Monday, May 18, 2009

യൂറിഡിസി

ഹേഡ്സ് ഇല്ലായ്മയുടെ സാമ്രാജ്യമാണ്. മരിച്ചവരുടെ ലോകം. അത്രയേ ഏതു കഥയ്ക്കും ആ ലോകത്തെപ്പറ്റി അറിയാവൂ. അറിവു പകര്‍ന്ന് പകരം വാക്കുകളെയും ശബ്ദത്തെയും തിരിച്ചെടുക്കുന്ന ലോകത്തെക്കുറിച്ച് ആരെന്തുപറയാന്‍? കുറച്ചു നാള്‍ കണ്ണില്‍ തങ്ങിനിന്ന ഒരു സ്വപ്നം പോലെ ജീവിതത്തെ ഓര്‍ത്തെടുക്കേണ്ടി വരുന്നവരായിരിക്കില്ലെ അവിടെയുള്ളവര്‍? പ്രതീക്ഷകളും സങ്കല്പ്പങ്ങളും ഇല്ലാത്ത ആ രാജ്യത്ത് ഒരിക്കല്‍ ഒരു പാട്ടുകാരന്‍ തന്റെ പെണ്ണിനെ തിരിച്ചു ചോദിച്ചുകൊണ്ട് കയറിച്ചെന്നു. ഒരിക്കല്‍, ഒരിക്കല്‍ മാത്രം മനുഷ്യന്റെ ശബ്ദവും സ്വപ്നങ്ങളും കവിതയും മരണഗുഹകളില്‍ തട്ടി പ്രതിധ്വനിച്ചു. അവന്റെ പാട്ടു കേട്ട് മരണഗുഹകളില്‍ എവിടെയോ അലയുന്ന അവന്റെ പെണ്ണ് ശ്വാസം കിട്ടാതെ പിടഞ്ഞു. അവന്റെ നെഞ്ചില്‍ നിന്ന് പറിച്ചെടുത്ത് മരണഗുഹയിലേക്ക് എറിയപ്പെട്ടതിന്റെ വേദന അലഞ്ഞുതീര്‍ക്കുകയായിരുന്നു അവള്‍. ശമനത്തിന്റെ വരമ്പുകളിലേക്ക് പിടിച്ചു കയറാന്‍ തുടങ്ങിയിരുന്ന അവളെ അവന്റെ പാട്ട് വീണ്ടും വേദനയുടെ കനലിലേക്ക് എടുത്തെറിഞ്ഞു. അവള്‍ അവിടെക്കിടന്നു പിടഞ്ഞു. വിദൂരത്തില്‍ അവന്റെ പാട്ട് മുഴങ്ങുന്നുണ്ടായിരുന്നു.

"ഓര്‍ഫിയസ്. പ്രണയത്തില്‍ കവിത വായിച്ച ഗായകന്‍. മ്യൂസിന്റെ മകന്‍‍. അവന്റെ സംഗീതമാവാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം. എന്നെ തിരഞ്ഞ് മരണത്തിന്റെ വാതില്‍ക്കല്‍ അവന്‍ നില്‍ക്കുന്നു. എനിക്കും കേള്‍ക്കാം അവന്റെ പാട്ട്. മരണ ദേവനില്‍ നിന്ന് എന്നെ തിരികെ ചോദിച്ചു കൊണ്ട് തന്നെതന്നെ വീണയാക്കി അവന്‍ പാടുകയാണ്. ഓരോ പാട്ടിലും അവന്‍ തിരയുന്നത് എന്നെയാണ്. ഹെയ്ഡ്സിന്റെ മരണക്കയത്തിലിരുന്ന് എനിക്ക് കേള്‍ക്കാം ഓരോ സ്വരത്തിനുമിടക്ക് തളര്‍ന്നു വീഴുന്ന അവന്റെ ഉഛ്വാസം പോലും."

"എന്തിന് പിന്നെയും അവന്‍ നിഴലിനെ തിരയുന്നു യൂറിഡിസി?" ഇരുളുപോലെ നേര്‍ത്ത അവളുടെ കൈകളില്‍ തലോടിക്കൊണ്ട് പേര്‍സിപ്പോണി ചോദിച്ചു കൊണ്ടിരുന്നു. മരണത്തിന്റെ തടവറയില്‍ യൂറിഡിസിക്ക് കൂട്ടിരിക്കുന്നത് അവളാണ്. ഹേയ്ഡ്സിന്റെ കാമിനി. ഭൂമിക്കും നരകത്തിനുമിടക്ക് പോക്കു വരവുകള്‍ അവള്‍ക്കു മാത്രം. കാരണം അവളെ സ്നേഹിച്ചവന്‍ നരകദേവനാണ്. ആരാല്‍ സ്നേഹിക്കപ്പെടണം എന്ന് നിശ്ചയിക്കാന്‍ ആര്‍ക്കു കഴിയും?

"നിഴലുകളില്‍ തിരയാനൊന്നുമില്ല എന്ന് അവന്‍ വിശ്വസിക്കുന്നില്ല പെണ്ണേ. മനുഷ്യരങ്ങനെയാണ്. മരിച്ചു നിഴലാവുന്നതിനു മുന്നെ ഞാനും ഒരുപാട് നിഴല്‍ സത്യങ്ങള്‍ക്ക് പുറകേ നടന്നിട്ടുണ്ട്. വാക്കുകളില്‍, ബന്ധങ്ങളില്‍, അറിവുകളില്‍‍, അജ്ഞതയില്‍ പോലും തിരഞ്ഞു നടന്നിട്ടുണ്ട്. ആ തിരച്ചിലിലാണ് മനുഷ്യര്‍ സ്നേഹം കണ്ടെത്തുന്നത്." യൂറിഡിസി പറഞ്ഞുകൊണ്ടിരുന്നു.

വെള്ളത്തിലേ വരകള്‍ പോലെ ചിതറി തെറിച്ച് ഇല്ലാതാവുന്ന അവളുടെ സ്പര്‍ശം പേര്‍സിപോണിയെ അലോസരപ്പെടുത്തി. മരിച്ചവള്‍. ഇല്ലായ്മകള്‍ക്കരുകിലെ കൂട്ടിരിപ്പ് പേര്‍സിപ്പോണിയെ പാതി നിഴലാക്കിയിരിക്കുന്നു.

യൂറിഡിസി പക്ഷെ ഹേയ്ഡ്സിന്റെ അടിമയാണ്. വെറും നിഴല്‍. മരിച്ചു കഴിഞ്ഞവരുടെ ചിന്തകള്‍ക്കു മീതെ ഹേയ്ഡ്സ് ഒരു കാവല്‍ നായയെപ്പോലെ മുരണ്ടു കൊണ്ട് കിടക്കും. അതിരുകള്‍ ഭേദിക്കുന്നിടത്ത് അവന്റെ കുര യാഥാര്ത്ഥ്യത്തിലേക്ക് അവരെ ഉണര്‍ത്തിയിടും. പിന്നെ ഭീതിയുടെ തുടല്‍ കഴുത്തിലണിഞ്ഞ് അവര്‍ സ്വന്തം അറകളിലേക്ക് ഒതുങ്ങിയിരിക്കും. ഭൂമയിലെ അതിരുകള്‍ വലിച്ചു നീട്ടപ്പെട്ടവയാകണം ഹേയ്ഡ്സിലേക്ക്. ഭൂമിയിലെ കാവല്‍പ്പട്ടികള്‍ അര്‍ത്ഥമില്ലാതെ രാവും പകലും കാക്കുന്ന അതിരുകള്‍. അതിരുകള്‍ക്കപ്പുറം ജീവിതമുണ്ടെന്ന സ്വപ്നമായിരിക്കും മനുഷ്യനെ നിഴലല്ലാതാക്കുന്നത്. ഓര്‍ഫിയസിന്റെ ഗാനം യൂറിഡിസിയുടെ നിഴലുടലിനെ ഉണര്‍ത്തി. അവളുടെ ഓരോ ചലനത്തിനും മീതെ പക്ഷെ ഹെയ്ഡ്സിന്റെ ദൃഷ്ടി പതുങ്ങിയിരുന്നു. തളര്‍ച്ചയ്ക്കും ഉണര്‍ച്ചയ്ക്കുമിടയില്‍ക്കിടന്ന് യൂറിഡിസി ഞെരുങ്ങിക്കൊണ്ടിരുന്നു.

"അവന്‍ നിന്നെ തിരികെ കൊണ്ടുപോകുമോ? നിനക്ക് ഭൂമിയിലേക്ക് മടങ്ങണോ യൂറിഡിസി?"

ഭൂമി. മണ്ണിന്റെ മണം. തരിപ്പ്. ഒരുമിച്ച് നടന്നു തീര്‍ത്ത ഒരു വഴിയാണ് അത്. സ്നേഹത്തിന്റെ പച്ച. കരുതലിന്റെ കാറ്റ്. ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും തെളിയുറവകള്‍. സ്വപ്നങ്ങളുടെ ആകാശവും. ഇനിയങ്ങോട്ട് തിരികെ പോവുന്നത് ഈ നിഴല്‍ ജീവന്റെ ഓര്‍മ്മകളും താങ്ങി ആവുമോ?

ശക്തിയായ കാറ്റ് നരകത്തിന്റെ കവാടം പിടിച്ചുലക്കുന്നു. ഓര്‍ഫിയസ് അവിടെതന്നെ നിന്ന് പാടുകയാണ്. കാറ്റുപിടിച്ചെടുക്കുന്ന ശബ്ദത്തെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ച് തളര്‍ന്ന പാട്ടുകാരന്‍ അന്നെ വരെ മരിച്ചവര്‍ക്കല്ലാതെ ആര്‍ക്കും വേണ്ടി തുറന്നിട്ടില്ലാത്ത ആ വാതിലിനപ്പുറമുള്ള ലോകത്തെക്കുറിച്ച് ഓര്‍ത്ത് വീണ്ടും നടുങ്ങി. അവിടെയാണ് അവള്‍. തന്റെ യൂറിഡിസി. വരകള്‍ക്കോ വാക്കിനോ പാട്ടിനോ സ്വപ്നങ്ങള്‍ക്കോ പോലും എത്തിപ്പെടാന്‍ കഴിയാത്തത്രയും ദൂരെ. സ്നേഹിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. വിരലിന്റെ തുമ്പത്തൊന്നു തൊട്ടു നോക്കിയതേ ഉള്ളു. മുഖത്തു പാറി വീഴുന്ന മുടിയിഴകളെ വിരലുകള്‍ കൊണ്ട് വകഞ്ഞു മാറ്റി...ചിരിച്ചു മയങ്ങുന്ന കണ്ണുകളിലും ചുണ്ടിലും ഉമ്മവെക്കാന്‍ ആഞ്ഞതേയുണ്ടായിരുന്നുള്ളു...ഉദ്യാനത്തിലെ സിയൂസിന്റെ കാവല്‍സര്‍പ്പം ഇഴഞ്ഞെത്തി വിഷപ്പല്ലുകള്‍ അവന്റെ പെണ്ണിന്റെ പാദത്തിലാഴ്ത്തി. വിഷം. സ്നേഹത്തിന്റെ വിശുദ്ധമായ ആകാശങ്ങളില്‍ നിന്ന് അറിയരുതാത്ത സത്യങ്ങളിലേക്കുള്ള പതനം. മടങ്ങി വരാന്‍ കഴിയാത്ത ആഴങ്ങളിലേക്ക് യുറിഡിസി പോയി. തിരിച്ചു വിളിക്കാന്‍ കഴിയുന്ന ഒരു പാട്ടും നിനക്കറിയില്ല എന്ന് ലോകം വിളിച്ചുപറഞ്ഞു കൊണ്ടിരുന്നു.


ഓര്‍ഫിയസ് വല്ലാത്തൊരു മണ്ടനാണ്. അവനു ലോകത്തെ പേടിയില്ല. അവനു സ്നേഹത്തിലും നിഴലുകളിലും വിശ്വാസമുണ്ട്. അറിയാന്‍ കഴിയാത്തതിനു പിന്നാലെ സ്വപ്നങ്ങള്‍ക്കു പിന്നാലെ, ഒരു വ്യവസ്ഥയുമില്ലാത്ത ഓര്‍മ്മകള്‍ക്കു പിന്നാലെ ഒക്കെ അവന്‍ പാട്ടുകളും കൊണ്ട് ചെല്ലും. അവന്റെ സങ്കല്പ്പങ്ങളെ വീണക്കമ്പികളില്‍ ഇണക്കിച്ചേര്‍ത്താല്‍ ഇമ്പമുള്ള പാട്ടുകളുണ്ടാവുന്നു. അതെങ്ങിനെയെന്ന് ആര്‍ക്കുമറിയില്ല. ചിലര്‍ പറയും അവന്‍ ജാലവിദ്യക്കാരനാണെന്ന്. ചിലര്‍ കരുതി അവനൊരു ഭ്രാന്തനാണെന്ന്. സുരക്ഷിതമായ തുറമുഖങ്ങളില്‍ നങ്കൂരമിടാത്ത, കൊടുംകാറ്റുകളെ കെട്ടിയിട്ട്, എപ്പോഴും നടുക്കലിനെ ലക്ഷ്യമിട്ട് പായുന്ന ഭ്രാന്തന്‍ കപ്പല്‍. കല്ലിനെയും അലിയിക്കുന്ന അവന്റെ സംഗീതം ഭൂമിയെ മുഴുവന്‍ ഭ്രമിപ്പിച്ചപ്പോള്‍ അവന്‍ തേടിയത് യൂറിഡിസിയെ, ഒളിഞ്ഞും തെളിഞ്ഞും തന്നെ മത്തുപിടിപ്പിക്കുന്ന സൗന്ദര്യത്തെ. അവരൊന്നിച്ചപ്പോള്‍ കവികള്‍ക്ക് കളഞ്ഞുപോയ വാക്കുകള്‍ തിരിച്ചു കിട്ടി. ബാധകയറിയവരെപ്പോലെ അവര്‍ എഴുതി. ഒടുക്കം അവരുടെ വാക്കുകള്‍ ആകാശം മുട്ടിയാലോ എന്നു ഭയന്നാവണം സിയൂസ് വിഷസര്‍പ്പത്തെക്കൊണ്ട് യൂറിഡിസിയെ കൊല്ലിച്ചത്.

ഹേഡ്സിന്റെ കൊട്ടാരവാതില്‍ക്കല്‍ ഓര്‍ഫിയസ് പാടിയ പാട്ടുകളിലെല്ലാം പകയും വിഷാദവും നിറഞ്ഞു. ദൈവത്തെ പ്രീതിപ്പെടുത്തുകയല്ല, വെല്ലുവിളിക്കുകയായിരുന്നു അവന്‍. പുകപോലെ അവനു ചുറ്റും നിറഞ്ഞ് യൂറിഡിസി അവന്റെ പാട്ടുകളില്‍ കലര്‍ന്നു ചേരാന്‍ കൊതിച്ചു. അതിനു കഴിയാഞ്ഞ് അവള്‍ അക്കിറോണ്‍ നദിയില്‍ അലകളായി ഒതുങ്ങി.

കാതുകളടച്ചു പിടിച്ചിട്ടും തുളച്ചു കയറുന്ന ഓര്‍ഫിയസിന്റെ പാട്ടു കേട്ട് ഒടുക്കം മരണദേവന്‍ ഇറങ്ങി വന്നു. കൊണ്ടുപോയ്ക്കൊള്ളുക നിന്റെ യൂറിഡിസിയേ. മരണത്തില്‍ നിന്ന് മണ്ണിലേക്ക് തിരിച്ചു ചെല്ലുന്ന ആദ്യത്തെ ജീവന്‍ അവളുടേതാവട്ടെ.

"നിനക്കു വിശ്വാസമില്ലാഞ്ഞിട്ടാണോ യൂറിഡിസി...നീ മടിച്ചു നില്‍ക്കുന്നു. പോകാന്‍ കഴിയില്ലെ നിനക്ക്?" ഹേയ്ഡ്സിന്റെ കല്പന കേട്ടിട്ടും യൂറിഡിസിക്ക് സന്തോഷമാവുന്നില്ലെന്നു തോന്നി പേര്‍സിപ്പോണിക്ക്. അവള്‍ ഭൂമിക്കും നരകത്തിനും സ്വയം പങ്കിട്ടു കൊടുത്തവളാണ്. അല്ലെങ്കില്‍ പകുക്കാന്‍ നിന്നു കൊടുത്തവളാണ്. നിഴല്‍ ഉടലു മുഴുവന്‍ ഓര്‍ഫിയസിന്റെ പാട്ടുകൊണ്ടു നിറച്ച യൂറിഡിസിക്ക് പക്ഷെ പങ്കുവെക്കാനറിയില്ല. കൊടുക്കാനെ അറിയൂ. പേര്‍സിപ്പോണിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഭാരം ഇറകി വെയ്ക്കാതെ അവള്‍ ഓര്‍ഫിയസിനെ പിന്‍തുടര്‍ന്ന് നരകകവാടം കടന്നു.


"തിരിഞ്ഞു നോക്കരുത് ഓര്‍ഫിയസ്! മുകളിലേക്കുള്ള പടവുകള്‍ തീര്‍ന്ന് വെളിച്ചത്തിലേക്ക് കയറുന്നതു വരെ അവളെ തിരിഞ്ഞു നോക്കരുത്. വാക്ക് തെറ്റിച്ചാല്‍ അവള്‍ ഇരുട്ടിലേക്ക് തിരികെ വീഴും. നരകത്തിലേക്ക് ഇനിയൊരു വരവ് നിനക്കുണ്ടാവില്ലെന്നുകൂടി ഓര്‍ക്കുക."

ക്രൂരമായ കല്പനയോടെ തുടങ്ങി പ്രണയികളുടെ മടക്കയാത്ര. നിറഞ്ഞ പ്രതീക്ഷയോടെ അത്മവിശ്വാസത്തോടെ ഓര്‍ഫിയസ് മുന്നില്‍. അറിവിന്റെ മരവിപ്പുമായി നിലയുറയ്ക്കാതെ യൂറിഡിസി പിന്നില്‍. ഓരോ ചുവടിലും അവന്‍ സ്വപ്നം കണ്ടു. പുറത്ത് നിറഞ്ഞുപരന്നൊഴുകുന്ന വെളിച്ചത്തില്‍ അവളേ കണ്‍കുളിര്‍ക്കെ കാണുന്നതും അവളെക്കുറിച്ച് പാടി അവളുടെ കണ്ണില്‍ നാണം വിടര്‍ത്തുന്നതും അങ്ങനെയങ്ങനെ നഷ്ടപ്പെട്ടുപോയി എന്നു കരുതിയ ജീവിതം തിരിച്ചു പിടിച്ച ഉത്സാഹത്തില്‍ അവന്‍ മതിമറന്നു സ്വപ്നം നെയ്തു കൊണ്ട് പടവുകള്‍ കയറി. കളഞ്ഞുപോയ ഓരോ നിമിഷത്തിന്റെയും കടം തീര്‍ക്കേണ്ടത് എങ്ങിനെയെന്ന് ഓര്‍ത്തു. അവളോ മരണം മുന്നില്‍ നിര്‍ത്തിയ സത്യങ്ങളെ മുഖാമുഖം കണ്ടവളാണ്. പടവുകളിലെ ഓരോ പഴുതും ഓരോ വിടവും തിരിച്ചറിഞ്ഞവള്‍. കയറി എത്തുന്നത് വെളിച്ചത്തിന്റെ ഇടവേളയിലേക്കാണ്. അതിനുമപ്പുറം വീണ്ടും ഇരുളിലേക്കുള്ള തിരിച്ചു വരവ്. അവിശ്വാസ്ത്തിന്റെ ഇരുമ്പുചങ്ങല അവളുടെ ദേഹം മുഴുവന്‍ വലിച്ചു മുറുക്കി. അവന്റെ വേഗത്തനൊപ്പമെത്താന്‍ തനിക്ക് ഒരിക്കലുമാവില്ലാ എന്ന് തോന്നി അവള്‍ക്ക്.

ലീത്തില്‍, മറവിയുടെ നദിയില്‍ ആത്മാവുകള്‍ ജന്മങ്ങളുടെ ഓര്‍മ്മകള്‍ കഴുകിക്കളയുന്നു. ഓര്‍ഫിയസ് ഭയപ്പാടോടെ ഓര്‍മ്മയെ മുറുക്കിപ്പിടിച്ചു.പുറകില്‍ നിഴല്‍ അനങ്ങുന്നുണ്ട്.
"യൂറിഡിസി..നമ്മുടെ പുന്തോട്ടത്തിനു പച്ച നിറമായിരുന്നു. വസന്തത്തില്‍ പച്ചയേ തോല്പ്പിക്കാന്‍ ചുമപ്പും മഞ്ഞയും നീലയും മല്‍സരിക്കുന്നത് ഓര്‍ക്കുന്നുണ്ടോ നീ..."
നിഴല്‍ ശബ്ദമില്ലാതെ പിന്‍ തുടര്‍ന്നു. എന്റെ ഓര്‍ഫിയസ്, മരണം മറവിയല്ല. ലീത്തിന്റെ ഒഴുക്കുകള്‍ ഒരു സ്നേഹവും മായ്ച്ചുകളയുന്നില്ല. നിനക്കറിയില്ലല്ലോ, നിത്യമായ ഓര്‍മ്മയിലേക്ക് വീഴുന്നവരുടെ അവസ്ഥ. യൂറിഡിസി ഓര്‍ക്കുന്നു. ഇളം മഞ്ഞ ഇതളുകളില്‍ പാതി വിരിഞ്ഞ് നിന്ന ആ പൂവ്, ഓര്‍ഫിയസിന്റെ തോളിലേക്ക് ചായുമ്പോള്‍ അവള്‍ നോക്കി കണ്ണിറുക്കിയത് അതിനോടായിരുന്നു. ഓര്‍ഫിയസിന്റെ പാട്ടുകള്‍ക്ക് നിറങ്ങളുണ്ടെന്ന് തോന്നിയിട്ടുണ്ട് അവള്‍ക്ക് പലപ്പോഴും. താന്‍ കാണുന്ന നിറങ്ങള്‍ അവന്റെ പാട്ടില്‍ കലരുന്നത് എന്തു ജാലവിദ്യകൊണ്ടാണാവോ? അവള്‍ കണ്ട നിറമാണ് ഈ പാട്ടിന് എന്ന് അവള്‍ ആണയിടുമ്പോള്‍ അവന്‍ പൊട്ടിച്ചിരിക്കും. മണ്ടീ..നിന്റെ കണ്ണില്‍ നോക്കിയല്ലെ ഞാന്‍ പാടുന്നത്?

മുകളിലോട്ടുള്ള വഴി ഇടം വലം തിരിയുന്നു. വലത്ത് റ്റാര്‍റ്ററസിലേക്കും ഇടത്ത് എലിസ്യത്തിലേക്കും. നമുക്ക് പോകേണ്ടത് നേരെയാണെന്ന് ഓര്‍ഫിയസിനു തീര്‍ച്ച കാണുമോ എന്ന് അവള്‍ ഭയന്നു. നേര്‍ വഴിയാണ് ഭൂമിയിലേക്ക്. അവിടെ സ്വര്‍ഗ്ഗവും നരകവും ഉണ്ട്. ശരിയായ അനുപാതത്തില്‍. സ്വര്‍ഗ്ഗം വെറും പൊള്ളയായ വാഗ്ദാനമാണ്. മണ്ണിന്റെ ചൂരില്ലാത്ത സ്വര്‍ഗ്ഗം. സ്നേഹിക്കുന്നവരെക്കുറിച്ചോര്‍ത്ത് ദു:ഖിക്കേണ്ട സ്വര്‍ഗ്ഗം.

ഓര്‍ഫിയസിനറിയാമോ സ്വര്‍ഗ്ഗം ഹൃദയവേദനയുടെ ലോകമാണെന്ന്? അവനെ സ്വര്‍ഗ്ഗമിപ്പോഴും വശീകരിക്കുന്നുണ്ടാവുമോ? നീയും ഞാനും ചേരുന്നിടം സ്വര്‍ഗ്ഗമാകുമെന്ന് ഇനിയും പറയരുതേ. സ്വര്‍ഗമാകുന്നിടത്ത് നാം ഇല്ലാതാവുന്നു. തങ്ങള്‍ക്കിടയില്‍ അനുഭവത്തിന്റെ വലിയ അന്തരങ്ങള്‍ വിടവുകള്‍ സൃഷ്ടിക്കുന്നതാണ് യൂറിഡിസി ആദ്യമായി അറിഞ്ഞത്. ഇനി തന്റെ കണ്ണില്‍ ഉദ്യാനത്തിലെ നിറങ്ങള്‍ വിടരുമോ? താന്‍ മരണക്കുഴിയിലേ സത്യങ്ങള്‍ തൊട്ടറിഞ്ഞവളാണ്. കെട്ടു പോകുന്ന നിറങ്ങളെ, കൊഴിഞ്ഞു വീഴാനുള്ള പൂക്കളെ, ചിറകു തളര്‍ന്നു പോകുന്ന കിളികളെ ആയിരിക്കും അവളുടെ കണ്ണുകള്‍ തൊട്ടറിയുക. അതു പകര്‍ത്താനാവാതെ, പാതി തെളിഞ്ഞും മറഞ്ഞും സൃഷ്ടിയുടെ നോവില്‍ പുളയുകയില്ലേ അവന്റെ പാട്ട്? അവന്‍ കലാകാരനാണ്. യൂറിഡിസി അവന്റെ ഉള്‍പ്രേരണയും. സ്വപ്നത്തിനപ്പുറം കണ്ട അവള്‍ ഇനി എങ്ങനെ അവനു പ്രേരണയാവും. അവള്‍ മറഞ്ഞിരിക്കേണ്ടവളല്ലെ? തിരിഞ്ഞു നിന്ന് തന്നെ വെളിച്ചത്തില്‍ കാണുമ്പോള്‍ അവന്‍ ചോദിക്കുകയില്ലേ എവിടെ എന്റെ പെണ്ണിന്റെ സ്വപ്നങ്ങള്‍ എന്ന്? എന്റെ പ്രേരണേ, എന്റെ ധൈര്യമേ നിന്റെ ഒഴിഞ്ഞ കണ്ണുകള്‍ എന്തൊക്കെയാണു കാണിച്ചു തരുന്നത് എന്ന് അവന്‍ കണ്ണുപൊത്തുകയില്ലേ? ഭൂമിയിലെ വേദനകളേക്കുറിച്ച് അവന്‍ പാടുമ്പോള്‍ കല്ലും അലിയുന്നത് കണ്ടിട്ടുണ്ട്. മരണത്തിന്റെ നിറം കലര്‍ന്ന അവന്റെ പാട്ട് മനുഷ്യനെ കല്ലാക്കിയാലോ? കല്ലായിത്തീര്‍ന്ന മനസ്സുകൊണ്ട് അവന്‍ വെറുപ്പിന്റെ പാട്ടുകള്‍ പാടിയാല്‍...?


വിലാപത്തിന്റെ താഴ്വാരം. ഇവിടെയാണ് പ്രണയത്തീയില്‍ ദഹിച്ചു മരിച്ചവര്‍ കഴിച്ചു കൂട്ടുന്നത്. മരണം തങ്ങളെ ചേര്‍ത്തു വയ്ക്കും എന്ന്‍ വിശ്വസിച്ച് ഒരു ജന്മം കഴിച്ചു കൂട്ടിയവര്‍. മനസ്സില്‍ ഒരാള്‍ കൂട്ടാവുന്നതില്‍ പരം ഏകാന്തത വേറെയുണ്ടോ? നീ ഇല്ലാതായതാണ് എന്റെ ഒറ്റപ്പെടല്‍ എന്ന് പതം പറഞ്ഞു കൊണ്ട് അവിടെ എത്രപേര്‍! പ്രണയത്തില്‍ ചേരല്‍ ഇല്ല. ഒറ്റപ്പെടലേ ഉള്ളൂ എന്ന് നീ അറിയുന്നുണ്ടോ ഓര്‍ഫിയസ്? നിഴലിനു ചോദിക്കാനാവുമെങ്കില്‍! നിന്റെ സ്നേഹത്തിന്റെ ആഴം നിന്റെ ഒറ്റപ്പെടലില്‍ ആണ് അളക്കേണ്ടത്.

മരണമേ, , ഞാന്‍ ഇതൊക്കെ ഇവനോട് പറയണോ? ഇല്ലായ്മകളെക്കുറിച്ചു പറയുന്ന നിഴല്‍ ഭാഷക്ക് വാക്കുകളില്ലല്ലോ.. .തന്റെ പുറകില്‍ കൂട്ടിലിട്ട പക്ഷിയുടെ ചിറകു പിടയ്ക്കുന്നതു പോലെ എന്തോ ഒന്ന് കേട്ട് ഓര്‍ഫിയസ് ഞെട്ടി. തിരിഞ്ഞു നോക്കരുത്. തിരിഞ്ഞു നോക്കരുത്. അവളെ ഈ അറിവിന്റെ ചതുപ്പില്‍ നിന്ന് സ്നേഹത്തിന്റെ ആകാശത്തിലേക്ക് കൊണ്ടെത്തിക്കണം. ഈ നിലവിളികള്‍ക്കുമപ്പുറം നീലാകാശം. അവിടം നിറച്ച് സ്നേഹം. വേഗം വരൂ യൂറിഡിസി. നമുക്ക് രക്ഷപ്പെടേണ്ടതുണ്ട്. നീ എന്റെ ചോദനയാണ്. എന്റെ സംഗീതം. എന്റെ വിലപിടിച്ച സ്വപ്നങ്ങള്‍ നിന്റെ കണ്ണിലുണ്ട്. ഈ കാണാക്കയം ഒന്നു തീരട്ടെ. എനിക്കു നിന്നെ കാണണം. നിന്റെ കണ്ണില്‍ എന്റെ പാട്ട് കാണണം. വെളിച്ചത്തിന്റെ തുമ്പ് ദൂരെ കണ്ടുതുടങ്ങി. ഇനി കുറച്ചു ദൂരം കൂടെ മാത്രം പൊന്നേ...ഒരു ജന്മം താണ്ടിയിരിക്കുന്നു നമ്മള്‍. ഓര്‍ഫിയസ് കിതച്ചും കൊണ്ട് മരണഗുഹ കയറിക്കൊണ്ടിരുന്നു.

വിശ്വാസം മുന്‍പില്‍. അറിവ് പിന്നില്‍. വല്ലാത്തൊരു പോക്കായിരിക്കണം അത്. പുറകിലേക്ക് തിരിഞ്ഞു നോക്കിയാല്‍ യാത്ര അവസാനിക്കും. പുറകില്‍ നിന്ന് മുന്നിലേക്ക് നടക്കും തോറും അകലം കൂടുകയേ ഉള്ളു. ഒരിക്കലും ചേരാത്ത രണ്ടു ബിന്ദുക്കളായി അവര്‍ അനന്തമായി നടന്നു കൊണ്ടിരിക്കും എന്ന് തോന്നി യൂറിഡിസിക്ക്. നിഴലുകള്‍ അവര്‍ക്കു ചുറ്റും വട്ടമിട്ട് പറന്ന് അദ്ഭുതപ്പെട്ടു. അച്ചിറോണിന്റെ കടവത്ത് ചാരോണ്‍ വള്ളം ഒരുക്കിക്കൊടുത്തു. മുകളിലോട്ടൊഴുകുന്ന സങ്കടപ്പുഴ. അച്ചിറോണ്‍. ഇനി ദു:ഖത്തിന്റെ, ഉല്‍ക്കണ്ഠയുടെ, രോഗത്തിന്റെയും വാര്‍ദ്ധക്യത്തിന്റെയും, വിശപ്പിന്റെയും, വിഷാദത്തിന്റെയും വാതിലുകള്‍ കടക്കാനുണ്ട്. യൂറിഡിസി ഓരോ വാതിലിലും ഇരു വശം കണ്ടു. ഓര്‍ഫിയസ് മുന്നോട്ട് തന്നെ നടന്നു. തിരിഞ്ഞു നോക്കാതെ. അറിവേ എന്നെ വിട്ടൊന്നു പോയിത്തരാമോ...ഞാന്‍ അവന്റെ ഒപ്പമെത്തട്ടെ. അവള്‍ക്ക് ചുമലിലേ ഭാരം ഇറക്കി വെക്കാനാവുന്നില്ലായിരുന്നു.

ഇല്ലാതായ ശരീരമാണ് നിഴല്‍. ഓരോ വാതിലും ദ്രവിച്ചു പോയ തന്റെ ഉടലിന്റെ ഓര്‍മ്മകളെക്കൊണ്ട് യൂറിഡിസിയെ ഞെക്കി ശ്വാസം മുട്ടിച്ചു. ഇതും കൂടെ കഴിഞ്ഞാല്‍ അവന്‍ തന്നെ പുല്‍കാനായി തിരിഞ്ഞു നില്‍ക്കും. ഉടലില്‍ നിന്ന് നിഴലിലേക്കും തിരിച്ചും അലഞ്ഞ് ബാക്കിയാവുന്ന ശരീരത്തില്‍ അവന്‍ തൊടും. അവന്റെ പ്രഹേളികകള്‍ക്ക് ഉത്തരമാവും. അവന്റെ തിരച്ചില്‍ അവസാനിക്കും. അവ്ന്റെ പാട്ട് നിലയ്ക്കും. പ്രണയവും. അവസാനത്തെ വാതിലില്‍ യൂറിഡിസി തരിച്ചു നിന്നു. പ്രിയപ്പെട്ടവനേ..നിന്റെ പാട്ട് നിലക്കരുത്. ഭൂമിയിലും എലിസിയത്തിലും അത് നിറയട്ടെ. ജീവനും മരണത്തിനുമപ്പുറം സ്നേഹം നിലനില്‍ക്കട്ടെ.

ഓര്‍ഫിയസ്...

അവള്‍ പതുക്കെ വിളിച്ചു.

ഞെട്ടിത്തിരിഞ്ഞു നോക്കിയ അവന്റെ മുഖം അവസാനമായിക്കണ്ട് മരണക്കയത്തിലേക്ക് അവള്‍ തിരികെ വീണു. ഇരുളിലേക്ക് അലിഞ്ഞു ചേരുന്ന നേര്‍ത്ത കാറ്റിന്റെ തലോടലില്‍, ഓര്‍ഫിയസ് പുറത്തെ വെളിച്ചത്തില്‍ കുളിച്ചു നിന്നു. താന്‍ കേട്ടത് സത്യമോ എന്ന് അവനു തീര്‍ച്ചയില്ലായിരുന്നു. അല്ലെങ്കിലും എന്തിനു തീര്‍ച്ചകള്‍?

മായയായി അവളുടെ ശബ്ദത്തില്‍ വന്നു വിളിച്ച ക്രൂരതയെക്കുറിച്ച്, തന്നെ ചതിച്ച ഹേയ്ഡ്സിനെക്കുറിച്ച്, ഒരു നിമിഷത്തെ തന്റെ ഇടര്‍ച്ചയേക്കുറിച്ച്, നിസ്സഹായതയെക്കുറിച്ച്, നഷ്ടപ്പെട്ടുപോയ നിമിഷങ്ങളേക്കുറിച്ച്...സത്യവും അസത്യവുമായി പിളര്‍ന്ന് ഓര്‍ഫിയസ് പിന്നെയും പാടിക്കൊണ്ടിരുന്നു. കാലങ്ങളോളം. ഒടുക്കം ഡയോനിസിന്റെ ഉന്മത്തരായ അനുയായികള്‍ കിറിമുറിച്ച് അവനെ കടലിലെറിയുകയായിരുന്നു. നിഴലുകളുടെ ശബ്ദത്തിന് ഭാഷയില്ലാഞ്ഞാവാം യൂറിഡിസിയുടേ പിന്‍വിളി ഒരു കഥയും പറഞ്ഞുവെച്ചില്ല.