Thursday, November 12, 2009

റില്‍കെയുടെ കത്ത്

(വിഖ്യാത ജര്‍മന്‍ കവി റില്‍കെ 1902ല്‍ പത്തൊമ്പതുകാരനായ ഒരു വിദ്യാര്‍ത്ഥിക്ക് കവിതയേക്കുറിച്ചും സര്‍ഗ്ഗാത്മകതയെക്കുറിച്ചും എഴുതിയ കത്തുകളാണ് "letters to a young poet". യുക്തിവാദം, ഒറ്റപ്പെടല്‍, ലൈംഗികത തുടങ്ങിയ പല വിഷയങ്ങളും സ്പര്‍ശിക്കുന്ന കത്തുകളില്‍ അടങ്ങാത്തത് ഒന്നേ ഉള്ളു. വായിക്കാനാവശ്യപ്പെട്ട കവിതകളുടെ വിമര്‍ശനം. സര്‍ഗ്ഗാത്മകത ഒരു അവസ്ഥയാണെന്നും, സ്രഷ്ടാവ് എന്ന വ്യക്തി സൃഷ്ടികര്‍മ്മത്തിലൂടെ തന്നിലേക്ക് ചുരുങ്ങുകയല്ല ലോകത്തിലേക്ക് വ്യാപിക്കുകയാണ് എന്നും ഓര്‍മ്മിപ്പിക്കുന്നു ആദ്യത്തെ കത്ത്. ആത്യന്തികമായി കലാകാരന് ഉത്തരവാദിത്വം തന്നോടു തന്നെയാണെന്ന യുക്തി ബ്ലോഗെഴുത്തിന്റെ കാലത്തും പ്രസക്തമാണെന്നു തോന്നി. ചിലര്‍ എഴുതുന്നത് മനസ്സിലാവുന്നില്ല, എഴുത്തും വായനയും ജനകീയമാവണം, ആരാണ് മുന്തിയ കവി/എഴുത്തുകാരന്‍, എല്ലാം മനസ്സിലാക്കിത്തരുന്നവനാണോ എല്ലാത്തരം മനസ്സിലാവലുകളെയും വെല്ലുവിളിക്കുന്നവനാണോ, എഴുതിയവന് എഴുതിയതു മനസ്സിലാവുന്നുണ്ടോ എന്നൊക്കെയുള്ള വിവാദങ്ങള്‍/വിലാപങ്ങള്‍ കൊഴുക്കുന്ന ഭൂമികയില്‍ നിന്നു കൊണ്ട് സ്വയം ത്യജിക്കലും ആത്മപരിശോധനയുമാണ് കല എന്നു വിളിച്ചുചൊല്ലുന്ന ആശയത്തെ അനുരണനം ചെയ്യുന്നത് സത്യത്തില്‍ വ്യക്തിപരമായ ഒരു ആത്മപരിശോധനയുടെയും ഭാഗമാണ് എന്ന് കൂട്ടുക. റില്‍കെയുടെ ആദ്യത്തെ കത്തിന്റെ ഒരു സ്വതന്ത്രപരിഭാഷാവ്യായാമം.)

പ്രിയ സര്‍ ,

താങ്കളുടെ കത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വന്നത്. എന്നില്‍ അര്‍പ്പിക്കുന്ന മഹത്തായ ഈ വിശ്വാസത്തിന് നന്ദി. അത്രമാത്രമേ എനിക്ക് പറയാനാവുകയുള്ളു. താങ്കളുടെ കവിതയെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് കഴിയില്ല. വിമര്‍ശനം എനിക്ക് അന്യമാണ്. ഒരു കലാസൃഷ്ടിയെ ഏറ്റവും ഹീനമായി സ്പര്‍ശിക്കുന്നതിന് വിമര്‍ശനത്തേപ്പോലെ മറ്റൊന്നില്ല. കാരണം വിമര്‍ശനം പലപ്പോഴും, കൂടിയും കുറഞ്ഞും അളവില്‍, നിര്‍ഭാഗ്യകരമായ തെറ്റിദ്ധാരണകളില്‍ നിന്ന് ഉണ്ടാകുന്നതാണ്. വസ്തുതകള്‍ പലപ്പോഴും ആളുകള്‍ നമ്മെ വിശ്വസിപ്പിക്കുന്നതുപോലെ സ്പര്‍ശവേദ്യമായതും പറഞ്ഞുതീര്‍ക്കാവുന്നതുമല്ല. യഥാര്‍ത്ഥത്തില്‍ മിക്ക അനുഭവങ്ങളും വചനാതീതവും, വാക്കുകള്‍ പ്രവേശിച്ചിട്ടില്ലാത്ത സ്ഥലികളില്‍ സംഭവിക്കുന്നതുമാണ്. എല്ലാറ്റിനുമുപരി വചനാതീതമായവയാണ് കലാസൃഷ്ടികള്‍ ; നമ്മുടെയൊക്കെ അചിരമായ കൊച്ചുജീവിതങ്ങളോട് ചേര്‍ന്ന നിഗൂഢമായ നിലനില്‍പ്പുകള്‍ .

ഇത്രയും ആമുഖമായി രേഖപ്പെടുത്തി ഞാന്‍ പറയട്ടെ, താങ്കളുടെ കവിതകള്‍ക്ക് തനതായ ഒരു രീതിയില്ല, വളരെ വ്യക്തിപരമായ ചിലതിന്റെ നിശ്ബ്ദവും പരോക്ഷവുമായ തുടക്കങ്ങള്‍ അവയില്‍ ഉണ്ടെങ്കിലും. “എന്റെ ആത്മാവ്” എന്ന അവസാനത്തെ കവിതയില്‍ പ്രത്യേകിച്ചും കാണാവുന്നതാണ് ഇത്. താങ്കളുടേതായ എന്തോ ഒന്ന് വാക്കും സംഗീതവും ആകാന്‍ പരിശ്രമിക്കുന്നുണ്ടവിടെ. “ലിയോപാര്‍ഡിക്ക്” എന്ന സുന്ദരമായ കവിതയിലാകട്ടെ ഏകാകിയായ ആ മഹസ്വിയുമായി ഒരു ബന്ധുത്വം തന്നെ തെളിഞ്ഞുവരുന്നുണ്ട്. എന്നിരുന്നാലും കവിതകള്‍ സ്വതന്ത്രമായിട്ടില്ല, സ്വയം അവ ഒന്നുമാകുന്നില്ല, മേല്‍പ്പറഞ്ഞ കവിതയടക്കം. കവിതകള്‍ക്കൊപ്പം അയച്ച താങ്കളുടെ കത്ത് എന്റെ വായനയിലെ പല തെറ്റുകുറ്റങ്ങളും വ്യക്തമാക്കി തരുന്നു, അവയെ പ്രത്യേകം എടുത്തുപറയാന്‍ എനിക്ക് കഴിയുകയില്ലെങ്കിലും.

താങ്കളുടെ വരികള്‍ നല്ലതാണോ എന്ന് താങ്കള്‍ ചോദിക്കുന്നു. എന്നോട് ചോദിക്കുന്നതുപോലെ മുന്‍പ് പലരോടും ചോദിച്ചിരിക്കണം. താങ്കള്‍ കവിതകള്‍ ആനുകാലികങ്ങളിലേക്ക് അയക്കുന്നു. മറ്റുകവിതകളുമായി താരതമ്യം ചെയ്യുന്നു, പത്രാധിപര്‍ കവിത തിരിച്ചയക്കുമ്പോള്‍ വിഷമിക്കുന്നു. എന്നോട് അഭിപ്രായം ചോദിച്ചതുകൊണ്ട് ഞാന്‍ പറയട്ടെ, ഇങ്ങനെ ചെയ്യുന്നത് നിര്‍ത്തുക. താങ്കള്‍ പുറത്തേക്കാണ് നോക്കുന്നത്, ഈ അവസ്ഥയില്‍ അതാണ് ചെയ്യാതിരിക്കേണ്ടതും. താങ്കളെ ഉപദേശിക്കാനോ സഹായിക്കാനോ ആര്‍ക്കും ആകില്ല. ചെയ്യാവുന്നത് ഒന്നേയുള്ളു. താങ്കളിലേക്ക് തന്നെ പ്രവേശിക്കുക. എഴുതാന്‍ ആഞ്ജാപിക്കുന്ന കാരണം എന്തെന്ന്‍ കണ്ടുപിടിക്കുക, ആ കാരണം, അതിന്റെ വേര്, താങ്കളുടെ ആഴങ്ങളിലേക്ക് പടര്‍ത്തുന്നുണ്ടോ എന്ന് ചികയുക. എഴുതുന്നത് തടയപ്പെട്ടാല്‍ മരിക്കേണ്ടിവരുമോ എന്ന് സ്വയം ചോദിച്ച് ഏറ്റുപറയുക.

രാത്രിയുടെ നിശബ്ദതയില്‍ സ്വയം ചോദിക്കുക, “ഞാന്‍ എഴുതണമോ?” ആഴമേറിയ ഉത്തരങ്ങള്‍ക്കായി സ്വയം കുഴിക്കുക. എന്നിട്ട് ഉത്തരം മുഴങ്ങുന്നുവെങ്കില്‍, പ്രൌഢവും അഗാധവും ആയ ഈ ചോദ്യത്തിന് ശക്തവും ലളിതവുമായ “വേണം” എന്ന ഉത്തരം കിട്ടുന്നെങ്കില്‍, താങ്കളുടെ ജീവിതത്തെ ഈ ആവശ്യത്തിനുവേണ്ടി സൃഷ്ടിച്ചെടുക്കുക. താങ്കളുടെ ജീവിതത്തിലെ ഏറ്റവും എളിയതും ഏറ്റവും അപ്രസ്ക്തമായതും ആയ നിമിഷങ്ങള്‍ പോലും ഈ ഉള്‍വിളിയുടെ സാക്ഷ്യവും ചിഹ്നവുമാവണം. താങ്കള്‍ പ്രകൃതിയിലേക്ക് ചേരണം. ഇന്നേവരെ ആരും ഇതിനു ശ്രമിച്ചിട്ടില്ലാ എന്നപോലെ കാണുന്നതും അനുഭവിക്കുന്നതും സ്നേഹിക്കുന്നതും നഷ്ടപ്പെടുന്നതുമായതിനെപ്പറ്റി പറയണം.

പ്രണയകവിതകള്‍ എഴുതരുത്. അനായാസവും സാധാരണവുമായതിനെ ഒഴിവാക്കുക. സത്യത്തില്‍ സമൃദ്ധമായ ഒരു മഹത്പാരമ്പര്യം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ തനതായ ഒന്ന് സൃഷ്ടിച്ചെടുക്കുന്നത് ഏറ്റവും ക്ലേശകരമാണ്. വിളഞ്ഞുപാകപ്പെട്ട അപാരമായ സര്‍ഗ്ഗശക്തി ആവശ്യമാണ് അതിന്. അതുകൊണ്ട് സര്‍വ്വസാധാരണമായ വിഷയങ്ങളില്‍ നിന്ന് സ്വയം രക്ഷപ്പെടുത്തുക.


ദൈനംദിന ജീവിതം തരുന്നത് ഉപയോഗിക്കുക. സ്വന്തം ദു:ഖങ്ങളും, ആശകളും, മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളും ചില സൌന്ദര്യങ്ങളെക്കുറിച്ചുള്ള വിശ്വാസങ്ങളും എല്ലാം വര്‍ണ്ണിക്കുക. നിശ്ബ്ദവും, വിനീതവും, ആത്മാര്‍ത്ഥവുമായി ഹൃദയത്തില്‍ തൊട്ട് വര്‍ണ്ണിക്കുക. ആത്മാവിഷ്കാരത്തിന് ചുറ്റുമുള്ളതൊക്കെയും ഉപയോഗിക്കുക, സപ്നങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളോ ഓര്‍മ്മയില്‍ ഉള്ള വസ്തുക്കളോ എന്തും.

സ്വന്തം ജീവിതം തുച്ഛമാണ് എന്നു തോന്നുന്നെങ്കില്‍ ജീവിതത്തെയല്ല സ്വയം പഴിക്കുക. തുച്ഛമായതില്‍ നിന്ന് സമൃദ്ധി കൊയ്യാന്‍ വേണ്ടത്രയും കവിയായിട്ടില്ല എന്ന് സ്വയം അംഗീകരിക്കുക. കാരണം സൃഷ്ടിക്കുന്നവന് ദാരിദ്ര്യമില്ല; ദരിദ്രമായതോ അപ്രസക്തമായതോ ഒന്നുമില്ല. നിങ്ങള്‍ ലോകത്തിന്റെ ശബ്ദമൊന്നും കേള്‍ക്കാനാവാത്ത തുറുങ്കില്‍ ആണേന്നു വയ്കുക. അപ്പോഴും നിങ്ങള്‍ക്ക് നിങ്ങളുടെ ബാല്യം ഉണ്ടാവുമല്ലോ. അമൂല്യമായ അതിന്റെ ഓര്‍മ്മകളുടെ തിളക്കവും? അതിലേക്ക് ശ്രദ്ധ തിരിക്കൂ. മുങ്ങിക്കൊണ്ടിരിക്കുന്ന ബൃഹത്തായ ഒരു ഭൂതകാലം ഇല്ലെ, അതിനെ ഉണര്‍ത്തിയെടുക്കൂ; നിങ്ങളുടെ വ്യക്തിത്വം ശക്തമാവുകയും, ഏകാന്തത വിപുലമാവുകയും ചെയ്യുന്നതും, സ്വയം സൃഷ്ടിച്ച ആ തൃസന്ധ്യയില്‍ പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ അകലെനിന്നെന്നോണം നിങ്ങളെ സ്പര്‍ശിച്ച് കടന്നുപോവുകയും ചെയ്യും. ഈ അകംവാഴ്വില്‍ നിന്ന് ഒരു കവിത പിറന്നാല്‍ മറ്റൊരാളോട് ഇത് നല്ലതാണോ എന്ന് ചോദിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുക പോലും ഇല്ല. ഒരു ആനുകാലികത്തിന്റെ ശ്രദ്ധയും അതിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കില്ല. കാരണം അത് താങ്കളുടെ സ്വകാര്യ സ്വത്താണ്, ജീവിതം തന്നെയാണ്, ജീവനില്‍ നിന്ന് ഒരു സ്വരമാണ്. കഠിനമായ ആവശ്യത്തില്‍ നിന്ന് ജനിച്ചതാകുമ്പോള്‍ കലാസൃഷ്ടി ഉത്തമമാകുന്നു. അതിന്റെ മൂല്യത്തെക്കുറിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ ഇതേ മാര്‍ഗ്ഗമുള്ളു. അതുകൊണ്ട്, എനിക്ക് ഉപദേശിക്കാനാവുകയില്ല ആദരണീയനായ സുഹൃത്തേ എന്നാല്‍ ഇത്രയും പറയാം ; നിങ്ങളിലേക്കു തന്നെ പോവുക. നിങ്ങളുടെ ജീവന്‍ ഒഴുകിത്തുടങ്ങുന്നയിടം കാണുക. അതിന്റെ ഉല്‍ഭവസ്ഥലത്ത് നിങ്ങള്‍ സൃഷ്ടിക്കേണമോ എന്ന ചോദ്യത്തിനുത്തരം കാണും. ആ ഉത്തരത്തിനു വഴങ്ങുക, അതിനെ വ്യാഖ്യാനിക്കാതിരിക്കുക. കലാകാരനാകുവാനുള്ള ഉള്‍വിളി നിങ്ങളില്‍ ഉണ്ടെന്ന് ഒരുപക്ഷെ നിങ്ങള്‍ തിരിച്ചറിയും. അങ്ങിനെയെങ്കില്‍ ആ വിധി ഏല്‍ക്കുക, അതിന്റെ വലിപ്പവും ഭാരവും പേറുക, പുറത്തു നിന്ന് കിട്ടിയേക്കാവുന്ന പ്രതിഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ തന്നെ. കാരണം സ്രഷ്ടാവ് സ്വയം ഒരു ലോകമായിരിക്കണം. അവന്‍ തന്നില്‍ എല്ലാം കാണുന്നു, സ്വജീവിതം സ്വന്തം പ്രകൃതിക്കു സമര്‍പ്പിക്കുന്നു.

എന്നാല്‍ തന്നിലേക്കുള്ള ഇറക്കത്തിനൊടുവില്‍ സൃഷ്ടിക്കുക എന്ന വിധിയെ തിരസ്കരിക്കേണ്ടി വരികയാണെങ്കില്‍ ഒരിക്കലും ഒന്നും എഴുതരുത്. അങ്ങിനെയെങ്കില്‍പ്പോലും ഈ ആത്മപരിശോധന പാഴായിപ്പോവുകയില്ല. താങ്കളുടെ ജീവിതം അവിടെനിന്നും അതിന്റെ വഴികള്‍ സ്വയം കണ്ടെത്തിയിരിക്കും. നല്ലതും സമൃദ്ധവും വിശാലവുമായ വഴികളായിരിക്കും അവ എന്ന് ഞാന്‍ ആശംസിക്കട്ടെ.

മറ്റെന്തുപറയാന്‍ ? എല്ലാറ്റിനും അതിന്റേതായ യുക്തി ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. മനസ്സുറപ്പോടെ നിശബ്ദമായി വളരുക. വളരുന്ന വഴികളില്‍ ജീവിതത്തിനെ നാം ഏറ്റവും ബലാല്‍ക്കാരമായി അസ്ഥിരപ്പെടുത്തുന്നത് പ്രതിവചനങ്ങള്‍ അന്വേഷിച്ചും കാത്തിരുന്നുമാണ് ; മൂകതീക്ഷ്ണമായ നിമിഷങ്ങളില്‍ ആത്മനാ തെളിയാവുന്ന ഉത്തരങ്ങള്‍ക്കുവേണ്ടി പുറമേ അന്വേഷിച്ചുകൊണ്ട്.

പ്രൊഫെസര്‍ ഹൊറാസെകിനേക്കുറിച്ച് കത്തില്‍ സൂചിപ്പിച്ചതില്‍ വളരെ സന്തോഷമുണ്ട്. ദയാലുവും പ്രബുദ്ധനുമായ ആ വ്യക്തിയോട് വര്‍ഷങ്ങളായി എനിക്ക് അപാരമായ ആദരവും നന്ദിയുമുണ്ട്. അദ്ദേഹം എന്നെ ഓര്‍ത്തതില്‍ അതിയായ സന്തോഷം തോന്നുന്നു എന്നറിയിക്കുമോ.

എന്നെ ഏല്‍പ്പിച്ച കവിതകള്‍ തിരിച്ചയക്കുന്നു. താങ്കളുടെ ചോദ്യങ്ങള്‍ക്കും എന്നിലുള്ള ആത്മാര്‍ത്ഥമായ വിശ്വാസത്തിനും ഒരിക്കല്‍ക്കൂടി നന്ദി. അവയ്ക്ക് എന്നാലാവും വിധം സത്യസന്ധമായി ഉത്തരം പറഞ്ഞ് തീര്‍ത്തും അപരിചിതനായ ഒരു വ്യക്തി എന്ന നിലയില്‍ നിന്നും അല്പം കൂടിയ അര്‍ഹത എനിക്ക് കൈവരുത്താന്‍ ശ്രമിക്കുകയായിരുന്നു.

Rilke, Letters to a young poet, Stephen Mitchell translation can be read here