Sunday, March 22, 2009

തിരളുന്ന ചില സമസ്യകള്‍

“എന്റെ ഓരോ ആര്‍ത്തവവും എനിക്ക് പിറക്കാതെ പോയ, എന്നില്‍ തുളുമ്പിയ എന്റെ കുഞ്ഞുങ്ങളല്ലെ? വെളുത്ത ശവക്കച്ചയില്‍ അവരെ പൊതിഞ്ഞു ഞാന്‍ എല്ലാ മാസവും കുപ്പതൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു. എന്റെ പിറക്കാതെ പോയ കുഞ്ഞുങ്ങള്‍...“ (ഐശീബിയും മഷിക്കറുപ്പും എന്ന ബ്ലോഗില്‍ നിന്ന്)

എന്റെ തൊണ്ണൂറ്റിമൂന്നുകാരി അമ്മമ്മ ഒരു കഥ പറയാറുണ്ട്. പതിമൂന്നാം വയസ്സില്‍ കല്യാണം കഴിക്കുന്നതിനു മുന്നേ അമ്മമ്മ വയസ്സറിയിച്ചത്രെ. അന്ന് വിവാഹശേഷമേ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവാറുള്ളു മിക്കവാറും.അമ്മമ്മ തിരണ്ടതും സ്ത്രീകള്‍ വട്ടംകൂടിയിരുന്ന് നിലവിളിയായി. അയ്യോ പാറൂട്ടി വെതവയായെ എന്ന് ! ആര്‍ത്തവം എത്ര വലിയ ഭീഷണിയായിട്ടാണ് സ്ത്രീ ശരീരത്തിലേക്ക് കടന്നുവരുന്നതായി കണ്ടിരുന്നത് എന്നോര്‍ത്തപ്പോഴാണ് ഐശീബിയുടെ ഈ വരികളില്‍ ചെന്ന് ഉടക്കിയത്. ആര്‍ത്തവത്തെ മാതൃത്വത്തിന്റെ നിഴലായിക്കണ്ട്, ആര്‍ത്തവ രക്തത്തെ ശുക്ലത്തോട് (പിറക്കാതെ പോയ കുഞ്ഞുങ്ങള്‍) ചേര്‍ത്തുകൊണ്ട് ഐശീബി പറഞ്ഞു വയ്ക്കുന്നത് ഇന്നും വ്യത്യസ്തമായ അവസ്ഥകളല്ല.

പെണ്‍കുട്ടികള്‍ വയസ്സറിയിക്കുന്നത് സ്വകാര്യത്തിനും പരസ്യത്തിനുമിടക്കുള്ള ഒരു ഞാണിന്മേലാണ്. ചില പഴയ ആചാരങ്ങളില്‍ വലിയ ആഘോഷത്തോടെ ആദ്യത്തെ മാസമുറ കൊണ്ടാടുമ്പോള്‍ മിക്കവാറും ആധുനിക വീടുകളില്‍ അമ്മയും മകളും പങ്കിട്ടെടുക്കുന്ന രഹസ്യമായിട്ട് ആ ദിവസം ഒടുങ്ങുന്നു. ഒരു പെണ്ണിന്റെ ജീവിതത്തില്‍, ശരീരത്തില്‍, ആ ദിവസം ഏതേതു വര്‍ണ്ണങ്ങളിലാണ് വരച്ചു ചേര്‍ക്കേണ്ടത് സത്യത്തില്‍? എത്ര സ്ത്രീകള്‍ ആര്‍ത്തവത്തെ തങ്ങളുടെ ലൈംഗികതയുടെ അംശമായി തിരിച്ചറിയുന്നുണ്ടാവും? മറച്ചു വയ്ക്കപ്പെടേണ്ടതും, ശപിക്കപ്പെട്ടതുമായ ഒരു ശാരീരികാവസ്ഥയായോ, മാതൃത്വത്തിലേക്കുള്ള ചവിട്ടുപടിയായോ, ഉദാത്തവല്‍ക്കരിക്കപ്പെട്ട സഹനമാതൃകകളുടെ തുടക്കമായോ, വേദനാജനകമായ ഒരനുഭവമായോ ഒക്കെ മാത്രമേ കാലങ്ങളോളം ആര്‍ത്തവം എന്ന പ്രക്രിയ രേഖപ്പെടുത്തപ്പെട്ടിരുന്നുള്ളു. ഇക്കാര്യത്തില്‍ സമാനമായ പുരുഷാനുഭവമായ ആദ്യ സ്ഖലനത്തിന്റെയും സ്ഥിതി പ്രത്യക്ഷത്തില്‍ വ്യത്യസ്തമല്ല. എന്നാല്‍ വികലമായ പാപബോധത്തോടെയോ മിഥ്യാഗര്‍വ്വോടെയോ ആണെങ്കില്‍പ്പോലും സ്ഖലനത്തിന്റെ ലൈംഗികപരത ആണ്‍കുട്ടികള്‍ തിരിച്ചറിയുന്നുണ്ട് എന്ന വ്യത്യാസം നിര്‍ണ്ണായകമാണ് . ആര്‍ത്തവം തന്റെ ലൈംഗികതയെ ചലനാത്മകമാക്കുകയാണെന്ന തിരിച്ചറിവു തന്നെ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കുന്നു പെണ്മനസ്സുകളില്‍ നിന്ന്. പെണ്ണിനെ സംബന്ധിച്ചിടത്തോളം ആചാരപ്രകാരമുള്ള ആഘോഷങ്ങളും പങ്കിട്ടൊതുക്കുന്ന രഹസ്യങ്ങളും യഥാര്‍ത്ഥത്തില്‍ ഒരേ സന്ദേശങ്ങളാണ് വെളിപ്പെടുത്തുന്നത്. നിന്റെ ശരീരത്തിന്റെ വളര്‍ച്ച നിന്റേതല്ല, മറ്റുള്ളവരുടേതാണ്. അച്ഛനമ്മമാരുടെ ആശങ്കകളുടെ, സമൂഹത്തിന്റെ ഒളിക്കണ്ണുകളുടേ, കൊത്തിയെടുക്കാന്‍ പാര്‍ത്തിരിക്കുന്ന കഴുകന്‍ കണ്ണുകളേടുതു വരെ. നിന്റെയല്ല..ഒരിക്കലും നിന്റെ മാത്രമല്ല. അന്യവല്‍ക്കരിക്കപ്പെട്ട പെണ്‍ജീവിതത്തിന്റെ തുടക്കമാണ് ആദ്യത്തെ മാസമുറ.

ഒരിക്കല്‍. ഒരാഴ്ച്ചയായിട്ട് ക്ലാസ്സില്‍ വരാതിരുന്ന എട്ടാംക്ലാസ്സുകാരി മഞ്ജു തിരിച്ചു വന്ന് നാണം മുറ്റിയ മുഖം താഴ്ത്തി. “തിരണ്ടു കല്യാണമായിരുന്നു റ്റീച്ചറേ“ എന്ന്. തിരളുന്നത് നാണിക്കേണ്ട വിഷയമാവുന്നത് പല തരത്തിലാണ്. പെണ്ണേ, നീ മാറുകയാണ് എന്നത് സ്ത്രീ ശരീരം അറിയിക്കുന്നത് പ്രകടമായി വിളിച്ചുപറഞ്ഞു കൊണ്ടാണ്. സ്ത്രീലൈംഗീകതയുടെയുടെ പ്രകൃത്യായുള്ള ഈ പ്രഖ്യാപനപരതയെ സമൂഹ രീതി ചെറുക്കുന്നത് പക്ഷെ രഹസ്യവല്‍ക്കരണത്തിലൂടെയും. എല്ലാ സ്ത്രീകളും മാസമുറയുമായി ബന്ധപ്പെട്ട് പഠിക്കുന്ന ആദ്യ പാഠം രഹസ്യത്തിന്റേതാണ്. വീട്ടില്‍ ആരും കാണാത്ത കോണില്‍ തുണിയുണക്കുക സാനിറ്ററിപാഡുകള്‍ കത്തിക്കുക, പ്രത്യേകിച്ചും വീട്ടിലെ ആണുങ്ങള്‍ ആര്‍ത്തവരക്തം കാണാനോ അതിനേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കേള്‍ക്കാനോ ഇടവരുത്താതിരിക്കുക തുടങ്ങിയ ചിട്ടകളിലൂടെ വളര്‍ന്നവരാവും ഞാനുള്‍പ്പടെയുള്ള തലമുറ. അടുത്ത തലമുറയുടെ കാര്യം അതിലും മെച്ചമൊന്നുമല്ല. ഇറുകിയ ജീന്‍സു ധരിക്കാനുള്ള സൌകര്യത്തിന് റ്റാമ്പൂണ്‍ ഉപയോഗിക്കുന്നവരാണ് അവര്‍. “രഹസ്യം“ ശരീരത്തിനുമകത്തേക്ക് വലിക്കുന്ന റ്റാമ്പൂണുകള്‍ അനാരോഗ്യകരമാണെന്നുമാത്രമല്ല, പഴയ മാമൂലുകളെ വാണിജ്യവല്‍ക്കരിക്കുക, അതില്‍ നിന്ന് ലാഭമുണ്ടാക്കുക എന്ന കമ്പോളനീതിയുടെ ഭാഗവുമാണ്.

ആഘോഷമായി ഒറ്റപ്പെടുത്തുന്ന തിരണ്ടുകല്യാണമായോ മുറിക്കുള്ളില്‍ ഒടുങ്ങുന്ന രഹസ്യമായോ ആദ്യത്തെ മാസമുറ ഒതുങ്ങുന്നതിന് യഥാര്‍ത്ഥത്തില്‍ സ്ത്രീലൈംഗികതയേക്കുറിച്ചുള്ള പല അജ്ഞതകളും തന്നെയാണ് കാരണം. പെണ്ണ് വയസ്സറിയിക്കുന്നത് അവളുടേ മാതൃത്വ ഭാവിയിലേക്കുള്ള സൂചനയായിട്ടാണ് ശാസ്ത്രം പോലും കാണുന്നത്. മാതൃത്വത്തെ പ്രത്യക്ഷമോ പരോക്ഷമോ ആയി സൂചിപ്പിച്ചല്ലാതെ സ്ത്രീ ലൈംഗികതയേക്കുറിച്ച് തുറന്നുചിന്തിക്കാന്‍ പോലും കഴിയില്ല എന്നാണ് ഇപ്പോഴും പരക്കെ ധാരണ. സ്വത്വത്തെക്കുറിച്ചുള്ള പഠനങ്ങളിലൊക്കെ പുരുഷസ്വത്വം നിര്‍വ്വചിക്കപ്പെടുന്നത് ആശ്രിത ഭാവങ്ങളില്ലാത്ത അഹംബോധത്തിലൂടെയാണ്. സ്ത്രീയുടെ നിലനില്‍പ്പും സ്വത്വബോധവും തന്നെ ബന്ധങ്ങളിലും/ബന്ധനങ്ങളിലും ആണെന്ന് ഫ്രോയിഡ് മുതല്‍ ഫൂക്കോവരെയുള്ളവര്‍ നിരീക്ഷിക്കുന്നു. എന്നാല്‍ ആണായാലും പെണ്ണായാലും സ്വത്വം തനിയേ നില്‍ക്കുന്ന ഒന്നല്ല, ഇടപെടലുകളില്‍ ഉരുത്തിരിയുന്നതാണ് എന്നാണ് ഉത്തരാധുനികനിലപാട് ശരിവെക്കുന്നത് . സൈക്കോ സെക്ഷുവല്‍ ഐഡെന്റിറ്റി രൂപപ്പെടുന്നത് കൂടുതലും സാമൂഹ്യഇടപെടലുകളിലൂടെയാണ് എന്നിരിക്കെ, ബന്ധങ്ങളുടെ പാരസ്പര്യത്തില്‍ പൂര്‍ണ്ണത കാണുന്നതാണ് സ്വത്വമെങ്കില്‍ പുരുഷകേന്ദ്രീകൃതമായ സ്വത്വപഠനങ്ങള്‍ക്ക് ( എക്സിസ്റ്റെന്‍ഷ്യലിസം തുടങ്ങിയവ ) മറുപഠനങ്ങള്‍ ആവശ്യമായി വരുന്നു. സ്ത്രീയുടെ ലൈംഗികതയിലാകട്ടെ തിരിച്ചറിയപ്പെടാതെ പോകുന്ന പാരസ്പര്യത്തിന്റെ, പ്രഖ്യാപനത്തിന്റെ ഒരു നൈസര്‍ഗിക തലമുണ്ട്. ആര്‍ത്തവം അതിന്റെ സൂചകങ്ങളാവുന്ന പുതിയ പാഠഭേദങ്ങളാണ് ഇന്ന് ഉണ്ടാകുന്നത്.

ഫ്രോയിഡിന്റെ പ്രസിദ്ധമായ നിര്‍വ്വചനത്തില്‍ സ്ത്രീ ലൈംഗികതയുടെ അടിസ്ഥാനം “ഇല്ലായ്മ” (deficient) എന്ന അവസ്ഥയാണ് എന്നത് ഫെമിനിസ്റ്റുകളേ ചൊടിപ്പിച്ചിട്ടും ചിരിപ്പിച്ചിട്ടുമുണ്ട്. ഴാക്ക് ലക്കാനെ കൂട്ടുപിടിച്ച് ഈ അവസ്ഥയെ പുനര്‍ നിര്‍വ്വചിക്കാന്‍ സെക്കന്‍ഡ് വേവ് ഫെമിനിസത്തില്‍ നടന്ന ശ്രമം ഷോവനിസ്റ്റുകള്‍ക്ക് മുന്നില്‍ ഫെമിനിസ്റ്റ് തിയറിയേ തന്നെ പരിഹാസ്യമാക്കുകയും ഉണ്ടായി പിന്നീ‍ട്. ഇന്നും തികഞ്ഞ ഇഗ്നറെന്റ് ഷോവനിസ്റ്റ് ആസ്സസ് ( കോയിനേജ് എന്റെ:) ലക്കാനിയന്‍ “ലാക്ക് ( lack)" ആയുധം പെണ്മയ്ക്കും പെണ്ണിന്റെ സ്വത്വപ്രഖ്യാപനത്തിനും എതിരെ ഉപയോഗിക്കാന്‍ ശ്രമിച്ച് സ്വയം വിഡ്ഢികളാവുന്നതു കാണുമ്പോള്‍ അവരോടു തോന്നുന്ന സ്ത്രീ സഹജമായ സഹതാപം ഞാനും മറയ്ച്ചു വക്കാറില്ല. ഇത് ഷോവനിസ്റ്റ്പന്നികളുടെയല്ല, ചില ഷോവനിസ്റ്റ് കഴുതകളുടെ കാലമാണ്.

castration anxiety, penis envy, lack( manque) തുടങ്ങിയ പുരുഷാധിഷ്ടിതമായ സ്വത്വ നിര്‍വ്വചന ശ്രമങ്ങളുടെ പരിമിതി വിളിച്ചുപറയുന്നു ഓരോ സ്ത്രീയും സ്വന്തം ആര്‍ത്തവ ചക്രത്തിലൂടെ. ആദ്യത്തെ ആര്‍ത്തവത്തോടെ തന്റെ സ്ത്രീ സ്വത്വവും ലൈംഗികതയും തിരിച്ചറിയുകയാണ് പെണ്ണ്. pre-menstrual, menstrual, post-menstrual എന്ന ചാക്രികമായ സ്വഭാവമാണ് സ്ത്രീ ലൈംഗീകതയുടേത്. അതായത് പുരുഷന്റേതു പോലെ സ്ഥായിയും ഒരു ശരീര അവയവത്തില്‍ ഒതുങ്ങുന്നതുമല്ല അത് എന്നര്‍ത്ഥം. നിരന്തരം പരിണമിക്കുന്നതും ഉരുത്തിരിയുന്നതും തുറന്ന പ്രഖ്യാപനങ്ങളിലൂടെ പ്രകടമാകുന്നതുമായ ഈ സെക്ഷുവല്‍ ഫ്ലക്സ് ആണ് സ്ത്രീയെ വ്യത്യസ്തയാക്കുന്നത്. പുരുഷ ലൈംഗികതയുടെ നിര്‍വചനോപാധികള്‍ വച്ച് വിശദീകരിക്കാന്‍ കഴിയാത്ത ഒന്നാണിത്. അത്തരത്തിലുള്ള തെറ്റായ വിശദീകരണങ്ങളുടെ ഫലമായിട്ടാവാം മെനോപോസ് സ്ത്രീ യുടെ ലൈംഗീകാവസ്ഥയുടെ അന്ത്യമായി പരക്കെ കരുതപ്പെടുന്നത്. ഇതുകൊണ്ട് പല സ്ത്രീകളും പൊസ്റ്റ്മെനോപ്പോസ് ഡിപ്രഷന്‍ എന്ന അനാവശ്യ സ്ഥിതിവിശേഷത്തിലേക്ക് തള്ളപ്പെടുന്നു.

ഗര്‍ഭപാത്ര/മാതൃത്വ കേന്ദ്രീകൃതമായ സ്ത്രീ നിര്‍വ്വചനങ്ങള്‍ക്കുള്ള മറുപടി കൂടേയാണ് ആര്‍ത്തവാ‍രംഭം. അമ്മയാവുക എന്നത് സ്തീ ലൈംഗികതയുടെ പരിസമാപ്തിയല്ല. പരിമിതിയോ ശാപമോ അല്ല. സ്തീയുടെ സ്വയം നിര്‍ണ്ണയ പ്രക്രിയകളില്‍ ഒരു വഴി മാത്രം. അമ്മയാകാന്‍ വിസ്സമതിക്കുന്ന സ്ത്രീകളെ അത്ഭുതപരവശരായി നോക്കുന്നവരുണ്ട്, ഇന്നും. അവര്‍ സ്ത്രീകളേ അല്ല എന്ന് നിലവിളിക്കുന്നവരുമുണ്ട്. സ്ത്രീ ലൈംഗികതയുടെ ചിഹ്നങ്ങളില്‍പ്പോലും ആര്‍ത്തവത്തിനു സ്ഥാനം നിഷേധിക്കുന്നത്, ഒരു പക്ഷേ ശാരീരികമായി ഓരോ ആര്‍ത്തവവും മാതൃത്വത്തെ നിരാകരിക്കുന്നതിനാലാവാം എന്ന് അവകാശപ്പെടുന്നു ക്ലിനിക്കല്‍ സൈക്കോളജിയിലെ പുതിയ പഠനങ്ങള്‍. ലിംഗപരമായ വ്യത്യാസങ്ങള്‍ സ്ഥാപിക്കുന്നതില്‍ പുരുഷകേന്ദ്രീകൃത ഭാഷ എത്ര കണ്ടു പരാജയപ്പെടുന്നു എന്ന് ഈയിടെ ഒരു സുഹൃത്തിന്റെ അനുഭവത്തില്‍ നിന്ന് തെളിഞ്ഞു. കുഞ്ഞു മകന്റെ ലിംഗത്തിന് “കിടുങ്ങാമണി‘ എന്ന പ്രസിദ്ധമായ ചെല്ലപ്പേരിട്ട് അവന്റെ മനസ്സുകുളുര്‍പ്പിച്ച അമ്മയ്ക്ക് കുഞ്ഞുമോള്‍ടേ യോനിയെ വിളിക്കാന്‍ സുന്ദരമായ പേരുകളൊന്നും കിട്ടിയില്ല. ഒടുക്കം കുഞ്ഞിപ്പൂവ് എന്നോ മറ്റോ പേരിട്ട് അമ്മ പ്രശ്നം പരിഹരിച്ചു. പുരുഷ ലിംഗത്തില്‍ ആരോപിക്കപ്പെടുന്നതും പുരുഷസങ്കല്‍പ്പങ്ങളുടെ മിത്തിഫിക്കേഷന് ഒരളവു വരെ കാരണമാകുന്നതുമായ ഗരിമയൊന്നും യോനിക്ക് ചാര്‍ത്തി കണ്ടിട്ടില്ല. ഒരു പക്ഷെ പൌരസ്ത്യസൌന്ദര്യശാസ്ത്രങ്ങളില്‍‍ ഒരു കാലഘട്ടം വരെ കല്‍പ്പിക്കപ്പെട്ടിരുന്ന പ്രാധാന്യം ഒഴിച്ചാല്‍. ഫെര്‍ട്ടിലിറ്റി കള്‍ട്ടുകളിലും മറ്റും നിറഞ്ഞു നിന്നിരുന്നത് യോനിയുടെയും ആര്‍ത്തവ ചക്രത്തിന്റെയും സൃഷ്ടിപരത മാത്രമാണ്. സ്ത്രീ ലൈംഗികതയെ സൃഷ്ടികര്‍മ്മത്തില്‍നിന്ന് അടര്‍ത്തുക എന്നതു തന്നെ വലിയ പാതകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അമ്മയാവുക എന്നതിനപ്പുറം അര്‍ത്ഥമോ അസ്തിത്വമോ സ്ത്രീ ലൈംഗികതയ്ക്കില്ല എന്ന കാലാകാലമായിട്ടുള്ള നിലപാടാ‍ണീത്.

സമഗ്രമായ ഒരു ഉണ്മയില്‍ നിന്ന് ലിംഗപരമായ വ്യത്യസ്തതയിലേക്കുള്ള ആദ്യത്തെ ചുവടാണ് ആര്‍ത്തവം. വ്യത്യസ്തത എന്നത് “ഇല്ലായ്മ”യെന്നോ, അപരമെന്നോ, തിരിച്ചു ചേര്‍ക്കപ്പെടേണ്ടത് എന്നോ, നഷ്ടപ്പെട്ടത് എന്നോ ഒക്കെ വായിക്കേണ്ടി വരുന്നവരുടെ പരിമിതിയേ ആണ് ഞാന്‍ ഇഗ്നറെന്‍സ് എന്ന് വിളിച്ചത്. അറിവില്ലാ‍യ്മയല്ല, അറിവിലൂടെയുള്ള ചില ഇല്ലായ്മകള്‍.
തിരണ്ടു കുളി എന്ന ആചാരത്തിലേക്ക് മടങ്ങാം. ആഘോഷിക്കപ്പെടേണ്ടത് എന്താണെന്നതാണ് വിഷയം. തന്റെ ശരീരത്തില്‍ സംഭവിക്കുന്ന ഈ മാറ്റം സമൂ‍ഹത്തിനു കൊണ്ടാടാനുള്ളതല്ല, ഒളിപ്പിച്ചു വയ്ക്കാനുള്ളതുമല്ല, തന്റെ ലൈംഗികതയുടെ പ്രഖ്യാപനമാണ് എന്നത് ഒരു പെണ്‍കുട്ടിക്കും അവളെ സ്നേഹിക്കുന്ന ചുറ്റിനുമുള്ളവര്‍ക്കും ആഘോഷിക്കാന്‍ കാരണമായിക്കൂടെന്നുണ്ടോ? അതീവ വേദനാജനകമായതും മാനസികമായി മുറിവേല്‍പ്പിക്കുന്നതുമായ ആദ്യആര്‍ത്തവ കഥകള്‍ പലതും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സാമൂഹ്യമായ ചില നിര്‍മ്മിതികളാണ് എല്ലായിടത്തും പ്രതിസ്ഥാനത്തു നില്‍ക്കുന്നത്. പല പെണ്‍കുട്ടികള്‍ക്കും സ്കൂളില്‍ വച്ച് ആദ്യമായിട്ട് ആര്‍ത്തവമുണ്ടായ അനുഭവങ്ങളുണ്ടാവും. കറ പറ്റിയ വസ്ത്രത്തിന്റെ പേരില്‍ അപമാനിതയാവുക, അത് ഒളിപ്പിക്കാന്‍ ശ്രമിക്കുക തുടങ്ങിയ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ കൌമാരമനസ്സില്‍ ആര്‍ത്തവം ശാപവും വൃത്തികേടും അയി രൂപം പ്രാപിക്കുന്നതില്‍ അല്‍ഭുതമില്ല. ഇവിടെ സമൂഹം നിഷ്കര്‍ഷിക്കുന്ന രീതിയില്‍ ശരീരത്തിന്റെ പ്രഖ്യാപനം മറച്ചു പിടിക്കാന്‍ കഴിയാതെ വരിക എന്നതാണ് തോല്‍വിയായി എണ്ണുന്നത്. ആര്‍ത്തവം തന്നെയും ഒരു കുറ്റബോധമായി കരുതുന്ന അവസ്ഥയിലേക്ക് പെണ്‍ശരീരം അന്യവല്‍ക്കരിക്കപ്പെടുന്നു. ഇതുപോലെ ആര്‍ത്തവ സംബന്ധമായ ശാരീരികാസ്വസ്ഥതകളും സൈക്കോസോമാറ്റിക്ക് ആണ് എന്നു വിശ്വസിക്കുന്ന സ്ത്രീകള്‍ തന്നെയും ഉണ്ട്. “ഹിസ്റ്റീരിയ” എന്ന സ്ഥിതി വിശേഷം സ്ത്രീയില്‍ ആരോപിക്കപ്പെടുന്നത് ബയൊളോജിക്കലായ കാരണങ്ങള്‍ കൊണ്ടാണെന്ന് കരുതിയിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലേ യൂറോപ്പില്‍ നിന്ന് ഏറേയൊന്നും മുന്നിലല്ല ഇന്നത്തെ നമ്മുടേ നാട്ടിലെ സ്ത്രീകളുടെ കാലവും. സമൂഹനിര്‍മ്മിതമായ ശരീരത്തടവിന്റെ ഭാഗം മാത്രമാണിത്. സ്ത്രീ അനാറ്റമിയുടെയല്ല സോഷ്യോളജിയുടെ ഇരയാണ് .

ഇന്നും അനാറ്റമിക്കു വെളിയില്‍ ആര്‍ത്തവചക്രത്തെ ഗഹനമായി പാഠ്യ വിഷയമാക്കുന്നത് ലിംഗ അസമത്വത്തെ സാധൂകരിക്കാനോ അല്ലെങ്കില്‍ തീവ്രഫെമിനിസ്റ്റ് നിലപാടുകളിലൂടെ ഫെമിനിറ്റിയെ നിഷേധിക്കാനും വെറുക്കാനും വേണ്ടിയോ മാത്രമാണ്. അതുകൊണ്ട് മഞ്ജുവിന്റെ തിരണ്ടു കുളി പ്രാകൃതമായ ആചാരത്തിനോടുള്ള സമരൂപപ്പെടലായി മാത്രമേ വ്യാഖ്യാനിക്കപ്പെട്ടുള്ളു. തിരളലിന്റെ സാമൂഹ്യനിര്‍മ്മിതിയില്‍ നിന്ന് സ്ത്രീസ്വത്വ നിര്‍മ്മിതിയിലേക്ക്, ഇനിയും നിശ്ചയിക്കപ്പെടാത്തതായുള്ള ദൂരം ഒന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു.

27 comments:

Anonymous said...

എഴുത്തിനോട് യോജിക്കുന്നു, പത്താക്ലാസ്സിലെ പരീക്ഷാഫലം അറീഞ്ഞ സന്തൊഷം പങ്കുവയ്ക്കാന്‍ അമ്മവീട്ടിലേക്കു പോകാന്‍ തയ്യാറെടുക്കവേ, അമ്മയാണ് ഇതു കണ്ടുപിടിച്ചതു, അന്നു അമ്മയുടെ മുഖത്തു പ്രതിഫലിച്ചതു സന്തോഷമോ, ദു:ഖമോ എന്നറിയാത്ത ഒന്നു അയിരുന്നു, ഇതുവരെയും അതിന്റെ കാരണം മനസ്സിലായിട്ടില്ല

Rare Rose said...

സത്യസന്ധമായ തുറന്ന വെളിപ്പെടുത്തലുകള്‍..

ഇതിനും പുറമെ ഏതു മതവിശ്വാസത്തിലായാലും സ്ത്രീകള്‍ അന്നേ ദിവസങ്ങളില്‍ കുറ്റവാളികളെ പോലെ, അശുദ്ധകളാണെന്ന പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്നു...ഇതും അവ‍ള്‍ക്ക് സ്വന്തം ശരീരത്തോട് ഒരപകര്‍ഷതാബോധം ചിലപ്പോഴെങ്കിലും സൃഷ്ടിച്ചേക്കാം..

...പകല്‍കിനാവന്‍...daYdreamEr... said...

വളരെ നല്ല post.. ആശംസകള്‍...

അനിലന്‍ said...

സ്ത്രീ അനാറ്റമിയുടെയല്ല സോഷ്യോളജിയുടെ ഇരയാണ് .

ഒപ്പ്!

പാമരന്‍ said...

wow..!

ചിതല്‍ said...

സ്ത്രീ ലൈംഗികതയെ സൃഷ്ടികര്‍മ്മത്തില്‍നിന്ന് അടര്‍ത്തുക എന്നതു തന്നെ വലിയ പാതകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അമ്മയാവുക എന്നതിനപ്പുറം അര്‍ത്ഥമോ അസ്തിത്വമോ സ്ത്രീ ലൈംഗികതയ്ക്കില്ല എന്ന കാലാകാലമായിട്ടുള്ള നിലപാടാ‍ണീത്.
-----------------------
ആ............

സിജി said...

ആദ്യ ആര്‍ത്തവത്തോടെയാണ്‌ സ്ത്രീ തന്റെ ശരീരത്തെപ്പറ്റി ബോധവതിയാകുന്നത്‌ അതിനുശേഷമുള്ള ജീവിത ചക്രത്തിലൂടെ കടന്നുപോകുമ്പോള്‍ ആദ്യഘട്ടത്തില്‍ സ്വയം വെറുത്തിരുന്ന അറച്ചിരുന്ന (മുല വളര്‍ന്നുവരുന്നതുപോലും മുടിയിട്ടു മറക്കുന്ന കൗമാരം) സ്വന്തം ശരീരത്തേയും അതിന്റെ ലൈംഗികപരവും പ്രത്യുല്‍പാദനപരമായുമുള്ള സവിശേഷതകളെയും സ്ത്രീ അഗാധമായി സ്നേഹിക്കുന്നുണ്ട്‌ എന്നതാണ്‌ മെനോപ്പസ്സിനുശേഷമുള്ള ഡിപ്രഷന്‍ വെളിപ്പെടുത്തുന്നത്‌. വളര്‍ച്ചയിലൂടെയാണ്‌ സ്ത്രീ സ്വന്തം സ്വതത്തെ തിരിച്ചറിയുന്നത്‌. ആര്‍ത്തവം അതിന്റെ ആദ്യ ചവിട്ടുപടിയാണ്‌.

കൃത്യമായ സൗകര്യങ്ങളില്ലാതെ പിടിച്ചുവെക്കപ്പെടുന്ന മൂത്രങ്ങളുടെയും സംഭരിച്ചുവെക്കുന്ന ആര്‍ത്തവ രക്തത്തിന്റെ ഭാരവും 'സ്ത്രീ' എന്ന സമൂഹത്തിന്റെ മറ്റൊരു രേഖപ്പെടുത്തല്‍..

sree said...

തിരണ്ടു കുളി ആഘോഷിക്കണം, പഴയ ആചാരങ്ങളിലേക്ക് തിരിച്ചു പോകണം, പെണ്ണിനെ പ്രദര്‍ശിപ്പിക്കണം, പെണ്ണിന് ലൈംഗികസ്വത്വം മാത്രമേ ഉള്ളു എന്നൊക്കെയാണ് ഞാന്‍ വാദിച്ചത് എന്നു മനസ്സിലാക്കി ഒരു കൂട്ടുകാരി പിണങ്ങി ഇന്ന്. അടുത്തറിയുന്ന ബുദ്ധിമതികളും താരതമ്യേന അഭിപ്രായസ്വാതന്ത്ര്യവും ചിന്താശേഷിയുമുള്ള സ്ത്രീകള്‍ പോലും മാതൃത്വ ഭാവം മാത്രമല്ല പെണ്ണിന് എന്നു പറഞ്ഞാലുടനേ പെണ്മയേ നിഷേധിക്കയാണ് എന്ന് അലോസരപ്പെടുന്നതും, സ്വന്തം സെക്ഷ്വല്‍ ഐഡെന്റിറ്റിയെ മനസ്സിലാക്കാന്‍ മടിക്കുന്നതും ഒരു തരം സെല്‍ഫ്-ഇമ്പോസ്ഡ് പ്രിസണില്‍ അടിഞ്ഞുകൂടുന്നതും കണ്ട് വിഷമം തോന്നാറുണ്ട്. കുട്ടികള്‍ക്കു വേണ്ടി, കുടുംബത്തിനു വേണ്ടി എന്നൊക്കെ സ്വയം സമാധാനിച്ച് ജീവിച്ചു മരിച്ച പഴയ തലമുറയേ സംബന്ധിച്ചാണെങ്കില്‍, they were mostly ignorant of their inner prisons and so their sacrifice should have been worthwhile. ഇന്നത്തെ സ്ത്രീയുടെ ദുരവസ്ഥ അവള്‍ക്ക് സ്വന്തം വ്യക്തിത്വത്തെ അറിഞ്ഞു കൊണ്ടു തന്നെ പലപ്പോഴും നിഷേധിക്കേണ്ടി വരുന്നു എന്നുമാത്രമല്ല, അറിവില്ലായ്മയുടെ ഒരു മുഖപടവും ധരിക്കേണ്ടി വരുന്നു എന്നതാണെന്ന് തോന്നുന്നു പലപ്പോഴും.

എന്റെ പോസ്റ്റില്‍ ഞാന്‍ തന്നെ ഓഫിട്ടു. ചരിത്രമായോ? ;)

അന്ന, റോസ്,പകല്‍,അനിലന്‍,പാമരന്‍,ചിതല്‍, സിജി :)

വെള്ളെഴുത്ത് said...

ഋതുവാകലിനെപ്പറ്റി ഒരു ഡോക്യുമെന്ററിയുണ്ട് ‘പൂമരം’ (ഫ്ലവറിംഗ് ട്രീ) ആര്‍ത്തവത്തെക്കുറിച്ചുള്ള ആലോചനയുടെ ഒരു ആണ്‍പ്പതിപ്പാണെന്ന് അതിന്റെ സംവിധായകന്‍.വിപിന്‍ വിജയ്. ആണ്‍ കുട്ടികള്‍ക്ക് വയസ്സറിയിക്കല്‍ സ്വകാര്യമായിരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ രഹസ്യത്തിനും പരസ്യത്തിനുമിടയില്‍ വേണം വേണ്ടാതെ ചാടികളിക്കുകയാണ്. ആണ്‍കുട്ടികള്‍ക്ക് അങ്ങനെ ഒരു വയസ്സറിയിക്കലുണ്ടോ എന്നാണ് സംശയം. അവന്റെ ലൈംഗികമായ ഉണര്‍ച്ചയുടെ നിമിഷമാണ് അവന്റെ സ്ഖലനത്തിന്റേത്. അതവന്റെ മാത്രം സ്വകാര്യത. പക്ഷേ പെണ്ണിനതില്ലെന്നത്.. ഓര്‍ത്തുനോക്കിയാല്‍ ശരിയാണ്.. അല്പം നിരാശ തോന്നുന്നു. ഏറ്റവും നിഗൂഢമായ ഒരു സ്വകാര്യതയ്ക്ക് എന്തു പബ്ലിസിറ്റിയാണ് നമ്മള്‍ കൊടുക്കുന്നത്.. അതാവട്ടേ വീണ്ടും കൂടുതല്‍ പൊതിഞ്ഞു വയ്ക്കാനും!!

sree said...

“പൂമരം” കണ്ടിട്ടില്ല..പേരു തന്നെ വല്ലാതെ റ്റെംറ്റ് ചെയ്യുന്നു കാണാന്‍ :(

പാരഡോക്സിക്കല്‍ ആയ കാര്യം സ്ത്രീ ശരീരത്തിന് വയസ്സറിയിക്കല്‍ നിഗൂഢതയല്ല എന്നതല്ലെ ശിവാ? അതു രഹസ്യമായിരിക്കണം എന്നത് ഒരു മൈന്‍ഡ് സെറ്റ് ആണ്, ആ ഭാരമാണ് ചുമക്കേണ്ടി വരുന്നത്. പഴയ ആചാരത്തിന്റെ മീനിങ്ങ് ഒരു പക്ഷെ ഒരു കാലത്ത് ഈ സ്വയം വിളിച്ചു ചൊല്ലലാകാം, പബ്ലിസിറ്റി എന്ന കണ്‍സ്യുമര്‍ അര്‍ത്ഥം, അതിന്റെ പ്രദര്‍ശനപരത ഒക്കെ കലരുന്നതിനു മുന്നേ.

ഭഗവതി തീണ്ടാരിയാവുന്ന ദിവസങ്ങളില്‍ പൂജാരി പോലും തൊടരുത് എന്ന് സങ്കല്പമുണ്ട്. ആത്യന്തികമായി എവിടെയോ ഭയവും, ബഹുമാനവും, ചിലപ്പോള്‍ കണ്‍സേണും ആയിരുന്നിരിക്കണം അശുദ്ധിയായി പിന്നീ‍ട് വളച്ചൊടിക്കപ്പെട്ട വികാരം. (പെണ്ണ്-ശക്തി-ഭയം-രഹസ്യം . പെണ്ണില്‍ താന്‍ ഭയക്കുന്ന ഏതു ശക്തിയേ ആവും പുരുഷന്‍ ഒതുക്കാന്‍ ശ്രമിച്ചത് എന്നും ഓര്‍ത്തു നോക്കാവുന്നതാണ്.)

ഗുപ്തന്‍ said...

പുരുഷനും അവനെ സൂചിപ്പിക്കുന്ന അടയാളങ്ങളും എപ്പോഴും ‘പുരുഷത്വത്തെ’ (ഫാല്ലിക് സിംബത്സ്; പിതൃത്വത്തെ അല്ല പുരുഷ ലൈംഗികതയെ) ചുറ്റിനില്‍ക്കുമ്പോള്‍ സ്ത്രീയും സ്ത്രീയെ സൂചിപ്പിക്കുന്ന അടയാളങ്ങളും മാതൃത്വത്തെ (സ്ത്രീത്വത്തെ/ സ്ത്രീ ലൈംഗികതയെ അല്ല) ചുറ്റിനില്‍ക്കുന്നതെന്തുകൊണ്ടാണ്? മാതൃത്വം മാത്രം വിശുദ്ധവും പാതിവൃത്യാധിഷ്ഠിതവുമായ കര്‍ത്തവ്യമാകുന്നതെന്തുകൊണ്ടാണ്?

പുരുഷനു സന്തതിയെ നല്‍കുക എന്ന ധര്‍മത്തിലൊതുക്കി (കര്‍ഷകനു വയലെന്ന പോലെ) സ്ത്രീയെ സ്വത്താക്കിയ പുരുഷാധിപത്യത്തിന്റെ ബാക്കിപത്രമാണ് മാതൃത്വത്തിന്റെ മഹത്വത്തില്‍ ഊന്നിയ സ്ത്രീസങ്കല്പം. അതു ചോദ്യം ചെയ്യാനുള്ള ധൈര്യം ഇല്ലാതെ വരുന്നത് മിക്കപ്പോഴും സ്ത്രീകള്‍ക്കുതന്നെ ആണെന്നുള്ളതാണ് സത്യവും.. സ്ത്രീ ആദ്യം സ്ത്രീയും പിന്നെ അവളുടെ ഇഷ്ടവും തെരഞ്ഞെടുപ്പും പ്രകാരം മാത്രം അമ്മയും ആണെന്ന് പുരുഷനോളം സ്വയാവിഷ്കാരത്തിന് അധികാരമുള്ള ലൈംഗികത തന്നെയാണ് സ്ത്രീയുടേതെന്ന് തിരിച്ചറിയുന്നിടത്തേ സ്ത്രീ പാരമ്പര്യത്തിന്റെ തണലില്‍ നിന്ന് മുക്തയാവൂ. പ്രസക്തമായ ആഴമുള്ള എഴുത്ത് ശ്രീ. അഭിനന്ദനങ്ങള്‍.

******************

വാല്‍: അമ്മയായി വിധിക്കുന്നതാണ് അടിമയായി നിര്‍ത്താനുള്ള ഏറ്റവും സുരക്ഷിതമായ വഴി. അതുകൊണ്ട് മാനത്തിനോ ജീവനോ സുരക്ഷിതത്വം ഉണ്ടാവും എന്നുമാത്രം പ്രതീക്ഷിക്കരുത്. ഒരു വളിപ്പ് പറയാന്‍ തോന്നുന്നു. രാം മോഹന്‍ ക്ഷമിക്കട്ടെ.

തെറാപ്പിക്കു വന്ന ചെറുപ്പക്കാരന്‍ മധ്യവയസ്കയായ തെറാപ്പിസ്റ്റിനോട്: മാം എനിക്ക് നിങ്ങളോട് എന്റെ അമ്മയോടെന്ന പോലെ അടുപ്പം തോന്നുന്നു.
തെറപ്പിസ്റ്റ് :അത് വളരെ നല്ലതാണ്. തെറാപ്പിയെ അതുവളരെ സഹായിക്കും. ആട്ടെ എന്താണ് താങ്കളുടെ പ്രശ്നം?
ചെറുപ്പക്കാരന്‍: അത്.. എനിക്ക് വളരെ ശക്തമായ ഈഡിപ്പസ് കോമ്പ്ലക്സ് ഉണ്ട് മാം ...

കൃഷ്‌ണ.തൃഷ്‌ണ said...

വളരെ നന്നായി പ്രതിപാദിച്ചിരിക്കുന്നു. ഈ ഭാഷക്കൊരു സലാം.
ആര്‍ത്തവത്തെക്കുറിച്ച് ഒരു ലേഖനം ഞാനും എഴുതിയിരുന്നു.
http://krishnathrishna.blogspot.com/2008/10/blog-post_24.html

സിജി said...

കുറച്ചുകാലം മുമ്പ്‌ രംഗം വിട്ടൊഴിഞ്ഞ സിനിമാനടി ഇങ്ങനെ പ്രസ്താവിച്ചു- " 'എന്റെ ഭര്‍ത്താവിന്റെ ' കുട്ടികളെ പ്രസവിച്ച്‌ വളര്‍ത്തി വീട്ടിലിരിക്കാനാണ്‌ ഞാന്‍ ഇഷ്ടപ്പെടുന്നത്‌,കുട്ടിക്കാലം മുതലേ എന്നിലെ സങ്കല്‍പം അതായിരുന്നു.അത്‌ പൂവണിഞ്ഞതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ട്‌"

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രാകൃതമായ സ്ത്രീസങ്കല്‍പം നടത്തി സ്വയം മഹത്വവരിക്കാന്‍ ഇടയാക്കുന്ന സാമൂഹികസുരക്ഷിത്വതം എന്തിനെയാണ്‌ സൂചിപ്പിക്കുന്നത്‌?

ശ്രീയുടെ ലേഖനത്തിന്റെ പ്രസക്തി പത്തുവര്‍ഷം പിന്നിട്ടാലും കുറയാന്‍ സാധ്യതയില്ല എന്നതാണ്‌ സത്യം.

ജ്യോനവന്‍ said...

തകര്‍പ്പന്‍ ലേഖനം. അഭിനന്ദനം.
വസന്തം വരുക എന്നാണ് കരുതിയിരുന്നത്. ആകര്‍ഷണത്തിന്റെ പദ്ധതിയില്‍ വരുന്ന കാതലായ മാറ്റങ്ങള്‍.
മരത്തിലോ മൃഗത്തിലോ സംഭവിക്കുന്നതല്ലല്ലോ 'ചിന്തകള്‍‌'‍കൊണ്ട് വലിച്ചിഴയ്ക്കപ്പെട്ട ജീവിതത്തിന്റെ ഉടമകള്‍ക്ക്.
മാതൃത്വത്തെക്കുറിച്ച് മറ്റൊരു വീക്ഷണത്തെ; അതിലേയ്ക്ക് ഒരുപിടി ആഴമുള്ള ചിന്തകളെ കൊണ്ടുപോകുന്നു.

sree said...

സിജി, ലക്ഷങ്ങള്‍ മുടക്കി പ്രൊഫെഷണല്‍ കോഴ്സ് ചെയ്ത് വിവാഹ ശേഷം ജോലി ചെയ്യുന്നില്ല, അഥവ ചെയ്താലും ഭര്‍ത്താവിനും കുട്ടികള്‍ക്കും ബുദ്ധിമുട്ടാവില്ലെങ്കില്‍ മാത്രം എന്നും പറഞ്ഞ് ഒതുങ്ങുന്ന എത്രയോ “ബുദ്ധിമതികളെ” കണ്ടിട്ടുണ്ട്. തെറ്റാണെന്നല്ല. ഇതിലെ തെറ്റും ശരിയും തിരുമ്മനിക്കേണ്ടത് ഇതാരുടെ ആവശ്യമാണെന്ന കര്യമാണ്. വീട്ടമ്മ എന്ന പ്രൊഫെഷനോടുള്ള നിറഞ്ഞ ആദരവാടെ പറയട്ടെ, “കുട്ടികള്‍ വലുതാവുന്നതു വരെ ഞാന്‍ (എന്നെ) വേണ്ടെന്നു വച്ചു” എന്നു പറയുന്നതിലെ ദോഷം അതൊരു ത്യാഗമായി എണ്ണി ഭാവിയിലേക്ക് വരവു വക്കുകയും മുടക്കുമുതല്‍ തിരികേ കിട്ടാതാവുമ്പോള്‍ സ്വയം പ്രാകി വെറുത്ത് ഒതുങ്ങേണ്ടി വരികയും ചെയ്യും എന്നതാണ്. ആ അവസ്ഥയാണ് ഭീകരം. ഇതിന്റെയൊക്കെ ഉള്ളില്‍ മറഞ്ഞു കിടക്കുന്നത് മുകളിലെ കമെന്റില്‍ ഗുപ്തന്‍ സൂചിപ്പിച്ച അമ്മ ഐഡലൈസേഷന്‍/ലിമിറ്റേഷന്‍ തന്നെയാണ് എന്നറിയുന്നില്ല പലരും. പ്രാകൃതം എന്നു തന്നെ വിളിക്കണം അതിനേ.

പത്തു വര്‍ഷം കഴിയുമ്പോഴെങ്കിലും ഈ ലേഖനം ഒരു വലിയ തമാശയായി വായിക്കപ്പെടട്ടെന്നാ ഞാന്‍ പ്രാര്‍ത്ഥിക്കുന്നെ.

ഗുപ്താ വാലില്ലാതെ വയ്യാല്ലെ ;) വാലിന്റെ വാല്‍: തെറാപ്പിസ്റ്റ്: (പയ്യനെ നോക്കി കണ്ണിറുക്കിക്കൊണ്ട്) ഈ ഈഡിപ്പസുണ്ണികളെക്കൊണ്ടു തോറ്റു !

കൃഷ്ണ തൃഷ്ണ, ലേഖനം വായിച്ചു. വളരെ പ്രസക്തമായ കാര്യങ്ങള്‍ ആഴത്തില്‍ വസ്തു നിഷ്ഠമായിപ്പറഞ്ഞിരിക്കുന്നു. എന്റേത് വികാരപ്രകടനമാണ് കൂടുതല്‍.

ജ്യോ, 'ചിന്തകള്‍‌'‍കൊണ്ട് വലിച്ചിഴയ്ക്കപ്പെട്ട ജീവിതത്തിന്റെ ഉടമകള്‍’ ! ഹാ നിര്‍വ്വചനം!

Bindhu Unny said...

ശക്തമായ പോസ്റ്റ്.
അമ്മയാവുമ്പോഴാണ് സ്ത്രീ പൂര്‍ണ്ണയാവുന്നതെന്ന്‍ ആവര്‍ത്തിച്ച് കേട്ട് അത് സത്യമാണെന്ന് കരുതുന്നു ഭൂരിഭാഗവും. ‘അമ്മ’ എന്നത് പല സ്തീകള്‍ക്കും ഒരൈഡെന്റിറ്റിയും.
:-)

പാര്‍ത്ഥന്‍ said...

ഇതുപോലെ ആര്‍ത്തവ സംബന്ധമായ ശാരീരികാസ്വസ്ഥതകളും സൈക്കോസോമാറ്റിക്ക് ആണ് എന്നു വിശ്വസിക്കുന്ന സ്ത്രീകള്‍ തന്നെയും ഉണ്ട്. “ഹിസ്റ്റീരിയ” എന്ന സ്ഥിതി വിശേഷം സ്ത്രീയില്‍ ആരോപിക്കപ്പെടുന്നത് ബയൊളോജിക്കലായ കാരണങ്ങള്‍ കൊണ്ടാണെന്ന് കരുതിയിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലേ യൂറോപ്പില്‍ നിന്ന് ഏറേയൊന്നും മുന്നിലല്ല ഇന്നത്തെ നമ്മുടേ നാട്ടിലെ സ്ത്രീകളുടെ കാലവും.

ഇത്രയും വായിച്ചതിൽനിന്നും മുകളിൽ ക്വോട്ടു ചെയ്ത‌താണ് പ്രധാന പ്രശ്നം എന്നാണ് എനിയ്ക്കു മനസ്സിലായത്. അതിന് എന്താണ് ഒരു പ്രതിവിധി കണ്ടെത്താൻ കഴിയാത്തത്‌.

ഗുപ്തൻ‌ജി പറഞ്ഞ രീതിയിൽ സ്ത്രീയ്ക്ക് പാരമ്പര്യത്തിന്റെ തണലിൽ നിന്ന് മുക്തി നേടാനാവുമോ.
ക്ലോണിംഗ് ഒരു ആചാരമാകുന്നതുവരെ ഒരു സന്തതിയുണ്ടാവാൻ സ്ത്രീപുരുഷ ബന്ധം അനിവാര്യമാണ്. ഒരു കുഞ്ഞുണ്ടായാൽ ഭാവിയിൽ താൻ സുരക്ഷിതയാവും (ഒരു ഭീമമായ തുകയ്ക്കു് പെൻഷ്യൻ സ്കീം പോളിസി എടുക്കുന്നതുപോലെ) എന്ന തോന്നൽ ഒരു സ്ത്രീയ്ക്കും ഉണ്ടായിക്കൂടെ. കൃഷ്ണ തൃഷ്ണ പറഞ്ഞപോലെ, ഇരതേടുന്നവന്റെ ഇണയാവുമ്പോഴുള്ള സംരക്ഷണം, സ്വാർത്ഥതയുടെ മുഖമൂടി അവിടെയും വെളിപ്പെടുന്നുണ്ട്.

ശ്രീഹരി::Sreehari said...

മാതൃത്വ സങ്കല്പം അടിമപ്പെടുത്തലിന്റേത് തന്നെയാണ്.
വിശദമായി ഒരു പോസ്റ്റ് തയ്യാറാക്കുന്നുണ്ട്.

ലേഖനം പ്രസക്തം.. വ്യക്തിപരമായി ഇതിനെയൊന്നും കൂടുതല്‍ കണ്‍സിഡര്‍ ചെയ്യരുത് എന്നാണ് എന്റെ പക്ഷം. ആഘോഷവുമല്ല രഹസ്യവുമല്ല... മുള്ളാന്‍ മുട്ടുമ്പോള്‍ മുള്ളുന്നതു പോലെ സോ സിമ്പിള്‍....

മാണിക്യം said...

നല്ല ഒരു പൊസ്റ്റ്
പല അഭിപ്രായങ്ങളോടും യോജിക്കാതെ വയ്യ.

ഇട്ടിമാളു said...

കുളത്തിലെ കുളികഴിഞ്ഞ് വീട്ടിലെത്താന്‍ അമ്പലത്തിന്റെ മതില്‍കെട്ടിനും പുറത്തെ വഴിയിലൂടെ നടക്കേണ്ട നാലുദിവസങ്ങള്‍.. പിന്നെ മതില്‍കെട്ടിനകത്തെ കുറുക്കുവഴിചാടാവുന്ന അടുത്തനാലുദിവസങ്ങള്‍.. അതിനുശേഷം മാത്രം അമ്പലത്തിനകത്തേക്ക്.. അന്തിത്തിരികൊളുത്താന്‍ അവകാശവും ഈ എട്ടുദിവസങ്ങള്‍ക്കുശേഷം മാത്രം.. ഓപ്പോള്‍മാരുടെ കാലത്ത് മാറിയിരിക്കേണ്ട നാലുദിവസങ്ങള്‍.. ഹോ.. എന്തായാലും ഞാനായപ്പോഴൊക്കും അമ്മ ആ കടുംചിട്ടകളൊക്കെ ഉപേക്ഷിച്ചു.. എന്നാലും എന്താണ് സംഭവിക്കുന്നതെന്നറിയാതെ അന്ത്ം വിട്ടുനില്‍ക്കേണ്ടി വന്ന ആദ്യത്തെ തവണ വേണ്ടത്ര വിദ്യാഭ്യാസം തരാത്ത അമ്മയെ ഞാന്‍ മനസ്സില്‍ കുറെ ശപിച്ചിട്ടുണ്ട്. പക്ഷെ ഇതിനേക്കാളൊക്കെ രസം ചടങ്ങിന്റെ ഭാഗമായെത്തിയ മുറചെറുക്കന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവകാശവാദവുമായി വന്നതാണ്.. കാരണവന്മാര്‍ ചെയ്തുവെക്കുന്ന ഓരോ കുരിശുകള്‍..

Anonymous said...

"menstruation is unnatural" എന്ന് കാണിക്കുന്ന ഒരു ലേഖനം വായിച്ചിരുന്നു. പ്രകൃതിയെ അതിന്റെ വഴിക്ക് വിട്ടാല്‍ ആര്‍ത്തവം സ്ത്രീകള്‍ക്ക് വളരെ കുറവയിരിക്കുമാത്രേ. അതിനെക്കുറിച്ച് ഇവിടെ എഴുതിയിരുന്നു.

യൂസുഫ്പ said...

സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങളാണെന്നുള്ള യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാല്‍ അവിടെ ഇസങ്ങള്‍ക്ക് പ്രസക്തിയില്ല.
ചിന്തയ്ക്ക് വഹനല്‍കുന്ന ഈ പോസ്റ്റ് കുടുംബിനികളും കൌമാരക്കാരികളും തീര്‍ച്ചയായും വായിച്ചിരിക്കണം.

The Prophet Of Frivolity said...

what about investigating estrus rather than menstruation? That which lies inconspicuous..
Well, the point is to dump Lacan and the like. What did he know anyway? I mean he, Lacan had an axe to grind, for Freud was teuton and jew coupled with the incorrigible French inclination to wallow in fashionable nonsense; so too was Freud, he had something to brush aside: of women that vanished in the walls of vienna and elsewhere in Austria. Let it be.
At any rate a proposition that human female sexuality is not the product of anatomy but sociology is highly problematic. There is something that preceeds even body. Of not just humans but any living creature. The pertinent issue then happens to be consciousness moving in leaps and bounds but the larger scheme which lies beneath lagging deplorably behind. And this in someway is the root of the agony, the anguish that is the collateral effect of being human.
Make no mistake: I am no Victorian continence preacher incarnate. No. But fraility thy name has more to it than power structure and dominant discourse. The fact that fertility rites are rooted in motherhood and phallus is worshipped in and for itself are two sides of the same coin, and originate from the same source. Or the curious point that man's muscle is not his own making, but female's "decision", not to talk of the theory about the lack of bone in human penis. True : What you dream of will eventually come about - Fluid modern life has the means at it's disposal. It is, well, a matter of time, may be.
Again, I am not trying to neglect the heap of discourse that has been accumulated around this theme : From antiquity through Hume and Hobbes to Zizek and beyond. I need to get something that would convince myself at least.

Off: Did you look up the etymology of Hysteria? It is interesting. Hystera in Greek meaning Womb. The story doesn't end there. The cure, it appears, was to masturbate the female sufferer to hysterical paroxysm or plainly, orgasm - done by a physician. So there came something called dildo to relieve the doctors of the trouble.

And sorry for English - I don't have no keyman here.

പള്ളിക്കരയില്‍ said...

:-))

പള്ളിക്കരയില്‍ said...
This comment has been removed by the author.
shine അഥവാ കുട്ടേട്ടൻ said...

http://malayalam-bookreaders-club.blogspot.com/

smitha adharsh said...

അസ്സലായിരിക്കുന്നു...
നല്ല പോസ്റ്റ്‌..

Post a Comment