Thursday, November 12, 2009

റില്‍കെയുടെ കത്ത്

(വിഖ്യാത ജര്‍മന്‍ കവി റില്‍കെ 1902ല്‍ പത്തൊമ്പതുകാരനായ ഒരു വിദ്യാര്‍ത്ഥിക്ക് കവിതയേക്കുറിച്ചും സര്‍ഗ്ഗാത്മകതയെക്കുറിച്ചും എഴുതിയ കത്തുകളാണ് "letters to a young poet". യുക്തിവാദം, ഒറ്റപ്പെടല്‍, ലൈംഗികത തുടങ്ങിയ പല വിഷയങ്ങളും സ്പര്‍ശിക്കുന്ന കത്തുകളില്‍ അടങ്ങാത്തത് ഒന്നേ ഉള്ളു. വായിക്കാനാവശ്യപ്പെട്ട കവിതകളുടെ വിമര്‍ശനം. സര്‍ഗ്ഗാത്മകത ഒരു അവസ്ഥയാണെന്നും, സ്രഷ്ടാവ് എന്ന വ്യക്തി സൃഷ്ടികര്‍മ്മത്തിലൂടെ തന്നിലേക്ക് ചുരുങ്ങുകയല്ല ലോകത്തിലേക്ക് വ്യാപിക്കുകയാണ് എന്നും ഓര്‍മ്മിപ്പിക്കുന്നു ആദ്യത്തെ കത്ത്. ആത്യന്തികമായി കലാകാരന് ഉത്തരവാദിത്വം തന്നോടു തന്നെയാണെന്ന യുക്തി ബ്ലോഗെഴുത്തിന്റെ കാലത്തും പ്രസക്തമാണെന്നു തോന്നി. ചിലര്‍ എഴുതുന്നത് മനസ്സിലാവുന്നില്ല, എഴുത്തും വായനയും ജനകീയമാവണം, ആരാണ് മുന്തിയ കവി/എഴുത്തുകാരന്‍, എല്ലാം മനസ്സിലാക്കിത്തരുന്നവനാണോ എല്ലാത്തരം മനസ്സിലാവലുകളെയും വെല്ലുവിളിക്കുന്നവനാണോ, എഴുതിയവന് എഴുതിയതു മനസ്സിലാവുന്നുണ്ടോ എന്നൊക്കെയുള്ള വിവാദങ്ങള്‍/വിലാപങ്ങള്‍ കൊഴുക്കുന്ന ഭൂമികയില്‍ നിന്നു കൊണ്ട് സ്വയം ത്യജിക്കലും ആത്മപരിശോധനയുമാണ് കല എന്നു വിളിച്ചുചൊല്ലുന്ന ആശയത്തെ അനുരണനം ചെയ്യുന്നത് സത്യത്തില്‍ വ്യക്തിപരമായ ഒരു ആത്മപരിശോധനയുടെയും ഭാഗമാണ് എന്ന് കൂട്ടുക. റില്‍കെയുടെ ആദ്യത്തെ കത്തിന്റെ ഒരു സ്വതന്ത്രപരിഭാഷാവ്യായാമം.)

പ്രിയ സര്‍ ,

താങ്കളുടെ കത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വന്നത്. എന്നില്‍ അര്‍പ്പിക്കുന്ന മഹത്തായ ഈ വിശ്വാസത്തിന് നന്ദി. അത്രമാത്രമേ എനിക്ക് പറയാനാവുകയുള്ളു. താങ്കളുടെ കവിതയെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് കഴിയില്ല. വിമര്‍ശനം എനിക്ക് അന്യമാണ്. ഒരു കലാസൃഷ്ടിയെ ഏറ്റവും ഹീനമായി സ്പര്‍ശിക്കുന്നതിന് വിമര്‍ശനത്തേപ്പോലെ മറ്റൊന്നില്ല. കാരണം വിമര്‍ശനം പലപ്പോഴും, കൂടിയും കുറഞ്ഞും അളവില്‍, നിര്‍ഭാഗ്യകരമായ തെറ്റിദ്ധാരണകളില്‍ നിന്ന് ഉണ്ടാകുന്നതാണ്. വസ്തുതകള്‍ പലപ്പോഴും ആളുകള്‍ നമ്മെ വിശ്വസിപ്പിക്കുന്നതുപോലെ സ്പര്‍ശവേദ്യമായതും പറഞ്ഞുതീര്‍ക്കാവുന്നതുമല്ല. യഥാര്‍ത്ഥത്തില്‍ മിക്ക അനുഭവങ്ങളും വചനാതീതവും, വാക്കുകള്‍ പ്രവേശിച്ചിട്ടില്ലാത്ത സ്ഥലികളില്‍ സംഭവിക്കുന്നതുമാണ്. എല്ലാറ്റിനുമുപരി വചനാതീതമായവയാണ് കലാസൃഷ്ടികള്‍ ; നമ്മുടെയൊക്കെ അചിരമായ കൊച്ചുജീവിതങ്ങളോട് ചേര്‍ന്ന നിഗൂഢമായ നിലനില്‍പ്പുകള്‍ .

ഇത്രയും ആമുഖമായി രേഖപ്പെടുത്തി ഞാന്‍ പറയട്ടെ, താങ്കളുടെ കവിതകള്‍ക്ക് തനതായ ഒരു രീതിയില്ല, വളരെ വ്യക്തിപരമായ ചിലതിന്റെ നിശ്ബ്ദവും പരോക്ഷവുമായ തുടക്കങ്ങള്‍ അവയില്‍ ഉണ്ടെങ്കിലും. “എന്റെ ആത്മാവ്” എന്ന അവസാനത്തെ കവിതയില്‍ പ്രത്യേകിച്ചും കാണാവുന്നതാണ് ഇത്. താങ്കളുടേതായ എന്തോ ഒന്ന് വാക്കും സംഗീതവും ആകാന്‍ പരിശ്രമിക്കുന്നുണ്ടവിടെ. “ലിയോപാര്‍ഡിക്ക്” എന്ന സുന്ദരമായ കവിതയിലാകട്ടെ ഏകാകിയായ ആ മഹസ്വിയുമായി ഒരു ബന്ധുത്വം തന്നെ തെളിഞ്ഞുവരുന്നുണ്ട്. എന്നിരുന്നാലും കവിതകള്‍ സ്വതന്ത്രമായിട്ടില്ല, സ്വയം അവ ഒന്നുമാകുന്നില്ല, മേല്‍പ്പറഞ്ഞ കവിതയടക്കം. കവിതകള്‍ക്കൊപ്പം അയച്ച താങ്കളുടെ കത്ത് എന്റെ വായനയിലെ പല തെറ്റുകുറ്റങ്ങളും വ്യക്തമാക്കി തരുന്നു, അവയെ പ്രത്യേകം എടുത്തുപറയാന്‍ എനിക്ക് കഴിയുകയില്ലെങ്കിലും.

താങ്കളുടെ വരികള്‍ നല്ലതാണോ എന്ന് താങ്കള്‍ ചോദിക്കുന്നു. എന്നോട് ചോദിക്കുന്നതുപോലെ മുന്‍പ് പലരോടും ചോദിച്ചിരിക്കണം. താങ്കള്‍ കവിതകള്‍ ആനുകാലികങ്ങളിലേക്ക് അയക്കുന്നു. മറ്റുകവിതകളുമായി താരതമ്യം ചെയ്യുന്നു, പത്രാധിപര്‍ കവിത തിരിച്ചയക്കുമ്പോള്‍ വിഷമിക്കുന്നു. എന്നോട് അഭിപ്രായം ചോദിച്ചതുകൊണ്ട് ഞാന്‍ പറയട്ടെ, ഇങ്ങനെ ചെയ്യുന്നത് നിര്‍ത്തുക. താങ്കള്‍ പുറത്തേക്കാണ് നോക്കുന്നത്, ഈ അവസ്ഥയില്‍ അതാണ് ചെയ്യാതിരിക്കേണ്ടതും. താങ്കളെ ഉപദേശിക്കാനോ സഹായിക്കാനോ ആര്‍ക്കും ആകില്ല. ചെയ്യാവുന്നത് ഒന്നേയുള്ളു. താങ്കളിലേക്ക് തന്നെ പ്രവേശിക്കുക. എഴുതാന്‍ ആഞ്ജാപിക്കുന്ന കാരണം എന്തെന്ന്‍ കണ്ടുപിടിക്കുക, ആ കാരണം, അതിന്റെ വേര്, താങ്കളുടെ ആഴങ്ങളിലേക്ക് പടര്‍ത്തുന്നുണ്ടോ എന്ന് ചികയുക. എഴുതുന്നത് തടയപ്പെട്ടാല്‍ മരിക്കേണ്ടിവരുമോ എന്ന് സ്വയം ചോദിച്ച് ഏറ്റുപറയുക.

രാത്രിയുടെ നിശബ്ദതയില്‍ സ്വയം ചോദിക്കുക, “ഞാന്‍ എഴുതണമോ?” ആഴമേറിയ ഉത്തരങ്ങള്‍ക്കായി സ്വയം കുഴിക്കുക. എന്നിട്ട് ഉത്തരം മുഴങ്ങുന്നുവെങ്കില്‍, പ്രൌഢവും അഗാധവും ആയ ഈ ചോദ്യത്തിന് ശക്തവും ലളിതവുമായ “വേണം” എന്ന ഉത്തരം കിട്ടുന്നെങ്കില്‍, താങ്കളുടെ ജീവിതത്തെ ഈ ആവശ്യത്തിനുവേണ്ടി സൃഷ്ടിച്ചെടുക്കുക. താങ്കളുടെ ജീവിതത്തിലെ ഏറ്റവും എളിയതും ഏറ്റവും അപ്രസ്ക്തമായതും ആയ നിമിഷങ്ങള്‍ പോലും ഈ ഉള്‍വിളിയുടെ സാക്ഷ്യവും ചിഹ്നവുമാവണം. താങ്കള്‍ പ്രകൃതിയിലേക്ക് ചേരണം. ഇന്നേവരെ ആരും ഇതിനു ശ്രമിച്ചിട്ടില്ലാ എന്നപോലെ കാണുന്നതും അനുഭവിക്കുന്നതും സ്നേഹിക്കുന്നതും നഷ്ടപ്പെടുന്നതുമായതിനെപ്പറ്റി പറയണം.

പ്രണയകവിതകള്‍ എഴുതരുത്. അനായാസവും സാധാരണവുമായതിനെ ഒഴിവാക്കുക. സത്യത്തില്‍ സമൃദ്ധമായ ഒരു മഹത്പാരമ്പര്യം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ തനതായ ഒന്ന് സൃഷ്ടിച്ചെടുക്കുന്നത് ഏറ്റവും ക്ലേശകരമാണ്. വിളഞ്ഞുപാകപ്പെട്ട അപാരമായ സര്‍ഗ്ഗശക്തി ആവശ്യമാണ് അതിന്. അതുകൊണ്ട് സര്‍വ്വസാധാരണമായ വിഷയങ്ങളില്‍ നിന്ന് സ്വയം രക്ഷപ്പെടുത്തുക.


ദൈനംദിന ജീവിതം തരുന്നത് ഉപയോഗിക്കുക. സ്വന്തം ദു:ഖങ്ങളും, ആശകളും, മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളും ചില സൌന്ദര്യങ്ങളെക്കുറിച്ചുള്ള വിശ്വാസങ്ങളും എല്ലാം വര്‍ണ്ണിക്കുക. നിശ്ബ്ദവും, വിനീതവും, ആത്മാര്‍ത്ഥവുമായി ഹൃദയത്തില്‍ തൊട്ട് വര്‍ണ്ണിക്കുക. ആത്മാവിഷ്കാരത്തിന് ചുറ്റുമുള്ളതൊക്കെയും ഉപയോഗിക്കുക, സപ്നങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളോ ഓര്‍മ്മയില്‍ ഉള്ള വസ്തുക്കളോ എന്തും.

സ്വന്തം ജീവിതം തുച്ഛമാണ് എന്നു തോന്നുന്നെങ്കില്‍ ജീവിതത്തെയല്ല സ്വയം പഴിക്കുക. തുച്ഛമായതില്‍ നിന്ന് സമൃദ്ധി കൊയ്യാന്‍ വേണ്ടത്രയും കവിയായിട്ടില്ല എന്ന് സ്വയം അംഗീകരിക്കുക. കാരണം സൃഷ്ടിക്കുന്നവന് ദാരിദ്ര്യമില്ല; ദരിദ്രമായതോ അപ്രസക്തമായതോ ഒന്നുമില്ല. നിങ്ങള്‍ ലോകത്തിന്റെ ശബ്ദമൊന്നും കേള്‍ക്കാനാവാത്ത തുറുങ്കില്‍ ആണേന്നു വയ്കുക. അപ്പോഴും നിങ്ങള്‍ക്ക് നിങ്ങളുടെ ബാല്യം ഉണ്ടാവുമല്ലോ. അമൂല്യമായ അതിന്റെ ഓര്‍മ്മകളുടെ തിളക്കവും? അതിലേക്ക് ശ്രദ്ധ തിരിക്കൂ. മുങ്ങിക്കൊണ്ടിരിക്കുന്ന ബൃഹത്തായ ഒരു ഭൂതകാലം ഇല്ലെ, അതിനെ ഉണര്‍ത്തിയെടുക്കൂ; നിങ്ങളുടെ വ്യക്തിത്വം ശക്തമാവുകയും, ഏകാന്തത വിപുലമാവുകയും ചെയ്യുന്നതും, സ്വയം സൃഷ്ടിച്ച ആ തൃസന്ധ്യയില്‍ പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ അകലെനിന്നെന്നോണം നിങ്ങളെ സ്പര്‍ശിച്ച് കടന്നുപോവുകയും ചെയ്യും. ഈ അകംവാഴ്വില്‍ നിന്ന് ഒരു കവിത പിറന്നാല്‍ മറ്റൊരാളോട് ഇത് നല്ലതാണോ എന്ന് ചോദിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുക പോലും ഇല്ല. ഒരു ആനുകാലികത്തിന്റെ ശ്രദ്ധയും അതിലേക്ക് നിങ്ങള്‍ ആകര്‍ഷിക്കില്ല. കാരണം അത് താങ്കളുടെ സ്വകാര്യ സ്വത്താണ്, ജീവിതം തന്നെയാണ്, ജീവനില്‍ നിന്ന് ഒരു സ്വരമാണ്. കഠിനമായ ആവശ്യത്തില്‍ നിന്ന് ജനിച്ചതാകുമ്പോള്‍ കലാസൃഷ്ടി ഉത്തമമാകുന്നു. അതിന്റെ മൂല്യത്തെക്കുറിച്ച് തീര്‍പ്പുകല്‍പ്പിക്കാന്‍ ഇതേ മാര്‍ഗ്ഗമുള്ളു. അതുകൊണ്ട്, എനിക്ക് ഉപദേശിക്കാനാവുകയില്ല ആദരണീയനായ സുഹൃത്തേ എന്നാല്‍ ഇത്രയും പറയാം ; നിങ്ങളിലേക്കു തന്നെ പോവുക. നിങ്ങളുടെ ജീവന്‍ ഒഴുകിത്തുടങ്ങുന്നയിടം കാണുക. അതിന്റെ ഉല്‍ഭവസ്ഥലത്ത് നിങ്ങള്‍ സൃഷ്ടിക്കേണമോ എന്ന ചോദ്യത്തിനുത്തരം കാണും. ആ ഉത്തരത്തിനു വഴങ്ങുക, അതിനെ വ്യാഖ്യാനിക്കാതിരിക്കുക. കലാകാരനാകുവാനുള്ള ഉള്‍വിളി നിങ്ങളില്‍ ഉണ്ടെന്ന് ഒരുപക്ഷെ നിങ്ങള്‍ തിരിച്ചറിയും. അങ്ങിനെയെങ്കില്‍ ആ വിധി ഏല്‍ക്കുക, അതിന്റെ വലിപ്പവും ഭാരവും പേറുക, പുറത്തു നിന്ന് കിട്ടിയേക്കാവുന്ന പ്രതിഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ തന്നെ. കാരണം സ്രഷ്ടാവ് സ്വയം ഒരു ലോകമായിരിക്കണം. അവന്‍ തന്നില്‍ എല്ലാം കാണുന്നു, സ്വജീവിതം സ്വന്തം പ്രകൃതിക്കു സമര്‍പ്പിക്കുന്നു.

എന്നാല്‍ തന്നിലേക്കുള്ള ഇറക്കത്തിനൊടുവില്‍ സൃഷ്ടിക്കുക എന്ന വിധിയെ തിരസ്കരിക്കേണ്ടി വരികയാണെങ്കില്‍ ഒരിക്കലും ഒന്നും എഴുതരുത്. അങ്ങിനെയെങ്കില്‍പ്പോലും ഈ ആത്മപരിശോധന പാഴായിപ്പോവുകയില്ല. താങ്കളുടെ ജീവിതം അവിടെനിന്നും അതിന്റെ വഴികള്‍ സ്വയം കണ്ടെത്തിയിരിക്കും. നല്ലതും സമൃദ്ധവും വിശാലവുമായ വഴികളായിരിക്കും അവ എന്ന് ഞാന്‍ ആശംസിക്കട്ടെ.

മറ്റെന്തുപറയാന്‍ ? എല്ലാറ്റിനും അതിന്റേതായ യുക്തി ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. മനസ്സുറപ്പോടെ നിശബ്ദമായി വളരുക. വളരുന്ന വഴികളില്‍ ജീവിതത്തിനെ നാം ഏറ്റവും ബലാല്‍ക്കാരമായി അസ്ഥിരപ്പെടുത്തുന്നത് പ്രതിവചനങ്ങള്‍ അന്വേഷിച്ചും കാത്തിരുന്നുമാണ് ; മൂകതീക്ഷ്ണമായ നിമിഷങ്ങളില്‍ ആത്മനാ തെളിയാവുന്ന ഉത്തരങ്ങള്‍ക്കുവേണ്ടി പുറമേ അന്വേഷിച്ചുകൊണ്ട്.

പ്രൊഫെസര്‍ ഹൊറാസെകിനേക്കുറിച്ച് കത്തില്‍ സൂചിപ്പിച്ചതില്‍ വളരെ സന്തോഷമുണ്ട്. ദയാലുവും പ്രബുദ്ധനുമായ ആ വ്യക്തിയോട് വര്‍ഷങ്ങളായി എനിക്ക് അപാരമായ ആദരവും നന്ദിയുമുണ്ട്. അദ്ദേഹം എന്നെ ഓര്‍ത്തതില്‍ അതിയായ സന്തോഷം തോന്നുന്നു എന്നറിയിക്കുമോ.

എന്നെ ഏല്‍പ്പിച്ച കവിതകള്‍ തിരിച്ചയക്കുന്നു. താങ്കളുടെ ചോദ്യങ്ങള്‍ക്കും എന്നിലുള്ള ആത്മാര്‍ത്ഥമായ വിശ്വാസത്തിനും ഒരിക്കല്‍ക്കൂടി നന്ദി. അവയ്ക്ക് എന്നാലാവും വിധം സത്യസന്ധമായി ഉത്തരം പറഞ്ഞ് തീര്‍ത്തും അപരിചിതനായ ഒരു വ്യക്തി എന്ന നിലയില്‍ നിന്നും അല്പം കൂടിയ അര്‍ഹത എനിക്ക് കൈവരുത്താന്‍ ശ്രമിക്കുകയായിരുന്നു.

Rilke, Letters to a young poet, Stephen Mitchell translation can be read here

19 comments:

ഗുപ്തന്‍ said...

ഇത് ഭാഷാന്തരം ചെയ്തത് വളരെ നന്നായി ശ്രീ. നന്ദി.

ബ്ലോഗ് പോലെ ഒരു എഴുത്തിടത്തില്‍ എഴുത്തുപഠിക്കുന്നവര്‍ക്ക് വളരെ പ്രസക്തമാണീ ചിന്തകള്‍. കവികള്‍ ഇപ്പോള്‍ കഥയില്ലാത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയാകുന്ന കാലമാണെങ്കില്‍ പോലും
“വളരെ വ്യക്തിപരമായ ചിലതിന്റെ നിശ്ബ്ദവും പരോക്ഷവുമായ തുടക്കങ്ങള്‍“ എന്ന് കവി വിശേഷിപ്പിക്കുന്നതില്‍ നിന്ന് മുന്നോക്കം പോകാനായിട്ടുള്ള ബ്ലോഗ് കവികള്‍ പത്തുശതമാനത്തില്‍ താഴെയാണെന്ന് തോന്നിയിട്ടുണ്ട്. മറ്റു വിഭാഗത്തിലെ രചനകളുടെ അവസ്ഥയും മെച്ചമൊന്നുമല്ല. അപ്രസക്തിയുടെ ആഘോഷമായി ബ്ലോഗെഴുത്ത് മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല.

റില്‍ക്കേയുടെ എഴുത്തിന്റെ ജീവനും ഓജസ്സും വാര്‍ന്നുപോയിട്ടില്ല ഈ ഭാഷാന്തരത്തിലെന്ന് പ്രത്യേകം പറയണമെന്ന് തോന്നി. (ഭാഷാന്തരത്തിന്റെ ഭാഷാന്തരമാണെങ്കിലും.) അഭിനന്ദനങ്ങള്‍.

പ്രത്യക്ഷത്തിലല്ലെങ്കിലും നല്ല കവിതയ്ക്കു നേരേ ഉയരുന്ന കൊലവിളികള്‍ക്കും ഏറ്റവും സൂക്ഷ്മമായ മറുപടി ഇതിലുണ്ടെന്ന് കാണായ്കയല്ല. മറുവശം കൂടുതല്‍ പ്രത്യക്ഷവും ഒരുപക്ഷേ കൂടുതല്‍ പ്രസക്തവുമാണെന്നാണ് എന്റെ അഭിപ്രായം.

-സു‍-|Sunil said...

ithu pusthakamaayi malayalathil iRangiyittuntallo.
(njaanum munp onn paribhaashappetuthiyirunnu ennnaaNente Ormma :)
chintha.com ile tharjaniyil aaNennu thonnunnu)
-S-

സനാതനൻ | sanathanan said...

ഈ പരിഭാഷയ്ക്ക് വളരെ നന്ദി..ഇതിപ്പോൾ വേണ്ടിയിരുന്ന ഒന്നാണ്...ആ കത്തുകൾ മുഴുവനായി ഇവിടെ വായിക്കാം..

ജീവനുള്ള പരിഭാഷ.

സെറീന said...

ഇ.സന്തോഷ്‌ കുമാര്‍ വിവര്‍ത്തനം
ചെയ്തിട്ടുണ്ട്, റില്‍ക്കെയുടെ കത്തുകള്‍,
പാപ്പിയോണ്‍ പബ്ലിഷ് ചെയ്ത പുസ്തകം.
വായനയില്‍ അതില്‍ നിന്നും കൂടുതല്‍
വ്യത്യസ്തത ഒന്നും തോന്നിയില്ല.പക്ഷെ ഗുപ്തനും
സനാതനനും പറഞ്ഞ പോലെ ഇപ്പോള്‍ ഈ വായനയ്ക്ക്
വലിയ പ്രസക്തി ഉണ്ട്, നന്ദി.

sree said...

പരിഭാഷ പുസ്തകമായിട്ടുണ്ടെന്ന് അറിഞ്ഞില്ലായിരുന്നു. ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് തോന്നിയിരുന്നു. ഏതായാലും കിടക്കട്ടെ ഒരു ബ്ലോഗ് പരിഭാഷ ;) സത്യത്തില്‍ പരിഭാഷപ്പെടുത്തുമ്പോള്‍ ചിന്തിച്ച ഒരു കാര്യമുണ്ട്. ഈ സന്ദര്‍ഭത്തിനുവേണ്ടി ഞാന്‍ എഴുതുമ്പോള്‍ എന്റെ വായനയിലും പരിഭാഷയിലും അവസരത്തിന്റെ നിറം ചേരുന്നുണ്ടാവാം എന്ന്. അതുകൊണ്ട് ഇത് പരിഭാഷയേക്കാളും വായനയോ വീക്ഷണമോ ആയി വായിക്കാന്‍ അപേക്ഷ.

ഗുപ്തനും സുനിലിനും സനാതനനും സെറീനയ്ക്കും നന്ദി.

sree said...

സുനിലിന്റെ version തിരഞ്ഞിട്ട് കിട്ടിയില്ല. ലിങ്കാമോ?

-സു‍-|Sunil said...

enikkum link kittiyilla sree. ente backup copy untenkil tharaam. athum uRappilla. Leave it :):):)
-S-

സിമി said...

നല്ല ഭാഷ. എന്നാലും റീല്‍ക്കെ പറഞ്ഞതൊന്നും ഞാന്‍ കേള്‍ക്കൂല്ല. എന്തെഴുതണം, എപ്പൊഴെഴുതണം എന്നുപറയാന്‍ റീല്‍ക്കെയാരാ?

The Prophet Of Frivolity said...

ശ്രീ “മാള്‍ട്ടെ ലോറിഡ്സ്” വായിച്ചോ? അതിലും കവിതയെഴുത്തിനെപ്പറ്റി പറയുന്നുണ്ട്: "one should wait and gather sweetness and light all his life, a long one if possible, and then maybe at the end he might write ten good lines. For poetry isn’t, as people imagine, merely feelings (these come soon enough); it is experiences. To write one line, a man ought to see many cities, people, and things; he must learn to know animals and the way of birds in the air, and how little flowers open in the morning. One must be able to think back the way to unknown places.."

അങ്ങനെ കുറെ. കാര്യല്ലാന്ന് തോന്നും, ഇതൊക്കെപ്പറഞ്ഞിട്ട്. സാധുവായ, ഉള്ളില്‍ത്തൊടുന്ന അനുഭവങ്ങള്‍(Authentic Experience.) എന്നത് പോകെപ്പോകെ അസാധ്യമാവുമ്പോ. പുള്ളിക്കാരന്‍ ആരൂല്ലാത്ത ഒരു കാസിലില്‍ പോയി പിക്കാസോടെ പടത്തിനു താഴെ മൂന്നു മാസമെങ്ങാണ്ട് ഇരുന്നിട്ടുണ്ട്, ആ ജിപ്സികളുടെ സീരീസ്. ഇവിടെ അതിവേഗനെറ്റ് കണക്ഷനെടുത്ത്, അടുത്ത ലിങ്ക് തെളിയുന്നതിന് മുമ്പ് കവിതേടെ അര്‍ത്ഥം മുഴുവന്‍ തെളിഞ്ഞുവരണം. Rilke himself is a metaphor, a rose of pure contradiction.

സന്തോഷ്‌ പല്ലശ്ശന said...

ശ്രീ.... വളരെ നന്ദി...

സിജി said...

:) Thanks

sree said...

സിമിയാ..ദൈവം വിചാരിച്ചാലും നീ നന്നാവില്ല പിന്നാ റില്‍ക്കെ?

പ്രൊഫെറ്റ്, Malte Laurids, Stephen mitchell പരിഭാഷ ഒരിക്കല്‍ കൈയ്യില്‍ തടഞ്ഞിട്ടുണ്ട്. അതെ...ആ “അതിവേഗനെറ്റ്” വേഗവും ഉള്ളില്‍ തറഞ്ഞുനില്‍ക്കുന്ന ആഴവും രണ്ടു തലത്തിലുള്ള അനുഭവങ്ങളും അവയെ സമീകരിക്കാന്‍ ശ്രമിക്കുന്ന പുതിയ കല ( ഗൂഗിളിയന്‍ ഈസ്തെറ്റിക്സ് ;) വളരെ ഐറോനിക്കലായ ഒന്നുമാണ്. എന്നാലും റില്‍കെയുടെ ആശയം പ്രസക്തമാവുന്നത് ഈ ഐറണി കാണാന്‍ വേണ്ടത്രയെങ്കിലും ഉള്ളിലെക്ക് ആന്റിന തിരിക്കേണ്ടിയിരിക്കുന്നു നമ്മള്‍ എന്ന് ഓര്‍മ്മിപ്പിക്കുന്നതു കൊണ്ടാവും. “...അടുത്ത ലിങ്ക് തെളിയുന്നതിന് മുമ്പ് കവിതേടെ അര്‍ത്ഥം മുഴുവന്‍ തെളിഞ്ഞുവരണം.” അതിഷ്ടപ്പെട്ടു!

@ സന്തോഷ്, “മേഘശിലയിലെ കാവ്യചിത്രങ്ങള്‍ “ വായിച്ചു. “പുതുകവിത ജീവിതത്തോടുള്ള വളരെ സ്വാഭാവികമായ പ്രതികരണമാണ്.” എന്ന നിരീക്ഷണം എത്ര ശരിയാണ്. ആ “സ്വാഭാവികത” തന്നെയാണ് പ്രശ്നവും. വളരെ സ്വാഭാവികമായി അനായാസമായി എഴുതുന്നവന്റെ മനസ്സില്‍പ്പോലും ഒരു പോറലേല്‍പ്പിക്കാതെ ഊര്‍ന്നുവീഴുന്നത് നഗ്നത മറയ്ക്കുന്ന ഉടുതുണിമാത്രമല്ലെ?

സിജീ....എന്തോന്നിനാവോ ഒരു dangx! പോയി വല്ല നല്ല കഥേം എഴുതടീ...

The Prophet Of Frivolity said...

Hey, is that your coinage? Googl(i)/(e)an aesthetics? Classic. That term should reach Dreyfus et al. somehow, don't know how though.

ഷൈജു കോട്ടാത്തല said...

മലയാള കവിതയുടെ സമ്പത്ത്‌ വ്യവസ്ഥയില്‍ കള്ള നാണയങ്ങള്‍ വിനിമയം ചെയ്യാന്‍ വരുന്നവര്‍
എന്ന കണ്ണില്‍ പുതു കവികളെ നോക്കി കാണുന്നുണ്ട് ചിലര്‍.
ഈ വായന അതിനെ പൂര്‍ണമായും വിലക്കുന്നില്ല
എങ്കിലും ശോഭനമായ ഒരു ഭാവി ഇവിടെ തുടരുന്ന ഓരോരുത്തര്‍ക്കും
ആശംസിക്കുന്നുണ്ട്‌.അതിനു നന്ദി
പൊട്ടക്കവിതകള്‍ പോസ്റ്റ്‌ ചെയ്തു
അഭിപ്രായങ്ങള്‍ കാത്തു നില്‍ക്കുമ്പോള്‍ അവഗണിച്ച് മാറി നിന്നിട്ട്
കുതിര കേറാന്‍ വരുന്നതിനോട് യോജിയ്ക്കുന്നില്ല
നല്ലതോ ചീത്തയോ വന്നു പറഞ്ഞിട്ട് പോകണം
നാളെ ഞങ്ങള്‍ക്കും നല്ല നാണയങ്ങള്‍ വിനിമയം ചെയ്യരുതോ

sree said...

ഷൈജു, കള്ളനാണയങ്ങള്‍ എന്നൊന്ന് കവിതയില്‍ ഇല്ല.ഇതൊരു വിനിമയമായിക്കാണുന്നതിനോട് തന്നെ എനിക്ക് യോജിപ്പുമില്ല. എഴുതന്നത് “പൊട്ടത്തരം” ആണെന്ന ബോധം പോലെ ഉത്തേജിപ്പിക്കുന്നതും വേറെ ഒന്നുമില്ല. ആത്മനിഷേധത്തിന്റെ ആ അവസ്ഥയില്‍ നിന്നേ നിലനില്‍പ്പുള്ള പത്തുവരിയുണ്ടാകൂ. അടയാളപ്പെടുത്താത്ത ഒരു ഒറ്റത്തടിപ്പാലത്തെപ്പോലെ അവകാശവാദങ്ങള്‍ ഒന്നും ഇല്ലാതെ നിലനില്‍ക്കും ആ വരികള്‍ . അതുകൊണ്ട് എന്തിനു അഭിപ്രായങ്ങള്‍ക്ക് കാക്കണം.

ബ്ലോഗില്‍ കമെന്റ് ഓപ്ഷന്‍ അഭിപ്രായിക്കാനാണ് സാധാരണ ഉപയോഗിച്ചു കാണുന്നത്. പകരം ചര്‍ച്ചകള്‍ അല്ലെ വെണ്ടത്? അതുതന്നെ പ്രസ്തുത വരികളുടെ “ഗുണനിലവാര”ത്തിനപ്പുറം ആ കവിത ഉയര്‍ത്തുന്ന ആശയങ്ങളെക്കുറിച്ചും വിഷയങ്ങളെക്കുറിച്ചും ഒക്കെ ആകുന്നിടത്ത് വരികള്‍ക്കുമപ്പുറം കവിത പിറക്കും. ബ്ലോഗിന്റെ സാധ്യത ഇത്തരത്തില്‍ വളരുന്നതിനുപകരം ഒരു തരം വിലകുറഞ്ഞ സാഹിത്യ വിപണി എന്ന നിലയ്ക്കാവുന്നത് നമ്മുടെയൊക്കെ ഉള്ളില്‍ വേരുറച്ച ചില മനോഭാവങ്ങള്‍ കൊണ്ടാണെന്ന് തോന്നുന്നു. കൂടുതല്‍ പേര്‍ വായിച്ചതുകൊണ്ട് ഒരു സൃഷ്ടിയും മികച്ചതാവില്ല. സാഹിത്യകാനോനുകളില്‍ ഇടം പിടിച്ചതുകൊണ്ടും സിലബസുകളില്‍ ഉള്ളതുകൊണ്ടും നല്ല സൃഷ്ടിയാവണമെന്നില്ല. സൃഷ്ടി അനിവാര്യതയാവണമെന്നതുമാത്രമേ അതിനുള്ള മാനദണ്ഡമുള്ളു എന്ന് റില്‍കെ പറയുന്നത് അതുകൊണ്ടാണ്. കവിത എഴുതുന്നവന്റെ മാത്രം ആവശ്യമാവുന്നത് ഈ നിലയ്ക്കാണ്.

shine അഥവാ കുട്ടേട്ടൻ said...

ഈ പരിഭാഷ ഇപ്പോൾ (ബൂലോകത്തു കവികൾ ബഹളം വെക്കുമ്പോൾ) ഇട്ടതു നന്നായി. സിമി ഒരു പക്ഷെ തമാശ ആയിട്ടു പറഞ്ഞതാണെങ്കിൽ കൂടി അതിൽ കാര്യമില്ലാതില്ല. എന്തെഴുതണം എന്ന് ഒരു കവിയോട്‌ മറ്റൊരാൾ പറയുന്നത്‌ ശരിയല്ല. 19 കാരൻ സംശയരൂപ്പത്തിൽ ചോദിച്ചതു കൊണ്ടാവണം, റിൽകെ അങ്ങനെ എടുത്തു പറഞ്ഞത്‌.

മറ്റൊരു കഥയുണ്ട്‌. ഒരിക്കൽ പരമേശ്വരനോട്‌, പാർവതീ ദേവി ചോദിച്ചു ഭാസനാണോ, കാളിദാസനാണോ മികച്ച കവിയെന്ന്‌. മഹദേവൻ ഉത്തരം കൊടുത്തത്‌ കാളിദാസനു തന്റെ കവിതയെഴുത്തിലിള്ള ആത്മവിശ്വാസം ദേവിക്കു ബോധ്യപ്പെടുത്തിക്കൊടുത്തല്ലേ? (കഥ എല്ലാവർക്കും അറിയാമെന്നു കരുതുന്നതു കൊണ്ട്‌ നീട്ടിപ്പറഞ്ഞില്ല)

ഭാസനെപ്പോലൊരു കവിക്കില്ലാഞ്ഞ ആത്മവിശ്വാസം കുറച്ചു ഭാഷാ സ്വാധീനമുള്ള ആർക്കും ഇന്നുണ്ട്‌ എന്നതു ചില്ലറകാര്യമാണോ?!!

:-)

വല്യമ്മായി said...

പരിഭാഷയ്ക്ക് നന്ദി ശ്രീ,ജീവിതത്തില്‍ ഒരു വാക്കെങ്കിലും സ്വയം എഴുതാന്‍ ഉള്വിളി തോന്നിയിട്ടുള്ള ആരും വായിച്ചിരിക്കേണ്ട ഒന്ന്.

ഫാസില്‍ said...

Thanks

Soni said...

Thank you for this link!

Post a Comment