Saturday, February 6, 2010

ഗുജറാത്ത്-ഒരു ദിവസത്തെ ഡയറി

അയൂബ്

കിടിയാദ് ഒരു ചത്തപട്ടണം ആണ്. ചിത്രം കണ്ടാല്‍ അറിയാം. ഒരു നരച്ച വലിയ ടാറിട്ട റോഡ് വെയിലുകൊണ്ട് ഉണങ്ങിക്കിടക്കുന്നു. ഇരുവശവും ചാരനിറത്തിലുള്ള ഇരുനിലകെട്ടിടങ്ങളാണ്. ഇത് ഒരു ഉത്തരേന്ത്യന്‍ പട്ടണമാവണമെങ്കില്‍ കെട്ടിടങ്ങളിലെ ബാല്‍ക്കണികളിലൊക്കെ കലപില കൂട്ടുന്ന പെണ്ണുങ്ങളുണ്ടാവണം. കൈവരികളില്‍ അവരുടെ പലനിറത്തിലുള്ള സാരികള്‍ ഉണക്കാനിട്ടിക്കിക്കണം. ഇതൊന്നുമില്ലാതെ ഇതെന്തു പട്ടണം? അയൂബ് കള്ളം പറയുകയാവണം. അവന്റെ ഇലക്കീറ് പോലത്തെ കണ്ണ് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ചിത്രം വലിച്ചുകീറിക്കളയാനാണ് തോന്നിയത്.

ഇത് നിന്റെ നാടല്ല കുട്ടാ എന്നു പറഞ്ഞാല്‍ അവനു മനസ്സിലാവുകയും ഇല്ല. അവന്റെ ഓര്‍മ്മയില്‍ ഇപ്പോഴും ഈ നരച്ച റോഡില്‍ വണ്ടികളോടുന്നുണ്ട്. കെട്ടിടങ്ങളില്‍ നിന്ന് ചറപറേന്ന് കുട്ടികള്‍ ഇറങ്ങി ഓടുന്നുണ്ട്.
“ इस फोट्टो देखो दीदी...हमारी गाव हे...दूर..मालपूर से भी दू ....र.....” അവന്റെ ദൂരം നീണ്ടു നീണ്ടു പോയിരുന്നെങ്കില്‍, എന്റെ നശിച്ച അറിവുകള്‍ക്കും അവന്റെ ജീവനുള്ള ഓര്‍മ്മകള്‍ക്കും അപ്പുറം.

റിലീഫ് ക്യാമ്പിന്റെയും അവന്റെ ഗലിയുടെയും ചിത്രങ്ങള്‍ക്കിടയില്‍ കള്ളന്‍ ഒരു പേപ്പര്‍ കഷ്ണം ഒളിപ്പിക്കുന്നു.
അതെന്താ ആ ചിത്രം എന്നെ കാണിക്കാത്തത്? പത്രത്തിന്ന് കീറിയെടുത്തതാണോ?

ആരാണിതെന്ന് അറിയുമോ നിനക്ക്? അതൊരു വിവരമില്ലാത്ത ചെറുക്കന്റെ ചിത്രമാണ് അയൂബ്. കീറിക്കളഞ്ഞേക്ക്.

വിഡ്ഡിത്തത്തിന് ഒരതിരുണ്ട് ആനന്ദ്. പഴയ മുറിവുകളോ? ആര്‍ക്കാണ് മുറിവ് കരിഞ്ഞത്. നിനക്കു മാത്രം. കാരണം കിടിയാദ് നിന്റെ പട്ടണമല്ല. ഈ ഗുജറാത്ത് നിന്റെ നാടല്ല. നിന്റെ സൌഖ്യങ്ങള്‍ വിദൂരത്തെവിടെയോ സുരക്ഷിതമായിരിക്കുന്നു.


അമീനബെന്‍

ഉച്ചമയക്കത്തീന്ന് ഞെട്ടി ഉണര്‍ത്തുന്ന മുരടനക്കം. കരയാനാണ് വരുന്നത്. മരിച്ചവരെ അടക്കിയിലല്ലോ എന്നോര്‍ത്ത് കരയുന്ന മനുഷ്യരെ ആദ്യം കാണുന്നത് ഇവിടെയാണ്.

മരണം ഇത്ര ലാഘവമുള്ള ഒന്നായിട്ട് തോന്നുന്നവരെ എന്താണ് വിളിക്കുക. തീവ്രവാദികളെന്നൊ?

“ഛെ. ദുര്‍ഗ്ഗാ.നീ എന്താ പറയുന്നത്...എത്ര എളുപ്പം നീ തീരുമാനങ്ങളിലേക്ക് എടുത്തു ചാടുന്നു. നമ്മള്‍ കാണുന്നതല്ലെ ഇവരുടെ ജീവിതം. മുറിവുകളൊക്കെ കാലം മായ്ക്കും. അമീനബെന്‍ എന്നും വന്ന് നിന്റെ തലയിലേക്ക് വിഷം കുത്തിവയ്ക്കുകയാണോ?”

ആനന്ദന്‍ എന്നെ കിട്ക്കയിലേക്ക് ചാരി നിര്‍ത്തി സമവാക്യങ്ങളുടെ ചുരുള്‍ നിവര്‍ത്തി. നോക്കൂ ദുര്‍ഗ്ഗാ, ഒരു മനുഷ്യക്കുരുതികൊണ്ട് ഒഴിഞ്ഞുപോവുന്നതാണ് നന്മയുടെ ബലമെങ്കില്‍ ചരിത്രം ഒരു ചെറുകഥ പോലെ തീര്‍ന്നു പോയേനെ. ഒരു ഞൊടിയില്‍ . നിന്റെ അമീനബെന്ന്നിനെ നോക്കു എഴുപതോളം പേരെ കണ്മുന്നിലിട്ട് കൊല്ലുന്നതു കണ്ടിട്ടും അവര്‍ സംസാരിക്കുന്നുണ്ടല്ലോ, കരയുന്നുണ്ടല്ലോ...

പുതപ്പിനടിയിലൂടെ അവന്റെ പതിഞ്ഞ ശബ്ദവും വിരലുകളും വലിഞ്ഞുമുറുകുന്ന എന്റെ ഞരമ്പുകളെ തഴുകിക്കൊണ്ടിരുന്നു.

ഉറങ്ങുമ്പോള്‍ അമീനാബെന്‍ അടുത്തുണ്ടായിരുന്നു. ഉണങ്ങിയ ചൂലുപോലിരിക്കുന്ന മുടിക്കു മേലെ നിന്ന് നരച്ച ഹിജാബ് വലിച്ചുമാറ്റി ചവച്ചുതുപ്പിയ പാനിന്റെ നീര്‍ താടിയിലൂടെ ഒലിപ്പിച്ച് കട്ടിലിന്റെ തലയ്ക്കല്‍ നിലത്ത് പടിഞ്ഞിരുന്ന് മാറത്ത് ശക്തിയായി ഇടിച്ചുംകൊണ്ട്. അവര്‍ കരയുന്നുണ്ടായിരുന്നു. കബറടക്കാത്ത മകന്റെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും ശരീരങ്ങളെ ഓര്‍ത്ത്.
ആനന്ദന്‍

“വെട്ടിക്കീറിയിട്ട ഒരു ഭൂപ്രദേശം പോലെയാണ് ഇവള്‍ കിടക്കുന്നത്. ഒരുപാടു യാത്രകള്‍ ചവിട്ടിമെതിച്ച ഭൂമിപൊലെ. ഇതളുകള്‍ അടര്‍ത്തി മാറ്റുന്നതുപോലെ ഇവളുടെ വസ്ത്രങ്ങള്‍ എടുത്തു കളയട്ടെ. രാജ്യമില്ലാത്ത രാജകുമാരീ നിന്നെ ഞാനൊന്നു കാണട്ടെ. വിരിഞ്ഞതിന്റെ മൂന്നാം നാള്‍ തണ്ടിന്റെ ഭാരംകൊണ്ട് കൂമ്പിയടഞ്ഞു നില്‍ക്കുന്ന കോളാമ്പിപൂവ് ചുണ്ടുകള്‍ കടിച്ചുപിടിച്ചിരിക്കുന്നതെന്തിനാ? പാതി വഴിയില്‍ ആരൊക്കെയൊ കളഞ്ഞിട്ടുപൊയ തേഞ്ഞചെരുപ്പുകള്‍ പോലെ ഇത്രയും അടയാളങ്ങളോ നിന്റെ ദേഹത്ത്..?”

“ആനന്ദ്...മതി നിന്റെ കവിതാവ്യായാമം. എനിക്ക് ഓക്കാനം വരുന്നു.”

“ഈയിടെയായിട്ട് നിനക്ക് എന്നോട് സ്നേഹം കുറഞ്ഞു വരുന്നു..എന്റെ മാതംഗി, ദാഹിക്കുന്നൂ ഭഗിനീ...”

“ഈയിടെയായിട്ട് നീ എന്നെ മാത്രം സ്നേഹിച്ചു കൊണ്ടിരിക്കുന്നു. ഒന്നു പുറത്തിറങ്ങി നോക്ക്. നഗരം കത്തുന്നതു കാണുന്നോ?

“ദുര്‍ഗ്ഗാ...കത്തുന്ന നഗരത്തിലേക്ക് ഇറങ്ങി വന്നവനല്ലെ ഞാന്‍ ? രക്ഷക് സമിതി തരുന്ന ഈ കൂരയില്‍ ഇവരോടൊപ്പമല്ലെ നമ്മളും..ഇതിലുമധികം ഇനി എന്തു ചെയ്യാനാവുമെന്നാണ് .‍..”

“നോക്ക്, അയൂബ്, അവന്‍ അവന്റെ ഗലിയുടെ ചിത്രം കണ്ടോട്ടെ...കലാപം തല്ലിച്ചതയ്ക്കുന്നതിനു മുന്നെയും ഒരു കാലമുണ്ടായിരുന്നൂന്ന് അവന്‍ ഓര്‍മ്മിക്കട്ടെ...അവന്റെ ഓര്‍മ്മകളും നിന്റെ അവകാശമാവുന്നതെങ്ങിനെയാ അനന്ദ്?”

“നിനക്കറിയില്ല. ഇത് അവന്മാരുടെ പണിയാണ്‍. ക്യാമ്പിലെ ആളുകള്‍ക്കിടയില്‍ പഴയ ഓര്‍മ്മകളുടെ വൃണം കുത്തിയിളക്കാനാണ് അവന്മാര്‍ ഈ ചിത്രങ്ങള്‍ സര്‍കുലേറ്റ് ചെയ്യുന്നത്.”

പഴയ അടയാള്‍ങ്ങള്‍ക്കു മേലെ തന്നെ എന്നെ ചവിട്ടിമെതിച്ച് ആനന്ദന്‍ കടന്നു പോവും. വിടവുകള്‍ക്കിടയിലൂടെ വഴികള്‍ കണ്ടെത്തുന്നത് അവന്റെ സ്വഭാവമാണ്.

“നാളെ അവന്‍ തൊപ്പിയും നീണ്ട ഉടുപ്പും മാത്രമേ ഇടുകയുള്ളു എന്നു പറയും, മറ്റന്നാള്‍ അവന്റെ കയ്യില്‍ ആയുധം കാണും, അതിന്റെ പിറ്റെന്ന്...” എത്ര തവണയാണ് ആനന്ദന്‍ ഇതേ വിടവുകളിലൂടെ തന്നെ പിന്നെയും പിന്നെയും കയറിയിറങ്ങുന്നത്. വരണ്ട മരുഭൂമിയിലെ വിള്ളലുകള്‍ക്ക് പൊള്ളുന്ന നീറ്റലാണ്. ഉണങ്ങിയെന്നു നീ പറയുന്ന മുറിവുകള്‍ ചിലര്‍ ജീവിക്കുന്നതിന്റെ തെളിവുകളാണ്.

നാളെ അയൂബിന് അവന്റെ പട്ടണത്തിന്റെ ചിത്രം തിരിച്ചു കൊടുക്കണം. ഒരിക്കല്‍ അവന്‍ ചുപാചുപി കളിച്ചു നടന്ന ഗലി, നിറയെ തണല്‍ മരങ്ങളുള്ള ഇരു വശത്തും പഴയ ഇരുനിലകെട്ടിടങ്ങളുള്ള, നീണ്ട ബാല്‍ക്കണികളില്‍ നിന്ന് പെണ്ണുങ്ങള്‍ കളിപറയുന്ന അവന്റെ ഗലിയുടെ ചിത്രം.
മൊഹസീന്‍

അവള്‍ വരുന്നത് രാത്രിയിലാണ്. രാത്രിയുടെ ആദ്യപാദം ചോക്ടിയിലെ നംകീന്‍ വില്‍ക്കുന്ന പെട്ടിക്കടയിലെ ‘ഹറാമി’ കള്‍ക്ക് പതിച്ചുകൊടുത്ത് രണ്ടാമത്തെ പാദം സ്റ്റേഷനിലെ സാഹിബുമാര്‍ക്ക് ദാനം ചെയ്യുന്നതിനു മുന്‍പ്, എന്നെ തിരക്കി, അല്ല, ആനന്ദനെ തിരക്കി അവള്‍ വരും. രക്ഷക് സമിതി കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക റ്റെന്റുകളിലെ തുറന്ന രാത്രികള്‍ ഇനിയും പരിചയമായിട്ടില്ലാത്ത എനിക്ക് കാറ്റത്തിളകുന്ന കര്‍ട്ടന്‍ നീക്കി നികാബിനകത്തുനിന്ന് രണ്ടു നീണ്ട കണ്ണുകള്‍ ചിരിക്കുന്നത് സഹിക്കാനാവില്ല.
“ഛീ...പോടി. ഒളിഞ്ഞു നോക്കുന്നോ. നിന്റെ ബാദ്ഷാ ഇവിടെയില്ല.” വിളക്കിന്റെ വെളിച്ച്ം കണ്ട് വരുന്ന മറ്റൊരു ഈയാം പാറ്റ. മുഖം മുഴുവന്‍ മൂടിവച്ചാലും അവളുടെ കണ്ണിലെ തിളക്കം മറനീക്കി വരും.

ഉറക്കെച്ചിരിച്ചുകൊണ്ടാണ് അവള്‍ കയറിവരുക. ഓരോ ദിവസവും ഓരോ കഥ. എല്ലാറ്റിന്റെയും തുടക്കം ആനന്ദന്‍ . ഒടുക്കം മരണത്തില്‍ നിന്നുള്ള ഒരു പാച്ചില്‍ .

“बोल दीदी उसकी सीने में बहुत बाल हे क्या ..” ഇന്ന് നെഞ്ചത്തെ മുടിയാണ് വിഷയം. ഷഹീദിനും ഉണ്ടായിരുന്ന നെഞ്ചത്തെ രോമത്തില്‍ തുടങ്ങി എട്ടു വര്‍ഷം മുന്നെ പെട്രോള്‍ മണക്കുന്ന ഒരു ചാരരാത്രിയില്‍ കത്തുന്ന വാനില്‍നിന്ന് കുഞ്ഞിനെയും എടുത്തുകൊണ്ട് ഒറ്റയ്ക്ക് ഓടിയ ഇടം വരെ അവള്‍ കഥ പറയും. ഞാന്‍ എഴുന്നേറ്റിരുന്ന് കിതയ്ക്കും. ചീത്തപറഞ്ഞ് അവളെ ഓടിക്കും. ഒരു ദിവസം ഞാനവള്‍ക്ക് കാട്ടിക്കൊടുക്കുന്നുണ്ട് കുഞ്ഞുങ്ങളുടെ കാല്‍പ്പാദം പോലെ ശൂന്യമായ ആനന്ദന്റെ മാറ്.

സലിംഭായ്

പുലര്‍ച്ചെ. സൂര്യനുദിച്ചു വരുന്നതുപോലെയാണ് സലീംഭായുടെ റ്റെമ്പോ വാന്‍ ഖാന്‍പൂറില്‍ നിന്ന് വരിക. കിടിയാദ് എന്ന കുരുതിനഗരം വഴി റിലീഫ് കാമ്പിലേക്ക് എത്തുന്ന റ്റെമ്പോ വരവേല്‍ക്കപ്പെടുന്നത് ഹജ്ജിനുപോയി മടങ്ങുന്നവരെപ്പൊലെയാണ്. സലീംഭായ് ഇന്നാരുടെ പൊട്ടിയ കണ്ണാടിക്കൂടായിരിക്കും കൊണ്ടു വരിക, ചുമരില്‍ തൂക്കിയിരുന്ന പഴയ സ്കൂള്‍ ചിത്രം, ആരുടെയോ കളഞ്ഞുപോയ ചിത്രതുന്നലുള്ള കുപ്പായം, അതോ കാണാതായവരുടെ ആരുടെയെങ്കിലും തിരിച്ചറിയാവുന്ന ഉരുപ്പിടികള്‍ ...സൂര്യനുദിക്കുന്നതോടെയുള്ള ഈ കൂട്ടത്തിരച്ചിലും കരച്ചിലും സഹിക്കാന്‍ വയ്യാത്തതു കൊണ്ടല്ലെ ആനന്ദന്‍ എന്നും രക്ഷപ്പെടുന്നത്. ഒരു ഷെഡ്ഡില്‍ സ്കൂള്‍ എന്ന പേരില്‍ കുട്ടികളെ പാട്ടു പഠിപ്പിക്കുന്നു വെറുതെ. എന്തിനാണ് പ്രഹസനം? ചന്ദോലാ തലാബു പോലെ ഗവണ്മെന്റിന്റെ ബുള്‍ഡോസറുകള്‍ വന്ന് ഇടിച്ചു തകര്‍ക്കുന്നതെന്നാണാവോ ഈ ചോര്‍ന്നൊലിക്കുന്ന റ്റെന്റുകള്‍ ?

എല്ലാവര്‍ക്കുമുള്ളത് കൊടുത്ത് സലീംഭായ് എന്നെങ്കിലും എന്റെയടുത്ത് വരുമോ? എന്തിനു വരണം? എനിക്ക് എന്താണ് നഷ്ടപ്പെട്ടിട്ടുള്ളത്? കത്തിയെരിയുന്ന ഏതു നാട്ടില്‍ നിന്നാണ് ഞാന്‍ ഒന്നുമില്ലാത്തവളായിട്ട് പാലായനം ചെയ്തിട്ടുള്ളത്?

“പൊട്ടിവീണതല്ലാന്ന് ബോധം വരുമ്പോള്‍ എന്നെങ്കിലും ഇവള്‍ തിരികെ വരും. വരട്ടെ.” ഡെസ്ഡിമോണയെ ഇറക്കിവിട്ട അച്ഛന്‍ ഒതെല്ലോവിനു കൊടുത്ത മുന്നറിയിപ്പിന്റെ മണമടിക്കുന്നല്ലോ എന്ന് അന്ന് ആനന്ദന്‍ ചിരിച്ചിരുന്നു.

“അരിയ നീര്‍ത്താമരമൊട്ടെ..നീ വരിക. ജനിമൃതികളുടെ തൃഷ്ണകള്‍ക്കുമപ്പുറം, നിനക്ക് ഞാന്‍ തഥാഗതനെ കാണിച്ചു തരാം..”

ഒപ്പിന്റെ ബലവും താലിയുടെ മുറുക്കവും ഇല്ലാതെയും ചില നാടുകളില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ പിറകില്‍ നഗരം കത്തിയെരിയും. തിരിച്ചു പോവാന്‍ കഴിയാത്ത വിധം ഇല്ലാതാവും നഗരങ്ങള്‍ .

സലിംഭായ് എനിക്കറിയാം നിങ്ങളെന്താണ് ഈ പെറുക്കി കൊണ്ടു വരുന്നത് എന്ന്.

മുകുല്‍

വിശപ്പ് കത്തിക്കാളുന്ന പകലാവണം അവന്‍ വരാന്‍. ഇടിച്ചു നിരക്കപ്പെട്ട റ്റെന്റുകളുടെയും, വാദിച്ചു തോറ്റ കേസുകളുടെയും, എഴുതി മടുത്ത പരാതിക്കണക്കുകളുടെയും കടലാസുകെട്ടുമായി വിശന്നു വലഞ്ഞ് കയറി വരും.

“ कितनी बार पूछेगा वो लोग एक ही बात कोर्ट में? सच झूट बन्ने तक? ?“

സത്യവും നുണയും ഇല്ല. ന്യായം മാത്രമേയുള്ളു എന്നാണ് ആനന്ദന്‍ പറയുന്നത്. ന്യായം ഒരിക്കലും മുകുലിന്റെ പക്ഷത്താവില്ല, സലീംഭായിയുടെ, അമീനാബെനിന്റെ, മൊഹസീനിന്റെ ഭാഗത്താവില്ല. ഘെറ്റോ ആയി മാറിയ ക്യാമ്പിനു കാവല്‍ നില്‍ക്കുന്ന നോക്കുകുത്തിപ്പോലീസിന്റെ A. 303
റൈഫിള്‍ പോലെ അത് കയ്യിലെടുക്കുന്നവന്റെ ഭാഗത്തു നില്‍ക്കും.

“നിനക്കറിയാമോ കലാപത്തിലെ ഇരകള്‍ മരിച്ചു ജീവിക്കുന്ന ഇതുപോലത്തെ ഒരു ക്യാമ്പായിരുന്നു ചന്ദോലാ തലാബ്. കൃഷിഭൂമി കയ്യേറിയതാണെന്നും പറഞ്ഞ് ഇടിച്ചു നിരത്തി. നൂറ്റി എഴുപത്തിരണ്ടു കുടുംബങ്ങള്‍ കഴിഞ്ഞിരുന്നതാണവിടെ.

നാളെ അയൂബിനെയും കൂട്ടുകാരെയും കൂട്ടുന്നുണ്ട് പ്രകടനത്തിന്‍. ആനന്ദന്‍റ്റെ പ്ലക്കാര്‍ഡും പിടിച്ചുള്ള സത്യഗ്രഹമല്ല. നീ കണ്ടതല്ലെ. കഴിഞ്ഞതവണ അയൂബിന്റെ കയ്യില്‍ ‘മനുഷ്യാവകാശ കമ്മീഷനു സ്വാഗതം, we the victims' എന്ന ബാനര്‍ അവന്‍ പിടിപ്പിച്ചു കൊടുക്കന്നത്. നീ എത്ര പറഞ്ഞിട്ടും അയൂബ് ആ ബാനറും കഴുത്തില്‍ തൂക്കിയിരുന്നു. എന്നിട്ടെന്തെങ്കിലും സംഭവിച്ചോ? നാളത്തേ പ്രകടനം നോക്കിക്കോ പത്രങ്ങളില്‍ ‘എന്‍കൌണ്ടര്‍ ’ എന്നു വിളിക്കപ്പെടും.. to hell with this breeding ground of lies.."

അസത്യങ്ങളുടെ ഈറ്റില്ലം. മതി. നീ ഊതി കത്തിക്കുന്ന തീ നിന്നെയും എന്നെയും ചാമ്പലാക്കുകയേ ഉള്ളു. പകലും വിശപ്പുമായിട്ട് നീ ഒഴിഞ്ഞു പോ. അയൂബ് എന്നെ അന്വേഷിച്ച് വരുന്ന നേരം ആയി. അവന്റെ ഒരു ചിത്രം തിരിച്ചു കൊടുക്കാനുണ്ട്.

അയൂബ്

“കള്ളന്‍ ..വാതിലിനു പിറകില്‍ ഒളിച്ചു നില്‍ക്കായിരുന്നോ? നിന്റെ ഗലിയുടെ ചിത്രം എടുത്തു തരട്ടെ. ചിത്രങ്ങളൊട്ടിക്കുന്ന പുസ്തകം കൊണ്ടുവാ..നമുക്കിത് അതില്‍ ഒട്ടിച്ചു വെക്കാം. നിനക്കിഷ്ടമുള്ളതൊക്കെ വരച്ചു ചേര്‍ക്ക്, കിളികള്‍, ആളുകള്‍, വണ്ടികള്‍,

നാളെ തോക്കു ചൂണ്ടി നില്‍ക്കുന്ന ഒരു വിഡ്ഢിച്ചെക്കന്റെ ചിത്രവുമായി വന്ന് നീ എന്നെ പേടിപ്പെടുത്തരുതെ...