Tuesday, August 11, 2009

ഉത്തരവാദിത്വത്തിന്റെ ഭാഷ

(ഒബാമയുടേ “ബീര്‍ സമ്മിറ്റ്” പരിശ്രമം സത്യസന്ധമായ നീക്കമായിരുന്നെന്നും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ജാതിയുടെയും മതത്തിന്റെയും വ്യത്യസ്തതകളേ സമീപിക്കേണ്ട രീതിയെക്കുറിച്ച് ഈ സംഭവം ചില ഉള്‍ക്കാഴ്ച്ചകള്‍ തരുമെന്നും ബര്‍ക്കാ ദത്ത് ഹിന്ദുസ്താന്‍ റ്റൈംസില്‍ എഴുതിയിരിക്കുന്നതിനെക്കുറിച്ച് ചില തോന്നലുകള്‍)

ഒബാമയുടെ ബീര്‍ സമ്മിറ്റ് എന്നു വിളിക്കപ്പെടുന്ന അനുരഞ്ജനശ്രമം അമേരിക്കയില്‍ ഈയിടെ വംശീയതയെക്കുറിച്ച് ആരോഗ്യകരമായ ചില സംവാദങ്ങളിലേക്ക് നയിച്ചിരുന്നു. കഥയിതാണ്. ഹാര്‍വാഡ് പ്രൊഫെസ്സര്‍ ഹെന്‍റി ഗേയ്റ്റ്സിനെ സ്വന്തം വീട് കുത്തിത്തുറക്കാന്‍ പരിശ്രമിക്കുന്ന വിധത്തില്‍ ജേംസ്
ക്രൌലി എന്ന പോലീസുകാരന്‍ കാണുന്നു. വാഗ്വാദത്തിനൊടുവില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റി ഐഡെന്റിറ്റിക്കാര്‍ഡ് പോലും ചിലവാകാത്ത അവസരത്തില്‍ പോലീസിനോട് തര്‍ക്കിച്ചതിനും ഭവനഭേദനത്തിനും പ്രഫെസ്സര്‍ ‘അകത്താവുന്നു.’ചെറിയ ഒരു തെറ്റിദ്ധാരണ എന്ന് എഴുതിത്തള്ളാവുന്ന സംഭവം. പക്ഷെ ഇവിടെ
കഥാനായകരുടെ വര്‍ഗ്ഗവും വംശവും വിചിത്രമായ രീതിയില്‍ ഉടക്കിനില്‍ക്കുന്നു. ഗേയ്റ്റ്സ് കറുത്തവനും ക്രൌലി വെളുത്തവനും ആണ്. ഗേയ്റ്റ്സ് ഒബാമയുടെ അടുത്ത സുഹൃത്തും അറിയപ്പെടുന്ന അക്കാദമീഷ്യനും, ക്രൌലി സാധാരണ തൊഴിലാളിയും. (ആരു വലിയവന്‍ ആരു ചെറിയവന്‍...)ശേഷം ഉണ്ടായ സംഭവ പരമ്പരയെ ഇങ്ങനെ ക്രമീകരിക്കാം.

1. സാധാരണയായി തന്റെ വംശീയതയെ ഗണനീയമാക്കുകയില്ലാത്ത ഒബാമ “പോലിസിന്റെ ചെയ്തി വിഡ്ഢിത്തമായി” എന്ന് സുഹൃത്തിന്റെ പക്ഷം ചേരുന്നു
2.കേംബ്രിഡ്ജ് പോലീസ് യൂണിയന്‍, ലാറ്റിനോ വംശജരും കറുത്തവരുമായ പോലീസുകാരെ അണിനിരത്തി ക്രൌലിക്ക് അനുകൂലമായി സാക്ഷ്യപ്പെടുത്തുന്നു.
3.ദേശവ്യാപകമായി വിവാദം- ഒബാമയുടെ പ്രസ്താവന ക്ഷുബ്ധവും അതിലഘൂകൃതവും ആയിപ്പോയി എന്നും ഗേയ്റ്റ്സ് വംശീയവെറിക്ക് ഇരയാവുകയായിരുന്നു എന്നും പല വശങ്ങള്‍.
4.തന്റെ പ്രവര്‍ത്തിയേ “മീഡിയ വളച്ചൊടിക്കുന്നു” എന്നു പറഞ്ഞൊഴിയാതെ, ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഒബാമ രണ്ടു പേരെയും, ഗേയ്റ്റ്സ്-ക്രൌലി സൌഹൃദസംഭാഷണത്തിന് (ബീര്‍ മീറ്റ്) വിളിക്കുന്നു
5.ക്ഷമാപണത്തിന്റെയോ പശ്ചാതാപത്തിന്റെയോ നിറം പിടിപ്പിക്കലുകള്‍ ഒന്നുമില്ലാതെ കറുത്തവരും വെളുത്തവരും കൂടുന്നു, പിരിയുന്നു.

1 മുതല്‍ 3 വരെയുള്ള ഘട്ടങ്ങള്‍ ഇന്ത്യയില്‍ സംഭവ്യവും സാധാരണവും ആവുമ്പോള്‍ 3, 4, 5 ശരാശരി ഇന്ത്യന്‍ സാഹചര്യത്തില്‍ അസംഭവ്യമാവുന്നത് എന്തു കൊണ്ടാവും എന്നതാണ് ബര്‍ക്കാ ദത്തിന്റെ വിഷയം. ലേഖനം കാല്‍പ്പനികവും ബാലിശവുമായി തോന്നാമെങ്കിലും നമ്മുടെ സമീപനങ്ങളില്‍ പരക്കെ ഒരു മാറ്റമുണ്ടാവേണ്ടതുണ്ട് എന്നതിനുമപ്പുറം പരസ്പരവിനിമയങ്ങള്‍ക്ക് നമ്മള്‍ ഒരു പുതിയ ഭാഷ തന്നെ പഠിക്കേണ്ടിയിരിക്കുന്നു എന്നതാണ് ഇന്നത്തെ ആവശ്യം എന്ന് ഓര്‍മ്മിപ്പിക്കുന്നു. പഴിചാരലിന്റെയും ചെളിവാരലിന്റെയും കക്ഷിരാഷ്ട്രീയത്തില്‍ മാത്രമായിട്ടോ, പെരുപ്പിക്കലിന്റെയും ഒതുക്കലിന്റെയും മാധ്യമരാഷ്ട്രീയത്തില്‍ മാത്രമായിട്ടൊ ഒരു മാറ്റവും വരില്ല.

ഈയിടെ തൃശൂരില്‍ ഒരു സെമിനാറില്‍ ആഷിഷ് നന്ദി ‘മെരുക്കപ്പെടാത്ത എതിര്‍പ്പിന്റെ ഭാഷ്’യെക്കുറിച്ച് പറയുകയുണ്ടായി. പ്രശ്നം വിഭാഗീയതയില്‍ ഒരിക്കലും ഒരു പക്ഷത്തിന്റെ ഭാഷ മറുപക്ഷത്തിനു മനസ്സിലാവില്ല എന്നതാണ്‍. യുക്തിയുടേ ഏതു ഭാഷ സംസാരിച്ചാലും അതിനെ എതിര്‍ത്തു മെരുക്കുക എന്നത് പക്ഷംചേരലിന്റെ നിയമവും അവകാശവും ആയിത്തീര്‍ന്നിരിക്കുന്നു. വിഭജിക്കപ്പെടുന്നത് വംശത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ സാമ്പത്തികാധികാരത്തിന്റെയോ എന്തിന്റെ പേരിലും ആയിക്കോട്ടെ, എതിര്‍ക്കുന്നവന്റെ ഭാഷ മെരുക്കപ്പെടേണ്ടതാവുന്നത് മറുപക്ഷത്തിന്റെ ആവശ്യമായിത്തീരുന്നു.

ഇവിടെയാണ് ഒബാമയുടെ ചെയ്തിയുടെ അര്‍ത്ഥതലങ്ങള്‍ വ്യക്തമാവുന്നത്. മധ്യതലത്തില്‍ സംവേദനാക്ഷമമായ ഒരു മൌനഭാഷ, ‘സെന്‍സിബിള്‍’ ഭാഷ സംസാരിക്കുകയാണ് ഒബാമ ചെയ്യുന്നത്. ഇങ്ങനെ ഒരു സാധ്യത നിലനില്‍ക്കുന്നുണ്ട് എന്ന സൂചനതന്നെ സ്വാഗതാര്‍ഹമാണ്.

ബര്‍ഖ ദത്ത് പറയുന്നു :

“കറുത്തവനായിരിക്കുക എന്നത് സാര്‍വ്വകാലീകമായി ചൂഷിതരാഷ്ട്രീയത്തിന്റെ നിര്‍വ്വചനങ്ങളില്‍ ഒതുങ്ങുക എന്നല്ല എന്നതുതന്നെയാണ് വംശീയ വാഗ്വാദങ്ങളില്‍ ഒബാമയുടെ സാന്നിധ്യത്തിന്റെ ഏറ്റവും വലിയ പ്രസക്തി. ഇന്ത്യയില്‍ ജാതി, വര്‍ഗ്ഗ, ന്യൂനപക്ഷാവകാശ ചര്‍ച്ചകള്‍ മിക്കവാറും പൊളിറ്റിക്കല്‍ കറെക്റ്റ്നസിന്റെ നിശ്ചലമായ സൈദ്ധാന്തിക ചതുപ്പിലോ വെറുപ്പിന്റെയും മുന്‍വിധിയുടേയും കുരുക്കുകളിലോ ആഴ്ന്നുകിടക്കുന്നു. ഇവ വ്യക്തികളെ പ്രസ്താവിത അവസ്ഥകളില്‍ തളച്ചിടുകയും മദ്ധ്യമാര്‍ഗ്ഗങ്ങളിലേക്ക് ഒരു നീക്കം നിഷേധിക്കുകയും ചെയ്യുന്നു.”

നൂറ്റാണ്ടുകളുടെ ബാധ്യതകള്‍ വീട്ടിതീര്‍ക്കാനുള്ള ജാതീയവും വംശീയവുമായ പുറംതള്ളലുകള്‍ക്കും അവഗണനയ്ക്കും ഒരു ഹസ്തദാനം കൊണ്ടോ പുഞ്ചിരികൊണ്ടോ പരിഹാരമുണ്ടാവുകയില്ല എന്നറിയാം. പക്ഷെ യാന്ത്രീകമായി ചൂഷകന്റെയും ഇരയുടെയും വേഷങ്ങള്‍ ഉള്‍ക്കൊണ്ട്, ആ കെണിയില്‍ നിന്ന് മാനസീകമായി പുറത്തു കടക്കാന്‍ കഴിയാത്ത തലമുറകള്‍ സമൂഹനീതിക്ക് മുന്നില്‍ പുതിയ ചോദ്യങ്ങള്‍ ആവുകയാണ്. അവളെയോ അവനെയോ അതിലേക്കു തന്നെ തള്ളിയിടുന്നത് ഏതു സൈദ്ധാന്തിക നീതിയുടെ പേരിലായാലും ഹീനമാണ്. പലപ്പോഴും ഇരകളും ചൂഷകരും ഒരുമിച്ച് തള്ളിയിടപ്പെടുന്ന പടുകുഴിയാണ് ഏകപക്ഷീയമായ നിലപാടുകള്‍ .

ഈയടുത്ത് ഇവിടെ ഒരു സംഭവമുണ്ടായി. നിയന്ത്രണം വിട്ട ഒരു കാര്‍ ഇടിച്ച് ഇരുപതു വയസ്സുകാരന്‍ ഡ്രൈവറുടെ അശ്രദ്ധമൂലം ഒരു പെണ്‍കുട്ടി മരിച്ചു. സിറ്റി സബര്‍ബില്‍ വല്ലാത്ത അരക്ഷിതാവസ്ഥയില്‍ നിലനില്‍ക്കുന്ന ഒരു ഗ്രാമത്തിന്റെ പരിധിയില്‍ ആണ് സംഭവം. ഗ്രാമവാസികള്‍ പിടിച്ചുപറിക്കാരാണെന്ന്‍ അപാര്‍റ്റ്മെന്റുകളിലും “സേഠ് ലോഗ്” ചൂഷകരാണെന്ന് ഗ്രാമങ്ങളിലും പരക്കെ വേരുപിടിച്ച ധാരണകള്‍ നിലവിലിരിക്കെ സംഭവസ്ഥലത്തുവച്ച് ആക്രമാസക്തരായ ആള്‍ക്കൂട്ടം ഡ്രൈവറുടെ കണ്ണുകള്‍ കുത്തിപൊട്ടിച്ചു. ഇന്ത്യയിലാണ്. ഈ നൂറ്റാണ്ടില്‍ തന്നെയാണ്. ഈക്കഴിഞ്ഞ ദിവസങ്ങളില്‍ തന്നെയാണ് സംഭവം. ഡ്രൈവര്‍ സാമ്പത്തികധികാരമുള്ളവനാണെങ്കിലും മുസല്‍മാനാണ്. ഗ്രാമവാസികള്‍ ചൂഷിതരാണെങ്കിലും ഹിന്ദുക്കളും. ഇത്രയും വച്ച് സംഭവത്തിന്റെ സ്വാഭാവികഗതി മാറുകയും ചെയ്യും. എന്നെ കുഴക്കുന്ന വിഷയം ഈ സംഭവത്തില്‍ ആരാണ് ചൂഷകന്‍, ആരാണ് ഇര എന്നുള്ളതാണ്. ഒരു കൂട്ടം ആക്രമികളില്‍ ‍/ പ്രതികരിക്കുന്നവരില്‍, ക്രിമിനല്‍ വാസനയുള്ള ഒന്നോ രണ്ടോ പേര്‍ കാരണം സന്ദര്‍ഭത്തിന്റെ നീതിക്രമം തന്നെ വളച്ചൊടിക്കപ്പെടുകയാണ്. ഏതൊരു വംശീയവെറിയുടെയും ഉള്‍വേര് ഇതു തന്നെയല്ലെ എന്നും തോന്നിപ്പോവുന്നു. ആഴമുള്ള മുറിവുകളില്‍ നിന്ന് ഉണ്ടാവുന്നതാണ് തീവ്രനിലപാടുകളുടെ രാഷ്ടീയമെങ്കില്‍ ആ മുറിവുകളിലേക്ക് തിളച്ച എണ്ണ കോരിയൊഴിക്കുന്നവരെയല്ലെ ക്രിമിനലുകള്‍ എന്നു വിളിക്കേണ്ടത്? സ്വര്‍ഗ്ഗത്തില്‍ അടിമയാവുന്നതിലും ഭേദം നരകത്തിന്റെ രാജാവായിരിക്കുന്നതാണെന്ന് പറഞ്ഞ് ആദ്യമായി ദൈവത്തോട് കയര്‍ത്ത അഭിമാനിയായ ചെകുത്താന്റെ പേര് ഏതായാലും വിളിക്കാന്‍ വയ്യ. സെക്ഷന്‍ 153 പ്രകാരം പ്രതികരിച്ചതിന് സാത്താന്‍ അകത്താവും. കാരണം മതം, വര്‍ഗ്ഗം, ജാതി ഏതിന്റെയെങ്കിലും പേരില്‍ വിദ്വേഷം വളര്‍ത്തുന്നവര്‍ക്കെതിരെയുള്ള ഈ നിയമം ഈയിടെ ഉപയോഗിക്കപ്പെടുന്നത് തങ്ങള്‍ക്ക് ചിലയിടങ്ങളില്‍ തുല്യാവകാശം ലഭിച്ചില്ല എന്ന് ചൂണ്ടിക്കാണിക്കുക മാത്രം ചെയ്യുന്നവര്‍ക്കെതിരെയാണ്.


നിയമം കൊണ്ട് പരിഹരിക്കാനാവാത്ത സന്ദിഗ്ദ്ധതകളോട് ആക്റ്റിവിസത്തിന്റെ ഭാഷയാണ് സൈദ്ധാന്തികരുടെ യുക്തിഭാഷയല്ല വേണ്ടത് എന്ന് തുറന്നു സമ്മതിക്കുന്ന ആഷീഷ് നന്ദിയും ഒരു ഹസ്തദാനം എന്ന കാപ്പിറ്റലിസ്റ്റ് കോര്‍പ്പറെറ്റ് കൈക്രിയയും ചിലപ്പോള്‍ ആക്റ്റിവിസം ആകും എന്ന് തെളിയിക്കുന്ന ഒബാമയും യഥാര്‍ത്ഥത്തില്‍ ഒരേ ഭാഷയല്ലെ സംസാരിക്കുന്നത്?

**************************

3 comments:

സിമി said...

ഹിന്ദു, മുസ്ലീം എന്നീ തരം തിരിവുകള്‍ കറുത്തവന്‍ / വെളുത്തവന്‍ എന്നീ തരം തിരിവുകളെക്കാളും കടുത്തതല്ലേ? സമൂഹം കല്‍പ്പിക്കുന്ന സെഗ്രഗേഷന്‍ മതത്തിന്റെ പേരിലാവുമ്പോള്‍ നിറത്തിന്റെ പേരിലുള്ളതിനെക്കാളും കഠിനമല്ലേ.
August 9, 2009 10:37 AM
പാര്‍ത്ഥന്‍ said...

സിമി,
മനുഷ്യനെക്കാൾ പ്രാധാന്യം മതത്തിനു കൊടുക്കുന്നതുകൊണ്ടാണ് മനുഷ്യനെക്കുറിച്ച് മറന്നു പോകുന്നത് എന്നു തോന്നുന്നു.
August 9, 2009 4:29 PM
sree said...

സിമി,
തരംതിരിവുകളെ തരംതിരിച്ചു നോക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. മതം നിറത്തേക്കാളും വലിയ സെഗ്രഗേഷനു കാരണമാവുന്നെങ്കില്‍ , ഒരു പക്ഷെ ഇന്ന് ഹിസ്റ്റോറിക്കല്‍ അണ്‍കോണ്‍ഷിയസില്‍ നമ്മള്‍ നിറത്തിന്റെ അതിരുകളെ ഭേദിച്ചു തുടങ്ങി എന്നായിരിക്കുമോ എന്നും തോന്നുന്നുണ്ട്. ഇന്നും തൊലിനിറത്തിന്റെ പേരില്‍ അവഹേളനവും, പീഢനവും, കൊല്ലും കൊലയും വരെ നടക്കുന്നുണ്ട്, ഇല്ലെന്നല്ല. എന്നാല്‍ മതം അതിനും മീതെ ഭയപ്പെടുത്തുന്ന, സെഗ്രഗേറ്റ് ചെയ്യുന്ന ഘടകമായി വളരുന്നുണ്ടെങ്കില്‍ അത് എന്തുകൊണ്ട് എന്ന് ആലോചിക്കുകയല്ലെ വേണ്ടത്? വലിയ വെറുപ്പ് ചെറിയ വെറുപ്പ് എന്നുണ്ടോ? വെറുപ്പ് എന്ന നിലയ്ക്കല്ല സെഗ്രഗേഷനെ കാണേണ്ടത് ഡിഫറെന്‍സ് എന്ന നിലയ്കാണ് എന്ന് മനസ്സിലാക്കാന്‍ മതത്തിന്റെയും നിറത്തിന്റെയും താരതമ്യ പഠനം ഉപകരിക്കുമായിരിക്കും. അത്രേം വരെ അറിയുകയും ബാക്കി ആയുധമാക്കുകയും ചെയ്യുന്ന വിവരമുള്ള ക്രിമിനലുകളെക്കുറിച്ചാണ് ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ചത്.

പാര്‍ത്ഥന്‍,
എത്ര പറഞ്ഞാലും അറിഞ്ഞാലും നമ്മള്‍ പിന്നെയും മറക്കുന്ന കാര്യമാണത്. നന്ദി.

3 comments:

kichu said...

ഇന്ന് സെഗ്രിഗേഷന്‍ ഇല്ലാത്തതെവിടെ??
തൊലിയുടെ നിറത്തില്‍, ജാതിയില്‍, മതത്തില്‍...
ഒന്നും കിട്ടിയില്ലെങ്കില്‍ വേറൊന്നു കണ്ടെത്തും. അല്ലാതിനി വയ്യ.. തമ്മിലടിക്കെണ്ടേ!!

മനുഷ്യന്റെ മനസ്സ് കൂടുതല്‍ കൂടുതല്‍ സങ്കുജിതമാകുന്നു(സങ്കുചിതന്‍ കേള്‍ക്കണ്ട).

ഈ പോക്ക് എങ്ങോട്ട് !!!

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"ആക്രമാസക്തരായ ആള്‍ക്കൂട്ടം ഡ്രൈവറുടെ കണ്ണുകള്‍ കുത്തിപൊട്ടിച്ചു. ഇന്ത്യയിലാണ്. ഈ നൂറ്റാണ്ടില്‍ തന്നെയാണ്. ഈക്കഴിഞ്ഞ ദിവസങ്ങളില്‍ തന്നെയാണ് സംഭവം. ഡ്രൈവര്‍ സാമ്പത്തികധികാരമുള്ളവനാണെങ്കിലും മുസല്‍മാനാണ്."

ഏതാണ്ട്‌ ഒരു വര്‍ഷം മുമ്പ്‌ നാഗ്പ്പൂരില്‍ നാല്‍പ്പതോളം ബലാത്സംഗക്കേസില്‍ പ്രതിയായിരുന്ന ഒരു ചെറുപ്പക്കാരനെ ആ ഗ്രാമത്തിലെ സ്ത്രീകള്‍ (സ്ത്രീകള്‍ മാത്രം) കോടതിയില്‍ കയറി തല്ലിക്കൊന്നിരുന്നു. അവിടെ സ്ത്രീകള്‍ മാത്രമല്ലായിരുന്നെങ്കില്‍, കൊന്നതാര്‌? മരിച്ചതാര്‌? ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെട്ട്‌ കളറുകള്‍ (ജാതി, വര്‍ഗം, കക്ഷി രാഷ്ട്രീയം, ഭൂമിശാസ്ത്ര പരമായ വേറ്‍തിരിവ്‌, ....) കൊടുക്കുമായിരുന്നു.

മറ്റൊരു കാര്യം ചില സാമൂഹ്യ വിരുദ്ധരായ ക്രിമിനലുകള്‍ ആണു. അവര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കാത്തിരിക്കുന്നവര്‍ മാത്രം. കലക്കാന്‍ ഒരു അവസരം ഒത്താല്‍ അവര്‍ ആരുടെ കൂടെ നിന്നും കലക്കും. ചുളുവില്‍ കൊള്ളയടി മാത്രമാണ്‌ ഉദ്ദേശ്യം. ഇതും പിന്നിട്‌ ദുര്‍വ്യാഖ്യാനിക്കപ്പെടും.

എങ്കിലും വിഷമയമായ മുന്‍വിധികള്‍ വെടിമരുന്നു തന്നെയാണ്‌. പൊട്ടാന്‍ വെമ്പി തീയൊന്നു മുട്ടാന്‍ കാത്തിരിക്കുന്ന വെടിമരുന്ന്.

Areekkodan | അരീക്കോടന്‍ said...

ഈ പോക്ക് എങ്ങോട്ട് ???

Post a Comment