Thursday, January 28, 2010

നിഷ്പക്ഷതയുടെ നരകങ്ങള്‍

നരകത്തിലെ ഏറ്റവും ചുട്ടുപഴുത്ത ഇടങ്ങള്‍ , ഏതൊരു യുദ്ധത്തിലും നിഷ്പക്ഷരായിരിക്കുന്നവര്‍ക്കുള്ളതാണെന്ന ഡാന്റെയന്‍ വാചകത്തിന് ഇങ്ങനെയും ഒരു വ്യാഖ്യാനമുണ്ടാവും. നിഷ്പക്ഷത എന്ന ഭാരം ചുമക്കുന്നവര്‍ക്കുള്ളതാണ് നരകം എന്ന്. പണ്ട് മാര്ക് റ്റ്വെയിന് പറഞ്ഞിട്ടുണ്ട്, എനിക്ക് നരകത്തെയും സ്വര്‍ഗ്ഗത്തെയും കുറിച്ച് പെട്ടന്നൊരു തീരുമാനം എടുക്കാനാവില്ല, രണ്ടിടത്തും സുഹൃത്തുക്കളുണ്ട് എന്ന്. സ്വര്‍ഗ്ഗത്തിന്റെ അല്ലലില്ലായ്മയല്ല, നരഗത്തിന്റെ സംഘര്‍ഷങ്ങളാവും ഒരുപക്ഷെ സത്യം.


മുംബൈയുടെ ഭ്രാന്തൊടുങ്ങുന്ന പ്രാന്തപ്രദേശങ്ങളില്‍ നിന്ന് മഹാരാഷ്ട്രയുടെ ഉള്നാട്ടിലേക്ക് ഒരു കൊച്ചു യാത്ര പോയതാണ് മുരുട് എന്ന കടലോരത്തിലെക്ക്. വെറും രണ്ടു മണിക്കൂര്‍ കൊണ്ട് നഗരത്തിന്റെ പ്രാന്ത് മാറി ശാന്തമായ ഭൂമി കാണാന് കഴിയും എന്ന് കരുതിയതേയില്ല. കടലിനും പര്‍വതങ്ങള്‍ക്കുമിടയില്‍ ഇത്രയും സുന്ദരമായ ഒരു കോസ്റ്റല്‍ ലൈന്‍ ലോകത്തെവിടെയും കാണില്ലെന്ന് പറയുന്നു. സത്യമായിരിക്കും. കണ്ണിനും മനസ്സിനും മതിവരാത്ത അത്രയ്ക്കും സുന്ദരമാണ് വിശാലമായ ‘സപ്ത കൊങ്കണ്‍ ‘ പ്രദേശത്തിന്റെ ഹൃദയഭാഗമെന്നു കരുതാവുന്ന ഈ സ്ഥലം. കേരളത്തിലെ നമ്മുടെ നാട്ടു ഗ്രാമങ്ങള്‍ പോലെ തന്നെ ഓടിട്ട വീടുകള്‍ , തലയുയര്‍ത്തി നില്ക്കുന്ന തെങ്ങിന് തോപ്പുകള്‍ , വിശാലമായ കടല്ത്തീരങ്ങള്‍ . കഷ്ടിച്ച് മൂന്നു മണിക്കൂര് അപ്പുറമാണ് മുംബൈ നിലപൊട്ടി കാറി വിളിക്കുന്നതെന്ന് വിശ്വസിക്കാനാവില്ല.
ഇത്രയും സുന്ദരമായ സ്ഥലമായിട്ടും ഈ പ്രദേശം മുംബൈ റ്റൂറിസ്റ്റുകള്ക്ക് സ്റ്റ്രെസ് ബസ്റ്ററായി മാത്രം നിലനില്ക്കുന്നല്ലോ എന്നാണ് ആദ്യം തോന്നിയത്. കാഴ്ചവെപ്പിന്റെ കല, റ്റൂറിസം, സ്വര്‍ണ്ണക്കൈകൊണ്ട് ഈ പ്രദേശത്തെ സ്പര്‍ശിച്ചിട്ടില്ലെന്ന തോന്നല്‍ ആശ്വാസമാണോ വാസ്തവത്തില്‍ എന്ന് വിചാരിച്ചുതുടങ്ങിയപ്പോഴാണ് മടക്കയാത്രയില്‍ ചില പ്രദേശങ്ങള്‍ മനസ്സില്‍ അടയാളപ്പെട്ടത്. കാലപ്രദേശങ്ങളെ അടയാളപ്പെടുത്താന്‍ പഠിച്ചു വരുന്നതേ ഉള്ളു. മനുഷ്യനായിരുന്നു ഇതുവരെ മനസ്സിന്റെ അതിര്. നഗരത്തിന്റെ മണവും പിറുപിറുക്കലും പേടിയായതുകൊണ്ട് പുറത്തിറങ്ങാത്ത കുഞ്ഞുമനസ്സും തിരക്കുപിടിച്ചോടുന്ന മുഖങ്ങളായ മുഖങ്ങളൊക്കെ എന്തൊക്കെയൊ പറയുന്നുണ്ടെന്ന കാല്പ്പനികവിഭ്രാന്തിയും കൊണ്ട് ശ്വാസം മുട്ടിക്കഴിയുകയായിരുന്നു ഇതുവരെയും. അതിന്റെയിടക്കാണ് ഒരു ഭൂപ്രദേശം കണ്ണും കാതും കയ്യും കാലുമൊക്കെ വച്ച് എന്റെ മനസ്സില്‍ ആന്ത്രോപോമോര്‍ഫിക്കേഷനു വിധേയമായി ഇറങ്ങിവന്നത്.

വലുതാവാനുള്ള വിഷം വിഴുങ്ങിയ രാക്ഷസനെപ്പോലെ ഭീമാകാരം പൂണ്ടുവരുന്ന പുതിയ മുംബൈയുടെ അതിര് എന്നു പറയപ്പെടുന്ന പന്‍വേലിനും അടുത്ത ജില്ലയായ റായിഗഡിനുമിടയ്ക്കാണ് ‘പെന്/(പെണ്ണ്, ?) pen എന്ന ഇന്ഡസ്ടീയല് ഏരിയ. മുരുടില് നിന്ന് അലിഭാഗ് വഴി മുംബൈയിലേക്ക് വരുമ്പോള്‍ കാണുന്ന കാഴ്ച പച്ചയും നീലയും ചാരത്തിന് വഴിമാറുന്ന പഴയ പതിനെട്ടാം നൂറ്റാണ്ടിലെ പുരോഗമനചിത്രമൊന്നുമല്ല. പ്രകൃതിയെ വഴി മാറ്റുന്നത് നല്ല അസ്സല്‍ ഫ്ലൂറെസെന്റ് മഞ്ഞയില്‍ കുളിച്ച് നില്ക്കുന്ന ആഡംഭരജീവിതത്തിന്റെ പരവതാനികളാണ്. സ്പെഷ്യല് ഇക്കണോമിക് സോണ് പ്രകാരം സര്ക്കാര് തന്നെ പിടിച്ചു വാങ്ങി നിക്ഷേപകര്‍ക്ക് കൊടുത്തു പ്രീതിപ്പെടുത്തുന്ന പ്രദേശങ്ങളും ഇതില്‍ പെടും. കുറച്ച് കാലം മുന്പ് റിലയന്സിന് വമ്പന് തിരിച്ചടിയായ റായ്ഗഡ് പ്രതിഷേധത്തിന്റെ ഫലമായി കര്ഷകരും ചില സാമൂഹ്യപ്രവര്‍ത്തകരും തിരിച്ചുപിടിച്ച് നന്ദിഗ്രാമും സിംഗൂരുമാവാതെ രക്ഷപ്പെട്ട ചില ഗ്രാമങ്ങളൊഴിച്ചാല്‍ സെസിന്റെ വീര്യവും പറഞ്ഞുപഴകുന്ന പക്ഷപാതപരമായ പുരോഗതിയുടെ മയക്കുമരുന്നും കുത്തിവച്ച് പാവപ്പെട്ട കര്‍ഷകനെ സംബന്ധിച്ചിടത്തോളം ഇടനിലക്കാര്ക്കു സ്കോര്പ്പിയോയും നഗരത്തില്‍ ഫ്ലാറ്റും വാങ്ങാന് മാത്റം ഉപകരിച്ച പുതിയ ഇന്ഡസ്റ്റ്രീയല്‍ കോളൊനൈസേഷന്റെ വിളനിലങ്ങളായിത്തീര്‍ന്ന കുറേ സ്ഥലങ്ങള്‍ കണ്ടു. അടിവാരത്തിലെ ശാന്തമായ കൊച്ചു ഗ്രാമങ്ങളും മുറ്റവും തുളസിത്തറയും ഒക്കെയുള്ള പഴയ ഓടിട്ട വീടുകളുടെ നിരയും അവരെ ഇണക്കി നിര്‍ത്തുന്ന ചെറിയ ഗ്രാമമദ്ധ്യങ്ങളും കഴിയുന്നതിനുമുന്നേ അവയ്ക്കിടയിലേക്ക് ഇടിച്ചു നിര്‍ത്തപ്പെട്ടപോലെ റ്റൌണ്ഷിപ്പ്. ഇങ്ങനെ യാതൊരു പാരസ്പര്യവും ഇല്ലാതെ രണ്ടു പ്രദേശങ്ങള്‍ നിലനില്ക്കേണ്ടി വരുന്നതിന്റെ സാമൂഹിക വിപത്താണ് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടാഞ്ഞത്. പൌരാണികത ശ്വസിക്കുന്ന ഒരു ഗ്രാമത്തിന്റെ, അവരുടെ എളിയ ജീവിത രീതികളുടെ നേരെ, അവരുടെ ചെറിയ സ്വപ്നങ്ങള്‍ക്ക് മേലെ തികച്ചും വിഭിന്നമായ ഒരു ആഡംഭരസംസ്കാരം കയറ്റിവയ്ക്കുന്നതില് കൊളോണിയല് തമാശയ്ക്കപ്പുറവും പലതും ഉണ്ട്.

ഗ്രാമീണര്‍ക്ക് സ്ഥലം, ജോലി ഒക്കെ വാഗ്ദാനം ചെയ്യുന്നതിന്റെ പൊള്ളത്തരത്തിന്റെ തനി നിറം നേരിട്ട് അറിഞ്ഞത്, ഇതു പോലൊരു സെസ് റ്റൌണ്ഷിപ്പിലേക്ക് ലേബര്‍ ബില്ഡ് ചെയ്യുന്ന ചിലരുതന്നെ പറഞ്ഞാണ്. ‘ലോക്കത്സിനെ’ വിശ്വസിച്ചുകൂടത്രെ. അതുകൊണ്ട് കഴിയുന്നതും അന്യപ്രദേശങ്ങളില്‍ നിന്ന് തന്നെ ആളുകളെ എടുക്കും. പിന്നെ ചില ചംച്ചമാരെ വയ്ക്കും ; കൂറ് സ്ഥാപിച്ചവര്‍ , അഥവാ, പണം കൊടുത്ത് വാങ്ങപ്പെട്ടവര്‍ . യാത്രയിലെ കൂട്ടരോട്, ഇതിലും നന്നായി പുരോഗമനത്തെക്കുറിച്ച് സ്വപ്നം കാണരുതോ എന്ന് ചോദിക്കാം, വെറുതെ പറഞ്ഞും എഴുതിയും പഴിതീര്‍ക്കാം. അല്ലാതെ, എന്ത്? കാരണം നമ്മളില്‍ പലരും ജീവിക്കുന്നത് ഇത്തരം പല പിടിച്ചുപറിയുടെയും പ്ങ്ക് ഭോഗിച്ചുകൊണ്ടല്ലെ?ഇതിനെയാണ് ഞാന് നിഷപക്ഷതയുടെ ചീഞ്ഞ നരഗമെന്നു വിളിച്ചത്. ഇന്ഡസ്റ്റ്രിയുടെ പങ്കു പറ്റുന്ന ഏതൊരു വ്യക്തിയും സ്വന്തം പക്ഷം നിര്‍വചിക്കുന്നത് പൊതുവേ രണ്ടു രീതിയിലാണ്. ലുഡ്ഡിറ്റ് മോഡല്‍ പുരോഗമന വിരോധിയായി നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന് പറഞ്ഞ് യാഥാര്‍ത്ഥ്യങ്ങളെ തള്ളിപ്പറഞ്ഞും അതല്ലെങ്കില്‍ പാവപ്പെട്ട കര്‍ഷകരുടെ അജ്ഞതയെയും അവരുടെ ഇടയിലേ തന്നെ ചൂഷകരെയും കുറ്റം പറഞ്ഞ് സ്വയം ആശ്വസിച്ചും. നരകം നില്ക്കുന്നത് ഇതിനിടയിലാണ്. സ്വര്‍ഗ്ഗം വരയിട്ടു വ്യക്തമായി പകുത്തു വച്ചുരിക്കുന്ന പക്ഷങ്ങള്‍ക്കുമപ്പുറം മൂല്യബോധങ്ങള്‍ക്കുമപ്പുറം വല്ലാതെ ചുട്ടുപഴുക്കുന്നത് ചില നരകങ്ങളിലാണ്.


“The idealist is incorrigible: If he is thrown out of his heaven, he makes an ideal of his hell." Nietzsche


image courtesy : ibibo സൌരഭ് ഘാരട്ട്

3 comments:

സന്തോഷ്‌ പല്ലശ്ശന said...

ഇനി ഈ വിടനഗരത്തിലേക്ക്‌ വരുമ്പോള്‍ അറിയിക്കുക...വെറുതെ ഒന്നു പരിചയപ്പെടാല്ലൊ... ഞാന്‍ നവി മുംബയില്‍ നെരൂള്‍ എന്ന സ്ഥലത്താണ്‌. :)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"വെറുതെ പറഞ്ഞും എഴുതിയും പഴിതീര്‍ക്കാം. അല്ലാതെ, എന്ത്? കാരണം നമ്മളില്‍ പലരും ജീവിക്കുന്നത് ഇത്തരം പല പിടിച്ചുപറിയുടെയും പ്ങ്ക് ഭോഗിച്ചുകൊണ്ടല്ലെ?" athaanu satyam..

(beautiful place and picture)

ഉപാസന || Upasana said...

njan oru nalla kathhikkamennu karuthi vannathaa
;-)
Upasana

Post a Comment