ആശ്രിത ഭാവങ്ങളില്ലാത്ത അഹംബോധത്തിലൂടെയാണ്. സ്ത്രീയുടെ നിലനില്‍പ്പും സ്വത്വബോധവും തന്നെ ബന്ധങ്ങളിലും/ബന്ധനങ്ങളിലും ആണെന്ന് ഫ്രോയിഡ് മുതല്‍ ഫൂക്കോവരെയുള്ളവര്‍ നിരീക്ഷിക്കുന്നു. എന്നാല്‍ ആണായാലും പെണ്ണായാലും സ്വത്വം തനിയേ നില്‍ക്കുന്ന ഒന്നല്ല, ഇടപെടലുകളില്‍ ഉരുത്തിരിയുന്നതാണ് എന്നാണ് ഉത്തരാധുനികനിലപാട് ശരിവെക്കുന്നത് . സൈക്കോ സെക്ഷുവല്‍ ഐഡെന്റിറ്റി രൂപപ്പെടുന്നത് കൂടുതലും സാമൂഹ്യഇടപെടലുകളിലൂടെയാണ് എന്നിരിക്കെ, ബന്ധങ്ങളുടെ പാരസ്പര്യത്തില്‍ പൂര്‍ണ്ണത കാണുന്നതാണ് സ്വത്വമെങ്കില്‍ പുരുഷകേന്ദ്രീകൃതമായ സ്വത്വപഠനങ്ങള്‍ക്ക് ( എക്സിസ്റ്റെന്‍ഷ്യലിസം തുടങ്ങിയവ ) മറുപഠനങ്ങള്‍ ആവശ്യമായി വരുന്നു. സ്ത്രീയുടെ ലൈംഗികതയിലാകട്ടെ തിരിച്ചറിയപ്പെടാതെ പോകുന്ന പാരസ്പര്യത്തിന്റെ, പ്രഖ്യാപനത്തിന്റെ ഒരു നൈസര്‍ഗിക തലമുണ്ട്. ആര്‍ത്തവം അതിന്റെ സൂചകങ്ങളാവുന്ന പുതിയ പാഠഭേദങ്ങളാണ് ഇന്ന് ഉണ്ടാകുന്നത്.

ഫ്രോയിഡിന്റെ പ്രസിദ്ധമായ നിര്‍വ്വചനത്തില്‍ സ്ത്രീ ലൈംഗികതയുടെ അടിസ്ഥാനം “ഇല്ലായ്മ” (deficient) എന്ന അവസ്ഥയാണ് എന്നത് ഫെമിനിസ്റ്റുകളേ ചൊടിപ്പിച്ചിട്ടും ചിരിപ്പിച്ചിട്ടുമുണ്ട്. ഴാക്ക് ലക്കാനെ കൂട്ടുപിടിച്ച് ഈ അവസ്ഥയെ പുനര്‍ നിര്‍വ്വചിക്കാന്‍ സെക്കന്‍ഡ് വേവ് ഫെമിനിസത്തില്‍ നടന്ന ശ്രമം ഷോവനിസ്റ്റുകള്‍ക്ക് മുന്നില്‍ ഫെമിനിസ്റ്റ് തിയറിയേ തന്നെ പരിഹാസ്യമാക്കുകയും ഉണ്ടായി പിന്നീ‍ട്. ഇന്നും തികഞ്ഞ ഇഗ്നറെന്റ് ഷോവനിസ്റ്റ് ആസ്സസ് ( കോയിനേജ് എന്റെ:) ലക്കാനിയന്‍ “ലാക്ക് ( lack)" ആയുധം പെണ്മയ്ക്കും പെണ്ണിന്റെ സ്വത്വപ്രഖ്യാപനത്തിനും എതിരെ ഉപയോഗിക്കാന്‍ ശ്രമിച്ച് സ്വയം വിഡ്ഢികളാവുന്നതു കാണുമ്പോള്‍ അവരോടു തോന്നുന്ന സ്ത്രീ സഹജമായ സഹതാപം ഞാനും മറയ്ച്ചു വക്കാറില്ല. ഇത് ഷോവനിസ്റ്റ്പന്നികളുടെയല്ല, ചില ഷോവനിസ്റ്റ് കഴുതകളുടെ കാലമാണ്.

castration anxiety, penis envy, lack( manque) തുടങ്ങിയ പുരുഷാധിഷ്ടിതമായ സ്വത്വ നിര്‍വ്വചന ശ്രമങ്ങളുടെ പരിമിതി വിളിച്ചുപറയുന്നു ഓരോ സ്ത്രീയും സ്വന്തം ആര്‍ത്തവ ചക്രത്തിലൂടെ. ആദ്യത്തെ ആര്‍ത്തവത്തോടെ തന്റെ സ്ത്രീ സ്വത്വവും ലൈംഗികതയും തിരിച്ചറിയുകയാണ് പെണ്ണ്. pre-menstrual, menstrual, post-menstrual എന്ന ചാക്രികമായ സ്വഭാവമാണ് സ്ത്രീ ലൈംഗീകതയുടേത്. അതായത് പുരുഷന്റേതു പോലെ സ്ഥായിയും ഒരു ശരീര അവയവത്തില്‍ ഒതുങ്ങുന്നതുമല്ല അത് എന്നര്‍ത്ഥം. നിരന്തരം പരിണമിക്കുന്നതും ഉരുത്തിരിയുന്നതും തുറന്ന പ്രഖ്യാപനങ്ങളിലൂടെ പ്രകടമാകുന്നതുമായ ഈ സെക്ഷുവല്‍ ഫ്ലക്സ് ആണ് സ്ത്രീയെ വ്യത്യസ്തയാക്കുന്നത്. പുരുഷ ലൈംഗികതയുടെ നിര്‍വചനോപാധികള്‍ വച്ച് വിശദീകരിക്കാന്‍ കഴിയാത്ത ഒന്നാണിത്. അത്തരത്തിലുള്ള തെറ്റായ വിശദീകരണങ്ങളുടെ ഫലമായിട്ടാവാം മെനോപോസ് സ്ത്രീ യുടെ ലൈംഗീകാവസ്ഥയുടെ അന്ത്യമായി പരക്കെ കരുതപ്പെടുന്നത്. ഇതുകൊണ്ട് പല സ്ത്രീകളും പൊസ്റ്റ്മെനോപ്പോസ് ഡിപ്രഷന്‍ എന്ന അനാവശ്യ സ്ഥിതിവിശേഷത്തിലേക്ക് തള്ളപ്പെടുന്നു.

ഗര്‍ഭപാത്ര/മാതൃത്വ കേന്ദ്രീകൃതമായ സ്ത്രീ നിര്‍വ്വചനങ്ങള്‍ക്കുള്ള മറുപടി കൂടേയാണ് ആര്‍ത്തവാ‍രംഭം. അമ്മയാവുക എന്നത് സ്തീ ലൈംഗികതയുടെ പരിസമാപ്തിയല്ല. പരിമിതിയോ ശാപമോ അല്ല. സ്തീയുടെ സ്വയം നിര്‍ണ്ണയ പ്രക്രിയകളില്‍ ഒരു വഴി മാത്രം. അമ്മയാകാന്‍ വിസ്സമതിക്കുന്ന സ്ത്രീകളെ അത്ഭുതപരവശരായി നോക്കുന്നവരുണ്ട്, ഇന്നും. അവര്‍ സ്ത്രീകളേ അല്ല എന്ന് നിലവിളിക്കുന്നവരുമുണ്ട്. സ്ത്രീ ലൈംഗികതയുടെ ചിഹ്നങ്ങളില്‍പ്പോലും ആര്‍ത്തവത്തിനു സ്ഥാനം നിഷേധിക്കുന്നത്, ഒരു പക്ഷേ ശാരീരികമായി ഓരോ ആര്‍ത്തവവും മാതൃത്വത്തെ നിരാകരിക്കുന്നതിനാലാവാം എന്ന് അവകാശപ്പെടുന്നു ക്ലിനിക്കല്‍ സൈക്കോളജിയിലെ പുതിയ പഠനങ്ങള്‍. ലിംഗപരമായ വ്യത്യാസങ്ങള്‍ സ്ഥാപിക്കുന്നതില്‍ പുരുഷകേന്ദ്രീകൃത ഭാഷ എത്ര കണ്ടു പരാജയപ്പെടുന്നു എന്ന് ഈയിടെ ഒരു സുഹൃത്തിന്റെ അനുഭവത്തില്‍ നിന്ന് തെളിഞ്ഞു. കുഞ്ഞു മകന്റെ ലിംഗത്തിന് “കിടുങ്ങാമണി‘ എന്ന പ്രസിദ്ധമായ ചെല്ലപ്പേരിട്ട് അവന്റെ മനസ്സുകുളുര്‍പ്പിച്ച അമ്മയ്ക്ക് കുഞ്ഞുമോള്‍ടേ യോനിയെ വിളിക്കാന്‍ സുന്ദരമായ പേരുകളൊന്നും കിട്ടിയില്ല. ഒടുക്കം കുഞ്ഞിപ്പൂവ് എന്നോ മറ്റോ പേരിട്ട് അമ്മ പ്രശ്നം പരിഹരിച്ചു. പുരുഷ ലിംഗത്തില്‍ ആരോപിക്കപ്പെടുന്നതും പുരുഷസങ്കല്‍പ്പങ്ങളുടെ മിത്തിഫിക്കേഷന് ഒരളവു വരെ കാരണമാകുന്നതുമായ ഗരിമയൊന്നും യോനിക്ക് ചാര്‍ത്തി കണ്ടിട്ടില്ല. ഒരു പക്ഷെ പൌരസ്ത്യസൌന്ദര്യശാസ്ത്രങ്ങളില്‍‍ ഒരു കാലഘട്ടം വരെ കല്‍പ്പിക്കപ്പെട്ടിരുന്ന പ്രാധാന്യം ഒഴിച്ചാല്‍. ഫെര്‍ട്ടിലിറ്റി കള്‍ട്ടുകളിലും മറ്റും നിറഞ്ഞു നിന്നിരുന്നത് യോനിയുടെയും ആര്‍ത്തവ ചക്രത്തിന്റെയും സൃഷ്ടിപരത മാത്രമാണ്. സ്ത്രീ ലൈംഗികതയെ സൃഷ്ടികര്‍മ്മത്തില്‍നിന്ന് അടര്‍ത്തുക എന്നതു തന്നെ വലിയ പാതകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അമ്മയാവുക എന്നതിനപ്പുറം അര്‍ത്ഥമോ അസ്തിത്വമോ സ്ത്രീ ലൈംഗികതയ്ക്കില്ല എന്ന കാലാകാലമായിട്ടുള്ള നിലപാടാ‍ണീത്.

സമഗ്രമായ ഒരു ഉണ്മയില്‍ നിന്ന് ലിംഗപരമായ വ്യത്യസ്തതയിലേക്കുള്ള ആദ്യത്തെ ചുവടാണ് ആര്‍ത്തവം. വ്യത്യസ്തത എന്നത് “ഇല്ലായ്മ”യെന്നോ, അപരമെന്നോ, തിരിച്ചു ചേര്‍ക്കപ്പെടേണ്ടത് എന്നോ, നഷ്ടപ്പെട്ടത് എന്നോ ഒക്കെ വായിക്കേണ്ടി വരുന്നവരുടെ പരിമിതിയേ ആണ് ഞാന്‍ ഇഗ്നറെന്‍സ് എന്ന് വിളിച്ചത്. അറിവില്ലാ‍യ്മയല്ല, അറിവിലൂടെയുള്ള ചില ഇല്ലായ്മകള്‍.
തിരണ്ടു കുളി എന്ന ആചാരത്തിലേക്ക് മടങ്ങാം. ആഘോഷിക്കപ്പെടേണ്ടത് എന്താണെന്നതാണ് വിഷയം. തന്റെ ശരീരത്തില്‍ സംഭവിക്കുന്ന ഈ മാറ്റം സമൂ‍ഹത്തിനു കൊണ്ടാടാനുള്ളതല്ല, ഒളിപ്പിച്ചു വയ്ക്കാനുള്ളതുമല്ല, തന്റെ ലൈംഗികതയുടെ പ്രഖ്യാപനമാണ് എന്നത് ഒരു പെണ്‍കുട്ടിക്കും അവളെ സ്നേഹിക്കുന്ന ചുറ്റിനുമുള്ളവര്‍ക്കും ആഘോഷിക്കാന്‍ കാരണമായിക്കൂടെന്നുണ്ടോ? അതീവ വേദനാജനകമായതും മാനസികമായി മുറിവേല്‍പ്പിക്കുന്നതുമായ ആദ്യആര്‍ത്തവ കഥകള്‍ പലതും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സാമൂഹ്യമായ ചില നിര്‍മ്മിതികളാണ് എല്ലായിടത്തും പ്രതിസ്ഥാനത്തു നില്‍ക്കുന്നത്. പല പെണ്‍കുട്ടികള്‍ക്കും സ്കൂളില്‍ വച്ച് ആദ്യമായിട്ട് ആര്‍ത്തവമുണ്ടായ അനുഭവങ്ങളുണ്ടാവും. കറ പറ്റിയ വസ്ത്രത്തിന്റെ പേരില്‍ അപമാനിതയാവുക, അത് ഒളിപ്പിക്കാന്‍ ശ്രമിക്കുക തുടങ്ങിയ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ കൌമാരമനസ്സില്‍ ആര്‍ത്തവം ശാപവും വൃത്തികേടും അയി രൂപം പ്രാപിക്കുന്നതില്‍ അല്‍ഭുതമില്ല. ഇവിടെ സമൂഹം നിഷ്കര്‍ഷിക്കുന്ന രീതിയില്‍ ശരീരത്തിന്റെ പ്രഖ്യാപനം മറച്ചു പിടിക്കാന്‍ കഴിയാതെ വരിക എന്നതാണ് തോല്‍വിയായി എണ്ണുന്നത്. ആര്‍ത്തവം തന്നെയും ഒരു കുറ്റബോധമായി കരുതുന്ന അവസ്ഥയിലേക്ക് പെണ്‍ശരീരം അന്യവല്‍ക്കരിക്കപ്പെടുന്നു. ഇതുപോലെ ആര്‍ത്തവ സംബന്ധമായ ശാരീരികാസ്വസ്ഥതകളും സൈക്കോസോമാറ്റിക്ക് ആണ് എന്നു വിശ്വസിക്കുന്ന സ്ത്രീകള്‍ തന്നെയും ഉണ്ട്. “ഹിസ്റ്റീരിയ” എന്ന സ്ഥിതി വിശേഷം സ്ത്രീയില്‍ ആരോപിക്കപ്പെടുന്നത് ബയൊളോജിക്കലായ കാരണങ്ങള്‍ കൊണ്ടാണെന്ന് കരുതിയിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലേ യൂറോപ്പില്‍ നിന്ന് ഏറേയൊന്നും മുന്നിലല്ല ഇന്നത്തെ നമ്മുടേ നാട്ടിലെ സ്ത്രീകളുടെ കാലവും. സമൂഹനിര്‍മ്മിതമായ ശരീരത്തടവിന്റെ ഭാഗം മാത്രമാണിത്. സ്ത്രീ അനാറ്റമിയുടെയല്ല സോഷ്യോളജിയുടെ ഇരയാണ് .

ഇന്നും അനാറ്റമിക്കു വെളിയില്‍ ആര്‍ത്തവചക്രത്തെ ഗഹനമായി പാഠ്യ വിഷയമാക്കുന്നത് ലിംഗ അസമത്വത്തെ സാധൂകരിക്കാനോ അല്ലെങ്കില്‍ തീവ്രഫെമിനിസ്റ്റ് നിലപാടുകളിലൂടെ ഫെമിനിറ്റിയെ നിഷേധിക്കാനും വെറുക്കാനും വേണ്ടിയോ മാത്രമാണ്. അതുകൊണ്ട് മഞ്ജുവിന്റെ തിരണ്ടു കുളി പ്രാകൃതമായ ആചാരത്തിനോടുള്ള സമരൂപപ്പെടലായി മാത്രമേ വ്യാഖ്യാനിക്കപ്പെട്ടുള്ളു. തിരളലിന്റെ സാമൂഹ്യനിര്‍മ്മിതിയില്‍ നിന്ന് സ്ത്രീസ്വത്വ നിര്‍മ്മിതിയിലേക്ക്, ഇനിയും നിശ്ചയിക്കപ്പെടാത്തതായുള്ള ദൂരം ഒന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

Sunday, February 15, 2009

അസ്നാതാ ദ്രഷ്ടുമിച്ഛാമി...

രാവണാ

വാടാതെ കിടക്കുന്ന ഒരു പുല്‍തലപ്പ് എന്നെക്കൊണ്ട് പറയിക്കുന്നതാണിത്. നിന്നോട് മാത്രമായി. പെണ്ണിന്റെ മന:ശക്തിയെന്നു പരക്കെ വിളിക്കപ്പെട്ട ഈ പുല്‍നാമ്പ് യഥാര്‍ത്ഥത്തില്‍ ഒരു വെല്ലുവിളിയായിരുന്നു. നിനക്കും എനിക്കും. എന്റെ ഉടലില്‍ തൊടാന്‍ നിനക്ക് അവകാശമില്ലെന്ന് തിരുമാനിച്ചവര്‍, നമുക്കിടയില്‍ പച്ചിലകൊണ്ടോരു കിടങ്ങു തീര്‍ത്തവര്‍, രാമനും മുന്നെ വിജയിച്ചു കഴിഞ്ഞു. മുങ്ങിക്കുളിച്ച് അവരൊരുക്കിയ ചിതയില്‍ അഗ്നിശുദ്ധി വരുത്തി ചെല്ലുന്ന എന്നെ സ്വീകരിക്കുമ്പോള്‍ രാമന്റെ പരാജയം പൂര്‍ണ്ണമാവും. ഞാന്‍ തന്നെ തോറ്റത് ഒരു പുല്ല് നിന്റെ നേരെ നീട്ടിപ്പിടിച്ചപ്പോഴാണ്. അതിനെ മറികടക്കാനാവാതെ, ലങ്കേശാ നീയും നാണംകെട്ടു. ലങ്ക ഒരു വാതിലായിരുന്നു. പൊളിച്ചു കളയേണ്ടിയിരുന്ന വാതില്‍. വിറച്ചു വെറുങ്ങലിച്ച് നമ്മളൊരുമിച്ച് ഇപ്പോഴും നില്‍ക്കുകയാണ് ഇവിടെ.

ഇന്ന്, ജയിച്ചവന്റെ ചളിപ്പോടെ അപരാധിയുടേ ആത്മവൈര്യം തീര്‍ക്കല്‍ പോലെ രാമന്‍ എന്നോട് കുളിച്ചുവരാന്‍ പറയുന്നു. എന്റെ ശരീരത്തിന്റെയും മനസ്സിന്റെയും മാലിന്യങ്ങളെ അഗ്നിക്കിരയാക്കാന്‍ പറയുന്നു. നീയാകട്ടെ നിലയുറക്കാത്ത എന്റെ കാലുകള്‍ക്കായി നിന്റെ നെഞ്ചു തുറന്ന്, മണ്ണുപകര്‍ന്നു തരുന്നു. നിന്റെ നിശ്വാസങ്ങളില്‍ ഞാന്‍ അറിയുന്ന പരാജിതന്റെ നിസ്സംഗപരിത്യാഗം രാവണാ, അതിരുകളില്‍ നമ്മളെ ഒരുമിച്ച് രേഖപ്പെടുത്തുന്നുണ്ടാവാം. മുലയറുക്കപ്പെട്ട നിന്റെ പെങ്ങളെ ചേര്‍ത്തുപിടിച്ച നീ എന്റെ പിടയുന്ന മനസ്സു കാണുന്നുണ്ടാവാം. പക്ഷെ യുദ്ധമടങ്ങിയ മണ്ണും കാമമൊടുങ്ങിയ ഉടലും ശൂന്യതയുടെ ചിഹ്നങ്ങളാണ്. മരണത്തിന്റെ ചീഞ്ഞമണമാണതിന്. എന്റെ ഉടലില്‍ തൊട്ടാല്‍ ഒടുങ്ങാവുന്ന തൃഷ്ണയാണ് കുലം, ദേശം, ആചാരം എന്നൊക്കെ ചൊല്ലിയുറപ്പിച്ച് വെറിയും ഭ്രാന്തുമാക്കി യുദ്ധത്തിലെത്തിയത് എന്നോര്‍ക്കുമ്പോള്‍, രാവണാ, ചുറ്റുമുള്ള ഓരോ നിലവിളിയും എന്റെ ശരീരത്തില്‍ തീപ്പന്തങ്ങളായി വന്നു പതിക്കുന്നു. പച്ചക്ക് വേവുകയാണ് ഞാന്‍. ആത്മനിന്ദയുടെയും തിരസ്കാരത്തിന്റെയും കാമത്തിന്റെയും നീറ്റലുകളാണ് ദേഹം മുഴുവന്‍ പടരുന്നത്.

നീ എന്നെ എന്തിനു താങ്ങണം? ലങ്കയുടെ കടല്‍ത്തിരകളില്‍ ഇരമ്പുന്ന നിന്റെ കരുതല്‍, എന്നെ പ്രതിയുള്ള നിന്റെ വേദന അയോദ്ധ്യയുടെ അന്തപ്പുരങ്ങളെ ഇനിയും ശ്വാസം മുട്ടിക്കും. എനിക്കു വേണ്ടത് നിന്റെ ബലിഷ്ഠമായ കൈകളല്ല. അജ്ഞത കൊണ്ട് അന്ധനായ രാമനോട് എനിക്ക് സഹതാപമേയുള്ളു. എനിക്കു വേണ്ടത് എന്നെമാത്രം. എന്റെ സര്‍വ്വചോദനകളും അടങ്ങുന്ന ഈ ശരീരം മാത്രം. പെണ്ണിന്റെ ആത്മാവും ശരീരവും ഒന്നാണ്. പെണ്ണിന്റെ ഉടലും മനസ്സും ഒന്നാണ്. കഴുകി ശുദ്ധിവരുത്തേണ്ടതല്ല എന്റെ ശരീരം എന്ന്‍ എനിക്ക് വിളിച്ചുപറയണം. അപൂര്‍ണ്ണമായിപ്പോയ നിന്റെ കാമം എന്റെ ഉടലിനേ സ്പര്‍ശിച്ചിരുന്നില്ലെ പലവുരു? പെരുവിരല്‍ തൊട്ടങ്ങോട്ട് നിന്റെ പൂര്‍ണ്ണകായം, നീ അടുത്തു വരുമ്പോള്‍ അശോകയുടെ ഇലയനക്കം പോലെ എന്തോ ഒന്ന് എന്നില്‍ വൈദ്യുതിയായി പടര്‍ത്തിയിരുന്നില്ലെ? വിറയ്ക്കുന്ന കൈകള്‍ കൊണ്ട് നിന്റെ നേരെ മന്ത്രിച്ച് നീട്ടിയ പുല്‍നാമ്പുകൊണ്ട് ഞാന്‍ ചെറുക്കാന്‍ ശ്രമിച്ചത് നിന്നെയല്ല, എന്നെതന്നെയാണ്. അതെ രാവണാ, കാമം നിനക്ക് തീയായിരുന്നെങ്കില്‍ പെണ്ണുടലില്‍ അത് പെരുംകടലാണ്. ചിലപ്പോള്‍ ആര്‍ത്തലക്കുന്ന, ചിലപ്പോള്‍ തിരയടങ്ങി മൌനിയാകുന്ന, ഇരു തീരത്തും ഒരുപോലെ പതഞ്ഞുപടരുന്ന അറിവിനുമപ്പുറത്തെ ആഴം. ആ താഴ്ച്ചകളുടെ പാപത്തെയാണോ ഞാന്‍ കഴുകിക്കളയേണ്ടത്? ഞാന്‍ ഒരു പെണ്ണാണ്. കതിരുപോലെ എന്നെ തഴുകി ഉണര്‍ത്തിയ രാമനെയും, പെരുംകാറ്റുപോലെ വന്നണച്ച നിന്റെ രാക്ഷസവീര്യത്തെയും പ്രേമിക്കുന്നവള്‍. എന്റെ പ്രണയത്തെയാണോ ഞാന്‍ കഴുകിക്കളയേണ്ടത്?ഞാന്‍ കുളിച്ചുവരണമെങ്കില്‍ രാമനും നീയുമാണ് എന്റെ അഴുക്ക്. ലങ്കക്കുവേണ്ടി നീയും കുലത്തിനു വേണ്ടി രാമനും എന്നെ ആഗ്രഹിച്ചപ്പോള്‍ എനിക്കുവേണ്ടി മാത്രം ഞാന്‍ കാമിച്ചു. സ്വന്തം ഉടലില്‍ പതിയുന്ന മോഹദൃഷ്ടികള്‍ക്ക് വെളിപ്പെടാന്‍, കൊതിക്കുന്ന പുരുഷനെ സ്വന്തമാക്കാന്‍ സ്ത്രിക്ക് അധികാരമില്ല എന്ന് ശൂര്‍പ്പണഖയുടെ മുലയറുത്ത് ആര്യധാര്‍ഷ്ട്യം നിലവിളിച്ചെങ്കില്‍ എന്റെ ഭീരുത്വത്തിന്റെ പുല്‍നാമ്പിനുമുന്നില്‍ അടിയറവു പറഞ്ഞ് എന്റെ ശരീരത്തെ നീയും നിശബ്ധമായി അന്യമാക്കി. ഇപ്പോള്‍ മൂക്കിനും മുലയ്ക്കും പകരം എനിക്ക് ഒരുങ്ങിയിരിക്കുന്നത് അപമാനത്തിന്റെ ഒരു ചിത. അന്യന്റെ പെണ്ണിനെ മോഹിക്കരുതെന്ന് രാമന്റെ കുലം. മോഹിക്കുന്നതെന്തും സ്വന്തമാക്കണമെന്ന് നിന്റെ കുലം. പെണ്ണ് കൈമുതലാണെന്ന് പഠിപ്പിച്ച കുലങ്ങളേ നിങ്ങള്‍ക്കൊക്കെ ഉള്ളൂ.

രാമന്റെ പത്നിയായതുകൊണ്ട് മറ്റൊരുവനാലും ഞാന്‍ മോഹിക്കപ്പെടരുത് എന്നത്രേ നിയമം. എന്റെ മുന്നിലേക്ക് മോഹത്തിന്റെ മാരീചമായി അവതരിച്ച സഖേ, നീ എന്നെ മോഹിച്ചതു പാപമല്ലാതാവുന്നത് കുലസംഹിതകളിലെ നിയമങ്ങള്‍ വച്ചല്ല. നിന്നാല്‍ ആഗ്രഹിക്കപ്പെടുക എന്നത് എന്റേതുമാത്രമായ ഈ ശരീരത്തിന്റെ അവകാശമാണ്. നിന്റെ മോഹദൃഷ്ടിയുടെ തണലുകൂടിയായിരുന്നു എനിക്ക് അശോകം.

തിരുമാനിക്കേണ്ടത് ഞാനായിരുന്നു. ഞാനാകേണ്ടിയിരുന്നു രണഭൂമി. സ്നേഹം ബലിയാണെങ്കില്‍ ബലിമൃഗത്തിന്റെ രക്തവും രജസ്സുമാണ് മണ്ണിനെ ഉര്‍വ്വരയാക്കുന്നത്. എന്നെ ഉഴുതുമറിക്കേണ്ടിയിരുന്ന സ്നേഹബലികൊണ്ടാണ് നിങ്ങള്‍ പരസ്പരം പൊരുതിയത്. ഈ ആത്മചിതയിലേക്ക് ഞാന്‍ കയറുന്നത് എന്നെ കഴുകിയെടുക്കാനല്ല. വരണ്ടുണങ്ങിയ എന്റെ ഉടലില്‍ കാമത്തീപടര്‍ത്തി വീണ്ടും തളിര്‍ക്കാനാണ്. നിന്റെയും രാമന്റെയും പ്രേമം എന്റെ സിരകളില്‍ ഒരുമിച്ചൊഴുകട്ടെ. കുലങ്ങള്‍ നശിച്ചു പോകട്ടെ.

*************

Wednesday, January 7, 2009

വാക്കിലൊതുങ്ങാത്ത നിലവിളികള്‍

ചിന്തകളുടെ ആകാശക്കോട്ടകളെ ഭയക്കുന്നതു കൊണ്ട്, സത്യമായിട്ടും ലാപുടയിലേക്കുള്ള എന്റെ പോക്കുവരവുകള്‍ എളുപ്പമാവാറില്ല. പോയാല്‍ തിരിച്ചു വരുന്നത് ഒന്നുകില്‍ രണ്ടായി പകുക്കപ്പെട്ട്, അല്ലെങ്കില്‍ കണ്ണാടിക്കു മുന്നിലെന്നപോലെ ഒറ്റപ്പെട്ട്. “കീറും മുന്‍പ് കൂടിയ മുറിവുകള്‍“ തരുന്ന വേദനപോലെ ആഴത്തില്‍ ചിലത്. വാക്കിലൊതുങ്ങാത്ത നിലവിളികളായി, ഉത്തരം മുട്ടുന്ന കടംകഥകളായി, ഓര്‍മ്മയിലും മറവിയിലും ഇല്ലാത്ത ഭാഷയില്‍ സംവദിക്കുന്ന വരികള്‍. ഇലയനക്കം പോലെ അറിവ്, പിറകെ ഉരുള്‍പ്പൊട്ടിയൊലിച്ചു പൊവുന്ന നിരര്‍ത്ഥകത. ഒറ്റ വായനയില്‍ത്തന്നെ തച്ചുടക്കുന്ന അനുഭവങ്ങളാണ് വിനോദിന്റെ കവിതകളിലേറെയും.

വായനയുടെ പുതിയ സാധ്യതകള്‍ അന്വേഷിക്കുന്നവര്‍ക്കായി ഈ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു.വിനിമയങ്ങളുടെ സൈബര്‍ ഇടത്തില്‍ നമ്മിലൊതുങ്ങി നമ്മളില്‍ ചിലര്‍ വായിച്ചും പറഞ്ഞും അറിഞ്ഞ ഒരു രഹസ്യക്കലവറ വെളിപ്പെടുകയാണ്. ബുക്ക് റിപബ്ലിക്കിലൂടെ. ഒരു പ്രസാധകന്റെയും കീറിമുറിക്കലിനും വെട്ടിത്തിരുത്തലുകള്‍ക്കും വഴങ്ങേണ്ടി വരാതെ സ്വയംഭൂവായി നിലവിളിയേക്കുറിച്ചുള്ള കടംകഥകള്‍പിറന്നുവീഴുകയാണ്. ജനുവരി പത്തിനു വൈകീട്ട് ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക പാര്‍ക്കില്‍. ഏവര്‍ക്കും സ്വാഗതം.