Friday, September 11, 2009

വെര്‍ച്ച്വല്‍

ദൂരെ കണ്ണെത്താവുന്നത്രേം പച്ചയായ ഒരു താഴ്വാരത്തിലേക്കാണ് ഞാന്‍ കണ്ണു തുറന്നത്. ഇതെന്താ ഇങ്ങനെ? മുറിയില്‍ക്കിടന്നല്ലെ ഉറങ്ങിയത്? എന്റെ മുറി, നഗരത്തിന്റെ നടുക്ക് രാവും പകലും വാഹനങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദം കേള്‍ക്കുന്ന വലിയ അപാര്‍റ്റ്മെന്റിലെ പതിമൂന്നാം നിലയിലുള്ള ഫ്ലാറ്റിലെ കൊച്ചുമുറി? ചാരനിറത്തില്‍ അങ്ങിങ്ങ് നനവിന്റെ പാടുകള്‍ വികൃതമാക്കിയ ചുമരുകള്‍ കൈയ്യെത്തിയാല്‍ തൊടാന്‍പറ്റാറുള്ളതാണല്ലോ. അഞ്ചുമണിക്കുള്ള അലാം അടിച്ചില്ലെ, കേള്‍ക്കാഞ്ഞതാണോ? ഇന്ന് പ്രധാനപ്പെട്ട് മീറ്റിങ്ങ് ഉള്ളതാണ്, പത്തുമണിക്ക്. ഒന്‍പതിനിറങ്ങണം. കുട്ടികളുടെ സ്കൂള്‍ബസ് ഏഴുമണിക്ക് വരും. ഭാര്യക്കും ജോലിക്ക് പോവണം. അഞ്ചു നിമിഷം പോലും പാഴാക്കാനാവാത്ത സമയമാണ്. കണ്ണു തുറക്കുമ്പോള്‍ എന്നും കാണുന്ന ഇരുണ്ട ബെഡ്രൂം ലാമ്പിന്റെ വെളിച്ചം എവിടെ? ഇത്രേം പച്ചനിറം ഇതെന്താ ചുറ്റിനും? എത്ര തുറന്നിട്ടും കാണാനുള്ളതൊന്നും കാണുന്നില്ലല്ലൊ ഈശ്വരാ... കാണുന്നത് ഒരു കാന്‍വാസ് ആണ്, കടും പച്ച മല, മലയിടുക്കുകളിലൂടെ ഒഴുകി വരുന്ന വെള്ള വരപോലെ ഒരു നദി. ഇടക്കൊരിടത്ത് അത് താഴോട്ട് കമഴ്ന്നു തെറിച്ചു വീഴുന്നുണ്ട്. ഇത്രയടുത്തായിട്ടും ശബ്ദമില്ലാതെ. കാന്‍വാസിന്റെ മലയല്ലാത്ത ഭാഗം മുഴുവന്‍ നീലാകാശമാണ്. ഇത്രയും നീലയായ ആകാശമോ?

ഇത് എന്റെ മുറിയില്‍ ചുവരില്‍ തൂക്കിയിരുന്ന കാന്‍വാസ് അല്ലെ? ഉണര്‍ന്നിട്ടും കണ്ണുതുറക്കാന്‍ കഴിയാത്തതെന്താ? ബാക്കിയുള്ളവര്‍ ഉറങ്ങുന്നതിന്റെ പതിഞ്ഞ ശ്വാസം എനിക്ക് കേള്‍ക്കുന്നുണ്ട്, നെഞ്ചിനോട് ചേര്‍ന്ന് ഭാര്യയുടെ ശ്വാസം, കുഞ്ഞുമോന്റെ ഉറക്കത്തിലെ കുറുകുറുപ്പും കൂടെ കേള്‍ക്കാം. പക്ഷെ അവരങ്ങു ദൂരെയെവിടെയോ ആണെന്നപോലെ. ഈ മലഞ്ചെരുവില്‍ നിന്ന് നോക്കിയാല്‍ എനിക്ക് ദൂരെക്ക് ദൂരെക്ക് പച്ച മാത്രമേ കാണുന്നുള്ളു. എത്ര കണ്ണെത്തിച്ചിട്ടും ഇരുണ്ട ബെഡ്രൂമലാംബിന്റെ വെളിച്ചത്തില്‍ മൂടിപുതച്ചുറങ്ങുന്ന എന്റെ മുറി കാണുന്നില്ല. പിനോക്കിയോയുടെ ചിത്രമുള്ള ഇളം നീലപ്പുതപ്പുപുതച്ചുറങ്ങുന്ന മക്കളെയും, അവരെകെട്ടിപ്പിടിച്ചുറങ്ങുന്ന ഭാര്യയെയും കാണുന്നില്ല.
പേടി വിറയലായി, വിയര്‍പ്പായി പടരുന്നു ശരീരത്തിലേക്ക്. ഞാന്‍ ഈ പച്ച കാന്‍വാസില്‍ നില്‍ക്കുന്നതെന്തിനാ? കാലുകള്‍ വലിച്ചു വച്ച് ഓടിയിറങ്ങിക്കൂടെ.

ലൈറ്റിന്റെ സ്വിച്ച് ഇടുന്ന ശബ്ദം. എഴുന്നേറ്റില്ലെ എന്ന് ഭാര്യ ചോദിക്കുന്നു. ആരോട്? ഞാന്‍ അവിടെയില്ലല്ലോ? ആരെയാണ് കുലുക്കി വിളിക്കുന്നത്? എന്തിനാണ് നിലവിളിക്കുന്നത്? കുട്ടികള്‍ ഉണരില്ലെ? പതുക്കെ...അവരു പേടിക്കില്ലെ? അവരും അച്ഛാ അച്ഛാ എന്നു വിളിച്ച് കരയുന്നതെന്തിനാ? എന്നെക്കാണാഞ്ഞാണോ? കാണാനില്ലയെങ്കില്‍ അന്വേഷിക്കണ്ടെ? മുറിക്കു പുറത്തൊ, ബാത്രൂമിലോ, വീടിനു വെളിയിലോ? ഞാന്‍ അവിടെ ഉണ്ടെന്ന ബോധ്യത്തില്‍ വിളിച്ചു കരയുകയാണ് അവര്‍. ഇതെന്താ, എഴുന്നേല്‍ക്ക്, എന്താ പറ്റിയത് എന്നൊക്കെ ചോദിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച് അവിടെതന്നെയിരുന്ന് നിലവിളിക്കുകയാണ് ഭാര്യ. എഴുന്നെറ്റ് എവിടെയും നോക്കുന്നില്ല ആരും. ഈ ശബ്ദരേഖ ഒന്നു നിര്‍ത്തിയിരുന്നെങ്കില്‍ എനിക്ക് വിളിച്ചുപറയാമായിരുന്നു ഞാന്‍ ഇവിടെയുണ്ടെന്ന്. അതിനു ഞാന്‍ എവിടെയാ? ഈ കാന്‍വാസിലോ? ഇതിനകത്താണെങ്കില്‍ എനിക്ക് മുറിയിലെ ദൃശ്യം കാണാത്തതെന്താ? ചുമരില്‍ പതിപ്പിച്ച കാന്‍വാസിനകത്ത് ഈ പച്ച മല ഇങ്ങനെതന്നെ കാണുമോ?

മുറിയില്‍ ഭാര്യ ഫോണ്‍ എടുക്കുന്നു. ആരോടൊ കരയുന്നു. ഒരു കുഴപ്പവുമില്ലാതെ കിടന്നുറങ്ങിയതാ...എന്ന് ആവര്‍ത്തിക്കുന്നു. ഉടനെ വരണേ എന്നു കെഞ്ചുന്നു. അടുത്ത ഫ്ലാറ്റിലെ ഡോക്ടര്‍ ആണ്. അയാള്‍ വന്നാല്‍ എങ്ങനെ എന്നെ കാണും? കുട്ടികള്‍ ഏന്തിക്കരയുന്നുണ്ട്. ഇന്നവരുടെ സ്കൂള്‍ ബസ് പോകും. സമയം എത്രയായി ആവോ?

എത്ര കഴിഞ്ഞാ ഡോക്റ്റര്‍ വന്നത്. കാല്‍പ്പെരുമാറ്റവും പിറുപിറുപ്പുകളും കേള്‍ക്കാം. അയാള്‍ കട്ടിലില്‍ ഇരുന്ന് കുറച്ചുകഴിഞ്ഞ് എഴുന്നേറ്റു. ശബ്ദം ഉയര്‍ത്താതെ അവളോട് എന്തോ പറയുന്നുണ്ട്. അടക്കിപ്പിടിച്ച ഒരു കരച്ചില്‍ കേട്ടത് ഭാര്യയുടെയാണോ? എന്നെയൊന്ന് ആരെങ്കിലും അന്വെഷിച്ചു വന്നിരുന്നെങ്കില്‍! ഇവിടെ നിന്ന് ഇറങ്ങി ആ ദൃശ്യത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍. ഒന്നുമില്ലെങ്കില്‍ ആളനക്കം കേള്‍ക്കുന്ന ആ മുറിയില്‍ ആരെയെങ്കിലും കാണാനെങ്കിലും ആയിരുന്നെങ്കില്‍ . ഇതൊരു പൊട്ടിയ കാന്‍വാസാണ്. ഒടിഞ്ഞുപോയ ഒരു ആണിയിലാണ് ഇതു ചുമരില്‍ തൂങ്ങുന്നത്. വീണുപോയാല്‍ താഴെ കട്ടിലില്‍ ഉറങ്ങുന്ന കുഞ്ഞുങ്ങളുടെ ദേഹത്തു വീഴും എന്ന് ഭയന്ന് എടുത്തു കളയണം എന്ന് എത്രവട്ടം ഓര്‍ത്തതാണ്? കാണാനാവാത്ത എന്റെ വീടിന്റെ ചിത്രത്തിലേക്ക് ഏതു വഴിക്ക് ഓടിയാലാവും എത്തുക?

പച്ച നിറത്തിന്റെ മുകളിലൂടെ ഓടി. ഓടിയാലും നീങ്ങാത്തതുപൊലെ ദൃശ്യത്തിനകത്ത് വട്ടം കറങ്ങുകയാണോ? ഒരു ഇരുണ്ട മുറിയിലെ ശബ്ദങ്ങളും കൊണ്ട് നിശബ്ദമായ ഒരു താഴ്വാരം മുഴുവന്‍ ഓടി. ശബ്ദം കേള്‍ക്കുന്ന എന്റെ പ്രിയപ്പെട്ടവരുള്ള ഇടത്തേക്ക് എത്തുന്നതെങ്ങിനെയാണ്? പെട്ടെന്നാണ് ഒരു കാര്യം മനസ്സിലായത് അവരെ കാണുന്നില്ലെങ്കിലും അവര്‍ തൊടുന്നത് ഞാന്‍ എങ്ങിനെയോ അറിയുന്നുണ്ട്. പഞ്ഞിപോലെ എന്തോ ഉരസുന്നതുപോലെ രണ്ടു കവിളിലും തണുപ്പ് തോന്നുന്നത് മോളുടെ കയ്യല്ലെ? വലംകൈക്കുള്ളില്‍ ഞെരിഞ്ഞമരുന്നത് അവളുടെ കയ്യല്ലെ? കാണാന്‍ കഴിയാത്ത, കേള്‍ക്കാനും അനുഭവിക്കാനും മാത്രം കഴിയുന്ന ഏതു ലോകത്തേക്കാണ് ഞാന്‍ എത്തപ്പെട്ടിരിക്കുന്നത്?

ഓടിയതു മതിയാക്കി. കിതച്ചണച്ച് ഇരുന്നു. എന്താണ് അനുഭവിക്കുന്നതെന്ന് അറിഞ്ഞേ മതിയാവൂ. അതേ വഴിയുള്ളു. എന്റെ ശരീരം വല്ലാതെ പൊള്ളുന്നുണ്ട്. അതായത് എന്നെ തലവഴി മൂടിപ്പുതപ്പിച്ചിരിക്കുന്നു. മുറിയില്‍ നിലത്തു കിടത്തിയിരിക്കുകയാണ്, കാലുകള്‍ നീട്ടിവലിച്ച് കമ്പികള്‍ പൊലെ അനക്കാനാവാത്ത വിധം കൂട്ടികെട്ടിവച്ചിരിക്കുന്നു. കയ്യും ഉടലും മരം പോലെ ഉറച്ചിരിക്കുന്നു. മുറിയില്‍ നിറയെ ചന്ദനത്തിരിയുടെ ഗന്ധം. ആളുകളുടെ അടക്കം പറച്ചില്‍ , അറിയുന്ന ശബ്ദങ്ങള്‍ , അറിയാത്തവയും. ഇതൊക്കെ അനുഭവിക്കാവുന്ന അകലത്തിലായിട്ടും എനിക്കതിലേക്ക് കണ്ണുതുറക്കാനാവുന്നില്ലല്ലോ. തുറക്കാവുന്നത്രെയും തുറന്നുപിടിച്ച കണ്ണുകള്‍ക്കു മുന്നില്‍ നിശ്ചലമായ ഒരു കാന്‍വാസ് മാത്രം. കണ്ണിന്റെയും കാതിന്റെയും ഉടലിന്റെയും അനുഭവങ്ങള്‍ കീറിമുറിച്ചെടുത്ത് വെവ്വേറെയാക്കിയതു പോലെ. പലരും തൊട്ടും കെട്ടിപ്പിടിച്ചും ഇരുന്നിട്ടും ഒരു മരക്കഷ്ണമോ ഇരുമ്പുകമ്പിയോ പൊലെ ഞാന്‍ കിടക്കുകയാണ്.

സ്പര്‍ശം അറിഞ്ഞിട്ടും ഒരു ചിത്രത്തിനു വെളിയില്‍ എന്നതുപോലെ നില്‍ക്കുകയാണ് ഞാന്‍ . തണുപ്പ് അരിച്ചുകയറുന്നതുപോലെ എന്തൊരു നിര്‍വികാരതയാണ് ശരീരത്തില്‍ പടരുന്നത്? എന്റെ ഉടലും അവയവങ്ങളും ഒക്കെ സ്വയം ചിന്തിച്ചുതുടങ്ങിയതു പോലെ. ഇത്രയും കാലം അവയെ നിയന്ത്രിച്ചിരുന്ന എന്റെ മനസ്സ് അവ വേണ്ടെന്നു വച്ചതുപോലെ. പകരം ഞാനൊരു നൂറായിരം മനസ്സായി ചിന്നിച്ചിതറുന്നു. വിരല്‍നഖം പോലും സ്വന്തമായി ചിന്തിക്കുന്നു. ഈ ഒരു കാന്‍വാസിനകത്ത് ഇത്രെയേറെ സാധ്യതകളുണ്ടായിരുന്നോ? വെറും നിറങ്ങള്‍ മാത്രം കടുപ്പിച്ച് വാരിപ്പൂശിയ ഒടിഞ്ഞു വീഴാറായ ഈ പഴയ കാന്‍വാസില്‍ ജീവനുണ്ടായിരുന്നു എന്നോ?

എനിക്ക് ഈ ശബ്ദമൊന്ന് നിലച്ചുകിട്ടിയാല്‍ മതിയായിരുന്നു. ഒരു ലോകത്തിന്റെ ശബ്ദവുമായി മറ്റൊരു ലോകത്ത് ജീവിക്കുന്നതെങ്ങനെയാ? ഏതോ ഒരു ശബ്ദം അലറിവിളിച്ച് കരയുന്നുണ്ട്. ചെവി തനിയേ ശബ്ദത്തിലേക്ക് കൊട്ടിയടച്ചു. ശബ്ദം അകന്നകന്നുപോയി. പച്ചപ്പരവതാനിപോലെയുള്ള ഒരു പുല്‍ത്തകിടിക്കുമേലെയാണ് ഞാന്‍ ഇരിക്കുന്നത്. ഇവിടെ കാറ്റു വീശുന്നുണ്ട്. മണമുള്ള കാറ്റ്. കണ്ണുകള്‍ തുറക്കുംതോറും കണ്ണു തന്നെ പച്ചയാവുകയാണെന്നു തോന്നും. പച്ചയിലേക്കലിഞ്ഞലിഞ്ഞു പോകുന്ന കണ്ണുകള്‍ . ശരീരം പുല്‍ത്തകിടിയിലേക്ക് തനിയെ ചാഞ്ഞു. എന്തൊരു സുഖമുള്ള തണുപ്പ്. ശരീരം ഉറങ്ങുന്നു. മനസ്സ് ഒരു കൊച്ചുകുട്ടിയേ എന്നപോലെ ശരീരത്തെ തട്ടിയുറക്കുകയാണ്.


ആരൊക്കെയോചേര്‍ന്ന് എന്നെ എടുത്തുകൊണ്ടു പോവുകയാണെന്ന് മനസ്സിലായപ്പോഴെക്കും, കാണാന്‍ കഴിയാത്ത ഏതോ ചൂടിലേക്ക് കിടത്തിയപ്പോഴെക്കും പേടിപ്പിക്കുന്ന ഒരു സ്വപ്നം അവസാനിച്ചുതുടങ്ങുന്നതുപോലെ ഉറക്കം ശാന്തമാവുന്നത് ഒരു നിമിഷത്തേക്ക് അറിഞ്ഞു. പതുക്കെ പതുക്കെ ശബ്ദങ്ങള്‍ നിലച്ചു, അനക്കങ്ങളും. ഞാന്‍ ചിത്രത്തിലേക്ക് ചുറ്റും നോക്കി. അതേ പച്ച, നീല, മല.

ഇപ്പോള്‍ ഞാന്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ഇരിക്കുകയാണല്ലോ. ഇവിടെ ഒരു മരമുണ്ടായിരുന്നോ? ഇതൊരു ചന്ദനമരമാണൊ? പച്ചയില്‍ നിന്ന് മരം വേര്‍പെട്ട് തെളിഞ്ഞതെപ്പൊഴാണാവോ? മരം നില്‍ക്കുന്നിടത്തുനിന്ന് തുടങ്ങുന്ന ഒരു വഴിയും ഉണ്ട്. ഇരുവശവും വെട്ടിനിരപ്പാക്കിയപൊലെ ഒരേ നിറമൊപ്പിച്ച പുല്‍ത്തകിടിയാണ്. ഇപ്പോ പെയ്ത മഞ്ഞിന്റെ ഈര്‍പ്പം എന്റെ വിരലുകള്‍ തൊട്ടുനോക്കി, നാവ് രുചിച്ചുനോക്കി. വഴിക്കരികില്‍ പരുത്തിച്ചെടികള്‍ വരിവരിയായി നില്‍ക്കുന്നതുകൊണ്ട് പഞ്ഞിപാറിക്കളിക്കുന്നുണ്ട് ഇവിടം മുഴുവന്‍ . ആള്‍ത്താമസമുണ്ടാവും.
ആകാശത്തിന്റെ നീലക്ക് കടുപ്പം കുറഞ്ഞു തുടങ്ങി. നെര്‍ത്തു നേര്‍ത്ത് അകലേ വെളുത്തമേഘങ്ങള്‍ കാണുന്നുണ്ട്.

ഇനി ഇവിടത്തെ ശബ്ദങ്ങള്‍ കേട്ടുതുടങ്ങുമായിരിക്കും. കിളികള്‍ ചിലയ്ക്കുന്നത്, വെള്ളം വീഴുന്നത്...

17 comments:

ഗുപ്തന്‍ said...

നന്നായി ശ്രീ. ഒരു മരണകഥ എന്ന മുന്‍‌വിധിയോടെയാണ് വായിച്ചുതുടങ്ങിയത്. ഒരു കാലത്തിന്റെ /ലോകത്തിന്റെ സൂചകങ്ങള്‍ പതുക്കെ നഷ്ടപ്പെട്ട് മറ്റൊരുകാലത്തിന്റെ/ലോകത്തിന്റെ സൂചകങ്ങള്‍ പതുക്കെ തെളിഞ്ഞുവരുന്നത് ശ്രദ്ധിച്ചപ്പോള്‍ മരണത്തെക്കുറിച്ച് എന്നതിലും ഏറെ പറയാനുണ്ടെന്ന് മനസ്സിലായി. എത്ര മരണങ്ങളിലൂടെയാവാം ഒരു ജീവിതം എന്ന് വെറുതേ...

അരുണ്‍ കായംകുളം said...

നേരത്തെ ഇതേ ആശയത്തില്‍ ഒരു കവിത വായിച്ചത് ഓര്‍മ്മയുണ്ട്.എങ്കിലും അതൊരു കഥയായപ്പോള്‍ ഒരു മനോഹാരിത ഉണ്ട്:)

ജ്യോനവന്‍ said...

പുറങ്ങളില്‍ ജീവിതവും മരണവും അലിഞ്ഞുചേര്‍ന്ന് തെളിഞ്ഞു സുതാര്യമായൊരു കണ്ണാടി!
ഏതു വശത്തുനിന്നു നോക്കിയാലും ഏകോപനം എന്ന് ഒരു മാജിക്കല്‍ ഇഫക്ട്.
കവിതയും കഥയും ഒട്ടിച്ചേര്‍ന്നുനിന്നപ്പോള്‍ ഒരു കാറ്റുവന്നു. അതൊരു പമ്പരമായി.
വെര്‍ച്ച്വലായി!

വീ കെ said...

ഒരു സ്വപ്നമായിരിക്കുമെന്നു കരുതിയാണ് വായിച്ചു തുടങ്ങിയത്.....
പക്ഷെ, മരണം ആണെന്നറിഞ്ഞപ്പോൾ ഞെട്ടി....!!?
പേടിച്ചിട്ടാ...

sree said...

@ വി കെ, ഞാനാണെങ്കില്‍ സ്വപ്നം കണ്ടു പേടിച്ചിട്ടാ എഴുതിയത് :(

ജ്യോ, പമ്പരം..ഹ, ആ ഇമേജ് എനിക്കു തോന്നിയിരുന്നെങ്കില്‍ ഞാനിവിടെ ഇട്ടൊരു കറക്കുകറക്കിയേനെ..എന്തു ചെയ്യാം, കവിബുദ്ധി പിന്‍ബുദ്ധി എന്നല്ലെ (അതായത് കവി ബുദ്ധിം കൊണ്ട് പിന്നാലെ എന്നോ മറ്റോ.. ;) സുതാര്യമായ കണ്ണാടി.? മ്...

അരുണ്‍ , ആദ്യമായിട്ടാണല്ലോ ഈ വഴി. അരുണിന്റെ ബ്ലോഗു വായിച്ച് കുറെ ചിരിച്ച് ഞാനും ഒരു വഴിയായി :)

ഗു, ശ്വാസം മുട്ടിക്കുന്ന ഒരു സ്വപ്നത്തിന്റെ അകത്തായിപ്പോവുന്നത് ഒരു വെര്‍ച്ച്വല്‍ അനുഭവമായിരിക്കണം എന്നു പറഞ്ഞു വന്നതാണ്. സ്വന്തം ഇഷ്ടത്തിനു നിയന്ത്രിക്കാന്‍ കഴിയാത്തതായിട്ട് സ്വപ്നവും മരണവും പൊലെ മറ്റെന്തുണ്ട്?

നജൂസ്‌ said...

രംഗബോധമില്ലാ എന്നുള്ളതെത്ര ശരി. ഇല്ലെങ്കിലുണ്ടോ ഇത്ര സമാധാനമുള്ളൊരിടത്ത്‌ നിന്ന്‌ ഒന്ന്‌ ചുണ്ടനക്കാനനുവതിക്കാതെ.. :(

പാമരന്‍ said...

like it! had a simillar idea -turned out to be a disaster on paper. you did it great!

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ശ്രീ,മനോഹരമായി എഴുതിയിരിക്കുന്നു. (ആശുപത്രിയുടെ ടെറസില്‍ കയറി നിന്നു കാഴ്ച്ചകള്‍ കാണുന്ന മറ്റൊരു കഥ ഒാര്‍മ്മ വന്നു) നല്ല നല്ല കഥകള്‍ വീണ്ടും ബൂലോകത്ത്‌ വന്നു തുടങ്ങി എന്നത്‌ കഥയില്‍ പറയുന്നതു പോലെ നല്ല മറ്റൊരുതുടക്കമാവട്ടെ. വളരെ നന്ദി.

സനാതനൻ | sanathanan said...

പഴയ വിഷയം അധികം പുതുമയൊന്നുമില്ലാതെ ഫ്ലാറ്റായി അവതരിപ്പിച്ചിരിക്കുന്നതിന്റെ കുഴപ്പം നിറഞ്ഞ ഒരു കഥ ;)

sree said...

@ സനല്‍ , കാത്തിരുന്ന വസന്തം ;) ഇതിന്റെ ഒരു കിക്കെയ് ! ഇതുകൊണ്ടെങ്കിലും നന്നാവുമായിരിക്കും :(

എല്ലാരുടെം ഇഷ്ടോം അനിഷ്ടോം എടുത്തുവച്ചിരിക്കുന്നു. ഇതിനൊക്കെ വേണ്ടിയല്ലെ ഈ സ്ഥലം :)

നന്ദ said...

.. എന്നാലും രസമായിരുന്നു വായിക്കാന്‍.

അരുണ്‍ ചുള്ളിക്കല്‍ said...

ഇത് റെവെലേഷന്‍ വായിക്കുന്ന പോലെ ഉണ്ടല്ലോ ശ്രീ...നന്നായി...

വയനാടന്‍ said...

ആശയത്തിന്റെ പുതുമക്കുറവിലും കഥ മനോഹരമായി പറഞ്ഞിരിക്കുന്നു.:)

Jayesh San / ജ യേ ഷ് said...

ഇഷ്ടം

kichu / കിച്ചു said...

സ്വപ്നം ഇഷ്ടായി :)

Bijoy said...

Dear sree

Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://ladylazarusspage.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

A man without any mask said...

!!!!!!!Super!!!!!!!

Post a Comment