Thursday, October 28, 2010

സ്രാങ്ക് എന്ന പെണ്‍കാഴ്ച്ച

സ്ഥാപിത കലാമൂല്യങ്ങള്‍ പെറുക്കിയെടുത്ത് സിനിമയ്ക്ക് മാര്‍ക്കിടാന്‍ അറിയാത്ത എന്നെപ്പോലുള്ള കാഴ്ച്ചക്കാര്‍ക്ക് ഒരു സിനിമ ഇഷ്ടപ്പെടാന്‍ ഒരു കാരണമേ വേണ്ടു. കഥാപാത്രങ്ങള്‍. അല്ലെങ്കിലും അവരാണല്ലോ നമ്മള്‍? നമ്മളല്ലെ അവര്‍? അങ്ങനെയല്ലെ ആവാന്‍ തരമുള്ളു. അവരെ ഇഷ്ടമായാല്‍ സിനിമയും ഇഷ്ടമാവുന്നു. ഇല്ലെങ്കില്‍ ഇനി എത്ര വമ്പന്‍ സിനിമയും ആയിക്കോട്ടെ കണ്ടു കഴിയുമ്പോള്‍ മറന്നു പോവുകയേ വഴിയുള്ളു. കാഴ്ച്ച എന്ന നിസ്സംഗതയ്ക്കും ഒരു രാഷ്ട്രീയമുണ്ടല്ലൊ.

കുട്ടിസ്രാങ്ക് ഒരു പെണ്ണിന്റെ കാഴ്ച്ചയാണ്. കാമറയ്ക്ക് പുറകിലുള്ളത് ഒരു സ്ത്രീയായത് വെറുതെയായില്ല.മതവും കാലവും ദേശവും ഇല്ലാത്ത ഒരു പുരുഷനെ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് അടയാളപ്പെടുത്തുന്ന സുന്ദരമായ കാഴ്ച്ച. തന്റേതല്ലാത്ത ഒരു ലോകത്തെ പെണ്ണ് കാഴ്ച്ചയിലൂടെ വാര്‍ത്തെടുക്കുന്ന കഥ. അഴുകുന്ന ജഡവും, ചോരയും അറവുശാലകളും അന്ധമായ വിശ്വാസങ്ങളും ദുരാചാരങ്ങളും തിങ്ങുന്ന ഒരു ലോകത്തെ പെണ്‍കാഴ്ച്ച കൊണ്ട് നവീകരിക്കുകയാണ് മൂന്ന് സ്ത്രീ കഥാപാത്രങ്ങള്‍. അടിമുടി ഫാന്റസിയുടെ കണ്ണാണ് ക്യാമറയ്ക്ക് എന്നത് പെണ്‍കാഴ്ച്ചയുടെ കാവ്യനീതിയായിട്ടൊ അങ്ങിനെയൊരു കാഴ്ച്ചയ്ക്ക് ഇനിയും പാകപ്പെട്ടിട്ടില്ലാത്ത സാമൂഹാവസ്ഥയുടെ പ്രതിഫലനമായിട്ടോ, എങ്ങിനെയും വായിച്ചെടുക്കാം. “A woman can take a man anywhere ; home, renunciation, life, death." എന്ന് രേവമ്മയുടെ സുഹൃത്തായ ഭിക്ഷു പതിഞ്ഞ ഒച്ചയില്‍ സ്രാങ്കിനോട് പറയുന്നുണ്ട്, പാതികൊല്ലപ്പെട്ട അവസ്ഥയില്‍ കടലില്‍ തള്ളപ്പെടുന്നതിനു മുന്നെ. കടലിടുക്കിന്റെ വിഭ്രമാത്മക സൌന്ദര്യത്തില്‍ ഇരുട്ടിന്റെ പ്രശാന്തതയില്‍, ശാന്തനായ ഭിക്ഷു ‍അരാച്ചാരുടെ പ്രക്ഷുബ്ധമായ മനസ്സുമായിരിക്കുന്ന സ്രാങ്കിനോട് പറയുന്നതാണത്. കിം കിഡുക്കിന്റെ 'The Bow' ഓര്‍മ്മിപ്പിച്ച, ഇരുട്ടും വെളിച്ചവും സൂക്ഷ്മായി ഒപ്പിയെടുക്കപ്പെട്ട ആ കാമറക്കാഴ്ച്ച പരിണമിക്കുന്നത് ഏകാധിപതിയായ മൂപ്പന്‍ നിശ്ചലമായ ഒരു മതില്‍ക്കെട്ടുപോലെ കിടക്കുന്ന വൈപരീത്യത്തിലേക്കാണ്. ഈ രണ്ടു രംഗങ്ങളുടെ ചേര്‍ത്തു വയ്പ്പിന്റെ ambivalence ആണ് സിനിമയില്‍ ഉടനീളം പുരുഷലോകവും സ്ത്രീക്കാഴ്ച്ചയുമായി രൂപപ്പെട്ടുവരുന്നത്.

മൂന്ന് ആഖ്യാനങ്ങളിലൂടെ വികസിക്കുന്ന കഥയ്ക്ക്, മൂന്നിലും നിറഞ്ഞു നില്‍ക്കുന്ന സ്ത്രീകഥാപാത്രങ്ങളും അവര്‍ ഉയര്‍ത്തുന്ന ചരിത്രപരമായ പ്രതിസന്ധികളും അവരുടെ പ്രതിഷേധത്തിന്റെയും ചെറുത്തു നില്‍പ്പിന്റെയും ശക്തിയും ആണ് ജീവനാഡി. ഒരു പഴകിയ പ്ലോട്ട് സിനിമയാകുമ്പോള്‍ ( അജ്ഞാത ജഡം-ചുരുളഴിയുന്ന കഥനം) നോവലുകളിലും സിനിമകളിലും പലവുരു ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള ഫാന്റസി-ഡ്രാമാ ശൈലികൊണ്ട് മാത്രം എന്തു കാര്യം? ഇതിനു പുറമേ ചില സ്റ്റീരിയോ റ്റിപ്പിക്കല്‍ കഥാപാത്രങ്ങളുടെ അതിപ്രസരം, ( ചമയത്തിലെ മുരളിയേ ശര്‍ദ്ധിക്കുന്ന സുരേഷ് കൃഷ്ണയുടെ ആശാന്‍, സിദ്ധിക്കിന്റെ അച്ചന്‍, സായിക്കുമാറിന്റെ മാടമ്പി പ്രഭു ഉണ്ണിത്താന്‍ തുടങ്ങി പലരും), ചവിട്ടു നാടകം എന്ന കലാരൂപത്തെ സിനിമവത്ക്കരിക്കുന്ന നൃത്തരംഗങ്ങളടക്കം പല സ്ഥിരം ചേരുവകളും മുഴച്ചു നില്‍ക്കുന്നുമുണ്ട് സിനിമയില്‍. വിദഗ്ദമായ കാമറകൊണ്ട് മാത്രം ഒതുക്കി നിര്‍ത്താനാവില്ല സിനിമ എന്ന കലാരൂപത്തിന് സ്വന്തമായ ചില ചതിക്കുഴികള്‍ എന്ന് ഇവ ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ ജീവിതത്തിനോടുള്ള സിനിമയുടെ കാഴ്ച്ചയും, ആ കാഴ്ച്ചയുടെ സത്യസന്ധതയും മതി ഒരു സിനിമയ്ക്ക് മേന്മയായി എന്നും ഓര്‍മ്മിപ്പിക്കുന്നു കുട്ടിസ്രാങ്ക് . സ്ത്രീപക്ഷ സിനിമ എന്നാല്‍ സ്ത്രീകള്‍ ഉള്ള സിനിമ എന്നോ, ഒന്നും രണ്ടും മൂന്നും നാലും എന്ന കണക്കിന് പെണ്ണുങ്ങളെ റ്റൈറ്റിലില്‍ എണ്ണിപ്പെറുക്കുന്നതോ ആണെന്ന വഴിയില്‍ പോയിക്കൊണ്ടിരിക്കുന്ന മലയാളത്തിലാണ് ഈ സിനിമയും! രേവമ്മയും പെമേണയും കാളിയും സ്രാങ്കിനെ സ്വന്തമാക്കുന്നതുപോലെയല്ലാതെ പ്രത്യക്ഷമായും സുന്ദരമായും സ്ത്രീക്കുവേണ്ടി സംസാരിക്കുന്നതെങ്ങിനെ? ഡോക്ടറും ബുദ്ധഭിക്ഷുകിയുമായ രേവമ്മ, സുന്ദരിയും കലാകാരിയുമായ പെമേണ, ഏകാകിയും വ്യത്യസ്തയുമായ കാളി. സ്ത്രീകളുടെ പാത്ര സൃഷ്ടിയില്‍ തന്നെയുണ്ട് തികഞ്ഞ ആര്‍ജ്ജവം. സ്രാങ്കിന്റെ യാന്ത്രീകമായ ക്രൂരതയെയും, നിസ്സഹായമായ മനുഷ്യത്വത്തെയും, ചായം തേക്കപ്പെട്ട വികാരങ്ങളെയും അവനുതന്നെ പറഞ്ഞറിയിക്കാനാവാത്ത ഏകാന്തതയേയും ചോരയും, കുറ്റവും, ബീജവുമായി അവര്‍ സ്വന്തമാക്കുന്നതു പോലെയല്ലാതെ, അഴുകുന്ന ജഢമായ ഒരുത്തനെ നിവര്‍ന്നു നില്‍ക്കുന്ന മൂന്നു സ്ത്രീകള്‍ ജീവന്‍ വെപ്പിക്കുന്നതിലൂടെയല്ലാതെ സ്ത്രീക്കുവേണ്ടിയെന്നല്ല, ഈ കാലത്തിന്റെ സ്ത്രീപുരുഷാവസ്ഥകള്‍ക്ക് വേണ്ടിത്തന്നെ സംസാരിക്കുന്നതെങ്ങിനെ? കാലികമായതൊന്നും ഇല്ല എന്നതായിരുന്നു സിനിമക്കെതിരെ ഉയര്‍ന്നുവന്ന ഒരു ആരോപണം എന്നത് വലിയ തമാശയായിട്ടു തന്നെ തോന്നുന്നു! മൂകനും മൃതനും അഴുകുന്നതുമായ ഒരു പുരുഷസ്വത്വം പെണ്ണിനാല്‍ ചൂണ്ടിക്കാണിക്കപ്പെട്ട്, പെണ്ണിനാല്‍ ജീവിതത്തിലേക്കെടുക്കപ്പെട്ട്, പെണ്ണിനാല്‍ ഉദരത്തില്‍ ചുമക്കപ്പെട്ട് മനുഷ്യനാവുന്നതില്‍ കാലാതീതപ്രസക്തിയാവും ഉള്ളത് എന്നായിരുന്നോ ഇനി ആരോപണം? എന്തോ..

രേവമ്മയിലൂടെയും, പെമേണയിലൂടെയും, നളിനി എന്ന എഴുത്തുകാരിയിലൂടെയുമാണ് സ്രാങ്ക് കാളിയില്‍ എത്തുന്നത്. തന്നെ അറിയുന്ന സ്ത്രീകളാല്‍ പരിരക്ഷിക്കപ്പെടുന്ന സ്രാങ്ക് സിനിമയില്‍ രക്ഷകനേയല്ല എന്നതാണ് വാസ്തവം. ‘പിറവി‘യില്‍, ‘വാനപ്രസ്ഥ‘ത്തില്‍ ഒക്കെ അവിടവിടെക്കണ്ടിരുന്ന തലയെടുപ്പും സ്ത്ഥൈര്യവും വാളെടുക്കാത്ത സ്നേഹാധികാരമായി സ്രാങ്കിന്റെ സ്ത്രീകളില്‍ നിറഞ്ഞു നില്‍ക്കുന്നു. രേവമ്മയില്‍ ധാര്‍മ്മീകതയായി, കാമുകനെ ബുദ്ധമതത്തിലേക്കാകര്‍ഷിച്ച് സ്വന്തം ശരീരത്തില്‍ പറ്റിയ കാമവെറിയുടെ ചോര തന്നിലൂടെ ഒഴുക്കിക്കളയുന്നവളുടെ ആത്മീയമായ വളര്‍ച്ചയായി അത് രേഖപ്പെടുത്തപ്പെടുന്നു. സിനിമ തുടങ്ങുന്നത് അവളുടെ നിഷേധശബ്ദത്തിലാണ്. സ്രാങ്ക് അവളുടെ പതിവുകാരനായിരുന്നു എന്ന പോലീസുകാരുടെ വഷളന്‍ ചിരിയെ അവള്‍ ഒറ്റ വാക്കുകൊണ്ട് തടുക്കുന്നു. സ്രാങ്കിന്റെ വികലമായ ധര്‍മ്മബോധത്തെ, ക്രൂരനായ തന്റെ അച്ഛനൊടുള്ള കൂറിനെ, സ്വന്തം നിലപാടുകളിലൂടെ മാറ്റിയെടുക്കുന്നു അവള്‍. സ്രാങ്കിന്റെ സ്ഥായി വിശ്വസ്തതയാണ് എന്ന് ആഖ്യാനം തിരിച്ചറിയുന്നതിവിടെയാണ്. ഈ വിശ്വസ്തത, പ്രഭുക്കന്മാരുടെ ആശ്രിതത്വത്തിലേക്കൊ ഒരു മതത്തിന്റെയോ കാലത്തിന്റെയോ വിശ്വാസപ്രമാണങ്ങളുടെ ചട്ടക്കൂടിലേക്കോ ഒതുങ്ങാതെ ഒരുവളില്‍ നിന്ന് മറ്റൊരുവളിലേക്ക് സുരക്ഷിതമായി പകര്‍ന്ന് പകര്‍ന്ന് തീരമടിയുന്നു.

പെമേണയുടേത് ശാരീരകമായ ഇടപെടലാണ്. മൂപ്പന്റെ പ്രത്യക്ഷമായ ഹിംസയില്‍ നിന്ന് മതാധികാരത്തിന്റെ പരോക്ഷമായ ഹിംസയിലേക്ക്, സാമൂഹികമായ മറ്റൊരു ജീര്‍ണ്ണതയിലേക്ക് കഥ പരിണമിക്കുമ്പോള്‍ സ്ത്രീ സ്രാങ്കില്‍ വീണ്ടെടുക്കുന്നത് അവന്റെ ശാരീരികമായ ഊര്‍ജ്ജത്തെയാണ്. സ്രാങ്കിനെ ഓര്‍ത്ത് ‘ചെയ്യാന്‍ പാടില്ലാത്തത്’ ചെയ്തു എന്ന് കുമ്പസാരിക്കുന്ന അവള്‍ അവന്റെ മുന്നില്‍ നഗ്നയാവുന്നത് അവനെ നേടിയെടുക്കാനല്ല, അവനായി മാറ്റിവയ്ക്കപ്പെടുന്ന കുറ്റങ്ങളുടെ പങ്കുപറ്റാനാണെന്ന് തെളിയുന്നുമുണ്ട് ഒടുക്കം. കുരിശുയുദ്ധങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളായി പുറകിലുള്ള ചവിട്ടുനാടകാഖ്യാനം ദൈവീക ഉടമ്പടികളില്‍ നിന്നും, കരാര്‍ ലംഘനങ്ങളില്‍ നിന്നും അടുത്ത ഘട്ടത്തിലെ witch-huntലേക്ക് പുരോഗമിക്കുമ്പോള്‍ സ്ത്രീ-പുരുഷാവസ്ഥകളുടെ അമാനവീകരണത്തിന്റെ ഒരു ചരിത്രം ധ്രുതമായി രേഖപ്പെടുത്തുന്നു കഥാഗതി.

ഊമയും, ഒരു നാടിന്റെ പാപങ്ങള്‍ ചുമലില്‍ ഏറ്റുന്നവളും വേട്ടയാടപ്പെട്ടവളും കല്ലെറിയപ്പെട്ടവളുമാണ് കാളി. വീണ്ടും സ്രാങ്ക് രക്ഷകനാവുകയല്ല. കാളി സ്രാങ്കിനെ തുണയ്ക്കുകയാണ്. കാഴ്ച്ചയുടെ ക്ലൈമാക്സ് ആകുന്ന ഒരു രംഗം ഉണ്ട് ഇവിടെ. വിഷം തീണ്ടി പാതി ചത്ത സ്രാങ്കിനെ കാളി വലിച്ചുകൊണ്ടു പോയി ഇരുട്ടു പതുങ്ങിയ കുടിലില്‍ നഗ്നനാക്കിക്കിടത്തി വിഷമെടുക്കുന്ന ഇടം. പ്രതീകാത്മകമായും സ്രാങ്കിന്റെ വിഷമിറങ്ങുകയായി പിന്നെ. പ്രണയത്തിന്റെ അതിഭാവുകത്വവും കാല്പനീകതയും കടമെടുക്കുന്ന തുടര്‍ന്നുള്ള രംഗങ്ങളില്‍ കഥയ്ക്കുള്ളിലേക്ക് പ്രവേശിക്കുന്ന എഴുത്തുകാരി, സ്ത്രീയവസ്ഥയുടെ ചരിത്രത്തിന്റെ രേഖീകരണം എന്ന കര്‍മ്മം നിര്‍വ്വഹിക്കേണ്ടവളാണ്. കാളിയുടെ ഏകാന്തയുദ്ധം പറഞ്ഞുവയ്ക്കുന്ന അവള്‍ ഒടുക്കം ചോദിക്കുന്നു ; “എഴുതുന്നവളോ, എഴുതപ്പെടുന്നവളോ ബാക്കിയാവെണ്ടത്” എന്ന്. എഴുതപ്പെട്ടവളെ നിലനിര്‍ത്തി അവള്‍ ആത്മബലി നല്‍കുന്നു. രേഖപ്പെടുത്തപ്പെട്ട ( texted) സ്വത്വമാണ് കാളിയുടേതും. വീക്ഷണങ്ങളിലൂടെ രൂപപ്പെടുന്ന സ്രാങ്കിനെപ്പോലെ സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും ഇടകലരുന്ന സൃഷ്ടി. ഒരു കലാസൃഷ്ടി എന്ന നിലയ്ക്ക് സിനിമയും ഇവിടെ വൃത്തം പൂര്‍ത്തിയാക്കി തന്നിലെക്ക് തന്നെ വിരല്‍ച്ചൂണ്ടി നില്‍ക്കുന്നു. നേര്‍രേഖയിലൂടെ ചലിക്കുന്ന കാലരാഷ്ട്രീയാവസ്ഥയ്ക്ക് ബദലായി കലയുടെ, കലാകാരിയുടെ ചാക്രീകമായ നിലപാട് മുന്നോട്ടു വച്ചാണ് സിനിമ പിന്‍ വാങ്ങുന്നത്. വളരെ റിയലിസ്റ്റിക് ആയ ഒരു ശുഭാന്ത്യത്തോടെ. കുറ്റമേല്‍ക്കുന്ന പെമേണയുടെയും ഗര്‍ഭിണിയായ കാളിയെ എറ്റുവാങ്ങുന്ന രേവമ്മയുടെയും ദൃശ്യങ്ങളിലൂടെ.

മലയാളത്തില്‍ സ്ത്രീപക്ഷം എന്ന് ഏറെ ഘോഷിക്കപ്പെട്ട സിനിമകളെയൊക്കെ ( കള്ളിച്ചെല്ലമ്മ മുതല്‍ ശ്യാമള വരെ ) തിരുത്തി വായിക്കാന്‍ പ്രേരിപ്പിക്കുന്നു കുട്ടിസ്രാങ്ക്.

21 comments:

പഥികന്‍ said...

വളരെ നല്ല ലേഖനം. പടം കണ്ടപ്പോള്‍ ഇഷ്ടമായി. എന്നതിനപ്പുറം അതിന്റെ വിവിധ അര്‍ത്ഥതലങ്ങള്‍ കൂടുതല്‍ മനസ്സ്സിലാകുന്നതു ഇത്തരം നിരൂപണങ്ങളുടെ വായനയിലൂടെയാണ്. ഞാനിപ്പോള്‍ വീണ്ടും കുട്ടിസ്രാങ്കിനെ കാണുന്നു. ഒരു പെണ്‍കാഴ്ചയായി.

jayanEvoor said...

എറണാകുളം നഗരത്തിലെ ഏറ്റവും ചെറിയ തിയേറ്ററുകളിലൊന്നിൽ നിന്നാണ് ഞാൻ കുട്ടിസ്രാങ്ക് കണ്ടത്. പാളിച്ചകൾ ഉണ്ടെങ്കിലും തികച്ചും വ്യത്യസ്തമായ ചിത്രം!

നല്ല വിലയിരുത്തൽ.
യോജിക്കുന്നു.

Manoraj said...

സിനിമ കണ്ടില്ല..അത് കൊണ്ട് സിനിമയെ പറ്റിയുള്ള എന്റെ അഭിപ്രായം പറയാന്‍ കഴിയില്ല. പക്ഷെ ലേഖനം നന്നായിട്ടുണ്ടെന്ന് തോന്നുന്നു. താങ്കളുടെ കാഴ്ചപാടുകള്‍ വളരെ നന്നായി വ്യക്തമാക്കി..

suraj::സൂരജ് said...

“അവനുതന്നെ പറഞ്ഞറിയിക്കാനാവാത്ത ഏകാന്തതയേയും ചോരയും, കുറ്റവും, ബീജവുമായി അവര്‍ സ്വന്തമാക്കുന്നതു പോലെയല്ലാതെ, അഴുകുന്ന ജഢമായ ഒരുത്തനെ നിവര്‍ന്നു നില്‍ക്കുന്ന മൂന്നു സ്ത്രീകള്‍ ജീവന്‍ വെപ്പിക്കുന്നതിലൂടെയല്ലാതെ സ്ത്രീക്കുവേണ്ടിയെന്നല്ല, ഈ കാലത്തിന്റെ സ്ത്രീപുരുഷാവസ്ഥകള്‍ക്ക് വേണ്ടിത്തന്നെ സംസാരിക്കുന്നതെങ്ങിനെ?”

ഓരോ കാഴ്ചയിലും സ്വയം നവീകരിക്കപ്പെടാനും മാത്രം ഉണ്ട് ഈ സിനിമ.. വെറുതേയാണോ ഇത് ഒരു മാസ്റ്റർ വർക്ക് ആകുന്നത് !

Anonymous said...

വല്ലാതെ ചായം തേച്ചമുഖങ്ങളും വച്ചുകെട്ടിയതുപോലെ ഒരു കപ്പലും സ്റ്റേജ് നാടകങ്ങളില്‍ നിന്നിറങ്ങിവന്നതുപോലെ പോലീസുകാരെയും കണ്ടിട്ട് യൂറ്റ്യൂബിലെ ആദ്യ സെഗ്മന്റില്‍ തന്നെ പടം കാണല്‍ നിര്‍ത്തിയതാണ്. ഇതു വായിച്ചപ്പോള്‍ വീണ്ടും കാണാന്‍ തോന്നി. നന്ദി.

ചില സൂചനകള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് മടുപ്പിച്ചതൊഴിച്ചാല്‍ (പട്ടികുര താറാവിന്റെ കരച്ചില്‍ പ്രസന്നയുടെ അടുത്തുവരുമ്പോഴൊക്കെ ആവര്‍ത്തിച്ചുവരുന്ന പശു/ക്കുട്ടി അങ്ങനെ പലതും)സുന്ദരമായ ചിത്രം. അങ്ങനെയല്ല എന്ന് തിരുത്തുന്ന രേവമ്മയ്ക്കും എന്റെ ഇഷ്ടം എന്നു പറയുന്ന പെമ്മേണയ്ക്കും ഇടയിലാണ് കഥ നീങ്ങുന്നത്. സ്ത്രീവായന അതുകൊണ്ട് സാധ്യമായ ഒരു വായനയല്ല ഒഴിവാക്കാനരുതാത്ത അടിസ്ഥാനവായനയാണ്. ഫില്‍മിലേക്ക് വീണ്ടും വലിച്ചിട്ട ഈ കുറിപ്പിനു വീണ്ടും നന്ദി.

Kiranz..!! said...

ഇന്നലെ കണ്ടു നിർത്തിയതാണ്.ഇങ്ങനെയുള്ള ഒരോ എഴുത്തു കാണുമ്പോഴും വീണ്ടും വീണ്ടും ചെന്ന് കാണണമെന്ന് ആഗ്രഹിച്ചു നിർത്തിയത്.കൊള്ളാം ശ്രീയേ.ആദ്യനോട്ടത്തിൽ കാണാത്ത പലതും ഈ കുറിപ്പിലൂടെ കണ്ടു..ഓടട്ട് രണ്ടാമതും മൂന്നാമതും ഒക്കെക്കാണാൻ..

ഓഫ് : ഛായാഗ്രഹണത്തിനു ദേശീയ അവാർഡ് നേടിയ പടം യുട്യൂബിൽക്കാണുന്നവന്മാരുടെ ചന്തിക്കൊരു കീച്ച് കൊടുക്കാൻ ആരുമില്ലല്ലോ കർത്താവേ :) ഒന്നൂല്ലേ ടോറന്റെങ്കിലും ?

ഞാന്‍ : Njan said...

സത്യസന്ധമായ ലേഖനം. പടം ഇഷ്ടമായി.
ടോറന്റ് ഉണ്ട് കിരണ്‍സേ.. DVD5/9 തന്നെ വന്നിട്ടുണ്ട് :) ഞാന്‍ അങ്ങനെ തന്നെയാ കണ്ടത്.

Sabu M H said...

ക്ലീഷെ രംഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ, വളരെ മേന്മയുള്ള ഒരു ചിത്രമാകുമായിരുന്നു.. നല്ല ഒരു പ്ലോട്ട്..പക്ഷെ അതിനോട് ന്യായം പുലർത്താതെ പോയ ഒരു സംവിധാനം..
നല്ല ഫോട്ടോഗ്രാഫി..പക്ഷെ പല സീനുകൾക്കും അമിത വർണ്ണം കൊടുക്കുവാൻ ശ്രമിച്ചത് പോലെ തോന്നി.. ഈ ഒരുപാട് പക്ഷേകളാണ്‌ ചിത്രത്തിനെ പരാജയപ്പെടുത്തുന്നത്..

sree said...

ക്ലീഷെ രംഗങ്ങള്‍, അമിത വര്‍ണ്ണങ്ങള്‍ - രണ്ടും ഏകദേശം ഒരെ വിമര്‍ശനം ആണ്. സ്റ്റീരിയോറ്റിപ്പിക്കല്‍ ആയ ചില കഥാപാത്രങ്ങള്‍ ഉണ്ട് എന്ന് എനിക്കും തോന്നീരുന്നു. പക്ഷെ സിനിമയുടെ മൊത്തത്തില്‍ ഉള്ള മൂവ്മെന്റില്‍ അവരൊക്കെ നന്നായി ഒതുങ്ങുന്നുമുണ്ട് എന്നും പറയണമല്ലോ. പിന്നെ നിറം. അവാര്‍ഡ് സിനിമയെന്നാല്‍ നിറം മങ്ങിയ ഫ്രെയ്ം എന്ന ഒരു ക്ലീഷേട് മലയാളീ ധാരണകൂടെയില്ലെ അതിന്റെ പുറകില്‍? എനിക്കു തോന്നിയത് പെണ്ണിന്റെ ലോകക്കാഴ്ച്ചയ്ക്ക് ( ഉവ്വ്, അതിന് സാമൂഹികവും വര്‍ഗ്ഗപരമായും ഒക്കെ ഉള്ള വ്യതിയാനങ്ങളുണ്ടാവും...എന്നാലും) -മനം മയക്കുന്ന നിറങ്ങള്‍ തന്നെയാവും എന്നാണ്. സംവിധായകന്‍ പറയുന്നുണ്ട് ഈ കാര്യം ഇവിടെ http://mumbaimalayali.com/interview%20shaji%20n%20karun, വികടനുമായിട്ടുള്ള അഭിമുഖത്തില്‍.

Anonymous said...

:-)

ജീവി കരിവെള്ളൂര്‍ said...

നിരൂപണം വായിച്ച് സിനിമ കാണുമ്പോള്‍ ഒരു പക്ഷേ നിരൂപണത്തിലൂടെ മാത്രമേ ആസ്വാദനം നടന്നെന്നു വരൂ .എന്തായാലും സിനിമ കണ്ടതിനു ശേഷം ഇവിടെ എത്തിയത് നന്നായി .കണ്ടുകഴിഞ്ഞ രംഗങ്ങളിലൂടെ വീണ്ടും ഒന്നു സഞ്ചരിച്ചു വന്നു ,ആസ്വാദനം വെറുമൊരു കാഴ്ചയില്‍ നിന്നു ഒരുപാട് ഉയര്‍ത്തപ്പെട്ടു .

Mayilpeeli said...

വളരെ വ്യത്യസ്തമായ ഒരു കഥ .. വളരെ നന്നായി പറഞ്ഞിരിക്കുന്നു കഥ ദാരിദ്ര്യം അനുഭവിക്കുന്ന ഈ കാലത്ത് ഒരു നല്ല സിനിമ

കലിപ്പ് said...

പടത്തില്‍ ഉണ്ണിത്താന്റെ മകന്‍ വിഷ്ണു അടികുന്ന ബ്രാന്ഡ് 'CUTTY SARK' ആണ്‌ എന്നതാന്‌ ചിത്രത്തിലെ പ്രസക്തമായ

Thomas Marotty said...

Fantastic appraisal, really enjoyed..big thanks

തോന്ന്യാക്ഷരങ്ങള്‍ said...

ലേഖനത്തിലുടനീളം കാത്തുവച്ച കാഴ്ചപ്പാട് വളരെ നന്നായിരിക്കുന്നു.സിനിമ മനോഹരമായിരുന്നു.
മമ്മൂട്ടിയുടെ അഭിനയം വളരെ മോശവുമായിരുന്നു എന്ന് വേണം പറയാന്‍.എടുത്തു പറയേണ്ട കാര്യം ഫോട്ടോഗ്രാഫിയാണ്.
അതിമാനോഹരമായിട്ടാണ് ഒരു പെണ്‍കാഴ്ച വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നത്.

mumsy-മുംസി said...

നല്ല ലേഖനം , പടം തൃശൂര്‍ ഫെസ്റ്റിവലില്‍ വെച്ച് കണ്ടിരുന്നു. പശ്ചാത്തല സംഗീതവും ക്യാമറയും ഒഴിച്ചാല്‍ പടം ബോറായിട്ടാണ്‌ തോന്നിയത്. തൊട്ടു മുമ്പത്തെ വര്‍ഷത്തെ ഏറ്റവും നല്ല സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ' അന്തഹീന്‍' എന്ന ബംഗാളി സിനിമയുടെ നിലവാരം വെച്ചു നോക്കുമ്പോള്‍ കുട്ടിസ്രാങ്ക് അത് അര്‍ഹിച്ചിരുന്നതിലും കൂടുതല്‍ അംഗീകാരങ്ങള്‍ നേടി എന്നു തോന്നുന്നു.

Inji Pennu said...

എല്ലാം കളഞ്ഞില്ലെ ശ്രീയേ!!

അവസാനം കാളിയോട് എനിക്ക് അസൂയയാണ് എന്നു പറഞ്ഞുതുടങ്ങുന്ന ഒരു വാക്യത്തിൽ :(. പെൺകാഴ്ച അതോടെ തീർന്നു. ഇനി കുമ്പസാരിക്കാൻ വരില്ല എന്നു പറഞ്ഞു പോവുന്ന പെമേണയിൽ എങ്കിലും ഒരു ഹോപ്പുണ്ടായിരുന്നത് പ്രേമിച്ച പുരുഷന്റെ ‘കുറ്റം’ ഏറ്റ് കാളിയുടെ ഗർഭം തനിക്ക് കിട്ടാത്തതിന്റെ പിടച്ചിൽ കയ്യിലെ കയ്യാമത്തോട് സങ്കൽ‌പ്പിക്കുന്നത്...

ഒത്തിരി ആശിച്ച് മോഹിച്ച് ഗംഭീരമായി എന്നെ നിരാശപ്പെടുത്തിയ പടം! (ബ്ലോഗിലും ഒക്കെ വന്ന റിവ്യൂകളിലെങ്കിലും എന്തെങ്കിലും കിട്ടും എന്നു കരുതി വന്നപ്പൊ ആരും ഒന്നും സ്പർശിച്ചിട്ട് പോലുമില്ല) :(

sree said...

മുംസി, അന്തഹീന്‍ കണ്ടിട്ടില്ല. മോഹിപ്പിക്കുന്ന റിവ്യു ചിലതു കണ്ടിരുന്നു. കാണണമെന്നുണ്ട്. സ്രാങ്കിന്റെ genre അല്ല അന്തഹീന്‍ എന്നുള്ളതു കൊണ്ട് തമ്മില്‍ comparison പക്ഷെ പരിമിതമല്ലെ?

ഇഞ്ചി, ഇഞ്ചീടെ കാഴ്ച്ക ഒരു റിവ്യൂ ആക്കി വിശദമായി എഴുതൂ. :)

LAJ C.A said...

പെമേണയോടുള്ള ഇഷ്ടം കൂടുകയാണ്, സിനിമ ആവര്‍ത്തിച്ചു കാണുമ്പോഴെല്ലാം...

Sangeetha Sumith said...

മുന്‍പൊരിക്കല്‍ ഈ ലേഖനത്തിന്റെ തലക്കെട്ടും ആദ്യ വരികളും വായിച്ചപ്പോള്‍ ചിത്രം കണ്ട ശേഷം വായിക്കുന്നതാണ് ഉചിതമെന്ന് തോന്നി. ഇന്നലെ ഈ ചിത്രം ഒരു നല്ല കവിതപോലെ ഞാന്‍ ആസ്വതിച്ചു. ഇന്ന് ഈ ലേഖനം ഒരിക്കല്‍ കൂടി സ്ത്രീ ജീവിതങ്ങളുടെ വിവിധ ഭാവങ്ങളെ ഓര്‍മ്മപ്പെടുത്തി. നല്ല എഴുത്ത് .....

ജോസെലെറ്റ്‌ എം ജോസഫ്‌ said...

വെറുതെ ഇതുവഴി ഒന്ന് വന്നതാണ്.
കുട്ടിസ്രാങ്ക് കണ്ടു പണ്ട് ചൊറിഞ്ഞു കേറിയിട്ടുണ്ട്‌... ഷാജി എന്‍. കരുണ്‍, വിശപ്പില്ലാത്തപ്പോള്‍ കഴിച്ചൊരു ബിരിയാണിപോലെ. വെറുതെ ഇല്ലാത്ത കഥയും പശ്ചാത്തലവും സൃടിച്ചെടുത്തു അവസാനം വരെ കഷ്ടപ്പെട്ട് കണ്ടു തീര്‍ത്തൊരു സിനിമ.
എന്‍റെ അഭിരുചി വച്ചുനോക്കിയാല്‍ ഇവയുടെയോന്നും ഏഴു അയലത്ത് അടുപ്പിക്കനോക്കാത്ത ആരുബോറന്‍ ബുദ്ധിജീവി സൃഷ്ടി. സമയം പോലെ ഇതൊന്നു നോക്കിയേക്കെ

Post a Comment