Sunday, February 15, 2009

അസ്നാതാ ദ്രഷ്ടുമിച്ഛാമി...

രാവണാ

വാടാതെ കിടക്കുന്ന ഒരു പുല്‍തലപ്പ് എന്നെക്കൊണ്ട് പറയിക്കുന്നതാണിത്. നിന്നോട് മാത്രമായി. പെണ്ണിന്റെ മന:ശക്തിയെന്നു പരക്കെ വിളിക്കപ്പെട്ട ഈ പുല്‍നാമ്പ് യഥാര്‍ത്ഥത്തില്‍ ഒരു വെല്ലുവിളിയായിരുന്നു. നിനക്കും എനിക്കും. എന്റെ ഉടലില്‍ തൊടാന്‍ നിനക്ക് അവകാശമില്ലെന്ന് തിരുമാനിച്ചവര്‍, നമുക്കിടയില്‍ പച്ചിലകൊണ്ടോരു കിടങ്ങു തീര്‍ത്തവര്‍, രാമനും മുന്നെ വിജയിച്ചു കഴിഞ്ഞു. മുങ്ങിക്കുളിച്ച് അവരൊരുക്കിയ ചിതയില്‍ അഗ്നിശുദ്ധി വരുത്തി ചെല്ലുന്ന എന്നെ സ്വീകരിക്കുമ്പോള്‍ രാമന്റെ പരാജയം പൂര്‍ണ്ണമാവും. ഞാന്‍ തന്നെ തോറ്റത് ഒരു പുല്ല് നിന്റെ നേരെ നീട്ടിപ്പിടിച്ചപ്പോഴാണ്. അതിനെ മറികടക്കാനാവാതെ, ലങ്കേശാ നീയും നാണംകെട്ടു. ലങ്ക ഒരു വാതിലായിരുന്നു. പൊളിച്ചു കളയേണ്ടിയിരുന്ന വാതില്‍. വിറച്ചു വെറുങ്ങലിച്ച് നമ്മളൊരുമിച്ച് ഇപ്പോഴും നില്‍ക്കുകയാണ് ഇവിടെ.

ഇന്ന്, ജയിച്ചവന്റെ ചളിപ്പോടെ അപരാധിയുടേ ആത്മവൈര്യം തീര്‍ക്കല്‍ പോലെ രാമന്‍ എന്നോട് കുളിച്ചുവരാന്‍ പറയുന്നു. എന്റെ ശരീരത്തിന്റെയും മനസ്സിന്റെയും മാലിന്യങ്ങളെ അഗ്നിക്കിരയാക്കാന്‍ പറയുന്നു. നീയാകട്ടെ നിലയുറക്കാത്ത എന്റെ കാലുകള്‍ക്കായി നിന്റെ നെഞ്ചു തുറന്ന്, മണ്ണുപകര്‍ന്നു തരുന്നു. നിന്റെ നിശ്വാസങ്ങളില്‍ ഞാന്‍ അറിയുന്ന പരാജിതന്റെ നിസ്സംഗപരിത്യാഗം രാവണാ, അതിരുകളില്‍ നമ്മളെ ഒരുമിച്ച് രേഖപ്പെടുത്തുന്നുണ്ടാവാം. മുലയറുക്കപ്പെട്ട നിന്റെ പെങ്ങളെ ചേര്‍ത്തുപിടിച്ച നീ എന്റെ പിടയുന്ന മനസ്സു കാണുന്നുണ്ടാവാം. പക്ഷെ യുദ്ധമടങ്ങിയ മണ്ണും കാമമൊടുങ്ങിയ ഉടലും ശൂന്യതയുടെ ചിഹ്നങ്ങളാണ്. മരണത്തിന്റെ ചീഞ്ഞമണമാണതിന്. എന്റെ ഉടലില്‍ തൊട്ടാല്‍ ഒടുങ്ങാവുന്ന തൃഷ്ണയാണ് കുലം, ദേശം, ആചാരം എന്നൊക്കെ ചൊല്ലിയുറപ്പിച്ച് വെറിയും ഭ്രാന്തുമാക്കി യുദ്ധത്തിലെത്തിയത് എന്നോര്‍ക്കുമ്പോള്‍, രാവണാ, ചുറ്റുമുള്ള ഓരോ നിലവിളിയും എന്റെ ശരീരത്തില്‍ തീപ്പന്തങ്ങളായി വന്നു പതിക്കുന്നു. പച്ചക്ക് വേവുകയാണ് ഞാന്‍. ആത്മനിന്ദയുടെയും തിരസ്കാരത്തിന്റെയും കാമത്തിന്റെയും നീറ്റലുകളാണ് ദേഹം മുഴുവന്‍ പടരുന്നത്.

നീ എന്നെ എന്തിനു താങ്ങണം? ലങ്കയുടെ കടല്‍ത്തിരകളില്‍ ഇരമ്പുന്ന നിന്റെ കരുതല്‍, എന്നെ പ്രതിയുള്ള നിന്റെ വേദന അയോദ്ധ്യയുടെ അന്തപ്പുരങ്ങളെ ഇനിയും ശ്വാസം മുട്ടിക്കും. എനിക്കു വേണ്ടത് നിന്റെ ബലിഷ്ഠമായ കൈകളല്ല. അജ്ഞത കൊണ്ട് അന്ധനായ രാമനോട് എനിക്ക് സഹതാപമേയുള്ളു. എനിക്കു വേണ്ടത് എന്നെമാത്രം. എന്റെ സര്‍വ്വചോദനകളും അടങ്ങുന്ന ഈ ശരീരം മാത്രം. പെണ്ണിന്റെ ആത്മാവും ശരീരവും ഒന്നാണ്. പെണ്ണിന്റെ ഉടലും മനസ്സും ഒന്നാണ്. കഴുകി ശുദ്ധിവരുത്തേണ്ടതല്ല എന്റെ ശരീരം എന്ന്‍ എനിക്ക് വിളിച്ചുപറയണം. അപൂര്‍ണ്ണമായിപ്പോയ നിന്റെ കാമം എന്റെ ഉടലിനേ സ്പര്‍ശിച്ചിരുന്നില്ലെ പലവുരു? പെരുവിരല്‍ തൊട്ടങ്ങോട്ട് നിന്റെ പൂര്‍ണ്ണകായം, നീ അടുത്തു വരുമ്പോള്‍ അശോകയുടെ ഇലയനക്കം പോലെ എന്തോ ഒന്ന് എന്നില്‍ വൈദ്യുതിയായി പടര്‍ത്തിയിരുന്നില്ലെ? വിറയ്ക്കുന്ന കൈകള്‍ കൊണ്ട് നിന്റെ നേരെ മന്ത്രിച്ച് നീട്ടിയ പുല്‍നാമ്പുകൊണ്ട് ഞാന്‍ ചെറുക്കാന്‍ ശ്രമിച്ചത് നിന്നെയല്ല, എന്നെതന്നെയാണ്. അതെ രാവണാ, കാമം നിനക്ക് തീയായിരുന്നെങ്കില്‍ പെണ്ണുടലില്‍ അത് പെരുംകടലാണ്. ചിലപ്പോള്‍ ആര്‍ത്തലക്കുന്ന, ചിലപ്പോള്‍ തിരയടങ്ങി മൌനിയാകുന്ന, ഇരു തീരത്തും ഒരുപോലെ പതഞ്ഞുപടരുന്ന അറിവിനുമപ്പുറത്തെ ആഴം. ആ താഴ്ച്ചകളുടെ പാപത്തെയാണോ ഞാന്‍ കഴുകിക്കളയേണ്ടത്? ഞാന്‍ ഒരു പെണ്ണാണ്. കതിരുപോലെ എന്നെ തഴുകി ഉണര്‍ത്തിയ രാമനെയും, പെരുംകാറ്റുപോലെ വന്നണച്ച നിന്റെ രാക്ഷസവീര്യത്തെയും പ്രേമിക്കുന്നവള്‍. എന്റെ പ്രണയത്തെയാണോ ഞാന്‍ കഴുകിക്കളയേണ്ടത്?ഞാന്‍ കുളിച്ചുവരണമെങ്കില്‍ രാമനും നീയുമാണ് എന്റെ അഴുക്ക്. ലങ്കക്കുവേണ്ടി നീയും കുലത്തിനു വേണ്ടി രാമനും എന്നെ ആഗ്രഹിച്ചപ്പോള്‍ എനിക്കുവേണ്ടി മാത്രം ഞാന്‍ കാമിച്ചു. സ്വന്തം ഉടലില്‍ പതിയുന്ന മോഹദൃഷ്ടികള്‍ക്ക് വെളിപ്പെടാന്‍, കൊതിക്കുന്ന പുരുഷനെ സ്വന്തമാക്കാന്‍ സ്ത്രിക്ക് അധികാരമില്ല എന്ന് ശൂര്‍പ്പണഖയുടെ മുലയറുത്ത് ആര്യധാര്‍ഷ്ട്യം നിലവിളിച്ചെങ്കില്‍ എന്റെ ഭീരുത്വത്തിന്റെ പുല്‍നാമ്പിനുമുന്നില്‍ അടിയറവു പറഞ്ഞ് എന്റെ ശരീരത്തെ നീയും നിശബ്ധമായി അന്യമാക്കി. ഇപ്പോള്‍ മൂക്കിനും മുലയ്ക്കും പകരം എനിക്ക് ഒരുങ്ങിയിരിക്കുന്നത് അപമാനത്തിന്റെ ഒരു ചിത. അന്യന്റെ പെണ്ണിനെ മോഹിക്കരുതെന്ന് രാമന്റെ കുലം. മോഹിക്കുന്നതെന്തും സ്വന്തമാക്കണമെന്ന് നിന്റെ കുലം. പെണ്ണ് കൈമുതലാണെന്ന് പഠിപ്പിച്ച കുലങ്ങളേ നിങ്ങള്‍ക്കൊക്കെ ഉള്ളൂ.

രാമന്റെ പത്നിയായതുകൊണ്ട് മറ്റൊരുവനാലും ഞാന്‍ മോഹിക്കപ്പെടരുത് എന്നത്രേ നിയമം. എന്റെ മുന്നിലേക്ക് മോഹത്തിന്റെ മാരീചമായി അവതരിച്ച സഖേ, നീ എന്നെ മോഹിച്ചതു പാപമല്ലാതാവുന്നത് കുലസംഹിതകളിലെ നിയമങ്ങള്‍ വച്ചല്ല. നിന്നാല്‍ ആഗ്രഹിക്കപ്പെടുക എന്നത് എന്റേതുമാത്രമായ ഈ ശരീരത്തിന്റെ അവകാശമാണ്. നിന്റെ മോഹദൃഷ്ടിയുടെ തണലുകൂടിയായിരുന്നു എനിക്ക് അശോകം.

തിരുമാനിക്കേണ്ടത് ഞാനായിരുന്നു. ഞാനാകേണ്ടിയിരുന്നു രണഭൂമി. സ്നേഹം ബലിയാണെങ്കില്‍ ബലിമൃഗത്തിന്റെ രക്തവും രജസ്സുമാണ് മണ്ണിനെ ഉര്‍വ്വരയാക്കുന്നത്. എന്നെ ഉഴുതുമറിക്കേണ്ടിയിരുന്ന സ്നേഹബലികൊണ്ടാണ് നിങ്ങള്‍ പരസ്പരം പൊരുതിയത്. ഈ ആത്മചിതയിലേക്ക് ഞാന്‍ കയറുന്നത് എന്നെ കഴുകിയെടുക്കാനല്ല. വരണ്ടുണങ്ങിയ എന്റെ ഉടലില്‍ കാമത്തീപടര്‍ത്തി വീണ്ടും തളിര്‍ക്കാനാണ്. നിന്റെയും രാമന്റെയും പ്രേമം എന്റെ സിരകളില്‍ ഒരുമിച്ചൊഴുകട്ടെ. കുലങ്ങള്‍ നശിച്ചു പോകട്ടെ.

*************

19 comments:

sree said...

സാറാജോസഫിന്റെ “അശോക” പറഞ്ഞുവെക്കുന്ന സീതായനത്തിന്റെ പാഠഭേദത്തിന് ഒരു തുടര്‍ച്ച ശ്രമിച്ചതാണ്.

പാമരന്‍ said...

"ലങ്ക ഒരു വാതിലായിരുന്നു. പൊളിച്ചു കളയേണ്ടിയിരുന്ന വാതില്‍."

ചങ്കരന്‍ said...

സീതമാത്രം ഒരിക്കലും ജയിക്കുന്നില്ല, ഒരു യുദ്ധവും.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"എനിക്കു വേണ്ടത് എന്നെമാത്രം."
athu maathramaanu sathyam,
satyamaaya sathyam. ugran.

സിമി said...

ഇതു വായിച്ചാല്‍ തീയില്‍ ആദ്യം രാമന്‍ ചാടുമോ രാവണന്‍ ചാടുമോ എന്നു സംശയം ബാക്കി :) സന്തോഷിച്ച് വായിച്ചു ശ്രീ.

ഗുപ്തന്‍ said...

അശോകയിലെങ്കിലും രാമായണത്തോട് തികച്ചും വിശ്വസ്തമായ എഴുത്താണ് സാറാ ജോസഫിന്റേത്. കഥാസന്ദര്‍ഭത്തിന്റെ നാടകീയത വര്‍ദ്ധിപ്പിച്ച് സീതയുടെ ആന്തരിക സംഘര്‍ഷത്തെ പുറത്തുകൊണ്ടുവരുന്നതേയുള്ളവിടെ.

ശ്രീയുടെ വായനയില്‍ കൂടുതല്‍ വ്യത്യസ്തതയുള്ള കാഴ്കയുണ്ട്. പരമ്പരാഗത സീതയില്‍ നിന്ന് സീതയുടെ സ്ത്രീത്വം കുറേക്കൂടി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നുണ്ട്. നന്നായി ഈ പുനര്‍വായന :)

സുനീഷ് said...

ആദ്യവായനയില്‍ ഭാഷയാണെന്നെ കൂടുതല്‍ ആകര്‍ഷിച്ചത്, എന്‍‌റെ ന്യൂനത. ഇനി വായന ആവര്‍ത്തിക്കണം ശ്രീയെഴുതിയ സീതയെ കാണാന്‍.

Bindhu Unny said...

ഈ സീതയെ ആരും പുകഴ്ത്തില്ല. :-)

vadavosky said...

എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു

ശ്രീയുടെ ശൈലിയും ഭാഷയും മാറ്റി എഴുതിയിരിക്കുന്നു

ശിവന്‍ said...

പുല്‍ക്കൊടിയല്ല, പുല്ലിനോട് സംസാരിക്കുമ്പോള്‍ സീത നോക്കിയിരുന്ന രാവണന്റെ തള്ളവിരലായിരുന്നു പ്രശ്നം എന്ന് സച്ചിദാനന്ദന്റെ പഠനത്തില്‍ വായിച്ചതോര്‍മ്മയുണ്ട്.
“എന്നെ ഉഴുതുമറിക്കേണ്ടിയിരുന്ന സ്നേഹബലികൊണ്ടാണ് നിങ്ങള്‍ പരസ്പരം പൊരുതിയത്.”
- രാമനെന്തായിരുന്നു പ്രശ്നം എന്നറിയാം സീതയ്ക്ക് രാവണനും. രണ്ടും തന്റെ സ്വത്വത്തെ അവഗണിക്കുന്നു എന്നറിയാമായിരിക്കേ പിന്നെ മുകളിലെഴുതിയ വാക്യം എന്തായിരിക്കും അര്‍ത്ഥമാക്കുന്നത്.
“ ഈ ആത്മചിതയിലേക്ക് ഞാന്‍ കയറുന്നത് എന്നെ കഴുകിയെടുക്കാനല്ല. വരണ്ടുണങ്ങിയ എന്റെ ഉടലില്‍ കാമത്തീപടര്‍ത്തി വീണ്ടും തളിര്‍ക്കാനാണ്.”
- നേരത്തെ പറഞ്ഞ തള്ളവിരലിന്റെ കാര്യത്തിലെന്നപോലെ കാമം മാത്രമായിട്ടല്ലാതെ സീതയ്ക്കൊരു സ്വത്വം കൊടുക്കാന്‍ കഴിയില്ലെന്നാണോ? കമ്പര്‍ ഈ പ്രശ്നത്തെ അച്ഛന്‍ -മകള്‍ എന്ന ബന്ധത്തിലൂടെ തരനം ചെയ്തത് ശ്രദ്ധേയമായി തോന്നുന്നത് ഇതുകൊണ്ടാണ്. ‘സ്വസ്തി ഹേ സൂര്യ’ എന്നു പറയുന്നത് താനും സൂര്യനെപ്പോലെയാണെന്ന് വായിക്കന്നവരെ ബോദ്ധ്യപ്പെടുത്താനാണെന്നതു പോലെ ആധുനികമായ താത്പര്യങ്ങളെയും അഭിരുചികളെയും കഥാപാത്രങ്ങളിലേയ്ക്ക് പ്രക്ഷേപിക്കുന്നത് ചില സൂക്ഷ്മതയുള്ള വിശദാംശങ്ങളെ റദ്ദാക്കില്ലേ എന്നാണ് എന്റെ സംശയം. അല്ലെങ്കില്‍ യുലീസസ്സിനെപ്പോലെ ആധുനികീകരിക്കണം.. ശരിയായോ എന്തോ ? ബാക്കി പിന്നീട്

sree said...

ശിവന്‍, സ്വത്വത്തെ അവഗണിക്കുന്നു എന്നല്ല, തിരിച്ചറിയുന്നില്ല എന്നതല്ലെ വിഷയം? അവഗണന അറിഞ്ഞുകൊണ്ടുള്ള തിരിഞ്ഞു നടപ്പാണ്. പൊറുക്കാന്‍ കഴിയാത്ത കുറ്റം. ഇവിടേ സീതയെ മനസ്സിലാക്കാന്‍ കഴിയാത്ത രണ്ടു പേരാണ് വിഷയം.

കാമം അടങ്ങാത്ത ഒരു സ്വത്വം സീതയ്കെന്നല്ല, ആര്‍ക്കുമില്ല. ഉണ്ടോ? പിന്നെ സീതയുടേ കാര്യത്തില്‍ തിരിച്ചറിയപ്പെടാതെ പോയതും തെറ്റിവായിക്കപ്പെട്ടതും ഈയൊരു വശമാണ് എന്നാണ് ഞാന്‍ കരുതുന്നത്. രാവണന്റെ കൂടെ പാര്‍ത്ത് അവനില്‍ അഭിരമിച്ചിരിക്കാമെന്നാണ് രാമന്റെം നാട്ടാരുടേം പക്ഷം. ഈ ലൈംഗീക അപവാദമല്ലെങ്കില്‍ പിന്നെ മറ്റേ അറ്റത്ത് ദൈവീക/ചാരിത്ര്യ/ആദര്‍ശ വിശുദ്ധിയുടേ കരിങ്കല്ലില്‍ കൊത്തും. ഇതു രണ്ടും ആവില്ലല്ലൊ സത്യം. “അനുവദനീയമായി” മോഹത്തിനു പാത്രീഭവിക്കുക എന്നത് സ്ത്രീകളില്‍ രംഭ/തിലോത്തമ്മ ഇമേജില്‍ ഒതുങ്ങുന്നതെന്തുകൊണ്ട്?
കുളിച്ചു വരണം എന്ന രാമന്റെ ആജ്ഞയില്‍ പ്രശ്നവല്‍ക്കരിക്കപ്പെടുന്നത് മോഹിക്കാനും മോഹിക്കപ്പെടാനുമുള്ള സ്ത്രിയുടെ അവകാശമാണ്. അസ്നാതാ..എന്നു സീത പറയുന്നത് സ്ത്രീ ശരീരത്തിന്റെ ഒരു അവകാശ പ്രഖ്യാപനമായിട്ടാണ് ഞാന്‍ കാണുന്നത്. അല്ലാതെ സീതയുടെ ഉടല്‍ നിറച്ചും “കാമം” ( ആ ചെറിയ അര്‍ത്ഥത്തില്‍) എന്ന ഉദ്ധേശത്തിലല്ല. എന്റെ ദൃഷ്ടിയില്‍ കമ്പന്‍ ശ്രമിച്ചതും സീതയുടേ സങ്കീര്‍ണ്ണമായ സ്വത്വപ്രഖ്യാപനത്തിനുള്ള സ്പെയ്സ് ഇല്ലാതാക്കലാണ്, ഇന്‍സെസ്റ്റ് എന്ന ഒരു കീറാമുട്ടി കൂടി അതില്‍ വലിച്ചു കയറ്റീട്ട്!

പിന്നെ,“ആധുനികമായ താത്പര്യങ്ങളെയും അഭിരുചികളെയും കഥാപാത്രങ്ങളിലേയ്ക്ക് പ്രക്ഷേപിക്കുന്നത് ചില സൂക്ഷ്മതയുള്ള വിശദാംശങ്ങളെ റദ്ദാക്കില്ലെ” എന്നതിനുള്ള മറുപടി വ്യക്തിപരമായ ഒന്നാണ്. വളരെ polymorphus ആയ ഒരു textual quality എല്ലാ വ്യക്തിത്വങ്ങള്‍ക്കും ഉണ്ട് എന്നു വിചാരിക്കുന്നു. കഥാപത്രങ്ങള്‍ക്കും.

ഈ വഴി വന്ന എല്ലാവര്‍ക്കും നന്ദി.

സിജി said...

ശ്രീ ഏതൊരുവിഷയത്തേയും തന്റേതായ രിതിയില്‍ വിവക്ഷിച്ചെടുക്കുന്ന ആളാണ്‌,എപ്പോഴും കഥകള്‍ വായിക്കുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകാറുണ്ട്‌, അധികം വായിച്ച്‌ തിരുത്താതെ വേഗത്തില്‍ ഇടുന്ന പോസ്റ്റുകള്‍..ശ്രീയുടെ കഥകളുടെ നിറം കെടുത്താറുണ്ട്‌.

സാറാജോസഫിന്റെ അശോക ഞാന്‍ വായിച്ചിട്ടില്ല.
സീതയുടെ സ്വത്വത്തെ വായനക്കും പുനര്‍ വായനക്കും ഒരു പാട്‌ വിധേയമാക്കിയതാണ്‌ എങ്കിലും വായിക്കും തോറും തന്നിലേക്കുതന്നെ ചുഴിഞ്ഞുനോക്കുന്ന കഥയാണു സീതയുടേത്‌. ശ്രീ എഴുതിയ സീതയ്ക്ക്‌ പുതുമയും വ്യാഖ്യാന തലങ്ങളുണ്ട്‌, അതാണല്ലോ ഈ വിഷയത്തെ ഗംഭീരമാക്കുന്നത്‌.

ജ്യോനവന്‍ said...

ആഴമുള്ള ഭാഷ!

ആത്മനിന്ദയുടെയും തിരസ്കാരത്തിന്റെയും കാമത്തിന്റെയും നീറ്റലുകളാണ് മുഴുവന്‍.
‘സീത’ ഒരു പെണ്ണിന്റെ രണ്ടറ്റങ്ങളെ സാധ്യമാക്കുന്നു.

chandiroor said...

സീതക്കിന്നുംതണലായിഅശൊകവനംമാത്രംകൊളളാം എനിക്കിഷ്ടമായി

യൂസുഫ്പ said...

ഭാഷയിലും ശൈലിയിലും വേറിട്ടു നിന്നു ഈ രചന.

Vijayan said...

വളരെ വ്യത്തസ്ത്ത്മായ ശൈലി ആണ്.ഇവിടെ ആ‍ാരൊ എഴു്തിയതു പോലെ വളരെ ധ്രുതിയില്‍ എഴുതി പോസ്റ്റ് ചെയ്ത പൊലെ തോന്നി.ശക്തമായ പ്രമേയം.ഒഴുക്കും കരുത്തുമുള്ള ഭാഷാ ശൈലി.ചിന്ത കുറച്ചു കൂടി ഫോകസ് ചെയ്യുകയാണെങ്കില്‍ ഇതിലും ഉല്‍ക്ക്റുഷ്ടമാകും എഴു്ത്ത്.

The Prophet Of Frivolity said...

ശ്രീ മുന്നോട്ട് വെക്കുന്ന സ്ത്രീയുടെ ചിത്രം ഞാന്‍ വിചാരിക്കുന്നതാണോ എന്നറിയില്ല. എവിടെയോ ഒരു പൊരുത്തം കാണാനുണ്ട്. കുളിക്കാതെതന്നെ കാണണം എന്നതിന്റെ മറുകര നേത്രരോഗിക്ക് ദീപമെന്നപോലെ എന്ന മറുപടിയിലുണ്ടെന്ന് തോന്നും.
ഞാന്‍ ആനീ ലെക്ലര്‍ക്കിന്റെ ഒരു വാചകം ഉദ്ധരിച്ചതേ വായിച്ചിട്ടുള്ളൂ. അത് അതിര് വിട്ടുപോകുന്നുണ്ടോ എന്നു പോലും എനിക്ക് പറയാനാവില്ല. ജൊയിസന്‍സ്(Jouissance-മലയാളത്തില്‍ അങ്ങനെ തന്നെയാണാവൊ?) എവിടെക്കൊണ്ടെത്തിക്കുമോ എന്നുമറിയില്ല. ശരീരം-ആശയം ദ്വന്ദ്വങ്ങള്‍ക്കിടയിലാണ് മനുഷ്യചരിത്രത്തിന്റെ ചാട്ടം.
"Living is being happy: seeing, hearing, touching, drinking, eating, urinating, defecating, diving in to the water, and
gazing at the sky, laughing and crying.[...] Coition is beautiful because it is the sum of all of life's possible sensual pleasures." അത് ഒരു കഷണം ക്വോട്ടാണ്. വല്ലാത്ത ലാളിത്യവല്‍ക്കരണമായോ(Simplistic)? അറിയില്ല. ഈയൊരു സങ്കല്‍പ്പത്തിന്റെ തനതുപ്രശ്നമെന്നത് പറയുമ്പോള്‍ നിറം മാ‍റുന്നതാണെന്ന് തോന്നും. Too fragile to be articulated.
മോചനം ഏത് വശത്തൂന്നാവണമെന്നാണ് ഇപ്പോ ശങ്ക. മ്യൂസില്‍ ഇത്തരം ഒരു ദ്വന്ദാവസ്ഥ - മനസ്സ് എന്നത് കൊണ്ട് സൂചിതമാവുന്ന ലോകവും, ശരീരം എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്ന മറ്റൊരു ലോകവും - സിമ്പോസിയത്തിലെ
വേര്‍പെടുത്തപ്പെട്ട കഷണങ്ങല്‍ തിരിച്ചുചേരുന്നതിലൂടെയാണ് സമീപിക്കുന്നത്. The pertinent question would rather be, what is close to being? അറിയില്ല.
പിന്നെ ഈ വരി "പക്ഷെ യുദ്ധമടങ്ങിയ മണ്ണും കാമമൊടുങ്ങിയ ഉടലും ശൂന്യതയുടെ ചിഹ്നങ്ങളാണ്" അടിമുതല്‍ മുടിവരെ ഏലിയറ്റിഫൈഡ് (Eliotified) ആയ എന്നെ മറ്റൊരു ലോകത്തെത്തിച്ചൂന്ന് പറഞ്ഞാ മതി - ഫലഭൂയിഷ്ഠതയുടെ ലോകം..
മ്യൂസിലിന്റെ കാവ്യലോകത്തെ പ്രതിനിധി റില്‍ക്കെയുടെ ഈ വരി ഈ എഴുത്തിന് :
The deepest experience of the creator is feminine, for it is experience of receiving and bearing.

ശിവന് ഒരു രണ്ടുപെരുവിരല്‍ ഉയര്‍ത്തല്‍ - Two thumbs-up - അനുമോദനം.

sree said...

പ്രവാചകാ

നന്ദി. റില്‍ക്കെയുടെ വരികള്‍ക്ക്. സൃഷ്ടി വാങ്ങലും താങ്ങലും ആണ് എന്ന ഉള്‍ക്കാഴ്ച്ചയ്ക്ക്.

നേത്രരോഗി എന്ന ഇമേജറിയില്‍, രാമനില്‍, വായന ഉടക്കിയിരുന്നു. ആ വാക്കില്‍ അടങ്ങുന്ന സെല്‍ഫ് പിറ്റി ആണ് ആശയക്കുഴപ്പത്തിലാക്കിയത്. ഒരു പരിധി വരെ ദീപത്തെ കുറ്റവിമുക്തയാക്കുന്നുണ്ട് രോഗാവസ്ഥ. പക്ഷെ വെളിച്ചം, എരിഞ്ഞൊടുങ്ങല്‍..ദീപം കൊണ്ടെത്തിക്കുന്നത് പഴയ വിശുദ്ധിയുടെ ചതുപ്പുനിലങ്ങളിലെക്കു തന്നെ.

ശരീരം-മനസ്സ്, വേര്‍പ്പെടുത്തപ്പെട്ട കഷണങ്ങള്‍...ദൈവത്തെ ആണായും പെണ്ണായും മുറിച്ചുകളഞ്ഞ ബൌദ്ധീകമൂര്‍ച്ഛയാണത്. അതുകൊണ്ടാവും തിരിച്ചു ചേര്‍ത്തേണ്ടിവരുന്നതും. അല്ലെ?

i too am scared of certainties. "too fragile to be articulated"

...പകല്‍കിനാവന്‍...daYdreamEr... said...

ശ്രീ നന്നായി എഴുതിയിരിക്കുന്നു.. പോസ്റ്റ് വെത്യസ്തം .. രസമുള്ള വായന.. നന്ദി...

Post a Comment