Sunday, February 15, 2009

അസ്നാതാ ദ്രഷ്ടുമിച്ഛാമി...

രാവണാ

വാടാതെ കിടക്കുന്ന ഒരു പുല്‍തലപ്പ് എന്നെക്കൊണ്ട് പറയിക്കുന്നതാണിത്. നിന്നോട് മാത്രമായി. പെണ്ണിന്റെ മന:ശക്തിയെന്നു പരക്കെ വിളിക്കപ്പെട്ട ഈ പുല്‍നാമ്പ് യഥാര്‍ത്ഥത്തില്‍ ഒരു വെല്ലുവിളിയായിരുന്നു. നിനക്കും എനിക്കും. എന്റെ ഉടലില്‍ തൊടാന്‍ നിനക്ക് അവകാശമില്ലെന്ന് തിരുമാനിച്ചവര്‍, നമുക്കിടയില്‍ പച്ചിലകൊണ്ടോരു കിടങ്ങു തീര്‍ത്തവര്‍, രാമനും മുന്നെ വിജയിച്ചു കഴിഞ്ഞു. മുങ്ങിക്കുളിച്ച് അവരൊരുക്കിയ ചിതയില്‍ അഗ്നിശുദ്ധി വരുത്തി ചെല്ലുന്ന എന്നെ സ്വീകരിക്കുമ്പോള്‍ രാമന്റെ പരാജയം പൂര്‍ണ്ണമാവും. ഞാന്‍ തന്നെ തോറ്റത് ഒരു പുല്ല് നിന്റെ നേരെ നീട്ടിപ്പിടിച്ചപ്പോഴാണ്. അതിനെ മറികടക്കാനാവാതെ, ലങ്കേശാ നീയും നാണംകെട്ടു. ലങ്ക ഒരു വാതിലായിരുന്നു. പൊളിച്ചു കളയേണ്ടിയിരുന്ന വാതില്‍. വിറച്ചു വെറുങ്ങലിച്ച് നമ്മളൊരുമിച്ച് ഇപ്പോഴും നില്‍ക്കുകയാണ് ഇവിടെ.

ഇന്ന്, ജയിച്ചവന്റെ ചളിപ്പോടെ അപരാധിയുടേ ആത്മവൈര്യം തീര്‍ക്കല്‍ പോലെ രാമന്‍ എന്നോട് കുളിച്ചുവരാന്‍ പറയുന്നു. എന്റെ ശരീരത്തിന്റെയും മനസ്സിന്റെയും മാലിന്യങ്ങളെ അഗ്നിക്കിരയാക്കാന്‍ പറയുന്നു. നീയാകട്ടെ നിലയുറക്കാത്ത എന്റെ കാലുകള്‍ക്കായി നിന്റെ നെഞ്ചു തുറന്ന്, മണ്ണുപകര്‍ന്നു തരുന്നു. നിന്റെ നിശ്വാസങ്ങളില്‍ ഞാന്‍ അറിയുന്ന പരാജിതന്റെ നിസ്സംഗപരിത്യാഗം രാവണാ, അതിരുകളില്‍ നമ്മളെ ഒരുമിച്ച് രേഖപ്പെടുത്തുന്നുണ്ടാവാം. മുലയറുക്കപ്പെട്ട നിന്റെ പെങ്ങളെ ചേര്‍ത്തുപിടിച്ച നീ എന്റെ പിടയുന്ന മനസ്സു കാണുന്നുണ്ടാവാം. പക്ഷെ യുദ്ധമടങ്ങിയ മണ്ണും കാമമൊടുങ്ങിയ ഉടലും ശൂന്യതയുടെ ചിഹ്നങ്ങളാണ്. മരണത്തിന്റെ ചീഞ്ഞമണമാണതിന്. എന്റെ ഉടലില്‍ തൊട്ടാല്‍ ഒടുങ്ങാവുന്ന തൃഷ്ണയാണ് കുലം, ദേശം, ആചാരം എന്നൊക്കെ ചൊല്ലിയുറപ്പിച്ച് വെറിയും ഭ്രാന്തുമാക്കി യുദ്ധത്തിലെത്തിയത് എന്നോര്‍ക്കുമ്പോള്‍, രാവണാ, ചുറ്റുമുള്ള ഓരോ നിലവിളിയും എന്റെ ശരീരത്തില്‍ തീപ്പന്തങ്ങളായി വന്നു പതിക്കുന്നു. പച്ചക്ക് വേവുകയാണ് ഞാന്‍. ആത്മനിന്ദയുടെയും തിരസ്കാരത്തിന്റെയും കാമത്തിന്റെയും നീറ്റലുകളാണ് ദേഹം മുഴുവന്‍ പടരുന്നത്.

നീ എന്നെ എന്തിനു താങ്ങണം? ലങ്കയുടെ കടല്‍ത്തിരകളില്‍ ഇരമ്പുന്ന നിന്റെ കരുതല്‍, എന്നെ പ്രതിയുള്ള നിന്റെ വേദന അയോദ്ധ്യയുടെ അന്തപ്പുരങ്ങളെ ഇനിയും ശ്വാസം മുട്ടിക്കും. എനിക്കു വേണ്ടത് നിന്റെ ബലിഷ്ഠമായ കൈകളല്ല. അജ്ഞത കൊണ്ട് അന്ധനായ രാമനോട് എനിക്ക് സഹതാപമേയുള്ളു. എനിക്കു വേണ്ടത് എന്നെമാത്രം. എന്റെ സര്‍വ്വചോദനകളും അടങ്ങുന്ന ഈ ശരീരം മാത്രം. പെണ്ണിന്റെ ആത്മാവും ശരീരവും ഒന്നാണ്. പെണ്ണിന്റെ ഉടലും മനസ്സും ഒന്നാണ്. കഴുകി ശുദ്ധിവരുത്തേണ്ടതല്ല എന്റെ ശരീരം എന്ന്‍ എനിക്ക് വിളിച്ചുപറയണം. അപൂര്‍ണ്ണമായിപ്പോയ നിന്റെ കാമം എന്റെ ഉടലിനേ സ്പര്‍ശിച്ചിരുന്നില്ലെ പലവുരു? പെരുവിരല്‍ തൊട്ടങ്ങോട്ട് നിന്റെ പൂര്‍ണ്ണകായം, നീ അടുത്തു വരുമ്പോള്‍ അശോകയുടെ ഇലയനക്കം പോലെ എന്തോ ഒന്ന് എന്നില്‍ വൈദ്യുതിയായി പടര്‍ത്തിയിരുന്നില്ലെ? വിറയ്ക്കുന്ന കൈകള്‍ കൊണ്ട് നിന്റെ നേരെ മന്ത്രിച്ച് നീട്ടിയ പുല്‍നാമ്പുകൊണ്ട് ഞാന്‍ ചെറുക്കാന്‍ ശ്രമിച്ചത് നിന്നെയല്ല, എന്നെതന്നെയാണ്. അതെ രാവണാ, കാമം നിനക്ക് തീയായിരുന്നെങ്കില്‍ പെണ്ണുടലില്‍ അത് പെരുംകടലാണ്. ചിലപ്പോള്‍ ആര്‍ത്തലക്കുന്ന, ചിലപ്പോള്‍ തിരയടങ്ങി മൌനിയാകുന്ന, ഇരു തീരത്തും ഒരുപോലെ പതഞ്ഞുപടരുന്ന അറിവിനുമപ്പുറത്തെ ആഴം. ആ താഴ്ച്ചകളുടെ പാപത്തെയാണോ ഞാന്‍ കഴുകിക്കളയേണ്ടത്? ഞാന്‍ ഒരു പെണ്ണാണ്. കതിരുപോലെ എന്നെ തഴുകി ഉണര്‍ത്തിയ രാമനെയും, പെരുംകാറ്റുപോലെ വന്നണച്ച നിന്റെ രാക്ഷസവീര്യത്തെയും പ്രേമിക്കുന്നവള്‍. എന്റെ പ്രണയത്തെയാണോ ഞാന്‍ കഴുകിക്കളയേണ്ടത്?ഞാന്‍ കുളിച്ചുവരണമെങ്കില്‍ രാമനും നീയുമാണ് എന്റെ അഴുക്ക്. ലങ്കക്കുവേണ്ടി നീയും കുലത്തിനു വേണ്ടി രാമനും എന്നെ ആഗ്രഹിച്ചപ്പോള്‍ എനിക്കുവേണ്ടി മാത്രം ഞാന്‍ കാമിച്ചു. സ്വന്തം ഉടലില്‍ പതിയുന്ന മോഹദൃഷ്ടികള്‍ക്ക് വെളിപ്പെടാന്‍, കൊതിക്കുന്ന പുരുഷനെ സ്വന്തമാക്കാന്‍ സ്ത്രിക്ക് അധികാരമില്ല എന്ന് ശൂര്‍പ്പണഖയുടെ മുലയറുത്ത് ആര്യധാര്‍ഷ്ട്യം നിലവിളിച്ചെങ്കില്‍ എന്റെ ഭീരുത്വത്തിന്റെ പുല്‍നാമ്പിനുമുന്നില്‍ അടിയറവു പറഞ്ഞ് എന്റെ ശരീരത്തെ നീയും നിശബ്ധമായി അന്യമാക്കി. ഇപ്പോള്‍ മൂക്കിനും മുലയ്ക്കും പകരം എനിക്ക് ഒരുങ്ങിയിരിക്കുന്നത് അപമാനത്തിന്റെ ഒരു ചിത. അന്യന്റെ പെണ്ണിനെ മോഹിക്കരുതെന്ന് രാമന്റെ കുലം. മോഹിക്കുന്നതെന്തും സ്വന്തമാക്കണമെന്ന് നിന്റെ കുലം. പെണ്ണ് കൈമുതലാണെന്ന് പഠിപ്പിച്ച കുലങ്ങളേ നിങ്ങള്‍ക്കൊക്കെ ഉള്ളൂ.

രാമന്റെ പത്നിയായതുകൊണ്ട് മറ്റൊരുവനാലും ഞാന്‍ മോഹിക്കപ്പെടരുത് എന്നത്രേ നിയമം. എന്റെ മുന്നിലേക്ക് മോഹത്തിന്റെ മാരീചമായി അവതരിച്ച സഖേ, നീ എന്നെ മോഹിച്ചതു പാപമല്ലാതാവുന്നത് കുലസംഹിതകളിലെ നിയമങ്ങള്‍ വച്ചല്ല. നിന്നാല്‍ ആഗ്രഹിക്കപ്പെടുക എന്നത് എന്റേതുമാത്രമായ ഈ ശരീരത്തിന്റെ അവകാശമാണ്. നിന്റെ മോഹദൃഷ്ടിയുടെ തണലുകൂടിയായിരുന്നു എനിക്ക് അശോകം.

തിരുമാനിക്കേണ്ടത് ഞാനായിരുന്നു. ഞാനാകേണ്ടിയിരുന്നു രണഭൂമി. സ്നേഹം ബലിയാണെങ്കില്‍ ബലിമൃഗത്തിന്റെ രക്തവും രജസ്സുമാണ് മണ്ണിനെ ഉര്‍വ്വരയാക്കുന്നത്. എന്നെ ഉഴുതുമറിക്കേണ്ടിയിരുന്ന സ്നേഹബലികൊണ്ടാണ് നിങ്ങള്‍ പരസ്പരം പൊരുതിയത്. ഈ ആത്മചിതയിലേക്ക് ഞാന്‍ കയറുന്നത് എന്നെ കഴുകിയെടുക്കാനല്ല. വരണ്ടുണങ്ങിയ എന്റെ ഉടലില്‍ കാമത്തീപടര്‍ത്തി വീണ്ടും തളിര്‍ക്കാനാണ്. നിന്റെയും രാമന്റെയും പ്രേമം എന്റെ സിരകളില്‍ ഒരുമിച്ചൊഴുകട്ടെ. കുലങ്ങള്‍ നശിച്ചു പോകട്ടെ.

*************