രാജകുമാരിയും അടിമയും
ഉജ്ജയിനിലെയും ചിത്തോഡിലെയും പുകഴ്പ്പെറ്റ രാജവംശങ്ങളുടെ പൌരാണികതയെക്കുറിച്ചുള്ള കേട്ടു മടുത്ത കഥകള്‍ ആവിയായിപൊങ്ങിക്കൊണ്ടിരിക്കുന്ന വിയര്‍ത്ത ഒരു ഉച്ചമയക്കത്തില്‍ നിന്ന് സ്വന്തം ചരിത്രത്തിന്റെ ചുളുങ്ങിയ ഒരു ഏടിലേക്ക് ഞെട്ടിയെഴുന്നേല്പിച്ചാണ് രാജകുമാരി ദുര്‍ഗ്ഗാവതി തന്റെ അച്ഛനായ പ്രതാപസിംഹനോട് അക്കാര്യം പറഞ്ഞത്. താന്‍ ഋതുമതി അയിരിക്കുന്നു. തനിക്കൊരു പുരുഷനെ വേണം.
കഷ്ടിച്ച് കൊട്ടാരത്തിലെ ദൈനംദിന ആവശ്യങ്ങള്‍ കഴിഞ്ഞുപോകാന്‍ തന്നെ ചുംഗക്കാശ് തികയാതിരിക്കുമ്പോള്‍ ഒരു സ്വയംവരം നടത്താന്‍ തനിക്ക് ആവില്ല എന്ന് പ്രതാപസിംഹന് വിക്കാന്‍ തുടങ്ങുകയായിരുന്നു. മകള്‍ ശാഠ്യക്കാരിയാണ്. പിടിവാശിക്കാരിയാണ്. ബുദ്ധിമതിയും സുന്ദരിയുമാണ്. പഠിപ്പിക്കാന്‍ വന്ന വിദ്വാന്മാരെയും വിദുഷികളെയും യോദ്ധാക്കളെയും ഒന്നടങ്കം തോല്‍പ്പിച്ചു ചിരിച്ചവളാണ്. ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നു. രാജാപ്രതാപസിംഹന്റെ പരാധീനതകള്‍ക്കു നെരെ മകള്‍ ചിരിയുടെ കൂര്ത്തമുനകള് തൊടുത്തുകൊണ്ടിരിക്കുകയാണ്. ഉന്നുവടിയായി ചെങ്കോല്‍ കൊണ്ടു നടക്കുന്ന രാജാവിനെ കളിയാക്കിച്ചിരിക്കുന്നത് രാജകുമാരി മാത്രമല്ല.
സ്വയംവരത്തെക്കുറിച്ചൊന്നുമല്ല താന്‍ പറഞ്ഞുവന്നത് എന്ന് ദുര്‍ഗ്ഗാവതി വ്യക്തമാക്കിയപ്പോള്‍ സത്യത്തില്‍ രാജാവിന് ആശ്വാസമായി. പുരുഷന് എന്നു വച്ചാല്‍ ഭര്‍ത്താവെന്നു കരുതുന്ന അഴകൊഴംബന്‍ രീതികളോടൊക്കെ പുച്ഛമാണ് തനിക്ക് എന്ന് മകള്‍ പറഞ്ഞത് പ്രതാപസിംഹന് തീരെ മനസ്സിലായില്ലെങ്കിലും ഒരു അടിമയെ സങ്കടിപ്പിക്കുന്നത് വലിയ ചിലവുള്ള കാര്യമല്ല എന്നോര്‍ത്ത് രാജാവ് ഒന്നു നിശ്വസിച്ചു. ദുര്‍ഗ്ഗാവതി കളങ്ങള്‍ നിരത്തി. പകിടയെറിഞ്ഞു. അതീവ ശക്തിമാനും, വിശ്വസ്തനും, കൂര്‍മ്മബുദ്ധിയും ആയ ഒരു ഒത്ത പുരുഷനെ തനിക്ക് അംഗരക്ഷകനായി വേണം. വളരെ കാഠിന്യമേറിയ പരീക്ഷണങ്ങളിലൂടെ അവനെ താന്‍ സ്വയം തിരഞ്ഞെടുക്കുന്നതായിരിക്കും. തിരഞ്ഞെടുക്കപ്പെട്ടവന്‍ പോരുകാളയെപ്പോലെ വരിയുടക്കപ്പെട്ട് രാവും പകലും തന്റെ നിഴലായി, തന്റെ പദ്ധതികള്‍ക്കനുസരിച്ച് ചാവുന്നതുവരെ അടിമയായിക്കൂടണം. പ്രതാപസിംഹന് വായുമ്പൊളിച്ചിരുന്നു. എന്തായിരിക്കും ഇവളുടെ പദ്ധതികള്‍? എന്തായിരിക്കും ഇവള് മനക്കണക്കുകൂട്ടിയിരിക്കുന്നത്?ഇനി വല്ല ദിഗ്ഗ്വിജയവും? പെണ്ണൊരുത്തി അങ്ങിനെ ചെയ്തതായി ഭാരതവര്‍ഷത്തിന്റെ ചരിത്രത്തില്‍ ഇല്ല. മകള്‍ ചരിത്രം തിരുത്തുന്നതോര്‍ത്ത് ഒരു നിമിഷം പ്രതാപസിംഹന് പുളകിതനായിപ്പോയി. പക്ഷെ അങ്ങിനെ സംഭവിച്ചാല്‍ തന്നെ, പ്രതാപിയായ മകളുടെ മണ്ണുംചാണകവുമല്ലാത്ത തന്തയായി അല്ലെ താന്‍ അറിയപ്പെടുക എന്നോര്‍ത്ത് വിഷണ്ണനാവുകയും ചെയ്തു. ചരിത്രം വല്ലാത്തൊരു കുരുക്കാണ്. ഒരിക്കല്‍ എഴുതിയാല്‍ മായ്ക്കാന്‍ കഴിയാത്ത അച്ച്.
അംഗരക്ഷകനുവേണ്ടിയുള്ള മത്സരം നാടൊട്ടുക്ക് വിളംബരം ചെയ്യപ്പെട്ടു. ഭൂവുടമകളല്ലാത്ത പാവപ്പെട്ട കര്‍ഷകരുടെ മക്കള്‍ക്കുമാത്രമേ അപേക്ഷിക്കാന്‍ യോഗ്യതയുള്ളു. പ്രായം ഇരുപതില്‍ കവിയരുത്. എഴുത്തും വായനയും അറിഞ്ഞിരിക്കണം. ആരോഗ്യ ദൃഢഗാത്രരായിരിക്കണം. സര്‍വ്വോപരി ആ നാട്ടിലെ പ്രജയായിരിക്കണം. അതായത് ആ മണ്ണിനോട് കൂറുള്ളവര്‍. മത്സരം പല തട്ടുകളായിട്ടായിരിക്കും. വളരെ സങ്കീര്‍ണ്ണമായ ഉപാധികളും കഠിനമായ നിബന്ധനകളും കാരണം മത്സരത്തിന് വളരെക്കുറച്ചുപേരെ വരികയുള്ളു എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ നൂറ്റുക്കണക്കിന് യുവാകളാണ് മത്സരസമയത്ത് കോട്ടവാതിലക്കല് എത്തിയത്. തിരക്കു നിയന്ത്രിക്കാന്‍ കൊട്ടാരത്തിലെ മുഴുവന്‍ കിങ്കരന്മാരും തന്നെ വേണ്ടിവന്നു. വന്നവരെല്ലാം മത്സര ഉടമ്പടിയില്‍, അതായത് മല്‍സരത്തിനിടെ വരിയുടച്ച് നപുംസകങ്ങളാക്കപ്പെടും എന്ന ഉടമ്പടിയില്‍ ഒപ്പുവെക്കുകയും ചെയ്തു.
പത്താമത്തെ മത്സരത്തട്ടിലേ രാജകുമാരി കാണാന്‍ എഴുന്നള്ളിയുള്ളു. ഏതാണ്ടു പത്തുപേര്‍ മാത്രമാണ് ഒന്‍പതു പരീകഷണങ്ങളില് വിജയിച്ച് എത്തിയത്. വേഗം, ധൈര്യം, യുക്തി, ക്ഷമ, കരുത്ത്, സൂക്ഷ്മം, ഒതുക്കം, അടവ്, തഞ്ചം, നയം എന്നിങ്ങനെ പത്തു കഴിവുകള്‍ പരീക്ഷിച്ച് തെളിയിച്ചവരാണ് എല്ലാവരും. ഒറ്റനോട്ടത്തില്‍ രാജകുമാരിക്ക് അരെയും അത്രയ്ക്ക് ബോധിച്ചില്ല. വരിവരിയായി എല്ലാവരും തന്റെ മുന്നില്‍ വന്നു നില്ക്കട്ടെ എന്ന് രാജകുമാരി കല്പ്പിച്ചു. വലിയ കോട്ടമൈതാനത്തിനു നടുക്ക് ഉയര്‍ത്തിക്കെട്ടിയ മണിമഞ്ചത്തില്‍ ഇരിക്കുകയാണ് കുമാരി. പ്രൌഡിയുടെ സൂര്യതേജസ്സ്. ഇരുവശത്തും തോഴിമാര് ചാമരം വീശുന്നുണ്ട്. എന്നിട്ടും തന്റെ മുഖം ചുവപ്പിക്കുന്ന വേനല്‍സൂര്യനോട് നിറഞ്ഞ പകയോടെ കുമാരി മത്സരാര്‍ത്ഥികളെ ഓരോരുത്തരെയായി വിളിച്ചു നിരത്തി നിര്‍ത്തി. നെഞ്ചത്ത് അക്കമിട്ട്, കരിവീട്ടിപോലെ കൌപീനധാരികളായി പത്ത് പുരുഷന്മാര്. കുമാരി ഓരോരുത്തരെയും മൂന്നടി അകലത്ത് നിര്‍ത്തി മഞ്ചത്തിലിരുന്ന് മൂന്നുനിമിഷം ഉറ്റുനോക്കും. മത്സരം കാണാനായി തടിച്ചു കൂടിയ ജനാവലി നിശബ്ധത പാലിക്കാന്‍ പെരുമ്പറകള്‍ അടയാളം മുഴക്കി. പത്തുപേരില്‍ തന്റെ കണ്ണിലേക്ക് നോക്കാന്‍ ധൈര്യപ്പെട്ട നാലുപേരെ കുമാരി തിരഞ്ഞെടുത്തു. മറ്റുള്ളവരെ കിങ്കരന്മാര് പിടിച്ചുകൊണ്ടുപോയി പുറത്താക്കി. രാജകുമാരി മഞ്ചത്തില്നിന്നിറങ്ങിവന്നു.
നാലാമനെ കുമാരി ഒന്നു ശ്രദ്ധിച്ചു. മറ്റുള്ളവരില്‍ നിന്ന് അവനെ വ്യത്യസ്തനാക്കുന്നതായിട്ട് ഒന്നുമില്ല കാഴ്ചയില്‍. എല്ലാവരും കരുത്തരാണ്. ആറടിയില്‍ കൂടുതല്‍ പൊക്കം. ഉറച്ച ശരീരം. കഠിനമായ കായീകപരീക്ഷണങ്ങള് കഴിഞ്ഞ് വെയിലേറ്റ് അവരുടെ കറുത്ത ശരീരങ്ങള്‍ ഒന്നുകൂടെ കരുവാളിച്ചിട്ടുണ്ട്. കൈകള്‍ പുറകില്‍ കെട്ടി നെഞ്ചുവിരിച്ച് നില്ക്കുന്ന നാലു പുരുഷശരീരങ്ങളിലൂടെയും വിയര്‍പ്പ് ചാലുകീറുന്നത് രാജകുമാരി ഒരു ചെറു ചിരിയോടെ ആസ്വദിച്ചു. നാലാമന്റെ മുന്പില് രണ്ടിട കൂടുതല്‍ നിന്നിട്ട് കുമാരി കൊട്ടാരത്തിനകത്തേക്ക് തിരിച്ചു പോയി.
പുറത്തു മുഴ്ശ്ങ്ങുന്ന പെരുമ്പറകളെക്കാളുറക്കെ ശിവന്റെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു. പത്തില്‍ ഒന്‍പതാമനായി ആണ് അവന് കുമാരിയുടെ മുന്പില് എത്തിയത്. ഒന്‍പതാമത്തെ കായീകപരീക്ഷണത്തില് ജയിക്കാനായത് തലനാരിഴയ്ക്കാണ്. പാഞ്ഞു വരുന്ന അസംഖ്യം പോര്ക്കുതിരകള്ക്കിടയിലൂടെ മിച്ചമുള്ള മത്സരാര്‍ത്ഥികള്‍ ലക്ഷ്യത്തിലേക്ക് ഓടുകയാണ് വേണ്ടിയിരുന്നത്. വീണുപോയാല്‍ കുതിരക്കുളമ്പുകള്‍ ചതച്ചരക്കും. അതിലുമുപരി മത്സരത്തില്‍ നിന്ന് പുറത്താക്കപ്പെടും. ഉയര്‍ന്നുപൊങ്ങുന്ന പൊടിപടലം കൊണ്ട് കണ്ണടച്ചുപോയവരാണ് വീണവര്‍ മിക്കവരും. വീഴാതെ എത്തിയവരില്‍ ഒടുക്കക്കാരനായിരുന്നു അവന്. കലങ്ങിച്ചുമന്ന കണ്ണുകള്‍ പത്താമത്തെ അങ്കത്തില്‍ തന്നെ ചതിച്ചേക്കുമോ എന്നു തന്നെ അവന് ഭയന്നു. ഒരു വിധം അതും കടന്നുകിട്ടി. പക്ഷെ രാജകുമാരിയുടെ തീക്ഷണമായ നോട്ടം കണ്ണും നെഞ്ചും തുരന്ന് ഉള്ളിലേക്ക് നീളുന്നതറിഞ്ഞപ്പോള് അവനു തന്റെ കലങ്ങിയ കണ്ണുകളേ ഓര്‍ത്ത് അപകര്‍ഷം തോന്നിപ്പോയി. അതുപോലെ വിഷംതീണ്ടിയ ഒരു നോട്ടം തിരികെ കൊടുക്കാന്‍ അഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷെ അവള് ഒന്നു വിരല്‍ ഞൊടിച്ചാല്‍ കിങ്കരന്മാര് തന്നെ കൊന്നു കൊക്കയിലെറിയും. മരിക്കാനല്ലല്ലോ വന്നത്. ആകെയുണ്ടായിരുന്ന ഒരു തുണ്ടു ഭൂമി കഴിഞ്ഞ പഞ്ഞക്കാലത്ത് കൈവിട്ടുപോയതോടെ കുടുംബം പട്ടിണിയിലായതാണ്. അതിനു മുകളില്‍ കിഴവന് രാജാവ് മൂന്നു യുദ്ധം തോറ്റു. ഇപ്പോള്‍ നാട്ടുരാജാക്കന്മാര് തമ്മില്‍ കടിച്ചുവലിക്കുന്ന ഒരു അതിരിടത്തിലേ കൂരയാണ് ആകെയുള്ളത്. അതും കൈവിട്ടുപോവുമെന്നായിരിക്കുമ്പോഴാണ് ദൈവമായിട്ട് ഈ വഴി കാണിച്ചു തന്നത്. അംഗരക്ഷകനായി കൊട്ടാരംജോലിക്കാരനായാല് കുടുംബം കരപറ്റും എന്നുമാത്രമല്ല, ജയിക്കുന്നവന്റെ ഗ്രാമം രണ്ടു തലമുറയ്ക്ക് രാജാവിനു ചുംഗം കൊടുക്കേണ്ടെന്നാണ് വിളംബരം. ജയിച്ചേപറ്റു. ആദ്യം കൂര, പിന്നെ ഗ്രാമം, നാട്, നാട്ടുകാര്‍, രാജ്യം...ജയിച്ചു നേടാനുള്ളവയുടെ നിര ഓര്‍ത്ത് ഒരു നിമിഷം ആര്ത്തിപൂണ്ടപ്പോഴാണ് രാജകുമാരി ഒന്നു കൂടെ തന്നെ ചുഴിഞ്ഞു നോക്കുന്നത് അവനറിഞ്ഞത്. രാജവെമ്പാലയുടെ വിഷം തീണ്ടിയ നാവ് ഞരമ്പുകളിലേക്ക് പടര്‍ത്തുന്ന നീറ്റലുപോലൊന്ന് അവനറിഞ്ഞു. താന്‍ ജയിച്ചിരിക്കുന്നു എന്ന് അവന് ബോധ്യമായി. ജയിക്കാനുള്ളത് ഇതൊന്നുമല്ലെന്നും...കളിയെന്താണെന്നും.
അവശേഷിക്കുന്ന നാലുപേരെ സിംഹക്കൂട്ടില്‍ അടയ്ക്കും എന്നൊക്കെ കിംവദന്തി പരന്നു. നാട്ടുകാര്‍ ഉദ്വേഗം കൊണ്ട് ഇളകി മറയുന്നു. രാജകുമാരി എന്തായിരിക്കും ചെയ്യുക. ആര്‍ക്കും ഒരു പിടിയുമില്ല. മറ്റുമൂന്നു പേരെ നോക്കാന്‍ ശിവനു തോന്നിയില്ല. പാവങ്ങള്‍. തോല്ക്കാനുള്ളവര്. മത്സരം കഴിഞ്ഞിട്ടില്ലെങ്കിലും ജയിച്ചവനെപ്പോലെ അവന് തലയുയര്‍ത്തിപ്പിടിച്ച് നിന്നു.
വെയില് താഴ്ന്നു വന്നപ്പോള്‍ നാലു മത്സരാര്‍ത്ഥികളെയും കിങ്കരന്മാര് കൈകാലുകള്‍ കെട്ടിവരിഞ്ഞ് മൈതാനത്തിന്റെ നടുത്തട്ടില്‍ നാട്ടിയ പലകകളില്‍ തലകീഴായി തൂക്കിയിട്ടു. അടുത്ത മത്സരം കടുപ്പമേറിയതായതിനാല്‍ അവരെ തീക്ഷ്ണമായ ശാരീരിക പരീക്ഷണത്തിനു വിധേയരാക്കുകയാണ് എന്ന് വിളംബരമുണ്ടായി. അന്‍പതു ചാട്ടവാറടിക്കും കല്ലേറുകള്‍ക്കും ശേഷം കുപ്പിച്ചില്ലുപാകിയ നിരത്തിലൂടെ പാതിചത്ത അവരെ കൊട്ടാരത്തിനകത്തെ തുറുങ്കിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി. ബാക്കി മത്സരം കാണാന്‍ കഴിയാത്തതിന്റെ നിരാശയില്‍ നാട്ടുകാര്‍ പിരിഞ്ഞു പോയി. നാലു സിംഹങ്ങളാവുമോ അതോ വിശന്നു വലഞ്ഞ ഒരെണ്ണം മതിയാവുമോ എന്നൊക്കെ അവര്‍ തമ്മില്‍ തര്‍ക്കിച്ചു.
ഒരു ഇരുട്ടു തുറുങ്കിനകത്തേക്കെറിയപ്പെട്ടതിനുശേഷമാണ് അവന് ആ കാര്യം ഓര്‍ത്തത്. മറ്റുമൂന്നുപേരെയും കയര്‍ കൊണ്ട് ബന്ധിച്ചിരിക്കുകയാണെങ്കില്‍ തന്നെ ചങ്ങലയ്ക്കിട്ടിരിക്കുകയാണ്. ഗൂഢമായ എന്തോ പദ്ധതി ഉണ്ടെന്നും അതു തനിക്ക് ഒന്നുകില്‍ അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയിരിക്കാമെന്നും അവനു മനസ്സിലാവുമ്പോഴെക്കും തുറുങ്കിനകത്തെ വിശന്ന മൃഗത്തിന്റെ മുരള്‍ച്ച കാതിലും അതിന്റെ ഉച്ഛ്വാസത്തിന്റെ മണം മൂക്കിലും കയറിത്തുടങ്ങി. അവന് ശ്വാസം പിടിച്ചു കിടന്നു. അയയുന്ന കയറുകള്‍ കൊടുത്ത പാഴ്പ്രതീക്ഷയില്‍ കുതറുന്ന മൂന്നുപേരും, ഇരുമ്പുചങ്ങലയില്‍ ഒതുക്കപ്പെട്ട് അനങ്ങാനാവാതെ അവനും. തന്റെ ഊഴം ഒടുക്കത്തേതാവാനോ മറിച്ച് നിശ്ചിതമാവാനോ ഉള്ള സൂചനയായ ഭാരമേറിയ ആ ചങ്ങലയേ അവന് നന്ദിയോടെയും ഭയത്തോടെയും സ്മരിച്ചു. നിലവിളികള്‍ക്കിടയില്‍ അവന് ഊഴം കാത്തു കിടന്നു. മൃഗത്തിന്റെ വിശപ്പും മരണവും മൂന്നു തവണ മുഖാമുഖം കണ്ടു. ദിനരാത്രങ്ങള്‍ കടന്നുപോയി. മുരള്ച്ചകള്ക്കൊടുവില്ഓരോതവണയും മനുഷ്യ മാംസം കടിച്ചു കീറപ്പെടുന്നതിന്റെ ശബ്ദം മൂന്നു തവണ കേട്ടു. കളിയില്‍ ജയിക്കുന്നവനും ജയിപ്പിക്കപ്പെടുന്നവനും തമ്മിലുള്ള അന്തരം അവനു മനസ്സിലായിത്തുടങ്ങിയ രാത്രി തുറുങ്കിന്റെ കല്വാതിലിനിടയിലൂടെ അവന്മാത്രം പുറത്തെക്ക് വലിച്ചിഴക്കപ്പെട്ടു. ഒരുവന് മാത്രം ജയിക്കേണ്ട കളികള്‍ ഇങ്ങനെയാണ് അവസാനിക്കുക എന്ന തീര്ച്ചയോടേ, ജയിപ്പിച്ചവളോടുള്ള ഒടുങ്ങാത്ത കൂറോടെ.
വണ്ടിക്കാളകള്‍ വരിയുടക്കപ്പെടുന്ന പ്രാകൃതമായ രീതിയില്‍ അവന്റെ വൃഷണങ്ങള്‍ തച്ചുടയ്ക്കപ്പെടുകയാണുണ്ടായത്. പ്രാണന് പിടയുന്ന വേദനയുമായി രക്തം ഇറ്റിച്ച് അവന് കുമാരിയുടെ മുന്നിലേക്ക് വലിച്ചിഴക്കപ്പെട്ടു. പത്തി ചവിട്ടിയരയ്ക്കപ്പെട്ട മൂര്‍ഖന്‍ കിടന്നു പുളയുന്നത് നോക്കി നില്ക്കുന്ന പാമ്പാട്ടിയെപ്പോലെ രാജകുമാരി അവനെ നോക്കിനിന്നു. അതി സുന്ദരമായ ഒരു ചിരി ആ മുഖത്ത് വിടരുന്നത് കണ്ടുകൊണ്ടിരിക്കെയാണ് അവന്റെ ബോധം മറഞ്ഞത്.
ഉണരുമ്പോള്‍ അവന് രാജകുമാരിയുടെ അന്തപ്പുരത്തില്‍ സപ്രമഞ്ചക്കട്ടിലില്‍ കിടക്കുകയായിരുന്നു. മുറിവുകളില്‍ മരുന്നുവച്ചു കെട്ടിയിട്ടുണ്ട്. ദേഹം വൃത്തിയായി കുളിപ്പിച്ചിരിക്കുന്നു. വലിയ ചങ്ങല മാറ്റപ്പെട്ടിരിക്കുന്നു. ചുറ്റും പനീരിന്റെയും വാസനപ്പൂക്കളുടെയും സുഗന്ധം. ഉള്ളു കാര്‍ന്നു തിന്നുന്ന വിശപ്പിനേക്കുറിച്ച് അവന് ഓര്‍മ്മവന്നു തുടങ്ങി. താലത്തില്‍ വിശിഷ്ഠഭോജനങ്ങളുമായി വരുന്നത് രാജകുമാരി തന്നെയാണെന്ന് അവനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തളിക മുന്നില്‍ വച്ച് വിരല്ഞ്ഞൊടിച്ച് കുമാരി അവനോട് ഭക്ഷിക്കാന്‍ ആജ്ഞാപിച്ചു. അവന് ആര്‍ത്തിപിടിച്ച് കഴിക്കുന്നത് കണ്ട് കുമാരി ചിരിച്ചു.
അവന് കഴിച്ചു കഴിഞ്ഞപ്പോള്‍ കുമാരി തന്റെ അംഗവസ്ത്രങ്ങളോരോന്നായി അവന്റെ മുന്പില് അഴിച്ചിട്ടു. ഒരു പൂവു വിടരുന്നതുപോലെ പതുക്കെ അവള് അവന്റെ മുന്നില്‍ വച്ച് വിവസ്ത്രയായി. ഇനി എന്താണു താന്‍ വേണ്ടതെന്നറിയാതെ അവന് സ്തബ്ധിച്ചിരുന്നു. ചത്ത എലിക്കുഞ്ഞിനെപ്പോലെ തന്റെ കാലുകള്‍ക്കിടയില്‍ മരവിച്ചിരിക്കുന്ന മറ്റൊരുവനെ ഉള്ളുരുകി വിളിച്ചു. അവനായിരുന്നു ദൈവം, അവനായിരുന്നു ജീവനും മൃത്യുവും. അവനില്ലാത്ത താനാരാണെന്ന് അറിയാതെ തലകൂമ്പിട്ട് കട്ടിലിന്റെ വക്കില്‍ ഒരു വിഡ്ഢിയേപ്പോലെ ഇരിക്കുകയായിരുന്ന ശിവനെ കുമാരി മെല്ലെ ചുമലില്‍ തട്ടി വിളിച്ചു. അവളുടെ കയ്യില്‍ ഒരു ചങ്ങലയുണ്ടായിരുന്നു. ചങ്ങലയുടെ അറ്റത്തെ ലോഹവളയം അവന്റെ കഴുത്തില്‍ ഇട്ട് ചങ്ങല വലിച്ചു ചുറ്റി കുമാരി അവനെ ബന്ധിച്ചു. എന്നിട്ട് അവന്റെ താടിപിടിച്ചുയര്‍ത്തി ചിരിച്ചും കൊണ്ട് പറഞ്ഞു.
“ പകരം ഇതിരിക്കട്ടെ.” പിറ്റെന്ന് രാജകിങ്കരന്മാര് തൂണില്‍ ചേര്‍ത്തു കെട്ടി നിര്‍ത്തിയ അവന്റെ നെഞ്ചത്തേക്ക് ഉരുകുന്ന ഈയത്തില്‍ മുക്കിയ അച്ച് കൊണ്ട് തന്റെ രാജമുദ്ര പതിപ്പിക്കുന്നത് കുമാരി അഭിമാനത്തോടെ നോക്കിനിന്നു.
കുമാരിക്കുമേല് അവനു സര്‍വ്വാധികാരവും ഉണ്ടായിരുന്നു. ഇരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും നിഴലുപോലെ അവന് കൂടെ. രാജദര്ബ്ബാറിലും അന്തപ്പുരത്തിലും ഒരേപോലെ ഏതു സമയവും കടന്നുചെല്ലാം. കുമാരി എവിടെ പോകണം, എങ്ങിനെ പോകണം എന്തു ചെയ്യണം, ആരെ കാണാം കാണരുത് എന്നൊക്കെ തിരുമാനിക്കേണ്ടത് അവനാണ്. എന്തിന് കുമാരി കഴിക്കേണ്ട ഭക്ഷണം പോലും അവന് ഉറപ്പുവരുത്തിയിട്ടെ മുന്നില്‍ വരു. ഇത്രയും അധികാരങ്ങള്‍ക്കു പകരം അവന് അതി കഠിനമായ ആയോധനപരിശീലനങ്ങളും ശിക്ഷണങ്ങളും നല്കപെട്ടു. അതിന്റെ അളവും ആവശ്യവും രീതികളും തീരുമാനിക്കുന്നത് കുമാരിയാണ്. അവന്റെ പരീശീലനത്തിനു വേണ്ടി ഒരു കളരി തന്നെ സ്ഥാപിക്കപ്പെട്ടു. ഖജനാവിലെ പണം അവനുവേണ്ടി ദുര്‍വ്യയം ചെയ്യപ്പെടുന്നു എന്ന പരാതി കുമാരി ചിരിച്ചു തള്ളി. അവനു നല്കപ്പെടുന്ന അധികാരങ്ങളുടെ പേരില്‍ സേനാപതിയും പടത്തലവന്മാരും പ്രതാപസിംഹനുമായി ഇടഞ്ഞു. മുറുമുറുത്തുകൊണ്ടാണെങ്കിലും മറ്റുമാര്ഗ്ഗങ്ങളില്ലാത്തതുകൊണ്ട് അവര്‍ സ്ഥാനങ്ങളില്‍ തുടരുകയായിരുന്നു.
അവനും കുമാരിയും തമ്മിലുള്ള അധികാര കൈമാറ്റങ്ങള്‍ വളരെ സുഗമമായി നടന്നു. ഒരേ സമയം അടിമയും അംഗരക്ഷകനും അധികാരിയുമായിരിക്കുക അവന് ഒട്ടും എളുപ്പമായിരുന്നില്ലെങ്കിലും. നേര്‍ത്ത അതിരുകള്‍ ഇഞ്ചു തെറ്റിയാല്‍ മാറും. കുമാരി കോപിക്കും. കോപിച്ചാല്‍ കടുത്ത ശിക്ഷയാണ് ഫലം. എന്നാല്‍ ശിക്ഷിക്കപ്പെടുമ്പോഴും അവന്റെ അധികാരങ്ങള്‍ നിലനിന്നു. അതു നിലനില്‍ക്കേണ്ടത് തന്റെ ആത്യന്തികമായ ആവശ്യമാണെന്ന് അവനും ബോധ്യമുണ്ടായിരുന്നു. ഒരിക്കല്‍ നല്കപ്പെട്ട അധികാരം കുമാരി തിരിച്ചെടുക്കില്ല. മാത്രമല്ല സ്വന്തം അധികാരം ആത്മാര്‍ത്ഥമായി അവന് ഉപയോഗിക്കുന്നില്ലെങ്കില്‍ കുമാരി കോപിക്കുകയും ചെയ്യും. വിട്ടുവീഴ്ച്ചകളൊന്നുമില്ലാത്ത രീതികളായിരുന്നു കുമാരിയുടെ.
എന്നും രാത്രി കുമാരിയേ ഉറക്കുന്നത് അവനാണ്. വെയില്തൊടാത്ത പൂമേനി പനിനീരുകൊണ്ട് ഉഴിഞ്ഞ് ചുംബനപൂക്കള്‍ കൊണ്ട് മൂടി അവളുടെ ഉടലില്‍ തിരമാലകളുയര്‍ത്തി അതൊടുങ്ങുന്നതുവരെ തന്റെ ഞരമ്പുകളെ വലിച്ചു മുറുക്കി, ഒടുക്കം തിരയടങ്ങുന്ന കടലുപോലെ അവള് ശാന്തയാവുമ്പോള് കണ്ണുകളില്‍ ഉമ്മവച്ച് അവന് ഉറക്കും. ഈ പ്രണയരാത്രികളുടെ അധികാരശ്രേണി മാത്രം അവനു മനസ്സിലായില്ല. തനിക്കു നല്കപ്പെട്ട അധികാരമാണോ അതോ തന്റെ അടിമത്തം സ്ഥാപിക്കാനായി രാജകുമാരി നേരിട്ടു തരുന്ന ശിക്ഷയാണോ അത് എന്നറിയാതെ അറിവില്ലായ്മയുടെ ഒരു ഞാണിന്മേല് കടിച്ചു തൂങ്ങി അവന് എന്നും അതു ചെയ്തു പോന്നു. വല്ലാത്തൊരു ഞാണിന്മേല് കളി തന്നെയായിരുന്നു അത്. ഓരോ തവണയും തന്റെ കൈകളില്‍ക്കിടന്ന് അവള് തളിര്‍ത്തു പൂത്ത് പൊഴിയുന്നത് കാണെ അഹങ്കാരം കൊണ്ട് അവന് മതിമറക്കും. അവള് ഉറങ്ങിക്കഴിയുമ്പോള്‍ ഒരു പാഴ്വിത്തുപോലെ അവളുടെ ഊര്‍വ്വരതയില്‍ അടിയേണ്ടിവന്ന ഓരോ നിമിഷത്തെയും ഓര്‍ത്ത് അവന് സ്വയം ശപിക്കും. എന്നാലും അവന് തൊട്ടാല്‍ ഓരോ രാത്രിയും അവള് വിടരുകയും അവന്റെ ഞരമ്പുകളെ ത്രസിപ്പിക്കുന്ന സുഗന്ധം പരത്തുകയും ചെയ്യുന്നു എന്നത് അവളില്‍ തനിക്കുമാത്രമുള്ള അധികാരമാണെന്ന് അവന് വിശ്വസിക്കാന്‍ ശ്രമിച്ചു. അവ്നെ സംബന്ധിച്ചിടത്തോളം ഉണ്ടോയെന്നു തീര്‍ച്ചയില്ലാത്ത അധികാരമാണ് സ്ഥാപിക്കേണ്ടത് . ഉണ്ടെന്ന് അവനു ബോധ്യം വരുന്ന ചില നിമിഷങ്ങളില്‍ തന്റെ ഉടലിലേ തിരമാലകളുടെ വേലിയേറ്റങ്ങളിലൂടെ അതു പിടിച്ചെടുത്ത് രാജകുമാരി ശാസിക്കും, ചിലപ്പോള്‍ ശിക്ഷിക്കുകയും ചെയ്യും. എന്നാല്‍ ഇല്ലെന്ന് അപകര്‍ഷത്തിന്റെ പാതാളക്കയങ്ങളില്‍ അവന് മുങ്ങിത്തപ്പുമ്പോള്‍ തിരയുണരാത്തക്കടലായി, മൂടിക്കെട്ടിയ ആകാശമായി രാജകുമാരി ഘനീഭവിച്ച് നില്ക്കുകയേ ഉള്ളു. അതിനു ശിക്ഷ ചിലപ്പോള്‍ ദിവസങ്ങളോളം നീളും. എല്ലുമുറിക്കുന്ന പകലുകളുടെ ശിക്ഷണപരീക്ഷണങ്ങളേക്കാളുമേറെ അവന് ഭയപ്പെട്ടിരുന്നത് രാത്രികളിലെ ഈ ഞാണിന്മേല്‍ക്കളിയായിരുന്നു. അതുപോലെ സര്‍വ്വാധികാരിയായി കൊട്ടാരക്കെട്ടില്‍ വിലസുന്ന പകലുകളേക്കാളേറെ അവന് ആര്‍ത്തിയോടെ കൊതിച്ചിരുനതും ഇതേ രാത്രികളെ തന്നെ ആയിരുന്നു.
അടിമയുടെ കായികശേഷി ഉപയോഗിച്ച് ദുര്‍ഗ്ഗാവതി തന്ത്രപൂര്‍വ്വം ചുറ്റുമുള്ള നാട്ടുരാജ്യങ്ങളോരോന്നായി പിടിച്ചടക്കാന്‍ തുടങ്ങി. യുദ്ധമോ സൈനീകസന്നാഹങ്ങളോ ഉണ്ടാക്കാനുള്ള വ്യയം രാജ്യത്തിനില്ല എന്നറിയാവുന്നതുകൊണ്ട് വിചിത്രമായ കളികളാണ് ദുര്‍ഗ്ഗാവതി കളിച്ചിരുന്നത്. പുറമേക്ക് സൌഹാര്‍ദ്ധപരമായ ഒരു മത്സരമോ വെല്ലുവിളിയോ ആയിരിക്കും. പക്ഷെ ഉള്ളില്‍ മുറുക്കേണ്ട ചരടുകള്‍ എതൊക്കെയെന്ന് അവള് ആദ്യമേ കണക്കുകൂട്ടിയിരിക്കും. കച്ചവടക്കാര്‍, വലിയ പണക്കാര് തുടങ്ങിയവരുടെ പിന്തുണ നേടിയെടുത്തതിനു ശേഷമേ നാട്ടുരാജാവുമായിട്ട് നേരിട്ട് കോര്ക്കുകയുള്ളു. ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇടപെടലുകളില്‍ ബൌദ്ധീകമായും കായീകമായും ശിവനാണ് അവളുടെ ഒറ്റയാള്‍ പട്ടാളം. രാജ്യാതിര്‍ത്തി ശക്തിപ്പെടുത്തുന്നതിനൊപ്പം സദ്ഭരണം ഉണ്ടായിരിക്കാനും അവള് ശ്രദ്ധിച്ചു. ചൂഷകരായ നിയമപാലകരെ പിടികൂടാനും അടിച്ചമര്‍ത്താനും, ഇടനിലക്കാരെ ഉന്മൂലനം ചെയ്ത് ഭരണം നേരിട്ട് നടത്താനും ഒക്കെ അവള് ശിവന്റെ ശേഷി ഉപയോഗിച്ചു. ശിവനറിയാതെ അവളുടെ രാജ്യത്ത് ഒരു ഇല പോലും അനങ്ങില്ല എന്ന സ്ഥിതിയായി. വിശ്വസ്തനും ശക്തനുമായ ഇത്തരം ഒരു അടിമയേ കിട്ടാന്‍ അയല്‍രാജ്യങ്ങള്‍ മോഹിച്ചു. അവനുവേണ്ടി വിലപേശി വന്ന് വിഡ്ഢികളായവര്‍ പോലുമുണ്ട്. ഭീതിയുടെയും പ്രലോഭനത്തിന്റെയും ഏതു ചങ്ങലപ്പൂട്ടിട്ടാണ് രാജകുമാരി അവനെ പൂട്ടിയിരിക്കുന്നത് എന്നറിയാന്‍ അവര്‍ ഗൂഡതന്ത്രങ്ങള്‍ മിനഞ്ഞു.
ഒരിക്കല്‍ അത്യപൂര്‍വ്വമായ ഒരു ചാവേര്‍ ആക്രമണത്തിലൂടെ പ്രധാനപ്പെട്ട ഒരു ശത്രുവിനെ വീഴ്ത്തി സമ്പത്ത്സമൃദ്ധമായ ഒരു കൊച്ചുരാജ്യം പിടിച്ചടക്കി വന്നു അവന്. ജീവനോടെ തിരിച്ചു വന്നാല്‍ അവന്റെ ഒരു ചിരകാല ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് ഏറ്റിരുന്നു അവള്. രണ്ടു ദിവസത്തെ മോചനം. സ്വന്തം ഗ്രാമത്തിലേക്ക്, വീട്ടിലേക്ക് ഒന്നു പോയിവരാന്‍. പക്ഷെ കഠിനമായ ഏറ്റുമുട്ടല്‍ വേണ്ടിവന്നതുകൊണ്ട് വല്ലാതെ പരുക്കേറ്റാണ് അവന് വന്നത്. ആരോഗ്യം തിരിച്ചു കിട്ടിയപ്പോഴെക്കും രാജ്യത്ത് മറ്റൊരു പ്രതിസന്ധി വന്നു കൂടി. കൊള്ളപ്പലിശക്കാരനായ ഒരു വ്യാപാരി കൊട്ടാരത്തിലെ ആരുടെയോ ഒത്താശയോടെ ഖജനാവു ചോര്‍ത്തുന്നെന്ന് തെളിഞ്ഞു. ആ വ്യാപാരിയുമായി കുമാരി നേരിട്ട് പല നീക്കുപോക്കുകളും നടത്തിയുരുന്നതിനാല്‍ കുമാരി അറിഞ്ഞുകൊണ്ടാണ് അയാള്‍ പണം ചോര്‍ത്തുന്നതെന്ന് അപവാദം ഉണ്ടായി. തുറന്ന ദര്‍ബാറില്‍ വച്ച് കുമാരി ചോദ്യം ചെയ്യപ്പെടാമെന്ന സങ്കീര്‍ണ്ണ സ്ഥിതി വന്നപ്പോള്‍ ആദ്യമായി കുമാരിയുടെ സമ്മതം കൂടതെ അടിമ ദര്‍ബാറില്‍ ശബ്ദിച്ചു. അവന് കുറ്റം ഏറ്റെടുത്തു. കുമാരിയറിയാതെ വ്യാപാരിയുമായി താന്‍ കരാറുണ്ടാക്കുകയായിരുന്നു എന്ന് ഏറ്റു പറഞ്ഞു. ശിക്ഷയായി ചാട്ടയടിയും തലമുണ്ഡനം ചെയ്ത് നഗരത്തിലെ നിരത്തിലൂടെ വലിച്ചിഴച്ച് സത്യം തെളിയുന്നതു വരെ ഊരുകടത്തലും. കുപിതയായ കുമാരിക്കുമുന്പില് ശിക്ഷയ്ക്കുമുന്പേ അവന് മുഖം കാണിച്ചത് ഉള്ഭയത്തോടെയായിരുന്നു. കുമാരിയുടെ അഭിമാനം കാക്കുന്നതിനുവേണ്ടിയാണ് ദര്‍ബ്ബാറില്‍ ധിക്കാരം കാണിച്ചത് എന്ന ആനുകൂല്യം പോലും ചിലപ്പോള്‍ കുമാരി നിഷേധിച്ചേക്കും. എന്നാല്‍ ഒറ്റ രാത്രികൊണ്ട് സത്യം തെളിയിച്ചു തിരിച്ചു വന്നോണം എന്നാണ് അവള് കല്‍പ്പിച്ചത്. കുമാരിക്ക് തന്റെ മേലുള്ള വിശ്വാസം നല്കിയ ഊര്‍ജ്ജിത ധൈര്യവും കൊണ്ട് പോയി അവന് അത് സ്ഥാപിക്കുകയും ചെയ്തു. ഒറ്റരാത്രി കൊണ്ടു തന്നെ. വ്യാപാരിയുമായിച്ചേര്ന്ന് കള്ളത്തരം ഒപ്പിച്ചിരുന്ന ഖജാന്‍ജിയെ തൊണ്ടിമുതലുകളോടെ പിടികൂടി അവന് രാജകിങ്കരന്മാരെ ഏല്‍പ്പിച്ചതായി പാതിരാത്രിക്കുമുന്നെ കുമാരിക്ക് അറിയിപ്പു കിട്ടി. ഒപ്പം രാജകല്പ്പന പ്രകാരം അടുത്ത ദര്‍ബ്ബാര്‍ ചേരുന്നതുവരെ ഊരുവിലക്ക് പാലിച്ചു കൊള്ളാമെന്ന അവന്റെ കുറിപ്പും.
തമ്മില്‍ പിരിഞ്ഞിരുന്ന ആ ഒരു രാത്രി പക്ഷെ രാജകുമാരിയുടെയും അടിമയുടെയും ആത്മകഥകള്‍ മാറ്റിമറിച്ചു. വര്‍ഷങ്ങളായി തന്നെ തലോടിയുറക്കുന്ന കൈകള്‍ ഇല്ലാതെ ഉറക്കം മുറിഞ്ഞ് വേവലാതി പൂണ്ട് മട്ടുപ്പാവില്‍ നടക്കുന്ന തന്നെ രാജകുമാരി സ്വയം ശാസിച്ചു. അധികാരശ്രേണികള്‍ എവിടെയോ കീഴ്മേല്‍ മറിയുന്നതറിഞ്ഞ് അവള് ചകിതയായി. എന്നാല്‍ അടിമയാവട്ടെ ഇത്രയധികം താന്‍ ആഗ്രഹിക്കുന്ന മോചനം മറ്റൊരു ശിക്ഷയാവുകയേ ഉള്ളു എന്ന് തിരിച്ചറിയുകയായിരുന്നു കുമാരിയില്ലാത്ത ആ രാത്രിയില്‍. രണ്ടുപേരും സ്വന്തം അവസ്ഥകളേ ഭയന്നു. തനിക്കു വേണ്ടി കുറ്റം ഏറ്റെടുക്കുന്നതിന് അവന് കാണിച്ച ധിക്കാരം രാജകുമാരിക്ക് അവന് സ്വതന്ത്രനാവുന്നതിന്റെ സൂചനകളായിട്ടാണ് തോന്നിയത്. അവന് സ്വതന്ത്രനാവുന്നതില്പ്പരം മറ്റൊരു ഭീതി അവള്‍ക്കില്ലായിരുന്നു. മറുവശത്ത് തന്റെ നിരപരാധിത്വം തെളിയിക്കാനായെങ്കിലും, ഒരു ഉള്‍പ്രേരണകൊണ്ട് ദര്‍ബ്ബാറില്‍ വച്ച് താന്‍ അധികപ്രസംഗം കാണിച്ചതിന് കടുത്ത ശിക്ഷതന്നെ ഉണ്ടായേക്കും എന്ന് അടിമ ഭയന്നു. പകല്‍ പതിന്മടങ്ങ് ശിക്ഷ ഉണ്ടായാലും സാരമില്ല, രാത്രി ശിക്ഷിക്കപ്പെടുന്നതോര്ത്ത് അവന് നടുങ്ങി. നഗരാതിര്ത്തിയിലേ കവാടത്തില്‍ ഒറ്റയ്ക്ക് മാനം നോക്കിക്കിടന്ന് അവന് ദുസ്വപ്നം കണ്ടു ഞെട്ടി. കുമാരിയുടെ രീതികള്‍ മനപ്പാഠമാണ് അവന്. ഇന്നത്തേ കുറ്റത്തിന് ചിലപ്പോള്‍ ദിവസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞാവും ശിക്ഷ. കുറ്റത്തിന്റെ കാഠിന്യമനുസരിച്ച് കുമാരി ശിക്ഷ മാറ്റിവയ്ക്കും. എത്ര മാറ്റിവയ്ക്കുന്നോ അത്രയും കഠിനമാവും ശിക്ഷ. ഇപ്പോള്‍ തന്നെ മാറ്റിവയ്ക്കപ്പെട്ട ശിക്ഷകളുടെ ഒരു വലിയ മാറാപ്പുണ്ട് അവന്റെ ചുമലില്‍. സമയാസമയം രാത്രിയോ പകലോ എന്നില്ലാതെ അതിന്റെ ശിക്ഷകള്‍ വന്നു നിപതിക്കുകയും ചെയ്യും. കുമാരിയുടെ തുടര്‍ ശാസനകളില്‍ നിന്ന് രക്ഷപ്പെടുന്നതിനുള്ള സങ്കീര്‍ണ്ണമായ വഴികളും അവനറിയാം. എന്നാല്‍ കണ്ണടച്ച് കിടങ്ങു ചാടുന്നതുപോലെയുള്ള കാര്യമാണത്. കുമാരി തനിക്കുനേരെ നീട്ടുന്ന ശിക്ഷയുടെ കൂരമ്പ് താന്‍ കാത്തിരുന്ന തന്റെ ആയുധം എന്നോണം ഏറ്റുവാങ്ങുകയാണ് ഒരു അടവ്. തനിക്കേറ്റവും ആവശ്യമുള്ള ഒന്ന് കുമാരി അറിഞ്ഞുതരികയാണെന്ന പോലെ നന്ദിയോടെ അവളുടെ ശിക്ഷയേ തന്റെ ശിക്ഷണമാക്കുന്ന വിദ്യ. കടുത്ത ശിക്ഷകള്‍ ഏറ്റുവാങ്ങുമ്പോള്‍ കുമാരിയുടെ കണ്ണുകളിലേക്ക് നോക്കി അവന് പുഞ്ചിരിക്കാറുള്ളതും മറ്റൊരു വിദ്യയാണ്. പക്ഷെ അതിസൂക്ഷ്മതയോടെ വേണം അതു ചെയ്യുവാന്‍. കാരണം അടിയറവിന്റെ, നിസ്സഹായതയുടെ ചിരിയല്ല വേണ്ടത്. കണ്ണുകളിലും ശബ്ദത്തിലും നിറഞ്ഞ അത്മാഭിമാനത്തോടെ അധികാരത്തോടെ ചിരിച്ചുകൊണ്ട് തന്റെ അടിമത്തം ഏറ്റുവാങ്ങുകയെന്നാല് ഓരോതവണയും മരിച്ചു ജീവിക്കുന്നതിനു തുല്യമാണ് അവന്. പക്ഷെ ശ്വസിക്കുന്ന വായുപോലെ അവനു പ്രധാനമാണുതാനും അത്. ഓര്‍ത്തുകിടന്ന് തണുത്ത പുഴക്കാറ്റ് മുഖത്തു വീശിയടിച്ചിട്ടും അവന് വിയര്‍ത്തു. അങ്ങിനെ ഉറക്കമില്ലാതെ തീര്‍ത്ത ആ രാത്രി രാജകുമാരിയും അവളുടെ അടിമയും ചില ഭ്രാന്തന് തീരുമാനങ്ങളെടുത്തു.
രാത്രികള്‍ അവനെ പിരിഞ്ഞിരിക്കാന്‍ തനിക്ക് ആവുകില്ല എന്ന് മനസ്സിലാക്കിയ രാജകുമാരി അത് അവനുമേല്‍ തനിക്കുള്ള അധികാരത്തെ ഇല്ലാതാക്കരുത് എന്ന് ദൃഢനിശ്ചയം ചെയ്തു. അവനില്ലാതെ തനിക്ക് വയ്യ എന്ന് വന്നാല്‍ നിഗൂഢമായ ഒരു അധികാര കൈമാറ്റമാവും അവിടെ നടക്കുക. അത് പാടില്ല. തനിക്കു നടക്കാനുള്ള വഴിയാണ് അവന്, തന്റെ ലക്ഷ്യമല്ല എന്ന് ദുര്‍ഗ്ഗാവതിയുടെ മനസ്സ് അവളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അതേസമയം ഒരേസമയം ശിക്ഷിക്കപ്പെടാനും മോചിതനാവാനും ആഗ്രഹിച്ച അടിമ ദുര്‍ഗ്ഗാവതിക്കെതിരെ അത്യഗാധവും പ്രലോഭനപരവുമായ ഒരു സ്നേഹവല തീര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് എത്തിച്ചേര്‍ന്നത്. അതിന് അവളെ അവന് രാജകൊട്ടാരത്തില്‍ നിന്ന് വെളിയില്‍ ഇറക്കണം. അവളുടെ കരുത്തിന്റെ കേന്ദ്രങ്ങള്‍ക്കപ്പുറം, അവന്റെ സാങ്കല്‍പ്പികവും യഥാര്‍ത്ഥവുമായ ജീവിതക്കോട്ടകളിലേക്ക് നയിക്കണം. അവിടെ അവള് നിരാലംബയാവും, അവളുടെ ശക്തി ചോരുന്നതിനനുസരിച്ച് അവന്റെ സ്നേഹവലയുടെ ഇഴയടുപ്പം കൂട്ടി തന്റെ ലക്ഷ്യം സ്ഥാപിക്കണമെന്ന് അവന് ഉറച്ചു. അവളുടെ ലക്ഷ്യവും അവന്റെ സങ്കേതങ്ങള്‍ തന്നെയായിരുന്നു. അതു പക്ഷെ അവനില്‍ തനിക്കുള്ള അധികാരം സ്ഥാപിക്കാനായിട്ടുള്ള വലിയ ഒരു കരുനീക്കമായിട്ടാണ് അവള് കണ്ടത്. ഒരിക്കലും വിട്ടുപോകാനാവാത്ത വിധം ചിറകൊടിഞ്ഞ് അവന് തന്റെ കാല്‍ക്കീഴിലെ മണ്ണായി ഒതുങ്ങണം.
പിറ്റെന്ന്, രണ്ടുദിവസത്തേ മോചനത്തിനുപകരം തന്റെ ഗ്രാമത്തിലേക്ക് ഒരു തവണ കുമാരിയേ കൂട്ടിക്കൊണ്ടുപോകാനുള്ള അനുവാദം കിട്ടുമോ എന്ന് ചോദിക്കാന്‍ ധൈര്യം സംഭരിച്ചു വന്ന അവനെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് കുമാരി അവന്റെ ശിക്ഷ വിധിച്ചു. അവന്റെ ഗ്രാമത്തിലേക്ക് വേഷം മാറിയ അവളെയും കൊണ്ട് ഒരു യാത്ര. അങ്ങിനെ സ്വന്തം പദ്ധതി ഫലിക്കുന്നു എന്ന ഗൂഡാഹ്ലാദത്തോടെ രാജകുമാരിയും അടിമയും സ്നേഹഗ്രാമത്തിലേക്ക് യാത്രപുറപ്പെട്ടു.
കാടും മലകളും താണ്ടി, പുഴകള്‍ നീന്തി, മരുഭൂമികള്‍ കടന്ന് പോകേണ്ട യാത്രയാണ്. രാജകുമാരി ദൂരയാത്രയ്ക്ക് പോവുകയാണെന്ന് നാട്ടില്‍ അറിയുകയുമരുത്. രാജഭരണം മിക്കവാറും അവളായതുകൊണ്ട് രാജ്യം തന്നെ സ്തംഭിച്ചു പോവും. അതുകൊണ്ട് തന്റെ അഭാവം അറിയാതിരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്ത് അസുഖം വന്നു കിടക്കുകയാണ് എന്ന നുണ കൊട്ടാരത്തില്‍ പരത്തി ദുര്‍ഗ്ഗാവതി ശിവനുമൊപ്പം കൊട്ടാരത്തില്‍ നിന്ന് ഇറങ്ങി. വേഷ പ്രച്ഛന്നയാണെങ്കിലും രാജകുമാരിയല്ലെ, സുരക്ഷാകര്യങ്ങളില് ഒരു വീഴ്ച്ചയും വരരുത് എന്ന് അവനറിയാം. മരം കൊണ്ട് അടച്ചുറപ്പുള്ള ഒരു പ്രത്യേക മഞ്ചല് അവന് സ്വന്തം കൈകൊണ്ട് രൂപപ്പെടുത്തിയെടുത്തു. അതിനകത്ത് കുമാരിക്ക് സൌകര്യമായി ഇരിക്കുകയോ കിടക്കുകയോ ആവാം. പുറത്തേക്കുള്ള കൊച്ചു കിളിവാതില്‍ ആവശ്യാനുസരണം തുറക്കാം. കുമാരിക്കുവേണ്ട ഭക്ഷണവും വസ്ത്രങ്ങളും അതിനകത്ത് കരുതിയിട്ടുണ്ട്. ആപത്തു നിറഞ്ഞ പാതകള്‍ അവസാനിക്കുന്നതുവരെ കുമാരി അവന്റെ ചുമലില്‍ പെട്ടിക്കകത്ത് സുരക്ഷിതയായിരിക്കും. ഗ്രാമാതിര്‍ത്തിയില്‍ മഞ്ചല് ഒരിടത്ത് ഒളിപ്പിച്ചു വച്ച് കാല്‍നടയായി അവന്റെ വീട്ടിലേക്ക് പോകാം.
അടിമയുടെ ചുമലില്‍ പെട്ടിക്കകത്തിരുന്ന് തുറന്നുവച്ച കിളിവാതിലിലൂടെ വരുന്ന തണുത്ത കാറ്റുമേറ്റ് ദുര്‍ഗ്ഗാവതി തന്റെ പദ്ധതികള്‍ ഒന്നുംകൂടെ ഓര്‍ത്തെടുത്തു. അവന്റെ ഭയമാണ് തന്റെ തുരുപ്പ് ചീട്ട്. മരിക്കാന്‍ അവനു പേടിയില്ലാതായി. എന്നുതന്നെയല്ല ഇനി അവന്റെ മരണം തന്റെ തോല്‍വിയായിരിക്കും എന്നുള്ളതുകൊണ്ട് അവനേക്കാളേറെ അതു ഭയക്കുന്നത് താനാണ്. അവന് ഏറെ ഭയക്കുന്ന മരണം ഇപ്പോള്‍ അവളുടേതായിരിക്കും. അവളുടെ മരണം അഥവാ അവളില്‍നിന്നുള്ള വേര്‍പ്പെടല്‍. അവനെന്ന മൂര്‍ഖനെ തന്റെ കുട്ടയ്ക്കകത്തുതന്നെ ഭയപ്പെടുത്തിയിരുത്താന്‍ രാജകുമാരി തിരഞ്ഞെടുത്ത വടി അതായിരുന്നു. ഓരോതവണ താന്‍ നഷ്ടപ്പെടും എന്നു തോന്നുമ്പോഴും തന്റെ അടിമ സ്വയം അവന്റെ ചങ്ങല മുറുക്കിക്കോളും. ആപത്കരമായ പാതകളിലൂടെ സ്നേഹഗ്രാമത്തിലേക്കുള്ള യാത്ര അതുകൊണ്ടാണ് കുമാരിക്ക് ആവശ്യമായിരുന്നത്.
ഓരോചുവടും അളന്നുവച്ചും എന്നാല്‍ പരമാവധി വേഗത്തില്‍ കുതിരയേപ്പോലെ കുതിച്ചും ആണ് അവന് നീങ്ങിക്കൊണ്ടിരുന്നത്. എത്രയും വേഗം ഗ്രാമത്തിലെത്തണം. ആടയാഭരണങ്ങള്‍ അഴിച്ചുവച്ച് വെറും ദുര്‍ഗ്ഗയായി രാജകുമാരി ദുര്‍ഗ്ഗാവതി തന്റെ വീട്ടില്‍ തന്റെ പാവപ്പെട്ട അമ്മയുടെ അരികില്‍ വസ്ത്രതലപ്പ് നിറുകിലൂടെ വലിച്ചിട്ട് വിനീതയായി തലകുമ്പിട്ടിരിക്കുന്നത് അവന് ഓര്‍ത്തു. സ്നേഹസമ്പന്നയായ തന്റെ അമ്മയുടെ ഉറച്ച കൈകൊണ്ടുള്ള തലോടലില്‍ നിറുക് കുളുര്‍ത്ത് തന്റെ വീട്ടിലെ പഞ്ഞംകൊണ്ട് മൂല്യം മുറ്റിയ അന്നം, അമ്മയുടെ കൈകൊണ്ട് വിളമ്പിയ സ്നേഹം ഭക്ഷിച്ച് അവള് കണ്ണീര് പൊഴിച്ചുപോവുമെന്ന് അവനുറപ്പുണ്ടായിരുന്നു. സ്നേഹഗ്രാമത്തിലേക്കുള്ള വഴി അവനൊരു വിഷയമേ അല്ലായിരുന്നു. ലക്ഷ്യത്തേക്കുറിച്ചു മാത്രം ചിന്തിച്ച് ചുമലില്‍ പെട്ടിയില്‍ സുരക്ഷിതയായ രാജകുമാരിയുമായി അവന് കിതച്ചുംകൊണ്ട് പായുകയായിരുന്നു. കാട്ടുചോലയ്ക്കരികില്‍ ദാഹം തീര്‍ക്കാന്‍ നിന്നപ്പോള്‍ പോലും അവന് പെട്ടി ചുമലില്‍ നിന്നിറക്കിയില്ല. ഒഴുക്കു കൂടിയ പുഴ നീന്തിക്കടക്കുമ്പോഴും വഴുക്കുന്ന പാറക്കെട്ടുകള്‍ അതീവ ശ്രദ്ധയോടെ ചവിട്ടിക്കേറുമ്പോഴും തന്റെ ശരീരം ഉരുക്കിന്റെ കവചമാക്കി അവന് പെട്ടി സൂക്ഷിച്ചു. കൊള്ളക്കാര്‍ ആക്രമിച്ചേക്കാവുന്ന ഗൂഢവനങ്ങളിലൂടെ ഉറവാള് ഊരിപ്പിടിച്ച് മെയ്യ് കണ്ണും കാതുമാക്കി അവന് ജാഗരൂകനായി. സ്നേഹഗ്രാമത്തിലെത്തണം എന്നുമാത്രം അവന്റെ മനസ്സ് ഉരുവിട്ടുകൊണ്ടിരിക്കയായിരുന്നു.
കുമാരിയാകട്ടെ പാതയിലുടനീളം വിഘ്നങ്ങള്ക്കുവേണ്ടി കാത്തു. ഒരു പേമാരിയായോ, ഒരു കാട്ടുതീയായോ, ഒരു കൊള്ളസംഘമായോ നഷ്ടപ്പെടലിന്റെ ഭീതി അവനിലേക്ക് നുഴഞ്ഞു കയറണം. കുമാരിയുടെ പ്രാര്‍ത്ഥന പോലെ വിഘ്നങ്ങള്‍ വരികയും ചെയ്തു. വലിയ ഒരു പാറയിടുക്ക് മുറിച്ചു കടക്കുമ്പോള്‍ ഉരുള്‍പ്പൊട്ടലായും, മരുഭൂമിയിലെ ചെറുക്കാനാവാത്ത ഉഷ്ണക്കാറ്റായും വന്ന് വിഘ്നങ്ങള്‍ അവനെ മരണഭീതിയുടെ കയങ്ങളിലേക്കാഴ്ത്തി. ഓരോ തവണയും ആപത്തു തരണം ചെയ്തു കഴിഞ്ഞ് മഞ്ചലിനകത്ത് താന്‍ സുരക്ഷിതയാണോ എന്ന് ഭീതിയോടെ പരതുന്ന അവനെ ശ്വാസം പിടിച്ചു കിടന്ന് കുമാരി പരീക്ഷിക്കും. എന്നിട്ട് കള്ളച്ചിരിയോടെ കണ്ണുതുറക്കുമ്പോള്‍ ദീര്‍ഘനിശ്വാസത്തോടെ അവന് തളര്‍ന്നിരിക്കുന്നതു കണ്ട് മതിമറന്ന് ചിരിക്കും. അതുകണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി അവനും പുഞ്ചിരിച്ചു പോവും. യാത്രയുടെ പ്രഹരങ്ങളേറ്റ് കീറിമുറിഞ്ഞ സ്വന്തം ശരീരത്തേക്കുറിച്ചോ ഭയത്തിന്റെ പാതാളങ്ങളില്‍ താന്‍ ഒറ്റയ്ക്ക് അനുഭവിക്കുന്ന വിഭ്രാന്തികളെക്കുറിച്ചോ മരണമുനംബുകളില് അവളുടെ ജീവനും തന്റെ മരണത്തിനും വേണ്ടി മനസ്സില്‍ വിളിച്ചുപോകുന്ന പ്രാര്ത്ഥനകളേക്കുറിച്ചോ, പിന്നിടുന്ന മാര്‍ഗ്ഗത്തേക്കുറിച്ച് തരിമ്പും അവന് രണ്ടാമതൊന്ന് ചിന്തിച്ചില്ല. സുരക്ഷിതമായി ലക്ഷ്യത്തിലെത്തുക എന്നു മാത്രം അവന് ഉള്ളില്പറഞ്ഞുകൊണ്ടിരുന്നു.
സ്നേഹഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ പെട്ടിയിറക്കി തുറന്നുവച്ച് അവന് തളര്‍ന്നിരുന്നപ്പോള്‍ പട്ടുപാദം കൊണ്ട് ആദ്യമായി മണ്ണുതൊട്ട് വെറും ദുര്‍ഗ്ഗയായി, ആടയാഭരണങ്ങളില്ലാതെ അവള് ഇറങ്ങി വന്നു. ഇരുവരും കൈകോര്‍ത്ത് ഗ്രാമപാതയിലേക്കിറങ്ങി നടന്നു.
ദൂരെ ചോളപ്പാടങ്ങള്‍ക്കു നടുവില്‍ കൂനിയിരിക്കുന്ന ഒരു മുത്തശ്ശിയേപ്പോലെ ഒരു കൊച്ചു ഗ്രാമം. ഇടയ്ക്ക് നടുവൊന്നു നിവര്‍ത്തി വെയിലത്തേക്ക് മുത്തശ്ശി വഴിക്കണ്ണുപായിക്കും. നാടുവിട്ട മക്കള്‍ ആരെങ്കിലും നടന്നു വലഞ്ഞ് തിരികെ വരുന്നുണ്ടോ? ഗ്രാമപാതയിലെ വഴിക്കിണര്‍ കണ്ടു തുടങ്ങിയപ്പോള്‍ ശിവന്റെ കാലുകള്‍ക്ക് വേഗം കൂടി. ദുര്‍ഗ്ഗ ഒപ്പമെത്താന്‍ പണിപ്പെട്ടു. കിണറിനടുത്ത് വെള്ളം കോരുന്ന സ്ത്രീകളില്‍ ചിലര്‍ അവരെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. അതിലൊരുത്തി പെട്ടന്ന് അവനെ തിരിച്ചറിഞ്ഞ് ഓടിയടുത്തു വന്നു. ഗ്രാമമുഖ്യന്റെ ഭാര്യയാണ്. സ്വന്തം മകനെ തിരിച്ചു കിട്ടിയപോലെ സന്തോഷിച്ച് അവര്‍ നാട്ടുഭാഷയില്‍ മറ്റുപെണ്ണുങ്ങളോട് ഓരോന്ന് വിളിച്ചുകൂവുന്നതു കേട്ട് ദുര്‍ഗ്ഗ അല്‍ഭുതംകൂറി. അവന്റെ വിജയഗാഥകളാണ്. ഗ്രാമത്തിന്റെ വീരപുത്രന്. പട്ടിണിയില്‍ നിന്നും ദുര്‍ഭരണത്തിന്റെ കെടുതിയില്‍ നിന്നും ഒരു ഗ്രാമത്തെ രക്ഷിച്ചവന്. ആ സ്ത്രീ വിളിച്ചുകൂട്ടിയ ആളുകള്‍ ശിവനെ തോളിലേറ്റിക്കൊണ്ട് പോകുന്നതു കണ്ട് ദുര്‍ഗ്ഗയ്ക്ക് അവിടെ ഒരു പട്ടാഭിഷേകം നടക്കുകയാണോ എന്നു തന്നെ തോന്നിപ്പോയി.
അവന്റെ കൂരയില്‍ ചാണകം മെഴുകിയ തറയില്‍ വൃദ്ധരായ അവന്റെ അച്ഛനുമമ്മയും അവന്റെ കൈകള്‍ നെഞ്ചത്തും കണ്ണിലും ചേര്‍ത്ത് വച്ച് നിശബ്ദരായി കരയുന്നത് കണ്ടുകൊണ്ടിരിക്കയായിരുന്നു അവള്. കൂടെയുള്ളത് കൊട്ടാരത്തിലെ ഒരു ദാസിപ്പെണ്ണാണ് എന്ന് അവരോട് പറയുമ്പോഴും ഒരിക്കല്‍പ്പോലും അവന് അവളുടെ മുഖത്തേക്ക് നോക്കിയതേയില്ല. അമ്മ വിളമ്പിയ ഭക്ഷണം സ്വാദോടെ കഴിക്കുമ്പോള്‍ ഇടം കണ്ണിട്ട് അവള് കഴിക്കുന്നുണ്ടോ എന്നൊന്ന് നോക്കിയതൊഴിച്ചാല്‍ അവളെക്കുറിച്ച് അവന് മറന്നുപോയിരിക്കുന്നു എന്നു തന്നെ തോന്നും. സത്യത്തില്‍ താനും അവനെ മറക്കുന്നതായി ദുര്‍ഗ്ഗയ്ക്കു തോന്നി. തന്നെ തന്നെയും മറന്ന് നിര്‍ലോഭ സ്നേഹത്തിന്റെയും തിരിച്ചുവരവിന്റെയും ഒരു ഒഴുക്കില്‍ താന്‍ ഒരു സാധാരണ ഗ്രാമപെണ്കൊടിയായി മാറി എന്ന കാര്യം പോലും മറന്ന് അവള് ഒരു ജീവിതം കാണുകയായിരുന്നു. അവന് ഒരു ജേതാവും അവള് അവന്റെ ആരാധികയായ ഒരു പാവം പെണ്ണുമായി. അവന്റെ വീരകഥകളില്‍ പുളകിതയായി അവനെ തന്നെ ഉറ്റുനോക്കിയിരിക്കുന്ന പെണ്ണ്. കഴുത്തുയര്‍ത്തി മുകളിലോട്ട് നോക്കി വേണം തനിക്ക് അവനെക്കാണാന്‍ എന്ന് ആദ്യമായി അവള്‍ക്ക് തോന്നി. മറിമായത്തിന്റെ ആ ഇന്ദ്രജാലത്തില്‍ അവള് സ്വപ്നാടകയെപ്പോലെ അവനെ പിന്തുടര്ന്നുകൊണ്ടിരുന്നു. കണ്ണുകൊണ്ടും മനസ്സുകൊണ്ടും ആത്മാവുകൊണ്ടുപോലും അവനെക്കണ്ടുകൊണ്ട്.
അവളുടെ കഴുത്തില്‍ താലിയില്ല എന്നു കണ്ടു പിടിച്ച് അമ്മ അവളെ തന്റെയടുത്ത് പിടിച്ചുകിടത്തി. ഗ്രാമത്തിലെ ഒറ്റയായ പുരുഷന്മാരെപ്പോലെ അവനു വെളിയില്‍ പായ നിവര്‍ത്തി. എത്രയും വേഗം ഇവരുടെ വിവാഹം നടത്തണമല്ലോ എന്ന് അമ്മ വേവലാതികൊള്ളുന്നതു കേട്ട് ഉള്ളിലെവിടെയോ ഒരു നനുത്ത കുളിരു പടരുന്നതായി ദുര്‍ഗ്ഗ അറിഞ്ഞു. അവന്റെ കൊച്ചുംനാളിലെ ശീലങ്ങളെക്കുറിച്ചും മിടുക്കുകളേക്കുറിച്ചും അമ്മ വാചാലയാവുന്നത് കേട്ട് ഉറങ്ങാതെ കിടക്കുമ്പോള്‍ ഒരിക്കല്‍പ്പോലും പിറ്റെന്ന് അവള്‍ക്ക് തിരികെ പുറപ്പെടേണ്ടതാണെന്നു പോലും അവള് ഓര്‍ത്തില്ല. വെളിയില്‍ നിലാവു നോക്കി കിടന്ന ശിവനാകട്ടെ നീണ്ട യാത്രയുടെ ക്ഷീണത്തില്‍ പെട്ടന്നുതന്നെ മയങ്ങിപ്പോവുകയും, നാളുകള്‍ക്കു ശേഷം സ്വസ്തമായി ഉറങ്ങുകയും ചെയ്തു.
മടക്കയാത്രയില്‍ ഗ്രാമപാതയില്‍ ഇരുവരും നിശബ്ദരായി നടന്നു. അമ്മ പൊതിഞ്ഞു നല്കിയ പൊതിച്ചോറും നെഞ്ചത്തടുക്കി അവനുപിന്നില്‍ അടിയളന്ന് അവള്. അവളുടെ കണ്ണീരിന്റെ നനവുപടര്‍ന്ന കവിള് ചുമലില്‍ തണുപ്പാവുന്നതറിഞ്ഞ് നിര്‍വൃതിയോടെ അവന്. എത്ര ദൂരം അവരങ്ങിനെ നടന്നിരിക്കും? അതിര്‍ത്തിയില്‍ പൊന്തയ്ക്കുള്ളില്‍ അവന് ഇറക്കിവച്ചിരുന്ന അവളുടെ മഞ്ചം കണ്ടതു വരെയോ? അവിടെയെത്തിയതും ഇന്ദ്രജാലം അവസാനിച്ചതുപോലെ രാജകുമാരി ദുര്‍ഗ്ഗാവതി അവന്റെ മുന്നിലേക്ക് കയറി നില്‍ക്കുകയും, അവന് പതിവുപോലെ മുട്ടുകുത്തിനിന്ന് തലകുമ്പിട്ട് അവള്‍ക്കു മഞ്ചലിലേക്ക് കയറാന്‍ ചുമല് കുനിച്ചു കൊടുക്കുകയും ആവുമോ ഉണ്ടായത്?അതോ ചരിത്രത്തിന്റെ അച്ച് പതിയുന്നതിനുമുന്നെ അവര്‍ അവിടെ നിന്ന് ഒരിക്കലെങ്കിലും രക്ഷപ്പെട്ടിരിക്കുമോ? ഇല്ല. കഥയ്ക്ക് പൊലും പ്രവേശനമില്ലാത്ത ഇടങ്ങളുണ്ടാവും ചരിത്രത്തില്‍. അവിടെ കഥയും നിശബ്ധത പാലിച്ചേപറ്റൂ. ചരിത്രം സ്വന്തം വഴി നടന്നു തീര്‍ക്കട്ടെ. എന്നിട്ടു പറയാം കഥ.
കൊട്ടാരത്തിന്റെ കവാടം താണ്ടി , അവളുടെ വിശാലമായ അന്തപ്പുരവാതിലിനുമുന്നില് മഞ്ചല് സുരക്ഷിതമായി ഇറക്കിവച്ച് അവന് മുട്ടുകുത്തി. ഒരു കടല്‍ നീന്തിക്കടന്നുവന്നവനേപ്പോലെ, ഒരാകാശം ചിറകുകൊണ്ടളന്നുവന്നവനേപ്പോലെ തലകുമ്പിട്ടിരുന്ന് കിതയ്ക്കുകയായിരുന്ന അവന്റെ വിയര്‍ത്ത മുഖം കയ്യിലെടുത്ത് രാജകുമാരി പറഞ്ഞു. “ ശിവാ, ഇതില്‍ കവിഞ്ഞ് ഒരു സന്തോഷവും നീ എനിക്ക് തരാനില്ല. ഇനി ഒന്നും എനിക്ക് നിന്നില്‍ നിന്ന് നേടാനുമില്ല. നീ സ്വതന്ത്രനാണ്. എന്നേക്കും ഇനി നിനക്ക് നിന്റെ ഗ്രാമത്തില്‍ തന്നെ കഴിയാം. നിന്റെ കുടുംബത്തിനു സുഖമായി കഴിയാനുള്ളത് ഞാന്‍ തരും.”
കണ്ണിമകളില്‍ തങ്ങിനിന്ന വിയര്‍പ്പുതുള്ളികള്‍ തുടയ്ക്കാന്‍ പോലുമാവാതെ അവന് തരിച്ചിരുന്നു. കിതപ്പുകൊണ്ട് തൊണ്ടയില്‍ തടഞ്ഞ ശബ്ദം ചിലമ്പലായി പുറത്തുവന്നു. താളം തെറ്റിയ ശ്വാസത്തിനിടയ്ക്ക് അവന്റെ ചുണ്ടുകള്‍ മന്ത്രിച്ചു. കുമാരി എന്നെ മോചിപ്പിക്കരുത്...ഭയം കൊണ്ട് വിറക്കുന്ന കുഞ്ഞിനേപ്പോലെ അവന് കഴുത്തിലെ ചങ്ങലവളയത്തില്‍ മുറുകെപിടിച്ചു. അവളുടെ കാല്‍ച്ചുവട്ടിലെ തറയില്‍ നെറ്റി ചേര്‍ത്ത്, വെറും നിലത്ത് ചുണ്ടുകള്‍ ചേര്‍ത്ത് വിതുമ്പിക്കൊണ്ടിരുന്നു. ഉള്ളാലെ മന്ദഹസിച്ചുകൊണ്ട് രാജകുമാരി അവന്റെ മുഖം പിടിച്ചുയര്‍ത്തി എഴുന്നേല്ക്കാന് ആജ്ഞാപിച്ചു. എന്നിട്ട് കൊട്ടാരത്തിനകത്തേക്ക് പ്രവേശിച്ചു. അവളുടെ ഉടലിനൊപ്പം ചുരുങ്ങുകയും വളരുകയും ചെയ്യുന്ന നിഴലായി അവന് പിറകേയും.
തുടര്‍ന്ന് രാജകുമാരി ദുര്‍ഗ്ഗാവതി സ്വന്തം രാജ്യത്തിന്റെ യശ്ശസ്സ് പടിപടിയായി ഉയര്‍ത്തി നയതന്ത്രപരമായ നീക്കങ്ങളിലൂടെ ചക്രവര്‍ത്തിയുടെ കുലവധുവായിത്തീരുന്നുണ്ട് ഒടുക്കം. അടിമയാകട്ടെ ചക്രവര്‍ത്തിയെ സ്വയം വരിക്കാനായി രാജകുമാരി നടത്തിയ സൌഹാര്ദ്ധമത്സരത്തില് വീരമൃത്യു പ്രാപിക്കുകയാണുണ്ടായത്. സ്നേഹഗ്രാമത്തിലെ തലമുറകള്‍ വാമൊഴിയായും പാടിപ്പതിഞ്ഞ ചരിത്രമാണ് അവന്റേത്.
എതായാലും കഥയില്‍ ചരിത്രം അവസാനിക്കുന്നതുവരെ രാജകുമാരിയും അവളുടെ അടിമയും സ്നേഹഗ്രാമത്തിലെക്കുള്ള യാത്രകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അന്യോന്യം നഷ്ടപ്പെടാതിരിക്കാനായുള്ള ഓരോ യാത്രയിലും അവള് അവനുവേണ്ടി ചങ്ങലകളും അവന് അവള്‍ക്കുവേണ്ടി വലകളും കരുതിയിരുന്നു. സത്യത്തില്‍ കഥ ശ്വസിച്ചു തുടങ്ങുന്നത് ചരിത്രം അവസാനിക്കുന്ന ഒരു ഘട്ടത്തില്‍ നിന്നാണ്. ചരിത്രം പായും തലയണയും ചുരുട്ടിവച്ച് എഴുന്നേറ്റു പോകുന്നിടത്ത് കഥ അസ്വസ്തമായി പിടഞ്ഞെഴുന്നേല്ക്കുന്നു. പുറത്ത് ഉദിച്ചുവരുന്ന പകല്‍ അല്ലെങ്കില്‍ രാത്രിയോട് പിണങ്ങി നില്ക്കുന്ന നിലാവ്. കയ്യില്‍ത്തടഞ്ഞ വസ്ത്രങ്ങള്‍ ചുരുട്ടിഉടുത്ത് കഥ വെളിയിലേക്കിറങ്ങും. രാജകുമാരിയേയും അവളുടെ അടിമയേയും അന്വേഷിച്ച്.
സ്നേഹഗ്രാമത്തിലേക്കുള്ള പോക്കുവരവുകളിലൂടെ അസ്തിത്വപ്രതിസന്ധികളില് പെട്ട് ചിലപ്പോള്ദിക്കറിയാതെയും ചിലപ്പോള്‍ ഗതിമുട്ടിയും തമ്മില്‍ ഇടഞ്ഞും അലിഞ്ഞും കൂലംകുത്തിയൊഴുകുകയാണ് അടിമയും രാജകുമാരിയും. ബന്ധങ്ങളുടെ നിര്‍വ്വചനങ്ങള്‍ ബന്ധിക്കപ്പെട്ടവര്‍ക്ക് ഒന്നുതന്നെയായിരിക്കണമെന്നില്ലല്ലോ. തന്റെ ആസക്തികളും ഉല്ക്കര്ഷേച്ഛകളും നേടിയെടുക്കാന്‍ അവനെ ഉപയോഗിക്കുക എന്നതിലായിരുന്നു ദുര്‍ഗ്ഗയുടെ ആനന്ദം. ശിവനാകട്ടെ തന്നെക്കാളേറെ ആരും അവള്‍ക്ക് ഉപകരിക്കരുത് എന്ന വാശിയിലും. പ്രത്യക്ഷത്തില്‍ ഇതില്‍ക്കവിഞ്ഞൊരു പരിപൂര്ണ്ണതയുണ്ടാവാനില്ല ഒരു ബന്ധത്തിലും. പക്ഷെ കഥയല്ലെ? മുക്കിലും മൂലയിലും ചികഞ്ഞ് നോക്കാതിരിക്കുമോ എന്തെങ്കിലും ഒരു അപശ്രുതിക്കുവേണ്ടി. ചിലപ്പോള്‍ ഒരേ സ്വരം തന്നെ ലയമായും അപലയമായും ചേര്‍ന്നു വരാം പാട്ടില്‍. അത്തരം സന്ദിഗ്ധതകളാണ് കഥ അന്വേഷിക്കുന്നത്. അത്തരത്തില്‍ കഥ അന്വേഷിച്ചു കണ്ടെത്തിയ ഒരു നിര്‍ണ്ണായക ചരിത്ര മുഹൂര്‍ത്തമാണ് മുകളില്‍ രേഖപ്പെടുത്തിയ അടിമയുടെ മരണം. മരണത്തിലൂടെ അവള്‍ക്ക് ഉപകരിച്ച് അവനും അവനിലൂടെ എല്ലാം നേടിയെടുത്ത അവളും എന്ന് സുന്ദരമായി പരിസമാപ്തിയില്‍ എത്തിക്കുന്നതിനുപകരം എല്ലാം നഷ്ടപ്പെട്ട് പൂര്‍ണ്ണമായും തോറ്റവരായി അവരെ കഥ വായിച്ചുവയ്ക്കുകയാണ്. എന്തുകൊണ്ട് അങ്ങിനെ സംഭവിച്ചു എന്ന് മനസ്സിലാകണമെങ്കില്‍ ആ ചരിത്രസംഭവം കുറേക്കൂടി വിപുലമായി നമ്മള് അറിയേണ്ടതുണ്ട്. കഥയുടെ ധര്‍മ്മസങ്കടം എങ്കിലേ മനസ്സിലാവുകയുള്ളു.
പലതരത്തിലും പിണക്കിവച്ചിരിക്കുന്ന ശക്തരായായ എതിരാളികളുടെ ഇടയില്‍ കൌശലം കൊണ്ട് മാത്രം പിടിച്ചു നില്‍ക്കുകയാണ് രാജകുമാരി. അസൂയക്കാരും കുബുദ്ധികളും ആയ പലരും ഒരുമിച്ച് പല ചരടുവലികളും നടത്തുന്നുണ്ട് തന്നെ തോല്‍പ്പിക്കാന്‍ എന്ന് അവള്‍ക്കറിയാം. ഏറേക്കാലം ഇത്തരത്തില്‍ തനിക്ക് നിലനില്‍ക്കാനാവില്ലെന്നും. ശക്തമായ ഒരു കൂട്ടുകെട്ട് തനിക്കെതിരെ നാട്ടുരാജാക്കന്മാര്‍ക്കിടയില്‍ ഉണ്ടായാല്‍ അതു ചെറുക്കാന്‍ ബുദ്ധിമുട്ടാവും. ഒരു വഴിയെ ഉള്ളു. അതിലും ശക്തമായ ഒരു ലയനം, അവര്‍ക്ക് സങ്കല്‍പ്പിക്കാനാവാത്ത കരുത്തനായ ഒരു എതിരാളിയുമായി. ഈ ചിന്ത ഉള്ളിലിട്ട് കുടഞ്ഞു കളിക്കുമ്പോഴാണ് വൈദ്യുതാഘാതം പോലെ ഒരു വാര്‍ത്ത ചാരന്മാര് എത്തിച്ചത്. ചക്രവര്‍ത്തി ദിഗ്ഗ്വിജയത്തിനിറങ്ങിയിരിക്കുന്നു. കൊച്ചുരാജ്യങ്ങള്‍ മുഴുവന്‍ അടിയറവു പറഞ്ഞ് സ്വയം രക്ഷിക്കുകയാണ്. ചെറുക്കുന്നവരേ മുച്ചൂടും നിലമ്പരിശാക്കി മുന്നേറുകയാണ് അംഗസംഖ്യകൊണ്ടും ആള്‍ബലം കൊണ്ടും ലോകംവെല്ലുന്ന നശീകരണപ്പട. അടിയറവുപറഞ്ഞ് ജീവിതകാലം മുഴുവന്‍ ബലവാനായ ശത്രുവിന്റെ നിഴല്ഭീതിയില് മുയലിനേപ്പോലെ ഒളിച്ചിരിക്കുന്നകാര്യം ഓര്‍ക്കാന്‍കൂടെ വയ്യ ദുര്‍ഗ്ഗാവതിക്ക്. മരണമാണ് അതിലും ഭേദം. പക്ഷെ ചക്രവര്‍ത്തിയോട് ഏറ്റുമുട്ടുന്നത് രാജ്യത്തിനും പ്രജകള്‍ക്കും അത്മഹത്യാപരമാവും. ചുട്ട് വെണ്ണീറാക്കപ്പെട്ട തന്റെ നാടിനും നാട്ടാര്‍ക്കും മുകളിലൂടെ ചക്രവര്‍ത്തിയുടെ വെണ്കുതിരകളെപ്പൂട്ടിയ രഥം വിജയഭേരി മുഴക്കി പായുന്നത് ഓര്‍ത്ത് അവള് ഉറക്കംഞെട്ടി. അവളുടെ മനസ്താപം ഏറ്റവും അടുത്തറിയാവുന്ന അടിമയും അവളെ സാന്ത്വനപ്പെടുത്താനാവാത്തതില് സ്വയം ശപിച്ചു. ശത്രുക്കളാണെങ്കിലും കൊച്ചു രാജാക്കന്മാരെ കൂട്ടി ചക്രവര്‍ത്തിക്കെതിരെ ഒരു സഖ്യം തീര്‍ത്താലോ എന്ന പരിതാപകരമായ പ്രതിവിധികളേക്കുറിച്ച് പോലും അവള് ചിന്തിച്ചു തുടങ്ങിയ ഒരു രാത്രി അടിമയുടെ മനസ്സില്‍ ഒരു ആശയം ഉദിച്ചു. വാസ്തവത്തില്‍ മന്ത്രിമാരും ചിലരും രഹസ്യമായി തമ്മില്‍ ആലോചിച്ചിരുന്ന പ്രതിവിധിതന്നെയായിരുന്നു അത്. അവളുടെ അപ്രീതി ഭയന്ന് ആരും പറയാന്‍ ധൈര്യപ്പെട്ടില്ല എന്നു മാത്രം. രഹസ്യമായി അടിമ അത് അവളെ അറിയിച്ചു. രാജകുമാരിക്കു വേണ്ടി ഒരു സ്വയംവര മത്സരം. ഒറ്റയ്ക്കുള്ള ഒരു ദ്വന്ദയുദ്ധത്തില്‍ അടിമയെ തോല്‍പ്പിച്ച് കൊല്ലുന്ന രാജാവിനു രാജകുമാരിയും, ഒപ്പം രാജ്യവും സ്വന്തം. മറിച്ച് രാജാവ് തോല്ക്കുകയാണെങ്കില് കിരീടവും ചെങ്കോലും സകല വ്യയവും അധികാരങ്ങളും രാജകുമാരിക്ക് സമര്‍പ്പിച്ച് വിധേയത്വം സ്വീകരിച്ചോളണം. ഒടുവില്‍ നാട്ടുരാജാക്കന്മാരെല്ലാം തോറ്റ് അടിയറവുപറയുന്ന ഘട്ടത്തില്‍ ചക്രവര്‍ത്തി വെല്ലുവിളി ഏറ്റെടുക്കുക തന്നെ ചെയ്യും. പിന്നെ ദുര്‍ഗ്ഗാവതിയുടെ സ്വന്തം ദിഗ്ഗ്വിജയം ജയിക്കണോ തോല്ക്കണോ എന്ന് അവള്‍ക്ക് തീരുമാനിക്കാം.
ആശയം ഇഷ്ടമായെങ്കിലും അടിമയുടെ പുകഴ്പെറ്റ കായപുഷ്ടി അറിയാവുന്ന രാജാക്കന്മാര് ഇതിനു മുതിരുമോ എന്നും, അന്ത്യമ ലക്ഷ്യം ചക്രവര്ത്തിയായതുകൊണ്ട് അദ്ദേഹം തന്നെ ഒരുപക്ഷെ മത്സരത്തില്‍ പങ്കുചേര്ന്നില്ലെങ്കിലോ എന്നു വരെ രാജകുമാരി ഭയന്നു. അവളുടെ മനസ്സറിഞ്ഞ് അവന് അതിനും പരിഹാരം കണ്ടു. തികച്ചും അസമമായ മത്സരമായിരിക്കും. അവന് നിരായുധനായിരിക്കും. പ്രതിയോഗിക്ക് ഏത് ആയുധവും ഉപയോഗിക്കാം. പക്ഷെ ഒറ്റയ്ക്ക് പൊരുതണമെന്നു മാത്രം. രാജാക്കന്മാരെ അവന് കൊല്ലുകയോ മാരകമായി മുറിവേല്‍പ്പിക്കുകയോ ചെയ്യുകയില്ല. അവരെ സംബന്ധിച്ചിടത്തോളം തികച്ചും സൌഹാര്ദ്ധപരമായിരിക്കും മത്സരം. ചുറ്റുമുള്ള നാട്ടുരാജാക്കന്മാരുടെ കണക്കെടുത്ത് പട്ടികതയ്യാറാക്കി വെല്ലുവിളിപോലെ ആയിരിക്കണം അറിയിപ്പ്. നാല്‍പ്പതു രാജാക്കന്മാര്ക്കുവേണ്ടി തുടര്‍ച്ചയായി നാല്‍പ്പതു നാളത്തെ മത്സരദിവസങ്ങള്‍. ഒടുക്കത്തെ പതിനഞ്ചുദിവസത്തേക്കുള്ള നിശ്ചിത സമയം ആദ്യം വിതരണം ചെയ്യപ്പെടും. എല്ലാവര്ക്കും സമമായ വ്യവസ്ഥകള്‍. എന്നാല്‍ യുദ്ധനീതിക്ക് നിരക്കാത്തതായ വഴികള്‍ സ്വീകരിച്ച് ശിവനെ അപായപ്പെടുത്താന്‍ ശ്രമിച്ചാല്‍ ആ രാജാവിനെതിരെ നാട്ടുനടപ്പനുസരിച്ച് കൊലക്കുറ്റം ചുമത്തപ്പെടും. ദുര്‍ഗ്ഗാവതിയുടെ സൌന്ദര്യവും കഴിവുകളും കേള്വികേട്ടതായതുകൊണ്ട് രാജാക്കന്മാര് പ്രലോഭിതരാകും എന്നതില്‍ സംശയമില്ലതാനും.
ചരിത്രത്തില്‍ നിന്ന് വേര്‍പെട്ട കഥ തീര്‍ത്ഥാടനം പോലെ ചില വഴികളിലൂടെ സഞ്ചരിക്കുകയാണ്. ഇങ്ങനെയൊരു മത്സരം ചരിത്രത്തില്‍ ആദ്യമായിരിക്കില്ലേന്ന് കഥക്കറിയാം. നിലനില്‍പ്പിനുവേണ്ടി സ്വന്തം പ്രാണപ്പുരുഷന്മാരെ തിലകക്കുറിചാര്ത്തി യുദ്ധഭൂമിയിലേക്ക് പറഞ്ഞയച്ച ധീരരജപുത്രവനിതകളുടെ നാടാണ്. പിന്നെയാണോ നിര്‍വ്വചിക്കാനാവത്ത ഏതോ സ്നേഹത്തിന്റെ വരമ്പില്‍ തൊട്ടു നില്ക്കുന്ന ഒരു അടിമയുടെ ജീവന് കുരുതികൊടുക്കുന്നതിന് രാജകുമാരി സംശയിക്കുക! അങ്ങിനെയൊന്നും സംഭവിക്കുകയില്ല എന്നു മാത്രമല്ല, ചരിത്രപരവും സാമുഹികപരവുമായ ചില സത്യാവസ്ഥകള്‍ വച്ചുനോക്കുമ്പോള്‍ വീരമൃത്യവടയാന് തനിക്കുള്ള അവസരമായി ഈ ഘട്ടത്തെ അടിമയും അവന്റെ ധൈര്യത്തിനു താന്‍ നല്കുന്ന അംഗീകാരമായി രാജകുമാരിയും കണ്ടിരിക്കാനാണ് സാധ്യത. അങ്ങിനെത്തന്നെയാണ് സംഭവിച്ചത് എന്നിരിക്കിലും കഥ ഉള്‍ച്ചിത്രങ്ങള്‍ തേടി പിന്നെയും അലയാന്‍ ധൈര്യപ്പെടണമെങ്കില്‍ പാടിയും പറഞ്ഞുമുറപ്പിച്ച ചരിത്രത്തിനു മുകളില്‍ സ്വൈര്യവിഹാരം നടത്താനുള്ള ധൈര്യം കാലപ്രയാണം കൊണ്ട് കഥയ്ക്ക് സിദ്ധിച്ചിരിക്കണം. അതായത് മറ്റൊരു കാലത്തിന്റെയും സംസ്കാരത്തിന്റെയും മൂല്യങ്ങള്‍ പകര്‍ന്നു നല്കുന്ന ഒരു പ്രത്യേക കണ്കരുത്ത് കഥ ആര്‍ജ്ജിച്ചിരിക്കണം. അതാണ് സംഭവിച്ചതും. കഥ നടന്നുവന്ന വഴിയില്‍ പലതും കണ്ടിരുന്നു, ചരിത്രം കാണാതെ പോയത്.
കഥ കണ്ടത് യുദ്ധനീതികള്ക്കും സന്ദര്ഭങ്ങള്ക്കുമിടയിലും ത്രസിച്ചിരിക്കാവുന്ന ത്യാഗത്തിന്റെയോ സ്നേഹത്തിന്റെയോ പഴമ്പുരാണങ്ങളല്ല. യുദ്ധജീവിതങ്ങല്ക്കിടയില് സ്നേഹം നിലനില്‍ക്കുന്നത് ഒരുപക്ഷെ മറ്റൊരു വഴിക്കാണ്. കഥ ആ വഴി കണ്ടിരിക്കാനാണിട. ജീവന്റെ ഉല്‍ഭവം മുതല്മനുഷ്യന് നിലനില്‍പ്പ് പ്രധാനമാണ്. സ്വന്തം ജീവന് നിലനിര്ത്തുവാനുള്ളവഴികള് മാത്രമല്ല, പ്രത്യേകമായ, ഒരു പക്ഷെ ജനിതകമായ, ഒരു ഉള്‍പ്രേരണകൊണ്ട് തന്റെ ജീവന് മറ്റൊരു ജീവനിലേക്ക് കെട്ടിയിടുന്നതിനുള്ള സകല വഴികളും അവന്/അവള് അന്വേഷിക്കുന്നു. അതുകൊണ്ട് അസംഖ്യം ബന്ധങ്ങളില്‍ കുരുങ്ങുന്നു. ചിലതില്‍ ജീവനും സ്വത്വവും വെടിഞ്ഞും ലോഹം മാംസത്തില്‍ ഇണക്കിച്ചേര്ക്കുന്നതുപോലെ വേദനിച്ചും കുരുങ്ങുന്നു. മനുഷ്യന്റെ ഈ സഹജാവബോധത്തെ നമ്മള് എപ്പോഴും സ്നേഹമെന്നൊക്കെ വിളിച്ച് പരിശുദ്ധപ്പെടുത്തേണ്ടതുണ്ടോ? നിലനില്‍പ്പിനുവേണ്ടിയുള്ള അത്തരം ഒരു നിസ്സഹായത ഈ കഥാപാത്രങ്ങളുടെ ചരിത്രത്തില്‍ കഥ കാണുന്നത് എങ്ങിനെയെന്നു നോക്കു.
നാല്‍പ്പതു നാട്ടുരാജാക്കന്മാരെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള യുദ്ധങ്ങളില്‍ തോല്‍പ്പിക്കുക എന്നത് ശിവനു വലിയ ബുദ്ധിമുട്ടില്ലാത്ത കാര്യമായിരുന്നു. ജീവനോടെ രക്ഷപെടുക എന്നതു മാത്രമേ അവനു ലക്ഷ്യമായുള്ളു. പക്ഷെ മറുപുറത്തുള്ളവര്‍ പയറ്റുന്നത് അഭിമാനത്തിനുവേണ്ടിയാണ്. അതുകൊണ്ടുതന്നെ സര്വ്വാടവുകളും കുരുക്കുവഴികളും അവര്‍ ഉപയോഗിക്കും തീര്‍ച്ച. എന്നാലും അവന് ചെറുത്തു നില്ക്കുക തന്നെ ചെയ്തു. ഓരോ ജീവന്മരണപോരാട്ടത്തിനും ഒടുവില്‍ അവന് പൂര്‍വ്വാധികം കരുത്തനായി. ഓരോ എതിരാളിയുടെയും തോല്‍വി അവനെ മരണത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ് എന്ന അറിവ് അവനെ ഉന്മത്തനാക്കി. അവളുടെ ജീവിതവിധി നിര്‍ണ്ണയിക്കാന്‍ ഇനി തന്റെ മരണത്തിനു മാത്രമേ അവുകയുള്ളു എന്നത് അവനെ ജേതാക്കളില്‍ ജേതാവാക്കി. അവന്റെ ഓരോ വിജയവും അവളില്‍ നേരിയ ഒരു ആശങ്ക പടര്‍ത്തുന്നത് അവനറിയുന്നാണ്ടിയിരുന്നു. ഒരു വശത്ത് അവനെ തനിക്ക് നഷ്ടപ്പെടാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു എന്ന ഭീതി. മറുവശത്ത് അവനെക്കവിഞ്ഞ് ഇനി ആരും തന്നെ ഉണ്ടാവുകയില്ലേ എന്നതിലെ അരക്ഷിതാവസ്ഥ. വല്ലാത്തൊരു ദുര്ഘടത്തിലായിരുന്നു ദുര്‍ഗ്ഗയുടെ മനസ്സ്. മുപ്പത്തിയൊന്‍പതാമത്തെ രാജാവും വീണ നാള് ചക്രവര്‍ത്തിയുടെ ദൂതന് എത്തി. ദിഗ്വിജയിയായ ചക്രവര്‍ത്തി കേവലം ഒരു അടിമയോട് ഒറ്റയ്ക്ക് ദ്വന്ദയുദ്ധത്തിനായി സമ്മതം അറിയിച്ചിരിക്കുന്നു, ദുര്‍ഗ്ഗാവതി എന്ന രത്നം തന്റെ അന്ത:പ്പുരത്തിനു മുതല്ക്കൂട്ടാവുന്നതിനു വേണ്ടി മാത്രം.
ഇനി ചരിത്രം കീഴ്മേല്‍ മറഞ്ഞിരിക്കാവുന്നിടത്തേക്കാണ് കഥ പോകുന്നത്. രണ്ടുവഴികളേ ഉള്ളു ചരിത്രത്തിന്. ചക്രവര്‍ത്തിയേ ജയിക്കാന്‍ അടിമക്കാവുകയാണെങ്കില് നാളെ ദുര്‍ഗ്ഗാവതി ഭാരതവര്‍ഷത്തിന്റെ മഹാറാണിയായിത്തീരും. ഇനി അവനെ കൊല്ലാന്‍ ചക്രവര്ത്തിക്കായെങ്കിലും ദുര്‍ഗ്ഗാവതി പട്ടമഹിഷിയായി അവരോധിക്കപ്പെടും. അവന്റെ ജയവും തോല്‍വിയും ചരിത്രദൃഷ്ടിയില്‍ ദുര്‍ഗ്ഗാവതിക്ക് ഒരുപോലെ നേട്ടം മാത്രം. ചരിത്രം അതുകൊണ്ട് ഇവിടെ പിന്‍വാങ്ങും. കഥ തുടരുകയും ചെയ്യും. ജയിക്കുന്നതോ തോല്‍ക്കുന്നതോ തനിക്ക് കൂടുതല്‍ നേട്ടം എന്നത് ശിവനെ മാത്രം കുഴക്കിയ ചോദ്യമാവണം. പരിമിതമായ സാഹചര്യങ്ങളിലും മനുഷ്യന് നിലനില്‍പ്പിനുവേണ്ടി തീരുമാനങ്ങള്‍ വേര്‍തിരിച്ചെടുക്കേണ്ടി വരുന്നതുകൊണ്ട് സ്വന്തം മരണം, സ്വച്ഛന്ദ മൃത്യുവല്ലാതിരുന്നിട്ടുപോലും ശിവന്റെ മുന്നില്‍ ഒരു അവസരമായിട്ട് നില്‍ക്കുകയാണ്. ജയം കൊണ്ട് സ്ഥാപിക്കാവുന്നതിലും അര്‍ത്ഥം തോല്‍വി കൊണ്ട് സ്ഥാപിക്കാം എന്ന് അവന് മനസ്സിലാക്കിയിരുന്നു. ജയം കൊണ്ട് അവള്‍ക്ക് രാജ്യം നേടികൊടുക്കാന്‍ തനിക്കായേക്കും. പക്ഷെ തോറ്റുകൊടുത്താല്‍ ഈ ജന്മം അവളുടെ ഹൃദയത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഇടമാണ് തനിക്ക് കൈവരുക. ചക്രവര്‍ത്തിയുടെ മഞ്ചലിന് പാതി തന്റെ ഓര്‍മ്മകള്‍ കൊണ്ട് നനയുന്നതോര്‍ത്ത് തനിക്കു കിട്ടാനിരിക്കുന്ന മരണത്തെ ശിവന് കാമിച്ചുതുടങ്ങി.
നാല്‍പ്പതാമത്തെ രാത്രി ദുര്‍ഗ്ഗ ശിവന്റെ കരുത്തുറ്റ ഉടലിലൂടെ ചൂണ്ടുവിരലുകള്‍ ഓടിച്ച് അവന്റെ കണ്ണുകളിലേക്ക് പടര്‍ന്നു കയറി. നാല്‍പ്പതു ജയങ്ങളുടെ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. വിള്ളലും, കീറലും, കൂട്ടിത്തുന്നലുകളും കൊണ്ട് ഭയാനകമാക്കപ്പെട്ടിരിക്കുന്നു അവന്റെ കറുത്തിരുണ്ട ദേഹം. വലത്തേച്ചുമലിലെ തുന്നിക്കെട്ട് ഇന്നത്തെ വാശിയേറിയ മത്സരത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്തിന്റെ അടയാളമാണ്. അവന്റെ മുഖത്തും നെറ്റിയിലും കവിളത്തുമുള്ള പോറലുകളിലൂടെ വിരലോടിച്ച് ദുര്‍ഗ്ഗ അവന്റെ ഉടലിലേക്ക് ഒട്ടി നിന്നു. അലക്ഷ്യമായി പാറുന്ന എണ്ണപുരളാത്ത ചെമ്പന്‍ മുടിക്കുതാഴെ വിശാലമായ നെറ്റിയില്‍ പല വീതിയിലും ആഴത്തിലുമുള്ള മുറിപ്പാടുകള്‍ വിളിച്ചുപറയുന്ന കഥകള്‍ ഓര്‍ത്തു ദുര്‍ഗ്ഗ. ഒരുപക്ഷെ തനിക്കുമാത്രം അറിയാവുന്ന, താന്‍ മാത്രം ഓര്‍ക്കുന്ന, അവന് പോലും മറന്നുപോയിരിക്കാവുന്ന കഥകള്‍. അംഗത്തട്ടുകളില് അവന്റെ നേരെ നീളുന്ന ഓരോ ആയുധവും തന്റെ കരളിലൂടെ വരഞ്ഞുപോകുമ്പോള് ആധിയോടെ അവനെ പരതുന്ന തന്റെ കണ്ണുകളില്‍ നോക്കി ആഴങ്ങളില്‍നിന്ന് അവന്റെ കണ്ണുകള്‍ തിളങ്ങാറുള്ളത് അവള് ഓര്‍ത്തു. മെലിഞ്ഞുനീണ്ട മുഖത്ത് എഴുന്നുനില്ക്കുന്ന കവിളെല്ലുകള്ക്കുതാഴെ ഉദാസീനമായി വളരുന്ന അവന്റെ താടിരോമങ്ങളില്‍ കവിള് ഉരസി അവള് ദീര്‍ഘമായി നിശ്വസിച്ചു. നാളെക്കുള്ള മരണത്തിന് ഒരുങ്ങിക്കഴിഞ്ഞതുപോലെ ആലസ്യത്തിലാണ് അവന്റെ ശരീരം. നീണ്ട ഒരു യാത്ര ഒടുങ്ങാന്പോവുകയാണല്ലോ എന്ന ആശ്വാസത്തില്‍ അലസമായി ഉയര്‍ന്നുതാഴുന്നുണ്ട് നെഞ്ച്. ഉരുണ്ടുകൂടിയ പേശികളും എഴുന്നുനില്ക്കുന്ന എല്ലിന്കൂടുമല്ലാതെ തരിമ്പും മാംസം ഈ ശരീരത്തില്‍ ഇല്ല. ഉള്ളിലെക്ക് അമര്‍ന്ന വയര്‍ പോലും പാറപോലെ ഉറച്ച് അവളുടെ കൈകള്‍ക്ക് പിടിതരാതെ നില്ക്കുന്നു. നിനക്കു വേണ്ടി നിന്റെ ശരീരം ഒരു തുണ്ടു മാംസം പോലും കരുതുന്നില്ലല്ലോ ശിവാ എന്ന് അവള് കളിയാക്കുന്നത് കെട്ട് പുഞ്ചിരിച്ചും കൊണ്ട് കണ്ണുമടച്ച് മലര്‍ന്ന് കിടക്കുകയാണ് അവന്. അവന്റെ ശ്വാസത്തിന് അതേ പതിഞ്ഞ താളമായിരിക്കും, അമര്ന്നൊട്ടിയ വയറിനുമീതെ പരതി, പൊക്കിള്മൊട്ടില് നഖം അമര്‍ത്തി ഇടുപ്പെല്ലുകളിലൂടെ വരഞ്ഞ് സ്വൈര്യവിഹാരം നടത്തുന്ന അവളുടെ പൂവിതളുകള്പോലുള്ള കൈ അതിനും താഴെ തലകുമ്പിട്ടിരിക്കുന്ന ഒരു മുയല്ക്കുഞ്ഞിനെ കയ്യിലെടുക്കുന്നതു വരെ. അവളുമായുള്ള യുദ്ധത്തില്‍ അവന്റെ ഏറ്റവും ബലഹീനമായ ഇടം, അവള് തൊടുമ്പോള്‍ പുലരിയുടെ ഭാരം താങ്ങാനാവാതെ തുളുമ്പിവീഴുന്ന പനിനീര് തുള്ളിപോലെ ചിതറിയുടയുന്ന ഇടം. തോല്‍വി നിശ്ചയമായ യുദ്ധത്തില്‍ നെഞ്ചിനുനേരെ നീളുന്ന വാള് കണ്ട് നിശ്ചലനാവുന്ന പോരാളിയെപ്പോലെ അവന് അപ്പോള്‍ ശ്വാസം പിടിച്ച് കിടക്കും. ചിലപ്പോള്‍ അവള് കൊന്നേക്കും, ചിരിച്ചുംകൊണ്ട് ഒരു മുയല്ക്കുഞ്ഞിനെപ്പൊലെ അവന്റെ തോല്‍വിയെ കയ്യിലെടുത്ത് ഓമനിച്ചുംകൊണ്ട്. ചിലപ്പോള്‍ അവള് മരണം പോലും നിഷേധിച്ചുകളയും, തന്റെ ചുണ്ടുകള്‍ ചേര്‍ത്തുവച്ച് ചത്ത മുയല്‍ക്കുഞ്ഞിനു ജീവന് പകര്‍ന്നുകൊടുക്കാന്‍ ശ്രമിച്ചുകൊണ്ട്. അപ്പോള്‍ അവന്റെ സപ്തനാഡികളിലേയും രക്തം വലിച്ചൂറ്റി വളരുന്ന ഒരു ദുര്ദേവതയാവും മുയല്‍ക്കുഞ്ഞ്. ഉള്ളില്‍ അവള്‍ക്കായി ഉറഞ്ഞുകൂടുന്ന രക്തം തിളച്ചുമറിഞ്ഞ് ഞരമ്പുകളേ പൊള്ളിക്കുമ്പോഴും ഒഴിഞ്ഞുപോകാനുള്ള വഴികാണാതെ ഹൃദയത്തിലേക്ക് ലാവപോലെ തിരികെ ഒഴുകിത്തീരുന്നിടം വരെ ജീവിച്ചിരിക്കണം അവന്. ഓരോ തവണയും തിരിച്ചൊഴുകുന്ന ഈ ലാവയാകണം അവളോടുള്ള സ്നേഹവും അഭിനിവേശവുമായി വീണ്ടും വീണ്ടും പതഞ്ഞൊഴുകുന്നത്. ഒന്നു കൊന്നും ഒന്ന് ജീവിപ്പിച്ചും കണ്ണേറ് കളിക്കയാണ് ഇപ്പോള്‍ അവള്. എറിഞ്ഞുടയ്ക്കുന്നതിനു മുന്നെ കളിപ്പാട്ടം കൊണ്ട് ഇനി ഒരിക്കലും കളിക്കാനാവാത്ത കളി വാശിയോടെ കളിക്കുന്ന കുറുമ്പന് കുട്ടിയേപ്പൊലെ. ആറടി ഉടലില്‍ നിന്ന് ആറിഞ്ചു നീളത്തിലെക്ക് ഒതുങ്ങി എത്ര തവണ മരിച്ചുജീവിച്ചു എന്ന് തിട്ടമില്ലാതെ അവന് അടിഞ്ഞുകിടന്നു. പതിവിലും നീണ്ട കളിയാണ് ഇന്ന് അവള് കളിക്കുന്നത്. തന്നെ ഇല്ലാതാക്കുന്ന ഈ കളി ഇനി അവള്‍ക്ക് ഒരിക്കലും കളിക്കാനാവുകയില്ലല്ലോ എന്നോര്‍ത്ത് ഓരോ ഉയിര്ത്തെഴുന്നേല്പ്പിനും ശേഷം ഓരോ മരണത്തിനും മുന്നേ അവന് അവളുടെ മുഖം കയ്യിലെടുത്ത് നിറുകില്‍ ചുണ്ടുചേര്ക്കും, ആശ്വസിപ്പിക്കാനെന്നപോലെ.
നാളെ പുലരുന്ന നിര്‍ണ്ണായകദിവസം തനിക്ക് ഈ ശരീരം നേടിത്തരാന്‍ പോകുന്നതെന്തെന്ന് ഓര്‍ത്ത് ദുര്‍ഗ്ഗ അവന്റെ ഉടലിനെ അളവറ്റ് ആരാധിച്ചുതുടങ്ങിയിരുന്നു. അത് തോല്‍ക്കുന്നത് തനിക്ക് സങ്കല്പ്പിക്കാനാവുന്നില്ല എന്ന് ഒരുവേള അവളും ഓര്‍ത്തു. താന്‍ പറയുന്നിടത്തേ അതു തോല്ക്കയുള്ളു. നാളെ തോല്‍പ്പിക്കാനായില്ലെങ്കില്‍ തനിക്കൊരുപക്ഷെ ഒരിക്കലും അതിനുകഴിയുകയുമില്ല. എന്നാല്‍ സത്യത്തില്‍ അതിന്റെ തോല്‍വി തന്റെ മാത്രം തോല്‍വിയാകും എന്ന് ഭയപ്പെട്ട് ചാവാതെ പിടിച്ചു നില്‍ക്കണം എന്ന് അവനോട് ആവശ്യപ്പെടാനും അവള് ഉദ്ദേശിച്ചു. വളരെ തരളമായ ഒരു അവസ്ഥയില്‍ എന്തുകൊണ്ട് ചക്രവര്‍ത്തിയോട് അവനെ കൊല്ലാതെ വിട്ടുതരണം അവന് തോറ്റു തരും എന്ന് താന്‍ നേരിട്ട് ആവശ്യപ്പെട്ടുകൂടാ എന്നു വരെ ചിന്തിച്ചുപോയിരുന്നു അവള്. പക്ഷെ ഈ സങ്കീര്‍ണ്ണത താനും തന്റെ അടിമയും മാത്രം ഉള്‍പ്പെടുന്ന അവസ്ഥയാണ് എന്ന് തിരിച്ചറിഞ്ഞ് മനസ്സിനെ ബലപ്പെടുത്തിയെടുക്കുകയായിരുന്നു. ഈ രാത്രി അവന്റെ ശരീരത്തിനു മേലുള്ള തന്റെ ജയം പൂര്ണ്ണമാക്കിയാലെ നാളെ പകല്‍ അവന്റെ മരണം ജന്മം മുഴുവന്‍ പടരുന്ന തന്റെ തോല്വിയായിത്തീരാതിരിക്കയുള്ളു എന്ന് പതിയേ ദുര്‍ഗ്ഗയ്ക്ക് മനസ്സിലായി. അവന്റെ മരണവും തന്റെ സ്വന്തമായിരിക്കണം. സ്വന്തമാക്കലിലൂടെ തോല്‍വിയെ ചെറുക്കാനായി രാത്രിയുടെ രണ്ടാം യാമത്തില്‍ അവന്റെ മുറിവുകളോട് ചേര്‍ന്നു കിടന്ന് അവള് അവനുവേണ്ടി പിന്നെയും ചങ്ങലകള്‍ തീര്‍ത്തു.
മത്സരത്തിനുമുന്നേ ചക്രവര്‍ത്തിയേ കണ്ട് ഒരു വിവരം ധരിപ്പിക്കണമെന്ന് രാജകുമാരി ശിവനോട് ആവശ്യപ്പെട്ടു. രാജകുമാരിക്ക് അദ്ദേഹത്തിലുള്ള താല്‍പ്പര്യം മൂലം തോറ്റുകൊടുക്കാന്‍ തന്നോട് കല്‍പ്പിച്ചിരിക്കയാണ് എന്നതാണ് അവന് ചക്രവര്‍ത്തിയേ ധരിപ്പിക്കേണ്ടത്. എന്നാല്‍ മത്സരത്തില്‍ കളവു നടന്നു എന്ന് ഒരു കാരണവശാലും ജനം അറിയരുത്. അതുപോലെ, തോറ്റു തരുന്ന തന്നെയാണ് ചക്രവര്‍ത്തി തോല്‍പ്പിക്കേണ്ടത് എന്നറിഞ്ഞാല്‍ ധീരനായ അദ്ദേഹത്തിന്റെ അഭിമാനം അതനുവദിക്കുകയില്ല. അതിനാല്‍ തോറ്റുതരുന്നതിന് താന്‍ തയ്യാറല്ല എന്നും കൂടെ അവന് ചക്രവര്‍ത്തിയേ ധരിപ്പിക്കണം. കാരണമായി എന്തും പറയാം. തൊല്വി വീരന്മാര്ക്കു ചേര്‍ന്നതല്ല എന്നോ, തുല്യനായ എതിരാളിയുടെ കൈകൊണ്ടുള്ള വീരമരണമാണ് തനിക്കു വേണ്ടത് എന്നോ അതുമല്ലെങ്കില്‍ താന്‍ ജീവിച്ചിരിക്കെ രാജകുമാരിയേ മറ്റൊരാളുടേതായി കാണാന്‍ കഴിയില്ലയെന്നോ എന്തുമാവാം കാരണം, അതവന്റെ താല്‍പ്പര്യം പോലെപറയാം. പക്ഷെ മത്സരത്തട്ടില് യഥാവിധിയുള്ള യുദ്ധത്തിനു ശേഷം ചക്രവര്‍ത്തിയുടെ കൈകൊണ്ട് അവന് വീണിരിക്കണം എന്ന് രാജകുമാരി കല്പ്പിച്ചു. സ്വയം തോല്‍ക്കാനുള്ള തീരുമാനമാണത് എന്നറിഞ്ഞുകൊണ്ടുതന്നെ.
തന്റെ ഉരുക്കുപോലിരിക്കുന്ന ദേഹത്ത് ഇളം തളിരു പോലെ പറ്റിക്കിടന്ന് നാളത്തെ പട്ടമഹിഷി വികാരങ്ങളുടെ വേലിയേറ്റം കൊണ്ട് തളരുകയാണ്. ചക്രവര്‍ത്തിയോടുള്ള താല്‍പ്പര്യം പോലും! മണ്ണിനോ നാടിനോ വേണ്ടിയുള്ള ഭ്രമമല്ലാ ഇവള്‍ക്ക് എന്ന് വര്ഷങ്ങള്ക്കുമുന്നെ, തമ്മില്‍ കണ്ണുകള്‍ തടഞ്ഞ ആ നിമിഷം താനറിഞ്ഞതാണ്. സ്വന്തമാക്കലിന്റെ മുഴുവന്‍ അര്‍ത്ഥവും എന്താണെന്ന് ലോകം ഇവളില്‍ നിന്ന് പഠിക്കട്ടെ. ഇവള് തന്നെ പ്രണയിച്ചു കൊല്ലുകയാണ്. താന്‍ എങ്ങിനെ മരിക്കണമെന്ന് അവള് തീരുമാനിക്കണമെന്ന് ! അതുപോലും തനിക്ക് വിട്ടുതരാന്‍ കഴിയാത്തത്രയും തന്നെ അടിമപ്പെടുത്തുകയാണ് പെണ്ണ്. തിരികെ പിടിക്കാന്‍ തനിക്കും ഈ ആയുധം മാത്രമേ വേണ്ടു. അവളുടെ അകക്കാമ്പുവരെ പടരുന്ന രക്തം ചിന്തുന്ന ഓര്മ്മയായിമാറുക. തന്റെ ഓര്‍മ്മകളുടെ അടിമയായിവേണം അവള് ജീവിക്കാന്‍. അതിനുവേണ്ടി മാത്രമായിരിക്കും താന്‍ മരിക്കുക. അവള്‍ക്ക് ഇഷ്ടമുള്ളതുപോലെ, അവള് ആഗ്രഹിക്കുന്നതുപൊലെ. ഈ യുദ്ധത്തില്‍ മരിക്കുന്നവനായിരിക്കും ജയിക്കുക. തോല്‍പ്പിച്ചവള്‍ തോല്‍ക്കുകയും ചെയ്യും. സ്നേഹം ഒരു യുദ്ധമാണ്. വേറിട്ട നിയമങ്ങളാണതിന്റെ. താന്‍ മരിക്കണമെന്ന് ആജ്ഞാപിക്കുന്നവള് തന്റെ മരണത്തിന് അടിമപ്പെടാന്‍ പോവുകയാണെന്നോര്ത്ത് അവളുടെ വിരല്‍നഖങ്ങള്‍ തന്റെ മുറിവുകളില്‍ പടര്‍ത്തുന്ന സുഖമുള്ള നീറ്റലില്‍ ശിവന് മയങ്ങി.
ഇടയ്ക്ക് ഉണര്‍ന്നപ്പോള്‍ ഉറക്കമില്ലാതെ കണ്മിഴിച്ചുകിടക്കുന്ന രാജകുമാരിയെയാണ് അവന് കണ്ടത്. അവളെ എതവസ്ഥയിലും ഉറക്കാന്‍ ആയിരുന്നല്ലോ തനിക്ക് എന്നോര്‍ത്തു വിഷമിക്കുന്ന ശിവനോട് രാജകുമാരി നാലു ചോദ്യങ്ങള്‍ ചോദിച്ചു. അവളുടെ ചോദ്യങ്ങളും അവന്റെ ഉത്തരങ്ങളും കേള്‍ക്കാതിരിക്കാന്‍ കഥയ്ക്കാവില്ല.
“ മരിക്കാന്‍ നിനക്ക് പേടിയില്ലെന്നെനിക്കറിയാം. പക്ഷെ എന്നെ വിട്ടുപോകാന്‍, നാളെമുതല്‍ എന്നെ ഒരിക്കലും കാണുകയില്ലെന്ന് ഓര്‍ക്കാന്‍ നിനക്ക് പേടിയില്ലേ ശിവാ..?”
“....മരണത്തിനപ്പുറവും കാറ്റായും, വായുവായും, മഴയായും വെയിലായും ഒക്കെ അങ്ങയുടെ ചുറ്റും ഞാന്‍ ഉണ്ടാവാം എന്ന ആശ്വാസം.,അതെത്ര വിഡ്ഡിത്തമാണെങ്കില്‍ പോലും വലിയ ശക്തിയാണ്, പേടിക്കാതിരിക്കാനുള്ള വിദ്യ. ഒരുപക്ഷെ എന്റെ ഭാവനയുടെ കരുത്തായിരിക്കും അത്...ശരീരം കൂടെയില്ലല്ലോ എന്നോര്‍ത്ത് നിഴലിനു വിഷമിക്കേണ്ടി വരുമോ എന്നെങ്കിലും? സങ്കല്‍പ്പിക്കാനാവുമെങ്കില്‍ അങ്ങെക്ക് മനസ്സിലാവും അത്. ”
“..എല്ലാം വലിച്ചെറിഞ്ഞ് സ്നേഹഗ്രാമത്തിലെ ഏതെങ്കിലും കൂരയിലേക്ക് നമുക്ക് പോയി ഒളിച്ചുകൂടെ എന്നു തോന്നുന്നില്ലെ ശിവാ...?”
സ്നേഹഗ്രാമത്തിലെ കൂരയില്‍ എന്റെ തമ്പുരാട്ടി ഉണ്ടാവില്ലല്ലോ, ഈ മനസ്സിന്റെ ഒരു പാതിമാത്രം, അതും അങ്ങേയ്ക്ക് സ്വന്തമല്ലാത്ത ഒരു പാതി എനിക്കെന്തിന്? എനിക്ക് അങ്ങയെ മുഴുവനും വേണം.”
“..നാളെ ഒരുപക്ഷെ നീ ചക്രവര്‍ത്തിയേ തോല്പ്പിക്കയാണെങ്കില് ഞാന്‍ മഹാറാണിയാവും, എന്നിട്ട് നമ്മള് വിവാഹം കഴിച്ചാല്‍ നീ ഭാരതവര്‍ഷത്തിന്റെ ചക്രവര്‍ത്തിയും. ചരിത്രം അങ്ങിനെ തിരുത്താന്‍ നമുക്കാവില്ലെ ശിവാ..?”
“ചരിത്രം തിരുത്താന്‍ വേണ്ടി കഥകള്‍ എഴുതാന്‍ കഴിയില്ല തമ്പുരാട്ടി. ചക്രവര്‍ത്തിയാകാന്‍ വേണ്ടി യുദ്ധം ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഒരുപക്ഷെ ഒരു യുദ്ധവും ജയിക്കില്ലായിരുന്നു. ഞാന്‍ യുദ്ധം ചെയ്തത് അങ്ങയ്ക്കുവേണ്ടി മാത്രമാണ്, അതുകൊണ്ടാവും ഒരു ആയുധത്തിനും എന്നെ ഇന്നുവരെ കീഴ്പ്പെടുത്താന്‍ കഴിയാഞ്ഞതും. എന്റെ സ്നേഹത്തിന്റെ ശക്തിയാണ് അത്. എനിക്കുവേണ്ടത് അങ്ങയേ മാത്രം, മറ്റൊന്നും എന്നെ മോഹിപ്പിക്കുന്നതേയില്ല.”
“ ...അപ്പോള്‍ ഞാന്‍, എല്ലാം മോഹിക്കുന്ന ഞാന്‍, നിന്നെയും കവിഞ്ഞ് പലതും മോഹിക്കുന്ന ഞാന്‍, നിന്നിലൂടെ പിന്നെയും മോഹിക്കുന്ന ഞാന്‍, നിന്നെ ജയിക്കുവാനായി എന്റെ തോല്‍വി മോഹിക്കുന്ന ഞാന്‍ ,നിന്നോട് തോല്ക്കാന് നിന്റെ മരണവും കൂടെ മോഹിക്കുന്ന ഞാന്‍ , ..നിന്നെ സ്നേഹിക്കുന്നില്ല എന്നാണോ..?”
ആ ചോദ്യത്തിന്റെ ഉത്തരം അവനറിയില്ലായിരുന്നു. കഥയില്‍ പോലും.
അവസാനത്തേ ചോദ്യം അവന്റേതായിരുന്നു. എന്തില്‍നിന്നൊക്കെ മോചിപ്പിച്ചാലും ആ ചോദ്യത്തില്‍ നിന്ന് അവനെ മോചിപ്പിക്കാന്‍ തനിക്ക് ആവുകയില്ലല്ലോ എന്ന് അവള് ഓര്‍ത്തു.
“ എന്നെ വരി ഉടച്ചു കളഞ്ഞത് ഒരൊറ്റ അവയവത്തോടുള്ള ഭയം കൊണ്ടല്ലെന്നറിയാം. വെറുപ്പ്..?”
“ അല്ല. ആ ഭയത്തില്‍ നിന്ന്, വെറുപ്പില്‍ നിന്ന്, നിന്റെ സ്വന്തം തടവറയില്‍ നിന്ന് നിന്നെ മോചിപ്പിച്ച് എന്നിലേക്ക് തളച്ചിടാന്‍ വേണ്ടി. മുഴുവന്‍ ശരീരം കൊണ്ടും എന്നെ സ്നേഹിക്കുന്നതെങ്ങിനെയെന്ന് നീ അറിയുന്നതിനുവേണ്ടി.”
" ആ ശിക്ഷണം കഴിഞ്ഞോ?” അവന്റെ ചോദ്യത്തിലെ നിസ്സഹായമായ പരിഹാസം, സ്വയം പീഢ തന്നിലേക്ക് രൂക്ഷമായി നീണ്ടതുകൊണ്ട് മാത്രമല്ല അവള് പതറിയത്. ഞാന്‍ നിന്നോട് എന്താണ് ചെയ്തത് എന്ന അന്തിമമായ കുറ്റഗ്രസ്തമായ ചോദ്യം അവള് ചോദിക്കുന്നതിനു മുന്നേ അവന് പറഞ്ഞു.
“ അവനവനോട് ചെയ്തത് മാത്രമേ നാം അന്യോന്യം ചെയ്തുള്ളു. വസന്തം പൂക്കളോട് ഒന്നും ചെയ്യുന്നില്ല. കാലം പൂക്കളാവുകയാണ് സ്വയം. അല്ലെ?”
മുഴുവന്‍ ശരീരം കൊണ്ടുമുള്ള സ്നേഹം മരണം തന്നെയല്ലെ? അതുകൊണ്ടാവണം നീ മരിക്കുന്നത് എനിക്ക് തൊട്ടറിയണം ശിവാ എന്നവള്‍ പറഞ്ഞത് നിന്റെ സ്നേഹം മുഴുവന്‍ എനിക്ക് വേണം എന്നായിട്ടേ അവനു തോന്നിയുള്ളു. ചക്രവര്‍ത്തി വെട്ടിക്കീറിയിട്ടാലും താന്‍ മരിക്കാന്‍ പോകുന്നില്ല എന്നവനറിയാമായിരുന്നു. മിടിച്ചുകൊണ്ടിരിക്കുന്ന തന്റെ നെഞ്ചിനുമുകളില്‍ അവളുടെ ജീവിതസൌധം അവള് പണിതുയര്‍ത്തട്ടെ. ചവിട്ടുപടികള്‍ക്കു താഴെ തണുത്തമണ്ണിന്റെ ആഴങ്ങളില്‍ നിന്ന് തന്റെ ശ്വാസം അവളുടെ ചുവടുകള്‍ സ്പര്ശിച്ചറിഞ്ഞുകൊണ്ടിരിക്കും. അല്ലാ... അവളുടെ ഓരോ ചുവടും താങ്ങുന്നത് തന്റെ ശ്വാസമായിരിക്കും. ചക്രവര്‍ത്തിയുടെ കൈകൊണ്ട് ഇന്നയിന്ന ഇടങ്ങളില്‍ മുറിഞ്ഞ് എവ്വിധമാണ് അവന് പോര്‍ക്കളത്തില്‍ മരിക്കാന്‍ കിടക്കേണ്ടത് എന്ന് ദുര്‍ഗ്ഗ അവനു പറഞ്ഞുകൊടുത്തു. മണ്ഡപത്തിലേക്കുള്ള തണുത്തമണ്ണ് അവനുമീതെ വന്നുവീഴുമ്പോള്‍ അവന് ഓര്‍ക്കേണ്ടത് വിവാഹവസ്ത്രങ്ങളില്‍ അതിസുന്ദരിയാവുന്ന അവളെയായിരിക്കണം എന്ന് അവള് പറയാതെ തന്നെ അവനറിയാമല്ലൊ. ആഢംബരമായ വിവാഹകര്മ്മങ്ങള്ക്കുശേഷം ഇറങ്ങിവരുന്ന അവളുടെ എത്രാമത്തെ ചുവടിന്റെ സ്പര്‍ശമേറ്റാണ് താന്‍ മരിക്കേണ്ടത് എന്നുമാത്രമേ ഇനി അവനറിയാനുള്ളു. ഒന്നോ, രണ്ടോ, പതിനഞ്ചോ, ഇരുപത്തിരണ്ടോ...?
രാജകുമാരി ആഗ്രഹിച്ചതുപോലെ തന്നെ, തോല്ക്കാന് ആവശ്യപ്പെട്ടിട്ടും തോല്ക്കാന് തയ്യാറല്ലാത്ത ധിക്കാരിയായ അടിമയായി ചക്രവര്‍ത്തിക്കുമുന്നില്‍ സ്വയം സ്ഥാപിച്ച് പിറ്റെന്ന് അവന് വീറോടെ പൊരുതി. അവള് ആഗ്രഹിച്ചതുപോലെ തന്നെ ചക്രവര്‍ത്തിയറിയാതെ തോറ്റുകൊടുക്കുകയും ചെയ്തു. ചക്രവര്‍ത്തിയുടെ വാള്മുനകോര്ത്ത കഴുത്തുമായി ചോരവാര്‍ന്ന് കമിഴ്ന്നുകിടന്ന അവന്റെ ശരീരത്തിനുമുകളിലൂടെ ജയഭേരികളും കാഹളങ്ങളുമായി ആളുകള്‍ തിമര്‍ത്തു. തളം കെട്ടി നില്ക്കുന്ന സ്വന്തം രക്തത്തില്‍ കവിളമര്‍ത്തി ഓരോ അംഗങ്ങളിലുമായി പടരുന്ന മരണവേദനയിലും പിടയാതെ തനിക്കുള്ള മരണസമ്മാനവുമായി വരുന്ന അവളുടെ ചുവടിനായി കാത്തു കിടന്ന് അവന് ചരിത്രമായി. പക്ഷെ കഥ സ്വയം അവസാനിപ്പിക്കാനാവതെ ഗതിമുട്ടി ഇരുകര കവിഞ്ഞ് ഭ്രാന്തുപിടിച്ച് പാഞ്ഞത് ഇവിടെ നിന്നുമാവണം.
മത്സരം നടന്ന മണ്ണില്‍ രാജകുമാരിയുടെ കല്‍പ്പനപ്രകാരം വിവാഹമണ്ഡപം ഉയര്‍ന്നു. ഉയരുന്ന വേദിക്ക് കീഴെ അവന് ഉറഞ്ഞു കിടപ്പുണ്ടെന്ന ഓര്‍മ്മയോടെ ദുര്‍ഗ്ഗ കതിര്‍മണ്ഡപത്തിലേക്ക് കയറി. ഓരോ ചുവടുവയ്പ്പിനു കീഴെയും അവന്റെ ശ്വാസം തറഞ്ഞു നില്‍ക്കുന്നതറിഞ്ഞ് വേദിയെ വലം വച്ചു. അവന്റെ മടിത്തട്ടിലെന്നപോലെ ഇരുന്ന് ചക്രവര്‍ത്തിയുടെ പട്ടമഹിഷിയായി. വിവാഹശേഷം മണ്ഡപത്തില്‍നിന്ന് ഇറങ്ങി അവസാനത്തെ പടിയില്‍ പാദമൂന്നി കൈകള്‍കൂപ്പി ഞൊടിയിട അവള് നിന്നത് കുലദൈവങ്ങള്‍ക്കും ഭൂമിദേവിക്കും ആചാരമര്പ്പിക്കാനായിരിക്കുമെന്ന് ജനം കരുതി. ഇളം മണ്ണിലൂടെ പകര്‍ന്നുവരുന്ന അവന്റെ ഉച്ഛ്വാസത്തിന്റെ ചൂട് കാല്‍വിരല്‍ കൊണ്ട് തൊട്ടറിയാതെ അവള്‍ക്ക് പോകാനാവുകയില്ലായിരുന്നു, ശ്വസിക്കാന്‍ പോലുമാകുകയില്ലായിരുന്നു എന്ന് ആരറിഞ്ഞു? തന്റെ ചുവടുകളിലൂടെ താന്‍ പകരേണ്ട അവസാനത്തെ ആ അടയാളത്തിനു വേണ്ടി കാത്തുകിടക്കുകയാണ് അവന്. വിരല്‍ ഒന്ന് ഊന്നുകയേ വേണ്ടു അവന്റെ പ്രാണന് എന്നേയ്ക്കുമായി പിരിഞ്ഞുപോകാന്‍, തങ്ങളിരുവരുമാകുന്ന വേദനയില്‍ നിന്ന് അവന് മാത്രം സ്വതന്ത്രനാവാന്‍. എന്നാല്‍ മരണത്തേക്കാള്‍ വലിയ അനിശ്ചിതാവസ്ഥ അവനു കല്‍പ്പിച്ച് ദുര്‍ഗ്ഗ നടന്നകലുകയാണ് ഉണ്ടായത്. ഒരടയാളം ബാക്കി വച്ചിരിക്കണം എല്ലാ സ്നേഹങ്ങളും.
സ്വന്തം നേട്ടത്തിനുവേണ്ടി അടിമയെ കുരുതിക്കൊടുക്കുകയായിരുന്നു രാജകുമാരി എന്ന് അന്നും ചിലര്‍ വ്യാഖ്യാനിച്ചു. അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ പിന്‍ബലത്തില്‍ ഇതില്‍ അസ്വാഭാവികമായി ഒന്നും കാണാതെ ചരിത്രം ഒരുപക്ഷെ രാജകുമാരിക്ക് മാപ്പുകൊടുത്തിരിക്കാം. മാറിവരുന്ന വായനകളില്‍ ഒരുപക്ഷെ ദുര്‍ഗ്ഗാവതിയുടെ ചരിത്രം രാജാധികാരത്തിന്റെയും ചൂഷണത്തിന്റെയും വ്യവസ്ഥയുടെയും തിന്മകളെക്കുറിച്ച് വ്യാഖ്യാനിക്കാന്‍ ഉപയോഗിക്കപ്പെട്ടിരുന്നിരിക്കാം. പക്ഷെ ദുര്‍ഗ്ഗാവതി ചരിത്രത്തില്‍ നിന്ന് വഴുതിപ്പോവുകയാണുണ്ടായത്. ഒരു പെണ്ണിന്റെ ജീവിതാസക്തികളേക്കൊണ്ട് അവളുടെ വേറിട്ട പടയോട്ടങ്ങളേക്കൊണ്ട്ചരിത്രത്തിനുവലിയപ്രയോചനമില്ലെന്നറിഞ്ഞോ മറ്റോ കാലം അവളെ തേച്ചുമാച്ചുകളഞ്ഞിരിക്കാമെന്നതാണ് ഒരു സാധ്യത. ആര്യപുത്രന്റെ ശക്തിസ്രോതസ്സാവുന്ന ധീരപത്നികളേയോ അവന്റെ അധികാര ഇടങ്ങളുടെ സൂക്ഷിപ്പുകാരികളായി ജാന്സിയിലോ രജപുത്താനയിലെ യുദ്ധഭൂമികളിലോ മരിച്ചുവീണവരെയോ ഒക്കെ ചരിത്രം വലവീശിപ്പിടിച്ച് സൂക്ഷിച്ചു വയ്ക്കും. അതില്‍ ഉള്‍പ്പെടാത്തവരുണ്ടെങ്കില്‍ ചില ഇരുണ്ട ഏടുകളിലാണ് അങ്ങിനെയുള്ളവരുടെ രേഖകള്‍ ചരിത്രം സൂക്ഷിക്കാറുള്ളത്. പല കാലങ്ങളും താണ്ടുന്ന കൂട്ടത്തില്‍ ദുര്‍ഗ്ഗാവതി ഇടയ്ക്കെപ്പഴൊക്കെയോ അത്തരം കാരാഗ്രഹങ്ങളിലും അട്യ്ക്കപ്പെട്ടിരുന്നു. കാമാതുരയും ഭോഗിയുമായ ഒരു ചക്രവര്‍ത്തിനിയായി അന്നെരങ്ങളില്‍ അവള് അറിയപ്പെട്ടു. നേരായതും വക്രിച്ചതുമായ പല പാതാളവ്യൂഹങ്ങളും താണ്ടി, ഒരു ചരിത്രാഖ്യാനങ്ങള്ക്കും പിടികൊടുക്കാതെ ദുര്‍ഗ്ഗ നിരന്തരമായി സ്വയം രക്ഷപ്പെടുത്തുകയാണോ ഇനി?
മറുവശത്ത് കഥ ദുര്‍ഗ്ഗാവതിയെ തിരഞ്ഞുകൊണ്ടിരുന്നു. അത് സ്വാര്‍ത്ഥയും ക്രൂരയും അധികാരമോഹിയുമായ മഹാറണി ദുര്ഗ്ഗാവതിയേയും സ്നേഹഗ്രാമത്തിലേക്കുള്ള പാതയിലെവിടെയോ ശ്വാസം ഉടക്കി, താന്‍ വരിയുടച്ചുകളഞ്ഞ പാഴ്വിത്ത് കളഞ്ഞുപോയതെവിടെയെന്നു പരതുന്ന പാവം പെണ്ണിനേയും പിന്നെ സ്നേഹാധികാരങ്ങള്ക്ക് പുതിയ ഭാഷ്യം കൊടുത്ത രാജകുമാരിയേയും ചരിത്രരേഖകളില്‍ തിരഞ്ഞുകൊണ്ടിരുന്നു. എഴുതപ്പെടാത്ത ചരിത്രങ്ങള്‍ ഒളിച്ചിരിക്കുന്ന നിലവറകളില്പ്പോലും ദുര്ഗ്ഗാവതിയേ കാണാഞ്ഞ് കഥ ഗതികിട്ടാതെ അലഞ്ഞു.
ഇനി നിങ്ങള്‍ പറയൂ..പലതായിപ്പിളര്ന്ന് കല്പ്പനകളില് ഒതുങ്ങിയ ദുര്ഗ്ഗയാണൊ അതോ ഒറ്റയായി നിന്ന് ചരിത്രമായ ശിവനാണോ കൂടുതല്‍ സ്നേഹിച്ചത്?
********************************
43 comments:
മാന്യവായനക്കാര്‍ പൊറുക്കുക. എഴുതിയിടാന്‍ ഒരു ഇടം ഉള്ളതിന്റെ അഹങ്കാരം കൊണ്ട് മാത്രം എന്റെ ഒരു ചവറുംകൂടെ ഇവിടെ.
പണ്ടൊരിക്കല്‍ പ്രതിമയും രാജകുമാരിയും വായിച്ചിട്ട് വട്ടായി...പ്രണയത്തിന്റെ യുക്തിവിരുദ്ധത ( irrationality) ഇത്രയും ചോദ്യംചെയ്യപ്പെടാനാവാത്ത വസ്തുതയാണോ എന്ന തോന്നല്‍ അതിശക്തമായപ്പോള്‍ യുക്തിഭദ്രമായ ഒരു പ്രണയത്തെക്കുറിച്ച്, തികച്ചും സ്വാര്‍ത്ഥമായ ഈ അനുഭവത്തേക്കുറിച്ച് ചിന്തിച്ചുപോയതാണ്.
വളരെ നന്നായിരിക്കുന്നു... :)
:)
@ റോഷ് ..എന്തെല്ലാം പറഞ്ഞിട്ടു പോയിരിക്കുന്നു ;)
നല്ല ശ്രമം!അഭിനന്ദനങ്ങൾ!
ഇതിനു പിന്നിലെ അദ്ധ്വാനത്തിനു മുന്നിൽ ശിരസ്സു നമിക്കുന്നു.
നാലോ അഞ്ചോ അദ്ധ്യായങ്ങളായെഴുതിയിരുന്നെങ്കിൽ വായനയ്ക്ക് സുഖമേറിയേനേ.
കുത്തിയൊഴുകുന്ന ചിന്തകള്‍ പോലെതന്നെയുണ്ടു..എഴുത്തും.ഒറ്റ ശ്വാസത്തില്‍ തന്നെ പരയണം എന്നു വാശിയാണോ? പരപീഢനം പാപം എന്നു മനസ്സിലാക്കി വളര്‍ന്നു വന്ന എന്നെപ്പൊലെയുള്ള പഴഞ്ചര്ക്കു ദഹിക്കാന്‍ കുറച്ച് വിഷമമാണു ഈ പ്രേമത്തിന്റെ പുതിയ തത്വങ്ങള്‍!ഏന്തു പറഞ്ഞാലും ഏഴുതുന്ന രീതിയും ശൈലിയും എനിക്കും ഇഷ്ടമായിട്ടൊ!
@ jayan & vijayan ;) അദ്ധ്യായയമാക്കാനും ശ്വാസം വിടാനും ഒന്നും സമയം കിട്ടീല്ല. ഇറോട്ടിക്കാ എന്ന ലേബല്‍ കണ്ടുകാണും ലോ? ഒറ്റശ്വാസത്തിലെ ജീവിതം... ;)
പരപീഡനം പാപം എന്നു പറഞ്ഞത് വായനക്കാരനോട് ചെയ്ത പീഡനം കൂടെ ഉദ്ദേശിച്ചല്ല എന്ന് കരുതുന്നു ;)
നന്നായിരിക്കുന്നു...
ഒത്തിരി ഇഷ്ടമായതുകൊണ്ട് ഒരുപാടുതവണ വായിച്ചു..മനോഹരം എന്നതിൽകവിഞ്ഞ് ഒന്നും പറയാനില്ല..ഉമ്മ ശ്രീ
ഫെമിനിസ്റ്റ് ഫാന്റസി..
ഹൌ..!
awesome എഴുത്ത്!!.
നന്നായി.
നന്നായിട്ടുണ്ട്. :)
കുറെ നാളുകള്‍ക്കു ശേഷം വായിച്ചതില്‍ ത്രുപ്തി തോന്നിയത്. നല്ല എഴുത്ത് .
നല്ല എഴുത്ത്.. നല്ല വായന!
ചാത്തനേറ്: ഇടയ്ക്കൊക്കെ ശകലം ബോറടിപ്പിച്ചു eg: "തമ്മില്‍ പിരിഞ്ഞിരുന്ന " എന്നു തുടങ്ങുന്ന പാരഗ്രാഫ് ...
ഇത് വെറുമൊരു കഥയായി തോന്നിയില്ല..ദുർഗ..നാട്ടു രാജാക്കന്മാർ..ചക്രവർത്തി ..സ്വയം വരം..രാജനീതി . ഇതൊക്കെ സമകാലീന സാമൂഹാവ്യാവസ്ഥയെ സ്ത്രീപക്ഷ വായയനയിലൂടെ നോക്കിക്കാണുന്നത് പോലെ.
എന്തായാലും ഈ തുറന്നെഴുത്തും ഇഷ്ടപ്പെട്ടു. അവസാനമായപ്പോൾ എങ്ങനെയെങ്കിലും അവസാനിപ്പികണമെന്ന് തോന്നിയോ ? ക്രാഫ്റ്റിൽ ശ്രദ്ധ കുറവ് അനുഭവപ്പെട്ടു.
ആശംസകൾ
ലിംഗരാഷ്ട്രീയത്തിന്റെ പാരമ്യം !!!
(ഇടയ്ക്ക് ഗിരിപ്രഭാഷണം നടത്തുന്ന കഥാകൃത്തിനോട് “ഹ ഒന്ന് മിണ്ടാതിരി ഹേ” എന്ന് പറയാൻ തോന്നിച്ചെന്നതൊഴിച്ചാൽ... താനേ ഒഴുകാൻ ബലമുള്ള പുഴയ്ക്ക് നിങ്ങളിങ്ങനെ ചാലുകീറണ്ട ;)
@ ചാത്തന് സത്യം പറഞ്ഞാ എഴുതിയ ഞാന്‍ തന്നെ ബോറടിച്ച പലതും ഉണ്ട് ഇതില്‍.ഒരു തരം എഡിറ്റിങ്ങും ചെയ്യൂല്ലാന്ന് വാശിയായിരുന്നു. അതുകൊണ്ട് പരിപൂര്ണ്ണനായിട്ടങ്ങോട്ട് പോസ്റ്റി ;)
@ ഹരോള്‍ഡ് ക്രാഫ്റ്റ് :( ക്രാഫ്റ്റ് മാത്രല്ല ഭായ്, എന്തെല്ലാം കൈവിട്ടുപോയ്....
@സൂരജ് ഈ ഗിരിപ്രഭാഷണം ഒരു അസുഖാണോ? നിര്‍ത്തണംന്ന് നല്ല മോഹം ഉണ്ട്. വല്ല മരുന്നും കൈയ്യിലുണ്ടെല് പറ. ;)
പിന്നെ എല്ലാര്ക്കും... :)
ഒന്നുകില്‍ അദ്ധ്യായം തിരിച്ച് ഒരു ചെറിയ നോവല്‍ ആക്കാമായിരുന്നു. അല്ലെങ്കില്‍ എഡിറ്റ് ചെയ്ത് ചെറു കഥ.നീളം അലോസരപ്പെടുത്തി എന്നാല്‍ കണ്ടന്റ് അത്ഭുതപ്പെടുത്തി.
ലേഡീ,
‘ഗിരി’ക്കു മുട്ടുമ്പം നമ്പൂരി പറേമ്പോലെ ഒരു കവിൾ വെള്ളം....അദ് മതി ;)))
പുരുഷവികാരം വൃണപ്പെടുത്താന്‍ സ്ത്രീക്ക് അവകാശമുണ്ടോ... ഈ നാട്ടില്‍ നിയമങ്ങളൊന്നുമില്ലേ...
വിഭൂതി നാരായണ റായിക്ക് ഇത് അയച്ചു ക്ജൊടുത്താല്, ലിങ്കാഘാതം എന്ന പദം മെഡിക്കല്‍ ഡിക്ഷണറിയില്‍ എഴുതി ചേര്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്. :)
@ നളന് :)) ഈ നാട്ടിലെ നിയമപ്രകാരം ഒരു സ്ത്രീക്ക് ബലാത്സംഗം ചെയ്യാന്‍ പോലും അവകാശമില്ലാത്രേ! പിന്നാണോ? പാവം പാവം വെറുമൊരു വികാരം വ്രണപ്പെടുന്നത് ?
രണ്ട് പേരേയും ഇഷ്ടമായി..
താന്‍ ഋതുമതി അയിരിക്കുന്നു. തനിക്കൊരു പുരുഷനെ വേണം. ഈ പറഞ്ഞത് ശരിയാണോ ?
ഇത് ഒന്ന് വായിച്ചു തീര്‍ക്കണമെങ്കില്‍ ഒരു ദിവസം വേണമല്ലോ..? ഇത് രണ്ടോ മൂന്നോ ഭാഗങ്ങളായി പോസ്ടിയാല്‍ നന്നായിരുന്നു പിന്നെ ഇത്രയൊക്കെ എഴുതാന്‍ കഴിവുള്ള ആളാകുമ്പോള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ എഴുതാമായിരുന്നു.നാം ജീവിക്കുന്ന വര്‍ത്തമാനകാല ജീവിതസാഹചര്യങ്ങള്‍ വരക്കാന്‍ ശ്രമിച്ചുകൂടെ രാജഭരണം കഴിഞ്ഞക്കാലം ഓര്‍മയില്‍ പോലും ഇല്ല
നന്നായി എഴുതാനുള്ള കഴിവുണ്ട്. ഇത് എന്റെ അഭിപ്രായത്തില്‍ ഒരു നോവലൈറ്റാക്കാമായിരുന്നു. ഒരു മൂന്നോ നാലോ അദ്ധ്യായങ്ങളായിട്ട്.
Lady Lazarus!
വഴി തെറ്റിയാണ് ഇവിടെ വന്നത്. പക്ഷെ കഥ വായിച്ചപ്പോള്‍ ഒരു അഭിനന്ദനം പറയാതെ പോകാന്‍ മനസ്സനുവദിച്ചില്ല.
വലരെ നല്ല ശ്രമം. അതില്‍ വിജയിച്ചിട്ടുമുണ്ട്. നാളുകള്‍ക്ക് ശേഷം കനമുള്ള തൃപ്തി തരുന്ന ഒരു വായന തന്നു. നന്ദി.
ലിംഗാഘാതം :)
അവസാന വരി കഥയ്ക്ക് പുറത്താണ്. മറ്റ് സ്വാധീനങ്ങളില്ലാത്തതാണ് ഇതെങ്കിൽ ഇതൊരു മനോഹരമായ കഥയാണ്. പ്രിന്റ് മീഡിയായ്ക്ക് കൊടുക്കേണ്ടതും.
വായിച്ച് അന്തം വിടുന്നു. കഥനം കഥയെക്കാള്‍ വലുതാകുന്നത് എങ്ങിനെയെന്നു കണ്ടു. കിടിലം!
Nice.........
ഇതു ഒന്നു കൂടി വായിക്കാൻ പലവട്ടം വന്നിരുന്നു. പ്രവേശനം ഉണ്ടായില്ല. വീണ്ടു അനുവദിച്ചതിനു നന്ദി. എന്റെ പ്രിയപ്പെട്ട കഥകളിൽ ഒന്നു.
വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ പ്രതിമയും രാജകുമാരിയും ആണ് മനസ്സിലേക്ക് ഓടി വന്നത് ...ഒരു പദ്മരാജന് കഥ പോലെ തോന്നിപ്പിച്ചു അതിനും അപ്പുറം വിശേഷണം എനിക്ക് തരാനില്ല ..
ആശംസകള്‍ ...ശ്രീ തുടര്‍ന്നും കഥകള്‍ എഴുതുക
ശ്രീ ...
വാക്കുകള്‍ക്ക് അതീതമാണ് ഇത് ഒരു കഥയായാലും ചരിത്രമായാലും ...
ഒരു മായിക ലോകത്ത് നിന്നും ഒഴികി വന്നത് പോലെ .
നന്ദി , ഈ തൂലിക ഇനിയും ചലിക്കട്ടെ
ശ്രീ,
നോവല്‍ വളരെ നന്നായി. നോവലിലെ പല സംഭവങ്ങളും പെടിപെടുതുന്നത് ആണ് . പക്ഷെ ഇതില്‍ പറഞ്ഞിര്ക്കുന്ന കരങ്ങോലോക്കെ ചരിത്രത്തില്‍ സംഭാവിചിട്ടുണ്ടാകം പെടിയോടുകൂടി വായിക്കാന്‍ നല്ല രസം ആണ്. സാദാരണ നോവലുകളില്‍ ഒരു പുരുഷ മേധാവിട്ടം പ്രകടമാണ്. ഇതില്‍ നേരെ തിരിച്ചു ആണ്. ഞാന്‍ ഇങ്ങനെയുള്ള നോവലുകള്‍ അസദിക്കുന്ന കൂട്ടത്തില്‍ ആണ്.. നോവലിന് കുറച്ചു നീളം കൂടി പോയോ എന്ന് സംശയം. സാദാരണ ഒരു നോവല്‍ എന്നാ രീതിയില്‍ വായിച്ചു തുടങ്ങി.. എന്നാല്‍ 11 മത്തെ ഘണ്ടിക വായിച്ചപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ഒരു ഇഷ്ടം നോവേളിനോട് തോന്നി. പിന്നെ ഒറ്റ ഇരിപ്പിന് വായിച്ചു തീര്‍ത്തു.. ഇങ്ങനെയുള്ള രാജകുമാരികള്‍ ഇന്ത്യയില്‍ കൂടുതല്‍ ഉണ്ടാകണം എന്നും ആഗ്രഹിച്ചു പോയി. ഇന്ടയിലുള്ള പല പ്രേഷങ്ങള്‍ക്കും ഇത് ഒരു പരഹരംര്ഗംയിര്ക്കും എന്ന് തോന്നുന്നു. ഇത് പോലുലാ കൂട്തുഅല് നെവേലുകള് എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സെര്‍ച്ച് ചെയ്തപ്പോള്‍ അപ്പ്രതീക്ഷിടംയാണ് ഈ ബ്ലോഗ് കണ്ടത്. Better late than never.
സന്ദീപ്
കൊച്ചി
ആരാ ഭായ് നിങ്ങൾ. എന്തെ ഞാൻ ഇത്ര വൈകി.
ഹാവൂ, വായിച്ചു തീര്‍ത്തു.
സുദീര്‍ഘമായ ഈ കഥ ഞാന്‍ വായിച്ചുതീര്‍ത്തു എന്നത് ഞാന്‍ ഈ കഥയ്ക്ക് നല്കുന്ന അംഗീകാരമാണ്.
എങ്കിലും അവസാനം വേണ്ടത്ര ജോറായില്ല എന്നൊരു തോന്നല്‍. വെറുതെ തോന്നുന്നതാവാം.
അതി ഗംഭീരം.....
Oru friend recommend cheythu vannatha... neelam kandappo vaayichi theerkemennu thoniyilla... but once i started.., there was no stopping until the end... valare nalla ezhuthu.. abhinandhanangal :)
നല്ലത് .... നന്നായി....
ഈ അടുത്ത് കാലത്ത് ഇതു പോലെ ഒരു കഥ വയിച്ചട്ടില്ല ...... ഇഷ്ടംമായി എന്ന് മാത്രമല്ല,ആ കഥയിൽ ഞാന്‍ ജീവികുകയായിരുന്നു ..... അഭിനന്ദങ്ങൾ ... ഒരുപാടു ഇഷ്ട്ടായി :)
ചുരുക്കി പറഞ്ഞാല്‍ ഒരു മസോക്കിസ്റ്റ് കഥ , വലച്ചു പുളച്ചു നീട്ടി പറഞ്ഞിരിക്കുന്നു
കഥയുടെ യാത്രയിൽ അടിമയുടെ വീരമൃത്യു മുന്നേ പറഞ്ഞു വെച്ചത് അൽപം അലോസരമായി. വളരെ നന്നായി.. ഒരുപാടു നന്ദി.. മനസ്സിളക്കിമറിച്ചതിന്…
എനിക്കെന്റെ ഒരിക്കലും വാടില്ലാത്ത അത്ഭുതത്തെ മറച്ച് വെക്കാനാകുന്നില്ല. ഒരാള്‍ വായിച്ചുനോക്കൂ എന്ന് പറഞ്ഞ് തന്ന ലിങ്ക് വളരെ കാലങ്ങള്‍ക്ക്ശേഷം ഞാനെടുത്ത് നോക്കിയതാണ്. ഭാവതലങ്ങളെ ഇത്ര തീവ്രമായി എങ്ങനെ വരച്ച് വെക്കാന്‍ കഴിഞ്ഞു?!. അടിമയുടെ സ്നേഹമോ, ഉടമയുടെ സ്നേഹമോ ഏറ്റവും ശക്തിമത്ത് എന്ന് വ്യവഛേദിച്ചറിയാന്‍ സാധിക്കാത്തത് പോലെ ഈ എഴുത്തുകാരന്റെ ശക്തിയും എനിക്ക് പിടിതരുന്നില്ല. അഭിനന്ദനങ്ങള്‍......അറ്റമില്ലാത്ത.....
Post a Comment