Thursday, July 30, 2009

അനിവാര്യമാകുന്ന പാഠങ്ങള്‍

സാഹിത്യം പഠിപ്പിക്കേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ എന്തിന് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായിട്ട് ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ യൂണിവേഴ്സിറ്റികളെക്കൊണ്ട് സ്വയം ചോദിപ്പിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഇക്കഴിഞ്ഞ ദിവസം പത്തുമുപ്പത് ബിരുദവിദ്യാര്‍ത്ഥികളോട് ഒരു നോവല്‍ പഠിക്കുന്നത് എന്തിനാണ് എന്ന് ചോദിക്കേണ്ടി വന്നു. ക്രിറ്റിക്കല്‍ ഇന്റര്‍പ്രെറ്റേഷന്‍, കാരക്റ്റര്‍ അനാലിസിസ്, അനോട്ടേഷന്‍ എന്നൊക്കെയുള്ള ഛര്‍ദികള്‍ കേട്ട് ഓക്കാനിക്കേണ്ടി വരുമായിരുന്നു പണ്ട്. ഇന്ന് കേട്ട ഉത്തരം ഓരോ നോവലും ഒരു പഠനമാണ്, സൃഷ്ടിക്കപ്പെട്ട ഒരു പാഠം ആണ് എന്ന്. ഉദാഹരണമായി ഒരു മിടുക്കി പറഞ്ഞത് ഹാരി പോട്ടര്‍ ഫാന്റസിയുടെയും മാജിക്കിന്റെയും ഒരു പഠനമായിട്ട് സിലബസ്സില്‍ ചേര്‍ക്കാവുന്നതേയുള്ളു എന്നും.

ഇത്രയും പറഞ്ഞത് പഠനം/വായന എന്ന ആശയം തന്നെ മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ഒരു ഉത്തരാധുനിക നോവലിന്റെ നിലനില്‍പ്പ് എത്ര ദുര്‍ഘടം പിടിച്ചതാണ് എന്നു സൂചിപ്പിക്കാനായിരുന്നു. കാനോനീകരിച്ച സാഹിത്യത്തില്‍ നോവല്‍ എന്നും പ്രാന്തവല്‍ക്കരിക്കപ്പെട്ട വിഭാഗമാണ്. പള്‍പ്പ് എന്ന ഓമനപ്പേരുള്ള പോപ്പുലര്‍ ഫിക്ഷന്‍ പഠനയോഗ്യമോ കാനോനീകരമോ അല്ല എന്നായിരുന്നു പഴയ നിയമം. അതിരുകള്‍ ലോപിച്ചു വരുന്ന ഇക്കാലത്ത് ഗര്‍വ്വോടെ സ്വയം പള്‍പ്പ് എന്ന് പ്രഖ്യാപിക്കുന്ന ഒരു പുസ്തകം ഒരു പാഠപുസ്തകത്തിന്റെ ഘടനയില്‍ രൂപം കൊള്ളുക എന്നത് വലിയൊരു സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണ്. “ഡില്‍ഡോ“ ചരിത്രം കുറിക്കുന്നത് ഈ നിലയ്ക്കാണെന്ന് എനിക്ക് തോന്നുന്നു.

“മുന്‍വാക്ക്” എന്ന ആമുഖത്തില്‍ പുസ്തകത്തെ സമീപിക്കേണ്ട രീതികളെക്കുറിച്ച് കഥാകൃത്ത് പറയുന്നുണ്ട്. ഈ പാഠപുസ്തകം പല രീതിയില്‍ വായിക്കാം. അഭ്യാസങ്ങള്‍ ചേര്‍ത്തു പാഠങ്ങള്‍ വായിക്കുകയോ പാഠം വായിച്ചതിനു ശേഷം അഭ്യാസങ്ങളിലേക്ക് തിരിച്ചു വരികയോ ആവാം. ഏതു വിധേന വായിച്ചാലും നിങ്ങള്‍ കരുതിയിരിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, മരണത്തിന്റെ പുസ്തകത്തില്‍ പ്രകൃതി വര്‍ണ്ണനകള്‍ ഉണ്ടായിരിക്കുന്നതല്ല. രണ്ട്. ഒരു നിര്‍വചനത്തെയും വിവരത്തെയും ആധികാരികമായി സമീപിക്കേണ്ടതില്ല. അതായത് മുന്‍വിധികളും ആധികാരികതയും ഒഴിവാക്കിയുള്ള സ്വതന്ത്ര വായന. അറിവും അര്‍ത്ഥവും അനുനിമിഷം പുതിയതായി ഉലപ്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണെങ്കില്‍ ഓരോ വായനയും ഈ പാഠപുസ്തകത്തെ പുനസൃഷ്ടിച്ചു കൊണ്ടിരിക്കും.

“ഡില്‍ഡോ” ആനയിക്കുന്ന സാഹിതീയമായ വെല്ലുവിളികള്‍ പോലെ തന്നെ ശക്തമാണ് വിഷയത്തിന്റെ സങ്കീര്‍ണ്ണമായ സാമൂഹ്യപ്രസക്തി. ഒരേസമയം ലൈംഗീകം എന്നത് സ്വന്തം ലിംഗാത്മകത എന്ന് തത്വത്തില്‍ പുനര്‍നിര്‍വചിക്കപ്പെടുകയും, പാലികാ ബസാറും, ചുവന്ന തെരുവുകളും മറ്റും ഭീകരമായ യാഥാര്‍ത്ഥ്യങ്ങളായി കണ്ണിനുമുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന അഗമ്യമാര്‍ഗ്ഗങ്ങളിലാണ് നമ്മള്‍. ആഖ്യാനത്തിലെ ഉപന്യാസങ്ങളും അഭ്യാസങ്ങളും വിരല്‍ചൂണ്ടുന്നത് പ്രതിസമൂഹങ്ങളുടെ ഭാഷയാവുന്നതും അത് മുന്‍തലമാളുന്നതും അനവതാരികയില്‍ മേതില്‍ സൂചിപ്പിച്ചതു പോലെ വെറുമൊരു വ്യതിയാനമല്ല, ആവശ്യം തന്നെയാകുന്നു. ഓരോ അനുബന്ധവും ഒരു വായനയാകുന്നു. ഓരോ വായനയും ഒരു പാഠവും. പാഠങ്ങള്‍ ഇങ്ങനെയാവാം പഠിക്കേണ്ടത് എന്നോര്‍മ്മിപ്പിച്ചുകൊണ്ട്

ദേവദാസിന്റെ ഡില്‍ഡോ ( ആറു മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം) ബുക്ക് റിപബ്ലിക്ക് പുറത്തിറക്കുന്നു. ഇവിടെ ബുക് ചെയ്യാം.

3 comments:

തുരുമ്പ് said...

ഇത് മരണത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചുമുള്ള പുസ്തകമല്ലേ, അതെങ്ങനെ പാഠപുസ്തകമാവും? ഇങ്ങനെയൊക്കെ കൊല ചെയ്യാം അതിനുള്ള അഭ്യാസമെന്തെല്ലാം എന്നാണോ? പാഠപുസ്തകം എന്നതിന് ലേഖനത്തില്‍ ഊന്നല്‍ വന്നിരിരിക്കുന്നു അതുകൊണ്ട് ചോദിക്കുകയാണ്. സത്യത്തില്‍ പാഠപുസ്തകവും അഭ്യാസവും കൊണ്ട് നോവലിസ്റ്റ് എന്താണുദ്ദേശിക്കുന്നത്, അതല്ലേ പറയേണ്ടത്...

sree said...

1. ഡില്‍ഡോ കൊലപാതകത്തിനെക്കുറിച്ചുള്ള പുസ്തകമല്ല. മരണത്തെക്കുറിച്ചുമല്ല. മരണങ്ങളെക്കുറിച്ചാണ്, ദുരന്തങ്ങളാവുന്ന ജീവിതങ്ങളെക്കുറിച്ചും ആണ്.

2. ഒരു പാഠത്തിലെ അഭ്യാസങ്ങള്‍ പാഠങ്ങള്‍ കണ്ണടച്ചു തൊണ്ടതൊടാതെ വിഴുങ്ങാനുള്ളതല്ല, പഠിതാവില്‍ ചിന്തയുണര്‍ത്തി ബൌദ്ധീകമായി വെല്ലുവിളിച്ച് മനസ്സ് സചേതനമാക്കുവാന്‍ വേണ്ടിയാണ് എന്ന് ഓര്‍മ്മിപ്പിക്കുകയാണ് വേണ്ടത്.

അതായത് ആറു ദുരന്തജീവിതങ്ങളെക്കുറിച്ചും മരണങ്ങളെക്കുറിച്ചും ലാഘവത്തോടെ ഒരു കഥ വായിച്ചു പോകുമായിരുന്ന വായനക്കാരെ പിടിച്ചു നിര്‍ത്തി “നിങ്ങള്‍ക്കു ചിന്തിക്കാന്‍ കഴിയുന്നുണ്ടോ” എന്ന് മൂന്നാവര്‍ത്തി ചോദിക്കുന്ന ഒരു ഷോക്ക് ട്രീറ്റ്മെന്റ് എന്നായിരിക്കാം എഴുത്തുകാരന്‍ ഉദ്ധേശിച്ചത്. അതിലും പ്രധാനപ്പെട്ടത് വായന എന്തുദ്ധേശിക്കുന്നു എന്നതല്ലെ? അതായത് ഓരോ വായനയും എന്തെല്ലാം ഉദ്ധേശിക്കുന്നു എന്ന്.

Raman said...

Review is good. tempting the reader to read.

Post a Comment