Sunday, March 22, 2009

തിരളുന്ന ചില സമസ്യകള്‍

“എന്റെ ഓരോ ആര്‍ത്തവവും എനിക്ക് പിറക്കാതെ പോയ, എന്നില്‍ തുളുമ്പിയ എന്റെ കുഞ്ഞുങ്ങളല്ലെ? വെളുത്ത ശവക്കച്ചയില്‍ അവരെ പൊതിഞ്ഞു ഞാന്‍ എല്ലാ മാസവും കുപ്പതൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു. എന്റെ പിറക്കാതെ പോയ കുഞ്ഞുങ്ങള്‍...“ (ഐശീബിയും മഷിക്കറുപ്പും എന്ന ബ്ലോഗില്‍ നിന്ന്)

എന്റെ തൊണ്ണൂറ്റിമൂന്നുകാരി അമ്മമ്മ ഒരു കഥ പറയാറുണ്ട്. പതിമൂന്നാം വയസ്സില്‍ കല്യാണം കഴിക്കുന്നതിനു മുന്നേ അമ്മമ്മ വയസ്സറിയിച്ചത്രെ. അന്ന് വിവാഹശേഷമേ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവാറുള്ളു മിക്കവാറും.അമ്മമ്മ തിരണ്ടതും സ്ത്രീകള്‍ വട്ടംകൂടിയിരുന്ന് നിലവിളിയായി. അയ്യോ പാറൂട്ടി വെതവയായെ എന്ന് ! ആര്‍ത്തവം എത്ര വലിയ ഭീഷണിയായിട്ടാണ് സ്ത്രീ ശരീരത്തിലേക്ക് കടന്നുവരുന്നതായി കണ്ടിരുന്നത് എന്നോര്‍ത്തപ്പോഴാണ് ഐശീബിയുടെ ഈ വരികളില്‍ ചെന്ന് ഉടക്കിയത്. ആര്‍ത്തവത്തെ മാതൃത്വത്തിന്റെ നിഴലായിക്കണ്ട്, ആര്‍ത്തവ രക്തത്തെ ശുക്ലത്തോട് (പിറക്കാതെ പോയ കുഞ്ഞുങ്ങള്‍) ചേര്‍ത്തുകൊണ്ട് ഐശീബി പറഞ്ഞു വയ്ക്കുന്നത് ഇന്നും വ്യത്യസ്തമായ അവസ്ഥകളല്ല.

പെണ്‍കുട്ടികള്‍ വയസ്സറിയിക്കുന്നത് സ്വകാര്യത്തിനും പരസ്യത്തിനുമിടക്കുള്ള ഒരു ഞാണിന്മേലാണ്. ചില പഴയ ആചാരങ്ങളില്‍ വലിയ ആഘോഷത്തോടെ ആദ്യത്തെ മാസമുറ കൊണ്ടാടുമ്പോള്‍ മിക്കവാറും ആധുനിക വീടുകളില്‍ അമ്മയും മകളും പങ്കിട്ടെടുക്കുന്ന രഹസ്യമായിട്ട് ആ ദിവസം ഒടുങ്ങുന്നു. ഒരു പെണ്ണിന്റെ ജീവിതത്തില്‍, ശരീരത്തില്‍, ആ ദിവസം ഏതേതു വര്‍ണ്ണങ്ങളിലാണ് വരച്ചു ചേര്‍ക്കേണ്ടത് സത്യത്തില്‍? എത്ര സ്ത്രീകള്‍ ആര്‍ത്തവത്തെ തങ്ങളുടെ ലൈംഗികതയുടെ അംശമായി തിരിച്ചറിയുന്നുണ്ടാവും? മറച്ചു വയ്ക്കപ്പെടേണ്ടതും, ശപിക്കപ്പെട്ടതുമായ ഒരു ശാരീരികാവസ്ഥയായോ, മാതൃത്വത്തിലേക്കുള്ള ചവിട്ടുപടിയായോ, ഉദാത്തവല്‍ക്കരിക്കപ്പെട്ട സഹനമാതൃകകളുടെ തുടക്കമായോ, വേദനാജനകമായ ഒരനുഭവമായോ ഒക്കെ മാത്രമേ കാലങ്ങളോളം ആര്‍ത്തവം എന്ന പ്രക്രിയ രേഖപ്പെടുത്തപ്പെട്ടിരുന്നുള്ളു. ഇക്കാര്യത്തില്‍ സമാനമായ പുരുഷാനുഭവമായ ആദ്യ സ്ഖലനത്തിന്റെയും സ്ഥിതി പ്രത്യക്ഷത്തില്‍ വ്യത്യസ്തമല്ല. എന്നാല്‍ വികലമായ പാപബോധത്തോടെയോ മിഥ്യാഗര്‍വ്വോടെയോ ആണെങ്കില്‍പ്പോലും സ്ഖലനത്തിന്റെ ലൈംഗികപരത ആണ്‍കുട്ടികള്‍ തിരിച്ചറിയുന്നുണ്ട് എന്ന വ്യത്യാസം നിര്‍ണ്ണായകമാണ് . ആര്‍ത്തവം തന്റെ ലൈംഗികതയെ ചലനാത്മകമാക്കുകയാണെന്ന തിരിച്ചറിവു തന്നെ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു പെണ്മനസ്സുകളില്‍ നിന്ന്. പെണ്ണിനെ സംബന്ധിച്ചിടത്തോളം ആചാരപ്രകാരമുള്ള ആഘോഷങ്ങളും പങ്കിട്ടൊതുക്കുന്ന രഹസ്യങ്ങളും യഥാര്‍ത്ഥത്തില്‍ ഒരേ സന്ദേശങ്ങളാണ് വെളിപ്പെടുത്തുന്നത്. നിന്റെ ശരീരത്തിന്റെ വളര്‍ച്ച നിന്റേതല്ല, മറ്റുള്ളവരുടേതാണ്. അച്ഛനമ്മമാരുടെ ആശങ്കകളുടെ, സമൂഹത്തിന്റെ ഒളിക്കണ്ണുകളുടേ, കൊത്തിയെടുക്കാന്‍ പാര്‍ത്തിരിക്കുന്ന കഴുകന്‍ കണ്ണുകളേടുതു വരെ. നിന്റെയല്ല..ഒരിക്കലും നിന്റെ മാത്രമല്ല. അന്യവല്‍ക്കരിക്കപ്പെട്ട പെണ്‍ജീവിതത്തിന്റെ തുടക്കമാണ് ആദ്യത്തെ മാസമുറ.

ഒരിക്കല്‍. ഒരാഴ്ച്ചയായിട്ട് ക്ലാസ്സില്‍ വരാതിരുന്ന എട്ടാംക്ലാസ്സുകാരി മഞ്ജു തിരിച്ചു വന്ന് നാണം മുറ്റിയ മുഖം താഴ്ത്തി. “തിരണ്ടു കല്യാണമായിരുന്നു റ്റീച്ചറേ“ എന്ന്. തിരളുന്നത് നാണിക്കേണ്ട വിഷയമാവുന്നത് പല തരത്തിലാണ്. പെണ്ണേ, നീ മാറുകയാണ് എന്നത് സ്ത്രീ ശരീരം അറിയിക്കുന്നത് പ്രകടമായി വിളിച്ചുപറഞ്ഞു കൊണ്ടാണ്. സ്ത്രീലൈംഗീകതയുടെയുടെ പ്രകൃത്യായുള്ള ഈ പ്രഖ്യാപനപരതയെ സമൂഹ രീതി ചെറുക്കുന്നത് പക്ഷെ രഹസ്യവല്‍ക്കരണത്തിലൂടെയും. എല്ലാ സ്ത്രീകളും മാസമുറയുമായി ബന്ധപ്പെട്ട് പഠിക്കുന്ന ആദ്യ പാഠം രഹസ്യത്തിന്റേതാണ്. വീട്ടില്‍ ആരും കാണാത്ത കോണില്‍ തുണിയുണക്കുക സാനിറ്ററിപാഡുകള്‍ കത്തിക്കുക, പ്രത്യേകിച്ചും വീട്ടിലെ ആണുങ്ങള്‍ ആര്‍ത്തവരക്തം കാണാനോ അതിനേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കേള്‍ക്കാനോ ഇടവരുത്താതിരിക്കുക തുടങ്ങിയ ചിട്ടകളിലൂടെ വളര്‍ന്നവരാവും ഞാനുള്‍പ്പടെയുള്ള തലമുറ. അടുത്ത തലമുറയുടെ കാര്യം അതിലും മെച്ചമൊന്നുമല്ല. ഇറുകിയ ജീന്‍സു ധരിക്കാനുള്ള സൌകര്യത്തിന് റ്റാമ്പൂണ്‍ ഉപയോഗിക്കുന്നവരാണ് അവര്‍. “രഹസ്യം“ ശരീരത്തിനുമകത്തേക്ക് വലിക്കുന്ന റ്റാമ്പൂണുകള്‍ അനാരോഗ്യകരമാണെന്നുമാത്രമല്ല, പഴയ മാമൂലുകളെ വാണിജ്യവല്‍ക്കരിക്കുക, അതില്‍ നിന്ന് ലാഭമുണ്ടാക്കുക എന്ന കമ്പോളനീതിയുടെ ഭാഗവുമാണ്.

ആഘോഷമായി ഒറ്റപ്പെടുത്തുന്ന തിരണ്ടുകല്യാണമായോ മുറിക്കുള്ളില്‍ ഒടുങ്ങുന്ന രഹസ്യമായോ ആദ്യത്തെ മാസമുറ ഒതുങ്ങുന്നതിന് യഥാര്‍ത്ഥത്തില്‍ സ്ത്രീലൈംഗികതയേക്കുറിച്ചുള്ള പല അജ്ഞതകളും തന്നെയാണ് കാരണം. പെണ്ണ് വയസ്സറിയിക്കുന്നത് അവളുടേ മാതൃത്വ ഭാവിയിലേക്കുള്ള സൂചനയായിട്ടാണ് ശാസ്ത്രം പോലും കാണുന്നത്. മാതൃത്വത്തെ പ്രത്യക്ഷമോ പരോക്ഷമോ ആയി സൂചിപ്പിച്ചല്ലാതെ സ്ത്രീ ലൈംഗികതയേക്കുറിച്ച് തുറന്നുചിന്തിക്കാന്‍ പോലും കഴിയില്ല എന്നാണ് ഇപ്പോഴും പരക്കെ ധാരണ. സ്വത്വത്തെക്കുറിച്ചുള്ള പഠനങ്ങളിലൊക്കെ പുരുഷസ്വത്വം നിര്‍വ്വചിക്കപ്പെടുന്നത് ആശ്രിത ഭാവങ്ങളില്ലാത്ത അഹംബോധത്തിലൂടെയാണ്. സ്ത്രീയുടെ നിലനില്‍പ്പും സ്വത്വബോധവും തന്നെ ബന്ധങ്ങളിലും/ബന്ധനങ്ങളിലും ആണെന്ന് ഫ്രോയിഡ് മുതല്‍ ഫൂക്കോവരെയുള്ളവര്‍ നിരീക്ഷിക്കുന്നു. എന്നാല്‍ ആണായാലും പെണ്ണായാലും സ്വത്വം തനിയേ നില്‍ക്കുന്ന ഒന്നല്ല, ഇടപെടലുകളില്‍ ഉരുത്തിരിയുന്നതാണ് എന്നാണ് ഉത്തരാധുനികനിലപാട് ശരിവെക്കുന്നത് . സൈക്കോ സെക്ഷുവല്‍ ഐഡെന്റിറ്റി രൂപപ്പെടുന്നത് കൂടുതലും സാമൂഹ്യഇടപെടലുകളിലൂടെയാണ് എന്നിരിക്കെ, ബന്ധങ്ങളുടെ പാരസ്പര്യത്തില്‍ പൂര്‍ണ്ണത കാണുന്നതാണ് സ്വത്വമെങ്കില്‍ പുരുഷകേന്ദ്രീകൃതമായ സ്വത്വപഠനങ്ങള്‍ക്ക് ( എക്സിസ്റ്റെന്‍ഷ്യലിസം തുടങ്ങിയവ ) മറുപഠനങ്ങള്‍ ആവശ്യമായി വരുന്നു. സ്ത്രീയുടെ ലൈംഗികതയിലാകട്ടെ തിരിച്ചറിയപ്പെടാതെ പോകുന്ന പാരസ്പര്യത്തിന്റെ, പ്രഖ്യാപനത്തിന്റെ ഒരു നൈസര്‍ഗിക തലമുണ്ട്. ആര്‍ത്തവം അതിന്റെ സൂചകങ്ങളാവുന്ന പുതിയ പാഠഭേദങ്ങളാണ് ഇന്ന് ഉണ്ടാകുന്നത്.

ഫ്രോയിഡിന്റെ പ്രസിദ്ധമായ നിര്‍വ്വചനത്തില്‍ സ്ത്രീ ലൈംഗികതയുടെ അടിസ്ഥാനം “ഇല്ലായ്മ” (deficient) എന്ന അവസ്ഥയാണ് എന്നത് ഫെമിനിസ്റ്റുകളേ ചൊടിപ്പിച്ചിട്ടും ചിരിപ്പിച്ചിട്ടുമുണ്ട്. ഴാക്ക് ലക്കാനെ കൂട്ടുപിടിച്ച് ഈ അവസ്ഥയെ പുനര്‍ നിര്‍വ്വചിക്കാന്‍ സെക്കന്‍ഡ് വേവ് ഫെമിനിസത്തില്‍ നടന്ന ശ്രമം ഷോവനിസ്റ്റുകള്‍ക്ക് മുന്നില്‍ ഫെമിനിസ്റ്റ് തിയറിയേ തന്നെ പരിഹാസ്യമാക്കുകയും ഉണ്ടായി പിന്നീ‍ട്. ഇന്നും തികഞ്ഞ ഇഗ്നറെന്റ് ഷോവനിസ്റ്റ് ആസ്സസ് ( കോയിനേജ് എന്റെ:) ലക്കാനിയന്‍ “ലാക്ക് ( lack)" ആയുധം പെണ്മയ്ക്കും പെണ്ണിന്റെ സ്വത്വപ്രഖ്യാപനത്തിനും എതിരെ ഉപയോഗിക്കാന്‍ ശ്രമിച്ച് സ്വയം വിഡ്ഢികളാവുന്നതു കാണുമ്പോള്‍ അവരോടു തോന്നുന്ന സ്ത്രീ സഹജമായ സഹതാപം ഞാനും മറയ്ച്ചു വക്കാറില്ല. ഇത് ഷോവനിസ്റ്റ്പന്നികളുടെയല്ല, ചില ഷോവനിസ്റ്റ് കഴുതകളുടെ കാലമാണ്.

castration anxiety, penis envy, lack( manque) തുടങ്ങിയ പുരുഷാധിഷ്ടിതമായ സ്വത്വ നിര്‍വ്വചന ശ്രമങ്ങളുടെ പരിമിതി വിളിച്ചുപറയുന്നു ഓരോ സ്ത്രീയും സ്വന്തം ആര്‍ത്തവ ചക്രത്തിലൂടെ. ആദ്യത്തെ ആര്‍ത്തവത്തോടെ തന്റെ സ്ത്രീ സ്വത്വവും ലൈംഗികതയും തിരിച്ചറിയുകയാണ് പെണ്ണ്. pre-menstrual, menstrual, post-menstrual എന്ന ചാക്രികമായ സ്വഭാവമാണ് സ്ത്രീ ലൈംഗീകതയുടേത്. അതായത് പുരുഷന്റേതു പോലെ സ്ഥായിയും ഒരു ശരീര അവയവത്തില്‍ ഒതുങ്ങുന്നതുമല്ല അത് എന്നര്‍ത്ഥം. നിരന്തരം പരിണമിക്കുന്നതും ഉരുത്തിരിയുന്നതും തുറന്ന പ്രഖ്യാപനങ്ങളിലൂടെ പ്രകടമാകുന്നതുമായ ഈ സെക്ഷുവല്‍ ഫ്ലക്സ് ആണ് സ്ത്രീയെ വ്യത്യസ്തയാക്കുന്നത്. പുരുഷ ലൈംഗികതയുടെ നിര്‍വചനോപാധികള്‍ വച്ച് വിശദീകരിക്കാന്‍ കഴിയാത്ത ഒന്നാണിത്. അത്തരത്തിലുള്ള തെറ്റായ വിശദീകരണങ്ങളുടെ ഫലമായിട്ടാവാം മെനോപോസ് സ്ത്രീ യുടെ ലൈംഗീകാവസ്ഥയുടെ അന്ത്യമായി പരക്കെ കരുതപ്പെടുന്നത്. ഇതുകൊണ്ട് പല സ്ത്രീകളും പൊസ്റ്റ്മെനോപ്പോസ് ഡിപ്രഷന്‍ എന്ന അനാവശ്യ സ്ഥിതിവിശേഷത്തിലേക്ക് തള്ളപ്പെടുന്നു.

ഗര്‍ഭപാത്ര/മാതൃത്വ കേന്ദ്രീകൃതമായ സ്ത്രീ നിര്‍വ്വചനങ്ങള്‍ക്കുള്ള മറുപടി കൂടേയാണ് ആര്‍ത്തവാ‍രംഭം. അമ്മയാവുക എന്നത് സ്തീ ലൈംഗികതയുടെ പരിസമാപ്തിയല്ല. പരിമിതിയോ ശാപമോ അല്ല. സ്തീയുടെ സ്വയം നിര്‍ണ്ണയ പ്രക്രിയകളില്‍ ഒരു വഴി മാത്രം. അമ്മയാകാന്‍ വിസ്സമതിക്കുന്ന സ്ത്രീകളെ അത്ഭുതപരവശരായി നോക്കുന്നവരുണ്ട്, ഇന്നും. അവര്‍ സ്ത്രീകളേ അല്ല എന്ന് നിലവിളിക്കുന്നവരുമുണ്ട്. സ്ത്രീ ലൈംഗികതയുടെ ചിഹ്നങ്ങളില്‍പ്പോലും ആര്‍ത്തവത്തിനു സ്ഥാനം നിഷേധിക്കുന്നത്, ഒരു പക്ഷേ ശാരീരികമായി ഓരോ ആര്‍ത്തവവും മാതൃത്വത്തെ നിരാകരിക്കുന്നതിനാലാവാം എന്ന് അവകാശപ്പെടുന്നു ക്ലിനിക്കല്‍ സൈക്കോളജിയിലെ പുതിയ പഠനങ്ങള്‍. ലിംഗപരമായ വ്യത്യാസങ്ങള്‍ സ്ഥാപിക്കുന്നതില്‍ പുരുഷകേന്ദ്രീകൃത ഭാഷ എത്ര കണ്ടു പരാജയപ്പെടുന്നു എന്ന് ഈയിടെ ഒരു സുഹൃത്തിന്റെ അനുഭവത്തില്‍ നിന്ന് തെളിഞ്ഞു. കുഞ്ഞു മകന്റെ ലിംഗത്തിന് “കിടുങ്ങാമണി‘ എന്ന പ്രസിദ്ധമായ ചെല്ലപ്പേരിട്ട് അവന്റെ മനസ്സുകുളുര്‍പ്പിച്ച അമ്മയ്ക്ക് കുഞ്ഞുമോള്‍ടേ യോനിയെ വിളിക്കാന്‍ സുന്ദരമായ പേരുകളൊന്നും കിട്ടിയില്ല. ഒടുക്കം കുഞ്ഞിപ്പൂവ് എന്നോ മറ്റോ പേരിട്ട് അമ്മ പ്രശ്നം പരിഹരിച്ചു. പുരുഷ ലിംഗത്തില്‍ ആരോപിക്കപ്പെടുന്നതും പുരുഷസങ്കല്‍പ്പങ്ങളുടെ മിത്തിഫിക്കേഷന് ഒരളവു വരെ കാരണമാകുന്നതുമായ ഗരിമയൊന്നും യോനിക്ക് ചാര്‍ത്തി കണ്ടിട്ടില്ല. ഒരു പക്ഷെ പൌരസ്ത്യസൌന്ദര്യശാസ്ത്രങ്ങളില്‍‍ ഒരു കാലഘട്ടം വരെ കല്‍പ്പിക്കപ്പെട്ടിരുന്ന പ്രാധാന്യം ഒഴിച്ചാല്‍. ഫെര്‍ട്ടിലിറ്റി കള്‍ട്ടുകളിലും മറ്റും നിറഞ്ഞു നിന്നിരുന്നത് യോനിയുടെയും ആര്‍ത്തവ ചക്രത്തിന്റെയും സൃഷ്ടിപരത മാത്രമാണ്. സ്ത്രീ ലൈംഗികതയെ സൃഷ്ടികര്‍മ്മത്തില്‍നിന്ന് അടര്‍ത്തുക എന്നതു തന്നെ വലിയ പാതകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അമ്മയാവുക എന്നതിനപ്പുറം അര്‍ത്ഥമോ അസ്തിത്വമോ സ്ത്രീ ലൈംഗികതയ്ക്കില്ല എന്ന കാലാകാലമായിട്ടുള്ള നിലപാടാ‍ണീത്.

സമഗ്രമായ ഒരു ഉണ്മയില്‍ നിന്ന് ലിംഗപരമായ വ്യത്യസ്തതയിലേക്കുള്ള ആദ്യത്തെ ചുവടാണ് ആര്‍ത്തവം. വ്യത്യസ്തത എന്നത് “ഇല്ലായ്മ”യെന്നോ, അപരമെന്നോ, തിരിച്ചു ചേര്‍ക്കപ്പെടേണ്ടത് എന്നോ, നഷ്ടപ്പെട്ടത് എന്നോ ഒക്കെ വായിക്കേണ്ടി വരുന്നവരുടെ പരിമിതിയേ ആണ് ഞാന്‍ ഇഗ്നറെന്‍സ് എന്ന് വിളിച്ചത്. അറിവില്ലാ‍യ്മയല്ല, അറിവിലൂടെയുള്ള ചില ഇല്ലായ്മകള്‍.
തിരണ്ടു കുളി എന്ന ആചാരത്തിലേക്ക് മടങ്ങാം. ആഘോഷിക്കപ്പെടേണ്ടത് എന്താണെന്നതാണ് വിഷയം. തന്റെ ശരീരത്തില്‍ സംഭവിക്കുന്ന ഈ മാറ്റം സമൂ‍ഹത്തിനു കൊണ്ടാടാനുള്ളതല്ല, ഒളിപ്പിച്ചു വയ്ക്കാനുള്ളതുമല്ല, തന്റെ ലൈംഗികതയുടെ പ്രഖ്യാപനമാണ് എന്നത് ഒരു പെണ്‍കുട്ടിക്കും അവളെ സ്നേഹിക്കുന്ന ചുറ്റിനുമുള്ളവര്‍ക്കും ആഘോഷിക്കാന്‍ കാരണമായിക്കൂടെന്നുണ്ടോ? അതീവ വേദനാജനകമായതും മാനസികമായി മുറിവേല്‍പ്പിക്കുന്നതുമായ ആദ്യആര്‍ത്തവ കഥകള്‍ പലതും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സാമൂഹ്യമായ ചില നിര്‍മ്മിതികളാണ് എല്ലായിടത്തും പ്രതിസ്ഥാനത്തു നില്‍ക്കുന്നത്. പല പെണ്‍കുട്ടികള്‍ക്കും സ്കൂളില്‍ വച്ച് ആദ്യമായിട്ട് ആര്‍ത്തവമുണ്ടായ അനുഭവങ്ങളുണ്ടാവും. കറ പറ്റിയ വസ്ത്രത്തിന്റെ പേരില്‍ അപമാനിതയാവുക, അത് ഒളിപ്പിക്കാന്‍ ശ്രമിക്കുക തുടങ്ങിയ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ കൌമാരമനസ്സില്‍ ആര്‍ത്തവം ശാപവും വൃത്തികേടും അയി രൂപം പ്രാപിക്കുന്നതില്‍ അല്‍ഭുതമില്ല. ഇവിടെ സമൂഹം നിഷ്കര്‍ഷിക്കുന്ന രീതിയില്‍ ശരീരത്തിന്റെ പ്രഖ്യാപനം മറച്ചു പിടിക്കാന്‍ കഴിയാതെ വരിക എന്നതാണ് തോല്‍വിയായി എണ്ണുന്നത്. ആര്‍ത്തവം തന്നെയും ഒരു കുറ്റബോധമായി കരുതുന്ന അവസ്ഥയിലേക്ക് പെണ്‍ശരീരം അന്യവല്‍ക്കരിക്കപ്പെടുന്നു. ഇതുപോലെ ആര്‍ത്തവ സംബന്ധമായ ശാരീരികാസ്വസ്ഥതകളും സൈക്കോസോമാറ്റിക്ക് ആണ് എന്നു വിശ്വസിക്കുന്ന സ്ത്രീകള്‍ തന്നെയും ഉണ്ട്. “ഹിസ്റ്റീരിയ” എന്ന സ്ഥിതി വിശേഷം സ്ത്രീയില്‍ ആരോപിക്കപ്പെടുന്നത് ബയൊളോജിക്കലായ കാരണങ്ങള്‍ കൊണ്ടാണെന്ന് കരുതിയിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലേ യൂറോപ്പില്‍ നിന്ന് ഏറേയൊന്നും മുന്നിലല്ല ഇന്നത്തെ നമ്മുടേ നാട്ടിലെ സ്ത്രീകളുടെ കാലവും. സമൂഹനിര്‍മ്മിതമായ ശരീരത്തടവിന്റെ ഭാഗം മാത്രമാണിത്. സ്ത്രീ അനാറ്റമിയുടെയല്ല സോഷ്യോളജിയുടെ ഇരയാണ് .

ഇന്നും അനാറ്റമിക്കു വെളിയില്‍ ആര്‍ത്തവചക്രത്തെ ഗഹനമായി പാഠ്യ വിഷയമാക്കുന്നത് ലിംഗ അസമത്വത്തെ സാധൂകരിക്കാനോ അല്ലെങ്കില്‍ തീവ്രഫെമിനിസ്റ്റ് നിലപാടുകളിലൂടെ ഫെമിനിറ്റിയെ നിഷേധിക്കാനും വെറുക്കാനും വേണ്ടിയോ മാത്രമാണ്. അതുകൊണ്ട് മഞ്ജുവിന്റെ തിരണ്ടു കുളി പ്രാകൃതമായ ആചാരത്തിനോടുള്ള സമരൂപപ്പെടലായി മാത്രമേ വ്യാഖ്യാനിക്കപ്പെട്ടുള്ളു. തിരളലിന്റെ സാമൂഹ്യനിര്‍മ്മിതിയില്‍ നിന്ന് സ്ത്രീസ്വത്വ നിര്‍മ്മിതിയിലേക്ക്, ഇനിയും നിശ്ചയിക്കപ്പെടാത്തതായുള്ള ദൂരം ഒന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.