Wednesday, September 2, 2009

വചനാസക്തി

ക്രൂരവും ഇരുണ്ടതും തൊടുന്നവരെയൊക്കെ നിന്ദിക്കുന്നതുമായ തമാശകളുണ്ട്, അതു വേറെ വിഷയം. പക്ഷെ നിര്‍ദ്ദോഷമായ ചില തമാശകളോ? ആരെയും അപമാനിക്കാത്ത,ആരോടും സഹതപിക്കാത്ത ഒരു ഫലിതം ആരോടാണ് സംസാ‍രിക്കുന്നത്? ചിരിക്കു പുറകിലെ വേദന ചാപ്പ്ലിന്റെ ആത്മകഥയില്‍ കണ്ടു. പക്ഷെ മിലാന്‍ കുന്ദേരയുടെ ഫലിതം ( The Joke) എന്തോ എന്നെ ചിരിപ്പിക്കുകയുണ്ടായില്ല തീരെ. ചിരിക്ക് പിന്നിലെ മന:ശ്ശാസ്ത്രം അധികാരത്തിന്റെയാണെന്ന് കണ്ടു ഈയിടെ മറ്റെവിടെയോ.ചിരി വ്യക്തിക്കെതിരെയോ ലോകത്തിനെതിരെയോ തനിക്കുതന്നെ എതിരെയോ ആവട്ടെ ചിരിക്കുന്നവന്‍ എപ്പോഴും സംഭവവശാല്‍ ഒരു പടി മുകളില്‍ ആകുന്നു. ഒരു തമാശ ഉന്നം വയ്ക്കുന്നത് എപ്പോഴും കേള്‍വിക്കാരന്റെ ചില അറിവില്ലായ്മയെ ആണ്. ഫലിതം ഒരു വാചകമോ, പ്രബന്ധമോ ജീവിതം തന്നെയോ ആയിക്കോട്ടെ, അതിന്റെ ക്ലൈമാക്സ് എന്തായിരിക്കും എന്നറിയാത്തവന്റെ അജ്ഞതയുള്ളോടത്തോളം മാത്രമേ ഏതു തമാശയ്ക്കും നിലനില്‍പ്പുള്ളു. ചിരി അധികാരത്തിന്റെ ലക്ഷണമാവുന്നത് അങ്ങിനെയാവണം. അതുകൊണ്ട് ചിരിക്കുന്ന ചാപ്ലിന്‍ പിന്നീട് നമ്മെ ആത്മകഥയില്‍ കരയിപ്പിക്കുമ്പോളും അധികാരശ്രേണിയില്‍ മാറ്റമുണ്ടാവുന്നില്ല. എല്ലാമറിഞ്ഞും ചിരിച്ചവനും കരഞ്ഞവനുമായി ചാപ്ലിന്‍ തന്നെയാണ് അപ്പോഴും മുന്നില്‍.

ലുദ്വിക്ക് അങ്ങനെയല്ല. ലുദ്വിക്ക് ഴാന്‍ സ്വയം ഒരു തമാശയാവുകയാണ്. നമ്മില്‍ പലരെയും പോലെ
മറ്റൊരു ദൃഷ്ടിക്ക് തമാശയാവുകയാണ് കുന്ദേരയുടെ കഥാപത്രങ്ങള്‍ പലരും. 1967ല്‍ പുറത്തിറങ്ങിയ നോവല്‍ ഇന്നും തമാശയാവുന്നതാണ് ഏറ്റവും ദു:ഖകരം. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീഴുന്ന ചെക്കൊസ്ലോവാക്കിയയില്‍ പ്രേഗില്‍ പാര്‍ട്ടിയില്‍ നിന്ന് പുറംതള്ളപ്പെട്ട ലുഡ്വികിന്റെ ജീവിതത്തിലെ തമാശകളാണ് നോവലിന്റെ പ്രമേയം. ഗോര്‍ക്കിയുടെ ദി മദര്‍ തൊട്ടിങ്ങോട്ട് പ്രോലിറ്റേറിയറ്റിന്റെ എത്ര ഭാവങ്ങള്‍ കഥകളാക്കപ്പെട്ടിട്ടുണ്ട്? സമഗ്രാധിപത്യങ്ങള്‍ക്കെതിരെ പോരിനിറങ്ങിയവര്‍ പിന്നീട് സ്വയം ‘അയുക്തികമായ അധികാരം’* എന്ന കെണിയിലേക്ക് വീഴുന്നത് ആദ്യം അറിഞ്ഞതും രേഖപ്പെടുത്തിയതും യൂറോപ്പ്യന്‍ ഫിക്ഷന്‍ തന്നെയായിരിക്കണം. പാര്‍ട്ടിയുടെ അപ്രമാദിത്വത്തിന് കുരുടനായ വിശ്വാസിയേപ്പോലെ വഴങ്ങുന്നവരെയും, നിര്‍ഭയരായ നിഷേധികളെയും, വിഭ്രാന്തമായ വിഷാദത്തിലേക്ക് വീഴുന്ന വിപ്ലവകാരികളെയും എത്ര കണ്ടിരിക്കുന്നു! മധ്യയൂറോപ്പിലെ പല തലമുറകള്‍ പങ്കുവച്ച ഒരു വിഷാദരോഗമായിരുന്നു ഈ പ്രമേയം എന്ന് കുന്ദേര തന്നെ പിന്നീട് ഏറ്റു പറഞ്ഞതുകൊണ്ട് നോവലിന്റെ ചീഞ്ഞുനാറിയ പ്രത്യയശാസ്ത്ര ചവറില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെടുന്നു. കുന്ദേരയുടെ നോവലിന്റെ പ്രത്യയശാസ്ത്രത്തെ പാടെ അവഗണിക്കുക എന്നതും ഒരു രാഷ്ട്രീയം. പൂര്‍ണ്ണമായും ഏതെങ്കിലും ഐഡിയോളജിയുമായി പൊരുത്തപ്പെടുന്നവനല്ലെ യഥാര്‍ത്ഥത്തില്‍ ഏറ്റവും വലിയ അരാഷ്ടീയവാദി? എന്റെ പൊരുത്തക്കേടുകളാണ് എന്നെ ലുദ്വിക്കിന്റെ ജീര്‍ണ്ണിച്ച തമാശകള്‍ കേട്ട് കരയിപ്പിച്ചത്. വിഷം പുരട്ടിയ വിരല്‍നഖങ്ങള്‍ കൊണ്ട് ഹൃദയം തുരന്ന് കാണിക്കും ചില തമാശകള്‍.

അതുകൊണ്ട് “ശുഭാപ്തിവിശ്വാസം ജനതയുടെ മയക്കുമരുന്നാണ്. സ്വസ്ഥമായ ഇടങ്ങളില്‍ നിന്ന് വിഡ്ഢിത്തത്തിന്റെ ദുര്‍ഗ്ഗന്ധം വമിക്കുന്നു. റ്റ്രോറ്റ്സ്കി നീണാള്‍ വാഴട്ടെ” എന്ന് ലുദ്വിക്ക് പോസ്റ്റ്കാര്‍ഡില്‍ കൂട്ടുകാരിക്ക് എഴുതി അയക്കുന്ന വിലകുറഞ്ഞതമാശയെ പാടെ വിസ്മരിച്ച് ലുദ്വിക്കിന്റെ ജീവിതത്തിലെ തമാശകളിലേക്ക് കടക്കാം. നാലു ദൃഷ്ടികോണില്‍ നിന്നാണ് കഥ വിടരുന്നത്. ലുദ്വിക്, ഹെലെന, കോസ്റ്റ്ക, യാറൊസ്ലാവ് എന്നീ നാലുപേരുടെ വീക്ഷണങ്ങളിലൂടെ പടിപടിയായി മുന്നോട്ടു വരുമ്പോള്‍ വായനയില്‍ തകര്‍ന്നു വീഴുന്നത് പ്രധാനമായും നാലു തമാശകളാണ്, പ്രത്യയശാസ്ത്രം, മതം, സംസ്കാരം, ഒടുവില്‍ സ്നേഹം പോലും ഒരു കുത്തൊഴുക്കില്‍ ഒലിച്ചുപോകുന്നു. ബാക്കിയുള്ളത് ഒരു മനുഷ്യനാണ്, ഏകാകിയായ, ദയനീയമായി പരാജയപെട്ട, പൂര്‍ണ്ണമായും ഞെരിച്ചമര്‍ത്തപ്പെട്ട ആ മനുഷ്യന്‍ ജീവിതത്തില്‍ നിന്ന് തമാശയെ ഇഴപിരിച്ചെടുക്കുമ്പോള്‍ ചിരിയുടെയും കരച്ചിലിന്റെയും ഉറവിടം സത്യത്തില്‍ ഒന്നു തന്നെയാണെന്ന് തോന്നി.

ലുദ്വികിനെ വ്യത്യസ്തനാക്കുന്നതായി അയാള്‍ സ്വയം വിലയിരുത്തുന്ന ഒന്നുണ്ട്. അയാളുടെ നിഗൂഢമായ ചിരി. യാറൊസ്ലോവിന് സംഗീതവും കൊസ്ത്കയ്ക്ക് ദൈവവും ഇതു തന്നെയാണ്. സ്വയം നിര്‍വ്വചിക്കാന്‍ ഓരോരുത്തരും കണ്ടുപിടിക്കുന്ന ചെപ്പടിവിദ്യകള്‍ . കഥകളൊക്കെ സര്‍വ്വനാശങ്ങളുടെ പാതയിലൂടെ പോയി തകര്‍ന്നു തരിപ്പണമാവുമ്പോഴും, എല്ലാ വിശ്വാസങ്ങളും കൈവിട്ടുപൊയിട്ടും വല്ലാത്തൊരു നിഷ്കളങ്കമായ അനുകമ്പയുടെ തലത്തിലാണ് ലുദ്വിക് എത്തിച്ചേരുന്നത്. ഒരു ദൈവത്തിനും ശാസ്ത്രത്തിനും വിശ്വാസ്ത്തിനും കൈപിടിച്ച് കയറ്റാനാവാത്ത തലമാണ് അത്. തനിയേ അടിപതറി, വെറുത്തും അറിഞ്ഞും പകപോക്കിയും പശ്ചാത്തപിച്ചും ഓരോരുത്തരും എത്തിച്ചേരേണ്ട അനുഭവത്തിന്റെ പാളി.

ആത്മനിന്ദയുടെ ഏറ്റവും കടുത്ത അദ്ധ്യായങ്ങളിലൂടേ നടന്നുകയറുന്ന ഹെലെന എന്ന കഥാപാത്രത്തിനാവട്ടെ മരണം പോലും നിഷേധിക്കപ്പെടുന്നത് ക്രൂരമായ ഒരു തമാശയിലൂടെയാണ്. ഇത്രയും ഭീകരമായി ആത്മഹത്യ എന്ന തമാശയ്ക്കു നേരെ പല്ലിളിച്ചുകാണിക്കാന്‍ കഴിയില്ല. വിഷം എന്നു കരുതി നിര്‍ണ്ണായകമായ ഘട്ടത്തില്‍ ഹെലെന വിഴുങ്ങുന്നത് ലാക്സേറ്റിവ് ആകുന്നതല്ല അത്. അതിനുമപ്പുറം ജീവിതം കൊണ്ട് സ്വയം നിന്ദിച്ചയത്രയും ഹെലെനയ്ക്ക് മരണത്തിലൂടെ ഒന്നും നേടാനില്ല എന്നതായിരിക്കണം തമാശ!

അസഹ്യമായ സര്‍വ്വജ്ഞാനിത്വം ( unbearable all-knowingness ;) കൊണ്ട് ചിലരെയൊക്കെ പിന്‍തിരിപ്പിച്ചിട്ടുള്ള കുന്ദേരയുടെ ആദ്യത്തെയും ഒടുക്കത്തെയും ഫലിതമായിരിക്കണം The Joke. ഐഡിയളോജിയില്‍ നിന്ന് ഫിക്ഷനിലെക്ക്, തീര്‍പ്പുകളില്‍ നിന്ന് അവ്യക്തതകളിലേക്ക്, നിശ്ചിതമായ സന്ദേശങ്ങളില്‍ നിന്നും അനിയതമായ ഐറണികളിലേക്ക് വരാലിനെപ്പോലെ വഴുതി വീഴുക എളുപ്പമല്ല. സാഹചര്യത്തിന്റെ സന്ദിഗ്ദ്ധത അനുഭവിക്കുക എന്നതായിരിക്കും എഴുത്തിന്റെ ധര്‍മ്മം. ചരിത്രത്തിലെ ആദ്യത്തെ പാപ്പിയോണ്‍ ക്രിസ്തുവാണെന്ന് സക്കറിയ എവിടെയൊ പറഞ്ഞിട്ടുണ്ട്. കുരിശിലെക്ക് രക്ഷപ്പെട്ട ഒരുവനെ വെറുതെ വിടാതെ പിന്‍തുടര്‍ന്ന് അവന്റെ സങ്കല്പജല്പനങ്ങളെ വചനങ്ങളും മൊഴികളുമാക്കി എല്ലാ ചോരക്കളികള്‍ക്കും വിപ്ലവങ്ങള്‍ക്കും ആധാരമാക്കി സ്വപ്നാടകരുടെ ലോകത്തു നിന്ന് അവനെ ഭ്രഷ്ടാക്കിയ ചിലര്‍ തന്നെയാണ് ഇന്ന് വേഷം മാറി പ്രത്യയശാസ്ത്രം പ്രസംഗിക്കുന്നത്. വിശ്വാസിയും അവിശ്വാസിയും യഥാര്‍ത്ഥത്തില്‍ ഒന്നു തന്നെയാണ്.മതവും മതനിഷേധവും ഒന്നാകുന്നതുപോലെ.

* 'irrational authority'-Humanistic vs Authoritarian Ethics in Erich Fromm's Man for Himself

5 comments:

sree said...

2007 ഏപ്രില്‍ 27 ന്, പുസ്തകം വായിച്ചുമടക്കി ഒരു ഡയറിക്കുറിപ്പായിട്ട് എഴുതിവച്ചതാണിത്രയും. അതിനു താഴെ വികലമായി മൊഴിമാറ്റം ചെയ്യപ്പെട്ട ഈ വരികളും.

“അയല്‍ക്കാരനെ കെട്ടിയിട്ടിട്ടല്ല സ്വന്തം ബോധം ഉറപ്പാക്കേണ്ടത്.” (Dostoyevsky, A Writer's diary). സ്വന്തം ബോധം ഉറപ്പിക്കാന്‍ മെനക്കെടുന്നവരല്ലെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് പുറകെ പോവുന്നത്? ഉള്ളിലുള്ള കലാപത്തെ എഴുതിത്തീര്‍ക്കാതിരിക്കാന്‍ എന്താവും വഴി?

എഴുത്ത് എന്ന ഭ്രാന്തന്‍ ഒറ്റപ്പെടലിനു ധൈര്യമില്ലാത്തതുകൊണ്ട്, ബോധത്തിന്റെ ബോധ്യത്തില്‍ ഉറയ്ക്കാതിരിക്കാനായി ഇതു ചുമ്മാ കുറിച്ചുവയ്ക്കുന്നു.

ഒപ്പം എഴുത്ത് ഒരു അസക്തിയാണെന്ന് ഇങ്ങനെ പറഞ്ഞുവച്ച് കുന്ദേരയെക്കുറിച്ചും graphomaniaയെക്കുറിച്ചും ചിന്തിപ്പിച്ച കൂട്ടുകാരനെയും ഓര്‍ക്കുന്നു.

ഗുപ്തന്‍ said...

മുന്‍പൊരിക്കല്‍ ശ്രീ ഈ പുസ്തകത്തിന്റെ കാലം സൂചിപ്പിച്ചപ്പോള്‍ മുതല്‍ ഒന്നു തപ്പിയെടുക്കാന്‍ ശ്രമിക്കുന്നതാണ്. കിട്ടിയില്ല.

അതുകൊണ്ട് പുസ്തകത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലെങ്കിലും കുറിപ്പിലെ ചില നിലപാടുകള്‍ക്ക് സല്യൂട്ട്. അന്ധവും ഏകപക്ഷീയവുമായ രാഷ്ട്രീയം കടുത്ത അരാഷ്ട്രീയത തന്നെയാണ്. ഇന്നു കേരളത്തിലെ സാമൂഹ്യരംഗം അനുഭവിക്കുന്ന ഏറ്റവും കടുത്ത വെല്ലുവിളിയും അരാഷ്ട്രീയതയുടെ ഈ വിരുദ്ധാവതാരങ്ങളില്‍
നിന്നുണ്ടാവുന്നതാണ്. അവസാന പാരഗ്രാഫിലെ നിരീക്ഷണങ്ങളും വളരെ ആഴമുള്ളവയാണെന്ന് സമ്മതിക്കാതെ വയ്യ. സൂത്രവാക്യങ്ങളിലേക്ക് സ്വയം ഒതുങ്ങുന്ന എഴുത്തിനെയും ഭാഷണത്തെയുമല്ലേ വരട്ടുവാദം എന്നുവിളിക്കുന്നത് എന്നൊരു സന്ദേഹം. അതും എഴുത്തിന്റെ രാഷ്ട്രീയത്തില്‍ പ്രയോഗസാ‍ധ്യതയുള്ള ഒരു പദം തന്നെ. ഉള്ളില്‍ നിന്നുള്ള ജീവനെ നിരാകരിച്ച് വചനരൂപികളായ വിശ്വാസസങ്കല്പങ്ങള്‍ തേടുന്ന വിശ്വാസിയും അതിനെ നിരാകരിക്കുന്ന അവിശ്വാസിയും അരാഷ്ട്രീയ/അന്ധരാഷ്ട്രീയ ദ്വയം പോലെ ഒരേ (കള്ള)നാണയത്തിന്റെ തലയും വാലും തന്നെ.

വായന എന്ന നിലയില്‍ ബ്ലോഗില്‍ വരുന്ന ചില ബൌദ്ധിക അഭ്യാസങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുന്നതാണ് ഇതിലെ വീക്ഷണ കോണ് എന്നുകൂടി പറയാതെവയ്യ. പുസ്തകത്തെക്കുറിച്ച് വീണ്ടുമോര്‍പ്പിച്ചതിനു നന്ദി.

(ഓഫ്. അസഹ്യമായ സര്‍വജ്ഞാനം കൊണ്ട് ശ്വാസം മുട്ടിക്കുന്നതില്‍ കൂന്ദെരയെതോല്പിക്കുന്ന പലരെയും കണ്ടിട്ടുണ്ടല്ലോ. ചില കോളേജധ്യാപകരെ ഉള്‍പടെ ;))

sree said...

പുസ്തകത്തെക്കുറിച്ചല്ല നിലപാടുകളെക്കുറിച്ചു തന്നെയായിരുന്നു എനിക്കും പറയാനുണ്ടായിരുന്നത്. സത്യത്തില്‍ ഇങ്ങനെ ഒരു കുറിപ്പും അനുബന്ധമായി ഇട്ട കമെന്റും തമ്മില്‍ എന്തു ബന്ധം എന്ന് കൂടെ മനു ചോദിക്കും എന്നു വിചാരിച്ചു. ബ്ലോഗ് എഴുത്ത് വ്യക്തിപരമാണോ, രാഷ്ട്രീയമാണോ, അതോ വ്യക്തിപരമായതും രാഷ്ടീയമാവും എന്നു പറഞ്ഞ് പുറകോട്ട് ചാഞ്ഞ് ആശ്വസിച്ചാല്‍ മതിയോ എന്നതിനൊക്കെ പലര്‍ക്കും പല ഉത്തരങ്ങളും ഉണ്ടാവും. പക്ഷെ എഴുത്ത്, ബ്ലോഗിങ്ങ്, ആക്റ്റിവിസം എന്ന് എന്തൊക്കെ വിളിച്ചാലും ആത്യന്തികമായ ഒരു പ്രതികരണപ്രക്രിയയുണ്ട് മനുഷ്യനില്‍ , ചില വിപ്ലവകാരികള്‍ തന്നിലേക്കൊതുങ്ങി ചെയ്യുന്നതും ചിലര്‍ ആള്‍ക്കൂട്ടങ്ങളിലേക്ക് സംക്രമിപ്പിക്കുന്നതുമായ ഈ രാഷ്ട്രീയത്തിന്റെ ബേസിക് സ്റ്റിമുലസ് ഒന്നു തന്നെയല്ലെ? കാഴ്ച്ചക്കാരന്റെയല്ല, പങ്കെടുക്കുന്നവന്റെ റോള്‍ ആണ് അത്. സര്‍വ്വസാക്ഷിയാവുന്ന എഴുത്തുകാരനില്‍ നിന്ന് അറിയാവുന്നതൊക്കെ വിളിച്ചുപറയുന്ന ബ്ലോഗറിലേക്ക് എത്തുമ്പോള്‍ ഈ സംഘട്ടനം പ്രകടമാവുകയാണ്.
പ്രവാചകന്റെ പോസ്റ്റിന്റെ ആദ്യവാചകം തന്നെ തുറക്കുന്നത് ഈ വേദനിക്കുന്ന വിളിച്ചുപറയലിലേക്കാണ്. ഗ്രാഫോമാനിയയെക്കുറിച്ച് പോസ്റ്റ് പറയുന്നു
Graphomania has at it's roots the tendency to make oneself heard, to present oneself before an audience to the extend of being forceful.

"The Joke" വായിക്കുമ്പോള്‍ ഞാന്‍ ഒരു ബ്ലോഗര്‍ ആയിരുന്നില്ല. ലുദ്വിക് സ്വയം തമാശയായിത്തീരുന്നതിന്റെ രാഷ്ടീയം എനിക്കന്ന്‍ ഇന്നത്തേപ്പോലെ മനസ്സിലായിരുന്നുമില്ല. സ്വയം തടവിലിട്ട് സ്വന്തം ബോധം/ബോധമില്ലായ്മ ഉറപ്പിക്കുന്നവന്റെ “sense of comedy" അനുഭവിച്ചുംകൊണ്ട് മലയാളത്തില്‍ ബ്ലോഗുന്നവര്‍ എത്രപേരുണ്ടെന്ന് പക്ഷെ ഇന്നും അറിയില്ല :)
“ഉള്ളില്‍ നിന്നുള്ള ജീവനെ നിരാകരിച്ച് വചനരൂപികളായ വിശ്വാസസങ്കല്പങ്ങള്‍ തേടുന്ന വിശ്വാസിയും അതിനെ നിരാകരിക്കുന്ന അവിശ്വാസിയും...” ഇതിലും നന്നായി ഇതു പറയാനാവില്ല..ദ്വന്ദ്വങ്ങളുടെ കെണി!

കോളെജ് അദ്ധ്യാപകരെക്കുറിച്ച് മിണ്ടരുത് (വേണേല്‍ പോളണ്ടിനെക്കുറിച്ച് മിണ്ടാം ;) അതെന്നെ ഉദ്ധേശിച്ച്, എന്നെമാത്രം ഉദ്ധേശിച്ചു തന്നെയല്ലെ പറഞ്ഞത് :(

ഗുപ്തന്‍ said...

സാധാരണ ബ്ലോഗ് പോസ്റ്റുകളുടെ വ്യക്തിപരത കണക്കിലെടുക്കുമ്പോള്‍ ഒരു പോസ്റ്റില്‍നിന്നും മറ്റൊരു പോസ്റ്റിലേക്കിടുന്ന ലിങ്കുകള്‍ ഇതുപോലെയുള്ള പോസ്റ്റുകളിലെങ്കിലും സൂപര്‍ഫ്ലുവസ് ആവുകയാണ് പതിവ്. അതുകൊണ്ട് ആ ലിങ്ക് നോക്കിയിരുന്നില്ല ശ്രീ. തന്നെയല്ല പ്രോഫറ്റിനെ പോലെ ഒരാളെ വായിക്കാന്‍ ബ്രിഡ്ജ് ഇല്ലാതിരിക്കുകയാണ് നല്ലത്. (ലിങ്കിലുള്ള പോസ്റ്റ് മിസ് ചെയ്തതാണ്; പക്ഷെ ഇതിന്റെ തുടര്‍ച്ചയായി വായിക്കാന്‍ ഇഷ്ടമില്ല. പിന്നെ നോക്കാം )

കോളേജധ്യാപകരെക്കുറിച്ച് പറയുന്നതൊക്കെ ശ്രീയെക്കുറിച്ചുമാത്രം ആവണമെന്നുമില്ല :)

ജ്യോനവന്‍ said...

ഒരിക്കലിതു വായിച്ചുവന്നപ്പോള്‍ കാണാതെ പോയി.
ഇപ്പോള്‍ കണ്ടു. വായിച്ചു.
ഇനിയൊന്നു് ഉള്‍ക്കൊണ്ട് വായിക്കണം.
എന്റെ കുറവുകള്‍ കൊണ്ടാണ്.

Post a Comment