Friday, September 11, 2009

വെര്‍ച്ച്വല്‍

ദൂരെ കണ്ണെത്താവുന്നത്രേം പച്ചയായ ഒരു താഴ്വാരത്തിലേക്കാണ് ഞാന്‍ കണ്ണു തുറന്നത്. ഇതെന്താ ഇങ്ങനെ? മുറിയില്‍ക്കിടന്നല്ലെ ഉറങ്ങിയത്? എന്റെ മുറി, നഗരത്തിന്റെ നടുക്ക് രാവും പകലും വാഹനങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദം കേള്‍ക്കുന്ന വലിയ അപാര്‍റ്റ്മെന്റിലെ പതിമൂന്നാം നിലയിലുള്ള ഫ്ലാറ്റിലെ കൊച്ചുമുറി? ചാരനിറത്തില്‍ അങ്ങിങ്ങ് നനവിന്റെ പാടുകള്‍ വികൃതമാക്കിയ ചുമരുകള്‍ കൈയ്യെത്തിയാല്‍ തൊടാന്‍പറ്റാറുള്ളതാണല്ലോ. അഞ്ചുമണിക്കുള്ള അലാം അടിച്ചില്ലെ, കേള്‍ക്കാഞ്ഞതാണോ? ഇന്ന് പ്രധാനപ്പെട്ട് മീറ്റിങ്ങ് ഉള്ളതാണ്, പത്തുമണിക്ക്. ഒന്‍പതിനിറങ്ങണം. കുട്ടികളുടെ സ്കൂള്‍ബസ് ഏഴുമണിക്ക് വരും. ഭാര്യക്കും ജോലിക്ക് പോവണം. അഞ്ചു നിമിഷം പോലും പാഴാക്കാനാവാത്ത സമയമാണ്. കണ്ണു തുറക്കുമ്പോള്‍ എന്നും കാണുന്ന ഇരുണ്ട ബെഡ്രൂം ലാമ്പിന്റെ വെളിച്ചം എവിടെ? ഇത്രേം പച്ചനിറം ഇതെന്താ ചുറ്റിനും? എത്ര തുറന്നിട്ടും കാണാനുള്ളതൊന്നും കാണുന്നില്ലല്ലൊ ഈശ്വരാ... കാണുന്നത് ഒരു കാന്‍വാസ് ആണ്, കടും പച്ച മല, മലയിടുക്കുകളിലൂടെ ഒഴുകി വരുന്ന വെള്ള വരപോലെ ഒരു നദി. ഇടക്കൊരിടത്ത് അത് താഴോട്ട് കമഴ്ന്നു തെറിച്ചു വീഴുന്നുണ്ട്. ഇത്രയടുത്തായിട്ടും ശബ്ദമില്ലാതെ. കാന്‍വാസിന്റെ മലയല്ലാത്ത ഭാഗം മുഴുവന്‍ നീലാകാശമാണ്. ഇത്രയും നീലയായ ആകാശമോ?

ഇത് എന്റെ മുറിയില്‍ ചുവരില്‍ തൂക്കിയിരുന്ന കാന്‍വാസ് അല്ലെ? ഉണര്‍ന്നിട്ടും കണ്ണുതുറക്കാന്‍ കഴിയാത്തതെന്താ? ബാക്കിയുള്ളവര്‍ ഉറങ്ങുന്നതിന്റെ പതിഞ്ഞ ശ്വാസം എനിക്ക് കേള്‍ക്കുന്നുണ്ട്, നെഞ്ചിനോട് ചേര്‍ന്ന് ഭാര്യയുടെ ശ്വാസം, കുഞ്ഞുമോന്റെ ഉറക്കത്തിലെ കുറുകുറുപ്പും കൂടെ കേള്‍ക്കാം. പക്ഷെ അവരങ്ങു ദൂരെയെവിടെയോ ആണെന്നപോലെ. ഈ മലഞ്ചെരുവില്‍ നിന്ന് നോക്കിയാല്‍ എനിക്ക് ദൂരെക്ക് ദൂരെക്ക് പച്ച മാത്രമേ കാണുന്നുള്ളു. എത്ര കണ്ണെത്തിച്ചിട്ടും ഇരുണ്ട ബെഡ്രൂമലാംബിന്റെ വെളിച്ചത്തില്‍ മൂടിപുതച്ചുറങ്ങുന്ന എന്റെ മുറി കാണുന്നില്ല. പിനോക്കിയോയുടെ ചിത്രമുള്ള ഇളം നീലപ്പുതപ്പുപുതച്ചുറങ്ങുന്ന മക്കളെയും, അവരെകെട്ടിപ്പിടിച്ചുറങ്ങുന്ന ഭാര്യയെയും കാണുന്നില്ല.
പേടി വിറയലായി, വിയര്‍പ്പായി പടരുന്നു ശരീരത്തിലേക്ക്. ഞാന്‍ ഈ പച്ച കാന്‍വാസില്‍ നില്‍ക്കുന്നതെന്തിനാ? കാലുകള്‍ വലിച്ചു വച്ച് ഓടിയിറങ്ങിക്കൂടെ.

ലൈറ്റിന്റെ സ്വിച്ച് ഇടുന്ന ശബ്ദം. എഴുന്നേറ്റില്ലെ എന്ന് ഭാര്യ ചോദിക്കുന്നു. ആരോട്? ഞാന്‍ അവിടെയില്ലല്ലോ? ആരെയാണ് കുലുക്കി വിളിക്കുന്നത്? എന്തിനാണ് നിലവിളിക്കുന്നത്? കുട്ടികള്‍ ഉണരില്ലെ? പതുക്കെ...അവരു പേടിക്കില്ലെ? അവരും അച്ഛാ അച്ഛാ എന്നു വിളിച്ച് കരയുന്നതെന്തിനാ? എന്നെക്കാണാഞ്ഞാണോ? കാണാനില്ലയെങ്കില്‍ അന്വേഷിക്കണ്ടെ? മുറിക്കു പുറത്തൊ, ബാത്രൂമിലോ, വീടിനു വെളിയിലോ? ഞാന്‍ അവിടെ ഉണ്ടെന്ന ബോധ്യത്തില്‍ വിളിച്ചു കരയുകയാണ് അവര്‍. ഇതെന്താ, എഴുന്നേല്‍ക്ക്, എന്താ പറ്റിയത് എന്നൊക്കെ ചോദിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച് അവിടെതന്നെയിരുന്ന് നിലവിളിക്കുകയാണ് ഭാര്യ. എഴുന്നെറ്റ് എവിടെയും നോക്കുന്നില്ല ആരും. ഈ ശബ്ദരേഖ ഒന്നു നിര്‍ത്തിയിരുന്നെങ്കില്‍ എനിക്ക് വിളിച്ചുപറയാമായിരുന്നു ഞാന്‍ ഇവിടെയുണ്ടെന്ന്. അതിനു ഞാന്‍ എവിടെയാ? ഈ കാന്‍വാസിലോ? ഇതിനകത്താണെങ്കില്‍ എനിക്ക് മുറിയിലെ ദൃശ്യം കാണാത്തതെന്താ? ചുമരില്‍ പതിപ്പിച്ച കാന്‍വാസിനകത്ത് ഈ പച്ച മല ഇങ്ങനെതന്നെ കാണുമോ?

മുറിയില്‍ ഭാര്യ ഫോണ്‍ എടുക്കുന്നു. ആരോടൊ കരയുന്നു. ഒരു കുഴപ്പവുമില്ലാതെ കിടന്നുറങ്ങിയതാ...എന്ന് ആവര്‍ത്തിക്കുന്നു. ഉടനെ വരണേ എന്നു കെഞ്ചുന്നു. അടുത്ത ഫ്ലാറ്റിലെ ഡോക്ടര്‍ ആണ്. അയാള്‍ വന്നാല്‍ എങ്ങനെ എന്നെ കാണും? കുട്ടികള്‍ ഏന്തിക്കരയുന്നുണ്ട്. ഇന്നവരുടെ സ്കൂള്‍ ബസ് പോകും. സമയം എത്രയായി ആവോ?

എത്ര കഴിഞ്ഞാ ഡോക്റ്റര്‍ വന്നത്. കാല്‍പ്പെരുമാറ്റവും പിറുപിറുപ്പുകളും കേള്‍ക്കാം. അയാള്‍ കട്ടിലില്‍ ഇരുന്ന് കുറച്ചുകഴിഞ്ഞ് എഴുന്നേറ്റു. ശബ്ദം ഉയര്‍ത്താതെ അവളോട് എന്തോ പറയുന്നുണ്ട്. അടക്കിപ്പിടിച്ച ഒരു കരച്ചില്‍ കേട്ടത് ഭാര്യയുടെയാണോ? എന്നെയൊന്ന് ആരെങ്കിലും അന്വെഷിച്ചു വന്നിരുന്നെങ്കില്‍! ഇവിടെ നിന്ന് ഇറങ്ങി ആ ദൃശ്യത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍. ഒന്നുമില്ലെങ്കില്‍ ആളനക്കം കേള്‍ക്കുന്ന ആ മുറിയില്‍ ആരെയെങ്കിലും കാണാനെങ്കിലും ആയിരുന്നെങ്കില്‍ . ഇതൊരു പൊട്ടിയ കാന്‍വാസാണ്. ഒടിഞ്ഞുപോയ ഒരു ആണിയിലാണ് ഇതു ചുമരില്‍ തൂങ്ങുന്നത്. വീണുപോയാല്‍ താഴെ കട്ടിലില്‍ ഉറങ്ങുന്ന കുഞ്ഞുങ്ങളുടെ ദേഹത്തു വീഴും എന്ന് ഭയന്ന് എടുത്തു കളയണം എന്ന് എത്രവട്ടം ഓര്‍ത്തതാണ്? കാണാനാവാത്ത എന്റെ വീടിന്റെ ചിത്രത്തിലേക്ക് ഏതു വഴിക്ക് ഓടിയാലാവും എത്തുക?

പച്ച നിറത്തിന്റെ മുകളിലൂടെ ഓടി. ഓടിയാലും നീങ്ങാത്തതുപൊലെ ദൃശ്യത്തിനകത്ത് വട്ടം കറങ്ങുകയാണോ? ഒരു ഇരുണ്ട മുറിയിലെ ശബ്ദങ്ങളും കൊണ്ട് നിശബ്ദമായ ഒരു താഴ്വാരം മുഴുവന്‍ ഓടി. ശബ്ദം കേള്‍ക്കുന്ന എന്റെ പ്രിയപ്പെട്ടവരുള്ള ഇടത്തേക്ക് എത്തുന്നതെങ്ങിനെയാണ്? പെട്ടെന്നാണ് ഒരു കാര്യം മനസ്സിലായത് അവരെ കാണുന്നില്ലെങ്കിലും അവര്‍ തൊടുന്നത് ഞാന്‍ എങ്ങിനെയോ അറിയുന്നുണ്ട്. പഞ്ഞിപോലെ എന്തോ ഉരസുന്നതുപോലെ രണ്ടു കവിളിലും തണുപ്പ് തോന്നുന്നത് മോളുടെ കയ്യല്ലെ? വലംകൈക്കുള്ളില്‍ ഞെരിഞ്ഞമരുന്നത് അവളുടെ കയ്യല്ലെ? കാണാന്‍ കഴിയാത്ത, കേള്‍ക്കാനും അനുഭവിക്കാനും മാത്രം കഴിയുന്ന ഏതു ലോകത്തേക്കാണ് ഞാന്‍ എത്തപ്പെട്ടിരിക്കുന്നത്?

ഓടിയതു മതിയാക്കി. കിതച്ചണച്ച് ഇരുന്നു. എന്താണ് അനുഭവിക്കുന്നതെന്ന് അറിഞ്ഞേ മതിയാവൂ. അതേ വഴിയുള്ളു. എന്റെ ശരീരം വല്ലാതെ പൊള്ളുന്നുണ്ട്. അതായത് എന്നെ തലവഴി മൂടിപ്പുതപ്പിച്ചിരിക്കുന്നു. മുറിയില്‍ നിലത്തു കിടത്തിയിരിക്കുകയാണ്, കാലുകള്‍ നീട്ടിവലിച്ച് കമ്പികള്‍ പൊലെ അനക്കാനാവാത്ത വിധം കൂട്ടികെട്ടിവച്ചിരിക്കുന്നു. കയ്യും ഉടലും മരം പോലെ ഉറച്ചിരിക്കുന്നു. മുറിയില്‍ നിറയെ ചന്ദനത്തിരിയുടെ ഗന്ധം. ആളുകളുടെ അടക്കം പറച്ചില്‍ , അറിയുന്ന ശബ്ദങ്ങള്‍ , അറിയാത്തവയും. ഇതൊക്കെ അനുഭവിക്കാവുന്ന അകലത്തിലായിട്ടും എനിക്കതിലേക്ക് കണ്ണുതുറക്കാനാവുന്നില്ലല്ലോ. തുറക്കാവുന്നത്രെയും തുറന്നുപിടിച്ച കണ്ണുകള്‍ക്കു മുന്നില്‍ നിശ്ചലമായ ഒരു കാന്‍വാസ് മാത്രം. കണ്ണിന്റെയും കാതിന്റെയും ഉടലിന്റെയും അനുഭവങ്ങള്‍ കീറിമുറിച്ചെടുത്ത് വെവ്വേറെയാക്കിയതു പോലെ. പലരും തൊട്ടും കെട്ടിപ്പിടിച്ചും ഇരുന്നിട്ടും ഒരു മരക്കഷ്ണമോ ഇരുമ്പുകമ്പിയോ പൊലെ ഞാന്‍ കിടക്കുകയാണ്.

സ്പര്‍ശം അറിഞ്ഞിട്ടും ഒരു ചിത്രത്തിനു വെളിയില്‍ എന്നതുപോലെ നില്‍ക്കുകയാണ് ഞാന്‍ . തണുപ്പ് അരിച്ചുകയറുന്നതുപോലെ എന്തൊരു നിര്‍വികാരതയാണ് ശരീരത്തില്‍ പടരുന്നത്? എന്റെ ഉടലും അവയവങ്ങളും ഒക്കെ സ്വയം ചിന്തിച്ചുതുടങ്ങിയതു പോലെ. ഇത്രയും കാലം അവയെ നിയന്ത്രിച്ചിരുന്ന എന്റെ മനസ്സ് അവ വേണ്ടെന്നു വച്ചതുപോലെ. പകരം ഞാനൊരു നൂറായിരം മനസ്സായി ചിന്നിച്ചിതറുന്നു. വിരല്‍നഖം പോലും സ്വന്തമായി ചിന്തിക്കുന്നു. ഈ ഒരു കാന്‍വാസിനകത്ത് ഇത്രെയേറെ സാധ്യതകളുണ്ടായിരുന്നോ? വെറും നിറങ്ങള്‍ മാത്രം കടുപ്പിച്ച് വാരിപ്പൂശിയ ഒടിഞ്ഞു വീഴാറായ ഈ പഴയ കാന്‍വാസില്‍ ജീവനുണ്ടായിരുന്നു എന്നോ?

എനിക്ക് ഈ ശബ്ദമൊന്ന് നിലച്ചുകിട്ടിയാല്‍ മതിയായിരുന്നു. ഒരു ലോകത്തിന്റെ ശബ്ദവുമായി മറ്റൊരു ലോകത്ത് ജീവിക്കുന്നതെങ്ങനെയാ? ഏതോ ഒരു ശബ്ദം അലറിവിളിച്ച് കരയുന്നുണ്ട്. ചെവി തനിയേ ശബ്ദത്തിലേക്ക് കൊട്ടിയടച്ചു. ശബ്ദം അകന്നകന്നുപോയി. പച്ചപ്പരവതാനിപോലെയുള്ള ഒരു പുല്‍ത്തകിടിക്കുമേലെയാണ് ഞാന്‍ ഇരിക്കുന്നത്. ഇവിടെ കാറ്റു വീശുന്നുണ്ട്. മണമുള്ള കാറ്റ്. കണ്ണുകള്‍ തുറക്കുംതോറും കണ്ണു തന്നെ പച്ചയാവുകയാണെന്നു തോന്നും. പച്ചയിലേക്കലിഞ്ഞലിഞ്ഞു പോകുന്ന കണ്ണുകള്‍ . ശരീരം പുല്‍ത്തകിടിയിലേക്ക് തനിയെ ചാഞ്ഞു. എന്തൊരു സുഖമുള്ള തണുപ്പ്. ശരീരം ഉറങ്ങുന്നു. മനസ്സ് ഒരു കൊച്ചുകുട്ടിയേ എന്നപോലെ ശരീരത്തെ തട്ടിയുറക്കുകയാണ്.


ആരൊക്കെയോചേര്‍ന്ന് എന്നെ എടുത്തുകൊണ്ടു പോവുകയാണെന്ന് മനസ്സിലായപ്പോഴെക്കും, കാണാന്‍ കഴിയാത്ത ഏതോ ചൂടിലേക്ക് കിടത്തിയപ്പോഴെക്കും പേടിപ്പിക്കുന്ന ഒരു സ്വപ്നം അവസാനിച്ചുതുടങ്ങുന്നതുപോലെ ഉറക്കം ശാന്തമാവുന്നത് ഒരു നിമിഷത്തേക്ക് അറിഞ്ഞു. പതുക്കെ പതുക്കെ ശബ്ദങ്ങള്‍ നിലച്ചു, അനക്കങ്ങളും. ഞാന്‍ ചിത്രത്തിലേക്ക് ചുറ്റും നോക്കി. അതേ പച്ച, നീല, മല.

ഇപ്പോള്‍ ഞാന്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ഇരിക്കുകയാണല്ലോ. ഇവിടെ ഒരു മരമുണ്ടായിരുന്നോ? ഇതൊരു ചന്ദനമരമാണൊ? പച്ചയില്‍ നിന്ന് മരം വേര്‍പെട്ട് തെളിഞ്ഞതെപ്പൊഴാണാവോ? മരം നില്‍ക്കുന്നിടത്തുനിന്ന് തുടങ്ങുന്ന ഒരു വഴിയും ഉണ്ട്. ഇരുവശവും വെട്ടിനിരപ്പാക്കിയപൊലെ ഒരേ നിറമൊപ്പിച്ച പുല്‍ത്തകിടിയാണ്. ഇപ്പോ പെയ്ത മഞ്ഞിന്റെ ഈര്‍പ്പം എന്റെ വിരലുകള്‍ തൊട്ടുനോക്കി, നാവ് രുചിച്ചുനോക്കി. വഴിക്കരികില്‍ പരുത്തിച്ചെടികള്‍ വരിവരിയായി നില്‍ക്കുന്നതുകൊണ്ട് പഞ്ഞിപാറിക്കളിക്കുന്നുണ്ട് ഇവിടം മുഴുവന്‍ . ആള്‍ത്താമസമുണ്ടാവും.
ആകാശത്തിന്റെ നീലക്ക് കടുപ്പം കുറഞ്ഞു തുടങ്ങി. നെര്‍ത്തു നേര്‍ത്ത് അകലേ വെളുത്തമേഘങ്ങള്‍ കാണുന്നുണ്ട്.

ഇനി ഇവിടത്തെ ശബ്ദങ്ങള്‍ കേട്ടുതുടങ്ങുമായിരിക്കും. കിളികള്‍ ചിലയ്ക്കുന്നത്, വെള്ളം വീഴുന്നത്...

Wednesday, September 2, 2009

വചനാസക്തി

ക്രൂരവും ഇരുണ്ടതും തൊടുന്നവരെയൊക്കെ നിന്ദിക്കുന്നതുമായ തമാശകളുണ്ട്, അതു വേറെ വിഷയം. പക്ഷെ നിര്‍ദ്ദോഷമായ ചില തമാശകളോ? ആരെയും അപമാനിക്കാത്ത,ആരോടും സഹതപിക്കാത്ത ഒരു ഫലിതം ആരോടാണ് സംസാ‍രിക്കുന്നത്? ചിരിക്കു പുറകിലെ വേദന ചാപ്പ്ലിന്റെ ആത്മകഥയില്‍ കണ്ടു. പക്ഷെ മിലാന്‍ കുന്ദേരയുടെ ഫലിതം ( The Joke) എന്തോ എന്നെ ചിരിപ്പിക്കുകയുണ്ടായില്ല തീരെ. ചിരിക്ക് പിന്നിലെ മന:ശ്ശാസ്ത്രം അധികാരത്തിന്റെയാണെന്ന് കണ്ടു ഈയിടെ മറ്റെവിടെയോ.ചിരി വ്യക്തിക്കെതിരെയോ ലോകത്തിനെതിരെയോ തനിക്കുതന്നെ എതിരെയോ ആവട്ടെ ചിരിക്കുന്നവന്‍ എപ്പോഴും സംഭവവശാല്‍ ഒരു പടി മുകളില്‍ ആകുന്നു. ഒരു തമാശ ഉന്നം വയ്ക്കുന്നത് എപ്പോഴും കേള്‍വിക്കാരന്റെ ചില അറിവില്ലായ്മയെ ആണ്. ഫലിതം ഒരു വാചകമോ, പ്രബന്ധമോ ജീവിതം തന്നെയോ ആയിക്കോട്ടെ, അതിന്റെ ക്ലൈമാക്സ് എന്തായിരിക്കും എന്നറിയാത്തവന്റെ അജ്ഞതയുള്ളോടത്തോളം മാത്രമേ ഏതു തമാശയ്ക്കും നിലനില്‍പ്പുള്ളു. ചിരി അധികാരത്തിന്റെ ലക്ഷണമാവുന്നത് അങ്ങിനെയാവണം. അതുകൊണ്ട് ചിരിക്കുന്ന ചാപ്ലിന്‍ പിന്നീട് നമ്മെ ആത്മകഥയില്‍ കരയിപ്പിക്കുമ്പോളും അധികാരശ്രേണിയില്‍ മാറ്റമുണ്ടാവുന്നില്ല. എല്ലാമറിഞ്ഞും ചിരിച്ചവനും കരഞ്ഞവനുമായി ചാപ്ലിന്‍ തന്നെയാണ് അപ്പോഴും മുന്നില്‍.

ലുദ്വിക്ക് അങ്ങനെയല്ല. ലുദ്വിക്ക് ഴാന്‍ സ്വയം ഒരു തമാശയാവുകയാണ്. നമ്മില്‍ പലരെയും പോലെ
മറ്റൊരു ദൃഷ്ടിക്ക് തമാശയാവുകയാണ് കുന്ദേരയുടെ കഥാപത്രങ്ങള്‍ പലരും. 1967ല്‍ പുറത്തിറങ്ങിയ നോവല്‍ ഇന്നും തമാശയാവുന്നതാണ് ഏറ്റവും ദു:ഖകരം. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീഴുന്ന ചെക്കൊസ്ലോവാക്കിയയില്‍ പ്രേഗില്‍ പാര്‍ട്ടിയില്‍ നിന്ന് പുറംതള്ളപ്പെട്ട ലുഡ്വികിന്റെ ജീവിതത്തിലെ തമാശകളാണ് നോവലിന്റെ പ്രമേയം. ഗോര്‍ക്കിയുടെ ദി മദര്‍ തൊട്ടിങ്ങോട്ട് പ്രോലിറ്റേറിയറ്റിന്റെ എത്ര ഭാവങ്ങള്‍ കഥകളാക്കപ്പെട്ടിട്ടുണ്ട്? സമഗ്രാധിപത്യങ്ങള്‍ക്കെതിരെ പോരിനിറങ്ങിയവര്‍ പിന്നീട് സ്വയം ‘അയുക്തികമായ അധികാരം’* എന്ന കെണിയിലേക്ക് വീഴുന്നത് ആദ്യം അറിഞ്ഞതും രേഖപ്പെടുത്തിയതും യൂറോപ്പ്യന്‍ ഫിക്ഷന്‍ തന്നെയായിരിക്കണം. പാര്‍ട്ടിയുടെ അപ്രമാദിത്വത്തിന് കുരുടനായ വിശ്വാസിയേപ്പോലെ വഴങ്ങുന്നവരെയും, നിര്‍ഭയരായ നിഷേധികളെയും, വിഭ്രാന്തമായ വിഷാദത്തിലേക്ക് വീഴുന്ന വിപ്ലവകാരികളെയും എത്ര കണ്ടിരിക്കുന്നു! മധ്യയൂറോപ്പിലെ പല തലമുറകള്‍ പങ്കുവച്ച ഒരു വിഷാദരോഗമായിരുന്നു ഈ പ്രമേയം എന്ന് കുന്ദേര തന്നെ പിന്നീട് ഏറ്റു പറഞ്ഞതുകൊണ്ട് നോവലിന്റെ ചീഞ്ഞുനാറിയ പ്രത്യയശാസ്ത്ര ചവറില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെടുന്നു. കുന്ദേരയുടെ നോവലിന്റെ പ്രത്യയശാസ്ത്രത്തെ പാടെ അവഗണിക്കുക എന്നതും ഒരു രാഷ്ട്രീയം. പൂര്‍ണ്ണമായും ഏതെങ്കിലും ഐഡിയോളജിയുമായി പൊരുത്തപ്പെടുന്നവനല്ലെ യഥാര്‍ത്ഥത്തില്‍ ഏറ്റവും വലിയ അരാഷ്ടീയവാദി? എന്റെ പൊരുത്തക്കേടുകളാണ് എന്നെ ലുദ്വിക്കിന്റെ ജീര്‍ണ്ണിച്ച തമാശകള്‍ കേട്ട് കരയിപ്പിച്ചത്. വിഷം പുരട്ടിയ വിരല്‍നഖങ്ങള്‍ കൊണ്ട് ഹൃദയം തുരന്ന് കാണിക്കും ചില തമാശകള്‍.

അതുകൊണ്ട് “ശുഭാപ്തിവിശ്വാസം ജനതയുടെ മയക്കുമരുന്നാണ്. സ്വസ്ഥമായ ഇടങ്ങളില്‍ നിന്ന് വിഡ്ഢിത്തത്തിന്റെ ദുര്‍ഗ്ഗന്ധം വമിക്കുന്നു. റ്റ്രോറ്റ്സ്കി നീണാള്‍ വാഴട്ടെ” എന്ന് ലുദ്വിക്ക് പോസ്റ്റ്കാര്‍ഡില്‍ കൂട്ടുകാരിക്ക് എഴുതി അയക്കുന്ന വിലകുറഞ്ഞതമാശയെ പാടെ വിസ്മരിച്ച് ലുദ്വിക്കിന്റെ ജീവിതത്തിലെ തമാശകളിലേക്ക് കടക്കാം. നാലു ദൃഷ്ടികോണില്‍ നിന്നാണ് കഥ വിടരുന്നത്. ലുദ്വിക്, ഹെലെന, കോസ്റ്റ്ക, യാറൊസ്ലാവ് എന്നീ നാലുപേരുടെ വീക്ഷണങ്ങളിലൂടെ പടിപടിയായി മുന്നോട്ടു വരുമ്പോള്‍ വായനയില്‍ തകര്‍ന്നു വീഴുന്നത് പ്രധാനമായും നാലു തമാശകളാണ്, പ്രത്യയശാസ്ത്രം, മതം, സംസ്കാരം, ഒടുവില്‍ സ്നേഹം പോലും ഒരു കുത്തൊഴുക്കില്‍ ഒലിച്ചുപോകുന്നു. ബാക്കിയുള്ളത് ഒരു മനുഷ്യനാണ്, ഏകാകിയായ, ദയനീയമായി പരാജയപെട്ട, പൂര്‍ണ്ണമായും ഞെരിച്ചമര്‍ത്തപ്പെട്ട ആ മനുഷ്യന്‍ ജീവിതത്തില്‍ നിന്ന് തമാശയെ ഇഴപിരിച്ചെടുക്കുമ്പോള്‍ ചിരിയുടെയും കരച്ചിലിന്റെയും ഉറവിടം സത്യത്തില്‍ ഒന്നു തന്നെയാണെന്ന് തോന്നി.

ലുദ്വികിനെ വ്യത്യസ്തനാക്കുന്നതായി അയാള്‍ സ്വയം വിലയിരുത്തുന്ന ഒന്നുണ്ട്. അയാളുടെ നിഗൂഢമായ ചിരി. യാറൊസ്ലോവിന് സംഗീതവും കൊസ്ത്കയ്ക്ക് ദൈവവും ഇതു തന്നെയാണ്. സ്വയം നിര്‍വ്വചിക്കാന്‍ ഓരോരുത്തരും കണ്ടുപിടിക്കുന്ന ചെപ്പടിവിദ്യകള്‍ . കഥകളൊക്കെ സര്‍വ്വനാശങ്ങളുടെ പാതയിലൂടെ പോയി തകര്‍ന്നു തരിപ്പണമാവുമ്പോഴും, എല്ലാ വിശ്വാസങ്ങളും കൈവിട്ടുപൊയിട്ടും വല്ലാത്തൊരു നിഷ്കളങ്കമായ അനുകമ്പയുടെ തലത്തിലാണ് ലുദ്വിക് എത്തിച്ചേരുന്നത്. ഒരു ദൈവത്തിനും ശാസ്ത്രത്തിനും വിശ്വാസ്ത്തിനും കൈപിടിച്ച് കയറ്റാനാവാത്ത തലമാണ് അത്. തനിയേ അടിപതറി, വെറുത്തും അറിഞ്ഞും പകപോക്കിയും പശ്ചാത്തപിച്ചും ഓരോരുത്തരും എത്തിച്ചേരേണ്ട അനുഭവത്തിന്റെ പാളി.

ആത്മനിന്ദയുടെ ഏറ്റവും കടുത്ത അദ്ധ്യായങ്ങളിലൂടേ നടന്നുകയറുന്ന ഹെലെന എന്ന കഥാപാത്രത്തിനാവട്ടെ മരണം പോലും നിഷേധിക്കപ്പെടുന്നത് ക്രൂരമായ ഒരു തമാശയിലൂടെയാണ്. ഇത്രയും ഭീകരമായി ആത്മഹത്യ എന്ന തമാശയ്ക്കു നേരെ പല്ലിളിച്ചുകാണിക്കാന്‍ കഴിയില്ല. വിഷം എന്നു കരുതി നിര്‍ണ്ണായകമായ ഘട്ടത്തില്‍ ഹെലെന വിഴുങ്ങുന്നത് ലാക്സേറ്റിവ് ആകുന്നതല്ല അത്. അതിനുമപ്പുറം ജീവിതം കൊണ്ട് സ്വയം നിന്ദിച്ചയത്രയും ഹെലെനയ്ക്ക് മരണത്തിലൂടെ ഒന്നും നേടാനില്ല എന്നതായിരിക്കണം തമാശ!

അസഹ്യമായ സര്‍വ്വജ്ഞാനിത്വം ( unbearable all-knowingness ;) കൊണ്ട് ചിലരെയൊക്കെ പിന്‍തിരിപ്പിച്ചിട്ടുള്ള കുന്ദേരയുടെ ആദ്യത്തെയും ഒടുക്കത്തെയും ഫലിതമായിരിക്കണം The Joke. ഐഡിയളോജിയില്‍ നിന്ന് ഫിക്ഷനിലെക്ക്, തീര്‍പ്പുകളില്‍ നിന്ന് അവ്യക്തതകളിലേക്ക്, നിശ്ചിതമായ സന്ദേശങ്ങളില്‍ നിന്നും അനിയതമായ ഐറണികളിലേക്ക് വരാലിനെപ്പോലെ വഴുതി വീഴുക എളുപ്പമല്ല. സാഹചര്യത്തിന്റെ സന്ദിഗ്ദ്ധത അനുഭവിക്കുക എന്നതായിരിക്കും എഴുത്തിന്റെ ധര്‍മ്മം. ചരിത്രത്തിലെ ആദ്യത്തെ പാപ്പിയോണ്‍ ക്രിസ്തുവാണെന്ന് സക്കറിയ എവിടെയൊ പറഞ്ഞിട്ടുണ്ട്. കുരിശിലെക്ക് രക്ഷപ്പെട്ട ഒരുവനെ വെറുതെ വിടാതെ പിന്‍തുടര്‍ന്ന് അവന്റെ സങ്കല്പജല്പനങ്ങളെ വചനങ്ങളും മൊഴികളുമാക്കി എല്ലാ ചോരക്കളികള്‍ക്കും വിപ്ലവങ്ങള്‍ക്കും ആധാരമാക്കി സ്വപ്നാടകരുടെ ലോകത്തു നിന്ന് അവനെ ഭ്രഷ്ടാക്കിയ ചിലര്‍ തന്നെയാണ് ഇന്ന് വേഷം മാറി പ്രത്യയശാസ്ത്രം പ്രസംഗിക്കുന്നത്. വിശ്വാസിയും അവിശ്വാസിയും യഥാര്‍ത്ഥത്തില്‍ ഒന്നു തന്നെയാണ്.മതവും മതനിഷേധവും ഒന്നാകുന്നതുപോലെ.

* 'irrational authority'-Humanistic vs Authoritarian Ethics in Erich Fromm's Man for Himself